2010-11-25

കോടികളില്‍ നീരാ(റാ)ടുമ്പോള്‍



ഒരു കോടി രൂപ ഒരു സ്യൂട്ട്‌ കേസില്‍ കൊള്ളുമോ? 17 വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ കാവലാളുകളും സജീവമായി ചര്‍ച്ച ചെയ്‌ത ചോദ്യമാണിത്‌. രൂപയുടെ മൂല്യം കുറച്ചുകൊണ്ട്‌ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പല തലമുറ പിന്നിട്ട ഇക്കാലത്ത്‌ ഒരു കോടി രൂപയെന്നത്‌ അത്ര വലിയ തുകയല്ല. ഒരു കോടിയെ നൂറ്‌ ലക്ഷമെന്ന്‌ അഴിച്ച്‌ വായിച്ചാല്‍ ചിലപ്പോള്‍ അല്‍പ്പം വലിപ്പം തോന്നിയേക്കാമെന്ന്‌ മാത്രം. 1993 ജനുവരിയില്‍ പക്ഷേ, ഒരു കോടി അല്‍പ്പം വലിയ തുക തന്നെയായിരുന്നു. 


പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുണ്ടാക്കിയ ന്യൂനപക്ഷ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കൈമറിഞ്ഞ തുക. ഝാര്‍ഖണ്ഡ്‌ വികാസ്‌ മോര്‍ച്ചയിലെ എം പിമാരായിരുന്ന സൂരജ്‌ മണ്ഡല്‍, ഷിബു സോറന്‍, സൈമണ്‍ മറാന്‍ഡി, ശൈലേന്ദ്ര മഹാതോ എന്നിവരെ 30 ലക്ഷം രൂപ വീതം നല്‍കി നരസിംഹ റാവു, ബുട്ടാ സിംഗ്‌ തുടങ്ങിയ നേതാക്കള്‍ വിലക്കെടുത്തു. താനടക്കം നാല്‌ എം പിമാര്‍ക്ക്‌ 30 ലക്ഷം വീതം ലഭിച്ചുവെന്ന്‌ കോടതിയില്‍ ഏറ്റുപറഞ്ഞത്‌ ശൈലേന്ദ്ര മഹാതോ തന്നെയാണ്‌. ഈ കേസില്‍ നരസിംഹ റാവുവിനെയും ബൂട്ടാ സിംഗിനെയും വിചാരണക്കോടതി ശിക്ഷിച്ചുവെങ്കിലും മഹാതോയുടെ മൊഴി വിശ്വസനീയമല്ലെന്നും അതിന്‌ സ്വതന്ത്ര തെളിവുകള്‍ ഹാജരാക്കാന്‍ കേസന്വേഷിച്ച സി ബി ഐക്ക്‌ കഴിഞ്ഞില്ല എന്നും പറഞ്ഞ്‌ ഡല്‍ഹി ഹൈക്കോടതി ഇവരെ വെറുതെവിട്ടു. സോറന്‍ പിന്നീട്‌ കേന്ദ്ര മന്ത്രിയും ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രിയുമായി. ബൂട്ടാ സിംഗ്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി തുടരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ റിബലായി മത്സരിച്ചിട്ട്‌ പോലും ബൂട്ടാ സിംഗിനെ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്ന്‌ മാറ്റാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ബൂട്ടയുടെ നാവില്‍ നിന്ന്‌ വരാനിടയുള്ള വിവരങ്ങളെ അത്രത്തോളം ഭയക്കുന്നുണ്ടാകണം.

