2010-08-02

ചോര പുരളാത്തവര്‍ കുറവ്‌സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ച്‌ കൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസില്‍ അഞ്ച്‌ വര്‍ഷത്തിനു ശേഷം സത്യം പുറത്തുവരുമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം ഗുജറാത്ത്‌ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്‌ ഷായുടെ അറസ്റ്റില്‍ എത്തി നില്‍ക്കുന്നു. രാജസ്ഥാനില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ബി ജെ പി നേതാവ്‌ കടാരിയ, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഓം മാത്തൂര്‍ എന്നിവരെ സി ബി ഐ ചോദ്യം ചെയ്യുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാന വേര്‍തിരിവ്‌ കൂടാതെ രാഷ്‌ട്രീയത്തിലെയും പോലീസിലെയും ഉന്നതര്‍ ചേര്‍ന്നുള്ള കുറ്റവാളികളുടെ ശൃംഖല സജീവമായിരുന്നുവെന്നാണ്‌ ഇതിനകം പുറത്തുവന്ന കാര്യങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍. ഗുജറാത്ത്‌ വംശഹത്യയിലെ കേസുകളില്‍ നടന്നതുപോലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും വശപ്പെടുത്താന്‍ ഈ കേസിലും ശ്രമിച്ചുവെന്നും വ്യക്തമായിട്ടുണ്ട്‌. അതിന്റെ തെളിവുകള്‍ റെക്കോഡ്‌ ചെയ്‌ത ദൃശ്യങ്ങളുടെ രൂപത്തില്‍ നമ്മുടെ മുന്നിലെത്തി.

സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചുകൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിച്ചു, ഭാര്യ കൗസര്‍ ബിയെ കൊലപ്പെടുത്തി ചുട്ടെരിച്ചു എന്ന്‌ എഴുതുമ്പോഴുള്ളതിനേക്കാള്‍ വലിയ ഭീകരത ഈ കേസിനുണ്ട്‌. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ ജീവിതത്തെക്കുറിച്ചും സംശയാസ്‌പദമായ വിവരങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. രാജസ്ഥാനിലെ മാര്‍ബിള്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ അംഗമായിരുന്നു ഇയാളണെന്നാണ്‌ വിവരം. ഇതില്‍ അംഗമായിരുന്നു പിന്നീട്‌ കൊല്ലപ്പെട്ട തുള്‍സി റാം പ്രജാപതിയും. ഇതേ `ബിസിനസ്സ്‌' തന്നെയാണ്‌ ബി ജെ പി നേതാവ്‌ അമിത്‌ ഷായും ഐ പി എസ്‌ ഉദ്യോഗസ്ഥരായ അഭയ്‌ ചുദസാമ, ഡി ജി വന്‍സാര എന്നിവരും നടത്തിയിരുന്നത്‌. പങ്കുകച്ചവടക്കാര്‍. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട്‌ ആളുകളെ ഭീഷണിപ്പെടുത്താന്‍ അഭയ്‌ ചുദസാമക്കും ഡി ജി വന്‍സാരക്കും പ്രയാസമുണ്ടായിക്കാണില്ല. 


