2009-04-28

കേസ്‌ കൂട്ടുന്ന കോടതികള്‍


2008 നവംബര്‍ 26നാണ്‌ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു മുംബൈ നഗരത്തില്‍ പത്തു ഭീകരരുടെ വിളയാട്ടമുണ്ടായത്‌. മൂന്ന്‌ ദിവസത്തെ നടപടിക്കൊടുവിലാണ്‌ കമാന്‍ഡോകള്‍ ഭീകരരെ കീഴടക്കി നഗരത്തെ മോചിപ്പിച്ചത്‌. അഞ്ചു മാസം കൊണ്ട്‌ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം പ്രത്യേക വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിടിയിലായ ഏക ഭീകരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ വിചാരണ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ അന്വേഷണ, നീതിനിര്‍വഹണ വിഭാഗങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു റെക്കോഡാണ്‌ ഈ വേഗം. പക്ഷേ ഈ വേഗത്തിന്‌ ഒരു മറുപുറം കൂടിയുണ്ട്‌. നീതിനിര്‍വഹണ വിഭാഗത്തിന്‌ ഒച്ചിന്റെ വേഗം പോലുമില്ലെന്ന്‌ തെളിയിക്കുന്ന മറുപുറം. അതിന്റെ കണക്കുകള്‍ ഇങ്ങനെയാണ്‌. 2009 മാര്‍ച്ച്‌ മാസത്തെ കണക്കനുസരിച്ച്‌ സുപ്രീം കോടിതിയില്‍ പരിഗണന കാത്തു കിടക്കുന്ന കേസുകളുടെ എണ്ണം 50,163 ആണ്‌. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി പരിഗണന കാത്തു കഴിയുന്നത്‌ 30 ലക്ഷം കേസുകള്‍. കീഴ്‌ക്കോടതികളിലാകെ കെട്ടിക്കിടക്കുന്നത്‌ രണ്ടു കോടി 63 ലക്ഷം കേസുകളും. കേസുകള്‍ ഇങ്ങനെ ഫയലുകളില്‍ ഉറങ്ങുമ്പോള്‍ 25 ലക്ഷത്തോളം പേര്‍ വിചാരണത്തടവുകാരായി വിവിധ ജയിലുകളില്‍ കഴിയുന്നു. വിചാരണത്തടവ്‌ അഞ്ചു വര്‍ഷം പിന്നിട്ടവരുടെ കണക്കു മാത്രമാണിത്‌. കോടതികളുടെ കുറവ്‌, വേണ്ടത്ര ജഡ്‌ജിമാരില്ലാത്തത്‌, മറ്റു ജീവനക്കാരുടെ കുറവ്‌ ഇവയെല്ലാം കേസുകള്‍ കെട്ടിക്കിടക്കുന്നതിന്‌ കാരണമാവുന്നുണ്ടാവാം. അനാവശ്യ അപ്പീലുകളും റിട്ടുകളും കേസുകളുടെ എണ്ണം കൂട്ടുന്നുമുണ്ടാവാം. പക്ഷേ, വൈകിയെത്തുന്ന നീതി അനീതിക്ക്‌ തുല്യമാണെന്ന ആപ്‌തവാക്യത്തില്‍ വിശ്വസിക്കുന്ന ഒരു രാജ്യത്തിന്‌ ഈ കണക്കുകള്‍ അപമാനം തന്നെയാണ്‌. ഈ അപമാനത്തിന്‌ നിലവിലുള്ള കോടതികളും ജഡ്‌ജിമാരും പലവിധത്തില്‍ സംഭാവനകള്‍ ചെയ്യുന്നുണ്ട്‌.


