2010-12-06

`ജഗ'ജില്ലികളുടെ നാട്‌

ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം പ്രതീക്ഷിച്ച ക്ലൈമാക്‌സിലേക്ക്‌ നീങ്ങുകയാണ്‌. മുന്‍ മുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്‌ഢിയുടെ മകന്‍ വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്‌ഢിയും മാതാവ്‌ വിജയലക്ഷ്‌മിയും ജനപ്രതിനിധി സ്ഥാനങ്ങളും കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ഹെലിക്കോപ്‌റ്റര്‍ അപകടത്തില്‍ വൈ എസ്‌ ആര്‍ കൊല്ലപ്പെട്ട ശേഷം, കോണ്‍ഗ്രസിലെ നടപ്പ്‌ രീതിയനുസരിച്ച്‌ പുളിവേണ്ടുല നിയമസഭാ മണ്ഡലത്തില്‍ വിജയലക്ഷ്‌മി മത്സരിച്ച്‌ വിജയിച്ചു. അതിനപ്പുറം രാഷ്ട്രീയമൊന്നും വൈ എസ്‌ ആര്‍ മരിക്കുന്നിന്‌ മുമ്പോ പിമ്പോ വിജയലക്ഷ്‌മിക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്‌ഢിയുടെ രാജിയും തുടര്‍ന്നുള്ള നീക്കങ്ങളും മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. കോണ്‍ഗ്രസിലെ എത്ര എം എല്‍ എമാര്‍ ജഗനൊപ്പമുണ്ട്‌? അവര്‍ പിന്തുണ പ്രഖ്യാപിച്ച്‌ രാജി വെക്കുമോ? അതോ, പുളിവേണ്ടുലയിലെ ഉപതിരഞ്ഞെടുപ്പില്‍ ജഗന്‍ വിജയിച്ച്‌ നിയമസഭയിലെത്തിയ ശേഷം വലിയ അട്ടിമറിക്ക്‌ കോപ്പ്‌ കൂട്ടുമോ? ഇത്തരം ചോദ്യങ്ങള്‍ക്കാണ്‌ ഇനി ഉത്തരം ലഭിക്കേണ്ടത്‌. പുളിവേണ്ടുലയില്‍ നിന്ന്‌ ജഗന്‍ വിജയിച്ച്‌ നിയമസഭയലെത്തിയ ശേഷമേ അട്ടിമറി നീക്കമുണ്ടാകൂ എന്നാണ്‌ അനുമാനിക്കേണ്ടത്‌. എം എല്‍ എമാരാരും തന്നോട്‌ പിന്തുണ പ്രഖ്യാപിച്ച്‌ രാജി വെക്കരുതെന്ന്‌ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ ജഗന്‍ പ്രത്യേകം പരാമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

വൈ എസ്‌ ആറിന്റെ രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശത്തെച്ചൊല്ലി ജഗനും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന പിടിവലിയുടെ ബാക്കി മാത്രമല്ല ഇപ്പോഴത്തെ നാടകങ്ങള്‍. അതിലപ്പുറത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും പൂര്‍വാധികം ശക്തമായി നടപ്പാക്കി വരികയും ചെയ്യുന്ന പണത്തിലും കുത്തക കമ്പനികളുടെ സൗകര്യത്തിലും അധിഷ്‌ഠിതമായ രാഷ്‌ട്രീയത്തിന്റെ ഉപോത്‌പന്നങ്ങളാണ്‌. സാമ്പത്തിക ഉദാരവത്‌കരണവും അതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട ഇളവുകളും ഏറെ ഗുണം ചെയ്‌ത ഒരു മേഖല റിയല്‍ എസ്റ്റേറ്റാണ്‌. ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ നേതാക്കളെയും കൈക്കൂലി നല്‍കി ഏത്‌ വിധത്തിലാണ്‌ റിയല്‍ എസ്റ്റേറ്റ്‌ ശൃംഖലകള്‍ നേട്ടമുണ്ടാക്കുന്നത്‌്‌ എന്നതിന്‌ കൊളാബയില്‍ 31 നിലകളിലായി ഉയര്‍ന്ന്‌ നില്‍ക്കുന്ന ഫ്‌ളാറ്റ്‌ തെളിവാണ്‌. എല്‍ ഐ സി ഹൗസിംഗ്‌ ഫിനാന്‍സിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ വായ്‌പാ കോഴ ഇടപാടും തെളിവാണ്‌. ഈ ഇടപാടില്‍ എത്ര കോടികള്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളുടെ കൈകളിലെത്തി എന്നത്‌ ഇനിയും പുറത്തുവന്നിട്ടില്ല. അത്‌ പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കേണ്ടതുമില്ല. കര്‍ണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പയുടെ മക്കളും സഹായികളും നടത്തുന്ന കെട്ടിട നിര്‍മാണ കമ്പനികള്‍ക്ക്‌ (പണ്ട്‌ കോണ്‍ട്രാക്‌ടര്‍, കരാറുകാരന്‍ എന്നൊക്കെ വിളിച്ചിരുന്നത്‌ ഇന്ന്‌ ഡവലപ്പേഴ്‌സ്‌ ആയി മാറിയെന്ന്‌ മാത്രം) വേണ്ടിയാണ്‌ അവിടെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ചുരുങ്ങിയ വിലക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടത്‌. രേഖകള്‍ സഹിതം ഇടപാട്‌ പുറത്തുവന്നപ്പോള്‍ കൈമാറ്റങ്ങളെല്ലാം റദ്ദാക്കി രക്ഷപ്പെടാന്‍ വഴിനോക്കുകയാണ്‌ യെദിയൂരപ്പ. മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത്‌ നടന്ന ഭൂമി ഇടപാടുകളിലെ ക്രമക്കേട്‌ കണ്ടെത്താന്‍ സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട്‌ ഞായറാഴ്‌ച പോലും ജോലി ചെയ്യിപ്പിക്കുകയാണ്‌ അദ്ദേഹം. ആരോപണങ്ങളെ ആരോപണങ്ങള്‍ കൊണ്ട്‌ നിഷ്‌പ്രഭമാക്കുക. എല്ലാവരും കോഴക്കാരെന്ന്‌ വന്നാല്‍ പിന്നെ കല്ലെറിയാന്‍ ആളുണ്ടാവില്ലല്ലോ!

കര്‍ണാടകത്തിലെ ബി ജെ പിയില്‍ യെദിയൂരപ്പക്ക്‌ എല്ലായ്‌പ്പോഴും തലവേദനയായി ജി ജനാര്‍ദന്‍ റെഡ്‌ഢി, ജി കരുണാകര്‍ റെഡ്‌ഢി എന്നീ മന്ത്രിമാര്‍. (റെഡ്‌ഢി സഹോദരന്‍മാര്‍, മൂന്നാമന്‍ സോമശേഖര റെഡ്‌ഢിയും രാഷ്‌ട്രീയത്തിലുണ്ട്‌). പോലീസ്‌ കോണ്‍സ്റ്റബിളിന്റെ മക്കളായ റെഡ്‌ഢി സഹോദരന്‍മാര്‍ കോടീശ്വരന്‍മാരും വ്യവസായികളുമായത്‌ പൊടുന്നനെയാണ്‌. ബെല്ലാരിയിലെ അനധികൃത ഖനനത്തിന്റെ ചുക്കാന്‍ പിടിച്ചും ഇരുമ്പയിര്‌ കള്ളക്കടത്ത്‌ നടത്തിയും. കോണ്‍ഗ്രസ്‌ നേതാവായിരുന്ന വൈ എസ്‌ രാജശേഖര റെഡ്‌ഢിക്ക്‌ ബി ജെ പി നേതാക്കളായ റെഡ്‌ഢി