1984 ജൂണ്‍ മൂന്നു മുതല്‍ ആറു വരെ നീണ്ടു നിന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. 1984 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനിയെ സിഖ് വംശജരായ രണ്ട് അംഗരക്ഷകര്‍ വെടിവെച്ചുകൊന്നു. 1984 നവംബര്‍ ഒന്നു മുതല്‍ പത്തുവരെ നീണ്ടു നിന്ന സിഖ് വംശഹത്യ. തുടര്‍ന്ന് പഞ്ചാബിലെ വിഘടനവാദം അടിച്ചമര്‍ത്താന്‍ പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളായിരുന്നു ഇവയെല്ലാം. ആദ്യം സ്വതന്ത്ര പഞ്ചാബും പിന്നീട് സിഖുകാര്‍ക്കു മാത്രമായുള്ള ഖാലിസ്ഥാന്‍ രാഷ്‌ട്രവും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിപത്രമാണ് ഈ സംഭവങ്ങളെല്ലാം എന്നാണ് പൊതുവായ ധാരണ. ഇതില്‍ എത്രത്തോളം വസ്‌തുതയുണ്ടെന്ന് അന്വേഷിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. 25 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സിഖുകാര്‍ തിങ്ങിപ്പാര്‍ക്കുകയും പഞ്ചാബി ഭാഷ സംസാരിക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു സംസ്ഥാനം വേണമെന്ന ആവശ്യം സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഈ ആവശ്യം പ്രാവര്‍ത്തികമായത് 1966ലാണ്. പഞ്ചാബ് സംസ്ഥാനം നിലവില്‍ വന്നതോടെ സിഖ് വംശജരുടെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അകാലികള്‍ സംഘടിച്ചു. 1920കളില്‍ അഴിമതിക്കാരായ പുരോഹിതരില്‍ നിന്ന് ഗുരുദ്വാരകളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ അകാലിദള്‍ രാഷ്‌ട്രീയ സംഘടനയായി മാറി. ഇത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
പഞ്ചാബിന്റെ അധികാരം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസ് അന്ന് സ്വീകരിച്ച തന്ത്രം സംസ്ഥാനത്തെ ഹിന്ദു വിഭാഗങ്ങളെ പ്രീണിപ്പിക്കുക എന്നതായിരുന്നു. അകാലിദള്‍ എന്നത് സിഖുകാരുടെ മാത്രം പാര്‍ട്ടിയാണെന്നും അവര്‍ അധികാരത്തിലെത്തുന്നത് ഹൈന്ദവര്‍ക്ക് ഭീഷണിയാണെന്നും പ്രചരിപ്പിച്ചിരുന്നു. ലുധിയാന സ്വദേശിയായ ജഗ്‌ദീഷ് ടാന്‍ഗ്രി രുപവത്‌കരിച്ച ഹിന്ദു ശിവ സേന, അമൃത്‌സറില്‍ സുരീന്ദര്‍ കുമാര്‍ ബില്ല രൂപവത്‌കരിച്ച സുരക്ഷാ സമിതി എന്നിവക്ക് പരോക്ഷ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു.
അകാലികള്‍ പക്ഷേ, പഞ്ചാബിന്റെ ഭാവിയെ സംബന്ധിച്ച് വ്യക്തമായ കാഴ്‌ചപ്പാടുള്ളവരായിരുന്നുവെന്ന് പിന്നീടുള്ള അവരുടെ നീക്കങ്ങളില്‍ നിന്ന് വ്യക്തമായി. 1973ല്‍ അകാലിദള്‍ പ്രവര്‍ത്തക സമിതി പാസ്സാക്കിയ അനന്ത്‌പൂര്‍ സാഹിബ് പ്രമേയം ഫെഡറല്‍ സമ്പ്രദായത്തെക്കുറിച്ചുള്ള അവരുടെ കാഴ്‌ചപ്പാട് വ്യക്തമാക്കുന്നതായിരുന്നു. ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായി തുടരുന്ന ചണ്ഡീഗഢ് പഞ്ചാബില്‍ ലയിപ്പിക്കുക, പഞ്ചാബി സംസാരിക്കുന്ന പഞ്ചാബില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗമാക്കുക, ഇന്ത്യന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രമേയം.
