2010-08-30
സോഷ്യലിസത്തിന് വഴിമാറിക്കോ!
ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ട പ്രകാരം സോഷ്യലിസം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യാ മഹാരാജ്യത്ത് വൈകാതെ തുടങ്ങുമെന്ന് തന്നെ കരുതാം. വൈകാതെ സോഷ്യലിസം സ്ഥാപിക്കപ്പെടുമെന്നും. കമ്മ്യൂണിസ്റ്റ് ആശയഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥ കൈവരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്‌തതിന് നിരവധി ഉദാഹരണങ്ങള്‍ ലോകത്തുണ്ട്.
സോഷ്യലിസം ലക്ഷ്യംവെച്ച് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങള്‍ കമ്പോളത്തില്‍ അധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ചൈന രണ്ട് കൈയും നീട്ടി കമ്പോള സമ്പദ്‌വ്യവസ്ഥയെ സ്വാഗതം ചെയ്യുകയും വിപണികള്‍ തുറന്നുനല്‍കുകയും ചെയ്‌തു. ക്യൂബ, റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിത്തുടങ്ങി. സബ്‌സിഡികള്‍ കുറക്കുകയും വിദേശ കമ്പനികള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം അനുവദിക്കുകയുമാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്‌പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാനും ക്യൂബ അനുമതി നല്‍കിയിട്ടുണ്ട്. വിയറ്റ്‌നാമും മാറ്റങ്ങളുടെ പാതയിലാണ്. അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാറുണ്ടാക്കുകയാണ് വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ഏതെങ്കിലും രാജ്യവുമായി ആണവ കരാറുണ്ടാക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റ് മേഖലകളില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ അമേരിക്ക ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ വിയറ്റ്‌നാമില്‍ വ്യാപകമായ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
സോഷ്യലിസ്റ്റ് സാമുഹിക ക്രമം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്‌ത്ര പ്രയോക്താക്കള്‍ പോലും കമ്പോള കേന്ദ്രീകൃത ആശയങ്ങളുടെ വക്താക്കളാവുമ്പോഴാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സമുഹത്തിലെ അസമത്വങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത്. സാമ്പത്തിക ഉദാരവത്‌കരണവും ആഗോളവത്‌കരണവും പ്രോത്സാപ്പിക്കുന്ന എല്ലാ രാജ്യങ്ങളിലെയും നേതാക്കളുടെ ഇഷ്‌ട തോഴന്‍ മന്‍മോഹന്‍ സിംഗാണെന്ന് അടുത്തിടെ ഒരു അമേരിക്കന്‍ മാസിക നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മന്‍മോഹന്‍ സിംഗിന് പ്രത്യയശാസ്‌ത്ര വ്യതിചലനം സംഭവിച്ചുവോ?
മന്‍മോഹന്‍ മാത്രമല്ല, കോണ്‍ഗ്രസിലെ കിരീടാവകാശി രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങളിലും പൊടുന്നനെ മാറ്റം സംഭവിച്ചു. ഒറീസയില്‍ നിയാംഗിരി കുന്നുകളില്‍ നിന്ന് ബോക്‌സൈറ്റ് ഖനനം ചെയ്‌തെടുക്കാന്‍ ബ്രീട്ടീഷ് കമ്പനിയായ വേദാന്ത സമര്‍പ്പിച്ച 170 കോടിയുടെ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിനെ ആദിവാസികള്‍ നടത്തിയ സമരത്തിന്റെ വിജയമായി രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. സമരം ചെയ്‌ത് വേദാന്തയെ മുട്ടുകുത്തിച്ച ആദിവാസികളെ അഭിനന്ദിക്കുകയും ചെയ്‌തു. പാവങ്ങളെ കുടിയൊഴിപ്പിച്ചല്ല വികസന പദ്ധതികള്‍ നടപ്പാക്കേണ്ടത് എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി, ആദിവാസികളുടെ ഡല്‍ഹിയിലെ പോരാളിയാണ് താന്‍ എന്ന് പ്രഖ്യാപിച്ചു.
സംസ്ഥാന ഡി ജി പിമാരുടെയും രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സികളുടെ മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത് കുറ്റകൃത്യം പെരുകാന്‍ കാരണമാവുന്നുവെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞത്. ആഡംബര ഷോപ്പിംഗ് മാളുകളും ഭവന നിര്‍മാണ യൂനിറ്റുകളും നഗരങ്ങളില്‍ പെരുകുകയാണെങ്കിലും പോഷകാഹാരം ലഭ്യമല്ലാത്ത കുട്ടികളുടെ ശതമാനത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാള്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന കാര്യം സമ്മതിക്കുകയും ചെയ്‌തു പ്രധാനമന്ത്രി. ഭരണത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയും ഭരിക്കുന്ന മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധിയും ആദിവാസികളെയും ദരിദ്രരെയും കുറിച്ച് ആകുലരാണ് എന്ന് വേണം ഈ പ്രസ്‌താവനകളില്‍ നിന്ന് മനസ്സിലാക്കാന്‍. ആ നിലക്ക് ദരിദ്രരുടെയും ആദിവാസി വിഭാഗങ്ങളുടെയും സാമ്പത്തിക, സാമൂഹിക നില ഭദ്രമാക്കാനുള്ള നയപരിപാടികള്‍ വൈകാതെ നടപ്പാക്കുമെന്നും കരുതണം. അത് സോഷ്യലിസത്തിലേക്കുള്ള യാത്രയാവാതെ തരമില്ലല്ലോ?
