2010-08-10

തമിഴ്‌ പേച്ച്‌ തടയുമ്പോള്‍ഡോ. ചരണ്‍ ദാസ്‌ മഹന്ത്‌ പണ്ഡിതനാണ്‌. ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തതിന്‌ ശേഷം ശാസ്‌ത്രേതര വിഷയത്തിലും ബിരുദാനന്തര ബിരുദമെടുത്തു. പിന്നെ നിയമ ബിരുദം. ഇതും പോരാഞ്ഞ്‌ പി എച്ച്‌ ഡിയും. അങ്ങനെയാണ്‌ പേരിനു മുന്നില്‍ ഡോക്‌ടര്‍ എന്ന വിശേഷണ പദം സ്വന്തമാക്കിയത്‌. മധ്യപ്രദേശിലെ ബര്‍ക്കത്തുല്ല സര്‍വകലാശാലയിലായിരുന്നു പഠനകാലത്തില്‍ ഏറെയും. ഇത്രയും പഠനത്തിന്‌ ശേഷം അദ്ദേഹം തൊഴിലായി സ്വീകരിച്ചത്‌ കാര്‍ഷികവൃത്തിയും സാമൂഹിക സേവനവുമായിരുന്നു. ഇപ്പോള്‍ ഛത്തീസ്‌ഗഢിലെ കോര്‍ബ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായാണ്‌ അദ്ദേഹം മത്സരിച്ചത്‌. 


ഉയര്‍ന്ന വിദ്യാഭ്യാസത്തിന്‌ അവസരം ലഭിച്ച മഹന്ത്‌ തന്റെ പ്രവര്‍ത്തന പന്ഥാവായി കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്‌ ആലോചിക്കാതെയാവില്ല. ദേശീയതലത്തില്‍ പടര്‍ന്നു പന്തലിച്ച്‌ കിടക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്‌ മാത്രമേ ജാതി, മത, വര്‍ണ, ഭാഷാ ഭേദമില്ലാതെ ഇന്ത്യയെ ഒരുപോലെ കാണാനാവൂ എന്ന്‌ ധരിച്ചിട്ടുണ്ടാവണം, 1954ല്‍ ഭൂജാതനായ ചരണ്‍ ദാസ്‌ മഹന്ത്‌. രാഷ്‌ട്രീയത്തില്‍ ഒതുങ്ങുന്നില്ല ഈ വ്യക്തിത്വം. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. കബീര്‍ ദാസിന്റെ കൃതികളെക്കുറിച്ച്‌ അഗാധമായ അറിവുണ്ട്‌. ലോക്‌ സഭയിലെത്തും മുമ്പ്‌ മധ്യപ്രദേശ്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌, അവിടെ മന്ത്രിയുമായി. ഛത്തീസ്‌ഗഢ്‌ സംസ്ഥാനം രൂപവത്‌കരിച്ചതിന്‌ ശേഷം പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു. ഛത്തീസ്‌ഗഢിന്‌ ഇപ്പോഴൊരു പ്രത്യേകത കൂടിയുണ്ട്‌, കേന്ദ്ര സര്‍ക്കാര്‍ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിച്ച സി പി ഐ (മാവോയിസ്റ്റ്‌) ക്ക്‌ ഏറ്റവും അധികം സ്വാധീനമുള്ള സംസ്ഥാനമാണത്‌. സംസ്ഥാനത്തെ പകുതിയിലേറെ സ്ഥലങ്ങളിലും ഇലയനങ്ങണമെങ്കില്‍ മാവോയിസ്റ്റുകള്‍ വിചാരിക്കണം.

