2010-11-10

മന്നവേന്ദ്രാ വിളങ്ങുന്നു...

``നമുക്കൊരുമിച്ച്‌ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താം. സാങ്കേതിക വിദ്യ ഉപയോഗപ്പടുത്തി കര്‍ഷകരെ ശാക്തീകരിക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്‌. കാര്‍ഷികോത്‌പാദനത്തിലും അതുമായി ബന്ധപ്പെട്ട ഗവേഷണത്തിലും യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നേതാവാണ്‌. കാലാവസ്ഥാ മാറ്റത്തിന്റെയും വറുതിയുടെയും ദോഷഫലങ്ങള്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ഇക്കാലത്ത്‌, നിലനില്‍ക്കുന്ന നിത്യഹരിത വിപ്ലവത്തിന്‌ യോജിച്ച്‌ പ്രവര്‍ത്തിക്കാം''

``പ്രതിരോധം, സാങ്കേതിക വിദ്യാ വികസനം എന്നീ മേഖലകളില്‍ അമേരിക്കക്ക്‌ മേല്‍ക്കൈയുണ്ട്‌. വിവര സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഞങ്ങള്‍ മുന്നിലാണ്‌. ഈ മേഖലകളില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക ഒരുക്കമാണ്‌. അതിലൂടെ രണ്ട്‌ രാജ്യങ്ങളിലും കൂടുതല്‍ തൊഴിലുകള്‍ സൃഷ്‌ടിക്കാന്‍ സാധിക്കും''
``അമേരിക്കയിലെ സര്‍വകലാശാലകള്‍ മികവിന്‌ പേരുകേട്ടതാണ്‌. അവയുടെ പ്രയോജനം ഇന്ത്യക്ക്‌ ലഭ്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌''

``ലോകത്താകെയുള്ള അപകടാവസ്ഥയിലേക്ക്‌ നീങ്ങാവുന്ന ആണവ സാമഗ്രികളെല്ലാം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തെ ഒരുമിച്ച്‌ പിന്തുടരാന്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സിനും ഇന്ത്യക്കും സാധിക്കും. സമാധാനപരമായ ആണവോര്‍ജത്തിനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്‌. എന്നാല്‍ എല്ലാ രാജ്യങ്ങളും അന്താരാഷ്‌ട്ര ബാധ്യതകള്‍ നിറവേറ്റുകയും വേണം. ഇസ്‌ലാമിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇറാന്‍ അടക്കം''

``കളിക്കളത്തിന്റെ വരമ്പിലിരുന്ന്‌ നിങ്ങളെ വെറുതെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അമേരിക്ക ചെയ്യുന്നത്‌. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്‌. തോളോടു തോള്‍ ചേര്‍ന്ന്‌. ഇന്ത്യയുടെ വാഗ്‌ദാനങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നു. നമ്മള്‍ സൃഷ്‌ടിക്കുന്നതാണ്‌ ഭാവിയെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു''

- യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌

`ഉയര്‍ന്നുവരുന്ന ശക്തി'യെന്ന വിശേഷണത്തില്‍ നിന്ന്‌ `ആഗോള ശക്തി'യെന്ന വിശേഷണത്തിലേക്ക്‌ ഇന്ത്യയെ മാറ്റി പ്രതിഷ്‌ഠിച്ചുകൊണ്ടാണ്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇപ്പറഞ്ഞതുപോലുള്ള വാഗ്‌ദാനങ്ങള്‍ നൂറ്‌ കോടിയിലേറെ വരുന്ന ജനതക്കു മുമ്പാകെ അവതരിപ്പിച്ചത്‌. വന്‍ശക്തിയെന്ന്‌ ഇപ്പോഴും അഹങ്കരിക്കുന്ന അമേരിക്ക, അത്തരമൊരു അവസ്ഥക്ക്‌ ഇടിവുണ്ടായിട്ടുണ്ടെന്ന ബരാക്‌ ഒബാമയുടെ സ്വയം വിമര്‍ശം സന്ദര്‍ശന വേളയില്‍ പ്രകടിപ്പിച്ച വിനയം മാത്രമായി കണക്കാക്കുക, ഇന്ത്യയെ സര്‍വതലങ്ങളിലും സഹായിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നുവെന്ന്‌ വേണമെങ്കില്‍ ഇതില്‍ നിന്ന്‌ അനുമാനിക്കാം. പ്രത്യക്ഷത്തില്‍ അത്‌ അങ്ങനെ തന്നെയാണ്‌ താനും. ഇന്ത്യന്‍ കാര്‍ഷിക മേഖല, പ്രത്യേകിച്ച്‌ ഗ്രാമങ്ങളിലെ കാര്‍ഷിക മേഖല, കാലാവസ്ഥാ വ്യതിയാനം, വറുതി എന്നിവമൂലം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ബരാക്‌ ഒബാമ ആകുലനാവുമ്പോള്‍ പ്രാഥമിക അനുമാനത്തില്‍ തെറ്റ്‌ പറയാനാകില്ല.