ഒറീസയിലെ നിയാംഗിരിയില്‍ ബോക്‌സൈറ്റ് ഖനനത്തിന് വേദാന്ത കമ്പനി സമര്‍പ്പിച്ച പദ്ധതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രത്യേക താത്‌പര്യമുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പദ്ധതി നടത്തിപ്പിന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നത് ഈ താത്‌പര്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. ഇപ്പോള്‍ കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയം രണ്ടാം ഘട്ട അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഒറീസയില്‍ കൊറിയന്‍ കുത്തകയായ പോസ്‌കോ വന്‍കിട ഉരുക്ക് സംസ്‌കരണശാലയും തുറമുഖവും അടങ്ങുന്ന പദ്ധതി നടപ്പാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നുമുണ്ട്. നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്‌ടമാക്കുന്ന ഈ പദ്ധതി, പരിസ്ഥിതിക്ക് സൃഷ്‌ടിക്കാന്‍ ഇടയുള്ള ആഘാതം ഗൗരവമേറിയതുമാണ്. വേദാന്തയുടെ അലൂമിനിയം സംസ്‌കരണ ശാല നിയാംഗിരിക്ക് സമീപം ആരംഭിച്ചുകഴിഞ്ഞു. ഇവിടേക്കു വേണ്ട ബോക്‌സൈറ്റ് ഝാര്‍ഖണ്ഡില്‍ നിന്ന് എത്തിക്കുന്നത് തുടരുന്നതുകൊണ്ട് പ്രയാസമില്ല.
വേദാന്തയുടെ ഖനന പദ്ധതി തടഞ്ഞ് പോസ്‌കോക്കെതിരായ എതിര്‍പ്പ് തണുപ്പിക്കുക എന്ന രാഷ്‌ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്ന് ആരോപണമുണ്ട്. എന്തായാലും വേദാന്തയുടെ ഖനന പദ്ധതിക്കെതിരെ സ്വീകരിച്ച അതേ നിലപാട് പോസ്‌കോയുടെ പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. കലിംഗ നഗറില്‍ ടാറ്റ സ്ഥാപിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരെ സമരം ചെയ്യുന്നതും ആദിവാസികളാണ്. അവിടെ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെച്ച് വെടിവെച്ചു കൊന്നതായി ആരോപണമുണ്ട്. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ടാറ്റയുടെ പ്ലാന്റ് മൂലം കിടപ്പാടം നഷ്‌ടപ്പെടുന്നവരെ സംരക്ഷിക്കാനും രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തയ്യാറാവുമോ എന്നും വ്യക്തമാവേണ്ടതുണ്ട്.
ഇതൊന്നും നടപ്പാവില്ലെന്നും രാഹുലിന്റെത് വെറുമൊരു രാഷ്‌ട്രീയപ്രകടനം മാത്രമാണെന്നും മനസ്സിലാക്കാന്‍ വിദര്‍ഭയിലെ കലാവതിയെക്കുറിച്ച് ഓര്‍ത്താല്‍ മാത്രം മതി. അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാറിനെക്കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് കലാവതിയുടെ കാര്യം രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചത്. രാഹുല്‍ വാഗ്‌ദാനം ചെയ്‌തതൊന്നും ചെയ്‌തു തന്നില്ലെന്ന് ആരോപിച്ച് കലാവതി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രംഗത്തുവന്നിരുന്നു. ഒരു വ്യക്തിയെ സഹായിക്കുക എന്നത് രാഹുല്‍ ഗാന്ധി എന്ന നേതാവിനെ സംബന്ധിച്ച് എളുപ്പമാണ്. അതുപോലും നടന്നില്ല എന്ന് ആലോചിക്കുമ്പോള്‍ കലാവതിയിലുടെ പ്രതിനിധാനം ചെയ്യപ്പെടുന്ന വിദര്‍ഭയിലെ ആത്മഹത്യയുടെ മുനമ്പില്‍ തുടരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങളെ രാഹുല്‍ ഗാന്ധിക്ക് അഭിമുഖീകരിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചലച്ചിത്രങ്ങളില്‍ നായകവേഷത്തിലെത്തുന്ന താരങ്ങള്‍ ജീവിത ദുരിതങ്ങള്‍ കണ്ട് അടിയിടറിപ്പോവുന്ന രംഗങ്ങളില്‍ പറയുന്ന ഡയലോഗുകളുടെ വില മാത്രമേ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് നല്‍കനാവൂ.