സഹോദരന്‍മാരുമായി വ്യവസായ ബന്ധമുണ്ടെന്ന ആരോപണം പഴക്കം ചെന്നതാണ്‌. കര്‍ണാടക അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള ആന്ധ്രയുടെ വന മേഖലയില്‍ റെഡ്‌ഢി സഹോദരന്‍മാരുടെ കമ്പനിയായ ഒബുലാപുരം മൈനിംഗ്‌ കോര്‍പ്പറേഷന്‌ ഖനനാനുമതി നല്‍കിയത്‌ വൈ എസ്‌ ആര്‍ മുഖ്യമന്ത്രിയായിരിക്കെയാണെന്നത്‌ വസ്‌തുതയും. ഖനനത്തിന്‌ പതിച്ചു കിട്ടയ ഭൂമി മാത്രമല്ല, ഒബുലാപുരം തുരന്നത്‌. പരിസരത്തുള്ള വനവും തുരന്നു. വനത്തിലൂടെ കര്‍ണാടകത്തിലേക്ക്‌ അനധികൃതമായി റോഡ്‌ വെട്ടി. കുഴിച്ചെടുക്കുന്ന അയിര്‌ നികുതി വെട്ടിച്ച്‌ കര്‍ണാടകയിലേക്ക്‌ കടത്തി. അവിടെ നിന്ന്‌ നികുതി കൂടാതെ വിദേശത്തേക്കും. ഇത്‌ സംബന്ധിച്ച കേസുകള്‍ തുടരുന്നുണ്ട്‌. ഈ ഖനന `കമ്പനി'യില്‍ വൈ എസ്‌ ആറിന്‌ പരോക്ഷ സാന്നിധ്യമായിരുന്നുവെങ്കില്‍ വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്‌ഢി പ്രത്യക്ഷ സാന്നിധ്യമായി.

2004ല്‍ തെലുങ്കു ദേശം പാര്‍ട്ടിയുടെ ദശകം നീണ്ട ഭരണം അവസാനിപ്പിച്ച്‌ വൈ എസ്‌ രാജശേഖര റെഡ്‌ഢി കോണ്‍ഗ്രസ്‌ മന്ത്രിസഭ രൂപവത്‌കരിക്കുമ്പോള്‍ അഭ്യസ്‌തവിദ്യനായ തൊഴില്‍ രഹിതന്‍ എന്നതായിരുന്നു ജഗന്‍മോഹന്‍ റെഡ്‌ഢിക്കുണ്ടായിരുന്ന അന്തസ്സ്‌. അത്രനാളും വൈ എസ്‌ ആറിന്റെ മകനെന്ന നിലയിലും അന്ന്‌ മുതല്‍ മുഖ്യമന്ത്രിയുടെ മകനെന്ന നിലയിലും പ്രാമുഖ്യവുമുണ്ടായിരുന്നു. തുടര്‍ന്നുള്ള മൂന്ന്‌ വര്‍ഷം കൊണ്ട്‌ ജഗന്‍ വ്യവയായിയായി വളരുന്ന കാഴ്‌ച കണ്ടു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മൂന്ന്‌ കമ്പനികള്‍ ആരംഭിച്ചു. പതിനെട്ട്‌ കമ്പനികളില്‍ ഓഹരി പങ്കാളിത്തമായി. മാധ്യമ കമ്പനിയായ ജഗതി പബ്ലിക്കേഷന്‍സ്‌, ഭാരതി സിമന്റ്‌സ്‌, സന്ദൂര്‍ പവര്‍ എന്നിവയാണ്‌ ജഗന്റെ ഉടമസ്ഥതയില്‍ ഇപ്പോഴുള്ള കമ്പനികളില്‍ പ്രധാനം. ജഗതി പബ്ലിക്കേഷന്‍സില്‍ നിന്നാണ്‌ സാക്ഷി പത്രവും ചാനലും സൃഷ്‌ടിയെടുക്കുന്നത്‌. രാമലിംഗരാജു സഹസ്ര കോടികളുടെ തട്ടിപ്പ്‌ നടത്തിയ സത്യം, തട്ടിപ്പ്‌ നടത്താന്‍ വേണ്ടി രൂപവത്‌കരിച്ച മത്യാസ്‌ എന്നീ സ്ഥാപനങ്ങളിലെ ജഗന്റെ പങ്കാളിത്തവും തര്‍ക്ക വിഷയമാണ്‌. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനിയായി രൂപവത്‌കരിച്ച മത്യാസിന്‌ കോടികളുടെ കരാര്‍ വൈ എസ്‌ ആര്‍ ഉറപ്പ്‌ നല്‍കിയതായി അന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു.

