2010-08-12

നാടകത്തിന്റെ പാഠഭേദങ്ങള്‍

കൊലക്കേസില്‍ ആരോപണവിധേയരാവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിച്ചാല്‍ എങ്ങനെ പ്രതികരിക്കും? പല മാര്‍ഗങ്ങള്‍ മുന്നില്‍ തെളിയുന്നുണ്ട്‌. പ്രതികരിക്കാന്‍ തുനിയുന്നത്‌ സംഘടിത പ്രസ്ഥാനമാണെങ്കില്‍ അവരെന്ത്‌ മാര്‍ഗം സ്വീകരിക്കും? അതിന്റെ പല രീതികളും നമ്മുടെ മുന്നിലുണ്ട്‌. കണ്ണൂരില്‍ ഒരു രാഷ്‌ട്രീയ കൊലപാതകം നടന്നുവെന്ന്‌ കരുതുക. കൊലക്കുത്തരവാദികള്‍ സി പി എമ്മുകാരാണെന്ന്‌ ബി ജെ പിയും ആര്‍ എസ്‌ എസും ആരോപിക്കുന്നു. പോലീസ്‌ നടപടിയൊന്നും സ്വീകരിക്കുന്നില്ല. പ്രതിഷേധിക്കാന്‍ ബി ജെ പി, ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ എവിടേക്കാവും മാര്‍ച്ച്‌ നടത്തുക? കണ്ണൂര്‍ പോലീസ്‌ സൂപ്രണ്ടിന്റെ ആപ്പീസിലേക്കോ സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സെന്ററിലേക്കോ? അഴിക്കോടന്‍ സെന്ററിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത്‌ എത്തിയാല്‍ എന്തായിരിക്കും പ്രതികരണം? നല്ല ചുട്ട അടിയെന്ന്‌ മറുപടി പറയാന്‍ സി പി എം പ്രവര്‍ത്തകര്‍ക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവരില്ല. 


ആര്‍ എസ്‌ എസ്‌ പിന്തുണയുള്ള ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ്‌ കേരളത്തില്‍ പാര്‍ട്ടിയുടെ വേരോട്ടം കൂട്ടാന്‍ ആസൂത്രണം ചെയ്യുന്ന പുതിയ വഴിയെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌. ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായ പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ബി ജെ പി മാര്‍ച്ച്‌ നടത്തുന്നത്‌ അന്‍വാറുശ്ശേരിയില്‍ മഅ്‌ദനി താമസിക്കുന്ന സ്ഥലത്തേക്കാണ്‌. കൈ വെട്ട്‌ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌ മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രത്തിലേക്കും. രണ്ടിടവും ഭീകരവാദത്തിന്റെ കേന്ദ്ര ബിന്ദുക്കളാണെന്ന പതിവ്‌ ന്യായം ആവര്‍ത്തിക്കുന്നുമുണ്ട്‌. ആണോ, അല്ലയോ എന്നത്‌ അന്വേഷിക്കുകയും കണ്ടെത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത്‌ ഭരണകൂടത്തിന്റെ ബാധ്യതയാണ്‌.
ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്‌ദനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്‌ കര്‍ണാടക പോലീസാണ്‌. വി മുരളീധരന്റെ കൂടി നേതാവായ ബി എസ്‌ യെദിയൂരപ്പ നേതൃത്വം നല്‍കുന്ന ബി ജെ പി മാത്രമടങ്ങുന്ന സര്‍ക്കാറാണ്‌ കര്‍ണാടകത്തില്‍. അവരുടെ നിയന്ത്രണത്തിലുള്ള പോലീസാണ്‌ മഅ്‌ദനിക്ക്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിച്ചത്‌. അതനുസരിച്ച്‌ കോടതി വാറണ്ട്‌ അനുവദിക്കുകയും ചെയ്‌തു. ഈ വാറണ്ടിന്റെ കാലപരിധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയതും കര്‍ണാടകയിലെ പോലീസാണ്‌. അപ്പോള്‍ അറസ്റ്റ്‌ വൈകിപ്പിക്കുന്നത്‌ ആരാണ്‌? കര്‍ണാടക പോലീസാണെങ്കില്‍ മുരളീധരനും കൂട്ടരും മാര്‍ച്ച്‌ നടത്തേണ്ടത്‌ ബംഗളൂരു പോലീസ്‌ കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രിയുടെ ഓഫീസിലേക്കാണ്‌. അല്ലെങ്കില്‍ അവിടുത്തെ ആഭ്യന്തര മന്ത്രി ബി എസ്‌ ആചാര്യയുടെ ഓഫീസിലേക്ക്‌. കൈവെട്ട്‌ കേസിലാണെങ്കില്‍ കേരളത്തിലെ ഡി ജി പിയുടെ ഓഫീസിലേക്കോ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കോ മാര്‍ച്ച്‌ നടത്താം. അതിന്‌ മിനക്കെടാതെ അന്‍വാറുശ്ശേരിയിലേക്കും മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രത്തിലേക്കും മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചതിന്റെ പൊരുളെന്തായിരിക്കും? 

