2010-12-22

കടലില്‍ കായം കലക്കും



കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അഴിമതി ആരോപണങ്ങളുടെ കറ നീക്കാന്‍ പ്രവര്‍ത്തകരൊന്നടങ്കം പ്രചാരണ രംഗത്തിറങ്ങണമെന്ന സോണിയാ ഗാന്ധിയുടെ ആഹ്വാനം കൈയടിച്ച്‌ പാസ്സാക്കിക്കൊണ്ട്‌ പ്ലീനറി സമ്മേളനം സമാപിച്ചു. ഭീകരവാദവുമായി രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിനും അതിന്റെ സഹ സംഘങ്ങള്‍ക്കുമുള്ള ബന്ധം അന്വേഷിക്കണമെന്ന പരാമര്‍ശം ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ പ്രമേയത്തിന്‌ സമ്മേളനം അംഗീകാരം നല്‍കുകകയും ചെയ്‌തു. ഇത്‌ രണ്ടും തന്നെയാണ്‌ ഈ സമ്മേളനം മുന്നോട്ടുവെക്കുന്ന കാതലായ ആശയങ്ങള്‍. വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധമൊന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയോ അതിന്റെ നേതാക്കളോ ആവശ്യപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ പ്രമേയങ്ങള്‍ അങ്ങനെ തന്നെ നിലനിന്നുകൊള്ളും. അതിന്‌ പ്ലീനറി സമ്മേളനം തന്നെ സാക്ഷ്യം പറയും. 


വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിക്കപ്പെട്ട പ്ലീനറി സമ്മേളനത്തില്‍ രണ്ട്‌ ദിവസവും കൈയാങ്കളിയുണ്ടായി. മലയാളികള്‍ക്ക്‌ പരിചയമുള്ള ഗ്രൂപ്പ്‌ പോരിന്റെ ഭാഗമായ കൈയാങ്കളിയായിരുന്നില്ല ഡല്‍ഹിക്കടുത്തുള്ള ബുരാരിയില്‍ അരങ്ങേറിയത്‌. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളെ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന കേന്ദ്ര മന്ത്രി മുകുള്‍ വാസ്‌നിക്ക്‌ കോഴ വാങ്ങിയെന്ന ആരോപണമാണ്‌ കൈയാങ്കളിക്ക്‌ കാരണം. ബീഹാറില്‍ നിന്നുള്ള പ്രതിനിധികള്‍ തന്നെയാണ്‌ ഈ ആരോപണമുന്നയിച്ചത്‌. പുറത്തുനിന്നാരെങ്കിലും പാര്‍ട്ടിയെ ക്ഷീണിപ്പിക്കാനും അതുവഴി രാജ്യത്തെ ക്ഷയിപ്പിക്കാനും വേണ്ടി ഉന്നയിച്ചതല്ല. സംശയത്തിന്റെ നിഴലുണ്ടായപ്പോള്‍ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും രാജി വെപ്പിക്കാന്‍ തയ്യാറായ പാര്‍ട്ടിയെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വിശേഷിപ്പിച്ച കോണ്‍ഗ്രസ്‌, ആരോപണമുന്നയിച്ചവരെ അടിച്ചിരുത്താനാണ്‌ തീരുമാനിച്ചത്‌. എന്തിനും തയ്യാറായ സേവാദള്‍ വളണ്ടിയര്‍മാര്‍ ബീഹാറില്‍ നിന്നുള്ള പ്രതിനിധികളെ വളഞ്ഞ്‌ നിശ്ശബ്‌ദരാക്കി. സമ്മേളനത്തിന്റെ രണ്ട്‌ ദിവസവും ഈ രംഗം ആവര്‍ത്തിച്ചു. 


