2010-12-18

ജുഡീഷ്യറിയുടെ ഭൂതക്കണ്ണാടി



ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിക്കപ്പെടുന്ന മന്ത്രിയുടെ പേര്‌ റിപ്പോര്‍ട്ടിലുണ്ടായിരുന്നോ ഇല്ലയോ എന്നതാണോ, ആ മന്ത്രിയാരെന്ന്‌ കണ്ടെത്തി കുറ്റക്കാരനെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ നീതിന്യായ മന്ത്രാലയം ശ്രമിച്ചില്ല എന്നതാണോ പ്രധാന പ്രശ്‌നം? സുപ്രീം കോടതിയുടെ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനും അന്ന്‌ മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസായിരുന്ന ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ്‌ എച്ച്‌ എല്‍ ഗോഖലെയും തര്‍ക്കിക്കുന്നത്‌ റിപ്പോര്‍ട്ടില്‍ പേരുണ്ടായിരുന്നോ ഇല്ലയോ എന്നത്‌ സംബന്ധിച്ചാണ്‌. ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഒരു നടപടിയും സ്വീകരിക്കാതിരിക്കുമ്പോള്‍ അത്‌ അഴിമതിയാണോ അതോ സ്വജനപക്ഷപാതമോ?

തമിഴ്‌നാട്ടിലെ പുതുക്കോട്ട മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന കൂത പെരുമാള്‍, നികുതി സര്‍ട്ടിഫിക്കറ്റിനെത്തിയ നായിനാര്‍ മൂഹമ്മദില്‍ നിന്ന്‌ 50 രൂപ കൈക്കൂലി വാങ്ങിയത്‌ 1993 ആഗസ്റ്റ്‌ 23നാണ്‌. അഴിമതിവിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പെരുമാളിനെ കൈയോടെ പിടികൂടി. വിചാരണക്കോടതി ഒരു വര്‍ഷത്തെ തടവും അഞ്ഞൂറ്‌ രൂപ പിഴയും ശിക്ഷ വിധിച്ചു. 2007 മാര്‍ച്ച്‌ ഏഴിനാണ്‌ ശിക്ഷ ശരിവെച്ച്‌ മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്‌. പെരുമാള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ശിക്ഷ അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിയുണ്ടായത്‌ 2010 ഡിസംബര്‍ 15നും. പതിനേഴ്‌ വര്‍ഷത്തിന്‌ ശേഷം പെരുമാള്‍ ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ അനുഭവിക്കാന്‍ പോകുന്നു. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിന്‌ തെളിവായി ഇതിനെ ചൂണ്ടിക്കാണിക്കാം.

തെരുവോരങ്ങളില്‍ പൊതുയോഗം നിരോധിച്ച്‌ വിധി പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച്‌ ശുംഭനെന്ന പ്രയോഗം നടത്തിയ സി പി എം നേതാവ്‌ എം വി ജയരാജനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ്‌ കേരളത്തിലെ ഹൈക്കോടതി. വിധിയെ വിമര്‍ശിക്കുന്നതിന്‌ പകരം വിധി പുറപ്പെടുവിച്ച ജഡ്‌ജിമാരെ വിമര്‍ശ വിധേയരാക്കിയതാണ്‌ ജയരാജനെതിരെ നിയമ നടപടി തുടങ്ങാന്‍ കാരണം. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും അധികാര അവകാശങ്ങളും നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഈ നടപടിയെന്ന്‌ വിലയിരുത്താം. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഹരജിയായി സ്വീകരിച്ച്‌ വിധികള്‍ പുറപ്പെടുവിക്കുന്നതും നമ്മുടെ നീതിന്യായ സംവിധാനത്തില്‍ അപൂര്‍വമല്ല. 


സാമൂഹിക നീതി ഉറപ്പാക്കുന്നതിനും രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കോടതികള്‍ കാട്ടുന്ന ഔത്സുക്യത്തിന്‌ തെളിവാണ്‌ ഇത്തരം നടപടികള്‍. പരിഗണനക്ക്‌ വരുന്ന വിഷയങ്ങളില്‍ നീതിന്യായ വിചാരം നടത്തുമ്പോള്‍ തന്നെ അതിലുള്‍ക്കൊണ്ടിരിക്കുന്ന പൊതുതാത്‌പര്യം കണക്കിലെടുത്ത്‌ കോടതികള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നത്‌ പതിവുമാണ്‌. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവത്‌കരിച്ച്‌ കോടതി നടത്തുന്ന നിരീക്ഷണങ്ങള്‍ അബദ്ധമായി കലാശിക്കുന്നത്‌ വല്ലപ്പോഴുമൊക്കെ ഉണ്ടാകാറുണ്ട്‌. ആഭ്യന്തര മന്ത്രി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ നടന്ന കൊലക്കേസ്‌ പരിഗണിക്കവെ, കേരള ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ ഉദാഹരണമാണ്‌. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുകയാണെങ്കില്‍ എന്താണ്‌ സ്ഥിതിയെന്ന്‌ ചോദിച്ച കോടതി സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കയാണെന്നും നിരീക്ഷിച്ചു. ഈ നിരീക്ഷണങ്ങള്‍ പിന്നീട്‌ റദ്ദാക്കിയ സുപ്രീം കോടതി, ജഡ്‌ജിമാര്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ കരുതല്‍ വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു.

