2010-11-11
സംഘ `ബൈഠക്'
രാഷ്‌ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുന്നു. ഇന്നലെ ദേശവ്യാപകമായി കുത്തിയിരിപ്പ് സമരം നടന്നു. കാവി ഭീകരത എന്ന ആരോപണം ഉയരുകയും ആഭ്യന്തര മന്ത്രി പി ചിദംബരം ഔദ്യോഗിക വേദിയിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി വേദിയിലും ഉന്നയിക്കുകയും ചെയ്‌ത സാഹചര്യം. ആര്‍ എസ് എസ്സിനെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മുവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) താരതമ്യം ചെയ്‌ത് എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവന. എല്ലാറ്റിനുമുപരി രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം മധ്യപ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നും അറസ്റ്റ് ചെയ്യുന്നവരുടെ ആര്‍ എസ് എസ് ബന്ധം. ഇവയെല്ലാം ആര്‍ എസ് എസ്സിനെ നോവിക്കുന്നുണ്ട്.
ആര്‍ എസ് എസ്സിന്റെ താഴേക്കിടയിലുള്ള പ്രവര്‍ത്തകരെ (പ്രചാരകുമാര്‍) അറസ്റ്റ് ചെയ്യുകയും ചില സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്‌തപ്പോള്‍ അത്രക്കൊന്നും ചൂട് നേതാക്കള്‍ക്കുണ്ടായില്ല. അവരില്‍ നിന്ന് അകന്നു നില്‍ക്കാനാണ് സംഘ് നേതൃത്വം തയ്യാറായത്. ഇപ്പോള്‍ ആര്‍ എസ് എസ്സിന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ് സമിതിയില്‍ അംഗമായ ഇന്ദ്രേഷ് കുമാറിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടപ്പെട്ടപ്പോഴാണ് യഥാര്‍ഥത്തിലുള്ള ചൂട് നാഗ്‌പൂര്‍ അനുഭവിച്ചുതുടങ്ങിയത്. അതിന്റെ പ്രതിഫലനമാണ് ദേശീയതലത്തിലുള്ള പ്രക്ഷോഭം. അടിയന്തരാവസ്ഥക്കാലത്ത് ദേശീയതലത്തിലുള്ള പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത ശേഷം മൂന്ന് ദശകത്തിന് ശേഷം ഇപ്പോഴാണ് സംഘടന അതിന് തയ്യാറാകുന്നത് എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ ഏതളവിലുള്ള ചൂടാണ് സംഘ് നേതൃത്വം അനുഭവിക്കുന്നത് എന്നത് ഏറെക്കുറെ വ്യക്തമാകും.
മഹാരാഷ്‌ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവായ സാധ്വി പ്രഗ്യാ സിംഗിനെയും കേണല്‍ ശ്രീകാന്ത് പുരോഹിതിനെയും ആ സംസ്ഥാനത്തെ ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്‌തപ്പോള്‍ തന്നെ ഹിന്ദുത്വവാദികളിലെ ഭീകര സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈന്ദവ ഭീകരവാദമെന്നത് യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറോ ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസോ തയ്യാറായിരുന്നില്ല. അജ്‌മീര്‍ ദര്‍ഗയിലും ഹൈദരാബാദിലെ മക്ക മസ്‌ജിദിലുമുണ്ടായ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തതും നടപ്പാക്കിയതും ഹിന്ദുത്വ തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞതോടെയാണ് കോണ്‍ഗ്രസിലെ ചില നേതാക്കളെങ്കിലും, ദിഗ്‌വിജയ് സിംഗിനെപ്പോലുള്ളവര്‍, ഭീകരസാന്നിധ്യത്തെക്കുറിച്ച് ആശങ്കകള്‍ ഉറക്കെ പങ്ക്‌വെച്ചത്. സംഝോത എക്‌സ്‌പ്രസിലെ സ്‌ഫോടനത്തിന് പിന്നിലും ഇതേ ശക്തികള്‍ തന്നെയാണെന്നതാണ് ഇതിനകം ലഭ്യമാകുന്ന വിവരങ്ങള്‍.
