2010-08-07

കല്‍മാഡിക്കൂട്ടങ്ങള്‍



കളി എന്നത്‌ വെറും കളിയല്ലെന്ന ബോധ്യത്തിന്‌ കാലപ്പഴക്കമുണ്ട്‌. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ടീമുകള്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അത്‌ ക്രിക്കറ്റ്‌ നയതന്ത്രമായി വിലയിരുത്തപ്പെടാറുണ്ട്‌. പാക്‌ ടീം മത്സരിക്കുന്നു എന്ന കാരണം കൊണ്ട്‌ ക്രിക്കറ്റ്‌ പിച്ച്‌ കുത്തിക്കീറാനും കരി ഓയില്‍ ഒഴിക്കാനും ശിവസേനയെപ്പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ തയ്യാറാവുമ്പോള്‍ അത്‌ വര്‍ഗീയതയുടെ പ്രത്യക്ഷ പ്രകടനമാവുന്നു. ആന്‍ഡ്രൂ സൈമണ്ട്‌സിനെ ചിത്രത്തില്‍ വാല്‌ വരച്ചുചേര്‍ക്കാന്‍ ഇന്ത്യന്‍ കാണികള്‍ മെനക്കെടുമ്പോള്‍ അതിന്‌ വംശീയാധിക്ഷേപത്തിന്റെ ചുവയുണ്ടാവും. ഇത്‌ സമകാലിക ചരിത്രമാണെങ്കില്‍ ഒളിംപിക്‌ ട്രാക്കില്‍ നേടിയെടുത്ത സ്വര്‍ണങ്ങള്‍ കൊണ്ട്‌ ഹിറ്റ്‌ലറുടെ ആഢ്യരക്ത സിദ്ധാന്തത്തെ പുച്ഛിച്ച ജെസ്സി ഓവന്‍സിനെപ്പോലുള്ളവര്‍ മുന്‍കാലത്തുണ്ട്‌. 


രാജ്യാതിര്‍ത്തികളെയും വര്‍ഗ, വര്‍ണ വ്യത്യാസങ്ങളെയും ഇല്ലാതാക്കി മാനവകുലത്തിലെ ഒരുമ ഉയര്‍ത്തിക്കാട്ടുക എന്നതാണ്‌ എല്ലാ കായിക ഉത്സവങ്ങളുടെയും അടിസ്ഥാന ചിന്താഗതി. എന്നാല്‍ അതിനപ്പുറത്തുള്ള രാഷ്‌ട്രിയവും ചേരിതിരിവും മേല്‍ക്കോയ്‌മാ പ്രകടനങ്ങളും ഈ മാമാങ്കങ്ങളുടെ അകമ്പടിയാണ്‌. ഉത്സവങ്ങളുടെ ഒരുക്കങ്ങള്‍ക്കിടയില്‍ പുറംതള്ളപ്പെടുന്നവരും കുറവല്ല. ബീജിംഗ്‌ ഒളിംപിക്‌സിന്‌ ചൈന ഒരുങ്ങിയപ്പോള്‍ പുറത്താക്കപ്പെട്ടത്‌ അഷ്‌ടിക്ക്‌ വകതേടി മഹാനഗരത്തിന്റെ ഓരങ്ങളിലേക്ക്‌ കുടിയേറിയ ആയിരക്കണക്കിനാളുകളാണ്‌. പുറംതള്ളുന്ന കാര്‍ബണ്‍ വാതകത്തിന്റെ തോത്‌ ചൂണ്ടിക്കാട്ടി ചൈനക്കുമേല്‍ സമ്മര്‍ദമേറ്റാന്‍ അക്കാലത്ത്‌ അമേരിക്ക ശ്രമിച്ചത്‌ ബീജിംഗ്‌ ഒളിംപിക്‌സിലെ രാഷ്‌ട്രീയ മുഖമായിരുന്നു. ചൈനീസ്‌ തെരുവുകളില്‍ ഓടുന്ന വാഹനങ്ങള്‍ കാര്‍ബണ്‍ വാതകത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടുമ്പോള്‍ പകരം വെക്കപ്പെടുക അമേരിക്കന്‍ കമ്പനികളുടെ ഉത്‌പന്നങ്ങളായിരിക്കുമെന്ന ഉറപ്പ്‌ അമേരിക്കക്കുണ്ടായിരുന്നു. കാര്‍ബണ്‍ വാതക രാഷ്‌ട്രീയത്തിന്റെ കച്ചവടക്കണ്ണ്‌.

