2010-09-02

സ്വാശ്രയത്തില്‍ ആശ്രയമുണ്ടോ?സ്വാശ്രയം എന്ന വാക്കിന്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം ഏറെക്കുറെ വിസ്‌മരിക്കപ്പെട്ടിരിക്കുന്നു. പുതിയ കാലത്ത്‌ സ്വാശ്രയം എന്ന വാക്ക്‌ വിദ്യാഭ്യാസ മേഖലയുമായി മാത്രം ബന്ധമുള്ളതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ ഭാഗമായാണ്‌ മഹാത്മാ ഗാന്ധി സ്വാശ്രയത്വത്തെക്കുറിച്ച്‌ സംസാരിച്ചത്‌; വ്യക്തിയും സമൂഹവും പരാശ്രിതത്വം ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്‌. അങ്ങനെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ സാമ്രാജ്യത്വത്തിന്‌ ഏത്‌ വിധത്തിലാണ്‌ തിരിച്ചടിയുണ്ടാവുക എന്ന്‌ കാണിച്ചുതന്നത്‌. ചര്‍ക്കയില്‍ നിന്ന്‌ നൂല്‌ നൂറ്റുണ്ടാക്കുന്ന വസ്‌ത്രം ധരിക്കാനും വിദേശ വസ്‌ത്രം ബഹിഷ്‌കരിക്കാനുമൊക്കെ പ്രചരിപ്പിച്ചത്‌ ആശ്രിതത്വം ഒഴിവാക്കാനും അതുവഴി അധിനിവേശ ശക്തിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടക്കാനുമായിരുന്നു. അത്തരത്തില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന വാക്ക്‌ മലയാളികളുടെ മുന്നില്‍ പ്രൊഫനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒന്നായി ചുരുങ്ങി നില്‍ക്കുന്നു. മഹാത്‌മാ ഗാന്ധി സ്വാശ്രയം എന്നുപയോഗിച്ചപ്പോഴുണ്ടായിരുന്ന അര്‍ഥത്തിന്റെ നേരെ എതിരാണ്‌ ഇപ്പോള്‍ ഈ വാക്ക്‌ ദ്യോതിപ്പിക്കുന്നത്‌.

സ്വാശ്രയം കലര്‍പ്പില്ലാത്ത കച്ചവടമാണെന്ന്‌ സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെ ശ്രദ്ധിക്കുന്നവര്‍ക്കൊക്കെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മനസ്സിലായ ഒരു കാര്യം ഇപ്പോഴാണ്‌ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക്‌ മനസ്സിലായത്‌. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിന്നിരുന്നു. ഇവയിലെ ഫീസ്‌, വിദ്യാര്‍ഥി പ്രവേശം തുടങ്ങിയ കാര്യങ്ങളിലായി നിരവധി കേസുകളുമുണ്ടായി. ഉണ്ണിക്കൃഷ്‌ണന്‍ കേസ്‌, പി എ ഇനാംദാര്‍ കേസ്‌ തുടങ്ങിയ പേരുകളില്‍ പിന്നീട്‌ ഇവ പ്രശസ്‌തമാവുകയും ചെയ്‌തു. വിദ്യാര്‍ഥി സംഘടനകളും സ്വകാര്യ മാനേജ്‌മെന്റ്‌ അസോസിയേഷനുകളും സ്വന്തം നിലപാടുകളുടെ സാധൂകരണത്തിനായി ഇത്തരം കേസുകളെ പരാമര്‍ശിക്കുകയോ അവയിലുണ്ടായ വിധിയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയോ ചെയ്യുന്നത്‌ പതിവാണ്‌. സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ നീതിന്യായ സംവിധാനം ഇടപെടാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം കുറച്ചായെന്ന്‌ അര്‍ഥം. എന്നിട്ടും കലര്‍പ്പില്ലാത്ത കച്ചവടമായി അത്‌ തുടരുന്നുണ്ടെങ്കില്‍ കുറ്റം ആരുടെതാണ്‌? നിയമനിര്‍മാണ സംവിധാനങ്ങളും ഇക്കാര്യത്തില്‍ വര്‍ഷങ്ങളായി ഇടപെടുന്നുണ്ട്‌. എന്നിട്ടും ഫലമുണ്ടാവുന്നില്ല.

കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്താണ്‌ കേരളത്തില്‍ സ്വകാര്യ മേഖലയില്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കപ്പെട്ടത്‌. അന്നു മുതല്‍ ഇന്നോളം പ്രശ്‌നങ്ങളൊഴിഞ്ഞിട്ടില്ല. സ്വകാര്യ മേഖലയില്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കുമ്പോള്‍ അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളജിലേതിന്‌ തുല്യമായ ഫീസ്‌ മാത്രമേ ഈടാക്കാവൂ എന്ന വാക്കാലുള്ള ധാരണ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയും കോളജ്‌ നടത്തുന്നതിന്‌ മുന്നോട്ടുവന്ന മാനേജ്‌മെന്റുകളും തമ്മിലുണ്ടായിരുന്നുവെന്നാണ്‌ പറയുന്നത്‌. അതനുസരിച്ചാണ്‌ രണ്ട്‌ സ്വാശ്രയ കോളജ്‌ സമം ഒരു സര്‍ക്കാര്‍ കോളജ്‌ എന്ന സമവാക്യം ആന്റണി അന്ന്‌ പാടി നടന്നത്‌. വാക്കാലുള്ള കരാര്‍ പിന്നീട്‌ മാറ്റിയ മാനേജ്‌മെന്റുകള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശം മുന്‍നിര്‍ത്തി വാദിച്ചപ്പോള്‍ ഹൈക്കോടതി അത്‌ ന്യായമെന്ന്‌ കണ്ടു. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും ഫീസ്‌ തീരുമാനിക്കുന്നതിനും മാനേജ്‌മെന്റുകള്‍ക്ക്‌ പൂര്‍ണ അധികാരമുണ്ടെന്ന്‌ കോടതി വിധിച്ചു. ഈ വിധി ചോദ്യം ചെയ്‌ത്‌ അന്നത്തെ യു ഡി എഫ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മാനേജ്‌മെന്റുകള്‍ക്ക്‌ അനുകൂലമായിരുന്നു ഉത്തരവ്‌.

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ യു ഡി എഫ്‌ സര്‍ക്കാര്‍ പിന്നീട്‌ തീരുമാനിച്ചു. ആ നിയമം ഹൈക്കോടതി സ്റ്റേ ചെയ്‌തു. നിയമം ഭരണഘടനാപരമാണോ അല്ലയോ എന്ന പ്രശ്‌നത്തില്‍ കോടതി നടപടികള്‍ തുടരുകയാണ്‌. 2006ല്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ്‌ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കുന്നതിന്‌ പുതിയ നിയമം കൊണ്ടുവന്നു. വേണ്ടത്ര ആലോചിക്കാതെയാണ്‌ നിയമത്തിലെ വ്യവസ്ഥകള്‍ രൂപകല്‍പ്പന ചെയ്‌തതെന്നും കൂലങ്കഷമായി ചിന്തിച്ച ശേഷമാണ്‌ നിയമ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയതെന്നും ഇടതു മുന്നണിയില്‍ ഭിന്നവാദം നിലനില്‍ക്കുന്നുണ്ട്‌. രണ്ടായാലും നിയമം നടപ്പാക്കുന്നത്‌ തടഞ്ഞ്‌ ഹൈക്കോടതി വിധി പാസ്സാക്കി. ഇതിലും വ്യവഹാരം പൂര്‍ത്തിയായിട്ടില്ല. എത്ര ഹരജികള്‍ പരിഗണിച്ചുവെന്നോ എന്തൊക്കെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നോ ഉത്തരവുകള്‍ ഏതൊക്കെ യായിരുന്നുവെന്നോ ഓര്‍ത്തിരിക്കാന്‍ കഴിയാത്ത