2010-08-18

ജനതതിയുടെ കോടതി!



പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്‌ ഹൈക്കോടതി ശരിവെച്ചു. നേരത്തെ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്‌ത്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ തള്ളുകയായിരുന്നു. ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായരുടെ ആദ്യത്തെ ഉത്തരവ്‌ പുറത്തുവന്നപ്പോള്‍ തന്നെ വിവിധ കോണുകളില്‍ നിന്ന്‌ പ്രതിഷേധം ഉയര്‍ന്നിരുന്നു. `ഇത്തരം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്ന ശുംഭന്‍മാര്‍' എന്ന്‌ പരിഹസിച്ചതിന്റെ പേരില്‍ സി പി എം നേതാവ്‌ എം വി ജയരാജന്‍ കോടതിയലക്ഷ്യ നടപടി നേരിടുകയും ചെയ്യുന്നു. 


വിധി പുനപ്പരിശോധിക്കാന്‍ നല്‍കിയ ഹരജി, ഉത്തരവ്‌ പുറപ്പെടുവിച്ച ജഡ്‌ജി കൂടി അടങ്ങുന്ന ബഞ്ച്‌ പരിഗണിക്കുന്നതിലെ ഔചിത്യക്കുറവ്‌ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത്‌ പരിഗണിച്ചില്ല. ഉത്തരവ്‌ പുറപ്പെടുവിക്കാമെങ്കില്‍ അത്‌ പുന:പരിശോധിക്കാനും കഴിയുമെന്ന നിലപാടാണ്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ സ്വീകരിച്ചത്‌. ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നിയമ യുദ്ധം തുടരുമെന്ന്‌ വ്യക്തമാക്കുകയാണ്‌.

ഒറ്റ നോട്ടത്തില്‍ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പുറപ്പെടുവിക്കുകയും അദ്ദേഹമുള്‍പ്പെട്ട ബഞ്ച്‌ ശരിവെക്കുകയും ചെയ്‌ത ഉത്തരവ്‌ ജനപ്രിയമാണെന്ന്‌ പറയേണ്ടിവരും. പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്‌ മൂലമുണ്ടാകാന്‍ ഇടയുള്ള ഗതാഗത തടസ്സം ഇല്ലാതാവും. ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാന്‍ കഴിയും. പൊതുകാര്യങ്ങള്‍ക്കായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നവരെ ന്യായീകരിക്കാമെങ്കിലും ഇത്‌ മറ്റുള്ളവരുടെ മൗലികാവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കുന്നതാവരുതെന്ന്‌ കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ നീതിന്യായ വിചാരത്തിന്റെ സൗന്ദര്യം ദര്‍ശിക്കുകയുമാവാം. 


പക്ഷേ, ഈ കോടതി വിധിയിലെ അരാഷ്‌ട്രീയത കാണാതിരുന്നുകൂട. അതിനായി ഏതാനും ദിവസം മുമ്പ്‌ ഇതേ ഹൈക്കോടതി നടത്തിയ മറ്റ്‌ ചില നിരീക്ഷണങ്ങള്‍ പരിശോധിക്കാം. ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങുന്ന ബഞ്ച്‌ തന്നെയാണ്‌ ഈ നിരീക്ഷണങ്ങള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്‌.

സംസ്ഥാനത്ത്‌ റോഡ്‌ വികസനത്തിനെതിരെ വ്യാപാരി സമൂഹത്തില്‍ നിന്ന്‌ സമ്മര്‍ദമുണ്ടായാല്‍ പദ്ധതി ഉപേക്ഷിച്ച്‌ ഗ്രാമീണ ഹൈവേകള്‍ നിര്‍മിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു നിരീക്ഷണം. റോഡ്‌ വികസനത്തിന്‌ കെട്ടിടങ്ങള്‍ പൊളിക്കുന്നത്‌ ഒഴിവാക്കാം, ഗ്രാമീണ ഹൈവെയാകുമ്പോള്‍ ചെലവ്‌ കുറയും- തുടങ്ങിയ സൗകര്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന യോഗങ്ങള്‍ നിരോധിക്കാന്‍ മുന്‍കൈ എടുക്കുന്ന കോടതിക്ക്‌ റോഡ്‌ വികസനത്തിന്‌ അനിവാര്യമായി വേണ്ടിവരുന്ന ഘട്ടത്തില്‍ വ്യാപാരികളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്യുന്നതില്‍ അതിയായ മനോവിഷമമുണ്ടെന്ന്‌ വേണം മനസ്സിലാക്കാന്‍. 