എന്നാല്‍ ഈ വാഗ്‌ദാനങ്ങള്‍ പ്രയോഗതലത്തിലേക്ക്‌ എത്തുമ്പോള്‍ എന്താണ്‌ സംഭവിക്കുക എന്ന്‌ മുന്‍കൂട്ടി ആലോചിക്കാനുള്ള ബാധ്യത ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ട്‌. അവരതിന്‌ തയ്യാറാവില്ലെന്ന്‌ മന്‍മോഹന്‍ സിംഗ്‌, ചിദംബരം, പ്രണാബ്‌ കുമാര്‍ മുഖര്‍ജി തുടങ്ങിയ നേതാക്കള്‍ പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന നയങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. അമേരിക്കന്‍ സൗഹൃദം ഇല്ലാതാക്കിക്കൊണ്ട്‌ തങ്ങള്‍ക്ക്‌ ദേശീയ താത്‌പര്യമോ രാജ്യസ്‌നേഹമോ ഇല്ലെന്ന്‌ കോണ്‍ഗ്രസിനെ പുറത്താക്കി അധികാരം പിടിക്കാന്‍ യത്‌നിക്കുന്ന സുഷമാ സ്വരാജ്‌, അരുണ്‍ ജെയ്‌റ്റ്‌ലി, നിതിന്‍ ഗാഡ്‌കരി കൂട്ടവും വ്യക്തമാക്കുന്നുണ്ട്‌. ശീതയുദ്ധകാലത്തുപോലും അമേരിക്കയുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നത്‌ ഹിന്ദുത്വവാദ പാര്‍ട്ടികളാണെന്ന്‌ ബി ജെ പി തെല്ലൊരു അഭിമാനത്തോടെ തന്നെ പ്രഖ്യാപിക്കുന്നത്‌ അതുകൊണ്ടാണ്‌.

നയപരിപാടികള്‍ തീരുമാനിക്കുന്നവര്‍ ഇത്തരത്തില്‍ സമ്പൂര്‍ണ വിധേയത്വം പരസ്യമാക്കി നില്‍ക്കുമ്പോള്‍, ഈ വാഗ്‌ദാനപ്പെരുമഴയുടെ ഉദ്ദേശ്യശുദ്ധിയെച്ചൊല്ലിയുള്ള ശങ്കകള്‍ വലുതാകുന്നു. മുന്‍കാല അനുഭവങ്ങള്‍ അതിന്‌ അടിസ്ഥാനമായി ഉണ്ട്‌ താനും. ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും സഹായിച്ച്‌ നിത്യഹരിത വിപ്ലവത്തിന്‌ ശ്രമിക്കാമെന്ന്‌ ഒബാമ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം സുവ്യക്തമാണ്‌. അമേരിക്കന്‍ കമ്പനികളില്‍ നിന്ന്‌ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേക്ക്‌ ഒഴുകണം. അതുപയോഗപ്പെടുത്താന്‍ ത്രാണിയുള്ളവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്‌തുകൊടുക്കണം. ഈ കുത്തൊഴുക്കിനെ ഉപയോഗപ്പെടുത്താന്‍ ശക്തിയില്ലാത്തവന്‍ ഒലിച്ചുപോകുക എന്നത്‌ സ്വാഭാവികം മാത്രം. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ അവസാന ശ്വാസനത്തിനൊപ്പം കര്‍ഷകന്റെ കുരലില്‍ നിന്നുയരുന്ന ആര്‍ത്ത നാദം നിലക്കില്ലെന്ന്‌ അര്‍ഥം. 1991 മുതല്‍ ആരംഭിച്ച്‌ അനുസ്യൂതം തുടര്‍ന്ന കമ്പോളം തുറന്നുനല്‍കല്‍ പ്രക്രിയയുടെ ഫലമായിരുന്നു ഈ ആത്മഹത്യകള്‍. ആ നിലക്ക്‌ കൂടുതല്‍ തുറന്നു നല്‍കലുകള്‍ ആത്മാഹുതികളുടെ തോത്‌ വര്‍ധിപ്പിക്കുമെന്ന്‌ ഉറപ്പ്‌.