ചരണ്‍ ദാസ്‌ മഹന്തിന്റെ വ്യക്തി ചരിത്രവും ഛത്തീസ്‌ഗഢിന്റെ സമകാലികാവസ്ഥയും മുന്നില്‍വെച്ചുവേണം ലോക്‌സഭയില്‍ ഡി എം കെ നേതാവും രാസവസ്‌തു, വളം മന്ത്രിയുമായ എം കെ അഴഗിരി അപമാനിക്കപ്പെട്ടതിനെ വിലയിരുത്താന്‍. ചരണ്‍ ദാസ്‌ മഹന്തിന്റെ ചോദ്യത്തിനാണ്‌ ഒന്നേകാല്‍ വര്‍ഷത്തിനിടെ ആദ്യമായി അഴഗിരി മറുപടി നല്‍കിയത്‌. അതിനെ കളിയാക്കിക്കൊണ്ട്‌ മഹന്ത്‌ സഭയില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ `എന്റെ ചോദ്യം ഇന്ന്‌ സഭയില്‍ ഉന്നയിക്കപ്പെടുന്നവയുടെ പട്ടികയില്‍ ആദ്യമെത്തിയതില്‍ ഞാന്‍ ഭാഗ്യവാനാണ്‌. മന്ത്രിയുടെ ആദ്യത്തെ മറുപടി എന്റെ ചോദ്യത്തിലായതിലും ഞാന്‍ ഭാഗ്യവാനാണ്‌.' ഇവിടെ അഴഗിരി എന്ന വ്യക്തി മാത്രമല്ല അപമാനിക്കപ്പെടുന്നത്‌. തമിഴ്‌ എന്ന ഭാഷകൂടിയാണ്‌. ആ ഭാഷയിലൂടെ ഒരു ജനതയുടെ സംസ്‌കാരം കൂടിയാണ്‌. അത്‌ മനസ്സിലാക്കാന്‍ പണ്ഡിതനായ ഡോ. ചരണ്‍ ദാസ്‌ മഹന്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ അദ്ദേഹം അഴഗിരിയെ കളിയാക്കാന്‍ തയ്യാറായത്‌. 


ക്യാബിനറ്റ്‌ മന്ത്രിയായപ്പോള്‍ തന്നെ ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളില്‍ തനിക്ക്‌ പ്രാവീണ്യം പോരെന്നും അതുകൊണ്ട്‌ ചോദ്യോത്തരവേളയില്‍ തമിഴില്‍ മറുപടി നല്‍കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ അഴഗിരി ലോക്‌സഭാ സ്‌പീക്കറെ സമീപിച്ചിരുന്നു. എന്നാല്‍ ചോദ്യോത്തരവേളയില്‍ ഇംഗ്ലീഷ്‌, ഹിന്ദി ഇതര ഭാഷ ഉപയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന്‌ പാര്‍ലിമെന്റിന്റെ ഇരുസഭകളിലെയും ചോദ്യോത്തര വേളകളില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ അഴഗിരി തീരുമാനിച്ചു. ചോദ്യത്തിന്‌ മറുപടി പറയാന്‍ മന്ത്രിയില്ലാത്തത്‌ ചൂണ്ടിക്കാട്ടി ഭാരത ദേശീയതയുടെ `കുത്തക' കൈയാളുന്ന ബി ജെ പിയുടെ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതേത്തുടര്‍ന്ന്‌ സ്‌പീക്കര്‍ തന്നെ മുന്നോട്ടുവെച്ച പരിഹാര നിര്‍ദേശമനുസരിച്ചാണ്‌ കഴിഞ്ഞ ദിവസം അഴഗിരി മറുപടി നല്‍കിയത്‌. നേരത്തെ നല്‍കുന്ന ചോദ്യത്തിന്‌ ഇംഗ്ലീഷില്‍ എഴുതിത്തയ്യാറാക്കിയ മറുപടി അഴഗിരി വായിക്കുക, അംഗങ്ങള്‍ ഉന്നയിക്കുന്ന ഉപചോദ്യങ്ങള്‍ക്ക്‌ സഹമന്ത്രി ശ്രീകാന്ത്‌ ജേന മറുപടി നല്‍കുക എന്നതായിരുന്നു സ്‌പീക്കര്‍ നിര്‍ദേശിച്ച പോംവഴി.

