2010-12-29

രാജ്യദ്രോഹി?!ഭരണഘടനാ നിര്‍മാണ സഭയില്‍ ഗവര്‍ണര്‍ നിയമനത്തിനുള്ള വ്യവസ്ഥകളെക്കുറിച്ച്‌ സംവാദം നടക്കുന്നു. ഗവര്‍ണറെ നിയമിക്കാനുള്ള അധികാരം രാഷ്‌ട്രപതിക്ക്‌ നല്‍കരുതെന്ന്‌ ഒരു വാദം. ഈ അധികാരം പ്രധാനമന്ത്രിക്ക്‌ നല്‍കണമെന്ന്‌ മറ്റൊരു അംഗം. ഇതിനെ എതിര്‍ത്ത്‌ രംഗത്തെത്തിയ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള അംഗം പ്രൊഫ. ശിബല്‍ലാല്‍ സക്‌സേന അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയായിരുന്നു - `` പ്രധാനമന്ത്രിക്ക്‌ നിലവില്‍ തന്നെ നിരവധി അധികാരങ്ങളുണ്ട്‌. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ ശരിയല്ല. പ്രധാനമന്ത്രി സ്ഥാനത്ത്‌ എല്ലായ്‌പ്പോഴും പണ്ഡിറ്റ്‌ നെഹ്‌റുവിനെപ്പോലൊരാളായിരിക്കുമെന്ന്‌ കരുതരുത്‌.''

അധികാരം വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിലെ അപകടത്തെക്കുറിച്ച്‌ എത്രത്തോളം ആശങ്കാകുലരായിരുന്നു സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായ തലമുറ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ വാക്കുകള്‍. പക്ഷേ, ഭരണനേതൃത്വം കൂട്ടായി ആലോചിച്ച്‌ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ശ്രമിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലായ്‌മ ചെയ്യുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. അതിന്‌ നിയമത്തിന്റെ പിന്‍ബലം ഉണ്ടാക്കിയെടുക്കാന്‍ മടിക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാധ്യത ഭരണഘടനാ ശില്‍പ്പികള്‍ മുന്‍കൂട്ടിക്കണ്ടിട്ടുണ്ടാകില്ല. ഭരണഘടനാ ശില്‍പ്പികള്‍ ഏതെങ്കിലും വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ തന്നെ അതെല്ലാം രാജ്യസുരക്ഷയുടെയും ദേശസ്‌നേഹത്തിന്റെയും നിറംപിടിപ്പിച്ച കഥകളിലൂടെ മറികടക്കാന്‍ ഭരണകൂടത്തിന്‌ സാധിക്കുന്നുമുണ്ട്‌.

ബിനായക്‌ സെന്നിന്‌ വിചാരണക്കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുമ്പോള്‍ സംഭവിക്കുന്നത്‌ അതാണ്‌. സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുമ്പോഴും മഅ്‌ദനിക്കെതിരെ മൊഴി നല്‍കിയെന്ന്‌ പറയുന്നവരെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തക ഷാഹിനക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുമ്പോഴും സംഭവിക്കുന്നത്‌ മറ്റൊന്നല്ല. ഇതിനെല്ലാം പാകത്തില്‍ നിയമങ്ങളുണ്ടാക്കി നല്‍കിയിരിക്കുന്നു നമ്മുടെ ഭരണകൂടം. എല്ലാ കേസുകളിലും നിയമം നിയമത്തിന്റെ വഴിക്കെന്ന അനുത്സുകമായ നിലപാട്‌ സ്വീകരിച്ച്‌ അവര്‍ മാറി നില്‍ക്കുകയും ചെയ്യുന്നു. ഇത്‌ ഭരണകൂടത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നവരുടെ രക്ഷക്കും എതിര്‍പ്പുന്നയിക്കുന്നവരുടെ ശിക്ഷക്കും കാരണമാകുന്നതിന്‌ നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിക്കാനാകും.

ശിശുരോഗ വിദഗ്‌ധനായ ഡോക്‌ടറും പൗരാവകാശ പ്രവര്‍ത്തകനുമായ ബിനായക്‌ സെന്‍ സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവെന്നാണ്‌ വിചാരണക്കോടതി കണ്ടെത്തിയത്‌. ഭീകര പ്രസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന സംഘടനയാണ്‌ സി പി ഐ (മാവോയിസ്റ്റ്‌). അതുകൊണ്ടുതന്നെ അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്‌ നിയമത്തിന്റെ ദൃഷ്‌ടിയില്‍ രാജ്യദ്രോഹമാണ്‌. എന്നാല്‍ ബിനായക്‌ സെന്‍ ശിക്ഷിക്കപ്പെടുന്നത്‌ ഈ കുറ്റത്തെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ മാത്രമല്ല. ഛത്തീസ്‌ഗഢില്‍ നിലനില്‍ക്കുന്ന പ്രത്യേക പൊതു സുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു കൂടിയാണ്‌. 2005ലാണ്‌ ഛത്തീസ്‌ഗഢിലെ ബി ജെ പി സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണം നടത്തിയത്‌. 