കോഴ വാങ്ങി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുവെന്നത്‌ അഴിമതിയായി കോണ്‍ഗ്രസ്‌ നേതൃത്വം കാണുന്നുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും മറ്റും വേണ്ട പണം നല്‍കി പാര്‍ട്ടിയെ സ്ഥാനാര്‍ഥികള്‍ സഹായിച്ചുവെന്ന്‌ കരുതുന്നുണ്ടാകണം. ഈ തിരിച്ചറിവില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയ ബീഹാറുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണ്‌. പ്രചാരണച്ചെലവ്‌ സര്‍ക്കാര്‍ നേരിട്ട്‌ വഹിച്ച്‌ തിരഞ്ഞെടുപ്പ്‌ അഴിമതി ഇല്ലാതാക്കണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ ഇത്തരം ആരോപണങ്ങള്‍ ഇല്ലാതാക്കാനാകും.

കേന്ദ്ര ഘന വ്യവസായ മന്ത്രിയും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്‌മുഖിന്റെ സമ്മേളന വേദിയിലെ സാന്നിധ്യം മറ്റൊരു ഉദാഹരണമായിരുന്നു. അനധികൃത പണമിടപാട്‌ സംബന്ധിച്ച പരാതിയില്‍ തന്റെ സഹോദരനെതിരെ കേസെടുക്കാതിരിക്കാന്‍ മഹാരാഷ്‌ട്ര പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ വിലാസ്‌ റാവു ദേശ്‌മുഖിനെ ശിക്ഷിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി എന്ന അധികാരം ഉപയോഗിച്ച്‌ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ അഴിമതിയായി കോണ്‍ഗ്രസ്‌ കാണുന്നുണ്ടാവില്ല. പക്ഷേ, കേസില്‍ കോടതി വിധിച്ച ശിക്ഷ കാണാതിരിക്കാനാകുമോ? അഴിമതിക്കേസില്‍ കുറ്റക്കാരെന്ന്‌ കാണുന്നവരോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന്‌ പാര്‍ട്ടിയുടെ അടുത്ത പരമാധികാരി രാഹുല്‍ പ്രസ്‌താവിക്കുന്ന സാഹചര്യത്തില്‍. വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധമൊന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നില്ല എന്ന്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌.

അഴിമതി ഇല്ലാതാക്കാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ പ്ലീനറി സമ്മേളനത്തില്‍ മുന്നോട്ടുവെക്കുകയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ അതിനെ പിന്തുണക്കുകയും ചെയ്‌തിട്ടുണ്ട്‌. അഴിമതി നിര്‍മാര്‍ജനം ചെയ്യാനാണ്‌ കോണ്‍ഗ്രസും സര്‍ക്കാറും ശ്രമിക്കുന്നതെന്നും അത്‌ തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അത്തരമൊരു നിര്‍മാര്‍ജനത്തിന്റെ അവസാന രംഗം കണ്ടുകൊണ്ടാണ്‌ പുതുവര്‍ഷമെത്തുക. ബൊഫോഴ്‌സ്‌ കോഴക്കേസിന്റെ ഉദകക്രിയയുമായി. കേസില്‍ ആരോപണവിധേയരായ രാജീവ്‌ ഗാന്ധി മുതല്‍ ഹിന്ദുജ സഹോദരന്‍മാര്‍ വരെയുള്ളവര്‍ ഇതിനകം വിമുക്തരായിട്ടുണ്ട്‌. അഴിമതി നടക്കാത്തതുകൊണ്ടാണോ അതിന്‌ തെളിവില്ലാത്തതുകൊണ്ടാണോ തെളിവ്‌ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക്‌ സാധിക്കാത്തതുകൊണ്ടാണോ തെളിവ്‌ നശിപ്പിക്കപ്പെട്ടതുകൊണ്ടാണോ എന്ന ചോദ്യങ്ങള്‍ പ്രസക്തമല്ല. ഇനി ഈ കേസില്‍ അവശേഷിക്കുന്ന ഏക ആരോപണവിധേയന്‍ ഇടനിലക്കാരനായി നിന്നുവെന്ന്‌ കരുതപ്പെടുന്ന ഇറ്റലിക്കാരനായ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിയാണ്‌. 


