2010-09-14

അച്ഛാ താല്‍ മേല്‍ടൈമിംഗ്‌ - ക്രിക്കറ്റ്‌ കളിയുടെ തത്സമയ സംപ്രേഷണം അബദ്ധത്തിലെങ്കിലും കണ്ടുപോയവര്‍ക്ക്‌ ഏറെ പരിചിതമായ വാക്കായിരിക്കും ഇത്‌. ആംഗലേയ വിവരണക്കാര്‍ മിനുട്ടില്‍ ഒരു തവണയെങ്കിലും ഈ വാക്ക്‌ ഉപയോഗിക്കാതെ വരില്ല. അത്രയേറെ പ്രാധാന്യം ഈ വാക്കിന്‌ കളിയിലുണ്ടെന്ന്‌ ചുരുക്കം. പാഞ്ഞുവരുന്ന ഏറുകാരന്റെ കൈയില്‍ നിന്ന്‌ അടരുന്ന പന്ത്‌ ഇങ്ങേത്തലക്കലെത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള വേഗം, പന്ത്‌ കൈവിടുന്നതിന്‌ തൊട്ടുമുമ്പ്‌ കൈക്കുഴയുടെ ചലനത്തിലൂടെ ഏറുകാരന്‍ പന്തിന്റെ സഞ്ചാരപഥത്തില്‍ വരുത്താന്‍ ഇടയുള്ള ചാഞ്ചാട്ടം, അടിച്ചുറപ്പിച്ച മണ്ണില്‍ കുത്തി ഉയരുമ്പോള്‍ വേഗത്തിലും സഞ്ചാര പഥത്തിലും വരാനിടയുള്ള മാറ്റം എന്നിവ മനസ്സിലാക്കി ബാറ്റ്‌ വീശണം. ബാറ്റിന്റെ മധ്യഭാഗം പന്തിന്റെ പിറകില്‍ കൊള്ളും വിധത്തില്‍ ചലിപ്പിക്കാന്‍ സാധിക്കുമ്പോള്‍ ബാറ്റ്‌സ്‌മാന്റെ ടൈമിംഗ്‌ കൃത്യമായിരുന്നുവെന്ന്‌ വിവരണക്കാരന്‍ പറയും. `അച്ഛാ താല്‍ മേല്‍, ക്യാ ടൈമിംഗ്‌' എന്ന്‌ രാഷ്‌ട്രഭാഷയില്‍ പ്രവീണനായ വിവരണക്കാരന്‍ വിശേഷിപ്പിക്കും. ടൈമിംഗ്‌ തെറ്റിയാലോ കുറ്റി തെറിപ്പിച്ചുകൊണ്ട്‌ പന്ത്‌ പറക്കാം. ബാറ്റിന്റെ വശങ്ങളിലെവിടെയെങ്കിലും കൊള്ളുന്ന പന്ത്‌ വായുവില്‍ ഉയരാം. എതിര്‍ ടീമിലെ അംഗം അത്‌ പിടിച്ചാല്‍ ബാറ്റ്‌സ്‌മാന്‌ തലയും താഴ്‌ത്തി പവലിയനിലേക്ക്‌ മടങ്ങേണ്ടിവരും. എറിയുന്നതിലും അടിക്കുന്നതിലും ടൈമിംഗ്‌ പ്രധാനമാണെന്ന്‌ ചുരുക്കം.

