2010-08-19

ഈ `ഭീകരവാദി'യെ എന്ത്‌ ചെയ്യുംബംഗളൂരു സ്‌ഫോടന പരമ്പരയെ സംബന്ധിച്ച ക്രിമിനല്‍ കേസ്‌. അതില്‍ ആരോപണവിധേയരായവരില്‍
31-ാം സ്ഥാനത്തുള്ളയാള്‍. അയാളെ അറസ്റ്റ്‌ ചെയ്‌ത്‌ നിയമപരമായ വിചാരണക്ക്‌ വിധേയനാക്കി കുറ്റവാളിയാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ കോടതി നടപടികള്‍ക്ക്‌ വിധേയനായി നിരപരാധിത്വം തെളിയിക്കുകയാണ്‌ വേണ്ടത്‌. ഇത്തരമൊരാളെ അറസ്റ്റ്‌ ചെയ്യാന്‍ വൈകിക്കുന്നത്‌ എന്തിനാണ്‌? കര്‍ണാടക പോലീസ്‌ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റ്‌ ചെയ്‌ത്‌ കൈമാറാന്‍ നടപടി സ്വീകരിക്കുകയാണ്‌ കേരള പോലീസ്‌ ചെയ്യേണ്ടിയിരുന്നത്‌. പി ഡി പി ചെയര്‍മാന്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിക്ക്‌ ബംഗളൂരുവിലെ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ച ശേഷം നമുക്കിടയില്‍ ഉയര്‍ന്ന ചില ചോദ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഇതൊക്കെയായിരുന്നു. 


മഅ്‌ദനി കേരളത്തിലെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്ര ബിന്ദുവാണെന്നും രാജ്യദ്രോഹിയാണെന്നുമുള്ള ആരോപണം സംഘ്‌പരിവാര്‍ ആവര്‍ത്തിച്ചു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിംഗ്‌ ഠാക്കൂറിനെയും കേണല്‍ ശ്രീകാന്ത്‌ പുരോഹിതിനെയും അറസ്റ്റ്‌ ചെയ്‌തപ്പോള്‍ കാണാതിരുന്ന മനുഷ്യാവകാശം മഅ്‌ദനിയുടെ കാര്യത്തില്‍ എന്തിന്‌ ഉന്നയിക്കുന്നുവെന്ന പ്രചാരണം മൊബൈലുകളിലൂടെ സന്ദേശങ്ങളായി പറന്നു.

ഒറ്റനോട്ടത്തില്‍ ശരിയെന്ന്‌ തോന്നുന്ന ചോദ്യങ്ങളും അഭിപ്രായങ്ങളും എസ്‌ എം എസ്സുകളും. ഇവയുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാവണമെങ്കില്‍ ആരാണ്‌ മഅ്‌ദനിയെ `തീവ്രവാദി'യാക്കിയതെന്ന്‌ അന്വേഷിക്കണം. ആരാണ്‌ മഅ്‌ദനിയെ `ഭീകരവാദി'യാക്കിയതെന്നും. ബാബരി മസ്‌ജിദ്‌ തകര്‍ത്ത്‌ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സംഘ്‌പരിവറും ബി ജെ പിയും രാജ്യത്ത്‌ വര്‍ഗീയ പ്രചാരണം ശക്തമാക്കിയ കാലം. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന കുപ്രസിദ്ധമായ രഥയാത്ര. യാത്രക്കിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട്‌ നടന്ന ആസൂത്രിതമായ ആക്രമണങ്ങള്‍. അരക്ഷിതാവസ്ഥ മനസ്സില്‍ സൂക്ഷിച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഭീതരായി. അന്നോളം മത പ്രഭാഷണങ്ങള്‍ മാത്രം നടത്തിയിരുന്ന മഅ്‌ദനി തന്റെ സ്വതസിദ്ധമായ ശബ്‌ദ ഗാംഭീര്യവും പ്രസംഗ പാടവവും സംഘ വര്‍ഗീയതക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയത്‌ അക്കാലത്താണ്‌. ബാബരി മസ്‌ജിദ്‌ കര്‍സേവക്കായി തുറന്നു കൊടുത്ത കോണ്‍ഗ്രസ്‌ സര്‍ക്കാറിനെയും അവരുടെ സഖ്യകക്ഷിയായി തുടര്‍ന്ന മുസ്‌ലിം ലീഗിനെയും അദ്ദേഹം ആക്രമിച്ചു. മഅ്‌ദനി തീവ്രവാദിയായിട്ടുണ്ടെങ്കില്‍ ഈ സാമൂഹിക സാഹചര്യത്തിന്‌ അതില്‍ പങ്കില്ലേ? ഇത്തരമൊരു സാമൂഹിക സാഹചര്യം സൃഷ്‌ടിക്കാന്‍ പാകത്തില്‍ വളഞ്ഞുനില്‍ക്കുകയും ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ നിസ്സംഗതയിലൂടെ സഹായം ചെയ്യുകയും ചെയ്‌ത ഭരണകൂടത്തിന്‌ പങ്കില്ലേ? 


ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷം നടന്നതാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര. ആ കേസില്‍ അറസ്റ്റിലായ മഅ്‌ദനി ഒമ്പത്‌ വര്‍ഷം നീണ്ട വിചാരണത്തടവിന്‌ ശേഷം കുറ്റവിമുക്തനായി പുറത്തിറങ്ങി. ഇക്കാലത്തും ഇപ്പോഴും മസ്‌ജിദ്‌ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരും സ്ഥലത്തെത്തി കര്‍സേവകരെ പ്രോത്സാഹിപ്പിച്ചവരും നിയമനിര്‍മാണ സഭകളില്‍ അംഗങ്ങളായി, മന്ത്രിമാരായി, മുഖ്യമന്ത്രിമാരായി തുടര്‍ന്നു. അതില്‍ നമ്മുടെ സംവിധാനങ്ങള്‍ക്കൊന്നും അപാകം ദര്‍ശിക്കാനാവുന്നില്ല. ഈ ഒരു സാഹചര്യം മഅ്‌ദനി തീവ്രവാദിയായിട്ടുണ്ടെങ്കില്‍ അതിന്‌ പ്രേരകമായിട്ടുണ്ടാവില്ലേ?

1993ല്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന്‌ കാണിച്ച്‌ എടുത്ത കേസില്‍ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ 1998ല്‍ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്‌ത്‌ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറിയ അന്നത്തെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ മഅ്‌ദനിയെ തീവ്രവാദിയാക്കിയിട്ടുണ്ടാവില്ലേ? മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ മഅ്‌ദനി നേടിയെടുക്കാന്‍ ഇടയുള്ള സ്വാധീനം മുന്നില്‍ കണ്ട്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്‌ മുമ്പും പിമ്പും അദ്ദേഹത്തെ താറടിക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗോ? കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ തിരഞ്ഞെടുപ്പടുക്കുമ്പോഴത്തെ വോട്ട്‌ ഉറപ്പാക്കി മടങ്ങുകയും പിന്നീട്‌ പുറത്തിറങ്ങിയപ്പോള്‍ ഭീകരവാദിയെന്ന്‌ ആക്ഷേപിക്കുകയും ചെയ്‌ത കോണ്‍ഗ്രസ്‌ - യു ഡി എഫ്‌ നേതാക്കള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തീവ്രവാദം നിലനിര്‍ത്താന്‍ പ്രേരകമായിട്ടുണ്ടാവില്ലേ?

കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴയുണ്ടായിട്ടുണ്ടെന്നും അത്‌ തിരുത്തുകയാണെന്നും തീവ്ര ആശയങ്ങള്‍ സ്‌ഫുരിക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ലെന്നും മഅ്‌ദനി പ്രഖ്യാപിച്ചു. അതിനു ശേഷമാണ്‌ ഭീകരവാദിയെന്ന മുദ്ര കൂടുതല്‍ വ്യക്തമായി പതിപ്പിക്കാന്‍ ശ്രമമുണ്ടായത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ സഹായിക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ മാധ്യമങ്ങളിലൂടെ രേഖകളുടെ ഒഴുക്ക്‌ തുടങ്ങി. കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ മഅ്‌ദനിയുടെ അറിവോടെയായിരുന്നു, ബംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കുണ്ട്‌, ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന്‌ ധനസമാഹരണം നടത്തുന്ന സര്‍ഫറാസ്‌ നവാസുമായി ബന്ധമുണ്ട്‌ എന്നു തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിര. എല്ലാറ്റിനും തെളിവായി വിവിധയാളുകള്‍ പോലീസിന്‌ നല്‍കിയ മൊഴികളുടെ പകര്‍പ്പുകള്‍. ആരും പിന്നില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ മൊഴിപ്പകര്‍പ്പുകളുടെ കൂമ്പാരമായിരുന്നു. മഅ്‌ദനി ഭീകരനായി. 


തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന്‌ തോന്നിയപ്പോള്‍ അത്‌ ഏറ്റുപിടിക്കാന്‍ ആളുകളുണ്ടായി. കാശ്‌മീരില്‍ നാല്‌ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിലും മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്ന്‌ ആരോപണമുയര്‍ന്നതോടെ എല്ലാം തികഞ്ഞു. മഅ്‌ദനിയേക്കാള്‍ വലിയ ഭീകരവാദിയെ മലയാളിക്ക്‌ ഇനി കിട്ടാനില്ലെന്ന സ്ഥിതി. അത്രയും എത്തിക്കുന്നതില്‍ മാധ്യമങ്ങളും അവരുടെ കോറസ്‌ പോലെ വര്‍ത്തിച്ച ബി ജെ പി, യു ഡി എഫ്‌ നേതാക്കളും വിജയിച്ചു. ഈ ഭീകരവാദിയെ അറസ്റ്റ്‌ ചെയ്യുന്നതില്‍ എന്തിന്‌ മടിക്കണമെന്ന ചിന്തയാണ്‌ നേരത്തെ ഉന്നയിച്ച ചോദ്യങ്ങളും അഭിപ്രായങ്ങളും പങ്ക്‌ വെക്കുന്നത്‌.

ഇതൊരു വെറും ക്രിമിനല്‍ കേസ്‌ മാത്രമാണോ? അങ്ങനെയായിരുന്നുവെങ്കില്‍ കോയമ്പത്തൂര്‍ സ്‌ഫോടനത്തിലേതും അങ്ങനെയായിരുന്നില്ലേ? എന്നിട്ടും മഅ്‌ദനിക്ക്‌ ഒമ്പത്‌ വര്‍ഷം വിചാരണത്തടവുകാരനായി കഴിയേണ്ടിവന്നു. മഅ്‌ദനിക്ക്‌ എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചുവെന്ന്‌ ആരെങ്കിലും പിന്നീട്‌ അന്വേഷിച്ചോ? ഈ കേസില്‍ ആരോപണവിധേയരായവരില്‍ 64-ാം സ്ഥാനത്തായിരുന്നു മഅ്‌ദനി ആദ്യം. പിന്നീട്‌ നാലാം സ്ഥാനത്തേക്കും പതിനാലാം സ്ഥാനത്തേക്കും തമിഴ്‌നാട്‌ പോലീസ്‌ മാറ്റി. എന്തുകൊണ്ടാണ്‌ ഇങ്ങനെ മാറ്റിയത്‌? അതിനു വേണ്ട തെളിവുകള്‍ കൃത്രിമമായി സൃഷ്‌ടിച്ചാണെന്ന്‌ കോടതി വിധി വന്നപ്പോള്‍ വ്യക്തമായി. അങ്ങനെ കൃത്രിമമായി തെളിവ്‌ സൃഷ്‌ടിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരുന്നു? എന്തായിരുന്നു അവരുടെ ലക്ഷ്യം? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്‌. നീതിന്യായ സംവിധാനത്തിന്റെ പതിവ്‌ രീതി ഇങ്ങനെയാണെന്നും കേസില്‍പ്പെട്ടാല്‍ അതില്‍ നിന്ന്‌ മോചിതനാവുവോളം പീഡനം അനുഭവിക്കാന്‍ പൗരന്‍മാര്‍ ബാധ്യതപ്പെട്ടവരാണെന്നുമാണോ കരുതേണ്ടത്‌? 


