ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങുന്ന വര്‍ഗീയമായ വിഭജനം. ഇതിനെ അടിസ്ഥാനമാക്കി രാഷ്‌ട്രീയ നിരീക്ഷകര്‍, വിശകലന വിദഗ്‌ധര്‍ എന്നീ ഇനത്തില്‍പ്പെടുന്നവര്‍ നടത്തുന്ന അവലോകനങ്ങളും അഭിപ്രായപ്രകടനങ്ങളും. ജാതി, മത അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച് അവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാനിടയുള്ള വോട്ട് മുന്‍തൂക്കത്തെക്കുറിച്ചുള്ള വിശദമായ റിപ്പോട്ടുകള്‍. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് രംഗത്തെ തീര്‍ത്തും വര്‍ഗീയമായി മാറ്റിയെടുക്കുന്നതിനെ ജനം വകവെക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളെ വേറിട്ടെടുത്തു പരിശോധിച്ചാല്‍ ഭൂരിഭാഗം ജനങ്ങളും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത് ജാതിയോ മതമോ നോക്കിയല്ലെന്നു വ്യക്തമാവും. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായക പങ്ക് അവകാശപ്പെടുന്ന ജാതി, മത നേതാക്കളുടെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ടു രംഗത്തെത്തുന്ന ചില പാര്‍ട്ടികളുടെയും പൊള്ളത്തരം വെളിവാക്കുന്നുണ്ട്.
ആലപ്പുഴയിലെ നമ്പ്യാരും മേത്തനും
ആലപ്പുഴയിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ നായര്‍ സമുദായത്തെ അവഗണിച്ചുവെന്ന പരാതി എന്‍ എസ് എസ് നേതൃത്വം ഉന്നയിച്ചിരുന്നു. കെ സി വേണുപോഗാല്‍ (കെ സി വേണുഗോപാല്‍ നമ്പ്യാര്‍ എന്ന് എന്‍ എസ് എസ് വായന) മൂന്നു തവണ തുടര്‍ച്ചയായി ജയിച്ച ആലപ്പുഴ മണ്ഡലത്തില്‍ എന്‍ എസ് എസ്സിനു നിര്‍ണായക സ്വാധീനമുണ്ടെന്നും ഇക്കുറി തങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതിനാല്‍ കോണ്‍ഗ്രസും യു ഡി എഫും അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നും എന്‍ എസ് എസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. നായര്‍ സമുദായാംഗമായതിനാല്‍ ആലപ്പുഴയിലെ സി പി ഐ സ്ഥാനാര്‍ഥി കൃഷ്‌ണപ്രസാദിന്റെ വിജയ സാധ്യത ഏറെയെന്ന വിശകലനം.
എല്ലാറ്റിന്റെയും ഒടുക്കം വോട്ടിംഗ് മെഷീനിന്റെ സീലുകള്‍ പൊട്ടിത്തീര്‍ന്നപ്പോള്‍ ഈ അവകാശവാദങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതായി. കഴിഞ്ഞ തവണ കെ സി വേണുഗോപാലിന് ലഭിച്ച ഭൂരിപക്ഷം ഇക്കുറി എ എ ഷുക്കൂറിന് ലഭിക്കാത്തത് നായര്‍ സമുദായത്തിന്റെ പ്രതികാരം മൂലമാണെന്ന വാദമുയര്‍ത്തി വേണമെങ്കില്‍ എന്‍ എസ് എസ് നേതാക്കള്‍ക്കു രക്ഷപ്പെടാന്‍ ശ്രമിക്കാം. തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി അത്തരത്തില്‍ വാര്‍ത്തകള്‍ ചിലതു പ്രസിദ്ധീകരിച്ച് സംതൃപ്‌തി അടയുകയും ചെയ്യാം. പക്ഷേ, കണക്കുകളും എല്‍ ഡി എഫ്, യു ഡി എഫ് രാഷ്‌ട്രീയ സംവിധനത്തിന്റെ പ്രവര്‍ത്തന രീതിയും വ്യക്തമായി അറിയുന്ന ആളുകളെ വിശ്വസിപ്പിക്കാന്‍ പ്രയാസപ്പെടുമെന്നു മാത്രം.