കളിയില്‍ മാത്രമല്ല മറ്റെല്ലാറ്റിലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ടൈമിംഗ്‌ പ്രധാനമാണ്‌. പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ കാര്യത്തിലും കര്‍ണാടക ആഭ്യന്തര മന്ത്രി വി എസ്‌ ആചാര്യയുടെ കാര്യത്തിലും ഇത്‌ ബാധകം തന്നെ. മികച്ച ടൈമിംഗിലൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വെക്കാനും അതിലൂടെ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുമാണ്‌ വി എച്ച്‌ ആചാര്യ ശ്രമിക്കുന്നത്‌. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി ജെ പി ഒറ്റക്ക്‌ അധികാരമേല്‍ക്കുന്ന കാഴ്‌ചയാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ കണ്ടത്‌. കര്‍ണാടകത്തിലെ കരുത്തരില്‍ കരുത്തനായ രാഷ്‌ട്രീയ സ്വയം സേവക്‌ ബി എസ്‌ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. കര്‍ണാടകത്തില്‍ സുസ്ഥിരവും ക്ഷേമോന്‍മുഖവുമായ ഭരണം നടത്തി ബി ജെ പിയുടെ വേര്‌ മറ്റ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടി ആഴത്തില്‍ പിടിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. രണ്ട്‌ വര്‍ഷത്തിനിപ്പുറം കാര്യങ്ങളാകെ പരിതാപകരമായ നിലയിലാണ്‌. 


മന്ത്രിസഭാംഗങ്ങളും സഹോദരന്‍മാരുമായ ജി ജനാര്‍ദന്‍ റെഡ്‌ഢി, ജി കരുണാകര്‍ റെഡ്‌ഢി എന്നിവര്‍ അനധികൃത ഖനനം, ഇരുമ്പയിരിന്റെ കള്ളക്കടത്ത്‌ എന്നീ ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. അനധികൃത ഖനനത്തിന്‌ വിഘാതമാകുമെന്ന്‌ കണ്ടപ്പോള്‍ യെദിയൂരപ്പക്ക്‌ മൂക്കുകയറിടാന്‍ റെഡ്‌ഢി സഹോദരന്‍മാര്‍ സംഘടിപ്പിച്ച കരുത്ത്‌ കാണിക്കല്‍ നാടകം കേന്ദ്ര നേതൃത്വം ഇടപെട്ട്‌ പരിഹരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ അടുത്തയാളെന്ന്‌ കേള്‍വികേട്ട ശോഭ കരന്ദലജെക്ക്‌ രാജി വെക്കേണ്ടിവന്നു. മറ്റൊരു മന്ത്രി ഭൂമി ഇടപാടിലാണ്‌ കുടുങ്ങിയത്‌. സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വരുത്തിയെന്ന ആരോപണമുയര്‍ന്നതോടെ കൃഷ്‌ണയ്യ ഷെട്ടി രാജി വെച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജുകളിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട്‌ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി രാമചന്ദ്ര ഗൗഡ രാജിവെച്ചിരിക്കുന്നു. ഇതിനിടെ വേറെയുമുണ്ടായി വിവാദങ്ങള്‍. ലൈംഗികാപവാദം മുതല്‍ കേട്ടുകേള്‍വിയുള്ള എല്ലാവിധ ആരോപണങ്ങളും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നു.