തെരുവോരങ്ങളിലെ യോഗങ്ങള്‍ മൂലമുണ്ടാവുന്ന ഗതാഗത തടസ്സം ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുന്ന രോഗിയുടെ ജീവന്‍ പോലും അപകടത്തിലാക്കാമെന്ന്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌ കോടതി. പക്ഷേ, അത്യാധുനിക സൗകര്യമുള്ള ആശുപത്രികളില്‍ ഭൂരിഭാഗവും നഗരങ്ങളിലാണെന്നും അവിടേക്ക്‌ വേണ്ടത്ര ഗതാഗത സൗകര്യമൊരുക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ടാണല്ലോ വ്യാപാരികളില്‍ നിന്ന്‌ എതിര്‍പ്പുണ്ടാവുന്ന പശ്ചാത്തലത്തില്‍ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്‌. ശക്തമായ സമ്മര്‍ദമുയര്‍ത്താന്‍ സാമ്പത്തിക ശേഷിയുള്ള സംഘടിത വ്യാപാരി സമൂഹം നഗരങ്ങളിലാണല്ലോ ഉണ്ടാവുക. ഒരിടത്ത്‌ ജനങ്ങളുടെ സൗകര്യം ഉറപ്പാക്കാന്‍ യോഗങ്ങള്‍ നിരോധിക്കണമെന്ന്‌ ഉത്തരവിടുന്ന കോടതി മറ്റൊരിടത്ത്‌ വ്യാപാരികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ റോഡ്‌ വികസന പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പറയുന്നു. ഈ വൈരുധ്യം നീതിന്യായ സംവിധാനത്തെ ബാധിച്ച അരാഷ്‌ട്രീയതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്‌.

തങ്ങള്‍ക്കു മുന്നിലെത്തുന്ന കേസുകളില്‍ ഇരുപക്ഷവും നിരത്തുന്ന തെളിവുകളും വാദമുഖങ്ങളും പഠിച്ച്‌ ന്യായാന്യായങ്ങള്‍ നിര്‍ണയിക്കുക എന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ ജഡ്‌ജിമാരുടെ ജോലി. പക്ഷേ, അതിനര്‍ഥം താന്‍ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കുകയേ വേണ്ട എന്നല്ലല്ലോ? അത്തരമൊരു ചിന്തയേ ഇല്ലെന്ന്‌ ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും ഉള്‍പ്പെട്ട ബഞ്ചിന്റെ മറ്റു ചില അഭിപ്രായങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. പാതയോരങ്ങളിലെ യോഗം നിരോധിച്ച വിധി സര്‍ക്കാര്‍ ചോദ്യം ചെയ്‌തതിനെ കോടതി വിമര്‍ശിക്കുന്നുണ്ട്‌. ജനങ്ങള്‍ക്ക്‌ ദ്രോഹകരമാവുന്ന ഉത്തരവിന്‌ വേണ്ടി കോടതിയെ സമീപിച്ച സര്‍ക്കാറിന്‌ കനത്ത പിഴ ചുമത്തേണ്ടതാണെങ്കിലും പൊതുജനങ്ങളുടെ പണം തന്നെയാണ്‌ കോടതിച്ചെലവായി നല്‍കേണ്ടിവരിക എന്നതിനാല്‍ ഒഴിവാക്കുന്നുവെന്നാണ്‌, ഔദാര്യപൂര്‍വം ജസ്റ്റിസുമാര്‍ പറഞ്ഞത്‌. എന്താണ്‌ സര്‍ക്കാര്‍? അതെങ്ങനെ സംഭവിക്കുന്നു? എന്ന അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാത്തവരാവില്ലല്ലോ ജഡ്‌ജിമാര്‍. 


