2010-11-15

`സ്വതന്ത്ര' കേരളം?



കേരളീയ സമൂഹം അടുത്തിടെ സജീവമായി ചര്‍ച്ച ചെയ്‌തു വരുന്ന വിഷയങ്ങളാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയും അന്യ സംസ്ഥാന ലോട്ടറിയും. രണ്ടും നിരോധിക്കണമെന്ന ആവശ്യമാണ്‌ കക്ഷിരാഷ്‌ട്രീയഭേദമില്ലാതെ നേതാക്കള്‍, പുറമേക്കെങ്കിലും പ്രകടിപ്പിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ പോലുള്ള പ്രശ്‌നങ്ങളോട്‌ മുന്‍കാലങ്ങളില്‍ പുറംതിരിഞ്ഞുനിന്നിരുന്ന കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ പോലും ഈ കീടനാശിനിയുടെ നിരോധം ആവശ്യപ്പെടുന്നു. ഇവയിലെ ചില നേതാക്കള്‍, എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ മൂലം രോഗങ്ങളുണ്ടാകുന്നുവെന്നത്‌ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ പറയുന്ന കെ വി തോമസിനെപ്പോലുള്ളവര്‍, ഇപ്പോഴും വിരുദ്ധ നിലപാട്‌ തുടരുന്നുണ്ടെങ്കില്‍ കൂടി. സംസ്ഥാനത്തെ ജനതയിലെ വലിയൊരു വിഭാഗത്തെ, സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്‌ പരിശോധിച്ചാല്‍ എഴുപത്‌ ശതമാനത്തിലേറെ, പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരേ അഭിപ്രായം പ്രകടിപ്പിച്ചിട്ടും രണ്ട്‌ കാര്യങ്ങളിലും ഒന്നും നടക്കുന്നില്ല. ഇത്‌ ഇന്ത്യന്‍ യൂനിയന്‍ എന്ന സംവിധാനത്തില്‍ നിലനില്‍ക്കുന്ന വലിയ പോരായ്‌മകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ ഓണ്‍ ലൈന്‍ ലോട്ടറി ഏജന്‍സികള്‍ കൂണുപോലെ മുളച്ചതോടെയാണ്‌ ലോട്ടറി വരുത്തിവെക്കുന്ന വിപത്തിന്റെ ആഴം മലയാളി മനസ്സിലാക്കിയത്‌. ചൂതാട്ടം നിയമവിധേയമാക്കുന്നതാണ്‌ ലോട്ടറി സമ്പ്രദായമെന്നും അത്‌ സമൂഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും നേരത്തെ തന്നെ മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഒറ്റ നമ്പര്‍ ലോട്ടറി പോലുള്ള നിയമവിരുദ്ധമായ ഏര്‍പ്പാടുകള്‍ സജീവമായത്‌ തടയാന്‍ നടപടികളും സ്വീകരിച്ചിരുന്നു. പക്ഷേ, ചൂതാട്ടത്തിന്റെ വലിപ്പം മനസ്സിലാക്കിക്കൊടുത്തത്‌ ഓണ്‍ലൈന്‍ ലോട്ടറികളായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറികളെക്കുറിച്ചുള്ള വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ്‌ ഭൂട്ടാന്റെതും അന്യ സംസ്ഥാനങ്ങളുടെതുമായ ലോട്ടറികള്‍ മലയാളികളുടെ പോക്കറ്റുകള്‍ ചോര്‍ത്തുന്നതും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ഒടുക്കേണ്ട നികുതി വെട്ടിക്കുന്നതും പുറത്തുവന്നത്‌. എത്ര ലോട്ടറി വിറ്റഴിക്കുന്നുവെന്നോ എത്ര സമ്മാനങ്ങള്‍ നല്‍കുന്നുവെന്നോ സര്‍ക്കാറുകള്‍ക്ക്‌ യാതൊരു നിശ്ചയവുമില്ലാത്ത സ്ഥിതി. ആ സ്ഥിതിക്ക്‌ ഇപ്പോഴും മാറ്റം വന്നിട്ടുമില്ല. യു ഡി എഫ്‌ സര്‍ക്കാര്‍ ലോട്ടറി മാഫിയയെ സഹായിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വി എസ്‌ അച്യുതാനന്ദനന്റെ നേതൃത്വത്തില്‍ അന്നത്തെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. ഇന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നുവെന്ന വിമര്‍ശം യു ഡി എഫ്‌ ശക്തമായി ഉന്നയിക്കുകയാണ്‌. ഈ വിമര്‍ശത്തിനിടയിലാണ്‌ ഭൂട്ടാന്റെയും അന്യ സംസ്ഥാനങ്ങളുടെയും ലോട്ടറി നിരോധിക്കണമെന്ന കാര്യത്തില്‍ ഇവരെല്ലാം പരസ്യമായെങ്കിലും യോജിക്കുന്നത്‌.

