2010-10-01

വിധിയിലെ വിശ്വാസങ്ങള്‍ബാബരി മസ്‌ജിദ്‌ നില നിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച്‌ പുറപ്പെടുവിച്ച വിധി പലതുകൊണ്ടും പ്രധാനമാണ്‌. 60 വര്‍ഷം മുമ്പ്‌ ആരംഭിക്കുകയും പല കാരണങ്ങളാല്‍ മാറ്റിമാറ്റിവെക്കുകയും ചെയ്‌ത ഒരു സിവില്‍ കേസില്‍ വിധി വന്നുവെന്നതാണ്‌ അതില്‍ ഏറ്റവും മുമ്പന്തിയില്‍. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ മുമ്പ്‌ തന്നെ വിധി വന്നിരുന്നുവെങ്കില്‍ ഇത്രയും രക്തരൂഷിതമായ രാഷ്‌ട്രീയ മുതലെടുപ്പ്‌ ഇതിന്റെ പേരില്‍ ഉണ്ടാകുമായിരുന്നില്ല എന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. 


സരയൂ നദിക്കരയില്‍ അയോധ്യാ നഗരിയില്‍ ശ്രീരാമന്‍ ജനിച്ചുവെന്നതാണ്‌ വിശ്വാസം. സന്താന സൗഭാഗ്യമില്ലാതിരുന്ന ദശരഥ മഹാരാജാവ്‌ പുത്രകാമേഷ്‌ടി യാഗം നടത്തി, ഹവിസ്സ്‌ നാല്‌ ഭാര്യമാര്‍ക്കായി പങ്കിട്ടുവെന്നും അതില്‍ മൂത്തവളായ കൗസല്യക്ക്‌ പുരുഷന്‍മാരില്‍ ഉത്തമനായ രാമന്‍ ജനിച്ചുവെന്നുമാണ്‌ പുരാണ കഥ. രാമന്റെ ജന്മസ്ഥലം ബാബരി മസ്‌ജിദ്‌ നിലനില്‍ക്കുന്ന സ്ഥലമാണെന്ന വാദം ഉന്നയിക്കപ്പെടുന്നതിന്റെ അടിസ്ഥാനം അന്നും ഇന്നും വ്യക്തമല്ല. ഇപ്പോള്‍ കോടതി വിധി പുറത്തുവരുമ്പോഴും അത്‌ വ്യക്തമാവുന്നില്ല. വിശ്വാസത്തെ അംഗീകരിക്കും വിധത്തിലാണ്‌ മൂന്ന്‌ ജഡ്‌ജിമാരില്‍ രണ്ട്‌ പേരെങ്കിലും വിധി രേഖപ്പെടുത്തുന്നത്‌.

രാമക്ഷേത്രം തകര്‍ത്താണ്‌ ബാബര്‍ മസ്‌ജിദ്‌ നിര്‍മിച്ചതെന്ന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഒരു ജഡ്‌ജിയെങ്കിലും അഭിപ്രായപ്പെടുന്നുണ്ട്‌. രാമന്‍ ജനിച്ച സ്ഥലമിതാണെന്ന വിശ്വാസം അംഗീകരിച്ചാല്‍ ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന വാദം തള്ളിക്കളയേണ്ടിവരും. ദശരഥ മഹാരാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നുവെന്ന്‌ വാദിക്കുന്നതാവും കൂടുതല്‍ ഉചിതം. അങ്ങനെയാണെങ്കില്‍ മാത്രമേ പുരാണ കഥയനുസരിച്ച്‌ രാമന്‌ ഇവിടെ ജനിക്കാന്‍ സാധിക്കൂ. ദശരഥ ഗേഹം തകര്‍ത്ത്‌ ആരെങ്കിലും ക്ഷേത്രം പണിതിട്ടുണ്ടെങ്കില്‍, കൊടിയ പാപം അന്നേ നടന്നുവെന്ന്‌ കരുതണം. ദൈവിക ചൈതന്യമായി ഇപ്പോള്‍ കോടതി പോലും പറയുന്ന പുരുഷോത്തമന്‍ ജനിച്ചുവീണ കെട്ടിടം, അത്‌ പുണ്യ ഗേഹമാണ്‌, തകര്‍ത്ത്‌ ക്ഷേത്രം പണിതത്‌ ആരെന്ന്‌ ആദ്യം കണ്ടെത്തണം. ഇനി കൊട്ടാരം തന്നെ ക്ഷേത്രമായി പരിണമിപ്പിച്ചതാണോ എങ്കില്‍ അത്‌ വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. ഹൈന്ദവ രീതി മര്യാദകളനുസരിച്ച്‌ ക്ഷേത്രത്തിന്‌ വ്യക്തമായ അളവുകളും രൂപകല്‍പ്പനയുമുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ കൊട്ടാരം ക്ഷേത്രമായി പരിണമിപ്പിക്കുക എന്നത്‌ തീര്‍ത്തും അസംഭവ്യം. വിശ്വാസത്തെ യാഥാര്‍ഥ്യവും കണ്‍മുന്നില്‍കണ്ട വസ്‌തുതകളുമായി കൂട്ടിക്കുഴക്കുമ്പോള്‍ ഇത്തരം വലിയ യുക്തിരാഹിത്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ടിവരും. അതിന്‌ ജഡ്‌ജിമാര്‍ക്കല്ല, ത്രികാല ജ്ഞാനികളെന്ന്‌ സ്വയം അഹങ്കരിക്കുന്ന കാഷായ വേഷധാരികള്‍ക്ക്‌ പോലും കഴിഞ്ഞെന്ന്‌ വരില്ല.