ജനായത്ത ഭരണക്രമമെന്ന ഭരണഘടനാ വിവക്ഷയുടെ പ്രായോഗിക രൂപം മാത്രമാണ്‌ സര്‍ക്കാര്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്ക്‌ ഉതകുന്ന ആശയങ്ങളാണ്‌ എന്ന പൂര്‍ണ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ യോജിച്ച്‌ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളുമുണ്ടാവുന്നു. അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ വിലയിരുത്തി അയ്യഞ്ച്‌ കൊല്ലം കൂടുമ്പോള്‍ ജനങ്ങള്‍ അവര്‍ക്കിഷ്‌ടമുള്ളവരെ തിരഞ്ഞെടുക്കുന്നു. അവരാണ്‌ സര്‍ക്കാറെന്ന അമൂര്‍ത്ത സങ്കല്‍പ്പത്തിന്റെ മൂര്‍ത്ത രൂപങ്ങളായി നമ്മുടെ മുന്നിലുണ്ടാവുക. ഇതേ പ്രക്രിയയില്‍ പങ്കാളികളാവുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയുടെയോ പ്രതിനിധികളാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ വിലങ്ങുതടിയാവുമെന്ന്‌ കരുതുന്ന ഒരു ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നതിനെ ഇത്ര വലിയ ആക്ഷേപമായി കാണുന്നതില്‍ അര്‍ഥമെന്താണുള്ളത്‌? 


നീതിന്യായ സംവിധാനത്തിന്റെ ചുമതല ഏല്‍പ്പിക്കേണ്ടവരെ നിശ്ചയിക്കുന്നതില്‍ ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അടങ്ങുന്ന സര്‍ക്കാറിന്‌ കൂടി പങ്കുമുണ്ട്‌. എല്ലാറ്റിനും ജനായത്ത സ്വഭാവമുണ്ടെന്ന്‌ അര്‍ഥം. ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത്‌ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിച്ച്‌ സംസ്ഥാനത്തെമ്പാടും പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ പാടില്ലെന്ന്‌ വിധിക്കും മുമ്പ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്ന ഭരണ, രാഷ്‌ട്രീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച്‌ ആലോചിക്കേണ്ടതല്ലേ? ഇത്തരമൊരു സംവിധാനം നിലവില്‍ വരാന്‍ പിന്നിടേണ്ടിവന്ന വഴികള്‍ ഓര്‍ക്കേണ്ടതല്ലേ?

പാതയോരത്തെ പൊതുയോഗങ്ങള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന കേവല യുക്തി മാത്രമല്ല ഇത്തരം വിധികള്‍ക്ക്‌ പിന്നില്‍. രാഷ്‌ട്രീയത്തോടും അതില്‍ ഭാഗമാകുന്നവരോടും വരേണ്യ ശ്രേണിയില്‍പ്പെട്ടവര്‍ പുലര്‍ത്തുന്ന മനോഭാവം കൂടി ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌. വെറും കവല പ്രസംഗക്കാര്‍, അവരുടെ വാക്ക്‌ കേട്ട്‌ വഴി തെറ്റരുതെന്ന്‌ ഉപദേശിക്കുന്നവരുടെ മനോഭാവം. പാതയോരങ്ങളില്‍ യോഗം നടത്താതെ രാഷ്‌ട്രീയ പ്രവര്‍ത്തനം സാധ്യമല്ലേ എന്ന ചോദ്യം പ്രസക്തമാണ്‌. പക്ഷേ, ചില സമയങ്ങളില്‍ പാതയോരങ്ങളെ പ്രക്ഷുബ്‌ധമാക്കുക എന്നത്‌ അനിവാര്യമായി വരും. ഇത്തരം പ്രക്ഷുബ്‌ധമാക്കലുകളുടെ തെളിവുകള്‍ ചരിത്രത്തില്‍ അസംഖ്യമുണ്ട്‌. 


