2010-09-09

ടിന്റുമോന്റെ പ്രസക്തി



ഒരു മദ്യ ദുരന്തം കൂടി കടന്നുപോവുകയാണ്‌. ദുരന്തങ്ങളില്‍ പോലും തമാശകള്‍ക്കുള്ള സാധ്യത ഒഴിവാക്കാത്ത മലയാളികളുടെ മൊബൈലുകളില്‍ നിന്ന്‌ പറന്ന ഒരു സന്ദേശം ഇങ്ങനെ - `മലപ്പുറം മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ അഞ്ച്‌ ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചുവെന്ന്‌ ടി വിയില്‍ വാര്‍ത്ത. ഇത്‌ കണ്ട ടിന്റുമോന്‍ അമ്മയോട്‌, അമ്മേ ഇനി അച്ഛന്‍ കുടിച്ചുവന്നാല്‍ ചീത്ത വിളിക്കേണ്ട, കിട്ടിയാല്‍ അഞ്ച്‌ ലക്ഷമാ...!'

ദുരന്തത്തിന്‌ ഇരയായവരെല്ലാം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌. ചിലരെങ്കിലും തൊഴില്‍ തേടി അയല്‍ സംസ്ഥാനത്തു നിന്ന്‌ കേരളത്തിലെത്തിയവരും. ഇവരുടെ വിയോഗം ചില കുടുംബങ്ങളുടെയെങ്കിലും നിലനില്‍പ്പിനെ തന്നെ ബാധിക്കും. അതുകൊണ്ട്‌ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ പൂര്‍ണമായും തള്ളിക്കളയാനാവില്ല. പക്ഷേ, മറ്റേതെങ്കിലും അപകടത്തോട്‌ മദ്യ ദുരന്തത്തെ താരതമ്യം ചെയ്യാനാവില്ല. ഇത്‌ കൊള്ളലാഭം കൊതിക്കുന്ന കരാറുകാരും അവര്‍ക്ക്‌ ഒത്താശ ചെയ്യുന്ന സര്‍ക്കാറും മനഃപൂര്‍വം സൃഷ്‌ടിച്ച ഒന്നാണ്‌. ആ നിലക്ക്‌ ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച്‌ ലക്ഷത്തെ ധനസഹായമെന്നല്ല, പിഴയൊടുക്കല്‍ എന്ന്‌ വേണം വിശേഷിപ്പിക്കാന്‍. ആ പിഴയൊടുക്കലിന്റെ സാധ്യതകളിലേക്കാണ്‌ ടിന്റുമോന്‍ `ഫലിതം' വഴി തുറക്കുന്നത്‌. മദ്യത്തിന്‌ അടിപ്പെടുകയും അതുവഴി വീടിനും നാടിനും ശാപമായി മാറുകയും ചെയ്‌ത ചിലരുടെ കാര്യത്തിലെങ്കിലും അഞ്ച്‌ ലക്ഷം നഷ്‌ടപരിഹാരം ലഭിക്കുന്നതാണ്‌ ഉചിതമെന്ന്‌ ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. 