2005ല്‍ ജയ്‌പൂരിലെ ഗുജറാത്തി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌ഫോടനങ്ങള്‍ നടത്താനുള്ള തീരുമാനമെടുത്തതെന്നും ആ യോഗത്തിന് നേതൃത്വം നല്‍കിയത് ഇന്ദ്രേഷ് കുമാറാണെന്നും രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം അജ്‌മീറിലെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മലേഗാവ്, അജ്‌മീര്‍ ദര്‍ഗ, മക്ക മസ്‌ജിദ്, സംഝോത എക്‌സ്‌പ്രസ് എന്നിവ ലക്ഷ്യങ്ങളായി തിരഞ്ഞെടുത്തതും ഈ യോഗത്തിലാണ്. ഈ ആരോപണം പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കും വിധത്തിലുള്ള തെളിവുകള്‍ രാജസ്ഥാന്‍ പോലീസിന് ലഭിച്ചിട്ടുമുണ്ട്. ഇന്ദ്രേഷ് കുമാറിനെ ആരോപണവിധേയരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം മുന്നോട്ടുപോയാല്‍ സംഘ് നേതൃത്വത്തിലുള്ള മറ്റാരെങ്കിലുമൊക്കെ സംശയത്തിന്റെ നിഴലിലാകുമെന്ന ശങ്ക ആര്‍ എസ് എസ് നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണ് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യാനും പ്രവര്‍ത്തകരുടെ മനോവീര്യം തിരിച്ചെടുക്കാനും രാജ്യസ്‌നേഹ വികാരം ജ്വലിപ്പിക്കാനും മോഹന്‍ ഭാഗവതും കൂട്ടരും ശ്രമം തുടങ്ങുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്‌ട്രീയ ഗൂഢാലോചന നടപ്പില്‍ വരുത്തുകയാണ് രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാറെന്നും അതിന്റെ ഭാഗമാണ് ഇന്ദ്രേഷിനെതിരായ ആരോപണമെന്നും സംഘ് നേതൃത്വം പറയുന്നു.
വിശദീകരണങ്ങള്‍ക്ക് തയ്യാറാവുകയും ദേശീയതലത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയും ചെയ്‌തതിലൂടെ തങ്ങള്‍ സംശയത്തിന്റെ നിഴലിലാണെന്നത് സ്വയം അംഗീകരിക്കുകയാണ് ആര്‍ എസ് എസ് നേതൃത്വം. കാവി ഭീകരത, ഹൈന്ദവ ഭീകരത എന്നീ പ്രയോഗങ്ങളെ എതിര്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഭീകരതക്ക് മതമില്ലെന്നും വഴിതെറ്റിപ്പോയ ഏതെങ്കിലും വ്യക്തികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് സംഘടനയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നും വാദിക്കുന്നു.
മലേഗാവ്, അജ്‌മീര്‍ ദര്‍ഗ, മക്ക മസ്‌ജിദ് തുടങ്ങി രാജ്യത്ത് നടന്ന എല്ലാ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും മുസ്‌ലിംകളാണെന്നും അതുകൊണ്ട് ആ സമുദായമാകെ ഭീകരവാദികളാണെന്നും ആരോപണമുണ്ടായപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് ഇവര്‍. `ഇസ്‌ലാമിക ഭീകരത' എന്ന പ്രയോഗം രാജ്യാന്തര, ആഭ്യന്തരതലങ്ങളില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയപ്പോള്‍, അതിന് മാധ്യമങ്ങളും ഭരണ വിഭാഗത്തിലെ വര്‍ഗീയ മനസ്‌കരും വേണ്ട പ്രചാരണം നല്‍കിയപ്പോള്‍ സന്തോഷിച്ചവര്‍. ഭീകരതയെ മതവുമായി കൂട്ടിച്ചേര്‍ക്കരുതെന്നും വ്യക്തികള്‍ നടത്തുന്ന ക്രൂരതകള്‍ക്ക് മതത്തെയോ സമുദായത്തെയോ ആകെ പ്രതിസ്ഥാനത്ത് നിര്‍ത്തരുതെന്നും പറഞ്ഞവരെ ഭീകരര്‍ക്ക് ഒത്താശ നല്‍കുന്നവരായി ചിത്രീകരിക്കാനായിരുന്നു സംഘ് നേതാക്കള്‍ക്കും അനുചരന്‍മാര്‍ക്കും തിടുക്കം.