ഇദ്ദേഹത്തിനെതിരായ കേസ്‌ പിന്‍വലിക്കാന്‍ സി ബി ഐ അനുമതി തേടിയിട്ട്‌ കാലം കുറേയായി. ഈ ഇടപാടുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ചില ശല്യക്കാര്‍ പരാതിയുമായി രംഗത്തുവന്നതുകൊണ്ട്‌ മാത്രം നടപടികള്‍ നീണ്ടുപോയി. ഏതായാലും കേസ്‌ അവസാനിപ്പിക്കാനുള്ള അപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി ജനുവരി ആദ്യത്തില്‍ വിധി പ്രഖ്യാപിക്കാന്‍ മാറ്റിയിരിക്കയാണ്‌ കോടതി. ക്വത്‌റോച്ചിയെ അന്യ രാജ്യത്തു നിന്ന്‌ വിട്ടുകിട്ടാന്‍ നടത്തിയ ശ്രമങ്ങളൊക്കെ വൃഥാവിലായ സാഹചര്യത്തില്‍ കേസ്‌ അവസാനിപ്പിക്കാന്‍ സി ബി ഐക്ക്‌ അനുമതി ലഭിക്കുമെന്ന്‌ തന്നെ കരുതുക. ക്വത്‌റോച്ചിയെപ്പോലൊരു വ്യക്തിയെ ഇരുപത്‌ വര്‍ഷം വിചാരണ എന്ന ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. ഇനിയും അത്‌ തുടരുന്നത്‌ മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നാണ്‌ സി ബി ഐക്കും കേന്ദ്ര സര്‍ക്കാറിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌. എത്ര ഉദാത്തമായ നീതി സങ്കല്‍പ്പമാണ്‌ നമ്മുടെത്‌ എന്ന്‌ അഭിമാനം കൊള്ളേണ്ടിവരും.

ഒന്നാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത്‌ ആണവ കരാര്‍ സംബന്ധിച്ച തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്‌ ക്വത്‌റോച്ചിക്കെതിരായ കേസ്‌ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐക്ക്‌ അനുമതി നല്‍കിയത്‌. പ്രധാനമന്ത്രിയുടെ കീഴിലുള്ള വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌ സി ബി ഐ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ കേസ്‌ അവസാനിപ്പിക്കാനുള്ള തീരുമാനം അദ്ദേഹം അറിയാതെയാകാന്‍ തരമില്ല. ഇത്‌ നിര്‍മാര്‍ജനത്തിന്‌ സ്വീകരിക്കുന്ന ബദല്‍ സമ്പ്രദായമാണ്‌. കേസുകള്‍ വിചാരണകൂടാതെ അവസാനിപ്പിക്കുന്നതോടെ ഒരു അഴിമതി ഇല്ലാതാകും. സമാനമായ നിലപാട്‌ മറ്റ്‌ കേസുകളില്‍ കൂടി സ്വീകരിക്കാന്‍ തയ്യാറായാല്‍ അഴിമതി നിര്‍മാര്‍ജനം ചെയ്‌തുവെന്ന്‌ വൈകാതെ പ്രഖ്യാപിക്കാന്‍ സാധിക്കും. അത്തരമൊരു പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ രാജ്യം, അതിന്‌ ഭാഗ്യം സിദ്ധിച്ച പ്രധാനമന്ത്രി, നേതൃത്വം കൊടുത്ത പാര്‍ട്ടി തുടങ്ങിയ ബഹുമതികളും സ്വന്തമാക്കാം. 