മനസ്സിലാക്കാന്‍ പ്രയാസമില്ല. അന്‍വാറുശ്ശേരിയിലെയോ മഞ്ചേരിയിലെയോ ബി ജെ പി മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിപ്പിക്കാന്‍ പ്രയാസമൊന്നുമുണ്ടാവില്ല. അതിനുള്ള വഴികള്‍ ആരും പറഞ്ഞുകൊടുക്കേണ്ടതുമില്ല. സി പി എം ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ നടത്തുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്‌താല്‍ അതിന്‌ വര്‍ഗച്ചൂരുണ്ടാവും. അന്‍വാറുശ്ശേരിയിലേക്കോ മഞ്ചേരിയിലേക്കോ മാര്‍ച്ച്‌ നടത്തി സംഘര്‍ഷമുണ്ടായാല്‍ അതിന്‌ വര്‍ഗീയച്ചുവയുണ്ടാക്കാം.
ഏക ലക്ഷ്യത്തോടെ പല മേഖലകളില്‍ പുരോഗമിക്കുന്ന നാടകങ്ങളില്‍ ഒന്ന്‌ മാത്രമാണ്‌ വി മുരളീധരന്‍ പ്രഖ്യാപിച്ചത്‌. മറ്റൊന്ന്‌ അറസ്റ്റ്‌ ചെയ്യാന്‍ കര്‍ണാടക പോലീസ്‌ ഇപ്പോള്‍ സ്വീകരിച്ച നടപടികളാണ്‌. അബ്‌ദുന്നാസര്‍ മഅ്‌ദനി സര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിട്ട്‌ ഒരാഴ്‌ചയിലേറെയായി. സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചിട്ടുമില്ല. എന്നിട്ടും അറസ്റ്റിന്‌ നടപടിയെടുക്കാന്‍ മുസ്‌ലിംകളുടെ പുണ്യമാസമായ റമസാന്‍ പിറക്കുന്നതിന്‌ രണ്ട്‌ ദിവസം മുമ്പ്‌ വരെ കാത്തിരുന്നു കര്‍ണാടക പോലീസ്‌. രണ്ട്‌ ദിവസത്തിനപ്പുറം കേരളം സന്ദര്‍ശിക്കുന്ന രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്‌ സുരക്ഷയൊരുക്കേണ്ട ചുമതലയുണ്ട്‌ സംസ്ഥാന പോലീസിന്‌. സ്വാതന്ത്ര്യ ദിനപ്പുലരിയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്ന പരേഡുകളില്‍ പങ്കെടുക്കേണ്ടതും പോലീസുകാരാണ്‌. ഇവര്‍ അതിനു വേണ്ട പരിശീലനത്തിലാണ്‌. സ്വാഭാവികമായും മഅ്‌ദനിയുടെ അറസ്റ്റ്‌ നടക്കുമ്പോള്‍ ക്രമസമാധാനം പാലിക്കുന്നതിന്‌ അന്‍വാറുശ്ശേരിയിലേക്ക്‌ നിയോഗിക്കാന്‍ പോലീസിനെ സംഘടിപ്പിക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവും. അത്‌ അവര്‍ അറിയിച്ചാല്‍ കേരള പോലീസ്‌ അറസ്റ്റിന്‌ വേണ്ട സഹായം ചെയ്‌തില്ലെന്ന്‌ ആരോപിച്ച്‌ കര്‍ണാടക പോലീസിന്‌ വിജയകരമായി മടങ്ങാം. സുപ്രധാനമായ ഒരു കേസില്‍ ആരോപണവിധേയനായ ആളെ അറസ്റ്റ്‌ ചെയ്യാതെ വീണ്ടും വീണ്ടും വാറണ്ട്‌ നീട്ടുന്നതിന്‌ കോടതിയില്‍ നിന്ന്‌ ലഭിച്ച വിമര്‍ശത്തിന്‌ മുട്ടുശാന്തിയുമാവും. കേരള പോലീസ്‌ അറസ്റ്റിന്‌ സഹകരിച്ചില്ലെന്ന്‌ പറയുമ്പോള്‍ അതിലൂടെ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താന്‍ ബി ജെ പിക്ക്‌ അവസരവും കിട്ടും.