കേന്ദ്ര സര്‍ക്കാറിന്റെ ശിപാര്‍ശയനുസരിച്ച്‌ രാഷ്‌ട്രപതി അംഗീകാരം നല്‍കിയ നിയമം വിജ്ഞാപനം ചെയ്‌തത്‌ 2006 മാര്‍ച്ചിലും. ഈ ബില്ല്‌ നിയമസഭയില്‍ പാസ്സാക്കുമ്പോള്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഇറങ്ങിപ്പോയി. കാട്ടാള നിയമമാണിതെന്ന്‌ ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌. ഇപ്പോള്‍ ഈ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്‌ ബിനായക്‌ സെന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം നടുക്കം പ്രകടിപ്പിക്കുന്നു. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറാണ്‌ ഈ നിയമം അംഗീകരിക്കാന്‍ രാഷ്‌ട്രപതിയോട്‌ ശിപാര്‍ശ ചെയ്‌തത്‌ എന്നത്‌ മറന്നുകൊണ്ടാണ്‌ നടുക്കം പ്രകടിപ്പിക്കുന്നത്‌. നാണമെന്ന വികാരത്തെക്കുറിച്ച്‌ കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ക്ക്‌ മാത്രം സാധിക്കുന്ന പ്രകടനം. ബിനായക്‌ സെന്നിനെ ശിക്ഷിച്ചതിനെ സി പി ഐ നേതാവ്‌ ഡി രാജയെപ്പോലുള്ളവര്‍ അപലപിക്കുമ്പോഴും സ്ഥിതി വ്യത്യസ്‌തമല്ല.

സംശയം തോന്നുന്നവരെ തടവിലാക്കാനും `വേണ്ടിവന്നാല്‍' വെടിവെച്ചു കൊല്ലാനും സൈന്യത്തിന്‌ അധികാരം നല്‍കുന്ന പ്രത്യേക നിയമം ജമ്മു കാശ്‌മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവിലുണ്ട്‌. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സൈനികരെ വിചാരണ ചെയ്യുന്നത്‌ നിയമം തടയുന്നുമുണ്ട്‌. ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ഇതിനായി ഇറോം ശര്‍മിള നടത്തുന്ന നിരാഹാര സമരം ഒരു ദശകം പിന്നിട്ടു. ജമ്മു കാശ്‌മീരിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം തന്നെ ഈ നിയമം പിന്‍വലിക്കുകയോ ഇളവ്‌ ചെയ്യുകയോ വേണമെന്ന്‌ ആവശ്യപ്പെടുന്നു. അതിനിടയിലാണ്‌ പുതിയ കാട്ടാള നിയമങ്ങള്‍ ഉദയം കൊള്ളുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നത്‌. നേരിട്ട്‌ കൊല്ലാന്‍ അധികാരം നല്‍കുന്നില്ലെങ്കിലും ഛത്തീസ്‌ഗഢിലെ നിയമം കുറേക്കൂടി കിരാതമാണ്‌. നിയമ നിര്‍വഹണത്തിന്‌ തടസ്സം സൃഷ്‌ടിക്കാനുള്ള പ്രവണത കാട്ടുന്നവരെപ്പോലും അറസ്റ്റ്‌ ചെയ്യാന്‍ ഈ പ്രത്യേക നിയമം പോലീസിന്‌ അധികാരം നല്‍കുന്നു. നിയമം ലംഘിക്കാന്‍ പ്രേരണ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അധികാരമുണ്ട്‌.