ഈ നേട്ടം കൈവരിക്കുന്നതിന്‌ ചില സാങ്കേതിക തടസ്സങ്ങള്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും മുന്നിലുണ്ട്‌. ബി എസ്‌ പി നേതാവ്‌ മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ എന്നിവര്‍ കണക്കില്‍ക്കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസുകളാണവ. യു പി എ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ അത്‌ പരിഹരിക്കുന്നതിനായി ഈ കേസുകളുടെ അന്വേഷണവേഗം ക്രമീകരിക്കാറുണ്ട്‌. ഈ സാധ്യത ഇല്ലാതാക്കുന്നത്‌ മണ്ടത്തരമായിരിക്കും. പ്രത്യേകിച്ച്‌ യു പി എയിലെ രണ്ടാമത്തെ വലിയ ഘടക കക്ഷി തൃണമൂല്‍ കോണ്‍ഗ്രസായിരിക്കെ. പശ്ചിമ ബംഗാളില്‍ ഒറ്റക്ക്‌ ഭരിക്കാന്‍ തൃണമൂലിന്‌ ഭൂരിപക്ഷം ലഭിച്ചാല്‍ ബി എസ്‌ പിയുടെയോ സമാജ്‌വാദിയുടെയോ പിന്തുണ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്‌ വേണ്ടിവരുമെന്നുറപ്പ്‌.

പ്രതിരോധ ഇടപാട്‌ ഉറപ്പിക്കുന്നതിനുള്ള കോഴപ്പണം പാര്‍ട്ടി അധ്യക്ഷനായിരുന്നയാള്‍ നേരിട്ട്‌ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട്‌ അമ്പരക്കേണ്ടിവന്ന രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയാണ്‌ ബി ജെ പി. പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുവരാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന ആരോപണവും സഹിക്കേണ്ടിവന്നു. ഭൂമി കുംഭകോണം നടത്തിയെന്ന്‌ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ട (അല്ലെങ്കില്‍ മക്കള്‍ക്ക്‌ നല്‍കിയ ഭൂമി തിരിച്ചെടുക്കേണ്ടതില്ലായിരുന്നല്ലോ) ഒരു മുഖ്യമന്ത്രി സമുദായ ബലം കാട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ മുട്ടിടിച്ചുപോയത്‌ സമീപകാല ചരിത്രം. ഇതൊക്കെയാണെങ്കിലും അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്‌ അവര്‍. പാര്‍ലിമെന്റ്‌ സ്‌തംഭിപ്പിച്ചും തെരുവുകളെ പ്രക്ഷോഭസാഗരമാക്കിയും (ബംഗളൂരുവില്‍ ഈ സാഗരമുണ്ടാവില്ല. പരിപാടികള്‍ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സംഘാടക സമിതിക്കാണ്‌) സര്‍ക്കാറിനും കോണ്‍ഗ്രസിനുമെതിരെ അവര്‍ ആഞ്ഞടിക്കുന്നു. 


അതിനൊരു തടയിടാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ പ്ലീനറിക്കു മുമ്പ്‌ തന്നെ കോണ്‍ഗ്രസ്‌ ആലോചിച്ചിരുന്നു. അതിന്റെ മുന്നോടിയായിരുന്നു ദിഗ്‌വിജയ്‌ സിംഗിന്റെ അനവസരത്തിലെന്ന്‌ തോന്നിച്ച പ്രസ്‌താവനകള്‍.
പ്രഗ്യാ സിംഗ്‌, ശ്രീകാന്ത്‌ പുരോഹിത്‌ എന്നിവര്‍ അറസ്റ്റിലാകുകയും സ്വാമി അസിമാനന്ദ്‌ മുതല്‍ ഇന്ദ്രേഷ്‌ കുമാര്‍ വരെയുള്ളവരുടെ പേരുകള്‍ പുറത്തുവരികയും ചെയ്‌തപ്പോള്‍ തന്നെ ഭീകരവാദത്തിന്റെ ശൃംഖലകള്‍ ആര്‍ എസ്‌ എസ്സിലേക്ക്‌ നീളുന്നുവെന്ന്‌ വ്യക്തമായതാണ്‌. മക്ക മസ്‌ജിദ്‌, അജ്‌മീര്‍ ദര്‍ഗ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയത്‌ ഹിന്ദുത്വ ഭീകരവാദ ശക്തികളാണെന്ന്‌ അന്വേഷണ സംഘങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുകയും ചെയ്യുന്നു. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച്‌ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ ഇന്ദ്രേഷ്‌ കുമാറിനെപ്പോലുള്ള നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്‌ എന്ന ആരോപണം ആര്‍ എസ്‌ എസ്‌ ഉന്നയിക്കുകയും ചെയ്‌തു. ആ ആരോപണത്തിനു കരുത്ത്‌ പകരാനാണ്‌ പ്ലീനറി സമ്മേളനത്തിന്റെ രണ്ടാമത്തെ സുപ്രധാന പ്രഖ്യാപനം സഹായിക്കുക. 