രാമ ജന്‍മഭൂമിയെന്ന്‌ ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം തന്നെയാണ്‌ രാമജന്‍മഭൂമിയെന്ന്‌ ജസ്റ്റിസ്‌ ധരംവീര്‍ ശര്‍മ സ്ഥാപിക്കുന്നത്‌ തത്വശാസ്‌ത്രത്തെ കൂട്ടുപിടിച്ചാണ്‌. നിര്‍രൂപം, നിര്‍മയം, നിരാകാരം എന്നിങ്ങനെ ഈശ്വര ചൈതന്യത്തെ വിശേഷിപ്പിക്കുന്ന ഹൈന്ദവ തത്വചിന്തയെ അദ്ദേഹം കൂട്ടുപിടിക്കുന്നു. ഈശ്വര ചൈതന്യത്തിന്‌ ഏത്‌ രൂപവും ഭാവവും കൈവരിക്കാം. ഏതിലും ഈശ്വര ചൈതന്യം ആരോപിക്കപ്പെടാം. അത്‌ ആരോപിക്കുന്നവന്റെ ആഗ്രഹത്തിന്റെ മൂര്‍ത്തീകരണമാണ്‌. അതുകൊണ്ട്‌ രാമ ജന്‍മഭൂമിയെന്ന്‌ ഹിന്ദുക്കള്‍ വിശേഷിപ്പിക്കുന്ന ഈ സ്ഥലത്തിന്‌ രാമ ജന്‍മഭൂമി എന്ന നിലക്ക്‌ മൂര്‍ത്തിമദ്‌ഭാവം കൈവന്നിരിക്കുന്നുവെന്നാണ്‌ ജസ്റ്റിസ്‌ ധരംവീര്‍ ശര്‍മയുടെ പക്ഷം. എന്തിലും ഏതിലും ഈശ്വര ചൈതന്യത്തെ ആരോപിക്കുന്ന ജസ്റ്റിസിന്റെ യുക്തി വൈഭവം വിധിന്യായത്തില്‍ നഷ്‌ടമാവുന്നതും കാണാം. നാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ മുതല്‍ മുസ്‌ലിംകള്‍ പൂര്‍ണ വിശ്വാസത്തോടെ നിസ്‌കരിച്ചിരുന്ന കെട്ടിടം പള്ളിയാണെന്ന്‌ അംഗീകരിക്കാന്‍ ജസ്റ്റിസിന്‌ സാധിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച്‌ ഈ കെട്ടിടം പള്ളിയായി കണക്കാക്കാനാവില്ലെന്ന യുക്തിയാണ്‌ ഇവിടെ ജസ്റ്റിസ്‌ ധരംവീര്‍ ശര്‍മയെ ഭരിക്കുന്നത്‌. എങ്ങനെയാണ്‌ ഒരിടത്ത്‌ വിശ്വാസവും ഒരിടത്ത്‌ യുക്തിയും മാനദണ്ഡമാവുന്നത്‌ എന്ന്‌ മനസ്സിലാക്കുക പ്രയാസം.

