2011-01-20

നിണത്തില്‍ നീരാടി റിപ്പബ്ലിക്ക്‌



ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നര്‍മബോധം ആരെയും അസൂയപ്പെടുത്തുന്നതാണ്‌. സി പി ഐ (മാവോയിസ്റ്റ്‌) നേതാവ്‌ ആസാദിനെയും (ചേറുകുരി രാജ്‌കുമാര്‍) മാധ്യമ പ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെയെയും കൊലപ്പെടുത്തിയതിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്‌ നര്‍മബോധത്തിന്റെ ഏറ്റവും പുതിയ തിരനോട്ടമുണ്ടായത്‌. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കൈകളില്‍ സ്വന്തം മക്കളുടെ ചോരക്കറ പുരണ്ടിട്ടില്ലെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നാണ്‌ ജസ്റ്റിസുമാരായ അഫ്‌താബ്‌ ആലം നിരീക്ഷിച്ചത്‌. ജസ്റ്റിസ്‌ അഫ്‌താബ്‌ ആലത്തിനൊപ്പം ജസ്റ്റിസ്‌ ആര്‍ എം ലോധയും ചേരുന്ന ബഞ്ചാണ്‌ ഹരജി പരിഗണിക്കുന്നത്‌.

മഹാരാഷ്‌ട്രയോട്‌ ചേര്‍ന്നു കിടക്കുന്ന ആന്ധ്രാ പ്രദേശിലെ ആദിലാബാദ്‌ ജില്ലയിലെ വനപ്രദേശത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ആസാദിനെയും പാണ്ഡെയെയും കൊലപ്പെടുത്തിയെന്നാണ്‌ പോലീസിന്റെ അവകാശവാദം. സി പി ഐ (മാവോയിസ്റ്റ്‌) യുടെ വലിയ സംഘം വനമേഖലയില്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ സംഘത്തിനു നേര്‍ക്ക്‌ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും പ്രത്യാക്രമണത്തില്‍ ആസാദും പാണ്ഡെയും കൊല്ലപ്പെട്ടുവെന്നും പറയുന്നു. പിറ്റേന്ന്‌ പത്രങ്ങളിലെല്ലാം വെടിയേറ്റ്‌ മരിച്ചുകിടക്കുന്ന ഇവരുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സാധാരണ ഷര്‍ട്ടും പാന്റ്‌സും ധരിച്ച നിലയിലായിരുന്നു ആസാദ്‌. വെടിയേറ്റ പരുക്കുകളൊഴിച്ചാല്‍ ഏറ്റുമുട്ടല്‍ നടന്നതിന്റെ ഒരു ലക്ഷണവും ശരീരത്തിലുണ്ടായിരുന്നില്ല. ഏറെ അടുത്തുനിന്നാണ്‌ രണ്ട്‌ പേര്‍ക്കും നേര്‍ക്ക്‌ വെടിയുതിര്‍ത്തതെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്ന പോലീസിന്റെ അവകാശവാദം സംശയത്തിന്റെ കാര്‍മേഘത്തിനുള്ളിലാണ്‌. ഈ കൊലയെക്കുറിച്ച്‌ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ വിശദീകരണം തേടിയ കോടതി നിരവധി ചോദ്യങ്ങള്‍ക്ക്‌ അവര്‍ ഉത്തരം പറയേണ്ടിവരുമെന്ന മുന്നറിയിപ്പ്‌ നല്‍കിയിട്ടുമുണ്ട്‌.

