2010-12-10

ആ ദുര്‍ബലന്‍ നീ തന്നെ

രാഷ്‌ട്രീയ നേതാവ്‌ എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും ഡോ. മന്‍മോഹന്‍ സിംഗ്‌ കരുത്തനോ ദുര്‍ബലനോ എന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ തര്‍ക്കം തിരഞ്ഞെടുപ്പ്‌ വിഷയമാവുകയും ചെയ്‌തു. മന്‍മോഹന്‍ സിംഗ്‌ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന വാദം ഉന്നയിച്ച്‌ രംഗത്തെത്തിയത്‌ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും `ലോഹപുരുഷ്‌' എന്ന്‌ ആ പാര്‍ട്ടിയിലെ അംഗങ്ങള്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന എല്‍ കെ അഡ്വാനിയായിരുന്നു. ഘനഗംഭീരമായ ശബ്‌ദം, ഹിമാലയ സാനുവില്‍ നിന്ന്‌ ഉയിരെടുക്കുന്ന നദിയുടെ ഒഴുക്കുപോലുള്ള പ്രഭാഷണം, തീരുമാനങ്ങളെടുക്കുന്നതിലും അത്‌ നടപ്പാക്കുന്നതിലുമുള്ള ദൃഢത എന്നിവയൊക്കെയാണ്‌ കരുത്തിന്റെ മാനദണ്ഡമായി അഡ്വാനിയും ബി ജെ പിയും മുന്നോട്ടുവെച്ചത്‌ എന്ന്‌ അന്നത്തെ അവരുടെ അഭിപ്രായപ്രകടനങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. ലോക്‌സഭയിലേക്ക്‌ മത്സരിച്ച്‌ ജയിക്കാത്ത മന്‍മോഹന്‍ സിംഗ്‌ ജനപിന്തുണയില്ലാത്ത നേതാവാണെന്നും അവര്‍ പ്രചരിപ്പിച്ചിരുന്നു. രാഷ്‌ട്രീയ നേതാവിന്റെ കരുത്തില്‍ ജനപിന്തുണക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ദുര്‍ബലനെന്ന പ്രചാരണത്തോട്‌ ഒരു ഘട്ടം വരെ മൗനം പാലിച്ച ഡോ. മന്‍മോഹന്‍ സിംഗ്‌ പിന്നീട്‌ ശക്തമായി പ്രതികരിക്കുന്നത്‌ രാജ്യം കണ്ടു. ഉറക്കെ, അനര്‍ഗളമായി സംസാരിക്കുന്നുവെന്നതു കൊണ്ട്‌ ആരും കരുത്തുറ്റ നേതാവാകില്ലെന്ന്‌ പതിഞ്ഞ ശബ്‌ദത്തില്‍ മന്‍മോഹന്‍ പറഞ്ഞു. പ്രവൃത്തിയിലാണ്‌ കരുത്ത്‌ കാട്ടേണ്ടത്‌. കാണ്ടഹാറിലേക്ക്‌ തട്ടിക്കൊണ്ടുപോയ എയര്‍ ഇന്ത്യ വിമാനത്തില്‍ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ തടവിലുണ്ടായിരുന്ന ഭീകരവാദികളെ വിട്ടുകൊടുക്കുമ്പോള്‍ എല്‍ കെ അഡ്വാനി ആഭ്യന്തര വകുപ്പിന്റെ ചുമതയലുള്ള ഉപപ്രധാനമന്ത്രിയായിരുന്നില്ലേ എന്ന്‌ മന്‍മോഹന്‍ മൃദുസ്വരത്തില്‍ ചോദിച്ചപ്പോള്‍ വിമര്‍ശകര്‍ക്കെല്ലാം ഉത്തരം മുട്ടുകയും ചെയ്‌തു. പാര്‍ട്ടി പ്രസിഡന്റിന്റെ(സോണിയാ ഗാന്ധി) പാവയാണെന്ന വിമര്‍ശവും മന്‍മോഹനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു. തന്റെ പ്രവര്‍ത്തനം വിലയിരുത്തുക എന്ന മറുപടിയാണ്‌ ഇതിനും മന്‍മോഹന്‍ നല്‍കിയത്‌.