റെഡ്‌ഢി സഹോദരന്‍മാരുടെ വെല്ലുവിളിക്കു മുന്നില്‍ തളര്‍ന്ന യെദിയൂരപ്പക്കാവട്ടെ പിന്നെയങ്ങോട്ട്‌ തല പൊക്കാന്‍ സാധിച്ചിട്ടില്ല. ലോകായുക്ത ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡെ രാജി വെച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം തീര്‍ക്കാന്‍ സാക്ഷാല്‍ എല്‍ കെ അഡ്വാനി തന്നെ ഇടപെടേണ്ടിവന്നു. ഗവര്‍ണര്‍ എച്ച്‌ ആര്‍ ഭരദ്വാജുമായുള്ള പോര്‌ വേറെ. അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ചതിന്‌ മുഖ്യമന്ത്രി ഉപാധികളൊന്നും കൂടാതെ മാപ്പ്‌ ചോദിക്കണമെന്ന്‌ ഗവര്‍ണര്‍ പരസ്യമായി ആവശ്യപ്പെടുന്നതു വരെ കാര്യങ്ങളെത്തി നില്‍ക്കുന്നു. സ്വയം കൃതാനര്‍ഥങ്ങള്‍ കൊണ്ട്‌ ഒരു സര്‍ക്കാര്‍ എത്രത്തോളം പരിഹാസ്യമാവാമോ അത്രയും എത്തിനില്‍ക്കുന്നു യെദിയൂരപ്പ മന്ത്രിസഭ. കാലാവധിയില്‍ ബാക്കിയുള്ള മൂന്ന്‌ വര്‍ഷത്തിനിടെ ഇനി എന്തൊക്കെ വരാനിരിക്കുന്നുവെന്നത്‌ കണ്ടറിയുക തന്നെ വേണം. ഇത്തരമൊരു സാഹചര്യത്തില്‍ കളിക്കാവുന്ന ഏറ്റവും നല്ല കാര്‍ഡ്‌ വര്‍ഗീയതയാണ്‌. ഗോവധം നിരോധിക്കാന്‍ ബില്ല്‌ കൊണ്ടുവന്നത്‌ ആ ഉദ്ദേശ്യത്തോടെയാണ്‌. നിയമസഭ പാസാക്കിയ ബില്ലിന്‌ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഹൈന്ദവ രീതിമര്യാദയനുസരിച്ച്‌ പശുക്കളെ കൊല്ലുന്നതിലും വലിയ പാപം വേറെയില്ലെന്ന്‌ (ലൈംഗിക അപവാദം മുതല്‍ അഴിമതി വരെയുള്ളവയെല്ലാം നിസ്സാരം) ഗവര്‍ണറെ പഠിപ്പിക്കാന്‍ ശ്രമിച്ചു ബി ജെ പി നേതൃത്വം. അപ്പോള്‍ വരുന്നു എച്ച്‌ ആര്‍ ഭരദ്വാജിന്റെ മറുപടി - ``ഞാന്‍ ബ്രാഹ്‌മണനാണ്‌. ഹൈന്ദവ രീതിമര്യാദകളെക്കുറിച്ച്‌ എന്നെ പഠിപ്പിക്കേണ്ട''. ഇവിടെ അമ്പരക്കുകയല്ലാതെ ബി ജെ പി നേതാക്കള്‍ക്ക്‌ മറ്റ്‌ മാര്‍ഗമില്ല.

ആവനാഴിയില്‍ അവശേഷിക്കുന്ന ഏക അസ്‌ത്രം പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയാണ്‌. അത്‌ ഉപയോഗിക്കുന്നതില്‍ ടൈമിംഗ്‌ ശരിയാവുന്നുണ്ടോ എന്ന പരീക്ഷണമാണ്‌ വി എസ്‌ ആചാര്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. മഅ്‌ദനിയുടെ പോലീസ്‌ കസ്റ്റഡി അവസാനിക്കുന്നതിന്‌ തലേന്നായിരുന്നു ആദ്യത്തെ പരീക്ഷണം. ഐ പി എല്‍ മത്സരത്തിന്‌ മുമ്പ്‌ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്‌ സമീപം നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ട്‌ എന്നത്‌ ഒന്നെറിഞ്ഞുനോക്കി. ടൈമിംഗ്‌ ശരിയായില്ലെന്ന്‌ മണിക്കൂറുകള്‍ കഴിയും മുമ്പേ ആചാര്യക്ക്‌ ബോധ്യപ്പെട്ടു. ഉടന്‍ തിരുത്തി, താന്‍ പറഞ്ഞത്‌ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനത്തില്‍ മഅ്‌ദനിക്ക്‌ പങ്കുണ്ടോ എന്നത്‌ അന്വേഷിക്കുകയാണെന്നാണ്‌ പറഞ്ഞതെന്ന്‌ വിശദീകരിച്ചു. എന്തുകൊണ്ട്‌ പിന്നാക്കം പോയെന്ന്‌ പിറ്റേന്ന്‌ ബംഗളൂരു സിറ്റി പോലീസ്‌ കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി വാര്‍ത്താ ലേഖകരോട്‌ സംസാരിച്ചപ്പോഴാണ്‌ ജനങ്ങള്‍ക്ക്‌ തിരിഞ്ഞത്‌. 


ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനവുമായി മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്നത്‌ സംബന്ധിച്ച്‌ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന്‌ ബിദ്‌രി വെടിപ്പായി പറഞ്ഞു. കൂടെ നില്‍ക്കുമെന്ന്‌ കരുതിയ പോലീസ്‌ ഉദ്യോഗസ്ഥന്‍ തിരിഞ്ഞുനില്‍ക്കുമെന്ന്‌ മനസ്സിലായതോടെയാണ്‌ ആചാര്യ പറഞ്ഞതു വിഴുങ്ങാന്‍ നിര്‍ബന്ധിതനായത്‌.
ഇപ്പോഴിതാ, പുതിയ ആരോപണവുമായി ആചാര്യ രംഗത്ത്‌ വന്നിരിക്കുന്നു. ബംഗളൂരു സ്‌ഫോടനത്തിന്‌ പുറമെ മറ്റ്‌ എട്ട്‌ കേസുകളില്‍ കൂടി മഅ്‌ദനിക്ക്‌ ബന്ധമുണ്ട്‌. കേസുകളേതൊക്കെ എന്ന്‌ പറയാന്‍ അദ്ദേഹം തയ്യാറായില്ല. കേസുകളേതൊക്കെ എന്ന്‌ പറഞ്ഞാല്‍ പിറ്റേന്ന്‌ തിരുത്തേണ്ടിവന്നാലോ! കര്‍ണാടകത്തിലെ ചില രാഷ്‌ട്രീയ നേതാക്കളുമായി മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്നും അതേക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. മഅ്‌ദനിക്ക്‌ ബന്ധമുണ്ടാവാന്‍ ഇടയുള്ള അല്ലെങ്കില്‍ അദ്ദേഹം മുമ്പ്‌ കണ്ടിരിക്കാന്‍ ഇടയുള്ള കര്‍ണാടകത്തിലെ രാഷ്‌ട്രീയ നേതാക്കളാരൊക്കെയാവും? ജനതാദള്‍ നേതാവായിരുന്ന സി എം ഇബ്‌റാഹീം, കോണ്‍ഗ്രസ്‌ നേതാവ്‌ ഹാരിസ്‌ എന്ന്‌ തുടങ്ങി നിയതമായ പേരുകള്‍ നമുക്ക്‌ കണ്ണുമടച്ച്‌ പറയനാവും. ആചാര്യയുടെ പുതിയ പരീക്ഷണം ഇതാണ്‌. ബംഗളൂരു സ്‌ഫോടന പരമ്പരയടക്കം വിവിധ കേസുകളില്‍ ആരോപണവിധേയനായ മഅ്‌ദനിയുമായി പ്രതിപക്ഷത്തുള്ള ചില നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ വരുത്തുക. സംശയത്തിന്റെ മറ സൃഷ്‌ടിച്ച്‌ പാര്‍ട്ടിയും മന്ത്രിസഭയും നേരിടുന്ന പ്രതിച്ഛായാ ദോഷം മാറ്റാന്‍ പറ്റുമോ എന്ന്‌ ശ്രമിക്കുക. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ഭീകരവാദിയുമായി ബന്ധമുണ്ട്‌ എന്നതിനപ്പുറം മറ്റെന്ത്‌ ആരോപണം വേണം? കൂടുതല്‍ കേസുകളുടെ കാര്യം മാധ്യമങ്ങളോട്‌ പറയാന്‍ ആചാര്യ തിരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കണം. മഅ്‌ദനിയുടെ ജാമ്യാപേക്ഷയില്‍ അതിവേഗ കോടതി വിധി പറയുന്നതിന്റെ തലേ ദിവസം. ഒന്നുകൂടി എറിഞ്ഞ്‌ നോക്കുകയാണ്‌. എട്ട്‌ കേസുകള്‍ വേറെയുമുണ്ടെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന നീതിന്യായ വ്യവസ്ഥയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയാലോ?