ഒറ്റനോട്ടത്തില്‍ നീതിന്യായ സംവിധാനത്തിന്റെ നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ ആകുലപ്പെടുന്നവരെ സന്തോഷിപ്പിക്കുന്നതാണ്‌. പക്ഷേ, ഇതിനെ നീതിന്യായ വ്യവസ്ഥയുടെ നര്‍മബോധത്തിന്റെ പ്രതിഫലനമായി കാണാനാണ്‌ സമകാലീന ചരിത്രം പ്രേരിപ്പിക്കുന്നത്‌. `ഏറ്റുമുട്ടല്‍ കൊല' എന്ന കലാവിരുന്ന്‌ നമ്മുടെ ഭരണകൂടം നടപ്പാക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അതിന്‌ ഇരകളായവരുടെ ബന്ധുക്കള്‍ നീതി തേടി കോടതികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ടും കാലങ്ങളായി. അപൂര്‍വം ചില കേസുകളില്‍ നീതി നടപ്പാക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഭൂരിഭാഗം കേസുകളിലും നിയമയുദ്ധം മടുത്ത്‌ ഇരകളുടെ ബന്ധുക്കള്‍ പിന്‍വാങ്ങുകയാണ്‌ പതിവ്‌. ധീരദേശാഭിമാനി ഭഗത്‌ സിംഗിന്റെ മരുമകള്‍ സുര്‍ജിത്‌ കൗര്‍ 21 വര്‍ഷമായി നിയമയുദ്ധം തുടരുന്നതിന്റെ റിപ്പോര്‍ട്ട്‌ അടുത്തിടെ പുറത്തുവന്നു. ഖാലിസ്ഥാന്‍ വാദവുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയതിനു ശേഷം കാണാതായ ബന്ധുവിന്റെ കേസിലാണ്‌ സുര്‍ജിത്‌ യുദ്ധം തുടരുന്നത്‌. ഇത്തരത്തില്‍ എത്ര കേസുകള്‍ പഞ്ചാബിലുണ്ടായിട്ടുണ്ട്‌. 


കെ പി എസ്‌ ഗില്ല്‌, ഡി ജി പിയായിരിക്കെ പഞ്ചാബില്‍ നടന്ന `ഏറ്റുമുട്ടല്‍ കൊല'കള്‍ കുപ്രസിദ്ധമാണ്‌. കെ പി എസ്‌ ഗില്ലിന്‌ എന്തെങ്കിലും ദോഷം ഇതുമൂലമുണ്ടായതായി അറിവില്ല. ഈ അരുംകൊലകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ചയാള്‍ തോക്കിന്‌ ഇരയായപ്പോഴും ആര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല. ഇവിടെയൊന്നും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കൈകളില്‍ സ്വന്തം മക്കളുടെ രക്തക്കറ പുരണ്ടിട്ടില്ലെന്ന്‌ പ്രതീക്ഷിക്കാം!

ഭരണാധികാരം കൈയാളുന്നവരോ അധികാരത്തിന്റെ അരികുചേര്‍ന്ന്‌ നില്‍ക്കുന്നവരോ അധികാരത്തിന്റെ പ്രതിപുരുഷ സ്ഥാനത്തുള്ള പോലീസ്‌, സൈന്യം എന്നിവയോ ജനങ്ങളെ കൊലപ്പെടുത്തുമ്പോഴാണ്‌ റിപ്പബ്ലിക്കിന്റെ കൈകളില്‍ കറ പുരളുന്നത്‌. 1984ല്‍ സുപ്രീം കോടതിയുടെ ചുറ്റിലും ആയിരക്കണക്കിന്‌ സിഖുകാരുടെ ജീവന്‍ ചുട്ടെരിഞ്ഞപ്പോള്‍ അതിന്‌ എല്ലാ ഒത്താശയും ഭരണകൂടത്തില്‍ നിന്നുണ്ടായിരുന്നു. പോലീസും സൈന്യവും കൊള്ളിവെപ്പിന്‌ മൗനാനുവാദം നല്‍കി മാറിനിന്നു. ഇതുമായി ബന്ധപ്പെട്ട എത്ര കേസുകളില്‍ കുറ്റവാളികള്‍ നിയമത്തിന്‌ മുന്നിലെത്തി? ഇവിടെ റിപ്പബ്ലിക്കിന്റെ കൈയില്‍ ചോരയുടെ കറ പറ്റിയിരുന്നില്ലേ? സജ്ജന്‍ കുമാറിനെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപണവിധേയരായ ചില കേസുകളെങ്കിലും ഇപ്പോഴും സജീവമായി നില്‍ക്കുന്നത്‌ കോടതികളുടെ ഇടപെടല്‍ കൊണ്ടാണെന്നത്‌ മറക്കുന്നില്ല. പക്ഷേ, കൊല ചെയ്യപ്പെട്ട നിരപരാധികളുടെ ബന്ധുക്കള്‍, കൂട്ടബലാത്സംഗത്തിന്‌ ഇരയായ സ്‌ത്രീകള്‍, ആക്രമണത്തിന്റെ മുറിവും പേറി ജീവച്ഛവമായി തുടരുന്നവര്‍, ഇവര്‍ക്കൊന്നും നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത നീതിന്യായ സംവിധാനം റിപ്പബ്ലിക്കിന്റെ കൈയിലെ ചോരയെക്കുറിച്ച്‌ ഉറക്കെ ചിന്തിക്കുമ്പോള്‍ അതിനെ നര്‍മബോധമല്ലാതെ മറ്റെന്തായാണ്‌ കാണുക.