കേരളത്തില്‍ വോട്ടെടുപ്പ്‌ നടന്ന ഏപ്രില്‍ പതിനാറാം തീയതി. തൃശൂരിലെ ഒരു ബൂത്തില്‍ വോട്ട്‌ ചെയ്‌ത്‌ ഇറങ്ങിയ റവന്യു മന്ത്രിയും സി പി ഐ നേതാവുമായ കെ പി രാജേന്ദ്രന്‍ പോളിംഗ്‌ സ്റ്റേഷനില്‍ വെച്ച്‌ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്‌ കെ കരുണാകരനെ കണ്ടു. നേതാക്കള്‍ കുശലം പറഞ്ഞു. അവസാനിപ്പിക്കുമ്പോള്‍ ജയദേവനെ (തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി) മറക്കല്ലേ എന്ന്‌ ലീഡറോട്‌ പറഞ്ഞു. അദ്ദേഹം ശരിയെന്ന്‌ തലയാട്ടി പതിവ്‌ ചിരിചിരിച്ചു. ജയദേവന്‌ ഒരു വോട്ടുകൂടി ഉറച്ചുവെന്ന്‌ സ്വയം പരിഹസിച്ചുകൊണ്ട്‌ കെ പി രാജേന്ദ്രന്‍ നടന്നു നീങ്ങി. സാങ്കേതിമായ അര്‍ഥത്തില്‍ പോളിംഗ്‌ സ്റ്റേഷനകത്ത്‌ മന്ത്രി വോട്ടഭ്യര്‍ഥിച്ചുവെന്ന ആരോപണത്തിന്‌ സാധ്യതയുണ്ട്‌. പക്ഷേ, സംഭവം കണ്ടു നിന്നവര്‍ക്കും പിന്നീട്‌ ടെലിവിഷന്‍ ചാനലുകളില്‍ ദൃശ്യം കണ്ടവര്‍ക്കും കൗതുകമോ തമാശയോ ആണ്‌ തോന്നിയത്‌. കോണ്‍ഗ്രസുകാര്‍ സംഗതി ആദ്യം ഗൗരവത്തിലെടുത്തു. അവര്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷനു പരാതി നല്‍കി, മന്ത്രി പോളിംഗ്‌ സ്റ്റേഷനില്‍ വെച്ച്‌ വോട്ടഭ്യര്‍ഥിച്ചത്‌ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ ആരോപിച്ച്‌. പിന്നീട്‌ അവര്‍ പരാതി പിന്‍വലിക്കുകയും ചെയ്‌തു. പക്ഷേ, പൊതുതാത്‌പര്യ ഹര്‍ജികള്‍ നല്‍കുന്നതിലൂടെ പ്രശസ്‌തരാകാന്‍ ശ്രമിക്കുന്നവര്‍ ഇതില്‍ തഞ്ചം കണ്ടു. അവര്‍ കോടതിയെ സമീപിച്ചു. രാജേന്ദ്രന്റെ വോട്ട്‌ ചോദിക്കലിന്റെയും കരുണാകരന്റെ സമ്മതത്തിന്റെയും തമാശ പൊതുജനത്തിന്‌ മനസ്സിലായെങ്കിലും കോടതിക്ക്‌ മനസ്സിലായില്ല. പൊതുതാത്‌പര്യ ഹരജി ഫയലില്‍ സ്വീകരിച്ച്‌ നോട്ടീസ്‌ അയക്കാന്‍ ഉത്തരവിട്ടു. നിലനില്‍ക്കുന്ന തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചതിന്‌ മന്ത്രിയെ ശകാരിക്കാന്‍ ഒരവസരം ലഭിക്കുകയും അതിന്റെ ആഘാതത്തില്‍ മന്ത്രി രാജിവെക്കുകയുംചെയ്‌താല്‍ പൊതുതാത്‌പര്യ ഹരജിക്കാരനു മാത്രമല്ല കോടതിക്കും അവിടുത്തെ ജഡ്‌ജിക്കും ലഭിക്കാനിടയുള്ള പേരും പ്രശസ്‌തിയും എത്രയായിരിക്കും! അതിനുള്ള അവസരം പാഴാക്കിക്കളയുന്നത്‌ ബുദ്ധിയല്ലെന്നു കോടതിക്കും തോന്നിയിട്ടുണ്ടാവണം.