ഇന്ത്യാ മഹാരാജ്യം മറ്റൊരു കായിക മാമാങ്കത്തിന്റെ ഒരുക്കത്തിലാണ്‌. ഒക്‌ടോബര്‍ മൂന്ന്‌ മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ. 54 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ കോമണ്‍വെല്‍ത്ത്‌. ഇതില്‍ 52 എണ്ണവും ബ്രിട്ടീഷ്‌ സാമ്രാജ്യത്തില്‍ `സൂര്യനസ്‌തമിക്കാതിരുന്ന കാലത്ത്‌' അടിമകളായിരുന്നു. കോളനിവത്‌കരണത്തില്‍ നിന്ന്‌ രാജ്യങ്ങളോരോന്നായി മോചനം നേടിയപ്പോള്‍ പൂര്‍വകാല അടിമകളുടെ സംഘടന രൂപവത്‌കരിക്കുന്നത്‌ ഗുണകരമാവുമെന്ന്‌ ബ്രിട്ടന്‌ തോന്നി. അതിന്റെ ഫലമാണ്‌ കോമണ്‍വെല്‍ത്ത്‌ ഗ്രൂപ്പ്‌. ഇംപീരിയല്‍ കോണ്‍ഫറന്‍സ്‌ തുടങ്ങി മുമ്പ്‌ തന്നെ നിലവിലിരുന്ന സംഘടനാ രൂപത്തിന്‌ പുതിയ സാഹചര്യത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ്‌ ചെയ്‌തത്‌. ബ്രിട്ടന്റെ രാജ്ഞിയാണ്‌ ഇന്നും സംഘടനയുടെ തലപ്പത്ത്‌. 


 പരോക്ഷമായെങ്കിലും ബ്രിട്ടനിലെ രാജ്ഞിയെ അംഗരാഷ്‌ട്രങ്ങള്‍ അംഗീകരിക്കുന്ന സ്ഥിതി. വ്യാപാരത്തിലൂടെ ആരംഭിച്ച്‌ സൈനികമായി പൂര്‍ത്തിയാക്കിയ അധിനിവേശം, സ്വാതന്ത്ര്യം നേടിയ ശേഷവും അടിമകള്‍ക്കു മേല്‍ പരോക്ഷമായി നിലനിര്‍ത്താന്‍ ഇത്തരം സംഘടനാ രൂപങ്ങള്‍ സഹായിക്കുന്നുണ്ടാവണം. വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ മേല്‍ക്കോയ്‌മ തുടരണമെങ്കില്‍ സൗഹൃദം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്‌. അതിനുള്ള മാര്‍ഗം കൂടിയാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എന്ന ഉത്സവാഘോഷങ്ങള്‍. അത്‌ പൂര്‍വാധികം ഭംഗിയാക്കാനുള്ള ശ്രമത്തിലാണ്‌ ഇന്ത്യയിലെ ഭരണകൂടം.