ഈ അവസരം മുന്‍കൂട്ടിക്കണ്ട്‌ കര്‍ണാടകത്തിലെ ആഭ്യന്തര മന്ത്രി വി എസ്‌ ആചാര്യ മുന്‍പേ തന്നെ പ്രസ്‌താവന ആരംഭിച്ചിട്ടുമുണ്ട്‌. മഅ്‌ദനിയുടെ അറസ്റ്റിന്‌ കേരളം സഹകരിക്കുന്നില്ലെന്ന്‌ അദ്ദേഹം ഡല്‍ഹിയിലും ബംഗളൂരുവിലും വാര്‍ത്താ ലേഖകരോട്‌ പറഞ്ഞു. ഏത്‌ തരത്തിലുള്ള സഹകരണമാണ്‌ വി എസ്‌ ആചാര്യയും കൂട്ടരും പ്രതീക്ഷിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ല. ഗുജറാത്ത്‌ പോലീസിനോട്‌ രാജസ്ഥാനിലെയും മഹാരാഷ്‌ട്രയിലെയും പോലീസുകാര്‍ സഹകരിച്ചതാവും അദ്ദേഹത്തിന്റെ മനസ്സില്‍. `കൊടും കുറ്റവാളിയായ' സുഹ്‌റാബുദ്ദീന്‍ ശൈഖിനെ അറസ്റ്റ്‌ ചെയ്യാന്‍ എസ്‌ പി നേരിട്ട്‌ പുറപ്പെടുകയും കൊല നടത്തി, ഏറ്റുമുട്ടലായി ചിത്രീകരിച്ച്‌ പട്ടും വളയും വാങ്ങുന്നതാണ്‌ രാജസ്ഥാന്‍ മോഡല്‍ സഹകരണം. മുംബൈയിലെയോ താനെയിലെയോ തെരുവുകളില്‍ അഷ്‌ടിക്ക്‌ വക തേടുന്നവരെ അറസ്റ്റ്‌ ചെയ്‌ത്‌ ഗുജറാത്ത്‌ പോലീസിന്‌ കൈമാറുന്നതാണ്‌ മഹാരാഷ്‌ട്ര മോഡല്‍. ഇവര്‍ പിന്നീട്‌ ലശ്‌കറെ ത്വയ്യിബയുടെ ഏജന്റുമാരായി അഹമ്മദാബാദിലെയോ പരിസരത്തെയോ തെരുവുകളില്‍ വെടിയേറ്റ്‌ വീഴും. പട്ടും വളയും ഗുജറാത്ത്‌ പോലീസിന്‌. ഇത്തരമൊരു സഹകരണം വി എസ്‌ ആചാര്യ പ്രതീക്ഷിച്ചുപോകുന്നതില്‍ അത്ഭുതമില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക്‌ പരിചയമുള്ള രീതി അതാണ്‌.
ഒരു സംസ്ഥാനത്ത്‌ ചാര്‍ജ്‌ ചെയ്‌ത കേസില്‍ ആരോപണ വിധേയനായ ആളെ മറ്റൊരു സംസ്ഥാനത്ത്‌ ചെന്ന്‌ അറസ്റ്റ്‌ ചെയ്യുന്നതിന്‌ നിയതമായ മാര്‍ഗങ്ങളുണ്ട്‌. അറസ്റ്റ്‌ ചെയ്‌ത്‌ കൈമാറണമെന്ന്‌ സംസ്ഥാന പോലീസിന്‌ ആവശ്യപ്പെടാം. അതിന്‌ തയ്യാറാവുന്നില്ലെങ്കില്‍ അറസ്റ്റ്‌ ചെയ്യാന്‍ തങ്ങളുടെ പോലീസ്‌ എത്തുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ അറസ്റ്റ്‌ ചെയ്യാന്‍ തയ്യാറായി എത്തി, പ്രദേശത്തെ പോലീസ്‌ ഉദ്യോഗസ്ഥനെ കാര്യങ്ങള്‍ ധരിപ്പിച്ച്‌ കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെടാം. ഇതില്‍ ആദ്യത്തെ രണ്ട്‌ മാര്‍ഗവും കര്‍ണാടക പോലീസ്‌ സ്വീകരിച്ചതായി അറിവില്ല. അറസ്റ്റ്‌ ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തുന്നുവെന്ന വിവരം അഞ്ച്‌ ദിവസം മുമ്പ്‌ കേരള പോലീസിനെ അറിയിച്ചുവെന്നാണ്‌ കര്‍ണാടകത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത്‌. അങ്ങനെയാണെങ്കില്‍ കര്‍ണാടക പോലീസ്‌ ആദ്യം കൊച്ചിയിലെത്തിയത്‌ എന്തിനാണ്‌? കേരള പോലീസിനെ അറസ്റ്റിന്റെ വിവരം അറിയിച്ചപ്പോള്‍ കൊച്ചിയിലാണ്‌ മഅ്‌ദനിയുള്ളതന്ന്‌ പറഞ്ഞിരുന്നോ? മഅ്‌ദനി കൊല്ലത്ത്‌ അന്‍വാറുശ്ശേരിയിലാണുള്ളതെന്ന്‌, `ബംഗ്ലാദേശില്‍ പോയി തടിയന്റവിട നസീറിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ പോലും ശേഷിയും ശേമുഷിയുമുള്ള' (അങ്ങനെയും റിപ്പോര്‍ട്ടുണ്ടായിരുന്നു) കര്‍ണാടക പോലീസിന്‌ അറിയാന്‍ സാധിച്ചില്ലെന്നോ?
അറസ്റ്റ്‌ ചെയ്‌ത്‌, ചോദ്യം ചെയ്‌ത്‌, അതിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി ന്യായാന്യായങ്ങള്‍ തീര്‍പ്പാക്കുകയല്ല ഇതിന്റെയൊന്നും ലക്ഷ്യമെന്ന്‌ ഉറപ്പ്‌. ആടുന്ന എല്ലാ നാടകങ്ങളുടെയും ലക്ഷ്യം ഒന്നാണ്‌. വര്‍ഗീയമായ ചേരിതിരിവ്‌ സൃഷ്‌ടിക്കുക. റമസാന്‍ പുലര്‍ന്നതിന്‌ ശേഷം അന്‍വാറുശ്ശേരിയില്‍ പോലീസ്‌ ബൂട്ടുകള്‍ അമരുകയാണെങ്കില്‍, സ്വതവേ വൈകാരികത കൂടുതല്‍ പ്രകടിപ്പിക്കുന്ന പി ഡി പിയുടെ പ്രവര്‍ത്തകര്‍ അമിതമായി പ്രതികരിച്ചേക്കും. അതൊരു പിടിവലിയിലെങ്കിലും കലാശിച്ചാല്‍ അത്രയും ഗുണം തങ്ങളുടെ രാഷ്‌ട്രീയ മേലാളന്‍മാര്‍ക്കുണ്ടെന്ന്‌ കര്‍ണാടക പോലീസ്‌ തിരിച്ചറിയുന്നുണ്ടാവണം. അല്ലെങ്കില്‍ വി എസ്‌ ആചാര്യയെപ്പോലുള്ളവര്‍ പോലീസിനെ ഉപദേശിച്ചിട്ടുണ്ടാവണം. അന്‍വാറുശ്ശേരിയിലേക്ക്‌ മാര്‍ച്ച്‌ പ്രഖ്യാപിച്ചവര്‍ കര്‍ണാടക നേതാക്കള്‍ക്ക്‌ തലയണ മന്ത്രമുപദേശിച്ചതാവാനും മതി. ഇരുമ്പഴിക്കുള്ളിലായിക്കഴിഞ്ഞാല്‍ മഅ്‌ദനിയുടെ കാര്യത്തിലുള്ള പ്രചാരണങ്ങള്‍ ഏശാതെ വരും. ഫല സിദ്ധി കുറയും. അതുകൊണ്ട്‌ അറസ്റ്റിന്‌ മുമ്പ്‌ പരമാവധി നാടകങ്ങള്‍ ഒരുക്കേണ്ടത്‌ അവര്‍ക്ക്‌ അനിവാര്യമാണ്‌. 