നിയമ നിര്‍വഹണത്തിന്‌ തടസ്സം സൃഷ്‌ടിക്കാനുള്ള പ്രവണത പ്രകടിപ്പിക്കുമെന്ന്‌ പോലീസിന്‌ തോന്നുന്ന ആരെയും തടങ്കലില്‍ വെക്കാനുള്ള അധികാരം ഏതളവില്‍ ദുരുപയോഗം ചെയ്യുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ഡോക്‌ടറെന്ന നിലയിലും പൗരാവകാശ പ്രവര്‍ത്തകനെന്ന നിലയിലും പ്രശസ്‌തനായതുകൊണ്ട്‌ ബിനായക്‌ സെന്നിന്റെ കഥ പുറത്തുവന്നു. രണ്ട്‌ വര്‍ഷത്തിലധികം നീണ്ട വിചാരണത്തടവ്‌ അപലപിക്കപ്പെട്ടു. ഈ `ഭാഗ്യം' സിദ്ധിക്കാത്ത എത്ര സാധാരണക്കാര്‍ ഈ നിയമപ്രകാരം ഇരുമ്പഴികള്‍ക്കുള്ളിലായിട്ടുണ്ടാവും?

ജയിലില്‍ കഴിയുന്ന സി പി ഐ (മാവോയിസ്റ്റ്‌) നേതാവ്‌ നാരായണ്‍ സന്യാലിന്റെ പക്കല്‍ നിന്ന്‌ കത്ത്‌ സ്വീകരിച്ച്‌ വ്യവസായിയായ പീയൂഷ്‌ ഗുഹക്ക്‌ കൈമാറിയെന്നതാണ്‌ ബിനായക്‌ സെന്‍ ചെയ്‌തതായി കോടതിക്ക്‌ ബോധ്യപ്പെട്ട കുറ്റം. കൊല്‍ക്കത്തയിലെ മാവോയിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറാനായിരുന്നു കത്തുകള്‍. ഛത്തീസ്‌ഗഢിലെ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ്‌ നേതാവിന്‌ കത്തെഴുതാന്‍ സൗകര്യം ചെയ്‌തുകൊടുത്തു അവിടുത്തെ പോലീസുകാര്‍ എന്നത്‌ വിശ്വസിക്കുക പ്രയാസം. അത്തരം സൗകര്യമൊരുക്കിയെങ്കില്‍ തന്നെ കത്ത്‌ ബിനായക്‌ സെന്നിന്‌ കൈമാറാന്‍ സൗകര്യം ചെയ്‌തുകൊടുത്തു എന്നത്‌ തീരെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഈ രണ്ട്‌ കാര്യങ്ങള്‍ക്കും സൗകര്യം ചെയ്‌തുകൊടുത്തിട്ടുണ്ടെങ്കില്‍ ജയിലിലെ പോലീസുകാരില്‍ മാവോയിസ്റ്റ്‌ അനുഭാവികളുണ്ടെന്ന്‌ നിസ്സംശയം പറയാം. ഛത്തീസ്‌ഗഢിലെ നിയമത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിയമ നിര്‍വഹണത്തിന്‌ തടസ്സം സൃഷ്‌ടിക്കാനുള്ള പ്രവണത കാട്ടുന്നവര്‍. എന്തുകൊണ്ടാണ്‌ ഇവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിചാരണ ചെയ്യാന്‍ സംസ്ഥാന ഭരണകൂടം നടപടി സ്വീകരിക്കാതിരുന്നത്‌? കത്ത്‌ കൈമാറിയെന്നത്‌ വിശ്വസിച്ച്‌ അതിന്‌ പിന്നില്‍ രാജ്യദ്രോഹോന്‍മുഖമായ ഗൂഢാലോചന നടന്നുവെന്ന്‌ അനുമാനിച്ച്‌ ജീവപര്യന്തം ശിക്ഷ വിധിച്ച ന്യായാധിപന്‍ ഇതേക്കുറിച്ച്‌ ആലോചിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുന്ന രാജ്യത്ത്‌ ഇത്തരം യുക്തികള്‍ക്ക്‌ സ്ഥാനമില്ല.

നാളെ അരുന്ധതി റോയിയുടെ കാര്യത്തിലും ഒരുപക്ഷേ ഇതൊക്കെ സംഭവിച്ചേക്കാം. മാവോയിസ്റ്റുകളുടെ താവളമായ ദണ്ഡകാരണ്യ വനമേഖല സന്ദര്‍ശിച്ച്‌ അവരെഴുതിയ ലേഖനം നിയമത്തെ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന്‌ ആരോപിച്ച്‌ ഛത്തീസ്‌ഗഢിലെ കോടതികളിലൊന്നില്‍ ആരെങ്കിലും ഒരു സ്വകാര്യ അന്യായം സമര്‍പ്പിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ `ജമ്മു കാശ്‌മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെ'ന്ന്‌ പറഞ്ഞതിന്റെ പേരില്‍ നിലനില്‍ക്കുന്ന കേസില്‍ നിയമം നിയമത്തിന്റെ വഴി പോയാലും മതി. ഇത്തരം നിയമങ്ങളൊന്നും കേരളത്തിലോ കര്‍ണാടകത്തിലോ നിലനില്‍ക്കുന്നില്ല. പക്ഷേ, മഅ്‌ദനിക്കെതിരെ മൊഴി നല്‍കിയവരെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുക്കാന്‍ അതൊന്നും തടസ്സമല്ല. ഭീകരാക്രമണക്കേസില്‍ മൊഴി മാറ്റാന്‍ സാക്ഷികളെ നിര്‍ബന്ധിച്ചാല്‍ അത്‌ രാജ്യദ്രോഹത്തിന്‌ തുല്യവുമാണ്‌. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമ പ്രകാരം കേസെടുക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ല. ഇവിടെയും നിയമത്തിന്റെ പിന്‍ബലം പോലീസിനും അതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനുമുണ്ട്‌.