സ്‌ഫോടനങ്ങളുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഇന്ദ്രേഷ്‌ കുമാറിനെ അന്വേഷണ ഏജന്‍സി ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ല. ഇതിനകം അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ദ്രേഷിനെ ചോദ്യം ചെയ്യാന്‍ ഇനി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി? ആര്‍ എസ്‌ എസ്സിന്റെ ഭീകരബന്ധം അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ആവശ്യത്തിന്‌ അനുഗുണമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിതെന്ന ആരോപണം ശക്തമാകും. അത്‌ ഉന്നയിക്കുന്നവര്‍ക്ക്‌ യുക്തിയുടെ സഹായം ലഭിക്കുകയും ചെയ്യും.

ആര്‍ എസ്‌ എസ്സിന്റെ ഭീകരവാദ ബന്ധത്തിന്‌ മഹാത്‌മാ ഗാന്ധിയുടെ വധത്തേക്കാള്‍ വലിയ തെളിവൊന്നും ആവശ്യമില്ല. പിന്നീടിത്രകാലം ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട കലാപങ്ങളിലും ലഹളകളിലും വംശഹത്യകളിലും അവയുടെ നേതാക്കളും പ്രവര്‍ത്തകരും വഹിച്ച പങ്കും തെളിവാണ്‌. തലശ്ശേരി മുതല്‍ ഭഗല്‍പൂര്‍ വരെ എന്നോ ബോംബെ മുതല്‍ ഗുജറാത്ത്‌ വരെ എന്നോ അതിന്‌ പാഠങ്ങള്‍ ഒരുക്കുകയും ചെയ്യാം. ഇത്രയും കാലം ഇതേക്കുറിച്ചൊന്നും അന്വേഷിക്കണമെന്ന്‌ തോന്നാതിരുന്നവര്‍ കോഴക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ വലതു ഭീകരവാദത്തെക്കുറിച്ച്‌ ഓര്‍ക്കുന്നതിലെ ആത്മാര്‍ഥത സംശയിക്കേണ്ടിവരും. അതിനപ്പുറത്ത്‌ സ്വാഭാവിക നീതിനിര്‍വഹണ പ്രക്രിയയുടെ ഭാഗമായെടുക്കുന്ന നടപടികളെപ്പോലും സംശയത്തിലേക്ക്‌ തള്ളിവിടുകയും ചെയ്യും. ഒരിക്കലും നടക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത്‌ അല്‍പ്പം വൈകിയാണെങ്കിലും നടക്കുന്നതല്ലേ എന്ന എ കെ ആന്റണിയുടെ സിദ്ധാന്തമനുസരിച്ച്‌ കോണ്‍ഗ്രസിന്റെ പുതിയ നിലപാടിനെ അംഗീകരിക്കാം. വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ ബന്ധം ഇവിടെയുമുണ്ടാകാന്‍ ഇടയില്ല.

2 comments:

  1. ലേഖനം വായിച്ചില്ല. മോഹന്ദാസിന്റെ മുക്കിനിട്ട് താങ്ങുന്ന പടം കണ്ടു കയറിയതാണു്.

    ReplyDelete
  2. മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി എന്ന അധികാരം ഉപയോഗിച്ച്‌ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ അഴിമതിയായി കോണ്‍ഗ്രസ്‌ കാണുന്നുണ്ടാവില്ല.
    അല്ലങ്കിൽ തന്നെ ഏത് അഴിമതിയാണു കൊൺഗ്രസ് കാണുന്നത് .അഴിമതി എന്നതു അവർക്കു ഒരു നേരമ്പോക്കല്ലേ..

    ReplyDelete