2010-09-23

സമാധാനത്തിന്റെ ക്രമംബാബരി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച്‌ വിധി പറയുമ്പോള്‍ ഏറെ ശ്രദ്ധേയമാവുന്നത്‌ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടാണ്‌. ബാബരി മസ്‌ജിദുമായി ബന്ധപ്പെട്ട നിര്‍ണായക സംഭവവികാസങ്ങളുണ്ടായപ്പോഴൊക്കെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു കേന്ദ്രത്തില്‍. കര്‍സേവക്ക്‌ ലഭിച്ച അനുമതിയുടെ മറവില്‍ സംഘ്‌പരിവാറിന്റെ നേതൃത്വത്തില്‍ ബാബരി മസ്‌ജിദിന്റെ മിനാരങ്ങള്‍ തച്ചുതകര്‍ക്കുമ്പോള്‍ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സര്‍ക്കാറായിരുന്നു ഭരണത്തില്‍. ഇന്ന്‌ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലിരിക്കുന്നു. കാഞ്ഞ വെള്ളത്തില്‍ ഒരിക്കല്‍ വീണതുകൊണ്ടുതന്നെ ബി ജെ പി, ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി എന്നിത്യാദി കക്ഷികളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ്‌ ദിഗ്‌വിജയ്‌ സിംഗിനെപ്പോലുള്ള നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിന്‌ നല്‍കുന്നുണ്ട്‌. കേന്ദ്ര സര്‍ക്കാറാവട്ടെ, വിധിയെത്തുടര്‍ന്ന്‌ ക്രമസമാധാന പ്രശ്‌നമുണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന തിരക്കിലുമാണ്‌. വിധിയോട്‌ വൈകാരിക പ്രതികരണങ്ങളുണ്ടാവരുതെന്നും നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാന്‍ സന്നദ്ധമാവണമെന്നും ഇരുപക്ഷവും പുറപ്പെടുവിക്കുന്ന പ്രസ്‌താവനകളില്‍ ആശ്വാസം കൊള്ളുകയും ചെയ്യുന്നു.

പാരീസിലെ സൗത്ത്‌ ഏഷ്യന്‍ പൊളിറ്റിക്‌സ്‌ ആന്‍ഡ്‌ ഹിസ്റ്ററിയിലെ പ്രൊഫസറായ ഡോ. ക്രിസ്റ്റഫ്‌ ജാഫ്രെലോട്ട്‌ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇവിടെ ഏറെ പ്രസക്തമാണ്‌. രണ്ട്‌ സമുദായങ്ങളെ എതിര്‍ചേരിയില്‍ നിര്‍ത്തി മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി കളിച്ച രാഷ്‌ട്രീയമാണ്‌ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ വഴിവെച്ചതെന്ന്‌ അഭിപ്രായപ്പെട്ട ജാഫ്രെലോട്ട്‌, ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായി ബാബരി കേസിലെ വിധി മാറാമെന്ന്‌ വിലയിരുത്തുന്നു. മുസ്‌ലിംകളെ മുഖ്യധാരയിലേക്ക്‌ തിരികെക്കൊണ്ടുവരാനുള്ള അവസരമാണിതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ രാഷ്‌ട്രീയം കലര്‍ന്നതും അത്‌ വിപല്‍ ഫലങ്ങള്‍ ഉളവാക്കിയതും ഏറെക്കുറെ തുടക്കം മുതല്‍ ഈ കേസില്‍ കക്ഷിയായ ഹാഷിം അന്‍സാരി പറയുന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ ഡോ. ക്രിസ്റ്റഫ്‌ ജാഫ്രെലോട്ടിന്റെ അഭിപ്രായപ്രകടനങ്ങള്‍ കൂടുതല്‍ പ്രസക്തവുമാണ്‌. 