ഈ സംഭവം നടക്കുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ തിരുവനന്തപുരം കോടതിയില്‍ മറ്റൊരു നാടകം അരങ്ങേറി. സി ബി ഐ അന്വേഷണം നടത്തി പ്രതിപ്പട്ടിക തയ്യാറാക്കി പ്രോസിക്യൂഷന്‍ നടപടി തുടങ്ങുന്നതിന്‌ സംസ്ഥാന സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും അനുമതി തേടി കാത്തിരിക്കുന്ന എസ്‌ എന്‍ സി ലാവ്‌ലിന്‍ അഴിമതി ആരോപണമാണ്‌ വിഷയം. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്നും അതിന്‌ സി പി എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെയും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെയും പ്രതികളാക്കി കേസെടുക്കണമെന്നുമാവശ്യപ്പെട്ട്‌ അഭിഭാഷകന്‍ കൂടിയായ പൊതുതാത്‌പര്യക്കാരന്‍ തിരുവനന്തപുരത്തെ കോടതിയില്‍ ഹരജി നല്‍കി. നേരത്തെ വിജിലന്‍സും പിന്നീട്‌ സി ബി ഐയും അന്വേഷണം നടത്തിയ കേസാണിത്‌. ഫയലുകള്‍ കാണാതായതിനെക്കുറിച്ച്‌ അവര്‍ അന്വേഷിച്ചിട്ടുണ്ടോ എന്നു ചോദിക്കാനൊന്നും കോടതി മിനക്കെട്ടില്ല. ഹരജി ഫയലില്‍ സ്വീകരിച്ചു. അടുത്ത തവണ ഹരജി പരിഗണിച്ചപ്പോള്‍ പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്‌ണനെതിരെയും കേസെടുത്ത്‌ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌. സി ബി ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടതും ഹൈക്കോടതിയാണ്‌. മേല്‍ക്കോടതി ഇത്തരം ഇടപെടലുകള്‍ നടത്തിയ കേസില്‍ സാധാരണഗതിയില്‍ കീഴ്‌ക്കോടതികള്‍ ഇടപെടുന്ന പതിവില്ല. പക്ഷേ, ഇതൊന്നും തിരുവനന്തപുരത്തെ കോടതിക്കു തടസ്സമായില്ല. ഈ കേസിനു ലഭിക്കാനിടയുള്ള അനന്യസാധാരണമായ പ്രശസ്‌തി, അല്ലെങ്കില്‍ ഫയലുകള്‍ കാണാതായ സംഭവം പോലീസ്‌ അന്വേഷിച്ച്‌ ഫയലുകള്‍ യഥാസ്ഥാനത്തുണ്ടെന്ന്‌ ഉറപ്പു വരുത്തി കേസ്‌ തള്ളിക്കളയുന്നതിനുള്ള ധൃതി. രണ്ടിലൊന്നാണ്‌ കോടതിയുടെ ഈ ഇടപെടലിന്‌ കാരണമെന്ന്‌ വിലയിരുത്തേണ്ടിവരും. കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയരായ ആളുകള്‍ക്കു വേണ്ടി പല പൊതുതാത്‌പര്യക്കാരും കോടതിയില്‍ ഹരജികള്‍ നല്‍കി തള്ളിപ്പിച്ച്‌ മുഖ്യകേസിനെ ദുര്‍ബലപ്പെടുത്തിയ കാഴ്‌ച കേരളം കണ്ടതാണ്‌.


ഇതിനും മുമ്പാണ്‌ കേരള ഹൈക്കോടതിയില്‍ നിന്നു വിചിത്രമായ ചില പരാമര്‍ശങ്ങളുണ്ടായത്‌. ഒരു ക്രിമിനല്‍ കേസ്‌ പരിഗണിച്ച കോടതി കണ്ടെത്തിയത്‌ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നാണ്‌. സംസ്ഥാനത്തുള്ള ഗുണ്ടകളില്‍ ഭൂരിഭാഗവും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്ന അത്യപൂര്‍വമായ കണ്ടെത്തലും കോടതി നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഈ പരാമര്‍ശങ്ങളെന്നതിനാല്‍ പത്രമാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ഈ അഭിപ്രായ പ്രകടനങ്ങള്‍ക്കു കിട്ടി. സംഗതി രാഷ്‌ട്രീയ വിവാദവുമായി. കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്‌. 15 വര്‍ഷം മുമ്പ്‌ തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സ്‌ കത്തിച്ച സംഭവത്തില്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ ഭാര്യ സൂഫിയ മഅ്‌ദനിക്കുള്ള പങ്ക്‌ അന്വേഷിക്കാന്‍ ആലുവയിലെ കോടതിയും അടുത്തിടെ ഉത്തരവിട്ടു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ടെലിഫോണ്‍ വിളികളുടെ കണക്കും കാര്യങ്ങളും കണക്കിലെടുത്താല്‍ അന്വേഷിക്കാതിരിക്കാന്‍ കഴിയില്ലെന്ന്‌ കോടതിക്ക്‌ ഉത്തമബോധ്യമുണ്ടായിക്കാണണം.