ജെ എം എം കോഴയെന്ന്‌ പ്രസിദ്ധമായ 1. 2 കോടിയുടെ ഇടപാട്‌ പ്രസിദ്ധമാകുന്നത്‌ എം പിമാരെ വിലക്കു വാങ്ങി സര്‍ക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ നടത്തിയ ശ്രമം പരസ്യമായതോടെയാണ്‌. കുതിരക്കച്ചവടം എന്ന ഓമനപ്പേരില്‍ മുന്‍കാലങ്ങളിലും ഇതൊക്കെ നടന്നിട്ടുണ്ടാകാമെങ്കിലും ജെ എം എം കോഴ ഇടപാട്‌ നാടകീയതയുടെ സകല സീമകളും ഭേദിക്കുന്നതായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങുന്ന ദിവസം അപ്രത്യക്ഷരായ എം പിമാര്‍ വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ സഭയില്‍ ഹാജരാകുന്നത്‌ മദ്യപിച്ച്‌ അവശരായ നിലയിലാണ്‌. നീതിന്യായ സംവിധാനം നൂലിഴ കീറി തെളിവ്‌ പരിശോധിച്ചപ്പോള്‍ കുറ്റവാളികള്‍ക്കെതിരെ തെളിവില്ലെന്ന്‌ കണ്ടുവെങ്കിലും 1. 2 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടുവെന്നത്‌ ഏറെക്കുറെ വിശ്വാസയോഗ്യമായി നിലനില്‍ക്കുന്നുണ്ട്‌. എവിടെ നിന്നാണ്‌ ഇത്രയും പണം വന്നത്‌ എന്ന ചോദ്യത്തിന്‌ അന്നുമിന്നും ഉത്തരമില്ല. 


മരിക്കുവോളം ഭൂപ്രഭുവായി തുടര്‍ന്നിരുന്ന നരസിംഹറാവുവിന്‌ സ്വന്തം നിലക്ക്‌ ഇത്രയും പണമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാറിനെ നിലനിര്‍ത്തുക എന്നത്‌ റാവുവിന്റെ മാത്രം ആവശ്യമായിരുന്നില്ല. അതുകൊണ്ട്‌ പലര്‍ ചേര്‍ന്ന്‌ സമാഹരിച്ചതാകും പണമെന്ന്‌ കരുതാം. അങ്ങനെ സമാഹരിക്കുമ്പോള്‍ അത്‌ സ്വന്തം പോക്കറ്റില്‍ നിന്നെടുക്കാന്‍ മാത്രം മണ്ടന്‍മാരാണോ രാഷ്‌ട്രീയ നേതാക്കള്‍? അധികാരത്തില്‍ നിന്ന്‌ പിന്നീട്‌ ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച മറ്റാരെങ്കിലും നല്‍കിയതാവണം പണം. അതാര്‌ എന്നത്‌ അന്വേഷണ വിഷയമേ ആയിരുന്നില്ല. എവിടെ നിന്ന്‌ വന്നുവെന്നോ എങ്ങോട്ട്‌ പോയെന്നോ അറിയാത്ത 1. 2 കോടി രൂപ!
15 വര്‍ഷത്തിനു ശേഷം ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുണ്ടാക്കിയ ന്യൂനപക്ഷ സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ തേടിയപ്പോഴും ഒരു കോടി രൂപ പ്രത്യക്ഷപ്പെട്ടു. അതും പാര്‍ലിമെന്റിന്റെ മേശപ്പുറത്ത്‌. കെട്ടുകളാക്കിയ പച്ചനോട്ടുകള്‍ കോരിച്ചൊരിഞ്ഞ്‌ സഭയെ മാത്രമല്ല, സഭാ നടപടികള്‍ തത്സമയം കണ്ടുകൊണ്ടിരുന്ന ജനത്തെയും ബി ജെ പിയുടെ അംഗങ്ങള്‍ അമ്പരപ്പിച്ചു. സര്‍ക്കാറിനെ നിലനിര്‍ത്താനായി എം പിമാരെ വിലക്കു വാങ്ങുന്നതിന്‌ കൈമാറിയതാണ്‌ പണമെന്ന്‌ ബി ജെ പി ആരോപിച്ചു. ബി ജെ പിയിലെ ചില നേതാക്കളും ഒരു ദൃശ്യമാധ്യമവും ചേര്‍ന്ന്‌ സൃഷ്‌ടിച്ച ഒളിക്യാമറാ നാടകത്തിന്റെ ബാക്കിപത്രമാണ്‌ ഈ പണമെന്നും ആരോപണമുണ്ടായി. തുക ലോക്‌സഭയുടെ സെക്രട്ടറി ജനറല്‍ എണ്ണിത്തിട്ടപ്പെടുത്തി സ്വീകരിച്ചു. ഈ തുക എവിടെ നിന്ന്‌ വന്നുവെന്ന്‌ ഇനിയും ജനങ്ങള്‍ക്ക്‌ അറിയില്ല. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണവുമുണ്ടായില്ല. ലോക്‌സഭാ സെക്രട്ടറി ജനറല്‍ സ്വീകരിച്ചതുകൊണ്ട്‌ പണം സര്‍ക്കാര്‍ ഖജാനയിലേക്ക്‌ മുതല്‍ക്കൂട്ടിയെന്ന്‌ സമാധാനിക്കാം.