നമ്മുടെ വരേണ്യ വര്‍ഗം മാതൃകയായി ചൂണ്ടിക്കാട്ടുന്ന അമേരിക്കയിലും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും ഇപ്പോഴും അത്തരം സംഭവങ്ങളുണ്ടാകുന്നുമുണ്ട്‌. വ്യാപാര മേഖലയിലെ കുത്തക നിലനിര്‍ത്താനുതകുന്ന തീരുമാനങ്ങളെടുക്കാനായി വന്‍ ശക്തികള്‍ യോഗം ചേരുമ്പോള്‍ വേദിക്ക്‌ പുറത്ത്‌ തെരുവില്‍ പോലീസിന്റെ കണ്ണീര്‍ വാതകത്തെയും ബാറ്റണ്‍ പ്രയോഗത്തെയും ജല പീരങ്കിയെയും പ്രതിരോധിച്ച്‌ ആയിരങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നത്‌ ചില സങ്കല്‍പ്പങ്ങള്‍ മനസ്സിലുള്ളതുകൊണ്ടാണ്‌. അത്തരം സങ്കല്‍പ്പങ്ങളുടെ പ്രകടനം തന്നെയാണ്‌ ഇവിടെയും തെരുവോരങ്ങളില്‍ നടക്കുന്നത്‌. അതില്‍ കാപട്യക്കാരുണ്ടാവാം. ചിലത്‌ പ്രകടനപരത മാത്രമായിരിക്കാം. അത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കിക്കോളും. അതിന്‌ നീതിന്യായ സംവിധാനത്തിന്റെ തീട്ടൂരം ആവശ്യമില്ല. അത്തരം ഒഴിവാക്കലുകള്‍ക്കും ധാരാളം ഉദാഹരണങ്ങളുണ്ട്‌.

കേരളത്തില്‍ നിന്ന്‌ വടക്കോട്ടേക്ക്‌ നീങ്ങുമ്പോള്‍ റോഡില്‍ പൊതുയോഗങ്ങളല്ല നടത്തപ്പെടുന്നത്‌. കുഴിബോംബ്‌ സ്‌ഫോടനങ്ങളാണ്‌. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്‌ ചൂഷകരുടെ കൂട്ടായ്‌മയാണെന്നും അതിനെ സായുധ മാര്‍ഗത്തിലൂടെ നിഷ്‌കാസനം ചെയ്‌ത്‌ സ്ഥിതിസമത്വത്തില്‍ അധിഷ്‌ഠിതമായ ഭരണം സ്ഥാപിക്കണമെന്നും ചിന്തിക്കുന്നവര്‍ നിലവിലുള്ള ഭരണകൂടത്തിന്റെ ഓരോ കൈവഴികളെയും നിശ്ചലമാക്കുന്നതിനാണ്‌ സ്‌ഫോടനങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. വര്‍ഷങ്ങളായി തങ്ങളുടെ ആവശ്യാവകാശങ്ങളെ ഭരണകൂടം നിഷേധിച്ചുവെന്ന്‌ കരുതുന്ന വലിയൊരു ജനത ഇവരെ പിന്തുണക്കുന്നുമുണ്ട്‌. റോഡുകളില്‍ കുഴിബോംബ്‌ സ്‌ഫോടനങ്ങള്‍ നടത്തുന്നത്‌ കോടതിക്ക്‌ നിരോധിക്കാം. നിരോധം നടപ്പാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട്‌ (ജില്ലാ കലക്‌ടര്‍) നിര്‍ദേശിക്കുകയുമാവാം. അല്ലെങ്കില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത്‌ നിലവിലുള്ള നിയമപ്രകാരം കുറ്റകരമാണെന്നും അതിനാല്‍ തടയേണ്ടതാണെന്നും സര്‍ക്കാറിനോട്‌ നിര്‍ദേശിക്കാം. തടഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയുമാവാം. പ്രതിഷേധങ്ങളെയും അതിന്റെ ഭാഗമായുണ്ടാവുന്ന സമര രൂപങ്ങളെയും ഇല്ലായ്‌മ ചെയ്യാന്‍ സാധിക്കില്ലെന്ന്‌ മാത്രം.