നടന്നത് ഉപതിരഞ്ഞെടുപ്പാണ്. പൊതു തിരഞ്ഞെടുപ്പുകളില്‍പ്പോലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമുണ്ട് സി പി എമ്മിന്. അതിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫിന്റെ പ്രവര്‍ത്തനവും സുഘടിതമായി നടക്കാറുണ്ട്. ഉപതിരഞ്ഞെടുപ്പാവുമ്പോള്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മികവ് ഏറുക തന്നെ ചെയ്യും. ആലപ്പുഴയില്‍ സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഊര്‍ജിതമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവിടുത്തെ വോട്ടിംഗിനെ സ്വാധീനിച്ചതിന്റെ ഭാഗമായാണ് അവിടെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞത് എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്കുള്ള വിയോജിപ്പ് മറികടക്കാനും കോണ്‍ഗ്രസിന് നിലവിലുള്ള സ്വാധീനത്തിന്റെ വ്യാപ്‌തി കുറക്കാനും ഈ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞില്ല. അതുകൊണ്ടാണ് എ എ ഷുക്കൂറിന് 4,745 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനായത്. അതായത് എന്‍ എസ് എസ് എന്ന പ്രസ്ഥാനം നേരത്തെ മുഴക്കിയ ഭീഷണിക്കു യാതൊരു പ്രത്യാഘാതവും സൃഷ്‌ടിക്കാനായില്ല എന്നത് പകല്‍പോലെ വ്യക്തം.
ആലപ്പുഴയില്‍ തന്നെ മറ്റൊരു പ്രതിഭാസമായി ഉയര്‍ത്തിക്കാട്ടിയിരുന്നത് സി പി ഐയെ തോല്‍പ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രംഗത്തെത്തിയ പി ഡി പിയായിരുന്നു. സ്ഥാപക നേതാവ് അബ്‌ദുന്നാസിര്‍ മഅ്‌ദനി അവിടെ തമ്പടിച്ച് പ്രവര്‍ത്തിച്ചിട്ടും സംഘടനക്ക് ആകെ കിട്ടിയ വോട്ട് 1,804 മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ മൂവായിരത്തോളം വോട്ട് നിലനിര്‍ത്താന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. ഇനി അത്രയും വോട്ട് സമാഹരിച്ചിരുന്നുവെങ്കില്‍ തന്നെ അതാണ് കൃഷ്‌ണപ്രസാദിന്റെ പരാജയത്തിന് കാരണമായതെന്ന് പറയാനും കഴിയില്ല. പി ഡി പിക്ക് ഇനി ചെയ്യാവുന്നത് സി പി ഐയെ തോല്‍പ്പിക്കാനായി തങ്ങളുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മറിച്ചു നല്‍കി എന്ന് അവകാശപ്പെടുക എന്നതു മാത്രമാണ്.