ഉത്തര്‍പ്രദേശിലെ അസംഗഢിനെ ഭീകരതയുടെ വിളനിലമെന്ന് വിളിച്ചത് ബി ജെ പിയെന്ന, രാജ്യഭാരം ഇടക്കാലത്തേക്കെങ്കിലും കൈയാളിയ, ഉത്തരവാദിത്വമുള്ള പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളാണ്. അന്ന് അതിലൊരു പ്രയാസവും ആര്‍ക്കുമുണ്ടായില്ല. അഅ്‌സംഗഢിലെ ഏത് യുവാവിനെ പോലീസ് എവിടെവെച്ചു വെടിവെച്ച് കൊന്നാലും ന്യായീകരിക്കപ്പെടുമായിരുന്നു. ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ അഅ്‌സംഗഢ് സ്വദേശികളായ യുവാക്കളെ പോലീസ് `ഏറ്റുമുട്ടലി'ല്‍ വധിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് പോലീസിന്റെ മനോവീര്യത്തെ തകര്‍ക്കുന്നതാകുമെന്നും അതിനാല്‍ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും പരമോന്നത നീതിപീഠം തന്നെ പ്രഖ്യാപിക്കുന്നത് വരെ കാര്യങ്ങളെത്തി.
ഇപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോറുള്‍ക്കൊള്ളുന്ന മാള്‍വ മേഖലയില്‍ നിന്ന് രണ്ടാഴ്‌ചയിലൊരിക്കല്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലാകുന്നുണ്ട്. വിവിധ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റുകള്‍. രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ), നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ), ഹരിയാന പോലീസിലെ ഭികരവിരുദ്ധ വിഭാഗം എന്നിവയെല്ലാം മധ്യപ്രദേശിലെ മാള്‍വ മേഖലയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതിന് പിറകെ നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ നിന്നും അറസ്റ്റുകളുണ്ടാകുന്നു. ഇതില്‍ ഏതെങ്കിലുമൊന്നിനെ പ്രത്യേകിച്ച് മാള്‍വ മേഖലയെ, ആര്‍ എസ് എസ്സിന് നിര്‍ണായക സ്വാധീനമുള്ള രാജ്യത്തെ അപൂര്‍വം പ്രദേശങ്ങളിലൊന്നാണിത്, ഹിന്ദുത്വ (കാവി) ഭീകരതയുടെ വിളനിലമെന്ന് വിശേഷിപ്പിച്ചാല്‍ സഹിക്കുമോ സംഘ് നേതൃത്വം? ബി ജെ പി അടക്കമുള്ള സംഘപരിവാരം കൈയും കെട്ടി നോക്കിനില്‍ക്കുമോ?
ഇത്തരം സാധ്യതകളെല്ലാം സംഘ് നേതൃത്വം മുന്‍കൂട്ടിക്കാണുന്നുണ്ട്. അതുകൊണ്ടാണ് ദീര്‍ഘ നാളത്തെ ഇടവേളക്ക് ശേഷം ദേശീയ പ്രക്ഷോഭത്തിന് ആര്‍ എസ് എസ് തുനിഞ്ഞത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസിലും മഅ്‌ദനി ആരോപണവിധേയനാക്കപ്പെട്ടപ്പോള്‍ പ്രധാന തെളിവായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത് ചില ഫോണ്‍ വിളികളായിരുന്നു. ബംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനെന്ന് കര്‍ണാടക പോലീസ് ആരോപിക്കുന്ന തടിയന്റവിട നസീറും മഅ്‌ദനിയും ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മുംബൈ ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കസബിനൊപ്പം വിചാരണ ചെയ്യപ്പെട്ട ഫഹീം അന്‍സാരി, സബാഹുദ്ദീന്‍ അഹമ്മദ് എന്നിവര്‍ക്കെതിരായ ആരോപണം കൂടി പരിഗണിക്കുക. മുംബൈ നഗരത്തില്‍ ആക്രമണത്തിന് ഇരയായ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന മാപ്പ് ഇവര്‍ കടലാസില്‍ വരച്ച് കൈമാറിയെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഈ മാപ്പ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവാദിയുടെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തുവെന്നും. അജ്‌മീര്‍ ദര്‍ഗയിലെ സ്‌ഫോടനം ആസൂത്രണം ചെയ്‌ത യോഗത്തിന്റെ സംഘാടകരില്‍ പ്രമുഖനെന്ന് കുറ്റപത്രത്തില്‍ പറയുന്ന ഇന്ദ്രേഷ് കുമാര്‍ അക്കാലത്ത് സര്‍സംഘ്‌ചാലകായിരുന്ന കെ എസ് സുദര്‍ശനുമായി എത്രവട്ടം ഫോണില്‍ സംസാരിച്ചുകാണും. 2009ല്‍ സര്‍സംഘ്‌ചാലക് സ്ഥാനമേറ്റ മോഹന്‍ ഭാഗവതുമായും സംസാരിച്ചുകാണണം. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പോ പിമ്പോ ഒക്കെ സംസാരിച്ചിരിക്കാം. അത് ആകസ്‌മികവുമാകാം. മഅ്‌ദനിക്കും ഫഹീം അന്‍സാരിക്കും സബാഹൂദ്ദീന്‍ അഹമ്മദിനും ആക്രമണങ്ങളുമായുള്ള ബന്ധം നിശ്ചയിക്കാന്‍ സ്വീകരിച്ച മാനദണ്ഡം ഇവിടെയും പ്രയോഗിച്ചാല്‍ സ്ഥിതി എന്താകും?