കര്‍ണാടകത്തില്‍ സര്‍ക്കാറിനെ വീഴ്‌ത്താനും നിലനിറുത്താനും നടന്ന ശ്രമങ്ങളിലെല്ലാം കോടികളുടെ കണക്കുകള്‍ അകമ്പടിയായുണ്ട്‌. യെദിയൂരപ്പ സര്‍ക്കാറിനെതിരെ നീങ്ങാന്‍ ബി ജെ പിയിലെ വിമതര്‍ക്ക്‌ ജനതാദളും (എസ്‌) കോണ്‍ഗ്രസും കോടികള്‍ നല്‍കിയെന്ന്‌ ബി ജെ പി ആരോപിക്കുന്നു. വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലിലെ ബില്ലടച്ചത്‌ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണയുടെ ബന്ധുവാണെന്ന്‌ തെളിവ്‌ നിരത്തി സ്ഥാപിക്കുന്നു. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ തങ്ങളുടെ എം എല്‍ എമാരെ ബി ജെ പി വിലക്കു വാങ്ങുകയാണെന്ന്‌ ജനതാദളും (എസ്‌) കോണ്‍ഗ്രസും ആരോപിച്ചു. 15 മുതല്‍ 50 വരെ കോടി യാണ്‌ എം എല്‍ എമാരുടെ പ്രൈസ്‌ ബാന്‍ഡായി ബി ജെ പി നിശ്ചയിച്ചതെന്നും ഈ പാര്‍ട്ടികള്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങളില്‍ ഒഴുകി നിറയുന്ന കോടികള്‍ സര്‍ക്കാറിനെക്കൊണ്ട്‌ പിന്നീട്‌ പ്രയോജനമുണ്ടാക്കാമെന്ന്‌ കരുതുന്നവര്‍ നല്‍കുന്നതാകാതെ തരമില്ല.

കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാര്‍ധയില്‍ സംഘടിപ്പിച്ച റാലിയുടെ ഒരുക്കങ്ങള്‍ക്കായി പിരിച്ച കോടികളുടെ കണക്ക്‌ പുറത്തുവിട്ടത്‌ മഹാരാഷ്‌ട്ര പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷന്‍ മാണിക്‌ റാവു താക്കറെ തന്നെയാണ്‌. മുഖ്യമന്ത്രിയായിരുന്ന അശോക്‌ ചവാന്‍ സമാഹരിച്ചത്‌ രണ്ട്‌ കോടി രൂപയാണ്‌. പതിനൊന്ന്‌ കാബിനറ്റ്‌ മന്ത്രിമാരോട്‌ പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത്‌ പത്ത്‌ ലക്ഷം രൂപ വീതവും. ഒരു റാലിയുടെ സംഘാടനത്തിനാണ്‌ 310 ലക്ഷം രൂപ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ ഘടകം പിരിച്ചെടുത്തത്‌. ഇങ്ങനെ ലഭിക്കുന്ന പണത്തിന്‌ നല്‍കേണ്ടിവരുന്ന പ്രത്യുപകാരം എന്തായിരിക്കും? സഹസ്ര കോടികള്‍ മൂല്യം വരുന്ന വഖ്‌ഫ്‌ സ്വത്ത്‌ മുകേഷ്‌ അംബാനിക്ക്‌ തുച്ഛ വിലക്ക്‌ കൈമാറിയതുപോലുള്ള ഇടപാടുകളുടെ പ്രതിഫലമാകില്ലേ ഈ പണം?