സഭ പറഞ്ഞാല്‍ പിന്നെ
എറണാകുളത്തേക്കു വന്നാല്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണ കൂടാതെ ഒരു സ്ഥാനാര്‍ഥിക്കും ഇവിടെ ജയിക്കാനാവില്ല എന്നതാണ് പരമ്പരാഗത സങ്കല്‍പ്പം. 1987ല്‍ പ്രൊഫ. എം കെ സാനു, സഭയൂടെ പരിപൂര്‍ണ പിന്തുണയുണ്ടായിരുന്ന എ എല്‍ ജേക്കബിനെ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതൊന്നും ആരും കണക്കിലെടുക്കാറില്ല. ഇക്കുറി ലത്തീന്‍ കത്തോലിക്കനല്ലാത്ത സീനു ലാല്‍ എന്ന ട്രേഡ് യൂനിയന്‍ നേതാവിനെയാണ് സി പി എം രംഗത്തിറക്കിയത്. പരമ്പരാഗത വിശ്വാസമനുസരിച്ചാണെങ്കില്‍ സീനുലാല്‍ നിലം തൊടാന്‍ പാടില്ല. കത്തോലിക്കാ സഭയുടെ നേതൃത്വം വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഡൊമിനിക്ക് പ്രസന്റേഷന്‍ തന്നെ പരസ്യമായി പറഞ്ഞ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പക്ഷേ, സഭയുടെ തിട്ടൂരം അനുസരിച്ച് വോട്ട് ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറായില്ല എന്നു തന്നെ കരുതണം. കാരണം പലതാണ്.
സി പി എം എറണാകുളത്ത് മത്സരിപ്പിച്ച സ്ഥാനാര്‍ഥി മെട്രോ പൊങ്ങച്ചത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന എറണാകുളത്തിനു യോജിച്ചയാളാണെന്ന് പാര്‍ട്ടി പോലും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണല്ലോ പലരെയും ആലോചിച്ച് ലഭ്യമാവാതെ വന്നപ്പോള്‍ സീനു ലാല്‍ എന്ന തീരുമാനത്തിലെത്തിയത്. മെട്രോ പൊങ്ങച്ചം കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ഥിക്കുള്ള പരിമിതിക്കൊപ്പം സഭാ നേതൃത്വത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്തു വിശ്വാസികള്‍ പ്രവര്‍ത്തിക്കുക കൂടി ചെയ്‌തിരുന്നുവെങ്കില്‍ ഡൊമിനിക് പ്രസന്റേഷന് ഇപ്പോള്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികമെങ്കിലും ഭൂരിപക്ഷമുണ്ടാവണമായിരുന്നു. മാത്രവുമല്ല, വോട്ട് ബഹിഷ്‌കരിക്കുക എന്ന തങ്ങളുടെ തീരുമാനത്തില്‍ മുളവുകാട്ടെയും മറ്റും ജനങ്ങള്‍ ഉറച്ചു നിന്നത് സഭയുടെ നിര്‍ദേശം ലംഘിച്ചു കൂടിയാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സഭക്കാരനായ കെ വി തോമസും സിറിയന്‍ കത്തോലിക്കാ സഭക്കാരിയായ സിന്ധു ജോയിയും ഏറ്റുമുട്ടി നേരിയ ഭൂരിപക്ഷത്തിന് വിജയം കൈവിട്ടപ്പോള്‍ വിലയിരുത്തപ്പെട്ടത് ഇങ്ങനെയാണ് - ലത്തീന്‍ കത്തോലിക്കാ സഭക്ക് സ്വീകാര്യനായ കുറേക്കൂടി ഭേദപ്പെട്ട സ്ഥാനാര്‍ഥിയുണ്ടായിരുന്നെങ്കില്‍ എറണാകുളത്ത് കെ വി തോമസിനെ തോല്‍പ്പിക്കാമായിരുന്നുവെന്ന്. കേരളത്തിലങ്ങോളമിങ്ങോളം ഇടതുപക്ഷത്തിനെതിരായ വികാരമുണ്ടായ ഒരു തിരഞ്ഞെടുപ്പില്‍ എറണാകുളത്തു മാത്രം എന്തുകൊണ്ട് മത്സരം കനത്തുവെന്നതിന് സഭാ നേതൃത്വത്തിന്റെ അതൃപ്‌തിയൊന്നും തേടിപ്പോകേണ്ട കാര്യമുണ്ടായിരുന്നില്ല.