ഇത്തരം നിരവധി ചോദ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസ്‌ മഅ്‌ദനിയെ സംബന്ധിച്ച്‌ വെറുമൊരു ക്രിമിനല്‍ കേസല്ല. ഇപ്പോള്‍ 31-ാം സ്ഥാനത്തുള്ള മഅ്‌ദനി നാളെ നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ എത്താം. അതിന്‌ വേണ്ട തെളിവുകള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ മഅ്‌ദനിക്ക്‌ ബംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്നതിന്‌ തെളിവ്‌ ലഭിച്ചതെന്ന്‌ കര്‍ണാടക പോലീസ്‌ പറയുന്നു. നാളെ ഈ കേസിലെയോ മറ്റേതെങ്കിലും കേസിലെയോ ആരോപണവിധേയര്‍ മഅ്‌ദനിയെ കണ്ടിരുന്നുവെന്ന്‌ `മൊഴി നല്‍കാം'. അതോടെ ബംഗളൂരു കേസിലെ മഅ്‌ദനിയുടെ പങ്ക്‌ കൂടുതല്‍ ഗൗരവമേറിയതാവും. അല്ലെങ്കില്‍ മറ്റൊരു സംസ്ഥാനത്തെ സമാനമായ കേസില്‍ ആരോപണവിധേയരുടെ പട്ടികയില്‍ സ്ഥാനം പിടിക്കും. ഇതോടെ ഭീകരവാദിപ്പട്ടം കൂടുതല്‍ ഉറക്കും. പിന്നെ ജാമ്യാപേക്ഷകള്‍ തള്ളപ്പെടാന്‍ പ്രയാസമുണ്ടാവില്ല. ആരോപണവിധേയരുടെ `മൊഴി'യെ അടിസ്ഥാനമാക്കി കേസുകള്‍ എടുക്കരുതെന്ന സുപ്രീം കോടതിയുടെ വിധിയൊന്നും പോലീസിന്‌ ബാധകമാവില്ല. സുപ്രീം കോടതി വിധി മറികടന്ന്‌, ആരോപണവിധേയന്റെ മൊഴിയെ ആസ്‌പദമാക്കി എന്തിന്‌ കേസെടുത്തുവെന്ന്‌ ഒരു നീതിന്യായപീഠവും ചോദിക്കുകയുമില്ല.