ഇപ്പോള്‍ മുഖ്യ വേദി അലങ്കരിക്കുന്ന മൂന്ന്‌ പ്രധാന ആരോപണങ്ങളില്‍ കോടികളുടെ കണക്ക്‌ ഇനിയും ഉയരുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഒരുക്കങ്ങളിലെ അഴിമതിയില്‍ 5,000 മുതല്‍ 8,000 വരെ കോടിയുടെ അഴിമതി നടന്നുവെന്നാണ്‌ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. (കേരളത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കല്‍ 10,000 കോടിയായത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ മാത്രമാണ്‌. അഴിമതിയില്‍ ഒലിച്ചുപോകുന്നതിന്റെ വലിപ്പം മനസ്സിലാക്കാനാണ്‌ ഈ താരതമ്യം.) രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്‌ അനുവദിച്ചതില്‍ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടമായതായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ കണക്കാക്കുന്നത്‌ 1. 76 ലക്ഷം കോടി രൂപയാണ്‌. ആറ്‌ മുതല്‍ പതിനാല്‌ വരെ വയസ്സ്‌ പ്രായമുള്ളവര്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ വേണ്ടിവരുന്ന തുക 1. 27 ലക്ഷം കോടി രൂപയാണെന്ന്‌ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കണക്കാക്കിയിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ ബില്ല്‌ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ മുന്നിലുള്ള പ്രധാന തടസ്സം പണമാണ്‌. ദാരിദ്ര്യ രേഖയുടെ താഴെയുള്ളവരുടെ എണ്ണം പരമാവധി കുറച്ചുവെച്ച്‌ സബ്‌സിഡി പരിമിതപ്പെടുത്തി ചെലവ്‌ കുറക്കാന്‍ ശ്രമിക്കുകയാണ്‌ ഭക്ഷ്യ - പൊതുവിതരണ, ധന മന്ത്രാലയങ്ങള്‍. അപ്പോഴാണ്‌ 1. 76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്‌ടമാകുന്നത്‌.

ആദര്‍ശ്‌ കുംഭകോണത്തിലെ കോടികള്‍ കണക്കാക്കിയിട്ടില്ല. 31 നിലകളിലായി പണിത നൂറിലേറെ അപ്പാര്‍ട്ട്‌മെന്റുകളാണ്‌ വിറ്റത്‌. മുംബൈക്കടുത്ത്‌ കണ്ണായ സ്ഥലത്ത്‌ നിര്‍മിച്ച അപ്പാര്‍ട്ട്‌മെന്റൊന്നിന്‌ രണ്ട്‌ കോടിയിലേറെയാണ്‌ വിപണിവില. ഇത്തരം അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഓരോന്നും 60 ലക്ഷത്തിനും മറ്റും വിറ്റഴിച്ചതായി രേഖകളില്‍ കാണുന്നത്‌. ഗുണിച്ചും ഹരിച്ചും തിട്ടപ്പെടുത്തുകയും കെട്ടിടം നിര്‍മിച്ച സ്ഥലത്തിന്റെ വിപണി വില കൂടി കണക്കാക്കുകയും ചെയ്‌താല്‍ ഇവിടെയും ബഹുകോടികളുണ്ടാകണം കളത്തിന്‌ പുറത്ത്‌.

സംഘടിതമായ സാമ്പത്തിക കുറ്റകൃത്യ ശൃംഖലയുടെ ഭരണത്തിന്‍ കീഴിലാണ്‌ ജനങ്ങളെന്ന്‌ നിസ്സംശയം പറയാം. അവര്‍ക്ക്‌ എല്ലാ സഹായങ്ങളും ചെയ്യാനുതകും വിധത്തിലുള്ള നയങ്ങളാണ്‌ 1991 മുതല്‍ രാജ്യത്ത്‌ നടപ്പാക്കിവരുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ നികുതി വെട്ടിച്ച്‌ വിദേശത്തെ ബേങ്ക്‌ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തിന്റെ അളവ്‌ 1991 മുതല്‍ വര്‍ധിച്ചുവെന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. 1948 മുതല്‍ 2008 വരെയുള്ള കാലത്ത്‌ 20 ലക്ഷം കോടി രൂപ വിദേശത്തെ ബേങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ഒഴുകിയെന്നാണ്‌ ഏകദേശ കണക്ക്‌. ഇതില്‍ പത്ത്‌ ലക്ഷം കോടിയും 1991ന്‌ ശേഷമാണെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഈ പണം ഉപയോഗിച്ച്‌ കൂടുതല്‍ കൊള്ള നടത്താനുള്ള അവസരവും ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്‌തു കൊടുത്തിട്ടുണ്ട്‌. വിദേശത്ത്‌ രജിസ്റ്റര്‍ ചെയ്‌ത സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള അനുമതി ഉദാഹരണമാണ്‌. കോഴയുടെ കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ അടുത്തിടെ പുറത്തുവിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ എന്ന ക്രിക്കറ്റ്‌ ആഭാസത്തിലേക്ക്‌ കോടികള്‍ ഒഴുകിയത്‌ കള്ളപ്പണം സൂക്ഷിക്കാന്‍ അനുവാദമുള്ള മൗറീഷ്യസ്‌ പോലുള്ള രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികളില്‍ നിന്നാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