മന്‍മോഹന്‍ സിംഗ് കൂറേക്കൂടി വലിയ നടനായാണ് പ്രത്യക്ഷപ്പെടുന്നത്. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നുവെന്ന്. ഇക്കാര്യം കുറേക്കാലമായി ഇന്ത്യയില്‍ പാടിക്കൊണ്ടു നടക്കുന്നത് ഇടതുപക്ഷ പാര്‍ട്ടികളാണ്. അവര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ പ്രതിഭാസം നിലവിലുണ്ട്. കേന്ദ്രം സ്വീകരിക്കുന്ന സാമ്പത്തിക നയത്തിന് അനുസൃതമായ നയം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാനാവൂ എന്നും അതുകൊണ്ട് തന്നെ ഇടതുപക്ഷം അധികാരത്തിലിക്കുന്നുവെന്നത് കൊണ്ട് മാത്രം മൂന്ന് സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് മാറ്റമുണ്ടാവില്ലെന്നുമാണ് അവര്‍ പറയുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതേ വിലാപം നടത്തുന്നുണ്ട്. രാജ്യത്ത് ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവരുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്‌തു. നടപടികള്‍ ഉണ്ടാവുന്നുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് കൃത്യമായ അറിവില്ല. പക്ഷേ, ബിജിംഗിലേക്ക് തൊഴില്‍ തേടിയെത്തുന്ന ദരിദ്ര കുടുംബങ്ങളുടെ എണ്ണം പെരുകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചൈനയെപ്പോലെ സാമ്പത്തിക വളര്‍ച്ചയുടെ ശതമാനക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വളര്‍ച്ച നടക്കുന്നുമുണ്ട്. എന്നാല്‍ ഇത് അനിവാര്യമായ അപകടങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. അതിലൊന്നാണ് മന്‍മോഹന്‍ സിംഗ് പരാമര്‍ശിച്ച കുറ്റകൃത്യങ്ങള്‍. അതിലേക്ക് അദ്ദേഹത്തിന്റെ നയപരിപാടികള്‍ നല്‍കിയ സംഭാവന കൂടി പരിഗണിക്കണം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ് ആദ്യം ചെയ്‌തത് വായ്‌പാ വിപണി വ്യാപിപ്പിക്കുകയാണ്. വിദേശ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് യഥേഷ്‌ടം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു. ഗൃഹോപകരണ വിപണിയില്‍ ധനകാര്യ ഇടപാടുകള്‍ ആരംഭിച്ച ഈ സ്ഥാപനങ്ങള്‍ വൈകാതെ വാഹന, ഭവന നിര്‍മാണ മേഖലകളിലേക്ക് കൂടി പ്രവേശിച്ചു. കുടിശ്ശികയാവുന്ന വായ്‌പകള്‍ ഈടാക്കുന്നതിന് ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പെടുത്തി. മുമ്പ് അധോലോക സംഘങ്ങള്‍ നടത്തിയിരുന്ന ഭീഷണിപ്പെടുത്തി പണം തട്ടുന്ന ജോലി നിയമവിധേയമാക്കുകയാണ് ഈ ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്‌തത്. അതിന് വേണ്ട നിയമ സംരക്ഷണം ഡോ. മന്‍മോഹന്‍ സിംഗോ അദ്ദേഹമുള്‍പ്പെട്ട ഭരണകൂടങ്ങളോ ചെയ്‌ത് കൊടുക്കുകയും ചെയ്‌തു. ഇത് രാജ്യത്തെ കുറ്റകൃത്യങ്ങള്‍ ഏതളവില്‍ വര്‍ധിപ്പിച്ചുവെന്ന് ആലോചിക്കണം. ഇനി ഇത്തരം സൗകര്യങ്ങള്‍ പിന്‍വലിക്കാന്‍ മന്‍മോഹന്‍ സിംഗിന് സാധിക്കുമോ?