ഇങ്ങനെയൊക്കെ നടക്കുമോ എന്ന്‌ സംശയിക്കുന്നവര്‍ക്ക്‌ തെളിവായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്‌ മുന്നിലുണ്ട്‌. മലേഗാവ്‌ കേസ്‌ മറ്റൊരു ഉദാഹരണം. ഈ കേസില്‍ ആദ്യം അറസ്റ്റിലായതെല്ലാം ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു. അന്ന്‌ പോലീസ്‌ പറഞ്ഞത്‌ എല്ലാവരും ഇന്ത്യന്‍ മുജാഹിദീനിന്റെ പ്രവര്‍ത്തകരാണെന്നായിരുന്നു. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ അഭിനവ്‌ ഭാരത്‌ എന്ന സംഘടനയാണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ കണ്ടെത്തിയത്‌. സാധ്വി പ്രഗ്യാ സിംഗും കേണല്‍ പുരോഹിതുമൊക്കെ അറസ്റ്റിലാവുന്നത്‌ അതോടെയാണ്‌. അവരുടെ കാര്യത്തിലും അനന്തമായ വിചാരണത്തടവ്‌ ശരിയാണെന്ന്‌ പറയനാവില്ല. ഇവരെ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ നേരത്തെ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന്‌ ആരോപിക്കപ്പെവരെ വിട്ടയച്ചു. എങ്ങനെയാണ്‌ ഇവരെ കേസില്‍ കുടുക്കിയത്‌ എന്ന കാര്യത്തില്‍ അന്വേഷണമൊന്നുമുണ്ടായില്ല. ആരെയെങ്കിലും കേസില്‍ കുടുക്കാന്‍ ബോധപൂര്‍വം ശ്രമമുണ്ടായോ എന്ന്‌ അന്വേഷിച്ചില്ല. അബദ്ധത്തില്‍ അറസ്റ്റ്‌ ചെയ്‌തതിന്‌ മാപ്പ്‌ ചോദിക്കാനെങ്കിലും തയ്യാറായിരുന്നോ? 


ഭരണകൂടത്തിനോ നീതിന്യായ സംവിധാനത്തിനോ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടാവേണ്ടതാണ്‌. ആരെയും കേസില്‍ കുടുക്കാനും അറസ്റ്റ്‌ ചെയ്യാനും സാധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നത്‌ ഗുണകരമല്ല. ആ അവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടാണ്‌, അതനുഭവിച്ചതുകൊണ്ടാണ്‌ മഅ്‌ദനിക്ക്‌ ഇതൊരു വെറും ക്രിമിനല്‍ കേസല്ലാത്തത്‌.

വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുമ്പോള്‍ പോലും പുതിയ കുറ്റകൃത്യങ്ങളില്‍ മഅ്‌ദനി പങ്കാളിയാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ കിടക്കുമ്പോള്‍ നടന്ന കളമശ്ശേരി ബസ്സ്‌ കത്തിക്കലിന്റെ ഗൂഢാലോചനയില്‍ മഅ്‌ദനി `പങ്കാളിയായത്‌' അങ്ങനെയാണ്‌. ജയിലിലേക്ക്‌ സിം കാര്‍ഡ്‌ ഒളിപ്പിച്ചു കടത്തി ജയില്‍ അധികൃതരുടെ അറിവോടെയോ അല്ലാതെയോ മഅ്‌ദനി ബസ്സ്‌ കത്തിക്കാന്‍ പദ്ധതിയിട്ടവരുമായി ബന്ധപ്പെട്ടുവെന്നാണ്‌ ആരോപണം. മാധ്യമങ്ങള്‍ മൊഴിമുത്തുകളുടെ പിന്‍ബലത്തോടെ ഉയര്‍ത്തിക്കൊണ്ടുവന്ന ഈ ആരോപണത്തെ ഗൗരവത്തിലെടുക്കാന്‍ അന്വേഷണ ഏജന്‍സി തയ്യാറായില്ല. മഅ്‌ദനിക്കു മേല്‍ മറ്റൊരു കേസെടുക്കാന്‍ മടിയുണ്ടായിട്ടല്ല. അങ്ങനെ കേസെടുത്താല്‍ കോയമ്പത്തൂര്‍ ജയിലിലെ അധികൃതര്‍ കൂടി ഉത്തരവാദികളാവുമെന്നതുകൊണ്ടാണ്‌. സമാനമായ ആരോപണങ്ങള്‍ കര്‍ണാടകത്തിലെ ജയിലുകളില്‍ നിന്നുമുയരാം.