ഹൈന്ദവ പ്രമാണങ്ങളനുസരിച്ച്‌ ദശരഥ ഗേഹം ക്ഷേത്രമായി കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ നിലനിന്നുവെന്ന്‌ പറയുന്നത്‌ ഹൈന്ദവ പ്രമാണങ്ങളനുസരിച്ച്‌ ക്ഷേത്രമായിരുന്നില്ല എന്ന നിഗമനത്തില്‍ ജസ്റ്റിസ്‌ ശര്‍മ എത്തിച്ചേരുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച്‌ പള്ളിയല്ലെന്ന്‌ വിലയിരുത്തുമ്പോള്‍ ഹൈന്ദവ പ്രമാണങ്ങളനുസരിച്ച്‌ ക്ഷേത്രമായിരുന്നോ എന്ന്‌ കൂടി വ്യക്തമാക്കേണ്ട ബാധ്യത ജഡ്‌ജിക്കുണ്ടായിരുന്നു.
ബാബരി മസ്‌ജിദിനകത്ത്‌ വിഗ്രഹങ്ങള്‍ 1949ല്‍ രഹസ്യമായി സ്ഥാപിച്ചതാണെന്ന്‌ മൂന്ന്‌ ജഡ്‌ജിമാരും സംശയലേശമില്ലാതെ സമ്മതിക്കുന്നു. ഈ വിഗ്രഹങ്ങള്‍ സ്ഥാപിച്ച സ്ഥലം രാമജന്‍മ ഭൂമിയായി പരിഗണിക്കുകയും ചെയ്യുന്നു. ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്നതാണ്‌ ഈ വിധി. ബ്രിട്ടീഷുകാര്‍ അവരുടെ അധികാരമുറപ്പിക്കലിന്റെ ഭാഗമായി വര്‍ഗീയ പ്രീണനത്തിന്‌ ഉപയോഗിക്കുകയും പിന്നീട്‌ അധികാരത്തിലേക്കുള്ള വഴിയായി സംഘ്‌പരിവാര്‍ തിരഞ്ഞെടുക്കുകയും ചെയ്‌ത തര്‍ക്കം ഇതിനകം നിരവധി നിരപരാധികളുടെ ജീവന്‍ എടുത്തിട്ടുണ്ട്‌. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥ ക്ഷേത്രത്തില്‍ നിന്ന്‌ അയോധ്യയിലേക്ക്‌ നടന്ന രഥയാത്രയും അതിന്റെ ഭാഗമായി ആസൂത്രിതമായി നടന്ന ന്യൂനപക്ഷ വേട്ടയും ഉദാഹരണം മാത്രം. ഇത്രമാത്രം രാഷ്‌ട്രീയവത്‌കരിക്കപ്പെടുകയും വര്‍ഗീയത വളര്‍ത്തി അധികാരത്തിലേക്കുള്ള വഴി തുറക്കാന്‍ സംഘപരിവാര്‍ സംഘടന ശ്രമിക്കുകയും ചെയ്‌തതിനാല്‍ ഒരു ഒത്തുതീര്‍പ്പിന്‌ സമാനമായ വിധിന്യായം പുറപ്പെടുവിക്കുകയാണ്‌ കോടതി ചെയ്‌തത്‌ എന്ന്‌ വേണമെങ്കില്‍ കരുതാം. അവകാശവാദം ഉന്നയിച്ച പ്രധാന കക്ഷികള്‍ക്കെല്ലാം ഭൂമിയില്‍ തുല്യാവകാശം ലഭിക്കും വിധത്തിലുള്ള വിധി. കേസിലുള്‍പ്പെട്ട സ്ഥലത്ത്‌ പള്ളിയും അമ്പലവും ഒരുമിച്ച്‌ നിര്‍മിക്കുക എന്നത്‌ പോലുള്ള പരിഹാര നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. ഏറെക്കുറെ അതിന്‌ സമാനമായ നിര്‍ദേശമാണ്‌ ഇപ്പോള്‍ കോടതിയും മുന്നോട്ടുവെച്ചിരിക്കുന്നത്‌. ചരിത്രം, വസ്‌തുത എന്നിവയെ അപേക്ഷിച്ച്‌ വിശ്വാസത്തിന്‌ പ്രാമുഖ്യം ലഭിച്ചതാണ്‌ നീതി പീഠത്തെക്കുറിച്ച്‌ സംശയങ്ങള്‍ ഉയരാന്‍ കാരണം. 