`ബിസിനസ്സ്‌' വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജസ്ഥാനിലെ മാര്‍ബിള്‍ വ്യവസായികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ്‌ സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കടന്നുവരുന്നത്‌. തുടക്കത്തില്‍ സുഹ്‌റാബുദ്ദീനെ ഉപയോഗിച്ച ഇവര്‍ പിന്നീട്‌ അയാളെ ഇല്ലാതാക്കി നേരിട്ട്‌ `ബിസിനസ്സ്‌' നടത്താന്‍ തീരുമാനിച്ചു. അതിന്‌ കണ്ടുപിടിച്ച വഴിയായിരുന്നു ഏറ്റുമുട്ടല്‍. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെത്തിയ സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ എന്ന ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന്‌ വാര്‍ത്ത വരാന്‍ അധികം വൈകിയില്ല.
ആര്‍ക്കും സംശയമുണ്ടായില്ല. രാജസ്ഥാനിലെ ഉദയ്‌പൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന തുള്‍സി റാം പ്രജാപതിക്കൊഴിച്ച്‌. അഭയ്‌ ചുദസാമയുടെയും ഡി ജി വന്‍സാരയുടെയും പ്രവൃത്തികളെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്ന പ്രജാപതിക്ക്‌ സുഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയതാണെന്നും കൗസര്‍ ബിയെ ഇല്ലാതാക്കിയിട്ടുണ്ടാവുമെന്നും വ്യക്തമായിരുന്നു. അധികം വൈകാതെ വെടിയുണ്ടകള്‍ തന്നെ തേടിയെത്തുമെന്നും അറിയാമായിരുന്നു. അതുകൊണ്ടാണ്‌ തന്നെ ഗുജറാത്ത്‌ പോലീസ്‌ കൊല്ലാന്‍ ശ്രമിക്കുമെന്ന്‌ ഭയക്കുന്നതായി കാണിച്ച്‌ അയാള്‍ കോടതിക്ക്‌ കത്തയച്ചത്‌. ഭീഷണിപ്പെടുത്തി പണം തട്ടല്‍, കൊലപാതകം എന്നീ കേസുകളില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന ഒരാളുടെ കത്ത്‌ ആര്‌ വിശ്വസിക്കാന്‍? ഈ കത്തെഴുതി എട്ട്‌ മാസം കഴിയുമ്പോള്‍ പ്രജാപതി പോലീസുകാരുടെ വെടിയേറ്റ്‌ മരിച്ചു. ഉദയ്‌പൂര്‍ ജയിലില്‍ നിന്ന്‌ അഹമ്മദാബാദിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരും വഴി പ്രജാപതിയെ രക്ഷപ്പെടുത്താന്‍ സഹ കുറ്റവാളികള്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രജാപതിയെയും വധിച്ചുവെന്നാണ്‌ പോലീസ്‌ പറഞ്ഞ കഥ. പ്രജാപതിയുടെ കത്തിനെക്കുറിച്ച്‌ അറിഞ്ഞ സുഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‌ ചില സംശയങ്ങളുണ്ടായി. അതിനകം സുഹ്‌റാബുദ്ദീനെ ഗുജറാത്ത്‌ പോലീസ്‌ പിടികൂടി വെടിവെച്ച്‌ കൊന്നതാണെന്ന അഭ്യൂഹം വാര്‍ത്തകളായി പുറത്തുവന്നിരുന്നു. റുബാബുദ്ദീന്‍ നടത്തിയ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ആദ്യം ഗുജറാത്തിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും (സി ഐ ഡി) സുപ്രീം കോടതി ഉത്തരവനുസരിച്ച്‌ സി ബി ഐയും അന്വേഷിക്കുകയായിരുന്നു.

ഒരു കേസില്‍ വസ്‌തുത പുറത്തുവരുന്നു എന്നത്‌ മാത്രമല്ല ഇവിടെ സംഭവിക്കുന്നത്‌. ആരോപണവിധേയരില്‍ നാല്‌ പേര്‍ ഐ പി എസ്‌ ഉദ്യോഗസ്ഥരാണ്‌. അഭയ്‌ ചുദസാമ, ഡി ജി വന്‍സാര എന്നിവരെ കൂടാതെ രാജ്‌കുമാര്‍ പാണ്ഡ്യന്‍, എം എന്‍ ദിനേശ്‌ എന്നിവര്‍. അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന നരേന്ദ്ര കെ അമീന്‍ തുടങ്ങി താഴേക്കിടയിലുള്ളവരടക്കം ആറ്‌ പോലീസുകാര്‍ വേറെയും. ഇതില്‍ എം എന്‍ ദിനേശ്‌ രാജസ്ഥാന്‍ കേഡറിലുള്ള ഉദ്യോഗസ്ഥനാണ്‌. തുള്‍സി റാം പ്രജാപതിയെ വധിച്ച കേസ്‌ അന്വേഷിക്കുന്ന ഗുജറാത്ത്‌ സി ഐ ഡി വിഭാഗം അറസ്റ്റ്‌ ചെയ്‌തതിലും രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥരുണ്ട്‌. സുഹ്‌റാബുദ്ദീനെയും കൗസര്‍ ബിയെയും തുള്‍സി റാം പ്രജാപതിയെയും ഗുജറാത്ത്‌ പോലീസ്‌ തട്ടിക്കൊണ്ടുവരുന്നത്‌ ആന്ധ്രാ പ്രദേശിലെ ഹൈദരാബാദില്‍ നിന്നാണ്‌. സംസ്ഥാനത്തിന്‌ പുറത്ത്‌ പോയി അറസ്റ്റുകള്‍ നടത്തുമ്പോള്‍ അവിടുത്തെ പോലീസിനെ അറിയിക്കണമെന്നാണ്‌ ചട്ടം. അവിടുത്തെ പോലീസിനെ അറിയിച്ചിരുന്നോ അവിടെ നിന്നുള്ള ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കാളിയായിട്ടുണ്ടോ എന്നത്‌ വ്യക്തമായിട്ടില്ല.

മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയവരുമായി ഏറ്റുമുട്ടുകയും അവരെ വധിക്കുകയും ചെയ്‌ത പത്ത്‌ സംഭവങ്ങള്‍ ഡി ജി വന്‍സാരയുടെ സര്‍വീസ്‌ ബുക്കില്‍ സ്വര്‍ണ വര്‍ണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിലൊന്ന്‌ ഇശ്‌റത്‌ ജഹാന്‍, മലയാളിയായ ജാവീദ്‌ ഗുലാം ശൈഖ്‌ എന്നിവരടക്കം നാല്‌ പേരെ വെടിവെച്ച്‌ കൊന്നതാണ്‌. വെടിവെച്ച്‌ കൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന ശക്തമായ ആരോപണം ഈ കേസില്‍ നിലനില്‍ക്കുന്നു. ഇശ്‌റതിനെയും ജാവീദ്‌ ശൈഖിനെയും മഹാരാഷ്‌ട്ര പോലീസിലെ ചില ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുവന്ന്‌ വന്‍സാര അടക്കമുള്ള ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയതാണെന്ന്‌ ആരോപണമുണ്ട്‌. സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കേസില്‍ പുറത്തുവന്ന വിവരങ്ങള്‍ പരിഗണിച്ചാല്‍ ഈ സാധ്യത തള്ളിക്കളയാനാവില്ല. ഏറ്റുമുട്ടല്‍ വിദഗ്‌ധരുടെ നീണ്ട ശ്രേണിയുള്ളതാണ്‌ മഹാരാഷ്‌ട്ര പോലീസിലും. ഇത്‌ മാത്രമല്ല വന്‍സാരയുടെ നേതൃത്വത്തില്‍ നടന്ന മറ്റ്‌ എട്ട്‌ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചും പുനരന്വേഷണം ആവശ്യമായി വരും.

പരസ്‌പരബന്ധിതമായ സംസ്ഥാനാന്തര `ഏറ്റുമുട്ടല്‍ ശൃംഖല' നിലനില്‍ക്കുന്നുണ്ടെന്ന്‌ തന്നെ സംശയിക്കണം. ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും ബി ജെ പിയുടെ നേതാക്കളെ ആക്രമിക്കാനും ഹിന്ദു ആരാധനാലയങ്ങളോ ഹിന്ദുത്വ സംഘടനകളുടെ ഓഫീസുകളോ തകര്‍ക്കാനും ലക്ഷ്യമിട്ടെത്തുന്ന ലശ്‌കറെ ത്വയ്യിബ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകരെന്നാണ്‌ പറഞ്ഞിരുന്നത്‌. നാഗ്‌പൂരിലെ ആര്‍ എസ്‌ എസ്‌ ആസ്ഥാനം ആക്രമിക്കാനെത്തിയ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു എന്ന മഹാരാഷ്‌ട്ര പോലീസിന്റെ അവകാശവാദത്തെക്കുറിച്ച്‌ ഉയര്‍ന്ന സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.
ഏറ്റുമുട്ടലുകള്‍ തുടരുകയും ജ്ഞാതരും അജ്ഞാതരുമായവര്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നേട്ടങ്ങളുണ്ട്‌. ആരെയും എപ്പോഴും വെടിവെച്ചിടാന്‍ മടിയില്ലാത്തവന്‍ എന്ന പ്രതിച്ഛായ സൃഷ്‌ടിക്കുന്നതിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതുപോലുള്ള `ബിസിനസ്സു'കള്‍ കൂടുതല്‍ സുഗമവും ആദായകരവുമായി മുന്നോട്ടുകൊണ്ടുപോകാനാവും. സര്‍വീസില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം പുറമെ. സ്ഥാനക്കയറ്റം നല്‍കേണ്ടവര്‍ തന്നെ കുറ്റകൃത്യത്തിന്‌ നേതൃത്വം നല്‍കാനുണ്ടാവുമ്പോള്‍ കുറേക്കൂടി എളുപ്പവുമാവുന്നു. ഇതിന്റെയെല്ലാം അപ്പുറത്ത്‌ കൈ നനഞ്ഞോ നനയാതെയോ നേട്ടമുണ്ടാക്കുന്നത്‌ ബി ജെ പിയടങ്ങുന്ന സംഘപരിവാറാണ്‌. രാജ്യസ്‌നേഹത്തിലുറച്ചും ദേശീയ ബോധം വളര്‍ത്തിയും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ നേതാക്കളെയും സ്ഥാപനങ്ങളെയും ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന്‌ പ്രചരിപ്പിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നു. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും മുസ്‌ലിം നാമധാരികളായതിനാല്‍ ആ സമുദായത്തിനെ കൂടുതല്‍ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കാനും സാധിക്കുന്നു. പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ചെല്ലും ചെലവും നല്‍കി വളര്‍ത്തി അധോലോക സംഘങ്ങളെപ്പോലെ നിലനിര്‍ത്തുന്നതിന്റെ നേട്ടം അമിത്‌ ഷാമാര്‍ക്ക്‌ മാത്രമല്ലെന്ന്‌ ചുരുക്കം. അതിന്റെ ഗുണം നരേന്ദ്ര മോഡിക്കുണ്ട്‌. ഷായെയും മോഡിയെയും ന്യായീകരിക്കുന്ന അഡ്വാനി മുതല്‍ രവിശങ്കര്‍ പ്രസാദ്‌ വരെയുള്ള നേതാക്കള്‍ക്കുണ്ട്‌. അവരെ രാഷ്‌ട്രീയ കരുക്കളാക്കി നിയന്ത്രിക്കുന്ന ആര്‍ എസ്‌ എസ്സിനുണ്ട്‌. 


