2010-11-22

കുത്തകകളുടെ കാവല്‍ നായ്‌



രാജ്യത്ത്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനും സി ഡി എം എ, ജി പി ആര്‍ എസ്‌ സൗകര്യങ്ങള്‍ ഒരേസമയം നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുമുള്ള ലൈസന്‍സുകള്‍ അനുവദിച്ചതിലെ അണിയറ നാടകങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്‌. 1,700 താഴെ കോടി രൂപക്ക്‌ 122 ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ലൈസന്‍സ്‌ സമ്പാദിച്ച കമ്പനികളില്‍ ചിലത്‌ ചില വന്‍കിടക്കാരുടെ ബിനാമികളായിരുന്നുവെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളാണ്‌. മറ്റ്‌ ചില കമ്പനികള്‍ 2 ജി ലൈസന്‍സ്‌ ലഭിച്ചതോടെ തങ്ങളുടെ ഓഹരികള്‍ വന്‍ തുകക്ക്‌ വിദേശ കമ്പനികള്‍ക്ക്‌ വിറ്റു പതിന്‍മടങ്ങ്‌ ലാഭമുണ്ടാക്കി. വന്‍കിട, ചെറുകിട ഭേദമില്ലാതെ കമ്പനികളെല്ലാം കൈ നനയാതെ മീന്‍ പിടിച്ചുവെന്ന്‌ അര്‍ഥം. 


അഴിമതി നടന്നുവെന്ന ആരോപണം ഉയരുകയും സി ബി ഐ അന്വേഷണം ആരംഭിക്കുകയും ചെയ്‌തതുകൊണ്ടു മാത്രമാണ്‌ മൂന്നാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്‌ ലേലം ചെയ്‌തു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. അല്ലായിരുന്നുവെങ്കില്‍ കുത്തക കമ്പനികളും മന്ത്രിയും ഇടനിലക്കാരും തീരുമാനിച്ചതുപോലെ ചുളുവിലക്ക്‌ ഈ ലൈസന്‍സുകളും കൈമാറ്റം ചെയ്യപ്പെടുമായിരുന്നു. മൂന്നാം തലമുറ ലൈസന്‍സ്‌ നാല്‌ കമ്പനികള്‍ക്കായി ലേലം ചെയ്‌തു നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ലഭിച്ചത്‌ 67,000 കോടി രൂപ. ഇതുമായി തട്ടിച്ചുനോക്കിയാണ്‌ 2 ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന്‌ നഷ്‌ടമായെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ചൂണ്ടിക്കാട്ടുന്നത്‌.

1.76 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടമെന്ന്‌ പറഞ്ഞാല്‍ 2 ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആരംഭിച്ച കമ്പനികള്‍ക്ക്‌ വന്‍തുക നേട്ടമുണ്ടായെന്ന്‌ അര്‍ഥം. അല്ലെങ്കില്‍ ലൈസന്‍സ്‌ സ്വന്തമാക്കി മറിച്ചുവിറ്റ ഇടനിലക്കാരായ കമ്പനികള്‍ വന്‍ നേട്ടമുണ്ടാക്കി എന്ന്‌ സാരം. ടാറ്റ, റിലയന്‍സ്‌, വീഡീയോകോണ്‍, യൂനിടെക്ക്‌ തുടങ്ങിയ വന്‍കിടക്കാര്‍ നേട്ടമുണ്ടാക്കിയവരുടെ പട്ടികയിലുണ്ട്‌. രാജ്യത്തിന്റെ ധനസ്ഥിതി പരിഗണിച്ച്‌ ഭക്ഷ്യസബ്‌സിഡി പോലും പരിമിതപ്പെടുത്തുന്ന കാലത്താണ്‌ ഇത്രയും വലിയ തുക കുത്തക കമ്പനികള്‍ക്ക്‌ സമ്മാനിക്കപ്പെട്ടത്‌. കമ്പനികള്‍ക്ക്‌ വന്‍തുക ലാഭമുണ്ടായിട്ടുണ്ടെങ്കില്‍ അതിലൊരു വിഹിതം രാഷ്‌ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങള്‍ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകണം. അതെത്രയെന്ന്‌ ഊഹിക്കാന്‍ മാത്രമേ സാധിക്കൂ. 1.76 ലക്ഷം കോടിയുടെ ലാഭം കമ്പനികള്‍ക്ക്‌ നേടിക്കൊടുത്ത ഇടപാടാകുമ്പോള്‍ കോഴപ്പണം ആയിരം കോടിയെങ്കിലും വരാതെ തരമില്ല. അതുകൊണ്ടാണ്‌ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന വിശേഷണം ഈ ഇടപാടിന്‌ ലഭിക്കുന്നത്‌.