കേരളത്തിലെങ്ങും കിട്ടാത്ത ആയുര്‍വേദ ചികിത്സ ഡല്‍ഹിയിലെ കേരള ഹൗസില്‍ രണ്ടാഴ്‌ച തമ്പടിച്ച് നടത്തി, കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കി എറണാകുളം സീറ്റും തരപ്പെടുത്തിപ്പോന്ന കെ വി തോമസിന്റെ ദുരയോട് കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ക്ക് തോന്നിയ അതൃപ്‌തിയുടെ കൂടി പ്രതിഫലനമായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, സഭയുടെ കണക്കില്‍ വിശദീകരിക്കാനായിരുന്നു ഏവര്‍ക്കും താത്‌പര്യം. സി പി എമ്മിന്റെ കൊടി പിടിച്ചതിന്റെ തഴമ്പ് കയ്യിലും നെഞ്ചിലുമുണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞ സീനു ലാലിനെ അപേക്ഷിച്ച് 8,620 വോട്ട് മാത്രമാണ് ഡൊമിനിക് പ്രസന്റേഷന് കൂടുതല്‍ ലഭിച്ചത്. അതുകൊണ്ടു തന്നെ സഭയുടെ തിട്ടൂരം അനുസരിച്ചു മാത്രമല്ല ജനം വോട്ട് തീരുമാനിച്ചത് എന്ന് വ്യക്തം. ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിച്ചതാണ് ഇടതുപക്ഷത്തെ തുണച്ചതെന്നും വിശ്വാസികള്‍ സഭാ നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്നും ഇനിയും വേണമെങ്കില്‍ വാദിക്കാം.
കണ്ണൂര്‍ നിരാകരിച്ചത്
കണ്ണൂര്‍ കുറേക്കൂടി വ്യക്തമായ വര്‍ഗീയ വിഭജനത്തിന് സാധ്യതയുള്ള മണ്ഡലമായിരുന്നു. 40 ശതമാനം മുസ്‌ലിം വോട്ടര്‍മാര്‍, 55 ശതമാനം ഹൈന്ദവരും. അഞ്ച് ശതമാനത്തോളം ക്രിസ്‌തീയരും. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന എന്‍ ഡി എഫിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐ ഇവിടെ മാത്രം മത്സരിച്ച് കരുത്തു തെളിയിക്കാന്‍ ശ്രമിച്ചു. കിട്ടയത് 3,411 വോട്ട് മാത്രം. കണ്ണൂര്‍ കേന്ദ്രമായി നടന്ന `ഭീകര വേട്ട' മുതല്‍ `ലൗ ജിഹാദ്' വരെ നീളുന്ന പൊള്ളുന്ന വിഷയങ്ങളുണ്ടായിരുന്നു ബി ജെ പിക്ക്. കിട്ടിയത് 5,665 വോട്ട്. ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നതുകൊണ്ടുതന്നെ പ്രധാനമായി പരിഗണിക്കേണ്ടത് എസ് ഡി പി ഐക്ക് കിട്ടിയ വോട്ടാണ്. രാജ്യത്ത് ആദ്യമായി മത്സരിക്കാനിറങ്ങിയ അവരുടെ ശക്തി എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കിക്കൊടുത്തുകൊണ്ട് കണ്ണൂരിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യവസ്ഥാപിത ജനാധിപത്യ പാര്‍ട്ടികള്‍ക്കൊപ്പം നിന്നു. എസ് ഡി പി ഐക്കു ലഭിക്കുന്ന വോട്ടുകള്‍ യു ഡി എഫിന്റെ ബേങ്കില്‍ വിള്ളലുണ്ടാക്കുമെന്നൊക്കെ വിശകലനം നടത്തിയവര്‍ക്കു കൂടിയുള്ള ജനങ്ങളുടെ മറുപടിയാണിത്.
മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫ് ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ഇടതുമുന്നണി ഹൈന്ദവരായ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയതെന്നും ഇത് ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണെന്നനും അത്തരമൊരു ഏകീകരണമുണ്ടാവുമെന്നും മൂന്നിടത്തും എല്‍ ഡി എഫിന് ജയസാധ്യതയുണ്ടെന്നും ഫലം പുറത്തുവരും മുമ്പ് ചില `സ്വതന്ത്ര' രാഷ്‌ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇതിനും തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ മറുപടി ലഭിച്ചു.