2002ലെ ഗുജറാത്ത്‌ വംശഹത്യ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന `ഏറ്റുമുട്ടല്‍ കൊലകള്‍', പാക്കിസ്ഥാനില്‍ നിന്ന്‌ നുഴഞ്ഞുകയറിയ തീവ്രവാദികളെന്ന്‌ ആരോപിച്ച്‌ ജമ്മു കാശ്‌മീരില്‍ സൈനികര്‍ നടത്തിയ കൊലകള്‍, ഉത്തരാഖണ്ഡ്‌, ഉത്തര്‍ പ്രദേശ്‌ എന്നിവിടങ്ങളിലെല്ലാം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വ്യാജ ഏറ്റുമുട്ടലുകള്‍ അങ്ങനെ പട്ടിക നീളുകയാണ്‌. ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും ആന്ധ്രാ പ്രദേശിലെയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി ഇല്ലാതാക്കിയ സുഹ്‌റാബുദ്ദീന്‍ ശൈഖ്‌, തുള്‍സി റാം പ്രജാപതി, ജാവീദ്‌ ഗുലാം ശൈഖ്‌, ഇശ്‌റത്ത്‌ ജഹാന്‍ എന്നിങ്ങനെയുള്ള പട്ടിക വേറെയും. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ സാല്‍വ ജുദും എന്ന സ്വകാര്യ ഗുണ്ടാപ്പട രൂപവത്‌കരിച്ച്‌ അവര്‍ക്ക്‌ ആയുധവും പരീശീലനവും നല്‍കി പരസ്‌പരം കൊല്ലിച്ചതിന്റെ കഥകള്‍ വേറെ. മാവോയിസ്റ്റുകളെന്ന്‌ ആരോപിച്ച്‌ 12 ആദിവാസികളെ നിര്‍ദയം കൊന്ന്‌ തള്ളിയതിന്റെ കേസ്‌ ഇപ്പോഴും സുപ്രീം കോടതിക്ക്‌ മുന്നിലുണ്ട്‌. ഈ കേസ്‌ പരിഗണിച്ചപ്പോഴാണ്‌ സാല്‍വാ ജുദൂമിനെക്കുറിച്ചും അതിന്‌ സര്‍ക്കാറുമായുള്ള ബന്ധത്തെക്കുറിച്ചും കോടതി ചോദിച്ചത്‌. സ്വന്തം മക്കളുടെ ചോരയുടെ കറ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കൈയില്‍ പുരണ്ടിട്ടുണ്ടോ എന്ന സംശയം അസ്ഥാനത്താണ്‌, റിപ്പബ്ലിക്ക്‌ മക്കളുടെ ചോരയില്‍ കുളിച്ചുനില്‍ക്കുകയാണ്‌. 