ഈ ഇടപാടുകളില്‍ പങ്കാളികളായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. കുത്തക കമ്പനികളുമായും അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ നേതാക്കളുമായും അടുപ്പം നിലനിര്‍ത്താന്‍ മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പങ്ക്‌ പുറത്തുവന്നതാണ്‌ ഏറെ ശ്രദ്ധേയം. ഏറെ മഹത്തരം എന്ന്‌ വിശേഷിപ്പിക്കുന്ന ജോലിയെ ഉപയോഗപ്പെടുത്തി അര്‍ഹതയില്ലാത്ത പല സൗകര്യങ്ങളും പിടിച്ചുപറ്റുന്നവര്‍ മാധ്യമ പ്രവര്‍ത്തകരില്‍ മുമ്പും കുറവല്ല. അതിന്റെ തലം വളരെ വിപുലമായിരിക്കുന്നുവെന്നാണ്‌ കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീര റാഡിയയുമായി ബര്‍ഖ ദത്ത്‌, വീര്‍ സാംഘ്‌വി, പ്രഭു ചാവ്‌ല തുടങ്ങി മാധ്യമ ലോകത്തെ പ്രമുഖര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ആരെ ആക്രമിക്കാനും മടിയില്ലാത്ത, ഏത്‌ ശക്തമായ വിമര്‍ശമുന്നയിക്കാനും അറപ്പില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ എന്ന നിലക്ക്‌ ശ്രദ്ധ നേടിയവരാണ്‌ ഇവരില്‍ പലരും. മന്ത്രിമാര്‍ ആരൊക്കെയാകണം, വകുപ്പുകള്‍ ഏതൊക്കെ നല്‍കണം എന്ന്‌ തുടങ്ങിയ കാര്യങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ ഇവര്‍ തയ്യാറാകുന്നത്‌ പ്രതിഫലേച്ഛ കൂടാതെയാണെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം. 


മാധ്യമ സ്ഥാപനങ്ങള്‍ക്ക്‌ പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതില്‍ മാധ്യമ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരന്‌ നേരിട്ട്‌ പങ്കാളിത്തമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന സംഭവത്തില്‍ സ്ഥാപന നടത്തിപ്പുകാരന്‍ പങ്കാളിയായിക്കൊള്ളണമെന്നില്ല. മുതലാളിയും ആദര്‍ശധീരരായ മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞുകൊണ്ടുള്ള ഇടപാടുമാകാം. ആരോപണവിധേയരില്‍ ചിലരെങ്കിലും ഉടമസ്ഥ പങ്കാളിത്തം കൂടിയുള്ള മാധ്യമ പ്രവര്‍ത്തകരാണ്‌.
രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിസഭയിലെ ഡി എം കെ പ്രതിനിധികളെ സംബന്ധിച്ച്‌ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 