1996 ഏപ്രില്‍ ഒന്നിന്‌ മുമ്പ്‌ (അന്നാണ്‌ എ കെ ആന്റണി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാരായ നിരോധം പ്രാബല്യത്തിലായത്‌) ചാരായ ഷാപ്പുകളായിരുന്നു മദ്യ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ വര്‍ഷാവര്‍ഷം ലേലം ചെയ്‌ത്‌ നല്‍കുന്ന ചാരായ ഷാപ്പുകള്‍ വന്‍തുക കൊടുത്ത്‌ സ്വന്തമാക്കുന്നവര്‍, തങ്ങളുടെ ലാഭത്തിന്റെ അളവ്‌ വര്‍ധിപ്പിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ സ്‌പിരിറ്റ്‌ എത്തിച്ചു വിതരണം ചെയ്‌തിരുന്നു. ഈഥൈല്‍ ആള്‍ക്കഹോള്‍ എന്ന റെക്‌ടിഫൈഡ്‌ സ്‌പിരിറ്റ്‌ നേര്‍പ്പിച്ചുണ്ടാക്കുന്നതായിരുന്നു ചാരായം. കര്‍ണാടകത്തിലെയും മഹാരാഷ്‌ട്രയിലെയും പഞ്ചസാര ഫാക്‌ടറികളില്‍ നിന്ന്‌ റെക്‌ടിഫൈഡ്‌ സ്‌പിരിറ്റ്‌ കടത്തിക്കൊണ്ടുവന്ന്‌ ഷാപ്പുകളിലൂടെ വിതരണം ചെയ്യുക എന്നതായിരുന്നു കരാറുകാരുടെ പണി. ഇങ്ങനെ കൊണ്ടുവന്നതില്‍ മീഥൈല്‍ ആള്‍ക്കഹോളുമുണ്ടായപ്പോഴാണ്‌ കുടിച്ചവര്‍ പിടഞ്ഞുവീണത്‌, നിരവധി പേരുടെ കാഴ്‌ച പോയത്‌. പുനലൂര്‍, വൈപ്പിന്‍, മട്ടാഞ്ചേരി തുടങ്ങി പലയിടത്തും ചാരായ ദുരന്തം ആവര്‍ത്തിച്ചു. ചാരായം കുടിച്ച്‌ ആരോഗ്യം തകര്‍ന്നവര്‍ ആയിരക്കണക്കിന്‌ വേറെ. 


ഈ സാഹചര്യത്തിലാണ്‌ എ കെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചത്‌. അതോടെ റെക്‌ടിഫൈഡ്‌ സ്‌പിരിറ്റില്‍ കളര്‍ ചേര്‍ത്ത്‌ വിദേശ മദ്യക്കടകളിലൂടെ വിറ്റഴിക്കുന്ന സ്ഥിതിയുണ്ടായി. കള്ളില്‍ കലര്‍ത്തി ഷാപ്പുകളിലൂടെയും സ്‌പിരിറ്റ്‌ വിറ്റു. അങ്ങനെ ലഹരി വീണ്ടും പൂത്തുനില്‍ക്കുമ്പോഴാണ്‌ കല്ലുവാതില്‍ക്കലും കുപ്പണയുമുണ്ടായത്‌. ഇതോടെ വിദേശ മദ്യ വില്‍പ്പന പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. അങ്ങനെ സ്‌പിരിറ്റ്‌ ഏറെക്കുറെ കള്ളുഷാപ്പുകളിലേക്ക്‌ മാത്രമായി ചുരുങ്ങി. ബിവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ കുറഞ്ഞ വിലക്ക്‌ കിട്ടുന്ന ഭൂരിഭാഗം ഇനവും റെക്‌ടിഫൈഡ്‌ സ്‌പിരിറ്റില്‍ കളര്‍ ചേര്‍ത്തവയാണെന്ന വസ്‌തുത മറക്കുന്നില്ല. വില്‍ക്കുന്നത്‌ സര്‍ക്കാറിന്റെ കടകളിലൂടെയായതിനാല്‍ ഈഥൈല്‍ ആള്‍ക്കഹോളിന്‌ പകരം മീഥൈല്‍ ആള്‍ക്കഹോള്‍ കുപ്പിയിലാക്കില്ല എന്ന്‌ പ്രതീക്ഷിക്കാമെന്ന്‌ മാത്രം. ഇതിനകം നടന്നതിനേക്കാളും വലിയ ദുരന്തത്തിന്റെ അരികത്തു കൂടിയാണ്‌ നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌ എന്നര്‍ഥം.