കാസര്‍കോട്ട്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഒരു പ്രദേശത്തെ ജനതയുടെ ജീവിതം ദുരുതത്തിലാക്കിയതിന്റെ കാഴ്‌ചകള്‍ പലവുരു മലയാളികളെ മുറിവേല്‍പ്പിച്ചതാണ്‌. എന്‍ഡോസള്‍ഫാന്‍ എന്ന വാക്ക്‌ മനസ്സില്‍ സൃഷ്‌ടിക്കുന്ന ആദ്യത്തെ രൂപം ദുരിതബാധിതരില്‍ ചിലരുടെതാണ്‌. നൂറിലേറെപ്പേര്‍ മരിച്ചു. നിരവധി പേര്‍ `അകാല മരണ'ത്തിലേക്ക്‌ നടന്നുകൊണ്ടിരിക്കുന്നു. വൈകല്യങ്ങളോടെ ജനിച്ചുവീണവര്‍ നിരവധി. ഇത്രയുമൊക്കെ മുന്നില്‍ നില്‍ക്കുമ്പോഴും പാലക്കാട്ടെ മുതലമടയിലെ മാന്തോട്ടങ്ങളിലും ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലും വയനാട്ടിലെ തോട്ടങ്ങളിലും എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഒഴുകി. മുതലമടയില്‍ വൈകല്യങ്ങളോടെ ജനിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ഉപയോഗം നിരോധിക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാനാണോ എന്ന്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികള്‍ നിരവധിയാണ്‌. വാര്‍ത്തകളില്‍ ഈ പ്രശ്‌നം സജീവമായതോടെ പുതിയ പഠന സംഘങ്ങളെ നിയോഗിക്കുന്നുമുണ്ട്‌.

എന്‍ഡോസള്‍ഫാന്‍ ദുരിതം വിതക്കുന്നുവെന്ന്‌ മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ അത്‌ സംസ്ഥാനത്ത്‌ ഉപയോഗിക്കുന്നത്‌ നിരോധിച്ച്‌ ഉത്തരവിറക്കി. എന്നാല്‍ ഈ നിരോധം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. ഭൂരിപക്ഷം വിശ്വസിക്കുന്നു എന്നതു കൊണ്ട്‌ മാത്രം `രാമന്‍ ജനിച്ചത്‌ ഇവിടെ തന്നെയാണ്‌' എന്ന്‌ ഉപ്പിച്ചുപറയാന്‍ യുക്തിവൈഭവമുള്ള ജഡ്‌ജിമാരും ആ വിധിയെ എല്ലാം മറന്ന്‌ സ്വാഗതം ചെയ്യാന്‍ ത്രാണിയുള്ള നേതാക്കളുമുണ്ടായിട്ടും കീടനാശിനിയുടെയും ലോട്ടറിയുടെയും കാര്യത്തില്‍ ആ ഭൂരിപക്ഷ വിശ്വാസം നടപ്പാക്കപ്പെടുന്നില്ല. കീടനാശിനിക്ക്‌ നിരോധം ഏര്‍പ്പെടുത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനാണെന്നതാണ്‌ പ്രധാന വാദം. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം നിയോഗിച്ച സമിതികളെല്ലാം എന്‍ഡോസള്‍ഫാന്‌ നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്‌ ഈ കീടനാശിനി നിരോധിക്കാന്‍ സാധിക്കുകയുമില്ല. ഒരു കീടനാശനി ഉപയോഗിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അധികാരം പോലും സംസ്ഥാനങ്ങള്‍ക്കില്ലെന്നതാണ്‌ നിലനില്‍ക്കുന്ന വസ്‌തുത. ലോട്ടറിയുടെ കാര്യത്തിലും ഇതാണ്‌ സ്ഥിതി. കീടനാശിനി ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട്‌ ബാധിക്കുന്നു. ലോട്ടറി സമൂഹത്തിന്റെ ആരോഗ്യത്തെയാണ്‌ ബാധിക്കുന്നത്‌. ഇത്‌ രണ്ടും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും യുക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‌ സാധിക്കുന്നില്ല. അല്ലെങ്കില്‍ അതിനുള്ള നിയമപരമായ അധികാരം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ യൂനിയന്‍ വാഗ്‌ദാനം ചെയ്‌ത ഫെഡറല്‍ സമ്പ്രദായം എത്രത്തോളം അര്‍ഥശൂന്യമാണെന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍.

രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശത്ത്‌ അസ്വാഭാവികമായ വിധത്തില്‍ രോഗങ്ങളും ജനിതക വൈകല്യങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും അതിന്റെ കാരണം ഒരു കീടനാശിനിയാണെന്ന്‌ ആരോപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉത്തരവാദിത്വമുള്ള ഭരണകൂടം ചെയ്യേണ്ടത്‌ കീടനാശിനിയുടെ ഉപയോഗം നിരോധിക്കുകയും അത്‌ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ടോ എന്ന്‌ പഠിക്കുകയുമാണ്‌. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും സമ്പല്‍സമൃദ്ധിയിലേക്ക്‌ (യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഏറ്റവും അധികം തവണ ആവര്‍ത്തിച്ച ഒരു കാര്യം യു എസ്സിലെ ജനങ്ങളുടെ സമ്പല്‍സമൃദ്ധി എന്നതായിരുന്നു) നയിക്കുകയും ചെയ്യുക എന്നതാണല്ലോ ഭരണകൂടത്തിന്റെ ആത്യന്തിക കര്‍ത്തവ്യം. അതിനു വേണ്ടിയാണല്ലോ ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിനും വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളുണ്ടാക്കുന്നതിനുമെല്ലാം മന്‍മോഹന്‍ സിംഗും സഹപ്രവര്‍ത്തകരും ഉറക്കമൊഴിഞ്ഞ്‌ പണിയെടുക്കുന്നത്‌. 


ഇത്തരം സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കാട്ടുന്ന തിടുക്കം എന്തുകൊണ്ടാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കുന്നത്‌. ഈ കീടനാശിനിയുടെ വില്‍പ്പന രാജ്യത്തിന്റെ ഖജനാവിലേക്ക്‌ അത്രമാത്രം മുതല്‍ക്കൂട്ടുന്നുണ്ടോ? അതോ ഈ കീടനാശിനി നിരോധിക്കുന്നത്‌ രാജ്യത്തെ കാര്‍ഷികോത്‌പാദനത്തില്‍ വലിയ ഇടിവിന്‌ കാരണമാകുമെന്ന്‌ ഭയക്കുന്നുണ്ടോ? കീടനാശിനി നിരോധിക്കുന്നതോടെ പ്രതിസന്ധിയിലാവുന്ന വ്യവസായ ശാലകളിലെ തൊഴിലാളികളെക്കുറിച്ചാണോ സര്‍ക്കാറിന്റെ ആശങ്ക? എന്തായാലും ഒരു ജനതയെ മരണത്തിലേക്ക്‌ തള്ളിവിട്ടാകരുതല്ലോ ആശങ്കകള്‍ക്ക്‌ പരിഹാരമുണ്ടാക്കുക.