ഒന്നാം യു പി എ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ടി ആര്‍ ബാലു, എ രാജ എന്നിവരെ ഉള്‍പ്പെടുത്താനാകില്ലെന്ന്‌ പ്രധാനമന്ത്രി നിലപാടെടുത്തുവെന്നായിരുന്നു വാര്‍ത്തകള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം എ രാജ, ദയാനിധി മാരന്‍, എം കെ അഴഗിരി എന്നിവര്‍ കാബിനറ്റ്‌ മന്ത്രിമാരാക്കാന്‍ നിശ്ചയിക്കപ്പെട്ടു. രാജയെ നീക്കി നിര്‍ത്തണമെന്ന്‌ ആദ്യം നിലപാടെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അദ്ദേഹത്തിന്‌ ടെലികോം വകുപ്പ്‌ തന്നെ സമ്മാനിക്കുന്ന കാഴ്‌ച പിന്നീട്‌ കണ്ടു. ഇതിന്റെയെല്ലാം അണിയറ നീക്കങ്ങളാണ്‌ മാധ്യമ പ്രവര്‍ത്തകരും കുത്തക കമ്പനികളുടെ ഇടനിലക്കാരിയും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിക്കുന്നത്‌. ഗുലാം നബി ആസാദിനെയും അഹമ്മദ്‌ പട്ടേലിനെയും ഉപയോഗിച്ച്‌ നീക്കങ്ങള്‍ നടത്തുന്നതിനെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. ടെലികോം വകുപ്പ്‌ എ രാജക്ക്‌ തന്നെ ലഭിക്കേണ്ടതിന്റെ ആവശ്യകത കുത്തക കമ്പനികളുടെ ഉടമസ്ഥരും അവരുടെ ഇടനിലക്കാരും വ്യക്തമാക്കുന്നു.
ടാറ്റയും അംബാനിയും നീര റാഡിയയോട്‌ സംസാരിക്കുന്നു. നീര റാഡിയ ഡി എം കെ നേതാക്കളുമായും മാധ്യമ പ്രവര്‍ത്തകരുമായും സംസാരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്‌ നേതാക്കളുമായി സംസാരിക്കുന്നു. ഒടുവില്‍ ലക്ഷ്യം നേടുന്നു. ഈ ശൃംഖലയില്‍ ഇനിയും പുറത്തുവരാത്ത കക്ഷികളുണ്ടാകാം. ഉദ്യോഗസ്ഥര്‍, ഇടത്തരം നേതാക്കള്‍ അങ്ങനെ നിരവധി പേര്‍. ഇവര്‍ക്കെല്ലാം ഏതെങ്കിലും വിധത്തിലുള്ള നേട്ടമുണ്ടായിക്കാണുമെന്ന്‌ ഉറപ്പ്‌. 



അതായത്‌ അഴിമതിയുടെ സുദൃഢമായ ശൃംഖലയാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ എന്ന്‌ അര്‍ഥം. മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി അശോക്‌ ചവാന്റെ സ്ഥാനം തെറിപ്പിച്ച ആദര്‍ശ്‌ കുംഭകോണത്തിലും ഇതേ സ്ഥിതി കാണാനാകും. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങി സേനയിലെ ഉദ്യോഗസ്ഥര്‍ വരെ ഉള്‍ക്കൊള്ളുന്ന ശൃംഖല. അഞ്ച്‌ കൊല്ലം കൂടുമ്പോള്‍ ആഘോഷമായി നടത്തിവരുന്ന തിരഞ്ഞെടുപ്പ്‌ മാമാങ്കത്തില്‍ വിജയിച്ച്‌ അധികാരത്തിലെത്തുന്നവരാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ എന്നത്‌ തെറ്റിദ്ധാരണ മാത്രമാണ്‌. അതൊരു മറ മാത്രം. കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ഈ ശൃംഖലകളാണ്‌. എന്തൊക്കെ സൗകര്യങ്ങള്‍, ഏതളവില്‍, എപ്പോള്‍ ജനങ്ങള്‍ക്ക്‌ നല്‍കണം എന്നൊക്കെ തീരുമാനിക്കുന്നത്‌.