ലോകത്ത്‌ തന്നെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സര്‍വകലാശാലകളുടെ പ്രയോജനം ഇന്ത്യക്കാര്‍ക്ക്‌ സമ്മാനിക്കുമെന്ന്‌ പറഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല അമേരിക്കക്ക്‌ വേണ്ടി തുറന്നു കൊടുക്കുമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. തദ്ദേശീയരായ സ്വകാര്യ മുതലാളിമാര്‍ ലാഭമുറപ്പുള്ള കറവക്കായി കൊണ്ടുനടക്കുന്നതാണ്‌ വിദ്യാഭ്യാസ മേഖല. അതിനെ അമേരിക്കയുടെ തൊഴുത്തില്‍ കൂടി കൊണ്ടുപോയി നിര്‍ത്തിക്കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അമേരിക്കയുടെതടക്കം വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏറെ വൈകാതെ അവയുടെ ആധിപത്യം പ്രകടമാകുമെന്ന്‌ ഉറപ്പ്‌. ഏത്‌ കാര്യത്തിലും വൈദേശിക സ്‌പര്‍ശമുണ്ടാവുന്നതില്‍ ഉള്‍പ്പുളകം കൊള്ളുന്ന `ലോകത്തെ ഏറ്റവും വലിയ മധ്യവര്‍ഗ വിഭാഗം'?(ഒബാമ തന്നെ ഉപയോഗിച്ച പ്രയോഗം) ഉണ്ടെന്നുള്ളത്‌ ഈ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വൈകാതെ വിദേശ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പഠനത്തിന്‌ ഉതകും വിധത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ പദ്ധതി പൊളിച്ചെഴുതേണ്ട സ്ഥിതി വരും. നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ തന്നെ ലോകത്തെ ഇതര രാഷ്‌ട്രങ്ങളിലെല്ലാം തൊഴിലുറപ്പാക്കാനോ, അവിടങ്ങളില്‍ നിന്നുള്ള ജോലികള്‍ ആകര്‍ഷിക്കാനോ പാകത്തിലുള്ള മനുഷ്യ വിഭവശേഷി സൃഷ്‌ടിക്കാന്‍ സാധിച്ചിട്ടുണ്ട്‌. എന്നിട്ടും അമേരിക്കയുടെ മികവിന്റെ കേന്ദ്രങ്ങള്‍ക്ക്‌ വാതില്‍ തുറന്നുകൊടുക്കണമെന്ന്‌ പറയുന്നത്‌ അവരുടെ സഹായത്തിന്‌ വേണ്ടി മാത്രമാകാനേ തരമുള്ളൂ.