പ്രതിരോധം, വിദേശകാര്യം, പൊതു ആശയ വിനിമയം, നാണയം തുടങ്ങി ദേശീയ വിഷയങ്ങളില്‍ മാത്രമായി കേന്ദ്ര സര്‍ക്കാറിന്റെ അധികാരം പരിമിതപ്പെടുത്തണമെന്നും ബാക്കി അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി ഫെഡറല്‍ ഭരണക്രമം കൂടുതല്‍ ശക്തമാക്കണമെന്നും അനന്ത്‌പൂര്‍ സാഹിബ് പ്രമേയം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയുടെ അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു കൊണ്ടു മാത്രം രാജ്യത്തിന്റെ വികസനം സാധ്യമാവില്ലെന്ന് അടുത്തിടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രസ്‌താവിച്ചപ്പോഴും പുറത്തുവന്നത് ഫെഡറല്‍ സമ്പ്രദായം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു. ഈ ആവശ്യങ്ങള്‍ 36 വര്‍ഷം മുമ്പ് ഉന്നയിച്ചുവെന്നതാണ് അകാലികള്‍ ചെയ്‌ത കുറ്റം.
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനത്തില്‍ അന്നും മുമ്പന്തിയിലായിരുന്നു പഞ്ചാബ്. എന്നാല്‍ ഇതിന് ആനുപാതികമായി മറ്റു മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. അതിന്റെ കൂടി പ്രതിഫലനമായിരുന്നു അനന്ത്‌പൂര്‍ സാഹിബ് പ്രമേയം. ഈ രാഷ്‌ട്രീയ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനോ ചര്‍ച്ചകളിലൂടെ അഭിപ്രായ ഐക്യമുണ്ടാക്കി ന്യായമായ അവകാശങ്ങള്‍ അനുവദിക്കാനോ ആയിരുന്നില്ല പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിച്ചത്. അവര്‍ അകാലികളെ ഭിന്നിപ്പിക്കാനും അകാലികളും ഹിന്ദുക്കളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കാനുമാണ് ശ്രമിച്ചത്. പിന്നീട് ഇന്ദിരയുടെയും കോണ്‍ഗ്രസിന്റെയും ശത്രുവായി മാറിയ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെ അകാലി ദളിന് ബദലായി വളര്‍ത്തിക്കൊണ്ടുവന്നതു പോലും കോണ്‍ഗ്രസായിരുന്നു.
തങ്ങളെ ഭിന്നിപ്പിക്കാനും പഞ്ചാബിന്റെ പൊതുവായ ആവശ്യങ്ങളെ തള്ളിക്കളയാനുമുള്ള കോണ്‍ഗ്രസ് ശ്രമത്തിനെതിരെ അകാലികള്‍ പ്രക്ഷോഭം ശക്തമാക്കുന്ന കാഴ്‌ചയാണ് അടിയന്തരാവസ്ഥക്ക് ശേഷം കണ്ടത്. 1980ല്‍ ഇന്ദിരാ പ്രിയദര്‍ശിനി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഈ പ്രക്ഷോഭത്തിന്റെ മൂര്‍ച്ച കൂടി. പ്രക്ഷോഭങ്ങളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ സിഖുകാരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നതുമായിരുന്നു. 1982ല്‍ ഡല്‍ഹിയില്‍ പ്രകടനം നടത്താനുള്ള അകാലികളുടെ ശ്രമം ഹരിയാനയിലെ ഭജന്‍ലാല്‍ സര്‍ക്കാറിനെ ഉപയോഗിച്ച് തടഞ്ഞത് ഉദാഹരണമാണ്. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എല്ലാ വാഹനങ്ങളും ഹരിയാനയില്‍ വെച്ച് തടഞ്ഞു. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയിലെ സ്റ്റേഷനുകളില്‍ തടഞ്ഞ് സിഖ് വംശജരെ മുഴുവന്‍ പുറത്താക്കി. പലേടത്തും സിഖുകാരെ പോലീസും അര്‍ധ സൈനികരും ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. 1982ല്‍ ഡല്‍ഹിയില്‍ ഏഷ്യാഡ് നടന്നപ്പോഴും സിഖുകാര്‍ക്ക് അയിത്തം കല്‍പ്പിച്ചു. അന്ന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സിഖ് വംശജര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. വ്യോമസേനയുടെ മുന്‍ മേധാവി അര്‍ജന്‍ സിംഗ്, ലഫ്‌റ്റനന്റ് ജനറല്‍ ജഗ്‌ജിത് സിംഗ് അറോറ തുടങ്ങിയവര്‍ പോലും അപമാനിക്കപ്പെട്ടു.
രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാതെ തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരായെ പ്രതിഷേധത്തിന്റെ ഭാഗമായാണ് തങ്ങള്‍ കേന്ദ്ര സര്‍ക്കാറിനുള്ള കരം ഒടുക്കില്ലെന്ന് 1984ല്‍ അകാലികള്‍ പ്രഖ്യാപിച്ചത്. പഞ്ചാബില്‍ നിന്ന് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ നീക്കം തടയുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇത് തുറന്ന യുദ്ധപ്രഖ്യാപനം പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനിടെ രാജ്യത്തിന് പുറത്തുള്ള ചില സിഖ് നേതാക്കള്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്‌ട്രം എന്ന ആശയം പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് അപമാനിതരായ സിഖ് യുവത ഈ ആശയത്തില്‍ പെട്ടെന്ന് ആകൃഷ്‌ടരായതില്‍ കുറ്റം പറയാനാവുമോ? കോണ്‍ഗ്രസ് വളര്‍ത്തിക്കൊണ്ടുവന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല ഈ ആശയം ഏറ്റെടുക്കുകയും സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ച് കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ടത്തിന് അഹ്വാനം ചെയ്യുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് സുവര്‍ണക്ഷേത്രത്തിലേക്ക് പട്ടാളത്തെ നിയോഗിച്ചത്.
രാഷ്‌ട്രീയമായ ആവശ്യത്തെ ആദ്യം വിഘടനവാദത്തിന്റെ കള്ളിയിലേക്കും പിന്നീട് മതത്തിന്റെ കള്ളിയിലേക്കും ചേര്‍ത്തുവെക്കുന്നതില്‍ ഭരണകൂടം ഏതുവിധത്തില്‍ വിജയിച്ചുവെന്നതാണ് അനന്ത്‌പൂര്‍ സാഹിബ് പ്രമേയം മുതല്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ വരെയുള്ള കാര്യങ്ങള്‍ തെളിയിക്കുന്നത്. അവഗണനയും അപമാനവും സഹിക്ക വയ്യെന്ന് തോന്നിയ സിഖ് യുവതയിലെ ഒരു വിഭാഗം ഭരണകൂടം ഒരുക്കിയ കെണിയില്‍ പൂര്‍ണമായും അകപ്പെട്ടതോയെ പട്ടാളത്തെ ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്തുന്നതിനുള്ള ന്യായങ്ങള്‍ സര്‍ക്കാറിന് ലഭിക്കുകയും ചെയ്‌തു. ഓരോ അടിച്ചമര്‍ത്തലും ഇരകളുടെ പ്രതിഷേധത്തിനും തിരിച്ചടിക്കും കാരണമാവുമെന്നത് അലംഘനീയമായ ചരിത്ര വസ്‌തുതയാണ്. ഇവിടെയും അത് ആവര്‍ത്തിച്ചു. ഇന്ദിരാ പ്രിയദര്‍ശിനിയുടെ കൊലപാതകം, പഞ്ചാബില്‍ ശക്തമായ വിഘടനവാദം എല്ലാം ഇരകളുടെ പ്രതിഷേധത്തിന്റെയും തിരിച്ചടിയുടെയും ഫലങ്ങളായിരുന്നു.
വിഘടനവാദം ഇല്ലായ്‌മചെയ്‌തത് തീര്‍ത്തും മനുഷ്യത്വ രഹിതമായിട്ടായിരുന്നു. വ്യാജ ഏറ്റമുട്ടലുകളുടെ പരമ്പര, പോലീസ് പിടിച്ചുകൊണ്ടുപോയ ശേഷം കാണാതായ സിഖ് യുവാക്കളുടെ നീണ്ട നിര എന്നിവയെല്ലാം അതിന്റെ ബാക്കിയായി. ഇന്ദിരയുടെ വധത്തിന് ശേഷം നടന്ന സിഖ് വംശഹത്യക്ക് മാപ്പു ചോദിക്കുകയും ഇരകള്‍ക്ക് നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ പക്ഷേ, വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊല ചെയ്യപ്പെട്ട നുറുകണക്കിന് യുവാക്കളുടെ കാര്യത്തില്‍ മൗനം പാലിച്ചു. പോലീസോ, സൈന്യമോ പിടികൂടിയ ശേഷം കാണാതായ യുവാക്കളുടെ കാര്യത്തിലും ഒന്നും ചെയ്‌തില്ല. ചെയ്‌തതും ചെയ്യുന്നതും നീതിയാണെന്ന് ഭരണകൂടത്തിന് വാദിക്കാന്‍ കഴിയുമോ?