9 comments:

  1. rumaisa mp said

    പി.ഡി.പി പ്രവര്‍ത്തകന്‍ ആത്മതഹ്യാശ്രമം നടത്തിയതിന്‌ മഅ്‌ദനിക്കെതിരേ സ്വമേധയാ കേസെടുത്തതാണ്‌ മഅ്‌്‌ദനിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റായ വാര്‍ത്ത. മുമ്പൊക്കെ ആദ്യം അറസ്റ്റ്‌ ചെയ്യുക, പിന്നീട്‌ കുറ്റം കണ്ടുപിടിക്കുകയുമായിരുന്നു രീതി. ഇന്നിപ്പോള്‍ അറസ്‌റ്റ്‌ ചെയ്‌തു തുറുങ്കിലടക്കാന്‍ കാരണം കണ്ടെത്തുകയാണ്‌ പോലിസ്‌.

    ReplyDelete
  2. പ്രശസ്ത കവി കുരിപ്പുഴശ്രീകുമാറിന്റെ ഒരു കവിതയുണ്ട് " കുടിച്ചത് മുപ്പതു മില്ലി അതിന്റെ കീര്‍ത്തി മുവായിരം മയിലകലെവരെ" എന്ന് പറഞ്ഞത് പോലാണ് മദനിയുടെ കാര്യം ഇദ്ദേഹം ഇനി ഏതെല്ലാം സ്പോടന കേസില്‍ പ്രതിയാകാന്‍ ഇരിക്കുന്നു

    ReplyDelete
  3. കേരളം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് സംഘപരിവാറാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല.കാരണം പുറത്ത് കാണുന്നതെല്ലാം ആ രീതിയിലാണ്.

    ReplyDelete
  4. ഹഹഹഹ......
    വക്കാലത്തുമായി എത്രപേരാണ് ഭഗവാനേ !!!

    തെരുവു ലാട വൈദ്യന്മാര്‍ മയിലെണ്ണ ഉപയോഗിച്ച് എന്തും വളച്ചെടുക്കാം എന്ന് സോദാഹരണം സമര്‍ത്ഥിക്കുന്നതുപോലെയല്ലേ സത്യത്തിന്റെ വളപ്പൊട്ടുകള്‍ റബ്ബറുപോലെ വളച്ച് ഗ്രൂപ് ഡാന്‍സ് നടത്തിക്കുന്നതില്‍ മൌദൂതി പത്രങ്ങളിലെ ബുജികള് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് !
    ആനയെ കോഴിയാക്കാനും, ആടിനെ പടവലങ്ങയാക്കാനുമുള്ള അത്ഭുതകരമായ ഒടിവിദ്യയാണ് മൌദൂതിപത്രങ്ങളുടെ ആശ്രിത രാഷ്ട്രീയ നിരീക്ഷകര്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