ജാതി, മത സ്വാധീനം നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഈ രണ്ട് മാനദണ്ഡങ്ങളെ മാത്രം അടിസ്ഥാനമാക്കി നിരീക്ഷണവും വിശകലനങ്ങളും നടത്തുന്ന വിദഗ്‌ധരുമാണ് നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ വര്‍ഗീയമാക്കി വിഭജിക്കുന്നത് എന്ന് പറയേണ്ടിവരും. വര്‍ഷങ്ങള്‍ നീണ്ട രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു നേതാവിനെ മത്സരരംഗത്തിറക്കിയാല്‍ പോലും അത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള തീരുമാനം മാത്രമായേ വിലയിരുത്തപ്പെടാറുള്ളൂ എന്നതും കാണാതിരുന്നുകൂടാ.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെ വി തോമസിനെതിരെ എം എം ലോറന്‍സിനെ മത്സരിപ്പിച്ചപ്പോള്‍ അതും ലത്തീന്‍ സഭയെ പ്രീതിപ്പെടുത്താനെന്ന് വിലയിരുത്തപ്പെട്ടത് മുന്നിലുണ്ട്. ജനങ്ങള്‍ അവരുടെ ജീവതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും അതിനോട് നേതാക്കളും പാര്‍ട്ടികളും പ്രതികരിക്കുന്ന രീതിയും രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളും വിലയിരുത്തി വോട്ട് ചെയ്യുമ്പോള്‍ പോലും വര്‍ഗീയ ചേരിതിരിവുകളെ അടിസ്ഥാനമാക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയവും വിലയിരുത്തലുകളും തുടരുകയാണ് പതിവ്.
എന്‍ എസ് എസും ലത്തീന്‍ സഭയും പി ഡി പിയും എസ് ഡി പി ഐയും ഒരു പോലെ പരാജയപ്പെട്ട ഉപതിരഞ്ഞെടുപ്പ് പക്ഷേ, പ്രത്യേകിച്ച് മാറ്റമൊന്നും ഇവിടെ ഉണ്ടാക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും എന്‍ എസ് എസിന്റെ ഭീഷണികളുണ്ടാവും. അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നെട്ടോട്ടമോടും. പി ഡി പിയെ ഏതെങ്കിലും ഒരു പാര്‍ശ്വത്തില്‍ തൊട്ടു നിര്‍ത്താന്‍ സി പി എം ശ്രമിക്കും. ഇതൊന്നും പ്രത്യക്ഷത്തിലുണ്ടായില്ലെങ്കിലും വിശകലനങ്ങള്‍ ഈ വഴിക്ക് ഒഴുകും.
എന്‍ എസ് എസും ലത്തീന്‍ സഭയും പി ഡി പിയും എസ് ഡി പി ഐയും ഒരു പോലെ പരാജയപ്പെട്ട ഉപതിരഞ്ഞെടുപ്പ് പക്ഷേ, പ്രത്യേകിച്ച് മാറ്റമൊന്നും ഇവിടെ ഉണ്ടാക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും എന്‍ എസ് എസിന്റെ ഭീഷണികളുണ്ടാവും. അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നെട്ടോട്ടമോടും. പി ഡി പിയെ ഏതെങ്കിലും ഒരു പാര്‍ശ്വത്തില്‍ തൊട്ടു നിര്‍ത്താന്‍ സി പി എം ശ്രമിക്കും. ഇതൊന്നും പ്രത്യക്ഷത്തിലുണ്ടായില്ലെങ്കിലും വിശകലനങ്ങള്‍ ഈ വഴിക്ക് ഒഴുകും.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശകലനത്തിൽ ചില വസ്തുതകൾ കൂടി സൂചിപ്പിക്കേണ്ടതുണ്ടു. അതിലൊന്നു അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയുടെ തിരിച്ചു വരവാണു. ഉത്തർപ്പ്രദേശിൽ കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ വെറും ആരായിരം വോട്ടുകൾ മാത്രം കിട്ടീയ ഫിരോസാബാദിൽ വെറും മാസങ്ങൾക്കു ശേഷം എൺപത്തിയയ്യായിരം പരം വോട്ടുകൾക്ക് മുലായം സിങ്ങിന്റെ മരുമകളിൽ നിന്ന് സമാജ്വാദി പാർട്ടിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തത് തന്നെ ഇന്ത്യ വീണ്ടും കോൺഗ്രസ്സ് എന്ന ചിറകിലേക്കു ഒതുങ്ങാനുള്ള ഒരുക്കത്തിലാണു.