ശക്തമായ ഫെഡറല്‍ ഭരണക്രമം രാജ്യത്ത് വേണമെന്ന മുഹമ്മദലി ജിന്നയുടെ ആവശ്യം അംഗികരിക്കാന്‍ ജവഹല്‍ ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും തയ്യാറായിരുന്നുവെങ്കില്‍ ഇന്ത്യാ വിഭജനം ഒഴിവാക്കാനാവുമായിരുന്നുവെന്ന വാദം ഇവിടെ ഓര്‍ക്കണം. ഫെഡറല്‍ ഭരണ സമ്പ്രദായം ശക്തമാക്കണമെന്ന വാദം തന്നെയാണ് പിന്നീട് അകാലികളും വാദിച്ചത്. ജിന്നയുടെ ആവശ്യം പാക്കിസ്ഥാനു വേണ്ടിയുള്ളസമ്മര്‍ദ തന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടതും അകാലികളുടെ ആവശ്യം വിഘടനവാദമായി ചിത്രീകരിക്കപ്പെട്ടതും ഒരേ പരമ്പരയിലെ നേതാക്കളായിരുന്നുവെന്നതും വസ്‌തുതയായി നിലനില്‍ക്കുന്നു. ഇപ്പോള്‍ ആ പാരമ്പര്യത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് 40,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്തുള്ള സി പി ഐ മാവോയിസ്റ്റുകളുടെ ആധിപത്യം തകര്‍ക്കാന്‍ ശക്തമായ നടപടി ആരംഭിക്കുന്നത്.
മാവോയിസ്റ്റുകള്‍ ശക്തമായ മേഖലകള്‍ പരിശോധിച്ചാല്‍ സ്വതന്ത്ര ഭരണത്തിന്റെ 62 വര്‍ഷത്തിന് ശേഷവും ഗണനീയമാം വിധത്തില്‍ അവഗണിക്കപ്പെട്ട പ്രദേശങ്ങളാണിവയെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ആശയ വിനിയമം, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പോലും ദയനീയമാം വിധം പിന്തള്ളപ്പെട്ട മേഖലകള്‍. മണിപ്പൂരിലെയോ ഒറീസ്സയിലെയോ അസമിലെയോ ഉള്‍പ്രദേശങ്ങളില്‍ എന്തെങ്കിലും വാര്‍ത്താ പ്രധാന്യമുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ പോലും അത് പുറത്തുവരാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടിവരുന്നുണ്ട് ഇപ്പോഴും. വികസനത്തിലെ ( ഈ പദം ഉച്ചരിക്കുമ്പോള്‍ മനസ്സിലെത്തുന്ന ബിംബങ്ങളല്ല ഉദ്ദേശിക്കുന്നത്) ഭയാനകമായ അസംതുലിതാവസ്ഥക്ക് ചെറിയ ഉദാഹരണം മാത്രമാണിത്.
വരുംകാലത്ത് നന്ദന്‍ നിലേകനി നിശ്ചയിക്കുന്ന സവിശേഷമായ നമ്പറുകളാല്‍ രേഖപ്പെടുത്തുന്ന സാമൂഹ്യ, സാമ്പത്തിക അവസ്ഥ കണക്കിലെടുത്തായിരിക്കും ഈ മേഖലകളില്‍ സര്‍ക്കാര്‍ സഹായവും ആനുകൂല്യങ്ങളും എത്തുക എന്നത് കൂടി ഓര്‍മിക്കുക. സബ്‌സിഡികള്‍ കുറക്കുകയും ഇറക്കുമതി തീരുവ ഇളവു ചെയ്യുകയും വേണമെന്ന അമേരിക്കയുടെയും ലോക ബേങ്കിന്റെയും നിര്‍ദേശങ്ങള്‍ നടപ്പാവുമ്പോള്‍ കഷ്‌ടതയനുഭവിക്കുന്നവരില്‍ ഇവര്‍ കൂടിയുണ്ടാവുമെന്നും ഓര്‍ക്കുക. ഇവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് മാവോയിസ്റ്റുകളുടെ സമരം. അതിനോട് ഇത്രയും കാലം രാഷ്‌ട്രീയമായി പ്രതികരിക്കാന്‍ വിമുഖത കാട്ടിയവര്‍ ഇപ്പോള്‍ തോക്കുകള്‍ ഒരുക്കുന്നു. ചര്‍ച്ചകള്‍ക്കുള്ള അവസരം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നു. രാഷ്‌ട്രീയ ആവശ്യത്തെ ഭീകരതയുടെ കളത്തിലേക്ക് നീക്കിവെച്ച് സംഘടനക്ക് നിരോധം ഏര്‍പ്പെടുത്തുന്നു. ചരിത്രം അതേപടി ആവര്‍ത്തിക്കില്ലെന്ന മഹദ് വചനത്തില്‍ വിശ്വസിക്കുക. പുതിയ ന്യയീകരണങ്ങള്‍ക്ക് കാതോര്‍ക്കുക. അല്ലെങ്കില്‍ നാളെ സംഭവിക്കാനിടയുള്ള മറ്റൊരു ചോരക്കളിയെക്കുറിച്ച് ഭയക്കുക.
ഇന്ത്യന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രങ്ങള്‍ ചികഞ്ഞ്ജെടുത്താല്‍ പല നേതക്കന്മാരും സൈനിക നേത്യത്വവും അഴികള്‍ എണ്ണേണ്ടി വരും.
ReplyDelete