വൈ എസ്‌ ആര്‍ എന്ന ജനകോടികളുടെ നേതാവിന്റെ തണലും തുണയുമില്ലാതെയാണ്‌ മകന്‍ വളര്‍ന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. അന്ന്‌ വൈ എസ്‌ ആര്‍ ഗീതികള്‍ മാത്രം പാടിയിരുന്ന സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ്‌ നേതാക്കള്‍ എല്ലാറ്റിനോടും കണ്ണടച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വില്ലേജ്‌ നിര്‍മിക്കാന്‍ കരാറെടുക്കുകയും അതില്‍ പിഴവ്‌ വരുത്തിയതിന്റെ പേരില്‍ പഴി മൂളുകയും ചെയ്യുന്ന ദുബൈ കേന്ദ്രമായ എമാര്‍ പ്രോപ്പര്‍ട്ടീസ്‌, ആന്ധ്രയിലെ വൈ എസ്‌ ആര്‍ ഭരണകാലത്ത്‌ സ്വന്തമാക്കിയത്‌ 10,000 കോടിയെങ്കിലും വിലവരുന്ന ഭൂമിയാണ്‌. അതും ചുളുവിലക്ക്‌. ആന്ധ്രാപ്രദേശ്‌ ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ നനാക്രംഗുഡയില്‍ 298 ഏക്കര്‍ സ്ഥലം എമാറിന്‌ കൈമാറി. ഏക്കറിന്‌ 29 ലക്ഷം മാത്രമായിരുന്നു വില. 250 ഏക്കര്‍ സ്ഥലം 66 വര്‍ഷത്തെ പാട്ടത്തിനും നല്‍കി. നിര്‍മിച്ചെടുക്കുന്ന ഗോള്‍ഫ്‌ കോഴ്‌സില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനത്തിന്റെ രണ്ട്‌ ശതമാനം സര്‍ക്കാറിന്‌ നല്‍കണമെന്നതായിരുന്നു പാട്ട വ്യവസ്ഥ. ഈ സ്ഥലത്ത്‌ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും മറ്റും നിര്‍മിക്കുന്ന പദ്ധതിയില്‍ ആന്ധ്രാപ്രദേശ്‌ ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കോര്‍പ്പറേഷനും പങ്കാളിയായി. പാട്ടഭൂമിയില്‍ കോര്‍പ്പറേഷന്‌ 49 ശതമാനം ഓഹരിയെന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. ഇത്‌ പിന്നീട്‌ 26 ശതമാനവും നാല്‌ ശതമാനവുമാക്കി കുറച്ചു. ഈ ഇടപാട്‌ നടക്കുമ്പോള്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്ന അമ്പാടി രാംബാബു ഇന്ന്‌ ജഗന്റെ വിശ്വസ്‌തരില്‍ പ്രമുഖനാണ്‌. ഏക്കറിന്‌ പത്ത്‌ കോടി വിലമതിക്കുന്ന ഭൂമി തീരെ കുറഞ്ഞ വിലക്ക്‌ എമാറിന്‌ കൈമാറിയപ്പോള്‍ മറിഞ്ഞ കമ്മീഷനെന്നോ കോഴയെന്നോ വിളിക്കാവുന്ന കോടികള്‍ എത്രയായിരിക്കും? 2004ല്‍ വൈ എസ്‌ ആര്‍ മുഖ്യമന്ത്രിയായ ഉടനെ നടന്ന ഈ ഇടപാടിലെ കോടികളാണോ ജഗനെന്ന വ്യവസായിയെ സൃഷ്‌ടിച്ചത്‌?