ഈ സമകാലിക സംഭവങ്ങള്‍ നീതിന്യായ സംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടവയാണ്‌. ചില കേസുകളിലെങ്കിലും കോടതിയുടെ ഇടപെടലുകള്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായെന്നതും ശരിയാണ്‌. എന്നാല്‍ എത്ര കേസുകളില്‍ നീതി നടപ്പായി? നിയമവാഴ്‌ച ഉറപ്പാക്കേണ്ടവര്‍ കൊലക്കത്തി പായിക്കുന്നവരായി മാറിയപ്പോള്‍ അതില്‍ എത്രപേരെ ശിക്ഷിക്കാന്‍ സാധിച്ചു? ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്‌ പകരം തട്ടുപൊളിപ്പന്‍ സിനിമകളിലെ സംഭാഷണങ്ങളെ അനുകരിക്കും വിധത്തില്‍ സംസാരിക്കുമ്പോള്‍ അതിനെ നര്‍മ ബോധമെന്നല്ലാതെ മറ്റെങ്ങനെയാണ്‌ വിശേഷിപ്പിക്കുക!

ഡല്‍ഹി ബട്‌ല ഹൗസിലുണ്ടായ `ഏറ്റുമുട്ടലിനെ'ക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി തീര്‍പ്പാക്കിയിട്ട്‌ വര്‍ഷം രണ്ടാകുന്നതേയുള്ളൂ. രണ്ട്‌ യുവാക്കളാണ്‌ ബട്‌ല ഹൗസില്‍ കൊല്ലപ്പെട്ടത്‌. ഡല്‍ഹി പോലീസിലെ ഇന്‍സ്‌പെക്‌ടറും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലാണ്‌ നടന്നത്‌ എന്ന പോലീസിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടു. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ്‌ വാദത്തെ സഹായിക്കുന്നതായിരുന്നില്ല. എങ്കിലും ബട്‌ല ഹൗസ്‌ ഏറ്റുമുട്ടലിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത്‌ പോലീസിന്റെ മനോവീര്യം കെടുത്തുമെന്നാണ്‌ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിച്ച്‌ സുപ്രീം കോടതി പറഞ്ഞത്‌. സ്വന്തം മക്കളുടെ ചോരയുടെ കറ റിപ്പബ്ലിക്കിന്റെ കൈയില്‍ പുരണ്ടിട്ടില്ലെന്ന്‌ പ്രതീക്ഷിക്കുന്നുവെന്ന നിരീക്ഷണമൊന്നും അന്നുണ്ടായില്ല. 


ഭീകരവാദികളെന്ന്‌ ആരോപിക്കപ്പെടുന്ന രണ്ട്‌ പേരും ഒരു പോലീസ്‌ ഇന്‍സ്‌പെക്‌ടറും കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്‌ രാജ്യദ്രോഹമാണെന്ന്‌ കോടതി കരുതിയിട്ടുണ്ടാകുമോ? ഉണ്ടാകാനാണ്‌ സാധ്യത. അത്രത്തോളം വൈകാരികവത്‌കരിക്കപ്പെട്ടിരിക്കുന്നു രാജ്യസ്‌നേഹമെന്ന വാക്ക്‌. അതിനെ മറികടക്കാന്‍ സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ക്ക്‌ പോലും സാധിച്ചിട്ടുണ്ടാവില്ല.
മാവോയിസ്റ്റുകളാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെന്നാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും സഹപ്രവര്‍ത്തകരും ആവര്‍ത്തിക്കുന്നത്‌. ഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി സി പി ഐ (മാവോയിസ്റ്റ്‌) എന്ന സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്‌. കുഴിബോംബുകള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തിലൂടെ കഴിഞ്ഞ വര്‍ഷം സി ആര്‍ പി എഫിലെ മാത്രം നൂറോളം സൈനികരെ മാവോയിസ്റ്റുകള്‍ വധിച്ചിട്ടുമുണ്ട്‌. എന്നിട്ടും ആസാദിന്റെയും ഹേമചന്ദ്ര പാണ്ഡെയുടെയും കൊലപാതകത്തില്‍ ചെറിയ ഉത്‌കണ്‌ഠ സുപ്രീം കോടതി പ്രകടിപ്പിക്കുന്നുണ്ട്‌. എന്തായാലും നല്ലത്‌. ഒരു കേസിലെങ്കിലും സത്യം പുറത്തുവരാന്‍ കോടതിയുടെ ഇടപെടല്‍ സഹായിച്ചേക്കുമല്ലോ.