ReplyDeleteഇനി കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ. വാസ്തവത്തിൽ കണ്ണൂരിൽ ഇൽക്ഷൻ പ്രഖ്യാപിച്ച അന്നു തന്നെ ജയരാജൻ തോറ്റിരുന്നു. അതിനു കാരണം പലതാണു. ഒന്നു കള്ളവോട്ട് ചേർക്കലുമായി ബന്ധപ്പെട്ടു പ്രതിപക്ഷ കഷികൾ സി.പി.എമിനെതിരെ ആഞ്ഞടിച്ചതും അതിൽ സി.പി.എം പുലർത്തിയ ന്യായീകരണങ്ങളും സാമാന്യവോട്ടർമാർ സി.പി.എമ്മിനെതിരെ തിരിയാൻ കാരണമായി. രണ്ട് ഇനിയും തുടരുന്ന ഭരണവിരുദ്ധ തരംഗം. മൂന്നു കണ്ണൂരിൽ ഏറ്റവും നിർണ്ണായകമായതു മുസ്ലിം വോട്ട്ബാങ്കാണു.കണ്ണൂരിൽ പലപ്പോഴും സംഘപരിവാർ വേഷമാടുന്ന സി.പി.എമ്മിനോടു കണ്ണൂരിലെ മുസ്ലിം ജനതക്കുള്ള പക. രക്തസാക്ഷ്യ പരിവേഷത്തോടെയുള്ള അബ്ദുല്ലകുട്ടിയുടെയും, സുധാകരന്റെയും പ്രചാരണം. ഇതൊക്കെ മുസ്ലിം വോട്ടുകൾ എവിടെ കേന്ദ്രീകരിക്കപ്പെടുമെന്നു വ്യക്തമായിരുന്നു.
ഇവിടെ എസ്.ഡി.പി.ഐ യെ സമ്പന്ധിച്ചിടത്തോളം പല രാഷ്ട്രീയ-സംഘടനാ പശ്ചാത്തലമുള്ള അംഗങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ നിന്നു സ്വന്തമായി വോട്ടു വാങ്ങേണ്ട രാഷ്ട്രീയ പാർട്ടി എന്ന നിലയിലേക്കുള്ള രൂപന്തരത്തിന്റെ ആദ്യ കാൽ വെപ്പായിരുന്നു ഈ തെരഞ്ഞെടുപ്പ്. എസ്.ഡി.പി.ഐയുടെ അനുഭാവികളും ഏതെങ്കിലുമൊരു രഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗം തന്നെയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്കു സമൂഹത്തിൽ പ്രവർത്തിച്ച്, വിശ്വാസമാർജ്ജിച്ചു, സ്വന്തമായി ഒരു വോട്ടുബാങ്കു ശൃഷ്ടിക്കുന്നതിനേക്കൾ മുൻപേ തന്നെ, അതും ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാതെ(വോട്റ്റേഴ് ലിസ്റ്റിൽ പേർ ചേർക്കുക അങ്ങിനെ തീരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാലപാഠങ്ങൾ)യാണു അവിചാരിതമായി എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യറായതു.