`എന്തുകൊണ്ട്‌ മഅ്‌ദനി, മറ്റാരുമില്ലല്ലോ' എന്ന്‌ ചോദ്യമുണ്ടാവാം. ഇത്രയുമധികം ലക്ഷണയുക്തനായ മറ്റൊരാളെ കിട്ടാനില്ല എന്നതാണ്‌ ഉത്തരം. രാഷ്‌ട്രീയ പാര്‍ട്ടികള്‍, സംഘ പരിവാര്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന്‌ അത്രയധികം കെട്ടിപ്പൊക്കിയിരിക്കുന്ന ഈ ഭീകരവാദി പ്രതിച്ഛായ. മറ്റ്‌ ആരോപണവിധേയ സംഘടനകളിലൊന്നും ഈ പാകത്തിലൊരാളെ ചൂണ്ടിക്കാട്ടാനില്ല. ഒരു സംഘടനയെ അത്‌ എത്ര ചെറുതാണെങ്കിലും ഒറ്റക്ക്‌ നിയന്ത്രിക്കാന്‍ സാധിക്കുന്നവരുമില്ല. അറസ്റ്റ്‌ ചെയ്യാനെത്തുന്നവരുടെ മേല്‍ മണ്ണ്‌ നുള്ളിയിടാന്‍ പോലും പി ഡി പി പ്രവര്‍ത്തകര്‍ തയ്യാറാവരുതെന്ന മഅ്‌ദനിയുടെ പ്രസ്‌താവന അപ്പടി അനുസരിക്കപ്പെട്ടപ്പോള്‍ തെളിഞ്ഞത്‌ അതാണ്‌. ഒരു മുന്‍കരുതലെടുക്കല്‍ കൂടിയായിരുന്നു ഇത്‌. ജാമ്യം ലഭിച്ച്‌ മഅ്‌ദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന്‌ ഭാവിയില്‍ ആരും കോടതിയില്‍ സത്യവാങ്‌മൂലം നല്‍കാതിരിക്കാനുള്ള മുന്‍കരുതല്‍.

മാധ്യമ പാഠം:

ബി ജെ പിയുടെ അടുത്ത പത്ത്‌ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കാന്‍ നേതൃത്വം നിയോഗിച്ച സമിതിയുടെ അധ്യക്ഷനാണ്‌ രാജീവ്‌ ചന്ദ്രശേഖര്‍. മലയാളത്തില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലില്‍ മഅ്‌ദനിയുടെ അറസ്റ്റിനെക്കുറിച്ചും ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തെക്കുറിച്ചും പ്രത്യേക പരിപാടി. അതില്‍ അവതാരക പറയുന്നു ``അന്‍വാര്‍ശ്ശേരിയിലെ നാടകം നീണ്ടതോടെ ബുദ്ധിമുട്ടിലായത്‌ മാധ്യമ പ്രവര്‍ത്തകരാണ്‌. ഭക്ഷണവും വെള്ളവുമില്ലാതെ നട്ടംതിരിഞ്ഞു, പ്രാഥമിക ആവശ്യം നിറവേറ്റാന്‍ പോലും കഴിയാതെ. അതും പി ഡി പി പ്രവര്‍ത്തകരുടെ മധ്യത്തില്‍.'' ഇവിടെ ധ്വനിപ്പിക്കുന്ന പ്രധാന കാര്യം പി ഡി പി പ്രവര്‍ത്തകര്‍ എന്ന കൂട്ടത്തിന്റെ `നികൃഷ്‌ടത'യെക്കുറിച്ചാണ്‌. അവരെ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി കാണാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ നിന്നാണ്‌ ഈ വാചകം ജനിക്കുന്നത്‌. ആ മനോനിലയെക്കുറിച്ച്‌ നേരത്തെ ബോധ്യം വന്നുവെന്നതാണ്‌ മഅ്‌ദനിയെപ്പോലെയുള്ളവര്‍ക്ക്‌ പറ്റിയ തെറ്റ്‌. അത്‌ തിരുത്തണമെങ്കില്‍ അവതാരകയുടെ മനോനില ആദ്യം മാറണം. കുറഞ്ഞത്‌ അവിടെ നിന്ന്‌ ജനിക്കുന്ന വികൃതാശയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയെങ്കിലും വേണം.