പ്രവര്‍ത്തനം വിലയിരുത്തി കരുത്തും സ്ഥൈര്യവും വിലയിരുത്തേണ്ട സമയം കൃത്യമായത്‌ ഇപ്പോഴാണ്‌. കോഴച്ചേട്ടകള്‍ കളം നിറഞ്ഞാടുന്ന ഇക്കാലത്ത്‌. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചതിലെ ക്രമക്കേട്‌ ചൂണ്ടിക്കാട്ടി മന്ത്രിയായിരുന്ന എ രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടി ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമി അപേക്ഷ നല്‍കിയതിന്‌ 15 മാസത്തിന്‌ ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ്‌ മറുപടി നല്‍കിയതിലെ ഔചിത്യം സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. സുബ്രഹ്‌മണ്യം സ്വാമി യുക്തമായ ഏതെങ്കിലും നീതിന്യായ സംവിധാനം മുമ്പാകെ പരാതി പോലും സമര്‍പ്പിക്കാതെയാണ്‌ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയത്‌ എന്നത്‌ മുഖ്യവാദമായി ഉന്നയിച്ച്‌ പ്രധാനമന്ത്രിയുടെ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചിട്ടുണ്ട്‌. മറ്റ്‌ സാങ്കേതിക വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. സുബ്രഹ്‌മണ്യം സ്വാമിയുടെ ഹരജി പരിഗണിക്കവെ, പ്രധാനമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ കുറ്റപ്പെടുത്തിയിട്ടില്ല എന്നും അതെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമായിരുന്നുവെന്നും സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്‌തു.

ഒരു ഹരജി പരിഗണിക്കുന്നതിനിടെ ഇരുപക്ഷത്തെയും അഭിഭാഷകരോടായി കോടതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും അതിന്റെ തുടര്‍ച്ചയായി നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രധാന്യത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി പ്രകടിപ്പിച്ച വിയോജിപ്പ്‌ ശരിയാണ്‌. പക്ഷേ, പുരോഗമിക്കുന്ന കോടതി നടപടികള്‍ ചൂണ്ടിക്കാണിച്ചു തരുന്ന വസ്‌തുതകള്‍ കാണാതിരിക്കാനും സാധിക്കില്ല. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ പ്രധാനമന്ത്രി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്നത്‌ വസ്‌തുതയാണ്‌. ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെന്നത്‌ കേന്ദ്രമന്ത്രിമാരടങ്ങുന്ന ഉന്നതാധികാര സമിതി ആലോചിച്ച്‌ തീരുമാനിക്കണമെന്ന്‌ നിയമമന്ത്രാലയം ആവശ്യപ്പെട്ടുവെന്നതും. 2001ലെ നിരക്ക്‌ അനുസരിച്ച്‌ 2008ല്‍ ലൈസന്‍സ്‌ അനുവദിച്ച്‌ കൊടുക്കുന്നതിനെ ധനമന്ത്രാലയം എതിര്‍ത്തുവെന്നതും രേഖകളില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്‌. ഇതൊക്കെയായിട്ടും രാജയുടെ തീരുമാനമനുസരിച്ച്‌ കാര്യങ്ങള്‍ നടന്നു!