ബാബരി മസ്‌ജിദ്‌ മാത്രമല്ല, സംഘപരിവാറിന്റെ അവകാശവാദപ്പട്ടികയിലുള്ളത്‌. മഥുര, വരാണസി എന്ന്‌ തുടങ്ങി നിരവധി സ്ഥലങ്ങളുണ്ട്‌. മഥുരയില്‍ ഒരു ചുവരിന്റെ വേര്‍തിരിവാണ്‌ ക്ഷേത്രവും പള്ളിയും തമ്മിലുള്ളത്‌. നീതിപീഠം ഇപ്പോള്‍ അംഗീകരിച്ച്‌ കൊടുത്ത വിശ്വാസത്തിന്റെ പ്രമാണികത്വത്തെ അടിസ്ഥാനമാക്കി അവിടങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ സംഘ്‌പരിവാര്‍ തീരുമാനിച്ചാല്‍ എന്താവും സ്ഥിതി? കോടതി വിധിക്കു മുന്നില്‍ നമ്രശിരസ്‌കരാവുന്ന മട്ടില്‍ ഇപ്പോള്‍ കാട്ടുന്ന സുമനസ്സ്‌ സംഘ്‌പരിവാരത്തിന്‌ പിന്നീടുണ്ടാവുമെന്ന്‌ കരുതുന്നത്‌ വിഡ്‌ഢിത്തമാവും.

ഏത്‌ കല്ലിനും കഥപറയാന്‍ സാധിക്കും വിധത്തിലുള്ള സംസ്‌കാരിക പൈതൃകമാണ്‌ രാജ്യത്തുള്ളതെന്നാണ്‌ ജസ്റ്റിസ്‌ എം എസ്‌ ലിബര്‍ഹാന്‍ തന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അധിനിവേശങ്ങളും ആധിപത്യമുറപ്പിക്കലും പലകുറി നടന്ന മണ്ണ്‌. പല മത വിഭാഗങ്ങളെയും കൈനീട്ടി സ്വീകരിച്ച ചരിത്രം. അതിന്റെയൊക്കെ ശേഷിപ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. അതെല്ലാം തുരന്ന്‌ വിശ്വാസമുറപ്പിക്കാന്‍ തുടങ്ങിയാല്‍ എവിടെ എത്തിച്ചേരും. രേഖകളും തെളിവുകളും പരിശോധിച്ച്‌ വിധിതീര്‍പ്പിലെത്തേണ്ട നീതിപീഠങ്ങള്‍ വിശ്വാസത്തെ അധിഷ്‌ഠിതമാക്കാന്‍ തുടങ്ങിയാല്‍? കേരളത്തില്‍ നിലക്കല്‍ മഹാദേവക്ഷേത്രത്തിന്‌ സമീപം കല്‍ക്കുരിശ്‌ പ്രത്യക്ഷപ്പെട്ടത്‌ ഒരു കാലത്ത്‌ വലിയ വിവാദമാണ്‌ സൃഷ്‌ടിച്ചത്‌. തോമാശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ സ്ഥാപിച്ചതാണ്‌ കല്‍ക്കുരിശെന്നായിരുന്നു വാദം. ഇതിന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ പഠനങ്ങളുടെ പിന്തുണയുണ്ടെന്ന്‌ അന്ന്‌ അവകാശപ്പെട്ടിരുന്നത്‌ മന്ത്രിമാര്‍ തന്നെയാണ്‌. നിലക്കലില്‍ കല്‍ക്കുരിശ്‌ സ്ഥാപിച്ച്‌ ശബരിമല ശാസ്‌താവിന്റെ പൂങ്കാവനത്തില്‍ പള്ളി സ്ഥാപിക്കാനാണ്‌ ശ്രമമെന്ന്‌ അന്ന്‌ വാദിച്ചത്‌ ആര്‍ എസ്‌ എസ്സുകാരാണ്‌. ലക്‌നോ ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ നിലക്കലില്‍ കണ്ട കല്‍ക്കുരിശിന്‌ ആധികാരികത നല്‍കാവുന്നതാണ്‌. ക്രൈസ്‌തവ വിഭാഗക്കാര്‍ മുന്‍കാലത്തു തന്നെ കുടിയേറിത്താമസിച്ചിട്ടുണ്ടെന്നതിനാല്‍ ഖനനം ചെയ്‌താല്‍ അതിന്റെ നീക്കിബാക്കികള്‍ കണ്ടെത്താനും പ്രയാസമാവില്ല. തോമാശ്ലീഹ സ്ഥാപിച്ചതാണ്‌ കുരിശെന്ന വിശ്വാസത്തിന്റെ മൂര്‍ത്തിമദ്‌ഭാവം നിലക്കലാണെന്ന്‌ വേണമെങ്കില്‍ വിലയിരുത്താം. ഇങ്ങനെയൊരു വിലയിരുത്തലുണ്ടായാല്‍ എന്താവും സ്ഥിതി?