പ്രതിരോധ മേഖല ഇതിനകം തന്നെ ഏറെക്കുറെ അമേരിക്കയുടെയോ ഇസ്‌റാഈലിന്റെയോ നിയന്ത്രണത്തിലാണ്‌. അത്‌ കൂടുതല്‍ വ്യാപിപ്പിക്കുക എന്നതാണ്‌ ഒബാമ ഉദ്ദേശിക്കുന്നത്‌. ആയുധ വിപണിയാണ്‌ അമേരിക്കന്‍ സമ്പദ്‌ഘടനയുടെ മൂലക്കല്ലുകളില്‍ ഒന്ന്‌. അത്‌ കൂടുതല്‍ ഊര്‍ജസ്വലമാക്കി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്നതാണ്‌ ഉദ്ദേശ്യം. താന്‍ പ്രസിഡന്റായിരിക്കുന്ന കാലത്തെ നേട്ടങ്ങളല്ല ഒബാമ ലക്ഷ്യമിടുന്നത്‌. വരുന്ന പത്തോ ഇരുപതോ വര്‍ഷത്തേക്ക്‌ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ കരാറുകള്‍ ഉറപ്പിക്കുകയാണ്‌ അദ്ദേഹം. ആ ദീര്‍ഘദൃഷ്‌ടിക്കു മുന്നിലാണ്‌ മന്‍മോഹന്‍ സിംഗിനെപ്പോലുള്ള നേതാക്കള്‍ കണ്ണടച്ചു നില്‍ക്കുന്നത്‌. പ്രതിഫലമായി പ്രതീക്ഷിക്കുന്നത്‌ വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക്‌ വേണ്ടിവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള സഹായമാണ്‌. ആര്‍ക്കാണ്‌ ഊര്‍ജം ഏറെ വേണ്ടിവരുന്നത്‌? ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കും നിക്ഷേപമിറക്കാനെത്തുന്ന വിദേശ കമ്പനികള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമൊക്കെയാണ്‌. ചുരുക്കത്തില്‍ ഇന്ത്യന്‍ വിഭവങ്ങളുടെ സമ്പൂര്‍ണ ചൂഷണം, തദ്ദേശീയര്‍ ചീഞ്ഞ്‌ അമേരിക്കക്ക്‌ വളമാവുന്ന അവസ്ഥ.

കാര്യസാധ്യത്തിന്‌ ഏറെ എളുപ്പമുള്ള വഴി പ്രശംസയാണ്‌. അത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന്‌ ഒബാമക്ക്‌ പകര്‍ന്നു കിട്ടിയ പാഠമാകണം. മുഖസ്‌തുതിക്ക്‌ പകരമായി എന്തും നല്‍കാന്‍ തയ്യാറായിരുന്നു പുരാതന രാജ പരമ്പര. കാഴ്‌ചവസ്‌തുക്കളും പ്രശംസയും പ്രലോഭനങ്ങളുമൊക്കെ തന്നെയായിരുന്നു ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ആദ്യത്തെ ആയുധങ്ങള്‍. ഇവിടെ ഇന്ത്യന്‍ പാരമ്പര്യത്തെ വാനോളം പുകഴ്‌ത്തി ഒബാമ. ജനാധിപത്യ സമ്പ്രദായത്തിന്റെ കരുത്തിനെ പ്രത്യേകം പരാമര്‍ശിച്ചു. സുതാര്യവും നീതിപൂര്‍വകവുമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ പ്രകീര്‍ത്തിച്ചു. മഹാത്‌മാ ഗാന്ധിയെ, അതൊരുപക്ഷേ ആഫ്രിക്കന്‍ വംശജനായതുകൊണ്ടുള്ള പ്രത്യേകതയാവാം, ഓര്‍ക്കാതെ ഒരിടത്തുപോലും സംസാരിച്ചില്ല അദ്ദേഹം. സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും മുന്നോട്ടുവെച്ച ആശയങ്ങള്‍ എടുത്തുപറഞ്ഞു. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃപാടവത്തെ പുകഴ്‌ത്തി. സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ കുളിര്‌ കോരിയിടുന്നതായിട്ടുണ്ടാവണം. വാഴ്‌ത്തു വചനങ്ങളിലൂടെ ലക്ഷ്യമിട്ടതെല്ലാം സാധിച്ചെടുത്തുവെന്ന്‌ തന്നെ കരുതണം. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ സുസ്‌മേര വദനനായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്‌. എല്ലാറ്റിനെയും അംഗീകരിച്ച്‌ കൈയടികള്‍ പല കുറി മുഴങ്ങി അവിടെ. 