രാഷ്‌ട്രീയ, സാമ്പത്തിക, സാങ്കേതിക വിദ്യാ മേഖലകളില്‍ രാജയേക്കാള്‍ അറിവുണ്ട്‌ മന്‍മോഹന്‍ സിംഗിന്‌. രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളില്‍ പിഴക്കാതെ കരുനീക്കാന്‍ അറിയുന്ന പി ചിദംബരമായിരുന്നു അന്ന്‌ ധനമന്ത്രി. നിയമത്തില്‍ ഡോക്‌ടറേറ്റുള്ള ഹന്‍സ്‌രാജ്‌ ഭരദ്വാജായിരുന്നു അന്ന്‌ നിയമമന്ത്രി. ഇവരെയെല്ലാം മറികടന്ന്‌ എ രാജയെന്ന താരതമ്യേന ഇളമുറക്കാരനായ ഒരാള്‍ മുന്നോട്ടുപോയെങ്കില്‍ അതിന്റെ കാരണം എന്തായിരിക്കും? ടെലികോം മേഖലയിലെ കളിക്കാര്‍ രത്തന്‍ ടാറ്റയും അനില്‍ അംബാനിയുമൊക്കെയായിരുന്നുവെന്നത്‌ ഇവിടെ കൂട്ടിച്ചേര്‍ത്ത്‌ വായിക്കണം. മന്‍മോഹന്റെയും ചിദംബരത്തിന്റെയും എച്ച്‌ ആര്‍ ഭരദ്വാജിന്റെയും നിര്‍ദേശങ്ങളെ അവഗണിക്കാന്‍ രാജക്ക്‌ കരുത്തേകിയത്‌ ഇവരൊക്കെയാവണം. ഇപ്പോള്‍ നീര റാഡിയയുടെ ചോര്‍ത്തപ്പെട്ട ഫോണ്‍ കോള്‍ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ രത്തന്‍ ടാറ്റ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിന്‌ തൊട്ടുപിറകെ ചോര്‍ച്ചയുണ്ടായത്‌ എങ്ങനെ എന്ന്‌ അന്വേഷിക്കാന്‍ കേനേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൂറേക്കൂടി വ്യക്തമാകുന്നുണ്ട്‌. (അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ കേന്ദ്ര സര്‍ക്കാറല്ല, സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട്‌ ടാക്‌സസാണ്‌ (സി ബി ഡി റ്റി) എന്ന്‌ ആഭ്യന്തര മന്ത്രി പി ചിദംബരം വിശദീകരിക്കുന്നു. സി ബി ഡി റ്റി എന്നത്‌ കേന്ദ്ര സര്‍ക്കാറുമായി പുലബന്ധമില്ലാത്ത സ്ഥാപനമാണെന്ന്‌ തോന്നിപ്പോകും ഇത്‌ കേട്ടാല്‍)

രാജ്യത്തെ ഏറ്റവും വലിയ അധികാര കേന്ദ്രത്തിന്റെ നിര്‍ദേശം അവഗണിച്ച്‌ രാജ മുന്നോട്ടുപോകുമ്പോഴുള്ള രാഷ്‌ട്രീയ സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒന്നാം യു പി എ സര്‍ക്കാറിനെ പിന്തുണച്ചിരുന്ന ഇടതു പാര്‍ട്ടികള്‍, അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി നില്‍ക്കുന്നു. ആണവ കരാറൊപ്പിടാന്‍ തീരുമാനമെടുത്ത്‌ കോണ്‍ഗ്രസും മന്‍മോഹന്‍ സിംഗും. ഈ ഘട്ടത്തില്‍ രാജ പ്രതിനിധാനം ചെയ്യുന്ന ഡി എം കെക്ക്‌ വലിയ വിലപേശല്‍ ശക്തിയുണ്ടായിരുന്നു. ഡി എം കെയെക്കൂടി പിണക്കുന്നത്‌ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ കൂടുതല്‍ ദോഷകരമായി ബാധിക്കുമായിരുന്നു. അതുകൊണ്ട്‌ രാജയുടെ ഇഷ്‌ടത്തിന്‌ അനുസരിച്ച്‌ നടക്കട്ടെ എന്ന്‌ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും തീരുമാനിച്ചതാകാം. അല്ലെങ്കില്‍ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ വേണ്ടിവന്ന കോടികള്‍ ടെലികോം ഇടപാടില്‍ അനര്‍ഹമായ ആനുകൂല്യം ലഭിച്ച കമ്പനികളുടെ അക്കൗണ്ടില്‍ നിന്ന്‌ ലഭിച്ചിട്ടുണ്ടാകാം. ആണവ കരാര്‍ പ്രശ്‌നത്തില്‍ ഇടതു പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രിയെ ആദ്യം കാണാനെത്തിയവരില്‍ ഒരാള്‍ മുകേഷ്‌ അംബാനിയായിരുന്നു എന്നത്‌ ഇവിടെ സ്‌മരിക്കാം. എന്തായാലും പ്രവൃത്തി വിലയിരുത്തി കരുത്തിന്‌ മാര്‍ക്കിടണമെന്ന മന്‍മോഹന്റെ മാനദണ്ഡം പരിഗണിച്ചാല്‍ രാജക്കോ പിറകില്‍ നിന്ന്‌ കളിച്ച മുതലാളിമാര്‍ക്കോ അവര്‍ക്ക്‌ ഇടനില നിന്ന നീര റാഡിയമാര്‍ക്കോ ആണ്‌ കൂടുതല്‍ കരുത്തെന്ന്‌ പറയേണ്ടിവരും. ദുര്‍ബലനാകുന്നത്‌ മന്‍മോഹന്‍ എന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത്‌ നിയോഗിക്കുകയും സര്‍ക്കാറിന്റെ നയനിലപാടുകള്‍ നിശ്ചയിക്കുകയും ചെയ്‌ത കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അതിന്റെ നേതാക്കളും കൂടിയാണ്‌.

ടെലികോം മന്ത്രാലയത്തിന്‌ സ്വകാര്യ വ്യവസായ സ്ഥാപനം പോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പരിഗണിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പരാമര്‍ശിക്കുന്നുണ്ട്‌. ക്രമം വിട്ട്‌ ലൈസന്‍സുകള്‍ അനുവദിക്കാന്‍ പോകുന്നു, അത്‌ അഴിമതിയുടെ വാതിലുകള്‍ തുറന്നിട്ടുകൊണ്ടാണ്‌ എന്നൊക്കെ വ്യക്തമായി മനസ്സിലാക്കിയിട്ടും ഉത്തരവാദപ്പെട്ടവര്‍ തടയാന്‍ ശ്രമിച്ചില്ല എന്ന പരോക്ഷ വിമര്‍ശമായി ഈ പരാമര്‍ശങ്ങളെ കാണേണ്ടിവരും. ആണവ കരാര്‍ പ്രശ്‌നത്തില്‍ നാലര വര്‍ഷക്കാലം ഇടതുപാര്‍ട്ടികളെ ചര്‍ച്ചകളിലൂടെ അനുനയിപ്പിച്ച്‌ നിര്‍ത്താന്‍ സാധിച്ച പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ രണ്ടാം തലമുറ ഇടപാടില്‍ എ രാജയെ അനുനയിപ്പിച്ച്‌ വിഷയം മന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ പരിഗണനക്ക്‌ വിടാന്‍ സാധിച്ചില്ല എന്നത്‌ തീര്‍ത്തും അവിശ്വസനീയമാണ്‌. അല്ലെങ്കില്‍ രാജയെയും ഡി എം കെയെയും അനുനയിപ്പിക്കാന്‍ ഒരു ശ്രമം പോലും കോണ്‍ഗ്രസോ സര്‍ക്കാറിന്‌ നേതൃത്വം നല്‍കിയവരോ നടത്തിയില്ല എന്നത്‌ മനഃപൂര്‍വമാണ്‌. മൂന്നാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലം ചെയ്യാന്‍ രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ ശ്രമിച്ചപ്പോള്‍ അത്‌ മന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ ശിപാര്‍ശയനുസരിച്ച്‌ മതിയെന്ന്‌ തീരുമാനിക്കാന്‍ ഏറെയൊന്നും ബുദ്ധിമുട്ടേണ്ടിവന്നില്ലല്ലോ!