രാജ്യത്ത്‌ ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവരുടെ എണ്ണം എത്ര കണ്ട്‌ കുറച്ചുവെക്കാം, അതില്‍ തന്നെ സബ്‌സിഡിക്ക്‌ അര്‍ഹരായവരെ നിശ്ചയിക്കാന്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാവാം എന്നതു പോലുള്ള കാര്യങ്ങളെക്കുറിച്ച്‌ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അവരില്‍ നിന്ന്‌ മന്ത്രി സ്ഥാനങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ടവരും കൂലങ്കഷമായി ആലോചിക്കും. ഇപ്പോള്‍ 2 ജിയും ആദര്‍ശുമൊക്കെ ഉയര്‍ത്തി ബഹളമുണ്ടാക്കുന്ന പ്രതിപക്ഷം ഭരണപക്ഷമായി രൂപാന്തരപ്പെട്ടാലും ഇതില്‍ മാറ്റമുണ്ടാകില്ല. കാരണം അത്രയധികമാണ്‌ പണത്തിന്റെ ശക്തി. മുംബൈയില്‍ വഖ്‌ഫ്‌ സ്വത്ത്‌ സ്വന്തമാക്കി 200 കോടി ഡോളര്‍ വരെ ചെലവുള്ള കൊട്ടാരം പണിയുന്ന മുകേഷ്‌ അംബാനിക്ക്‌ ആരെയാണ്‌ വിലക്ക്‌ വാങ്ങിക്കൂടാത്തത്‌? മുകേഷ്‌ അംബാനിക്കു വേണ്ടി എങ്ങനെ ലേഖനമെഴുതണമെന്ന്‌ വീര്‍ സാംഘ്‌വിക്ക്‌ നിര റാഡിയ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്‌. മുകേഷ്‌ അംബാനി വഖ്‌ഫ്‌ സ്വത്ത്‌ കൈയേറിയെന്ന്‌ ചൂണ്ടിക്കാട്ടിയ മഹാരാഷ്‌ട്ര വഖ്‌ഫ്‌ ബോര്‍ഡിലെ ഉദ്യോഗസഥനെ പുകച്ചു പുറത്ത്‌ ചാടിക്കാന്‍ മുന്‍കൈ എടുത്തത്‌ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയായ വിലാസ്‌ റാവു ദേശ്‌മുഖാണ്‌. ഈ ഇടപാട്‌ മാധ്യമങ്ങളില്‍ പ്രമുഖ സ്ഥാനം നേടാതിരിക്കുന്നതിന്‌ എത്ര കോടികള്‍ മഹാരാഷ്‌ട്രയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചിട്ടുണ്ടാകും!

സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമി പങ്കിടുന്നത്‌ സംബന്ധിച്ച തര്‍ക്കം കേരളത്തിലൊരു ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയില്‍ പിളര്‍പ്പുണ്ടാക്കിയിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. ആരോപണവിധേയനായ മന്ത്രിക്ക്‌ അനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതിനായി മാധ്യമ പ്രവര്‍ത്തകരുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക്‌ ഇറ്റാലിയന്‍ മാര്‍ബിള്‍ ഇറക്കിക്കൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വാര്‍ത്താ സമ്മേളനങ്ങളിലെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഗിഫ്‌റ്റ്‌ ചെക്കുകള്‍ സമ്മാനിക്കുക എന്നത്‌ പതിവായി മാറിയിരിക്കുന്നു. ഗിഫ്‌റ്റ്‌ ചെക്കില്ലെങ്കില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന്‌ പറയുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങളെത്തി. ഇതിന്റെ വിപുലീകൃത രൂപമായിരുന്നു പെയ്‌ഡ്‌ ന്യൂസ്‌. മാധ്യമ പ്രവര്‍ത്തകര്‍ പണം പറ്റി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതോടെ അത്‌ നേരിട്ട്‌ നടത്താന്‍ മുതലാളിമാര്‍ നിശ്ചയിച്ചതിന്റെ ഫലം. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല. `എല്ലാം ഉള്‍ക്കൊള്ളുന്ന വളര്‍ച്ച'യുടെ ഭാഗമായി നടക്കുന്നതാണ്‌ എല്ലാം. കൂടുതല്‍ പേരെ അഴിമതിയുടെ ഭാഗമാക്കാന്‍ സാധിക്കുമ്പോള്‍ അത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു. 


കെട്ടിട നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ്‌ വ്യവസായവുമാണ്‌ വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുന്നതില്‍ പ്രധാനം. കുറഞ്ഞ നിരക്കില്‍ ഭൂമി കൈമാറുന്നതില്‍ ആരംഭിക്കുന്ന അഴിമതിയുടെയും ക്രമക്കേടിന്റെയും തെളിവുകള്‍ പുറത്തുവരുമ്പോഴേക്കും ബഹു നിലകളില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാകും, പൊളിച്ച്‌ നീക്കാന്‍ സാധിക്കാത്ത ഉയരത്തില്‍. പിന്നെ ക്രമപ്പെടുത്തലാകാം.