ഒന്നേകാല്‍ വര്‍ഷമായി പാര്‍ലിമെന്റിന്റെ ഇരുസഭകളിലെയും ചോദ്യോത്തര വേളകളില്‍ നിന്ന്‌ അഴഗിരി വിട്ടുനിന്നത്‌ പ്രതിഷേധത്തിന്റെ സൂചകമാണെന്ന്‌ പോലും നമ്മള്‍ മനസ്സിലാക്കിയില്ല. ലോകഭാഷയെന്ന അനൗദ്യോഗിക അംഗീകാരം ഇംഗ്ലീഷിനുണ്ടെങ്കിലും അത്‌ നമ്മളെ സംബന്ധിച്ച്‌ അധിനിവേശത്തിന്റെ ബാക്കിപത്രം കൂടിയാണ്‌. രാജ്യത്ത്‌ ഭൂരിപക്ഷം ആളുകള്‍ സംസാരിക്കുന്നത്‌ ഹിന്ദിയാണെന്ന നിലക്ക്‌ അതിന്‌ രാഷ്‌ട്രഭാഷ എന്ന പദവി നല്‍കിയിട്ടുണ്ട്‌. ഇവ രണ്ടും മാത്രമേ പാര്‍ലിമെന്റിലെ ചോദ്യോത്തര വേളയില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധത്തിനെതിരായ പ്രതിഷേധമായി വേണം അഴഗിരിയുടെ വിട്ടുനില്‍ക്കലിനെ കാണാന്‍. പാര്‍ലിമെന്റ്‌ സമ്മേളനത്തിന്റെ ഇതര സമയങ്ങളിലെല്ലാം പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്‌. അത്‌ തത്സമയം പരിഭാഷപ്പെടുത്തി അംഗങ്ങളുടെ ചെവിയിലെത്തിക്കാന്‍ സാങ്കേതിക സംവിധാനവുമുണ്ട്‌. എന്നിട്ടും ചോദ്യോത്തര വേളയില്‍ ഇംഗ്ലീഷ്‌, ഹിന്ദി ആധിപത്യം നിലനില്‍ക്കുന്നു. ഇത്‌ മറികടക്കുന്നതിനെക്കുറിച്ച്‌ ഇക്കാലത്തിനിടെ ആലോചനകളൊന്നുമുണ്ടായില്ല. അതായത്‌ ചിലയിടങ്ങളിലെങ്കിലും ആധിപത്യം നിലനില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധി ഭരണകൂടത്തിന്‌ ഉണ്ടെന്ന്‌ തോന്നുന്നു.

544 അംഗ ലോക്‌സഭയിലെ 39 സീറ്റുകള്‍ തമിഴ്‌നാട്ടില്‍ നിന്നാണ്‌. ഭാഷയോട്‌ അവര്‍ക്കുള്ള അതിരുകടന്ന ആഭിമുഖ്യം പ്രസിദ്ധവുമാണ്‌. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ട്‌ 1963ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. അതിനെതിരെ തമിഴ്‌നാട്ടിലുയര്‍ന്ന പ്രക്ഷോഭം അതിരൂക്ഷമായിരുന്നു. 1965ല്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അന്ന്‌ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കൊല്ലപ്പെട്ടത്‌ നൂറുകണക്കിനാളുകളാണ്‌. ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ കൂടി ബലത്തിലാണ്‌ മുമ്പു തന്നെ സജീവമായിരുന്ന ദ്രാവിഡ പ്രസ്ഥാനം തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നത്‌. 1967ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിരുദുനഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കാമരാജ നാടാര്‍ പോലും പരാജയത്തിന്റെ രുചിയറിഞ്ഞിരുന്നു. ഭാഷയോടുള്ള വികാരം ദ്രാവിഡ പ്രസ്ഥാനങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുമുണ്ട്‌. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന ലോക ക്ലാസിക്കല്‍ തമിഴ്‌ സമ്മേളനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നുവെന്നാണ്‌ അഴഗിരിയുടെ പിതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ എം കരുണാനിധി പറഞ്ഞത്‌. ഇതൊരു സാധാരണ രാഷ്‌ട്രീയക്കാരന്റെ പതിവ്‌ വാചകമായി തെറ്റിദ്ധരിക്കേണ്ടതില്ല. ജീവിതം മുഴുവന്‍ തമിഴ്‌ ഭാഷക്കും സംസ്‌കാരത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച നേതാവിന്റെ വാക്കുകളായി കാണണം.

യൂനിയന്‍ ഓഫ്‌ ഇന്ത്യയിലെ യൂനിയന്‍ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ (ഭാഷ, പ്രദേശം, സംസ്‌കാരം എന്നിവയിലുള്ള ഭിന്നതകളുടെ കൂട്ടായ്‌മയെ പ്രതിനിധാനം ചെയ്യാനാണ്‌ രാജ്യത്തിന്റെയും സര്‍ക്കാറിന്റെയും പേര്‌ ഇത്തരത്തില്‍ വിവക്ഷിക്കുന്നത്‌) പ്രമുഖമായ ഭാഷയെ (ഭാഷകളെ) രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ ഒരു സെഷനില്‍ നിന്നെങ്കിലും ഒഴിവാക്കി നിര്‍ത്തുക എന്നാല്‍ അത്‌ അവഗണനയുടെ പ്രതീകം തന്നെയാണ്‌. പ്രക്ഷോഭങ്ങളുടെ പിടിയില്‍ അമര്‍ന്ന ജമ്മു കാശ്‌മീരിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം സാമ്പത്തിക പാക്കേജിലൂടെയല്ല, രാഷ്‌ട്രീയമായ ആശയവിനിമയത്തിലൂടെയാണെന്ന്‌ മുഖ്യമന്ത്രി ഉമര്‍ അബ്‌ദുല്ലക്ക്‌ പറയേണ്ടിവരുന്നതും പി ചിദംബരത്തിനെപ്പോലുള്ള നേതാക്കള്‍ക്ക്‌ അത്‌ ഏറ്റുപറയേണ്ടിവരുന്നതും എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റുകളുടെ വാക്കുകള്‍ക്ക്‌ വിലകല്‍പ്പിക്കാന്‍ ആദിവാസികള്‍ തയ്യാറായത്‌ വര്‍ഷങ്ങളായി അവരെ ഭരണകൂടം അവഗണിച്ചതുകൊണ്ടാണെന്ന്‌ വിലയിരുത്തപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? 