കുറ്റം കോടതി വഴി തെളിയിക്കപ്പെടും മുമ്പ് പ്രതിയാക്കുക, സാക്ഷികള്‍ പോലീസിന് മുന്നില്‍ നല്‍കിയ മൊഴികള്‍ തെളിവായി ഉയര്‍ത്തിക്കാട്ടി കുറ്റവാളിയെന്ന് ആരോപിക്കുക, അറസ്റ്റിലായയാള്‍ ഭീകരവാദിയാണെന്ന് സ്ഥാപിക്കാന്‍ സാധിക്കും വിധത്തില്‍ തിരഞ്ഞെടുത്ത വിവരങ്ങള്‍ പോലീസിലെ കാവി മനസ്സുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക, ഇതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന അന്തരീക്ഷം ഒരു സമുദായത്തെയാകെ പ്രതിക്കൂട്ടിലാക്കാന്‍ വിനിയോഗിക്കുക- ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം പല കേസുകളിലും മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. അതെല്ലാം അംഗീകരിച്ച് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തെറ്റായിപ്പോയെന്ന് ഒരുപക്ഷേ, ഇപ്പോള്‍ ആര്‍ എസ് എസ് നേതൃത്വത്തിന് തോന്നുന്നുണ്ടോ? ഉണ്ടാകാന്‍ ഇടയില്ല. കാരണം ഹൈന്ദവ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ഏത് വഴി സ്വീകരിച്ചാലും തെറ്റില്ല എന്നതാണ് തത്വശാസ്‌ത്രം. അതുകൊണ്ട് തന്നെ `ഹിന്ദുത്വ (കാവി) ഭീകരത' എന്ന പ്രയോഗത്തെ എതിര്‍ക്കാന്‍ തത്രപ്പെടുന്നവര്‍ `ഇസ്‌ലാമിക ഭീകരത' എന്ന പ്രയോഗം ശരിയായിരുന്നില്ലെന്ന് സമ്മതിക്കില്ല.
ഏതാനും ചില സ്‌ഫോടനങ്ങളുടെ പാപഭാരം മാത്രമേ ഇപ്പോള്‍ ആര്‍ എസ് എസ്സുമായി ബന്ധമുള്ളവരുടെ ചുമലിലുള്ളൂ. അതിലെ ചില കണ്ണികള്‍ ഗുജറാത്തിലുമുണ്ടെന്ന വസ്‌തുത പുറത്തുവരുമ്പോള്‍ അവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളും സ്‌ഫോടന ശ്രമങ്ങളും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയിലെല്ലാം സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്വം ചില സംഘടനകളുടെ മേല്‍ ചുമത്തപ്പെട്ടിരുന്നു. മുസ്‌ലിം നാമധാരികള്‍ വൈകാതെ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. മലേഗാവ് പോലുള്ള സ്‌ഫോടനങ്ങളുടെ കാര്യത്തിലും ആദ്യം ഇതേ രീതിയാണ് പിന്തുടരപ്പെട്ടത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ എല്ലാം ഭദ്രമെന്ന് ആശ്വസിക്കാം. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ കാട്ടുന്ന `ഊര്‍ജസ്വലത' അതിന് തെളിവുമാണ്. മാള്‍വ മേഖലയില്‍ മറ്റ് സംസ്ഥാന പോലീസുകാരെത്തി അറസ്റ്റുകള്‍ തുടരുമ്പോള്‍ കൈവിരല്‍ ചലിപ്പിക്കാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ തയ്യാറാകുന്നില്ല. ആരോപിക്കപ്പെടുന്ന ഭീകരത സംസ്ഥാനത്തുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും അവര്‍ തയ്യാറല്ല. മലേഗാവ്, അജ്‌മീര്‍, ഹൈദരാബാദ് സ്‌ഫോടനങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചുവെന്ന് പറയപ്പെടുന്ന ആര്‍ എസ് എസ് പ്രചാരക് സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ അജ്ഞാതരാരെന്ന് കണ്ടെത്താന്‍ ശ്രമമില്ല. കേസ് ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുന്നു. അന്വേഷണം തുടരുന്നത് കൂടുതല്‍ പൊള്ളിക്കുമെന്ന മുന്നറിവുണ്ടാവണം. ഇതെല്ലാം തുടരണമെങ്കില്‍, കൂടുതല്‍ പരുക്കുകളുണ്ടാവാതിരിക്കണമെങ്കില്‍, പ്രവര്‍ത്തകരുടെ വികാരം ഉണര്‍ത്തണമെന്ന് ആര്‍ എസ് എസ് തിരിച്ചറിയുന്നു. അതിന്റെ പ്രതിഫലനമാണ് ദേശീയ പ്രക്ഷോഭം. ആര്‍ഷ ഭാരത സംസ്‌കൃതിക്ക് യോജിച്ചതും അതുതന്നെ.
Subscribe to:
Post Comments (Atom)
പൂച്ചയുടെ വളരെ പണ്ടുമുതലേയുള്ള ഒരു വിചാരമാണ് കണ്ണടച്ചാല്‍ പിന്നെ ആരും ഒന്നും കാണില്ലന്നു ....ഒരു പക്ഷെ പാല് കട്ടുക്കുടിച്ചത് ഇപ്പോള്‍ മറ്റുചിലര്‍ കണ്ടന്നു പറഞ്ഞപ്പോള്‍ കള്ളിവെളിച്ചത്തായത് ദേഷ്യം പിടിപ്പിക്കും
ReplyDeleteദേശസനേഹത്തിന്റെ ആട്ടിൻ തോൽ അണിഞ്ഞുനടക്കുന്ന രക്തദാഹികളായ ചെന്നായ്ക്കളുടെ തേറ്റപ്പല്ലുകൾ പതുക്കെയെങ്കിലും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു..
ReplyDeleteരാജീവേ, ഇസ്ലാമിക ഭീകരതയെ കുറിച്ച് ഒരു വാക്കുപോലും എയ്യുതി കണ്ടില്ല... R S S ഇനെ വാതോരാതെ തീവ്രവാദികളെന്നു വിളിക്കുമ്പോള്‍ യഥാര്‍ത്ഥ ഇസ്ലാമിക ഭീകരതയെ കുറിച്ച് ഒരു രണ്ടു വക്കെങ്ങിലും പറയാം... ഭാരതം ഇന്ന് നേരിടുന്ന... ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമിക തീവ്രവാദം ആണ്.
ReplyDeleteരാജീവേ .... ഇന്ത്യാ മഹാ രാജ്യത്ത് നടന്ന സ്ഫോടനങ്ങള്‍ മുഴുവന്‍ സഘ പ്രവര്‍ത്തകരാണോ നടത്തിയത് ?? നിന്റെ സംസാരം കേട്ട അങ്ങനെ തോന്നും ... ഈ പറയുന്ന മദനി എന്തിനു നസീറിനെ വിളിക്കണം ? വിരിന്നിനു വിളിച്ചതാണോ ? കപട മതേതര പട്ടികള്‍ എത്രതന്നെ കുറച്ചാലും ഈ ഭാരത മണ്ണില്‍ ജിഹാദ് ഞങ്ങള്‍ നടത്തിക്കില്ല .... ഇത് ഹിന്ദു ഭൂമിയാണ് ...... മറ്റു സെമാസ്ടിക് മതങ്ങള്‍ കടല്‍കടന്നു വന്നതാണ് . അത് കൊണ്ട് തന്നെ ഹിന്ദുവിന് തന്നെയാണ് ഇവിടെ പ്രാമുഖ്യം ....... ജയ് ഭാരത് മാതാ ...
ReplyDelete