തെങ്ങില്‍ നിന്ന്‌ ചെത്തിയിറക്കുന്ന കള്ള്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ താരതമ്യേന അപകടം കുറഞ്ഞതായാണ്‌ മുമ്പ്‌ കണ്ടിരുന്നത്‌. പക്ഷേ, കള്ളു ഷാപ്പുകളുടെ ലേലം സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായി മാറുകയും ഷാപ്പുകള്‍ മൊത്തത്തില്‍ കരാറെടുത്ത്‌ വന്‍തുക ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കരാറുകാര്‍ രംഗത്തെത്തുകയും ചെയ്‌തതോടെ ഈ സ്ഥിതി മാറി. കൃത്രിമക്കള്ളോ വീര്യം കൂടിയ കള്ളോ വിറ്റഴിക്കുന്നത്‌ വ്യാപകമായി. ഇത്തരത്തില്‍ കള്ള്‌ കേരളത്തില്‍ സുലഭമാണെന്ന്‌ സര്‍ക്കാറിനും എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ക്കുമൊക്കെ അറിയാവുന്നതാണ്‌. അവരതിന്‌ കണ്ണടച്ച്‌ അനുമതി നല്‍കുകയാണ്‌ ചെയ്യുന്നത്‌. അത്‌ ഏത്‌ മുന്നണിയുടെ സര്‍ക്കാറായാലും. നാലായിരത്തി അഞ്ഞൂറോളം കള്ളുഷാപ്പുകളുണ്ട്‌ കേരളത്തില്‍. വ്യാവസായിക അടിസ്ഥാനത്തില്‍ കള്ള്‌ ഉത്‌പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കുറവ്‌. പാലക്കാട്‌ ജില്ലയിലെ ചിറ്റൂരാണ്‌ ഇതില്‍ പ്രധാനം. മധ്യ കേരളം മുതല്‍ മലബാറില്‍ കണ്ണൂര്‍ ജില്ലവരെ കള്ളെത്തുന്നത്‌ ചിറ്റൂരില്‍ നിന്നാണ്‌. ഇത്രയും പ്രദേശത്ത്‌ വിതരണം ചെയ്യാനുള്ള കള്ള്‌ ചിറ്റൂരില്‍ ഒരു കാലത്തും ഉത്‌പാദിപ്പിക്കുന്നില്ല. പക്ഷേ, ദിനേന ഇവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ ചിറ്റൂരില്‍ നിന്ന്‌ കള്ളെത്തുന്നു. ഈ മറിമായം എങ്ങനെ സംഭവിക്കുന്നുവെന്ന്‌ മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഇതേ മറിമായമാണ്‌ സംസ്ഥാനത്ത്‌ മറ്റിടങ്ങളിലും അരങ്ങേറുന്നത്‌. 


എന്നിട്ടും എല്ലാ വര്‍ഷവും ഷാപ്പുകള്‍ നടത്താന്‍ അനുമതി നല്‍കുന്നുണ്ട്‌. ഉത്‌പാദിപ്പിക്കുന്ന കള്ളിന്റെ അളവിന്‌ ആനുപാതികമാണോ വില്‍പ്പന എന്ന പരിശോധന നടത്താറേയില്ല. കാരണം അത്തരമൊരു പരിശോധന നടത്തിയാല്‍ ഷാപ്പുകളുടെ എണ്ണം കുറയും. എണ്ണം കുറഞ്ഞാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ എത്തുന്ന പണത്തിന്റെ അളവ്‌ കുറയും. ഏതാനും ആയിരം തൊഴിലാളികള്‍ വഴിയാധാരമാവും. ഇതൊന്നും ഒരു സര്‍ക്കാറിനും അംഗീകരിക്കാവതല്ല. അതുകൊണ്ട്‌ ഇടക്കിടെ ദുരന്തമുണ്ടാവുമ്പോള്‍ ഇരയാവുന്നവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചോ ആറോ ലക്ഷം വീതം കൊടുത്താലും തരക്കേടില്ല, വ്യാപാരം കൊഴുക്കണം എന്ന ചിന്ത മാത്രമേയുള്ളൂ സര്‍ക്കാറിന്‌. ഈ ചിന്തയാണ്‌ കള്ള്‌ കരാറുകാരുടെയും കൃത്രിമക്കള്ള്‌ ഉത്‌പാദകരുടെയും പിടിവള്ളിയും. മലപ്പുറം ദുരന്തത്തെത്തുടര്‍ന്ന്‌ വ്യാപകമായ റെയ്‌ഡ്‌ പ്രഹസനം അരങ്ങേറുകയാണ്‌. ഷാപ്പുകളിലും ഉത്‌പാദന കേന്ദ്രങ്ങളിലുമൊക്കെ പരിശോധന. കൃത്രിമക്കള്ള്‌ ഉണ്ടാക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന എന്തെങ്കിലും തുരുമ്പ്‌ റെയ്‌ഡില്‍ കണ്ടെത്തിയോ? ഉണ്ടാവില്ല. കാരണം അത്ര സുഭദ്രമാണ്‌ ഈ മാഫിയയുടെ ഗോഡൗണുകള്‍. വരും ദിവസങ്ങളില്‍ ചില ഗോഡൗണുകള്‍ പോലീസോ എക്‌സൈസോ ഒക്കെ കണ്ടെത്തിയെന്ന്‌ വരും. പക്ഷേ, അവിടെയെങ്ങും ഒന്നും അവശേഷിച്ചിട്ടുണ്ടാവില്ല. 