കേരളത്തിലെ രണ്ടോ മൂന്നോ ജില്ലകളിലെ ചില പ്രദേശങ്ങളിലെ ജനങ്ങളുടെ നിലനില്‍പ്പിനേക്കാള്‍ വലുതാണ്‌ കാര്‍ഷിക ഉത്‌പാദന രംഗത്തെ വളര്‍ച്ചാ നിരക്ക്‌ എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കരുതുന്നുണ്ടോ? അതുകൊണ്ടാവണം കീടനാശിനികള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാത്തത്‌. ലോട്ടറിയെന്ന ചൂതാട്ടത്തിന്‌ അടിപ്പെടുന്നവര്‍ നിലനില്‍ക്കേണ്ടത്‌ സര്‍ക്കാറിന്റെ നികുതി വരുമാനം നിലനിര്‍ത്താന്‍ അനിവാര്യമണെന്നും വിലയിരുത്തലുണ്ടാകണം. അതുകൊണ്ടാണ്‌ ഏത്‌ ലോട്ടറി പ്രവര്‍ത്തിക്കണം ഏത്‌ പ്രവര്‍ത്തിക്കേണ്ട എന്ന്‌ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാത്തത്‌. ഇവിടെ അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്‌. ഒരു പ്രദേശത്ത്‌ എന്ത്‌ വളം ഉപയോഗിക്കണം, ഏത്‌ കീടനാശിനി തളിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നു. ലോട്ടറി തുടരണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്‌. ഈ സ്വാതന്ത്ര്യ നിഷേധങ്ങളുടെ ഗുണം അനുഭവിക്കുന്നത്‌ തോട്ടമുടമകളോ ലോട്ടറി രാജാക്കന്‍മാരോ ആണ്‌. അവര്‍ക്ക്‌ സൗകര്യമൊരുക്കുന്നതിനാണ്‌ കേന്ദ്രം ഇത്തരം അധികാരങ്ങള്‍ സ്വന്തമാക്കിവെച്ചിരിക്കുന്നത്‌. കാര്‍ഷിക മേഖലയിലെ സാങ്കേതിക വിദ്യയും ഉപകരണങ്ങളും കൈമാറാമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അടുത്തിടെ മടങ്ങിയത്‌. ഇതിന്റെ ഗുണഭോക്താക്കളാകുക തദ്ദേശീയരോ വിദേശീയരോ ആയ കുത്തകകളായിരിക്കും. വന്‍തുക നല്‍കി വാങ്ങുന്ന സാങ്കേതിക വിദ്യ മുതലാക്കണമെങ്കില്‍ അവര്‍ക്ക്‌ വിള വര്‍ധിപ്പിക്കേണ്ടിവരും. അതിന്‌ എന്‍ഡോസള്‍ഫാനോ റൗണ്ടപ്പോ, ഇതേ ചേരുവകള്‍ അടങ്ങുന്ന മറ്റ്‌ പേരുള്ള കീടനാശിനികളോ വേണം. 


കാസര്‍ക്കോട്ടെയോ മുതലമടയിലെയോ ഏതാനും പേരുടെ ജീവന്‍ ചൂണ്ടിക്കാട്ടി ആ അവസരം നിഷേധിക്കാന്‍ സാധിക്കില്ല. അതിന്‌ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരുമ്പെട്ടാല്‍ അനുവദിക്കുകയുമില്ല.
ഭക്ഷ്യവസ്‌തുക്കളില്‍ രാസവസ്‌തുക്കളുടെ സാന്നിധ്യം ഏറുന്നത്‌ ഭാവിയില്‍ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന്‌ തിരസ്‌കരിക്കപ്പെടാന്‍ ഇടയാകുമെന്ന്‌ അറിയാത്തവരല്ല ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍. ജൈവ കൃഷി രീതി വ്യാപിപ്പിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും നിശ്ചിത കാലപരിധിക്കപ്പുറം ജൈവ ഉത്‌പന്നങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌ ചില രാജ്യങ്ങള്‍. എന്നിട്ടും നമ്മുടെ മണ്ണില്‍ ഇവ വ്യാപകമായി ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നുവെന്ന വൈരുധ്യവും നിലനില്‍ക്കുന്നുണ്ട്‌. അതായത്‌ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുന്നോട്ടുപോക്കല്ല, മറ്റ്‌ രാജ്യങ്ങളിലെ കാര്‍ഷിക അഭിവൃദ്ധിയാണ്‌ നമ്മുടെ ഭരണകര്‍ത്താക്കള്‍ ലക്ഷ്യമിടുന്നത്‌ എന്ന്‌ കരുതേണ്ടിവരും.