വിഭജനത്തിന്റെ `പാപഭാരം' പേറേണ്ടിവന്ന ഇന്ത്യയിലെ മുസ്‌ലിംകള്‍ കൂടുതല്‍ പാര്‍ശ്വവത്‌കരിക്കപ്പെടാന്‍ ബാബരി മസ്‌ജിദിന്റെ തകര്‍ച്ച വഴിവെച്ചുവെന്നത്‌ വസ്‌തുത മാത്രമാണ്‌. ഭൂരിപക്ഷ സമുദായത്തിന്റെ പേരില്‍ അക്രമാസക്ത വര്‍ഗീയത വളര്‍ത്താനും അതുവഴി അധികാരത്തിലേക്കുള്ള വഴി തുറക്കാനും സംഘ്‌ പരിവാറിന്‌ സാധിച്ചത്‌ ന്യൂനപക്ഷ വിഭാഗത്തെ നിസ്സഹായരാക്കി. അതുണ്ടാക്കിയ ഭീതി ഒരു വശത്ത്‌. ഏത്‌ സ്‌ഫോടനങ്ങളുടെയും പിറകില്‍ മുസ്‌ലിം നാമധാരിയുണ്ടാവുമെന്ന പൊതുധാരണ സൃഷ്‌ടിക്കപ്പെട്ടത്‌ മൂലമുണ്ടായ അരക്ഷിതാവസ്ഥയും അപകര്‍ഷതാബോധവും മറുഭാഗത്ത്‌. ഇതിനിടയിലൂടെ 18 വര്‍ഷം തള്ളിനീക്കുമ്പോഴും ബാബരി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ കോടതി വിധി അംഗീകരിക്കാമെന്ന്‌ തന്നെയാണ്‌ മുസ്‌ലിം സംഘടനകളെല്ലാം പറഞ്ഞിരുന്നത്‌. അത്‌ അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുമുണ്ട്‌. 


എന്നാല്‍ വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ കോടതി വിധി അംഗീകരിക്കാനാവില്ലെന്നും ഏത്‌ കോടതി വിധിച്ചാലും രാമക്ഷേത്രം പണിയുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ച്‌ സംഘ്‌പരിവാര്‍ നേരത്തെ സൃഷ്‌ടിച്ച അക്രമാസക്ത വര്‍ഗീയത നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ കോടതി വിധിയെ അംഗീകരിക്കുമെന്ന സംഘ്‌ പരിവാറിന്റെ ഇപ്പോഴത്തെ അവകാശവാദത്തെ സംശയത്തോടെ തന്നെ കാണണം. ഉചിതമായ ഒരു രാഷ്‌ട്രീയ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ആയുധം മാറ്റിവെക്കുകയാണോ അവരെന്ന്‌ സംശയിക്കണം.

ഇവിടെയാണ്‌ കഴിഞ്ഞ പതിനെട്ട്‌ വര്‍ഷം ഭരണകൂടവും നീതിന്യായ വ്യവസ്ഥയും എന്താണ്‌ ചെയ്‌തുകൊണ്ടിരുന്നത്‌ എന്ന അന്വേഷണം ആവശ്യമായി വരുന്നത്‌. ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട കേസ്‌ എവിടെ എത്തിനില്‍ക്കുന്നു. നീണ്ട പതിനേഴ്‌ വര്‍ഷത്തിന്‌ ശേഷം ജസ്റ്റിസ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എല്‍ കെ അഡ്വാനി മുതല്‍ കല്യാണ്‍ സിംഗ്‌ വരെയുള്ള 68 നേതാക്കളെ പേരെടുത്ത്‌ പറഞ്ഞ്‌ കുറ്റപ്പെടുത്തി. ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായാണ്‌ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌ എന്നും കണ്ടെത്തി. പള്ളി പൊളിച്ചതിന്റെ മുഖ്യ ഉത്തരവാദിത്വം രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിനാണെന്നും പറഞ്ഞു. ഈ റിപ്പോര്‍ട്ട്‌ പാര്‍ലിമെന്റില്‍ വെച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ഒപ്പം സമര്‍പ്പിച്ചിരുന്നു. പള്ളി തകര്‍ത്തതില്‍ കുറ്റക്കാരെന്ന്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ നേതാക്കളുടെ കാര്യത്തില്‍ എന്ത്‌ നടപടി സ്വീകരിക്കുമെന്ന്‌ നടപടി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശിച്ചതേയില്ല. കമ്മീഷന്റെ ചില നിഗമനങ്ങളോട്‌ യോജിക്കുന്നുവെന്ന്‌ നടപടി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മതത്തെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വേര്‍തിരിച്ച്‌ നിര്‍ത്താന്‍ നടപടി സ്വീകരിക്കും, വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിന്‌ നിയമം കൊണ്ടുവരും തുടങ്ങിയ പൊതു പരാമര്‍ശങ്ങളും നടപടി റിപ്പോര്‍ട്ടിലുണ്ട്‌. വലിയ മനുഷ്യക്കുരുതിക്ക്‌ വഴിവെച്ച ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കാര്യത്തില്‍ നടപടി റിപ്പോര്‍ട്ട്‌ മൗനം പാലിച്ചു.