2009ല്‍ വൈ എസ്‌ ആര്‍ കൊല്ലപ്പെടുകയും ജഗന്‍മോഹന്‍ റെഡ്‌ഢി കോണ്‍ഗ്രസിന്‌ തലവേദയാവുകയും ചെയ്‌ത ശേഷമാണ്‌ ഈ ചോദ്യങ്ങള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നത്‌? ഭൂമി ഇടപാടിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സോണിയാ ഗാന്ധിക്ക്‌ ചില എം എല്‍ എമാര്‍ കത്ത്‌ നല്‍കിയിട്ടുമുണ്ട്‌.

റെഡ്‌ഢി സഹോദരന്‍മാര്‍ക്ക്‌ ഖനനത്തിന്‌ ഭൂമി അനുവദിച്ചു കൊടുത്തതിലും ഹൈദരാബാദിലും പരിസരത്തുമായി നടന്ന ഭൂമി ഇടപാടുകളിലും വലിയ അഴിമതി നടന്നുവെന്ന്‌ തെലുങ്കു ദേശം പാര്‍ട്ടി നേതാവ്‌ ചന്ദ്രബാബു നായിഡു അക്കാലത്ത്‌ തന്നെ നിയമസഭയിലും പുറത്തും ആരോപണം ഉന്നയിച്ചിരുന്നു. അന്ന്‌ വൈ എസ്‌ ആര്‍ എന്ന ആദര്‍ശധീരന്റെ തെളിഞ്ഞ ഖദറില്‍ ചളിവാരിയെറിയാന്‍ നായിഡു ശ്രമിക്കുന്നുവെന്ന വാദമുയര്‍ത്തി പ്രതിരോധിക്കുകയാണ്‌ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ്‌ നേതാക്കള്‍ ചെയ്‌തത്‌. ആന്ധ്രയിലെ ഏക്കറുകണക്കിന്‌ കൃഷി ഭൂമി വ്യവസായികള്‍ക്ക്‌ പതിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്ന്‌ സി പി എം നേതാവ്‌ സീതാറാം യെച്ചൂരിയും നേരത്തെ ആരോപിച്ചിരുന്നു. അന്ന്‌ അതിനെയും കോണ്‍ഗ്രസ്‌ മുഖവിലക്കെടുത്തില്ല. ആ അഴിമതിയില്‍ വിളഞ്ഞ കനി സംസ്ഥാന മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്‌ കരുക്കള്‍ നീക്കിയപ്പോഴാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ മൂടിന്‌ ചൂട്‌ പിടിച്ചത്‌.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പു മാത്രം കോണ്‍ഗ്രസില്‍ അംഗമാവുകയും വൈ എസ്‌ ആറിന്റെ മകനായതുകൊണ്ടുമാത്രം കഡപ്പയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജഗനെ പിതാവിന്റെ മരണശേഷം മുഖ്യമന്ത്രിയാക്കുന്നതിനെ കോണ്‍ഗ്രസിലെ ഏതാണ്ടെല്ലാ എം എല്‍ എമാരും പിന്തുണച്ചിരുന്നു. എന്തുകൊണ്ടായിരുന്നു ഈ പിന്തുണ? വൈ എസ്‌ ആര്‍ എന്ന നേതാവിനോടുള്ള ആദരവ്‌ മാത്രമോ? അതോ കേന്ദ്ര സര്‍ക്കാറിന്റെ നയനിലപാടുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വൈ എസ്‌ ആര്‍ പിന്തുടര്‍ന്ന സമ്പത്ത്‌ സൃഷ്‌ടിക്കുന്ന പദ്ധതികള്‍ തുടരണമെങ്കില്‍ ജഗന്‍ തന്നെ നേതൃത്വത്തിലുണ്ടാകണമെന്ന ആഗ്രഹമോ? 2004 - 09 കാലത്ത്‌ എന്തൊക്കെ ഇടപാടുകള്‍ നടന്നു, തുടര്‍ന്ന്‌ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്തൊക്കെ എന്ന്‌ വ്യക്തമായി അറിയാവുന്ന വ്യക്തി ജഗനാണ്‌. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ഇപ്പോഴുള്ള `സമ്പല്‍ സമൃദ്ധി' തുടരാന്‍ സാധിക്കും. അതായിരുന്നു കോണ്‍ഗ്രസ്‌ എം എല്‍ എമാരുടെ മനസ്സില്‍.