ബാബരി മസ്‌ജിദ്‌ എന്തായാലും ചരിത്ര സ്‌മാരകമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്നതുകൊണ്ടുതന്നെ പുരാവസ്‌തു ഗവേഷക വകുപ്പ്‌ ഏറ്റെടുത്ത്‌ സംരക്ഷിക്കേണ്ട കെട്ടിടം. അത്‌ തകര്‍ക്കപ്പെട്ടതില്‍ കോടതിക്ക്‌ ഖേദമൊന്നുമുള്ളതായി തോന്നുന്നില്ല. അധിനിവേശത്തിന്റെ പുതിയ കാലഘട്ടങ്ങളില്‍ പഴയത്‌ ചിലതെല്ലാം തകര്‍ക്കപ്പെടുക എന്നത്‌ സ്വാഭാവിക രീതി മാത്രമാണെന്ന വിലയിരുത്തലിലാണോ കോടതി എന്ന്‌ തോന്നിപ്പോവും. മസ്‌ജിദിന്റെ മുഖ്യ മിനാരത്തിന്‌ കീഴെ 1949ല്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച സ്ഥലം രാമജന്‍മസ്ഥാനമാണെന്ന്‌ അംഗീകരിക്കുമ്പോള്‍ മസ്‌ജിദ്‌ തകര്‍ത്തതിനെ പരോക്ഷമായി ന്യായീകരിക്കുകയാണ്‌ കോടതി. ഇത്‌ സംഘ്‌ പരിവാര്‍ സംഘടനകള്‍ക്ക്‌ ശക്തി പകരുന്നതുമാണ്‌. പക്ഷേ, ഇതേ നിലപാട്‌ അഫ്‌ഗാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധ പ്രതിമകളുടെ കാര്യത്തില്‍ സംഘ്‌ പരിവാറോ അവയുടെ നേതാക്കളോ സ്വീകരിക്കുമോ? താലിബാന്‍ ഭരണകൂടം അവരുടെ പ്രാക്തന സംസ്‌കൃതിയുടെ വീണ്ടെടുപ്പിനായാണ്‌ ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തത്‌ എന്ന്‌ കാബൂളിലെ കോടതി ഭാവിയില്‍ വിധിച്ചാല്‍ സഹിക്കുമോ ഇവര്‍? ഇവരെന്നല്ല, വിവിധ സംസ്‌കാരങ്ങളുടെ ശേഷിപ്പുകള്‍ നിലനില്‍ക്കണമെന്നും ബഹുസ്വരത തുടരണമെന്നും ആഗ്രഹിക്കുന്നവര്‍ സഹിക്കുമോ? 


ഇറാഖിന്റെ ഗര്‍ഭത്തിലെ എണ്ണ നിക്ഷേപം കവരുക എന്ന ലക്ഷ്യത്തോടെ കൃത്രിമമായ കാരണങ്ങള്‍ സൃഷ്‌ടിച്ച്‌ അവരെ ആക്രമിച്ച അമേരിക്കയും സഖ്യകക്ഷികളും മെസപ്പട്ടോമിയന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിശ്ശേഷം തുടച്ചുനീക്കുകയാണ്‌ ചെയ്‌തത്‌. മെസപ്പട്ടോമിയന്‍ കാലത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന മ്യൂസിയങ്ങള്‍ മുഴുവന്‍ അമേരിക്ക കൊള്ളയടിച്ചിരിക്കുന്നു. തങ്ങള്‍ സമൃദ്ധമായ സാംസ്‌കാരിക പൈതൃകത്തിന്റെ തുടര്‍ച്ചയാണെന്ന ബോധം ഇറാഖിന്റെ വരും തലമുറകളില്‍ നിന്ന്‌ ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യം കൂടി അമേരിക്കക്കുണ്ട്‌. അത്തരം ഇല്ലാതാക്കലുകളുടെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ കോടതി വിധി.