    പിടിച്ചോണ്ടുപോയ ആ പാവത്തിന്റെ പേരില്‍
    കുറച്ചു തീവ്രവാദവും മതമൌലീക വാദവും കൃഷി ചെയ്തെടുക്കാമോ എന്നേ മൌദൂതികള്‍ക്ക് പണം കൊടുത്തു സഹായിക്കുന്ന കക്ഷികള്‍ക്ക് നോട്ടമുള്ളു.
    മീഡിയയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു വ്യക്തിയെ ആരും,ഏത് സവര്‍ണ്ണ ഫാസിസ്റ്റു വിചാരിച്ചാലും ദ്രോഹിക്കാനാകില്ല. കാര്യം അങ്ങനെയിരിക്കേ,ബുജികള്‍ റംസാനും ഓണത്തിനുമിടക്ക് തങ്ങളുടെ പുട്ടു കച്ചവടം എങ്ങിനെ പൊടിപൊടിക്കാം എന്ന സ്വാര്‍ത്ഥ താല്‍പ്പര്യത്തിലുപരി സമൂഹ്യ പ്രതിബദ്ധതയുടെ തരിപോലും തങ്ങളുടെ വാചക കസര്‍ത്തില്‍ ഉള്‍പ്പെടുത്താന്‍ മനസ്സുവച്ചിട്ടില്ല. എഴുത്ത് വയറ്റിപ്പെഴപ്പിന്റെയും കരിയറിന്റേയും മാര്‍ഗ്ഗമാകുമ്പോള്‍ ...ആശ്രിതവത്സലനായ അന്നദാതാവിന് അണിചേരുക എന്നല്ലാതെ എന്തു പ്രതിബദ്ധത !!? :)

    ReplyDelete
  5. മീഡിയയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു വ്യക്തിയെ ആരും,ഏത് സവര്‍ണ്ണ ഫാസിസ്റ്റു വിചാരിച്ചാലും ദ്രോഹിക്കാനാകില്ല.
    ഹ ഹ ഹ ഹി ഹി ഹി(ചിത്രകാരന്‍ സ്റ്റൈല്‍).ഇക്കാണിക്കുന്നതൊക്കെ ദ്രോഹമല്ല. ഒമ്പതരക്കൊല്ലം ജയിലിലിട്ട് നരകിപ്പിച്ചതു ദ്രോഹമല്ല.ദേശീയ ശ്രദ്ധ മണ്ണാങ്കട്ട. മഅ്ദനി വിഷയത്തില്‍ ചിത്രകാരന്‍ മുന്‍പൊരിക്കലിട്ട പോസ്റ്റ് ഏതു 'മൌദൂതിപത്രങ്ങളുടെ ആശ്രിത രാഷ്ട്രീയ നിരീക്ഷകനാ'യിട്ടാണ്?
    ഇത്ര തരംതാഴരുത്.

    ReplyDelete
  6. ബുജികള്‍ക്ക് മയിലെണ്ണ കിട്ടുന്നത് എവിടെനിന്ന് ?

    ഉത്തരം അറിയാന്‍ ഈ YOUTUBE വീഡിയോ കാണുക
    കാട്ടിലെ വിളയാടി നടനത്ത മയിലെ പിടിത്ത്ഹു..തേനും പാലും ....

    http://www.youtube.com/watch?v=FirU9UGN7As

    ReplyDelete
  7. ബക്കര്‍ ഈ ജിഹാദു നടത്തുന്നത് ലോക ഇസ്ലാമിക തലസ്ഥാനമായ പാക്കിസ്ഥാനിന്നോ,
    അതോ ലോകത്തെ ഇസ്ലാമിക സ്വര്‍ഗ്ഗമായ അഫ്ഗാനസ്ഥാനിന്നോ... ???
    മദനി ഭക്തന്മാര്‍ക്ക് പ്രാന്തെളക്യോ പടച്ചോനെ... :)

    ReplyDelete