റിപ്പബ്ലിക്കിന്റെ കൈകളില്‍പ്പറ്റിയ കറകളുടെ മറ്റ്‌ തെളിവുകളാണ്‌ മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ ജാമ്യം ലഭിച്ച അബ്‌ദുല്‍ കലീമും മലേഗാവ്‌ സ്‌ഫോടനക്കേസില്‍ ആരോപണവിധേയരായി ജയിലില്‍ കഴിയുന്നവരും. സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴി അനുസരിച്ചാണെങ്കില്‍ ഈ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ കാവി ഭീകര സംഘങ്ങളാണ്‌. അത്‌ വസ്‌തുതയാണെങ്കില്‍ ഈ യുവാക്കളെ ഇത്രയും കാലം ജയിലില്‍ അടച്ചത്‌ റിപ്പബ്ലിക്കിന്റെ കൈകളില്‍ പറ്റിയ കറയാണ്‌.

ഭീകരാക്രമണക്കേസില്‍ ആരോപണവിധേയരാക്കിയതോടെ ഇവരുടെയും കുടുംബങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമായതിന്റെ ഉത്തരവാദിത്വവും ഭരണകൂടത്തിനുണ്ട്‌. കേസില്‍പ്പെടുത്തുകയും ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയും ചെയ്‌ത പോലീസ്‌ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിരിക്കുന്നു. ഈ കറ നീക്കാന്‍ എന്താണ്‌ ചെയ്യുക? കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയതുകൊണ്ട്‌ നിരവധി വര്‍ഷം വിചാരണത്തടവില്‍ കഴിയേണ്ടിവന്നവര്‍ക്ക്‌ പുതിയ ജീവിതം തുടങ്ങാന്‍ പാകത്തില്‍ സഹായമൊന്നും ചെയ്യുന്ന പതിവ്‌ നമ്മുടെ ഭരണകൂടത്തിനില്ല. വിചാരണത്തടവുകാരായി കഴിഞ്ഞ കാലത്ത്‌ ജയിലില്‍ നല്ല ഭക്ഷണവും വസ്‌ത്രവും കിടക്കാന്‍ ഇടവും നല്‍കിയില്ലേ, അതിനുള്ള ചെലവ്‌ തങ്ങള്‍ വഹിച്ചില്ലേ എന്ന മറുചോദ്യമുന്നയിക്കും വിധത്തിലാണ്‌ ഇക്കാര്യത്തെ ഭരണകൂടം സമീപിക്കുന്നത്‌.
റിപ്പബ്ലിക്കിന്റെ കൈകളുടെ സംശുദ്ധിയെക്കുറിച്ച്‌ സംശയങ്ങള്‍ പ്രകടിപ്പിക്കുന്ന നീതിന്യായ സംവിധാനം ഈ നിര്‍ഭാഗ്യവാന്‍മാരെക്കുറിച്ച്‌ കൂടി ചിന്തിക്കേണ്ടതുണ്ട്‌. മനഃപൂര്‍വം കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ച്‌ പീഡിപ്പിക്കാന്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ ശിക്ഷ ഉറപ്പാക്കുകയും വേണം. ഇതൊന്നും നടക്കുന്നില്ലെങ്കില്‍, നടക്കാനുള്ള സാധ്യത തുലോം കുറവാണെന്ന്‌ അനുഭവസാക്ഷ്യം, മുന്‍ചൊന്ന നിരീക്ഷണത്തിലെ നര്‍മ ബോധത്തിന്‌ കറുപ്പ്‌ നിറത്തിന്റെ അകമ്പടി കൂടിയുണ്ടാവും. 

1 comment:

  1. റിപുബ്ലികിന്റെ അറുപതാം നിറവു

    ReplyDelete