കല്ലുവാതുക്കല്‍ മദ്യ ദുരന്തമുണ്ടായതിന്‌ പിറകെയും ഇത്തരം റെയ്‌ഡുകള്‍ വ്യാപകമായി നടന്നിരുന്നു. അന്നും ചില ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകളും അനധികൃത മദ്യോത്‌പാദന യൂനിറ്റുകളും (മണിച്ചന്റെതല്ല) കണ്ടെത്തിയിരുന്നു. അപ്പോഴും സമാന്തരമായി കള്ള്‌ വില്‍പ്പന നടന്നിരുന്നു. യഥാര്‍ഥത്തില്‍ ചെത്തിയിറക്കുന്നതിലും അനേകം മടങ്ങ്‌ കള്ള്‌ ഷാപ്പുകളില്‍ എത്തിയിരുന്നു. എവിടെ നിന്ന്‌ ഇത്‌ എത്തുന്നുവെന്ന്‌ അന്വേഷണമുണ്ടായില്ല, അന്നും പിന്നീടും. അതാണ്‌ കുറ്റിപ്പുറത്തും വണ്ടൂരിരും തിരൂരിലുമൊക്കെ ദുരന്തത്തിന്‌ കാരണമായത്‌.

ഇത്രയും വലിയ അളവില്‍ വ്യാജക്കള്ള്‌ ഉണ്ടാക്കണമെങ്കില്‍ ചെറിയ സംവിധാനമൊന്നും മതിയാവില്ല. അത്ര രഹസ്യമായി അത്‌ പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ല. എന്നിട്ടും കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പൊരുളെന്ത്‌? അതറിയണമെങ്കില്‍ നിലവില്‍ എക്‌സൈസ്‌ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്വത്തിന്റെ കണക്കെടുക്കേണ്ടിവരും. നിശ്ചയിക്കപ്പെട്ട ജോലിക്ക്‌ (ചെയ്യുന്ന ജോലിക്കല്ല) സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഫലവുമായി ഇവരുടെ സ്വത്ത്‌ യോജിച്ചുപോകുന്നുണ്ടോ എന്ന്‌ അന്വേഷിച്ചാല്‍ മതി. പാരമ്പര്യമായി കിട്ടിയ സ്വത്തിനൊക്കെ രേഖകള്‍ വേറെ കാണും. ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളുമൊക്കെ പ്രതി സ്ഥാനത്താണ്‌. മദ്യക്കച്ചവടക്കാരില്‍ നിന്ന്‌ പണം വാങ്ങാത്ത പാര്‍ട്ടികളില്ലെന്ന്‌ കല്ലുവാതുക്കല്‍ ദുരന്തത്തോടെ വ്യക്തമായതാണ്‌. മണിച്ചന്റെ പക്കല്‍ നിന്ന്‌ പണം വാങ്ങിയതിനാണ്‌ ഒരു ജില്ലാ സെക്രട്ടറിയെ തന്നെ സി പി എം ഒഴിവാക്കിയത്‌. വാങ്ങിയ പണത്തിന്‌ രശീത്‌ കൊടുക്കുകയും രേഖ സൂക്ഷിക്കുകയും ചെയ്യുന്ന മര്യാദ സി പി എമ്മിനുണ്ട്‌ എന്നതു കൊണ്ടാണ്‌ അത്‌ പുറത്തുവന്നതും ജില്ലാ സെക്രട്ടറിയായിരുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതും. രശീതോ രേഖയോ ഇല്ലാതെ പണം വാങ്ങുന്ന മറ്റ്‌ പാര്‍ട്ടിക്കാരുടെ കാര്യമോ? അവരില്‍ ചിലര്‍ പേരു കേട്ട അബ്‌കാരികളുമാണ്‌. ഇത്തരക്കാരുടെ സ്വാധീനത്തിനും സമ്മര്‍ദത്തിനും വഴിപ്പെട്ട്‌ കണ്ണടക്കാന്‍ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടാവും. 