ഇപ്പറഞ്ഞ കേസുകളിലെല്ലാം അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്‌. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്‍, ആദായ നികുതി വകുപ്പ്‌, റവന്യു ഇന്റലിജന്‍സ്‌ എന്നു വേണ്ട രാജ്യത്ത്‌ അന്വേഷണാധികാരമുള്ള ഏജന്‍സികളെല്ലാം അന്വേഷിക്കുന്നു. അന്വേഷണങ്ങള്‍ക്ക്‌ കോടതികളുടെ മേല്‍നോട്ടമുണ്ട്‌. അന്വേഷണ പുരോഗതിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ കോടതികള്‍ പരസ്യ ശാസനകള്‍ നടത്തുന്നുമുണ്ട്‌. എന്നിട്ടോ? ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന ചവച്ചു ജീര്‍ണിച്ച വാക്കുപയോഗിച്ച്‌ വിശേഷിപ്പിക്കുന്ന പാര്‍ലിമെന്റിന്റെ മുമ്പാകെ, ലക്ഷക്കണക്കിന്‌ ജനങ്ങളെ സാക്ഷികളാക്കി ചൊരിഞ്ഞ 100 ലക്ഷത്തിന്റെ നോട്ടുകള്‍ എവിടെ നിന്ന്‌ വന്നുവെന്ന്‌ കണ്ടെത്താന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ജെ എം എമ്മിന്റെ എം പിമാരെ വിലക്ക്‌ വാങ്ങാന്‍ ഉപയോഗിച്ച 120 ലക്ഷം എവിടെ നിന്ന്‌ വന്നുവെന്നത്‌ പുറത്തുവന്നിട്ടില്ല. ഒന്നും പുറത്തുവരികയില്ല. നീര റാഡിയമാര്‍ക്കും ലളിത്‌ മോഡിമാര്‍ക്കും ഭരണ, പ്രതിപക്ഷ പാര്‍ട്ടികളില്‍ സ്വാധീനമുണ്ട്‌. ഫയലെഴുത്തുകാരില്‍ പിടിപാടുണ്ട്‌. നയങ്ങളും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി എല്ലാറ്റിനെയും ന്യായീകരിക്കാന്‍ നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും സാധിക്കുകയും ചെയ്യും. കോടികളുടെ കണക്കുകളില്‍ രമിച്ച്‌, ലോകത്തെ വന്‍ശക്തിയായി ഇന്ത്യ മാറുന്നതില്‍ അഭിമാനിക്കുന്ന രാജ്യസ്‌നേഹികളാകുക എന്നതാണ്‌ പോംവഴി. കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു മുമ്പ്‌. അതുപോലെ ഈ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പലതും വരുംകാലത്ത്‌ നിയമവിധേയമായി മാറും. അക്കാലം മുന്നില്‍ കണ്ട്‌ ഈ ശൃംഖലകളുടെ സാധ്യതകള്‍ വിനിയോഗിക്കാന്‍ പഠിക്കുക. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നാട്‌ ഓടുകയാണ്‌. നടുവേ ഓടാന്‍ മടിക്കരുതെന്നാണ്‌ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്‌.

1 comment:

  1. ബ്രിട്ടിഷ്ക്കാർ ഇന്ത്യ വിട്ടുപൊകുമ്പോൾ അന്ന് ചിന്തിക്കാൻപോലും കഴിയാത്ത ഒരു തുകയുടെ കണക്കു ആരൊ പറഞ്ഞു ഒരു ലക്ഷം കോടി രൂപയുടെ മുതൽ ഇന്ത്യയിൽ നിന്നു കടത്തികൊണ്ടുപോയന്നു . ഒരു വെറുംകണക്കു .എന്നാൽ ആ തുകയെ പിന്തള്ളികൊണ്ടു ഒരു ലക്ഷത്തി എഴുപത്തിയാറുകോടിയുടെ 2ജീ അഴിമതി ഇപ്പൊൾകേട്ടു .ഇതു വെറുംകണക്കല്ല സത്യമായ ഒരു കണക്കു.

    ReplyDelete