ന്യായാധിപന്റെ മാത്രമല്ല, ആക്‌ടിവിസ്റ്റിന്റെ കൂടി വീക്ഷണത്തില്‍ കാര്യങ്ങളെ സമീപിക്കാന്‍ ജഡ്‌ജിമാര്‍ തയ്യാറാകുമ്പോഴാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ പലപ്പോഴും ഉണ്ടാകാറ്‌. നീതിന്യായ സംവിധാനം നിലനിര്‍ത്തുന്ന സജീവതയുടെയും ഊര്‍ജസ്വലതയുടെയും തെളിവായി ഇവയെ നോക്കിക്കാണുന്നവരുണ്ട്‌. മറിച്ച്‌ സാമൂഹിക, രാഷ്‌ട്രീയ യാഥാര്‍ഥ്യങ്ങളോട്‌ പുറംതിരിഞ്ഞു നിന്ന്‌ അരാഷ്‌ട്രീയതയുടെയും കമ്പോളവത്‌കരണത്തിന്റെയും വക്താക്കളാകുകയും മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്‌തിയുടെ പ്രലോഭനത്തില്‍പ്പെട്ടുപോവുകയും ചെയ്യുന്നതുകൊണ്ടാണ്‌ ന്യായാധിപന്‍മാര്‍ വിഷയങ്ങളുടെ വ്യാപ്‌തി മറികടന്നുള്ള നിരീക്ഷണങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും തയ്യാറാകുന്നതെന്ന്‌ കരുതുന്നവരും കുറവല്ല.

മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി രഘുപതിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണത്തിന്റെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തിയതും ഇതേ നീതിന്യായ സംവിധാനമാണ്‌. അതുകൊണ്ടാണ്‌ അത്‌ അഴിമതിയാണോ സ്വജനപക്ഷപാതമാണോ എന്ന്‌ ചോദിക്കേണ്ടിവരുന്നത്‌. പുതുശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ എം ബി ബി എസ്‌ വിദ്യാര്‍ഥിയായിരുന്ന എസ്‌ കിരുബ്‌ ശ്രീധറിന്റെ മാര്‍ക്ക്‌ ലിസ്റ്റ്‌ തിരുത്തിയെന്ന ആരോപണത്തെക്കുറിച്ച്‌ സി ബി ഐ അന്വേഷിച്ചിരുന്നു. ഈ കേസില്‍ കിരുബ്‌ ശ്രീധറിനൊപ്പം പിതാവ്‌ ഡോ. സി കൃഷ്‌ണമൂര്‍ത്തിക്കും പങ്കുണ്ടെന്ന്‌ സൂചന ലഭിച്ച സി ബി ഐ ഇരുവരെയും അറസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കിരുബ്‌ ശ്രീധറും ഡോ. കൃഷ്‌ണമൂര്‍ത്തിയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാകുന്നതിന്‌ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ തുറന്ന കോടതിയില്‍ പ്രസ്‌താവിച്ച ജസ്റ്റിസ്‌ രഘുപതി കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ വിട്ടു നിന്നു. 


സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ തമിഴ്‌നാട്‌ ആന്‍ഡ്‌ പുതുശ്ശേരി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ചന്ദ്രമോഹനായിരുന്നുവെന്നത്‌ അടുത്തിടെ പുറത്തുവന്ന വിവരം. ജഡ്‌ജിയുടെ ചേംബറിലെത്തി സംസാരിച്ച ചന്ദ്രമോഹന്‍, കേന്ദ്ര മന്ത്രി എ രാജയുടെ മൊബൈല്‍ ഫോണിലൂടെ ജസ്റ്റിസ്‌ രഘുപതിയുമായി സംസാരിക്കാന്‍ കാത്തിരിക്കുന്നുവെന്ന്‌ പറയുകയും ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷമാണ്‌ ഈ സംഭവം നടന്നത്‌. ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേന്ദ്ര മന്ത്രിയാരെന്ന ചോദ്യം അന്നു തന്നെ ഉയര്‍ന്നിരുന്നു. മന്ത്രിയാരെന്ന്‌ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ പ്രധാനമന്ത്രിയെ സമീപിച്ചു. രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമായ ഒരു സംഭവമെന്ന നിലക്ക്‌, ഈ വാര്‍ത്ത ശ്രദ്ധിച്ച എല്ലാ പൗരന്‍മാരുടെ മനസ്സിലും മന്ത്രിയാരെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ മന്ത്രിയാരെന്ന്‌ അറിയാനുള്ള കൗതുകം പോലും അന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്‌ണനുണ്ടായില്ലെന്നാണ്‌ ഇപ്പോഴത്തെ വാദപ്രതിവാദത്തിലൂടെ വ്യക്തമാകുന്നത്‌. 


ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമം നടന്ന സംഭവത്തെക്കുറിച്ച്‌ കേന്ദ്ര നിയമ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ അന്ന്‌ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റിസ്‌ എച്ച്‌ എല്‍ ഗോഖലെയില്‍ നിന്ന്‌ വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണ റിപ്പോര്‍ട്ടും ജസ്റ്റിസ്‌ രഘുപതി തനിക്ക്‌ നല്‍കിയ കത്തും ചീഫ്‌ ജസ്റ്റിസിന്‌ അയച്ചുവെന്നാണ്‌ ജസ്റ്റിസ്‌ ഗോഖലെ പറയുന്നത്‌. എന്നാല്‍ ജസ്റ്റിസ്‌ ഗോഖലെയുടെ റിപ്പോര്‍ട്ട്‌ മാത്രമേ താന്‍ കണ്ടുള്ളൂവെന്നും അതില്‍ ഒരു കേന്ദ്രമന്ത്രിയുടെയും പേരില്ലായിരുന്നുവെന്നും ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ പറയുന്നു.

സാങ്കേതികമായി ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ വാദം ശരിയാണ്‌. ജസ്റ്റിസ്‌ ഗോഖലെയുടെ റിപ്പോര്‍ട്ടില്‍ കേന്ദ്ര മന്ത്രിയുടെ പേരില്ല. റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്ന ജസ്റ്റിസ്‌ രഘുപതിയുടെ കത്ത്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ വായിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? കേന്ദ്ര മന്ത്രിയുടെ പേര്‌ പറഞ്ഞ്‌ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ തുറന്ന കോടതിയില്‍ പ്രസ്‌താവിച്ച ജഡ്‌ജിയുടെ കത്തില്‍ എന്താണ്‌ പറയുന്നതെന്ന്‌ അറിയണമെന്ന്‌ തോന്നാതിരിക്കുമോ? റിപ്പോര്‍ട്ടിനൊപ്പം അയച്ച ജസ്റ്റിസ്‌ രഘുപതിയുടെ കത്ത്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ പക്കലെത്തിയില്ല എന്ന്‌ വിശ്വസിക്കുക. എങ്കിലും ആരാണ്‌ സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ എന്ന്‌ അന്വേഷിക്കാനും സ്വാധീനം ചെലുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കാനും ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തിരുന്നയാളിന്‌ ബാധ്യതയുണ്ടായിരുന്നില്ലേ? രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത അടിവരയിട്ടുറപ്പിക്കാന്‍ ഇത്തരമൊരു നടപടി വേണമെന്ന്‌ ചീഫ്‌ ജസ്റ്റിസിന്‌ തോന്നേണ്ടതല്ലേ? മന്ത്രിയാരെന്ന്‌ അന്വേഷിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ അനുവാദം മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസിനും ആരോപണമുന്നയിച്ച ജഡ്‌ജിക്കും ആവശ്യമായിരുന്നില്ല. പക്ഷേ, അവരും ഇക്കാര്യത്തില്‍ തുടര്‍ നടപടിക്ക്‌ ശ്രമിച്ചില്ല.

മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ച ഡോ. സി കൃഷ്‌ണമൂര്‍ത്തിയും മുന്‍ മന്ത്രി എ രാജയും തമ്മിലുള്ള ബന്ധം അന്നേ പുറത്തുവന്നതാണ്‌. മന്ത്രിയാകുന്നതിന്‌ മുമ്പ്‌ അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്‌തിരുന്ന രാജയുടെ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ കൃഷ്‌ണസ്വാമിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്‌. കൊവൈ ഷെല്‍ട്ടേഴ്‌സ്‌ പ്രൊമോട്ടേഴ്‌സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടറായിരുന്നു ഡോ. കൃഷ്‌ണസ്വാമി. രാജയുടെ മരുമക്കളായ ഡോ. ആര്‍ ശ്രീധര്‍, ആര്‍ ആനന്ദഭുവനേശ്വരി, ആര്‍ സന്താനലക്ഷ്‌മി എന്നിവര്‍ ഈ കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളുമായിരുന്നു. രാജയുടെ കുടുംബത്തിന്‌ കൃഷ്‌ണസ്വാമിയുമായുണ്ടായിരുന്ന വ്യവസായ ബന്ധം പുറത്തുവന്നതിന്‌ ശേഷവും ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയാരെന്ന്‌ അന്വേഷിക്കണമെന്ന്‌ ജസ്‌റ്റിസ്‌ ബാലകൃഷ്‌ണനോ നീതിന്യായ സംവിധാനത്തിനോ തോന്നിയില്ല. എ ജി എം ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ ഫിനാന്‍സസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി 2008 ഫെബ്രുവരിയില്‍ ഡോ. കൃഷ്‌ണമൂര്‍ത്തിയും സഹോദരന്‍ സത്യനാരായണനും ചേര്‍ന്ന്‌ വാങ്ങിയിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങളുടെ ലൈസന്‍സ്‌ എ രാജ അനുവദിച്ച്‌ കൃത്യം ഒരു മാസത്തിന്‌ ശേഷമാണ്‌ ഈ ഇടപാട്‌ നടന്നത്‌. രാജയുടെ ബിനാമിയാണ്‌ ഡോ. കൃഷ്‌ണസ്വാമിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. ഇടപാടിലെ അഴിമതി ആരോപണം അന്വേഷിക്കുന്ന സി ബി ഐ ഏറെ വൈകി കഴിഞ്ഞ ദിവസം റെയ്‌ഡ്‌ നടത്തിയപ്പോള്‍ അതില്‍ കോവൈ ഷെല്‍ട്ടേഴ്‌സും എ ജി എം ഇന്‍വെസ്റ്റ്‌മെന്റ്‌സും ഉള്‍പ്പെട്ടിരുന്നു. 


ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയെക്കുറിച്ചും അതിന്‌ മന്ത്രിയെ പ്രേരിപ്പിച്ച ഘടകത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഒരു വര്‍ഷം മുമ്പ്‌ നീതിന്യായ സംവിധാനം തയ്യാറായിരുന്നവെങ്കില്‍ ടെലികോം അഴിമതിയിലേക്ക്‌ എത്തുമായിരുന്നുവെന്ന സൂചനയാണ്‌ ഇതില്‍ നിന്ന്‌ ലഭിക്കുന്നത്‌.
കേന്ദ്രമന്ത്രിയെക്കുറിച്ച്‌ അന്വേഷിച്ച്‌ അധികാര സ്ഥാനങ്ങള്‍ക്ക്‌ അസ്വാരസ്യമുണ്ടാക്കേണ്ടെന്ന്‌ ഉയര്‍ന്ന ന്യായാധിപന്‍മാര്‍ തീരുമാനിച്ചതിന്റെ കാരണമെന്താകും? വിരമിച്ചതിന്‌ ശേഷം ലഭിക്കാനിടയുള്ള സ്ഥാനമാനങ്ങളാകുമോ? സര്‍ക്കാറിന്റെ ഭാഗമായി നില്‍ക്കുന്നവര്‍, രാഷ്‌ട്രീയ നേതാക്കള്‍, കുത്തക കമ്പനികളുടെ മേധാവികള്‍, ഇടനിലക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ അഴിമതിയുടെ കളമൊരുക്കലില്‍ പങ്കാളികളായെന്ന സംശയം നീര റാഡിയ ടേപ്പുകള്‍ ബലപ്പെടുത്തുന്നുണ്ട്‌. ഈ ശൃംഖലയില്‍ പുതിയ കണ്ണികളുണ്ടെന്ന അഭ്യൂഹമാണ്‌ മന്ത്രിയുടെ പേരിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉയര്‍ത്തുന്നത്‌. അമ്പത്‌ രൂപ കൈക്കൂലി വാങ്ങിയ കൂത പെരുമാളിന്റെ കുറ്റം ഉറപ്പിക്കുന്ന ഭൂതക്കണ്ണാടികള്‍ ചിലത്‌ മാത്രം കാണാതെ പോകുന്നത്‌ യാദൃച്ഛികമല്ല.

2 comments:

  1. ഇവിടെ കോടതികൾ കുറ്റപരമായ സമീപനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിട്ടു കാലമേറയായി .പാലോളി മുഹദുകുട്ടി ഒരിക്കാൽ അതു തുറന്നു പറഞ്ഞു. അവസാനം ആ പാവത്തെകൊണ്ടു കോടതികൾ മാപ്പ് പറയിപ്പിച്ച്. കോടതികളുടെ വിശ്വാസ്യത പോയിട്ട് കാലംകുറേ ആയില്ലേ രാജിവേ

    ReplyDelete