ചുരുക്കത്തില്‍ അടിമുടി മദ്യത്തില്‍ മുങ്ങി നില്‍ക്കുന്നു, അഴിമതിയിലും. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അടിമുടി അഴിച്ച്‌ പണിയേണ്ടിവരും. അങ്ങനെ വന്നാല്‍ പലര്‍ക്കും പരുക്കേല്‍ക്കും. ആര്‍ക്ക്‌ പരുക്കേറ്റാലും തരക്കേടില്ല ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കണമെന്ന്‌ വിചാരിക്കേണ്ടത്‌ സര്‍ക്കാറാണ്‌, അതിന്‌ നേതൃത്വം നല്‍കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളുമാണ്‌. അത്തരമൊരു ദൃഢനിശ്ചയം ഉണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ മൗഢ്യവുമാണ്‌. `ഫലിത'ത്തെ വിപുലപ്പെടുത്തിയാല്‍ വല്ലപ്പോഴും ഇരുപത്തിയഞ്ചോ അമ്പതോ ലക്ഷം നഷ്‌ടപരിഹാരമായി കൊടുത്താലെന്ത്‌; സര്‍ക്കാര്‍ ഖജനാവിലേക്ക്‌ വര്‍ഷം തോറും കോടികള്‍ ലഭിക്കില്ലേ!

എല്ലാ മദ്യദുരന്തങ്ങളുടെയും ഇരകള്‍ സമൂഹത്തിലെ താഴേത്തട്ടിലുള്ളവരാണ്‌. അഷ്‌ടിക്ക്‌ വക കണ്ടെത്താന്‍ അത്യധ്വാനം ചെയ്യുന്നവര്‍. അവരുടെ തൊണ്ടയിലേക്കാണ്‌ സര്‍ക്കാറും രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന്‌ വിഷം ഒഴിച്ചുകൊടുക്കുന്നത്‌. മദ്യം നിരോധിച്ചതുകൊണ്ട്‌ ഈ പ്രവണത അവസാനിക്കുമെന്ന്‌ കരുതാനാവില്ല. നിരോധം നിലവിലുള്ള ഗുജറാത്തിലാണ്‌ അടുത്തിടെ ഉണ്ടായതില്‍ വെച്ച്‌ വലിയ മദ്യ ദുരന്ത്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിരോധം പലപ്പോഴും അധോലോക വിപണി സജീവമാവാനും കുറ്റവാളികളുടെ ശൃംഖല ശക്തമാവാനും മാത്രമേ സഹായിക്കൂ. മത സംഘടനകള്‍, ജാതി സംഘടനകള്‍, രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം ധാരാളമുണ്ട്‌ കേരളത്തില്‍. എന്നിട്ടും മദ്യ വര്‍ജനത്തിന്‌ വേണ്ടിയുള്ള ശക്തമായ പ്രചാരണമോ നടപടികളോ ഉണ്ടാവുന്നില്ല. മദ്യ വില്‍പ്പനയിലൂടെ കോടികള്‍ സമ്പാദിക്കുന്ന സര്‍ക്കാര്‍ അതിലൊരു അംശം പോലും മദ്യത്തിനെതിരായ പ്രചാരണത്തിന്‌ നീക്കിവെക്കുന്നുമില്ല. കള്ള്‌ ഷാപ്പുകളുടെ ബോര്‍ഡുകളിലും മദ്യക്കുപ്പികളിലും മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ എഴുതിവെക്കുന്നിടത്ത്‌ സര്‍ക്കാറിന്റെ ഉത്തരവാദിത്വം തീരുന്നു.