വിധത്തിലാണ്‌ കാര്യങ്ങള്‍. ഇതിനിടെയാണ്‌ സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ്‌ ക്വാട്ടയിലെ സീറ്റുകളിലേക്ക്‌ പ്രവേശനം നടത്തുന്നത്‌ വിവാദമായത്‌. അടിസ്ഥാന യോഗ്യത പോലുമില്ലാത്തവര്‍ക്ക്‌ കൂടുതല്‍ തുക തലവരിയായി നല്‍കി പ്രവേശനം നല്‍കുന്നതായി പരാതിയുണ്ടായി. സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക്‌ ലിസ്റ്റില്‍ നിന്ന്‌ കുട്ടികളെ പ്രവേശിപ്പിക്കണമെന്ന്‌ സര്‍ക്കാറും വിദ്യാര്‍ഥി സംഘടനകളും വാദിച്ചു. സ്വന്തമായി പ്രവേശന പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാമെന്ന്‌ മാനേജ്‌മെന്റുകളും.

കോടതി തന്നെയാണ്‌ ഇവിടെയും തീര്‍പ്പുണ്ടാക്കിയത്‌. മാനേജ്‌മെന്റ്‌ അസോസിയേഷന്‌ പ്രവേശന പരീക്ഷ നടത്താം. പക്ഷേ, പി എ ഇനാംദാര്‍ കേസില്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാവണം പരീക്ഷ. ഇക്കാലത്തിനിടെ കേരളത്തില്‍ `പ്രചുര പ്രചാരം' നേടിയ പി എ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ മേല്‍നോട്ടവും വേണം. ഇത്‌ രണ്ടും പാലിക്കപ്പെട്ടില്ലെന്നാണ്‌ പുതിയ പരാതിയുണ്ടായത്‌. പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന്‌ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവ്‌ ശരിവെക്കവെയാണ്‌ സ്വാശ്രയം കലര്‍പ്പില്ലാത്ത കച്ചവടമാണെന്ന പരാമര്‍ശം സുപ്രീം കോടതി നടത്തിയത്‌.

മാനേജ്‌മെന്റ്‌ അസോസിയേഷനുകള്‍ സ്വന്തം നിലക്ക്‌ പ്രവേശന പരീക്ഷ നടത്താമെന്ന്‌ തീരുമാനിച്ചപ്പോള്‍ അതിന്‌ കോടതി അനുമതി നല്‍കിയത്‌ എന്തുകൊണ്ടാണെന്നാണ്‌ ആദ്യം ചിന്തിക്കേണ്ടത്‌. സ്വന്തം കോളജുകളില്‍ കഴിവും യോഗ്യതയുമുള്ള കുട്ടികള്‍ തന്നെ എത്തണമെന്നും അവര്‍ പഠനത്തിലും പിന്നീട്‌ ആതുര ശുശ്രൂഷയിലും പുലര്‍ത്തുന്ന മികവ്‌ തന്റെ സ്ഥാപനത്തിന്റെ സല്‍പ്പേര്‌ വര്‍ധിപ്പിക്കണമെന്നുമുള്ള സദുദ്ദേശ്യമുണ്ടായിരുന്നു മാനേജ്‌മെന്റുകള്‍ക്ക്‌ എന്ന്‌ അന്ന്‌ കോടതി ധരിച്ചുവശായിരുന്നോ? ലക്ഷങ്ങള്‍ തലവരിയായി നല്‍കാന്‍ ത്രാണിയുള്ള രക്ഷിതാക്കളുടെ, പഠനത്തില്‍ മികവ്‌ കാട്ടാത്ത മക്കള്‍ക്ക്‌ വേണ്ടി സീറ്റുകള്‍ കച്ചവടം ചെയ്‌ത മാനേജ്‌മെന്റുകള്‍ അവരുടെ പ്രവേശം ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന മറ മാത്രമാണ്‌ സ്വന്തം പ്രവേശന പരീക്ഷയെന്ന്‌ അന്ന്‌ മനസ്സിലാവാതെ പോയത്‌ കോടതിക്ക്‌ മാത്രമായിരിക്കണം. അതോ കാര്യങ്ങള്‍ മനസ്സിലായിട്ടും ഒരു വ്യവസായമല്ലേ ലാഭകരമായി നടക്കേണ്ടതല്ലേ എന്ന്‌ ചിന്തിച്ചുപോയോ?
സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത്‌ റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ ലക്ഷങ്ങള്‍ ഫീസും നിക്ഷേപവും നല്‍കി മാനേജ്‌മെന്റ്‌ സീറ്റ്‌ സ്വന്തമാക്കാന്‍ എത്ര പേര്‍ക്ക്‌ സാധിക്കും? വിദ്യാഭ്യാസ വായ്‌പയും മറ്റും എടുത്ത്‌ പഠിക്കാമെന്ന്‌ തീരുമാനിച്ചാല്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന തലവരി നല്‍കാനാവുമോ? സര്‍ക്കാര്‍ പട്ടികയില്‍ നിന്ന്‌ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമന്നത്‌ നിര്‍ബന്ധമായാല്‍ തലവരിയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ മാനേജ്‌മെന്റുകളും നിര്‍ബന്ധിതരാവും. പട്ടികയിലുള്ളവരില്‍ കൂടുതല്‍ നല്‍കാന്‍ ത്രാണിയുള്ളവനെ പിഴിയുക എന്നത്‌ മാത്രമേ സാധ്യമാവൂ. ഇത്തരം കുരുക്കുകളൊന്നുമില്ലാതെ സുഗമവും സുതാര്യവുമായി കാര്യങ്ങള്‍ നടത്തുന്നതിനുള്ള വഴിയായിരുന്നു മാനേജ്‌മെന്റ്‌ അസോസിയേഷന്റെ പ്രവേശന പരീക്ഷ. അതാണ്‌ ഇപ്പോള്‍ കോടതി റദ്ദാക്കിയത്‌. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന്‌ വിദ്യാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പത്ത്‌ ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ അനുവാദമുണ്ട്‌. അതില്‍ കോടതിയൊരു തീരുമാനമെടുക്കുമെന്ന്‌ കരുതുക.

ഇതുകൊണ്ട്‌ മാത്രം പ്രശ്‌നങ്ങള്‍ തീരുന്നില്ല. ആരംഭിച്ച കാലം മുതല്‍ കുത്തഴിഞ്ഞ്‌ കിടക്കുകയാണ്‌ സ്വാശ്രയം എന്ന തൊഴുത്ത്‌. ഓരോ വര്‍ഷവും പുതിയ കരാറുകള്‍, പുതിയ ഫീസ്‌ ഘടന, പുതിയ പ്രവേശന രീതികള്‍ അങ്ങനെ പലതും. ഇപ്പോള്‍ സ്വാശ്രയകോളജില്‍ പഠിക്കുന്ന അഞ്ച്‌ വര്‍ഷത്തെ വിദ്യാര്‍ഥികളെ എടുത്താല്‍ അഞ്ചിനും അഞ്ച്‌ തരം മാനദണ്ഡങ്ങളായിരിക്കും. ഇത്‌ ഏകീകരിക്കുന്നതിനും കാര്യക്ഷമമായ നടത്തിപ്പ്‌ രീതിയുണ്ടാക്കുന്നതിനും ആരാണ്‌ ശ്രമിക്കുക? അത്തരം നടപടികളൊന്നുമില്ലാത്തതുകൊണ്ടാണ്‌ എല്ലാ കൊല്ലവും കേസും പൊല്ലാപ്പുമുണ്ടാവുന്നത്‌. ഈ കോളജുകളിലെ പഠന നിലവാരം നിയമ യുദ്ധങ്ങള്‍ക്കിടയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോവുകയും ചെയ്യുന്നുണ്ട്‌. പോയ വര്‍ഷം കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥി പിറ്റേ വര്‍ഷം അതേ കോളജില്‍ അധ്യാപകനാവുന്ന അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. ഇത്തരം പഠന സാഹചര്യങ്ങളില്‍ നിന്ന്‌ പുറത്തിറങ്ങുന്നവന്‍/ള്‍ എന്തൊക്കെ അനര്‍ഥങ്ങള്‍ക്ക്‌ വഴിവെക്കില്ല എന്ന്‌ ഭരണ സംവിധാനത്തിന്റെ ഒരു തലത്തിലും ആലോചനയുണ്ടാവില്ല.