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്‌. സംഘാടക സമിതിക്കും ഡല്‍ഹി സര്‍ക്കാറിനും ഗെയിംസിന്റെ ഒരുക്കങ്ങള്‍ നടത്തിയ മറ്റെല്ലാ ഏജന്‍സികള്‍ക്കും മേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. വന്‍കിട പദ്ധതികളുടെയൊക്കെ അനുവാദം ഈ ഓഫീസിന്റെ അറിവോടെയാണ്‌ നല്‍കപ്പെട്ടിരുന്നതും. എന്നിട്ടും 8,000 കോടിയോളം രൂപയുടെ അഴിമതി നടക്കുവോളം അനക്കമൊന്നുമുണ്ടായില്ല. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. നാവിക സേനാ കേന്ദ്രത്തിന്‌ തൊട്ടടുത്ത്‌ 31 നില കെട്ടിടം ഉയരുന്നതിന്റെ അപകടം ചൂണ്ടിക്കാണിച്ച്‌ പശ്ചിമ നാവിക കമാന്‍ഡ്‌ മേധാവി കത്ത്‌ നല്‍കി ഒരു വര്‍ഷത്തിന്‌ ശേഷമാണ്‌ വിവാദവും അശോക്‌ ചവാന്റെ രാജിയുമൊക്കെയുണ്ടാകുന്നത്‌. പശ്ചിമ നാവിക കമാന്‍ഡ്‌ മേധാവി, നാവിക സേനാ മേധാവിക്ക്‌ നല്‍കിയ കത്ത്‌ അദ്ദേഹം പ്രതിരോധ മന്ത്രിലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസനും കൈമാറിയെന്നാണ്‌ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍. എന്നിട്ടും എന്തുകൊണ്ട്‌ നടപടിയുണ്ടായില്ല? പ്രവൃത്തിയിലെ `കരുത്ത്‌' എന്നല്ലാതെ മറ്റൊരു മറുപടിയും ഇതിനില്ല.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വില്ലേജിന്റെ നിര്‍മാണമേറ്റെടുത്ത എമാര്‍ ഗ്രൂപ്പ്‌ തന്നെയാണ്‌ ആന്ധ്രാ പ്രദേശില്‍ ഗോള്‍ഫ്‌ കോഴ്‌സും കെട്ടിട സമുച്ചയവും വികസിപ്പിക്കാനുള്ള സഹസ്ര കോടിയുടെ പദ്ധതി ഏറ്റെടുത്തത്‌. ഇതിന്‌ ആന്ധ്രയിലെ സര്‍ക്കാര്‍ അനുവാദം നല്‍കി. സഹസ്ര കോടിയുടെ വിദേശ നിക്ഷേപ പദ്ധതിക്ക്‌ അനുവാദം നല്‍കുമ്പോള്‍ അത്‌ കേന്ദ്ര സര്‍ക്കാറും വിശിഷ്യാ പ്രധാനമന്ത്രിയുടെ ഓഫീസും അറിയാതിരിക്കുമോ? അത്തരം അറിവും അനുമതിയും കൂടാതെ മുന്നോട്ടുപോകാനാകുമോ? പതിനായിരം കോടി വിലവരുന്ന ഭൂമി എമാര്‍ ഗ്രൂപ്പിന്‌ കൈമാറിയെന്നതല്ലാതെ ഹൈദരാബാദിനടുത്തുള്ള സ്ഥലത്ത്‌ ഇലയനക്കമുണ്ടായിട്ടില്ല ഇതുവരെ. പ്രവര്‍ത്തനത്തിലെ കരുത്തായി തന്നെ ഇത്‌ വിലയിരുത്താം. തന്റെ രാഷ്‌ട്രീയ ജീവിതത്തിനിടെ ഇത്രയും മഹാനായ ഒരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്ന്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, മന്‍മോഹന്‍ സിംഗിന്റെ തോളില്‍ തട്ടി പറഞ്ഞത്‌ വെറുതെയാണോ? ആ തോളില്‍ തട്ടലും പിന്തുണയുമാണ്‌ യഥാര്‍ഥ കരുത്തെന്ന്‌ മന്‍മോഹന്‍ സിംഗ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അത്‌ നിലനിര്‍ത്തുകയാണ്‌ വേണ്ടതെന്നും.