വൈ എസ്‌ ആറിന്റെ അപകട മരണവും, അതിന്റെ മുന്നനുഭവമില്ലാത്ത നാടകീയതയും ജനമനസ്സുകളില്‍ സൃഷ്‌ടിച്ച സഹാനുഭൂതി മാഞ്ഞുപോയിട്ടില്ല. ആ വളക്കൂറ്‌ മായും മുമ്പ്‌ വിത്തിറക്കണമെന്ന്‌ ജഗന്‍മോഹന്‍ കണക്കുകൂട്ടുന്നു. ജഗന്‍ അധികാരത്തിലേക്ക്‌ എത്തിയാല്‍ മുമ്പ്‌ ആലോചിച്ച പദ്ധതികള്‍ നടക്കുമെന്ന്‌ വിശ്വസിക്കുന്ന ലോബികള്‍ സജീവമാണ്‌. അവരുടെ സാമ്പത്തിക പിന്തുണ കൂടി ഈ നീക്കങ്ങള്‍ക്കുണ്ടാകുമെന്ന്‌ ഉറപ്പ്‌. ഡല്‍ഹിയില്‍ ടാറ്റയും അംബാനിമാരുമാണെങ്കില്‍ ഹൈദരാബാദില്‍ മറ്റു ചിലരാണെന്ന്‌ മാത്രം. യുനീടെക്ക്‌ എന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക്‌ കേന്ദ്ര സര്‍ക്കാറിലുള്ള സ്വാധീനം എന്താണെന്ന്‌ ഏറെക്കുറെ പുറത്തുവന്നത്‌ ടെലികോം അഴിമതിയെക്കുറിച്ചുള്ള ആരോപണത്തിലൂടെയാണ്‌. സമാനശക്തികള്‍ക്ക്‌ രാജ്യമെമ്പാടും വിളയാടാന്‍ അവസരമൊരുക്കിയവരാണ്‌ പഴിയേല്‍ക്കേണ്ടത്‌. അത്തരം നയങ്ങളിലാണ്‌ പുനരാലോചന വേണ്ടത്‌. വിളഞ്ഞ വിഷത്തേക്കാള്‍ അപകടകരം വിഷം വിളയാന്‍ അവസരം നിലനില്‍ക്കുന്നുവെന്നതാണ്‌. ആദര്‍ശ്‌, കര്‍ണാടകത്തിലെയും ഉത്തരാഖണ്ഡിലെയും ഭൂമി തുടങ്ങിയ കുംഭകോണങ്ങള്‍ ഇത്തരം അവസരങ്ങളുടെ സൃഷ്‌ടിയാണ്‌. അഴിമതിയുടെ വിശാല സാഗരത്തില്‍ നിന്ന്‌ തെറിച്ച തുള്ളികള്‍. ജഗന്റെ ചോരക്ക്‌ വേണ്ടി കോണ്‍ഗ്രസ്‌ വാളെടുക്കുമ്പോള്‍ ഏതാനും തുള്ളികള്‍ കൂടി തെറിച്ചേക്കും. അപ്പോഴും അവിഷഹ്യ മന്ദഹാസവുമായി മന്‍മോഹനാദികള്‍ കസേരകളിലുണ്ടാകും. പ്രതിഷേധങ്ങള്‍ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതിനെ അപലപിച്ചുകൊണ്ട്‌.