വിധി സംബന്ധിച്ച മൂന്ന്‌ ജഡ്‌ജിമാരുടെയും നിരീക്ഷണങ്ങള്‍ കണക്കിലെടുത്താല്‍ ജസ്റ്റിസ്‌ എസ്‌ യു ഖാന്റേതാണ്‌ താരതമ്യേന കൂടുതല്‍ യുക്തിഭദ്രം എന്ന്‌ വിലയിരുത്തേണ്ടിവരും. 1997 മുമ്പ്‌ കൈവശാവകാശത്തിലുള്ള ഭൂമിക്ക്‌ മുഴുവന്‍ പട്ടയം നല്‍കാനാണ്‌ കേരള സര്‍ക്കാറിന്റെ തീരുമാനം. അതുപോലൊരു സമീപനമാണ്‌ ജസ്റ്റിസ്‌ ഖാന്‍ സ്വീകരിച്ചത്‌. ഹിന്ദുക്കളും മുസ്‌ലിംകളും ദീര്‍ഘകാലമായി കൈവശം വെച്ചിരിക്കുന്ന, വ്യക്തമായ രേഖകളില്ലാത്ത ഭൂമി. അതിന്‍മേല്‍ ഇരുകൂട്ടര്‍ക്കും നിര്‍മോഹി അഖാര എന്ന സംഘടനക്കും അവകാശമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തുല്യമായി പങ്കിടാന്‍ വിധിക്കുന്നു. ഇത്‌ രാഷ്‌ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായ വിധിയാണെന്ന്‌ വേണമെങ്കില്‍ വിലയിരുത്താം. സമാനമായ നിര്‍ദേശം പുറപ്പെടുവിക്കുന്നുവെങ്കിലും മറ്റ്‌ ജഡ്‌ജിമാര്‍ വിശ്വാസത്തിനൊപ്പം നില്‍ക്കുന്ന നിലപാട്‌ സ്വീകരിക്കുകയാണ്‌. കുറേക്കൂടി സത്യസന്ധമായി വസ്‌തുതകളെ സമീപിക്കുകയും വ്യക്തമായ രേഖകളില്ലാത്ത ഭൂമി, കൈവകാശത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി മൂന്ന്‌ പേര്‍ക്കായി പങ്കിടാന്‍ വിധിക്കുന്നുവെന്ന്‌ തുറന്ന്‌ പറയുകയും ചെയ്‌തിരുന്നുവെങ്കില്‍ അതിന്‌ കുറേക്കൂടി ബലം കൈവരുമായിരുന്നു. മറ്റിടങ്ങളില്‍ ബാധകമാക്കാന്‍ സാധിക്കാത്ത സാഹചര്യവും സൃഷ്‌ടിക്കപ്പെടുമായിരുന്നു. അതിന്‌ പകരം കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാവുകയാണ്‌. വിധിയനുസരിച്ച്‌ പങ്കിടല്‍ നടക്കുകയും ക്ഷേത്രമുയരുകയും ചെയ്‌താല്‍ വൈകാതെ വലിയ ഭിന്നിപ്പുണ്ടാവുക നിര്‍മോഹി അഖാരയും ഹിന്ദു മഹാസഭയും തമ്മിലായിരിക്കുമെന്ന്‌ ഉറപ്പ്‌. വലിയ വരുമാനത്തിന്‌ സാധ്യതയുള്ള രണ്ട്‌ ഇടങ്ങളിലെ മാനേജ്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും ഭിന്നിപ്പും. ഇതേ ഭിന്നിപ്പാണ്‌ പണ്ട്‌ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്‌. അത്‌ കൂടുതല്‍ പേരിലേക്ക്‌ പടര്‍ത്തി പ്രശ്‌ന പരിഹാരത്തിന്റെ പ്രതീതി ജനിപ്പിക്കപ്പെടുകയാണ്‌ ഇവിടെ. പ്രശ്‌നവും മുതലെടുപ്പിനുള്ള സാധ്യതകളും നിലനിര്‍ത്തുകയോ വ്യാപിപ്പിക്കുകയോ ചെയ്‌തുകൊണ്ട്‌.