സ്‌ഫോടനങ്ങള്‍ സൃഷ്‌ടിച്ച്‌ കുറ്റം മറ്റുള്ളവരില്‍ ചുമത്തി സംശയങ്ങള്‍ പടര്‍ത്താനുള്ള പദ്ധതിക്ക്‌ ഇന്ത്യന്‍ പോലീസിലെ മാത്രമല്ല സൈന്യത്തിലെ വരെ പ്രതിനിധികള്‍ പിന്തുണ നല്‍കിയിരുന്നുവെന്നാണ്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്‌. ഇതുപോലൊരു ആസൂത്രണം ഇത്തരം ഏറ്റുമുട്ടലുകള്‍ക്ക്‌ പിന്നിലും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കേസില്‍ ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്‌ നശിപ്പിച്ചു കളയാന്‍ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചത്‌ ഡി ജി പിയായിരുന്ന പി സി പാണ്ഡെയും അമിത്‌ ഷായും പങ്കെടുത്ത യോഗത്തില്‍ വെച്ചാണെന്ന്‌ ഐ പി എസ്‌ ഉദ്യോഗസ്ഥയായ ഗീത ജോറി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്‌. 2002ലെ വംശഹത്യ നടക്കുമ്പോള്‍ അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്നു പി സി പാണ്ഡെ. വംശഹത്യക്ക്‌ എല്ലാ സഹായവും നല്‍കിയിരുന്നു പി സി പാണ്ഡെ എന്ന്‌ ആരോപണമുണ്ട്‌. ഇക്കാലത്ത്‌ അഹമ്മദാബാദിലും പരിസരത്തുമൊക്കെയായി വിവിധ ചുമതലകളില്‍ ഉണ്ടായിരുന്നവരാണ്‌ ഡി ജി വന്‍സാരയും അഭയ്‌ ചുദസാമയുമൊക്കെ. നരേന്ദ്ര മോഡി, അമിത്‌ ഷാ, ഗോര്‍ധന്‍ സദാപിയ തുടങ്ങിയവരുടെ ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കാന്‍ അന്ന്‌ അവര്‍ നിന്നു കൊടുത്തിട്ടുണ്ടാവില്ലേ? കൊടുംക്രൂരതകളുടെ ചരിത്രത്തിലേക്കുള്ള വാതില്‍ തുറക്കുകയാവാം സുഹ്‌റാബുദ്ദീന്‍ ശൈഖ്‌ കേസ്‌. തുടരമ്പേഷണം നടത്തി വസ്‌തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ധൈര്യം ഭരണകൂടത്തിനുണ്ടാവുമോ എന്നതില്‍ മാത്രമാണ്‌ സംശയം. അതൃപ്‌തികരമായ ചോദ്യങ്ങള്‍ നരേന്ദ്ര മോഡി നേരിടേണ്ടിവരുമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ഷക്കീല്‍ അഹമ്മദ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള ഇച്ഛാശക്തി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വലുള്ള സര്‍ക്കാറിനുണ്ടാവുമോ?