ആഭ്യന്തരതലത്തില്‍ മാത്രമല്ല, അന്താരാഷ്‌ട്ര രംഗത്തും ഇന്ത്യന്‍ നിലപാടുകളെ പൂര്‍ണമായും അമേരിക്കന്‍ പക്ഷത്തേക്കെത്തിക്കാന്‍ ഒബാമക്ക്‌ സാധിച്ചിരിക്കുന്നു. ആണവ കരാറെന്ന ഇരയായിരുന്നു ഇതുവരെ ചൂണ്ടയിലുണ്ടായിരുന്നത്‌. ഇപ്പോഴിതാ ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം എന്ന പുല്ല്‌ ഇന്ത്യന്‍ കുതിരക്ക്‌ (അതോ കഴുതക്കോ) മുന്നില്‍ കെട്ടിയിട്ടിരിക്കുന്നു. ഈ പുല്ലിന്‌ വേണ്ടി ഏത്‌ വഴിയിലൂടെയും നടന്നോളുമെന്ന്‌ അമേരിക്കക്ക്‌ നന്നായറിയാം. രക്ഷാസമിതിയുടെ പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്‌. വീറ്റോ അധികാരമുള്ള ചൈനയുടെ കൂടി സമ്മതം ആവശ്യമുള്ള പ്രക്രിയ. അതിര്‍ത്തിയെച്ചൊല്ലിയുള്ള തര്‍ക്കത്തിലുപരി, ഏഷ്യന്‍ മേഖലയില്‍ ഇന്ത്യക്ക്‌ കൈവരുന്ന പ്രാമുഖ്യത്തെ വെല്ലുവിളിയായി കാണുന്ന ചൈന, രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള അപേക്ഷ അംഗീകരിച്ച്‌ നല്‍കുമെന്ന്‌ കരുതുക പ്രയാസം. അതുകൊണ്ടുതന്നെ തീര്‍ത്തും സുഭദ്രമായ ഒരു പ്രസ്‌താവന, 


`ഉടച്ചുവാര്‍ക്കപ്പെടുന്ന രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരാംഗമായി ഇരിക്കുന്നത്‌ വരും വര്‍ഷങ്ങളിലുണ്ടാവുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന്‌, നടത്താന്‍ ഒബാമക്ക്‌ ഒട്ടും മടിക്കേണ്ട ആവശ്യമില്ല. ഇതിനുള്ള പ്രത്യുപകാരമോ ഇറാനടക്കം അമേരിക്ക ശത്രുപക്ഷത്ത്‌ നിര്‍ത്തുന്നവര്‍ക്കെല്ലാമെതിരെ ഇന്ത്യ നീങ്ങണം. രക്ഷാ സമിതി ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പാക്കണം. അതൊരുപക്ഷേ, അമേരിക്ക ഏകപക്ഷീയമായി ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളുടെ നടപ്പാക്കലുമാകാം. പാര്‍ലിമെന്റിലെ പ്രസംഗത്തില്‍ ഇസ്‌ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ ഇറാന്റെ കാര്യം ഒബാമ പ്രത്യേകം പരാമര്‍ശിച്ചു. ഇറാന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചക്കും ഇന്ത്യ സന്നദ്ധമാകരുതെന്ന സന്ദേശം.
അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവും പുറത്തിറക്കിയിട്ടുണ്ട്‌. അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്കനുസൃതമായ ഇത്തരം നിലപാടുകളിലേക്ക്‌ നീങ്ങുമ്പോള്‍, അമേരിക്കയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യസ്ഥാനമായി ഇന്ത്യ പ്രതിഷ്‌ഠിക്കപ്പെടുമെന്ന്‌ ഉറപ്പ്‌. വികസിച്ച്‌ വരാനിടയുള്ള ഈയൊരു കാലത്ത്‌ എന്തായിരിക്കും ഇന്ത്യയുടെ സ്ഥാനം? പാക്കിസ്ഥാന്റെതിന്‌ തുല്യമോ, അതോ അതിലും മോശമോ?