മാത്രമല്ല തെരഞ്ഞെടുപ്പു പ്രചാരണത്തിലെ കുതന്ത്രങ്ങൾ വേണ്ടത്ര പ്രതിരോധിക്കപ്പെടാതെ പോയത് (നിശ്ശബ്ദ പ്രചരണ സമയത്ത് എസ്.ഡി.പി.ഐയുടെ ബാഡ്ജ് കുത്തിയ യു.ഡി.എഫ് പ്രവർത്തകർ ഫൈസി സ്ഥാനാർത്ഥിത്വം പിന്വലിച്ചു എന്ന വ്യാപക പ്രചരണം അഴിച്ചു വിട്ടു) അതു മാത്രമല്ല ഫൈസി കിട്ടുന്ന ഓരോ വോട്ടും ജയരാജന്റെ വിചയത്തിലാണു അവസാനിക്കുക എന്ന ഭീഷണിയും യു.ഡി.എഫുകാർ മുഴക്കി. എന്തൊക്കെ വന്നാലും കണ്ണുരിൽ സി.പി.എമ്മുകാർ വിജയിക്കരുതെന്ന ഉറച്ച ധാരണയുള്ള വോട്ടർമാർ പ്രത്യ്യേകിച്ചും ഫൈസിക്കു കിട്ടേണ്ട വോട്ടുകളും അങ്ങിനെ അബ്ദുല്ല കുട്ടിക്കു പോൾചെയ്യപ്പെട്ടു.
ഇതാണു സംഭവിച്ചതു. എന്നാൽ പോലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സുധാകരനു കിട്ടിയ ഭൂരിപക്ഷം ഇപ്പോഴുമില്ല എന്നു മനസ്സിലാക്കണം. മാതൃമാല്ല കടുത്ത ഇടതുപക്ഷ വിരുദ്ധ തരംഘത്തിൽ പോലും വെറും ആയിരം വോട്ടുകൾക്കു മാത്രം വിജയിച്ച കോഴിക്കോടിൽ ഈ അവസ്ഥയല്ല കോൺഗ്രസ്സിനും, എസ്.ഡി.പിയൈക്കുമുള്ളതെന്നു മനസ്സിലാക്കുക.
ഒരു കാര്യം സ്പ്ഷ്ടമാണു പുതുതായി പിറന്ന ഒരു രാഷ്ട്രീയ പാർട്ടിയെ കേരളജനതക്കു പരിചയപ്പെടുത്തുക എന്ന ദൗത്യം ഈ തെരഞ്ഞെടുപ്പോടെ എസ്.ഡി.പി.ഐ നിറവേറ്റി.
അതിൽ കൂടുതലൊരു പ്രതീകഷ എസ്.ഡി.പി ഐയുമായി ബന്ധമുള്ള ആർക്കുമുണ്ടായിരുന്നില്ല,പ്രചരിപ്പിച്ചത് മറ്റെന്തൊക്കെയാണെങ്കിലും.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു അവലോകനം യിൽ പുലരിഉണ്ടു വായിക്കുക.
ഫലം പുറത്തുവരും മുമ്പ് ചില `സ്വതന്ത്ര' രാഷ്‌ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.
ReplyDeleteചങ്കും, മത്തങ്ങയും തിരിച്ചറിയാത്ത കുറെ ആള്‍ക്കാര്‍ ചാനലുകളില്‍ ഇരുന്നു വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന പരിപാടി ആരോഗ്യമുള്ള നിരീക്ഷണമാണന്നു ഇപ്പോള്‍ മനസിലായല്ലോ .
താങ്കളുടെ ബ്ലോഗ് ഈ അടുത്താണ് വായന തുടങ്ങിയത്
ReplyDeleteനല്ല നിലവാരം പുലര്‍ത്തുന്നുണ്ട്
ആശംസകള്‍
:-))
ReplyDelete