ഇത്രയും കൂടി

ആലുവ റെയില്‍വേ സ്റ്റേഷനുമുന്നില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌ ഖാലിദ്‌ മുണ്ടപ്പിള്ളി എന്ന വ്യക്തിയാണ്‌. ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പൊതുയോഗങ്ങള്‍ നടക്കുന്നതു കൊണ്ട്‌ ഖാലിദ്‌ മുണ്ടപ്പിള്ളി എന്ന വ്യക്തിക്ക്‌ ഏതെങ്കിലും വിധത്തില്‍ ഉണ്ടായ അല്ലെങ്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയാസം മൂലമാകും അദ്ദേഹം ഹരജി സമര്‍പ്പിച്ചത്‌ എന്ന്‌ കരുതുക. അദ്ദേഹം സമര്‍പ്പിച്ച ഹരജിയുടെ സാമൂഹിക പ്രസക്തി പരിഗണിച്ചാവണമല്ലോ ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ മാത്രമല്ല, സംസ്ഥാനത്തെമ്പാടും പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ടാവുക. അത്തരമൊരു വിപുലമായ ആലോചന നടത്തിയ കോടതി ഹരജി സമര്‍പ്പിച്ച വ്യക്തിയെക്കുറിച്ച്‌ കൂടി കുറച്ച്‌ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ നന്നാവും. 



പത്തോ പതിനഞ്ചോ കൊല്ലം മുമ്പുവരെ വര്‍ഷത്തില്‍ പലകുറി സമരം പ്രഖ്യാപിക്കാന്‍ മുന്‍നിരയില്‍ നിന്നിരുന്നയാളായിരുന്നു ഖാലിദ്‌ മുണ്ടപ്പിള്ളി. ഇപ്പോഴും സമരം നടത്തിയും സമര ഭീഷണി മുഴക്കിയും സമ്മര്‍ദ തന്ത്രം പയറ്റുന്ന ബസ്‌ ഉടമകളുടെ സംഘത്തിന്റെ പ്രതിനിധി. മുന്‍കൂട്ടി അറിയിച്ച്‌ നടത്തുന്ന സമരങ്ങള്‍ മാത്രമല്ല, മുണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്‌. മിന്നല്‍ സമരങ്ങളുമുണ്ട്‌. ഇതെഴുന്നയാളടക്കം നിരവധി പേര്‍ അത്തരം സമരങ്ങളുടെ ഇരകളാണ്‌. അന്ന്‌ നിഷേധിക്കപ്പെട്ടത്‌ സഞ്ചാര സ്വാതന്ത്ര്യം തന്നെയല്ലേ? മിന്നല്‍ സമരം പ്രഖ്യാപിച്ച്‌ ആളുകളെ ബസ്സില്‍ നിന്ന്‌ ഇറക്കിവിടുമ്പോള്‍ അവര്‍ക്കുണ്ടായ പ്രയാസങ്ങള്‍ മുണ്ടപ്പിള്ളി പരിഗണിച്ചില്ലെങ്കിലും കോടതി പരിഗണിക്കണം. അത്തരത്തില്‍ ഇറക്കിവിടപ്പെട്ടവരിലും ആശുപത്രിയിലേക്ക്‌ പോകേണ്ടവരുണ്ടായിക്കാണണം. 

1 comment:

  1. ജഡ്ജിമാരുടെ എല്ലാ ആനുകൂല്യങ്ങളും വെട്ടികുറക്കുകയും ശമ്പള സ്കെയില്‍ കുറക്കുകയും വേണം എന്നാണു എന്റെ വിനീതമായ അഭിപ്രായം. കാരണം ജട്ജിമാരുടെ ഉയര്‍ന്ന ജീവിതനിലവാരം ആണ് അവരെ സാദരണകാരുടെ പ്രശ്നങ്ങളില്‍ നിന്നും സാമൂഹ്യ ബോധങ്ങളില്‍ നിന്നും അവരെ അകറ്റിയത് .അതുകൊണ്ട് ജഡ്ജിമാര്‍ക്ക് സീപ്പാര്‍ ക്ലാസുകാരുടെ ശമ്പളം ആക്കണം . അപ്പോള്‍ ജനത്തിന്റെ ആവിശ്യങ്ങളും ആവലാതികളും ജഡ്ജിമാര്‍ മനസിലാക്കും

    ReplyDelete