ഇത്തരം ഉത്സവങ്ങള്‍ അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌ എന്നത്‌ കാണാതിരുന്നുകൂടാ. കോമണ്‍ വെല്‍ത്ത്‌ ഗെയിംസ്‌ എത്തുമ്പോഴേക്കും ഡല്‍ഹിയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ നാല്‌ വര്‍ഷം മുമ്പേ ശ്രമം തുടങ്ങി. കൂടുതല്‍ മെച്ചപ്പെട്ട കായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നടപടികള്‍ സ്വീകരിച്ചു. ഇതെല്ലാം രാജ്യത്തിന്‌ ഗുണകരമാവുമെന്ന്‌ പ്രതീക്ഷിക്കാം. പക്ഷേ, ഇത്തരം നടപടികള്‍ ചില പാര്‍ശ്വഫലങ്ങള്‍ കൂടി സൃഷ്‌ടിക്കാറുണ്ട്‌. അതേക്കുറിച്ച്‌ ആരും അധികം വ്യാകുലപ്പെടാറില്ലെന്ന്‌ മാത്രം. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡ്‌ രാജ്യം വലിയ രീതിയില്‍ ആഘോഷിച്ച ഒന്നായിരുന്നു. കായിക താരങ്ങള്‍ക്ക്‌ പാര്‍ക്കാനൊരുക്കിയ ഏഷ്യാഡ്‌ ഗ്രാമം കുറച്ചുകാലം കൗതുകക്കാഴ്‌ചയായിരുന്നു. പിന്നീട്‌ ഈ ഗ്രാമത്തിലെ കെട്ടിടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കാനുമായി. പക്ഷെ, ഏഷ്യാഡ്‌ ഗ്രാമം സ്ഥാപിച്ചപ്പോള്‍ അവിടെ നിന്ന്‌ പുറന്തള്ളപ്പെട്ട ആയിരങ്ങളെക്കുറിച്ച്‌ ആരും ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ സൗകര്യങ്ങളൊരുക്കുമ്പോഴും ഇത്തരത്തില്‍ പുറന്തള്ളല്‍ നടക്കുന്നുണ്ട്‌. 


രാജ്യതലസ്ഥാനത്തിന്റെ സമ്പല്‍സമൃദ്ധിയുടെ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ ഉപജീവനം തേടിയിരുന്ന പതിനായിരക്കണക്കിനാളുകള്‍ ഒഴിവാക്കപ്പെടുകയാണ്‌. ഗെയിംസിന്‌ ഒരുക്കുന്ന സൗകര്യങ്ങളുടെ പേരിലും നഗര സൗന്ദര്യവത്‌കരണത്തിന്റെ പേരിലും. ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്നതില്‍ ഭൂരിഭാഗവും സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌. അതില്‍ തന്നെ പട്ടിക ജാതി, വര്‍ഗ വിഭാഗക്കാര്‍ ധാരാളമുണ്ടാവും. ഭരണകൂടം ഇത്തരക്കാരെ ഒഴിവാക്കുന്നത്‌, അവരുടെ ക്ഷേമത്തിനായി നീക്കിവെക്കപ്പെട്ട പണം ഉപയോഗിച്ച്‌ തന്നെയാണെന്നതാണ്‌ വലിയ വൈരുധ്യം.

പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച 750 കോടിയോളം രൂപയാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ ഡല്‍ഹി സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചത്‌. ഇത്‌ ആരോപണമാണെന്നും വസ്‌തുതയല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ പറയുന്നുണ്ട്‌. എന്നാല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക്‌ ഡല്‍ഹി സര്‍ക്കാര്‍ തന്നെ നല്‍കിയ മറുപടിയിലാണ്‌ ഈ വിവരം വ്യക്തമാക്കിയത്‌ എന്നതിനാല്‍ ഷീലാ ദീക്ഷിതിന്റെ വാക്കുകള്‍ വിശ്വസിക്കുക പ്രയാസമാണ്‌. പട്ടിക വിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനത്തിന്‌ വേണ്ടിയാണ്‌ പ്രത്യേക ഫണ്ട്‌ അനുവദിക്കുന്നത്‌. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാന്‍, വീടില്ലാത്തവര്‍ക്ക്‌ വീടുവെച്ച്‌ നല്‍കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ സൗകര്യങ്ങളൊരുക്കുമ്പോള്‍ നീക്കം ചെയ്യപ്പെടുന്നവരില്‍ പട്ടിക വിഭാഗക്കാരുണ്ടെങ്കില്‍ അവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ പോലും ഈ പണം ഉപയോഗിക്കാമായിരുന്നു. പക്ഷേ, ആ പണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വകമാറ്റി, ഇരകളെ ആട്ടിപ്പായിക്കാനാണ്‌ നമ്മുടെ ഭരണകൂടം തയ്യാറായത്‌. നമ്മുടെ ഭരണകൂടത്തിന്റെ മുന്‍ഗണനാക്രമം ഒരിക്കല്‍കൂടി വ്യക്തമാക്കപ്പെടുക കൂടിയാണ്‌ ഇവിടെ.