ഇത് നമുക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന കാര്യം. എളുപ്പത്തില്‍ മനസ്സിലാവാത്ത സാമ്പത്തിക തട്ടിപ്പുകള്‍ എത്രമാത്രമുണ്ടാവും. ഇത് ഏതൊക്കെ അളവിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിമരുന്നിടുന്നുണ്ടാവും. സാമ്പത്തിക പരിഷ്‌കരണങ്ങളും അത് തുറന്നുകൊടുത്ത അവസരങ്ങളും ഉപയോഗപ്പെടുത്തിയല്ലേ ആദിവാസികളെ കുടിയിറക്കി വികസന പദ്ധതികള്‍ ആരംഭിക്കാന്‍ ശ്രമമുണ്ടായത്? അതിനെതിരായ പ്രതികരണങ്ങളുടെ സംഘടിത രൂപങ്ങള്‍ പലപ്പോഴും അക്രമാസക്തമാവുന്നുണ്ട്. അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും കുറ്റകൃത്യങ്ങളില്‍ അവസാനിക്കുന്നുണ്ട്. ഇതിനെല്ലാം തന്റെ നയങ്ങള്‍ ഉത്തരവാദിയായെന്ന് ഏറ്റുപറയുകയാണോ മന്‍മോഹന്‍ സിംഗ് ചെയ്യുന്നത്? ആവാന്‍ തരമില്ല. ഇടക്കൊരു ഏറ്റുപറച്ചിലുണ്ടാക്കുന്ന ആശയക്കുഴപ്പത്തിലൂടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള പഴുതുണ്ടാക്കുകയാണ് ബുദ്ധിമാന്റെ തന്ത്രം. മന്‍മോഹന്‍ സിംഗ് ബുദ്ധിമാനല്ലെന്ന് ആരും പറയില്ല. ആണവ കരാറിനെ എതിര്‍ക്കാന്‍ ചാവേറുകളായ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും.
Subscribe to:
Post Comments (Atom)
കിടപ്പാടം നഷ്‌ടപ്പെടുന്നവരെ സംരക്ഷിക്കാനും രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തയ്യാറാവുമോ എന്നും വ്യക്തമാവേണ്ടതുണ്ട് ?
ReplyDeleteപ്രിയ രാജീവേ ഇതൊന്നും അവരുടെ നയങ്ങളില്‍ പെടുന്നതല്ല രാജ്യവും രാജ്യത്തിന്റെ സമ്പത്തും വില്‍ക്കുക എന്നതിലപ്പുറം മറ്റൊരു അജണ്ട അവര്‍ക്കില്ലാന്നു പല പ്രാവിശ്യം തെളിയിച്ചതാണ്. പിന്നെ മന്‍മോഹന്‍ സിങ്ങിനോ രാഹുലിനോ ജനങ്ങലോട് എന്ത് താല്പര്യം
കമ്പോള വല്‍ക്യത സാമ്പത്തിക വ്യവസ്ഥ നടപ്പാക്കിയതിലൂടെ ചൈന കൈവരിച്ച സാമ്പത്തികവും വിഭവപരവുമായ നേട്ടങ്ങളളില്‍ കണ്ണ് തള്ളീ നില്‍ക്കുകയാണ് ഇടത് പക്ഷ നേതാക്കള്‍. ബംഗാളില്‍ ചൈന മോഡല്‍ പരിപാടി ഉല്‍ഘാട്ടനം ചെയ്തതുമായി ബന്ധ്ഹപ്പെട്ടാണ് കുറേയെണ്ണത്തിനെ കൊന്നും കൊലവിളീച്ചും ഭൂമി ഏറ്റെടുത്തത്. കേരളത്തിലും അതി വേഗ പാത എന്നും പറഞ്ഞ് കുറേയെണ്ണത്തിനെ കുടിയിറക്കാന്‍ നടക്കുന്നതും ഇടത് പക്ഷം തന്നെ. പണം അമ്യത് പോലെ ഒഴുകി വരുന്ന ഈ ജന സേവനം എന്ന ഏര്‍പ്പാട് സഖാക്കള്‍ക്കും ക്ഷ പിടിച്ചിട്ടുണ്ട്. ഈ വികസന ഭീകരതയുടെ ഇരകള്‍ ആദിവാസികളും പാവപ്പെട്ടവരും ആകുമ്പോള്‍ ശക്തമായ ജനകീയ പ്രക്ഷോഒഭങ്ങള്‍ക്ക് സാധ്യത ഏറെയാണ്. കരുതലോടെ നീങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് രാഹുല്‍ രാജകുമാരനും, സിങ്ങിനും അറിയാം. ഇനിയുള്ള കളി ഉള്ളില്‍ കയറി വെടക്കാക്കുക എനുള്ളതാണ് ഇനി അതിനുള്ള കളിയാണ് കളിക്കാന്‍ പോകുനത്. ഈ ആദിവാസി പ്രേമം അതിനുള്ള സൂചനയാണ്. മാവോഒയിസ്റ്റുകളുമായുള്ള നേരിട്ടുള്ള കളി തീക്കളിയാണെന്ന് സര്‍ക്കാരിനറിയാം. അത് കൊണ്ട് ഇനിയുള്ള മാര്‍ഗ്ഗം പ്രലോഭനങ്ങളാണ്. അത് വിജയിക്കുമോ എന്ന് കണ്ടറിയാം.
ReplyDelete