തമിഴ്‌ ഈഴം സ്ഥാപിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴത്തിന്‌ (എല്‍ ടി ടി ഇ) ഡി എം കെയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നത്‌ വെറും ആരോപണമല്ല. എം ഡി എം കെ, തമിഴ്‌ നാഷനല്‍ മൂവ്‌മെന്റ്‌ തുടങ്ങിയ സംഘടനകള്‍ പ്രകടമായിത്തന്നെ എല്‍ ടി ടി ഇയെ പിന്തുണച്ചിരുന്നു, ഇപ്പോഴും പിന്തുണക്കുന്നു. ശ്രീലങ്കയിലെ തമിഴ്‌ ജനതയുടെ (ഭാഷയെച്ചൊല്ലിയാണ്‌ അവിടെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌) അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുക എന്നതിനപ്പുറത്ത്‌ തമിഴ്‌ ദേശീയത എന്ന തിരിച്ചറിവ്‌ ഈ പിന്തുണയുടെ പിന്നാമ്പുറത്തുണ്ടെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല.

ജനാധിപത്യ സമ്പ്രദായത്തിലെ പ്രാതിനിധ്യ സ്വഭാവം എന്നത്‌ അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും അതിലൂടെ പാര്‍ലിമെന്റിലും നിയമസഭകളിലും എത്തുന്ന പ്രതിനിധികളിലും ഒതുങ്ങുന്നില്ല. ഭാഷ, സംസ്‌കാരം, വംശം, ഗോത്രം തുടങ്ങി നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ക്കെല്ലാമുള്ള അര്‍ഹിക്കുന്ന പരിഗണന കൂടിയാണത്‌. അത്‌ നിഷേധിക്കപ്പെടുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള അധികാരത്തിന്‌ വേണ്ടി വാദങ്ങളുയരുന്നത്‌. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാറും ഇപ്പോഴത്തെ രണ്ടാം യു പി എ സര്‍ക്കാറും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ സാമ്പത്തിക മേഖലയില്‍ പ്രത്യേക പരിഗണന നല്‍കി എന്നത്‌ വസ്‌തുതയാണ്‌. എന്ത്‌ പദ്ധതിയായാലും അല്‍പ്പം വിഹിതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ അനുവദിച്ചു. എന്നിട്ടും രാഷ്ട്രീയ ഭിന്നതയും സ്വയംഭരണാധികാരമെന്ന ആവശ്യവും ഇല്ലാതാക്കാനായില്ല. പരിഗണന എന്ത്‌ എന്നത്‌ പ്രധാനമാണ്‌. അതുകൊണ്ടാണ്‌ കാശ്‌മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാമ്പത്തിക പാക്കേജല്ല, രാഷ്‌ട്രീയമായ ആശയവിനിമയമാണ്‌ വേണ്ടതെന്ന്‌ ഉമര്‍ അബ്‌ദുല്ല പറയുന്നതും ചിദംബരം തലയാട്ടി അംഗീകരിക്കുന്നതും.

തമിഴില്‍ മറുപടി പറയാനുള്ള അഴഗിരിയുടെ ആവശ്യം അംഗീകരിക്കപ്പെടാതിരിക്കുകയും പാര്‍ലിമെന്ററി സംവിധാനത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്‌തപ്പോഴാണ്‌ ഡോ. ചരണ്‍ ദാസ്‌ മഹന്തിനെപ്പോലെയുള്ളവര്‍ കളിയാക്കാന്‍ രംഗത്തുവരുന്നത്‌. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മഹന്ത്‌ ഇതിന്‌ മുതിരുമ്പോള്‍ അത്‌ ആ പ്രസ്ഥാനത്തിന്റെ തന്നെ കാഴ്‌ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ ശേഷമുള്ളതില്‍ ഒരു ദശകം ഒഴിവാക്കി നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ അധികാരത്തിലിരുന്നത്‌ കോണ്‍ഗ്രസ്സാണല്ലോ.