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പാര്‍ലിമെന്റില്‍ ഉറപ്പ്‌ നല്‍കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ എന്ത്‌ നടപടി സ്വീകരിക്കുന്നുവെന്നത്‌ പ്രധാനമാണ്‌. വര്‍ഗീയ സംഘര്‍ഷം തടയാന്‍ നിയമം കൊണ്ടുവരുന്നുണ്ട്‌. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നിയമനടപടിയായി അതിനെ പിന്നീട്‌ വ്യാഖ്യാനിക്കാം. എന്നാല്‍ കുറ്റവാളികളെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ക്കോ പള്ളി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കോ എതിരെ എന്തെങ്കിലും നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമോ? ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇല്ലെന്ന്‌ മറുപടി പറയേണ്ടിവരും. അതുകൊണ്ട്‌ കൂടിയാണ്‌ ന്യൂനപക്ഷത്തെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ള അവസരമെന്ന്‌ ഡോ. ക്രിസ്റ്റഫ്‌ ജാഫ്രെലോട്ടിനെപ്പോലുള്ളവര്‍ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്‌.

പള്ളി തകര്‍ത്തത്‌ സംബന്ധിച്ച കോടതികളുടെ നടപടിക്രമങ്ങളും ശ്രദ്ധേയമാണ്‌. രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആറുകളെ സംബന്ധിച്ച തര്‍ക്കം മുതലിങ്ങോട്ട്‌ നിരവധിയായ നിയമയുദ്ധങ്ങള്‍ ഇക്കാര്യത്തിലുണ്ടായി. എല്‍ കെ അഡ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ ആദ്യം വിചാരണക്കോടതിയും പിന്നീട്‌ അലഹബാദ്‌ ഹൈക്കോടതിയും റദ്ദാക്കി. ഏറ്റവും ഒടുവില്‍ 23 പേര്‍ക്ക്‌ കൂടി കുറ്റപത്രം നല്‍കി വിചാരണ തുടങ്ങാനിരിക്കുകയാണ്‌. ഇക്കാലത്തിനിടെ പലതവണ ഈ കേസ്‌ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ജഡ്‌ജി ഇല്ലാതെയായി. ജഡ്‌ജിമാരെ നിശ്ചയിച്ച്‌ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ട കേസായി നീതിന്യായ വ്യവസ്ഥ ഇതിനെ കണ്ടതുമില്ല. അത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കരുത്‌. നീതിന്യായ വ്യവസ്ഥയാണ്‌. അതിന്റെ വേഗം തീരുമാനിക്കാനുള്ള അധികാരം അതിന്‌ തന്നെയാണ്‌. നീതി വൈകുന്നത്‌ നീതി നിഷേധത്തിന്‌ തുല്യമാണെന്നത്‌ ചൊല്ല്‌ മാത്രവും. പാര്‍ശ്വവത്‌കരിക്കപ്പെട്ട ഒരു ജനതയില്‍ വിശ്വാസരാഹിത്യം ജനിപ്പിക്കുക കൂടിയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌ എന്നത്‌ ആരുടെയും സ്വാസ്ഥ്യം കെടുത്തുന്നുമില്ല. മസ്‌ജിദ്‌ തകര്‍ക്കാന്‍ വേണ്ട സാഹചര്യമൊരുക്കി ഭരണകൂടവും ആ കേസില്‍ വിചാരണ നടപടികള്‍ പരമാവധി വൈകിപ്പിച്ച്‌ നീതിന്യായ സംവിധാനവും ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ അകല്‍ച്ച സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തത്‌. ഇതിനെല്ലാം പരിഹാരമുണ്ടാവേണ്ടത്‌ അനിവാര്യമാണ്‌. ഇപ്പോള്‍ വിധി വരുന്ന കേസ്‌ സൃഷ്‌ടിക്കാന്‍ ഇടയുള്ള ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച്‌ വേവലാതി കൊള്ളുന്ന കേന്ദ്ര ഭരണകൂടം ഇക്കാര്യത്തെക്കുറിച്ച്‌ ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നതേയില്ല.

മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച കേസിനെപ്പോലെ തന്നെ പ്രധാനമാണ്‌ മസ്‌ജിദ്‌ തകര്‍ത്തത്‌ സംബന്ധിച്ച കേസും. ആ കേസ്‌ കാര്യക്ഷമമായി നടക്കുന്നുവെന്ന്‌ ഉറപ്പാക്കേണ്ടത്‌ ന്യൂനപക്ഷത്തിന്റെ വിശ്വാസം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്‌. ജഡ്‌ജിമാരില്ലാതെയും മറ്റും കേസ്‌ അനന്തമായി നീളുമ്പോള്‍ നിയമനടപടിയില്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ദൗര്‍ബല്യമാണെന്ന തോന്നലാണ്‌ സൃഷ്‌ടിക്കപ്പെടുക. അത്‌ ഉചിതമാവില്ല തന്നെ. ബാബരി മസ്‌ജിദ്‌ മാത്രമല്ല സംഘ്‌ പരിവാറിന്റെ പട്ടികയിലുള്ളത്‌. മഥുര മുതല്‍ വരാണസി വരെ നിരവധി അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു നേരത്തെ. ഇതെല്ലാം ഇപ്പോള്‍ കെട്ടി ഒതുക്കി വെച്ചിരിക്കുന്നുവെന്നേയുള്ളൂ. അവര്‍ക്ക്‌ ഉചിതമെന്ന്‌ തോന്നുന്ന ഒരു ഘട്ടത്തില്‍ എല്ലാം പുറത്തിറക്കും. ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ ഏത്‌ കല്ലിനും ഒരു കഥ പറയാനുണ്ടാവുമെന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഓര്‍ക്കുക. ഏതെങ്കിലുമൊരു കല്ലിന്റെ കഥ പറഞ്ഞ്‌ വിശ്വാസത്തിന്റെ പേരില്‍ കലഹമുയര്‍ത്താന്‍ സാധിക്കുമെന്നതാണ്‌ അതിന്റെ പരിഭാഷ. അത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്നത്‌ കൂടിയാണ്‌ ഈ സാഹചര്യത്തിന്റെ പ്രസക്തി. ദൃഢമായ രാഷ്‌ട്രീയ നിലപാടുകള്‍ ആവശ്യമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്‌.

വിധി വന്നാല്‍ ഉണ്ടാകാന്‍ ഇടയുള്ള ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച്‌ മാത്രമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ജാഗരൂകരാവുന്നത്‌. അതിനപ്പുറത്ത്‌ അനീതിയുടെ ചരിത്രം തിരുത്തേണ്ടതുണ്ടെന്ന തോന്നലേയില്ല. രാഷ്‌ട്രീയ നേതാക്കള്‍ക്കോ നിയമജ്ഞര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ, അവര്‍ എത്ര പരിണതപ്രജ്ഞരായാലും, പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇതെന്ന്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ പരാമര്‍ശിക്കുമ്പോള്‍ അത്‌ ശരിയാണെന്ന്‌ നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌ കേന്ദ്ര സര്‍ക്കാര്‍. എന്നിട്ടും കോടതി വിധിയെ കാത്തിരിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യം തന്നെയാണ്‌ ബാബരി മസ്‌ജിദുമായി ബന്ധപ്പെട്ട ഇതുവരെയുള്ള എല്ലാ സംഭവങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. അനീതിയുടെ ചരിത്രം തിരുത്തേണ്ടതാണെന്ന തോന്നല്‍ ഇല്ലാത്തതും അതുകൊണ്ടാണ്‌.