പണം വകമാറ്റിയത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ തുമ്പ്‌ മാത്രമേ ആകുന്നുള്ളൂ. നിര്‍മാണ പ്രവൃത്തികളില്‍ നടന്ന കൊടിയ അഴിമതികളെക്കുറിച്ച്‌ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഗെയിംസിന്‌ മുന്നോടിയായി നടന്ന ബാറ്റണ്‍ റിലേയുടെ സംഘാടനത്തിന്റെ ചുമതല ടെന്‍ഡര്‍ വിളിക്കാതെ ബ്രിട്ടീഷ്‌ കമ്പനിക്ക്‌ കൈമാറിയത്‌ പിന്നീട്‌ പുറത്തുവന്നു. ഇത്‌ ചെറിയ ഇടപാടിന്റെ കാര്യം. മത്സരങ്ങളുടെ സംപ്രേഷണാവകാശം പോലുള്ള വന്‍ ഇടപാടുകള്‍ ബാക്കി കിടക്കുന്നു. അതിലൊക്കെ എന്തൊക്കെ നടന്നിട്ടുണ്ടെന്നത്‌ ഒരുപക്ഷേ, പുറത്തുവരാന്‍ പോലും പോകുന്നില്ല. ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വാഭാവികമായിട്ടും ദുരദര്‍ശനായിരിക്കും. മറ്റ്‌ രാജ്യങ്ങളിലേതോ? ക്രിക്കറ്റ്‌ പോലെ വന്‍ പ്രേക്ഷക പിന്തുണ ലഭിക്കില്ലെന്നതിനാല്‍ സംപ്രേഷണത്തിന്റെ കാര്യത്തിലും മറ്റും ചില പരിമിതികളുണ്ടാവാം. പക്ഷേ, കരാറുകള്‍ ഉണ്ടാവാതിരിക്കില്ലല്ലോ?

ഐ പി എല്‍ എന്ന കോടികള്‍ മറിയുന്ന ക്രിക്കറ്റ്‌ മത്സരത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുവന്നിട്ട്‌ അധികം നാളുകളായിട്ടില്ല. ടീമുടമസ്ഥരും സംഘാടകരും എല്ലാം ഒന്നായ കച്ചവടക്കൂട്ടായ്‌മയുടെ ഉത്‌പന്നമായിരുന്നു ഇതുവരെ നടന്ന ഐ പി എല്ലുകള്‍ എന്ന്‌ വ്യക്തമാവുകയാണ്‌. മത്സരം സംപ്രേഷണം ചെയ്യാന്‍ കരാറെടുത്ത കമ്പനികളുടെ ഓഹരി ഉടമകളിലും മത്സരനടത്തിപ്പുകാരുണ്ടായിരുന്നു. ഒരു കമ്പനിക്ക്‌ കരാര്‍ നല്‍കുക, അവരില്‍ നിന്ന്‌ കൂടിയ തുകക്ക്‌ മറ്റൊരു കമ്പനി ഏറ്റെടുക്കുക, ഈ കമ്പനിയില്‍ നിന്ന്‌ സംപ്രേഷണാവകാശം ആദ്യത്തെ കമ്പനി തിരികെ വാങ്ങുക തുടങ്ങിയ പല വിനോദങ്ങളും ഇടക്ക്‌ നടന്നുവെന്ന്‌ ഐ പി എല്‍ സംബന്ധിച്ച്‌ പുറത്തുവന്ന വിവരങ്ങള്‍ പറഞ്ഞുതരുന്നു. എല്ലാ ഇടപാടുകളിലും ലാഭം കൊയ്യുന്നത്‌ ഒരേ ആളുകള്‍ തന്നെയാണ്‌. ഇവിടെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കാര്യത്തിലും മറിച്ചൊന്നുമല്ല സംഭവിക്കുന്നത്‌. 


പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരുന്ന സുരേഷ്‌ കല്‍മാഡി എന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌ സംഘാടക സമിതിയുടെ ചെയര്‍മാന്‍. മഹാരാഷ്‌ട്രയില്‍ നിന്നുള്ള ലോക്‌സഭാംഗം. ഇദ്ദേഹത്തിന്‌ രാഷ്‌ട്രീയ, ഭരണ നേതൃത്വങ്ങളിലുള്ള സ്വാധീനം ഉപയോഗിക്കാതെ കോടികളുടെ ഈ അഴിമതി നടക്കുമെന്ന്‌ വിശ്വസിക്കുക പ്രയാസം. ഐ പി എല്ലില്‍ കോടികളുടെ തട്ടിപ്പ്‌ നടത്തിയവര്‍ക്കുമുണ്ടായിരുന്നു രാഷ്‌ട്രീയ നേതാക്കളുടെ തണല്‍. പക്ഷേ, അഴിമതി പുറത്തായതോടെ എല്ലാം ചില വ്യക്തികളില്‍ കേന്ദ്രീകരിച്ചു. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ലളിത്‌ മോഡിയുടെ ഓഫീസില്‍ നിന്ന്‌ ലാപ്‌ടോപും രേഖകളുമായി കടന്ന, വിജയ്‌ മല്യയുടെ മകളെക്കുറിച്ച്‌ പിന്നീട്‌ ആരും അന്വേഷിച്ചതുപോലുമില്ല. അത്രക്കാണ്‌ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം.
ഇപ്പോള്‍ സുരേഷ്‌ കല്‍മാഡിയെ തള്ളിപ്പറഞ്ഞ്‌ കൈ കഴുകാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ശ്രമിക്കുന്നത്‌. ഗെയിംസ്‌ നടത്തിപ്പിന്റെ ചുമതല സംഘാടക സമിതിക്കാണ്‌. ആ നിലക്ക്‌ അവിടെ നടക്കുന്നതിനൊക്കെ ഉത്തരവാദിത്വം അവര്‍ക്കാണ്‌. 



ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടി സംഘാടക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ കല്‍മാഡി നല്‍കുമെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ കഴിഞ്ഞ ദിവസം പറഞ്ഞത്‌. ഇതൊരുതരം രക്ഷപ്പെടലാണ്‌. കോണ്‍ഗ്രസിന്റെ തണലുപയോഗിച്ച്‌ വളരുകയും ആ തണലുപയോഗിച്ച്‌ സ്വാധീനശക്തി ഉണ്ടാക്കിയെടുക്കുകയും ചെയ്‌തയാളാണ്‌ സുരേഷ്‌ കല്‍മാഡി. ആ സ്വാധീന ശക്തി ഉപയോഗിച്ച്‌ ക്രമക്കേടുകള്‍ കാട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‌ കൂടിയാണ്‌. കായികം, വിദേശകാര്യം, നഗരാസൂത്രണം തൂടങ്ങി സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ നടത്തിപ്പില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. അവരൊന്നുമറിയാതെ സംഘാടകസമിതി അഴിമതി നടത്തിയെന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നതെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ ഈ വകുപ്പുകളുടെ കാര്യക്ഷമതയാണ്‌. അതിന്റെ തലപ്പത്തിരിക്കുന്നവരുടെ കാര്യശേഷിയാണ്‌.

1 comment:

  1. നല്ല പോസ്റ്റ്‌...ആശംസ്സ്കൾ

    ReplyDelete