കാര്യങ്ങളെല്ലാം നിയമവിധേയമായാണ്‌ നടക്കുന്നത്‌. ഏതെങ്കിലും വ്യക്തിയെ/വ്യക്തികളെ കുടുക്കണമെന്ന്‌ (അത്‌ അധികാരത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയ നേട്ടത്തിനോ വര്‍ഗീയ അജന്‍ഡയുടെ നടപ്പാക്കലിനോ കുത്തക കമ്പനികളുടെ താത്‌പര്യത്തിനോ) ഭരണകൂടം വിചാരിച്ചാല്‍ അതിന്‌ പാകത്തിലുള്ള അവസ്ഥ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്‌ ഏറെ ആശങ്കപ്പെടുത്തുന്നത്‌. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയുടെ പകര്‍പ്പ്‌ കൈയില്‍ സൂക്ഷിച്ചാല്‍ മാവോയിസ്റ്റ്‌ അനുഭാവിയെന്ന്‌ ആരോപിക്കപ്പെടാം. നിയമം ലംഘിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ സൂക്ഷിച്ചതെന്ന്‌ ആരോപിച്ച്‌ അതിന്‌ വേണ്ട തെളിവുകളൊരുക്കാന്‍ പ്രയാസമുണ്ടാകില്ല തന്നെ.

ബിനായക്‌ സെന്നും അരുന്ധതി റോയിയും ഷാഹിനയും വലിയ മുന്നറിയിപ്പുകളാണ്‌ നല്‍കുന്നത്‌. ആ മുന്നറിയിപ്പുകള്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കപ്പെടുന്നുണ്ടോ എന്നത്‌ സംശയമാണ്‌. ഷാഹിനക്കെതിരെ കേസെടുത്ത സംഭവത്തില്‍ പത്രാധിപന്‍മാരുടെ സംഘടന ഒരു പ്രസ്‌താവന പോലും പുറപ്പെടുവിച്ചില്ല. ബിനായക്‌ സെന്നിനെ ശിക്ഷിച്ചപ്പോള്‍ പ്രതിഷേധിക്കുന്നത്‌ കൈവിരലില്‍ എണ്ണാവുന്നവരാണ്‌. അരുന്ധതി റോയിയുടെ കാര്യത്തില്‍ ദേശസ്‌നേഹമെന്ന മാരകായുധം ഒളിഞ്ഞിരിക്കുന്നതിനാല്‍ പ്രതികരണം തുലോം കുറവായിരുന്നു.

നിയമങ്ങളുടെ പത്മവ്യുഹം സൃഷ്‌ടിച്ച്‌ ഭരണാധികാരികള്‍ അടിച്ചമര്‍ത്തല്‍ തുടരുകയാണ്‌. വ്യക്തിയില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനെ ഭയന്ന നേതാക്കളുടെ പിന്‍മുറക്കാര്‍ രാഷ്‌ട്രീയവും ആശയപരവുമായ എതിര്‍പ്പുകള്‍ക്കപ്പുറത്ത്‌ ചില കാര്യങ്ങളില്‍ യോജിക്കുന്നു. ആ യോജിപ്പ്‌ അടിച്ചമര്‍ത്തലിന്‌ വേണ്ടിയാണ്‌. ആഭ്യന്തര സുരക്ഷയുടെയും രാജ്യസ്‌നേഹത്തിന്റെയും പേരില്‍ ചിലരെയൊക്കെ അടിച്ചോടിച്ച്‌ വികസനം സാധ്യമാക്കാനും സമ്പല്‍ സമൃദ്ധി പ്രദാനം ചെയ്യാനും വേണ്ടിയാണ്‌. അതിനെ കരുതിയിരിക്കുന്നവര്‍ക്ക്‌ കാരാഗൃഹ വാസത്തിനാണ്‌ യോഗം.