ഒരു ദുരന്തമുണ്ടായപ്പോള്‍ ഷാപ്പുകള്‍ തകര്‍ക്കാനും തീവെക്കാനും പോലീസിനെ തടയാനും യുവജന സംഘടനകളുടെ പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. ഈ ഷാപ്പുകളില്‍ വ്യാജക്കള്ള്‌ വിതരണം ചെയ്യുന്നുണ്ടെന്ന്‌ നേരത്തെ അറിയാമായിരുന്നുവെന്നും മുമ്പും പലരും വിഷക്കള്ള്‌ കുടിച്ച്‌ മരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്‌തില്ലെന്നും ഇവര്‍ ആവേശത്തോടെ പറയുന്നുമുണ്ടായിരുന്നു. വിഷക്കള്ള്‌ ഉണ്ടെന്ന്‌ അറിയാമായിരുന്നിട്ടും ഇത്രയും നാള്‍ ഈ ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചതിന്‌ ഈ ആവേശക്കാരൊക്കെ ഉത്തരവാദികളല്ലേ? നമുക്ക്‌ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്ന്‌ എത്രമാത്രം അകന്നാണ്‌ നാം ജീവിക്കുന്നത്‌ എന്നത്‌ കൂടിയാണ്‌ ഈ ദുരന്തം തെളിയിക്കുന്നത്‌. ഒരു സംഭവമുണ്ടായാല്‍ പൊടുന്നനെ രൂപപ്പെടുന്ന ആള്‍ക്കൂട്ടമെന്നത്‌ മാത്രമായി സാമൂഹിക ഉത്തരവാദിത്വം മാറിയിരിക്കുന്നു. കോണ്‍ഗ്രസ്‌ നേതാവിന്റെ അനാശാസ്യം കണ്ടെത്താന്‍ കാണിച്ച ഉശിര്‌ പോലും വിഷ വില്‍പ്പന തടയുന്നതില്‍ നമുക്കുണ്ടായില്ല. ദുരന്തമുണ്ടായാല്‍ കിട്ടാനിടയുള്ള നഷ്‌ടപരിഹാരത്തെക്കുറിച്ച്‌ ചിന്തിക്കുന്ന ടിന്റുമോന്‍ തന്നെയാണ്‌ മാതൃക.

3 comments:

  1. മദ്യം വിഷമാണെന്ന് കേരളീയരെ പടിപ്പിചതാരാണൂ? അപ്പോള്‍ വിഷം കഴിച്ചു മരിച്ചാല്‍ നഷ്ടപരിഹാരത്തിനര്‍ഹതയുണ്ടോ?! അതോ മാനുഷിക പരിഗണന വെച്ച്‌ ഒരു 'കൈ' സഹായം അതല്ലേ ഈ നഷ്ട പരിഹാരത്തേക്കാള്‍ ഉപയോഗിക്കാവുന്ന പദം?

    ReplyDelete
  2. എത്ര എത്ര ദുരന്തങ്ങള്‍ എന്നാലും നമ്മള്‍ എവിടെ പഠിക്കുന്നു ? അപ്പോളുള്ള ഒരു നിയമ നടപടിയും മറ്റുമായി അതൊക്കെ ചെരുങ്ങി പോകുന്നു വേണ്ടുന്ന കരുതലുകള്‍ ഒരു ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നതാണ് സത്യം

    ReplyDelete
  3. Was thinking whether you will accuse this too on RSS and Sanghaparivar... atleast this time you have not used their name....

    ReplyDelete