സ്വാതന്ത്ര്യം എന്നത്‌ ജനങ്ങളെ സംബന്ധിച്ച്‌ മരീചിക മാത്രമാണെന്ന്‌ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയാണ്‌ ലോട്ടറിയും എന്‍ഡോസള്‍ഫാനും. സമാനമായ നിരവധി കാര്യങ്ങള്‍ വേറെയും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. നികുതി വരുമാനം പങ്കിടുന്നതിലെ വിവേചനം, ഇന്ധനങ്ങള്‍ക്കു മേലുള്ള കസ്റ്റംസ്‌, എക്‌സൈസ്‌ തീരുവകള്‍ ഉയര്‍ത്തിനിര്‍ത്തി സ്വന്തം വരുമാനം ഉറപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പന നികുതി ഇളവ്‌ ചെയ്‌ത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമേകാന്‍ സംസ്ഥാനങ്ങളോട്‌ നിര്‍ദേശിക്കുന്നതിലെ വൈരുധ്യം എന്നു തുടങ്ങി പലതും. കേന്ദ്ര സര്‍ക്കാറെന്നത്‌ ജന്മിയും സംസ്ഥാനങ്ങളെന്നത്‌ പാട്ടക്കുടിയാന്‍മാരുമാണ്‌. അധികാര വികേന്ദ്രീകരണം എന്നത്‌ പ്രാദേശികഭരണകൂടങ്ങളുടെ തിരഞ്ഞെടുപ്പെന്ന പ്രക്രിയയില്‍ ഒതുങ്ങുന്നു. കേന്ദ്രം അനുവദിക്കുന്നതില്‍ നിന്ന്‌ ഒരു വിഹിതം സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ കൈമാറുകയും റോഡ്‌ നന്നാക്കല്‍, കാന നിര്‍മാണം, ബണ്ട്‌ കെട്ടല്‍ തുടങ്ങിയവക്കായി ചെലവഴിക്കുകയും ചെയ്യുന്നതില്‍ വികേന്ദ്രീകരണം അവസാനിക്കും. 

2 comments:

  1. ലോട്ടറിയും, എന്‍ഡോസള്‍ഫാനും ഇവിടെത്തെ സാധാരണക്കാരെയും കര്‍ഷകരെയുമാണ്‌ ബാധിക്കുന്നത് അതുകൊണ്ട് തന്നെ ആ കാര്യത്തില്‍ കേന്ദ്രംസര്‍ക്കാരിനു വലിയ താല്പര്യം ഉണ്ടാകില്ല .മറിച്ചു ഇവിടെത്തെ സമ്പന്ന വര്‍ഗ്ഗത്തിന്റെയോ വ്യാവസായിക ലോബിയുടെ പ്രശ്നങ്ങള്‍ ആയിരുന്നെങ്കില്‍ ഇതിനു എന്നേ പരിഹാരം ഉണ്ടായേനെ . കരയുന്ന കുഞ്ഞിനെ പാലുള്ളൂ രാജിവെ....

    ReplyDelete
  2. ലോട്ടറി ചൂതാട്ടം തന്നെ സംശയമില്ല... പക്ഷെ അത് ഓണ്‍ലൈന്‍ ആയാലും, ഒറ്റ നമ്പര്‍ ആയാലും സര്‍ക്കാരിന് ജനങ്ങളുടെ കീശ കാലിയാവുന്നതില്‍ അല്ല എതിര്‍പ്പ് മറിച്ചു ഗവര്‍മെന്റിന് കിട്ടേണ്ട നികുതി കിട്ടതതിലാണ്. കാരണം ഈ യടുത്ത് കണ്ട ന്യൂസ് ശരിയാണെങ്കില്‍ സര്‍ക്കാര്‍ വക ലോട്ടറി പോലും ചില ഉത്തരേന്ത്യന്‍ ലോബികള്‍ അടിച്ചെടുക്കുന്ന (സമ്മാനം) പ്രവണത നിലവിലുണ്ട്. അത് പോലെ മാരക വിഷ കീട നാശിനികളും സര്‍ക്കാരിനെ വിഷമിപ്പിക്കുന്നില്ല; കാരണം ഒന്ന് തന്നെ. പാവപ്പെട്ടവന്‍ വോട്ട് ചെയ്തു കൊണ്ടേയിരിക്കുക ; ഞങ്ങള്‍ ഭരിച്ചു കൊണ്ടേയിരിക്കും... പ്രതി പക്ഷവും ഭരണ പക്ഷവും ചില ആപേക്ഷിക ധാരണകള്‍ മാത്രം.

    ReplyDelete