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി രംഗത്തെത്തുന്നവര്‍ സേവനം മാത്രം ലക്ഷ്യമിടുന്നവരല്ല എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ലാഭവിഹിതം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. ന്യായമായൊരു ലാഭവിഹിതം ലഭ്യമാവുന്ന വിധത്തില്‍ ഫീസും മറ്റും തീരുമാനിക്കപ്പെടണം. ലാഭമെന്നത്‌ കോളജ്‌ തുടങ്ങി അടുത്ത വര്‍ഷം തന്നെ കിട്ടണമെന്ന്‌ മാനേജ്‌മെന്റുകള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ അത്‌ ആര്‍ത്തിയാണ്‌. കാലക്രമേണ സ്ഥാപനം ലാഭത്തിലാവുകയും പുരോഗതിയിലേക്ക്‌ നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ്‌ വേണ്ടത്‌. അതിന്‌ പാകത്തിലുള്ള നിയമനിര്‍മാണമാണ്‌ ഉണ്ടാവേണ്ടത്‌. തലവരി കര്‍ശനമായി ഇല്ലാതാക്കപ്പെടണം. മാനേജ്‌മെന്റ്‌ സീറ്റില്‍ പ്രവേശനം നേടേണ്ടിവരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ പഠനത്തിനുള്ള സാമ്പത്തിക സഹായം ലഭ്യമാവുന്ന സ്ഥിതിയുണ്ടാവണം. ഇതൊക്കെ പല രീതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ തന്നെയാണ്‌. കോടതികളും യോജിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍. പക്ഷേ, ഇവയെല്ലാം ക്രോഡീകരിച്ച്‌ സമഗ്രമായ നിയമ നിര്‍മാണത്തിന്‌ ആരും തയ്യാറല്ല. അപ്പപ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമാണ്‌ കോടതികള്‍ ചെയ്യുന്നത്‌. സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്‌. 


ഇവയെല്ലാം പഠിച്ച്‌ സമഗ്രമായ ഒരു വിധിന്യായം പുറപ്പെടുവിക്കാന്‍ ഒരു ദശകത്തിനിടെ കോടതിക്ക്‌ സാധിച്ചില്ല. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകം, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജുകളെ സംബന്ധിച്ചും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്‌. എന്നിട്ടും സമഗ്രമായ നിയമനിര്‍മാണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. സ്വാശ്രയം എന്നാല്‍ ആശ്രയിക്കാതെ നിലനില്‍ക്കുക എന്നതാണ്‌. അത്‌ നടക്കുകയാണ്‌ വേണ്ടത്‌. നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കി ആശ്രിതത്വമോ വിധേയത്വമോ ഉണ്ടാക്കുന്നത്‌ ശരിയല്ല. ഇക്കാര്യത്തില്‍ ഗാന്ധിജിക്കൊപ്പമാണ്‌ സര്‍ക്കാറും കോടതികളും.