സര്‍ക്കാറിനെ പറ്റിച്ച്‌ കുറഞ്ഞ നിരക്കില്‍ ലൈസന്‍സുകള്‍ സ്വന്തമാക്കിയ കമ്പനികള്‍ കരാര്‍ പ്രകാരമുള്ള സേവനം ജനങ്ങള്‍ക്ക്‌ ലഭ്യമാക്കിയില്ലെന്ന്‌ ട്രായ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കാനാണ്‌ ശിപാര്‍ശ. പക്ഷേ, ലൈസന്‍സ്‌ റദ്ദാക്കിയാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനം പോലും ഇല്ലാതാകും. അത്രയും ബുദ്ധിമുട്ടുണ്ടാക്കുന്നത്‌ ശരിയല്ലല്ലോ? അതുകൊണ്ട്‌ എല്ലാം പഴയ പടി തുടരട്ടെ എന്ന്‌ തീരുമാനിക്കാം.

3 comments:

  1. ചക്കരക്കുടം കണ്ടാൽ ആരാ ഒന്ന് നക്കാതെ പോകുക?.ശിക്ഷ വിധിക്കേണ്ടവർ തന്നെ അഴിമതിയുടെ കാവൽക്കാരല്ലേ?.

    ReplyDelete
  2. ഏത്‌ ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗോപികൃഷ്ണനും സ്വാമിക്കും യെച്ചൂരിക്കും... പിന്നെ സത്യം പുറത്ത്‌ കൊണ്ടുവരുവാൻ പിന്നണിയിൽ ചരടുകൾ വലിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു...

    അഴിമതി വീരൻമാരെ ശിക്ഷിക്കുക... അഴിമതി നടത്തിയത്‌ സ്വന്തം നേതാവാണ്‌ എന്ന കാരണത്താൽ... ഒരിക്കലും പിൻതുണക്കരുത്‌... നേതാവിനേക്കാൽ വലുതാണ്‌ പാർട്ടി... പാർട്ടിയേക്കാൾ വലുതാണ്‌ രാജ്യം... രാജ്യത്തേക്കാൾ വലുതാണ്‌ ജനം...

    രാജയെ പൊക്കാൻ “ആദർശും” “കോമൺവെൽത്തും” സഹായിച്ചു... അല്ലേ...

    ReplyDelete
  3. //മൂന്നാം തലമുറ ലൈസന്‍സ്‌ നാല്‌ കമ്പനികള്‍ക്കായി ലേലം ചെയ്‌തു നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ലഭിച്ചത്‌ 67,000 കോടി രൂപ. ഇതുമായി തട്ടിച്ചുനോക്കിയാണ്‌ 2 ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന്‌ നഷ്‌ടമായെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ചൂണ്ടിക്കാട്ടുന്നത്‌.//

    //അഴിമതി വീരൻമാരെ ശിക്ഷിക്കുക... അഴിമതി നടത്തിയത്‌ സ്വന്തം നേതാവാണ്‌ എന്ന കാരണത്താൽ... ഒരിക്കലും പിൻതുണക്കരുത്‌... നേതാവിനേക്കാൽ വലുതാണ്‌ പാർട്ടി... പാർട്ടിയേക്കാൾ വലുതാണ്‌ രാജ്യം... രാജ്യത്തേക്കാൾ വലുതാണ്‌ ജനം...//

    എല്ലാം പറയേണ്ട പോലെ തന്നെ പറഞ്ഞു.
    പക്ഷെ എന്നിട്ടെന്തു എന്നു ചോദിച്ചാല്‍..???

    വെറും ഇരുപതു രൂപയ്ക്കു കുടുംബം പുലര്തുന്നവനു, തന്റെ കൂടി വോട്ടു ലഭിച്ചത് കൊണ്ടാണ് ഇവരൊക്കെ ഇത്ര മനോഹരമായി
    "ഭരിക്കുന്നത്" എന്നു ആശ്വസിക്കാം അല്ലെ ?

    സ്വതന്ത്രഭാരതത്തില്‍ ഇന്ന് വരെ അധികാരി-ബ്യൂറോക്രാറ്റ്‌-സമ്പന്ന വര്‍ഗം നടത്തിയ തീവെട്ടി കൊള്ളയുടെ ഒരു സമ്പൂര്‍ണ്ണചിത്രം ആരെങ്കിലും തയാറാക്കുമോ?
    എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു?
    എത്ര കോടാനുകോടികള്‍.......ആവിയായി?
    "ഇരുപതു രൂപാപൗരന്മാര്‍ക്ക്‌" ജോലിയില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ഒന്ന് ചിരിക്കാനെന്കിലും.

    ReplyDelete