മഅ്‌ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത്‌ കര്‍ണാടക പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലൊന്നും എട്ട്‌ കേസുകളെക്കുറിച്ച്‌ പരാമര്‍ശിക്കാതെ സഹകളിക്കാര്‍ ആചാര്യയുടെ പന്തിനോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുകയാണ്‌. എട്ട്‌ കേസുകളെക്കുറിച്ച്‌ പരാമര്‍ശിച്ചില്ല എന്നത്‌ മാത്രമല്ല, മഅ്‌ദനിയെ ഉള്‍പ്പെടുത്തിയ കേസില്‍ തന്നെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാതെ അവര്‍ അലംഭാവം കാട്ടുകയും ചെയ്‌തു. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മഅ്‌ദനിക്കെതിരെ കൂടുതല്‍ തെളിവ്‌ ലഭിച്ചുവെന്നാണ്‌ പോലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്‌. ഈ തെളിവുകള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ കോടതി തിരിച്ചുചോദിക്കുകയായിരുന്നു. മന്ത്രിയുടെ ടൈമംഗ്‌ മനസ്സിലാക്കി കളിക്കുന്നതിന്‌ പോലീസുകാര്‍ക്ക്‌ സാധിക്കുന്നില്ല എന്ന്‌ ചുരുക്കം. ബംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ വേണമെങ്കില്‍ വേണ്ട നിര്‍ദേശം നല്‍കാവുന്നതാണ്‌. കളിക്കാരുടെ ഒത്തൊരുമയുണ്ടെങ്കിലേ കളിയില്‍ ജയിക്കാനാവൂ എന്ന്‌ ഓര്‍മിപ്പിക്കാവുന്നതാണ്‌. ബി ജെ പിയെ സംബന്ധിച്ച്‌ കര്‍ണാടകത്തിലെ രാഷ്‌ട്രീയ സാഹചര്യം ഇത്‌ ആവശ്യപ്പെടുന്നുമുണ്ട്‌. ജനസംഘിലൂടെ വളര്‍ന്ന വി എസ്‌ ആചാര്യക്ക്‌ കളി ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ ഫിസിഷ്യന്‌ ബുദ്ധിമുട്ടുണ്ടാവില്ല താനും.

പാര്‍ട്ടിക്കും മന്ത്രിസഭക്കും വേണ്ടി ഇപ്പോള്‍ ചെയ്യുന്നത്‌ ഭാവിയില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ വഴിവെക്കാനും മതി. ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ടാമനാണ്‌. അനധികൃത ഖനനത്തിന്റെ പേരില്‍ ഇനിയൊരു പോരിന്‌ റെഡ്‌ഢി സഹോദരന്‍മാര്‍ മുതിര്‍ന്നാല്‍ യെദിയൂരപ്പയെ താഴെ ഇറക്കാതെ അവര്‍ പിന്‍മാറില്ല. അതിന്‌ വേണ്ട പണവും സ്വാധീനവും അവര്‍ക്കുണ്ട്‌. അങ്ങനെയൊരു സാഹചര്യം വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഈ പ്രതിച്ഛായാ രക്ഷകനെയല്ലാതെ മറ്റൊരാളെ പാര്‍ട്ടി നേതൃത്വം നിയോഗിക്കില്ല. ചുരുക്കത്തില്‍ മഅ്‌ദനി എന്ന അവസാന അസ്‌ത്രത്തിന്‌ കൃത്യമായ ടൈമിംഗ്‌ ഉണ്ടാവുകയാണ്‌ വേണ്ടത്‌. അത്‌ ഇക്കുറിയുണ്ടായില്ലെങ്കില്‍ അടുത്ത തവണ നോക്കാം. കേസുകള്‍ക്ക്‌ പഞ്ഞമുണ്ടാവില്ല തന്നെ.