ഇതൊക്കെ നടക്കുന്നതിനിടയിലാണ്‌ കണിച്ചുകുളങ്ങളര കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സജിത്ത്‌, ബിനീഷ്‌ എന്നിവരെക്കുറിച്ച്‌ ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌. ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ഇവര്‍ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരായത്‌ ആഡംബകരക്കാറുകളിലായിരുന്നു. കോടതി വളപ്പില്‍ സര്‍വതന്ത്രസ്വതന്ത്രരായാണ്‌ ഇവര്‍ പെരുമാറിയത്‌. കുടുംബാംഗങ്ങളുമായി അടുത്തിടപഴകാന്‍ ഇരുവര്‍ക്കും പോലീസ്‌ വേണ്ട സൗകര്യം ചെയ്‌തുകൊടുത്തു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആഡംബരകാറുകളില്‍ വിലസുന്നത്‌ ചൂണ്ടിക്കാട്ടാന്‍ ഒരു പൊതുതാത്‌പര്യക്കാരനുമുണ്ടായില്ല. മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കി കേസെടുക്കാനും എന്തുകൊണ്ട്‌ ഇവര്‍ക്ക്‌ ഇത്രയും സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നുവെന്ന്‌ അന്വേഷിക്കാനും ഒരു കോടതിയും മിനക്കെട്ടതുമില്ല. ഇത്‌ കൂട്ടത്തില്‍ പറഞ്ഞുവെന്ന്‌ മാത്രം. ആദ്യം പരാമര്‍ശിച്ച മൂന്നു കേസുകളുടെ കാര്യത്തിലേക്ക്‌ തിരികെ വരുക. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയും അഞ്ചു വര്‍ഷത്തിലധികം വിചാരണത്തടവുകാരായി തുടരുന്നവര്‍ കാല്‍ക്കോടിയോളമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ കെ പി രാജേന്ദ്രനെതിരെ കേസെടുക്കാനും ഫയലുകള്‍ കാണാതായ സംഭവം അന്വേഷിക്കാനും കോടതികള്‍ നിര്‍ദേശിക്കുന്നത്‌. ദുര്‍ബലവും താരതമ്യേന അനാവശ്യവുമായ ഇത്തരം കേസുകള്‍ക്കായി കോടതികളുടെ വിലപ്പെട്ട സമയമാണ്‌ ചെലവഴിക്കപ്പെടുന്നത്‌. പൊതുഖജനാവിലെ പണവും നിരവധി പേരുടെ പ്രയത്‌നവും ഇതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഒരു ക്രിമിനല്‍ കേസ്‌ പരിഗണിക്കവെ ഹൈക്കോടതി നടത്തിയ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ മറ്റൊരു കേസിന്‌ വഴിതുറന്നു. പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സുപ്രീം കോടതിയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചതോടെ അതിനും പൊതുഖജനാവില്‍ നിന്നു പണം ചെലവഴിക്കേണ്ടിവരുന്നു.


ലഭിക്കുന്ന പരാതികളുടെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യുക മാത്രമല്ല കോടതികളുടെ ചുമതല. പരാതികള്‍ സ്വീകരിക്കും മുമ്പ്‌ അതിന്റെ സ്വാഭാവികത ഉറപ്പാക്കേണ്ട ബാധ്യതകൂടി കോടതിക്കുണ്ട്‌. ഈ ബാധ്യത നിറവേറ്റാന്‍ കോടതികള്‍ തയ്യാറാവാത്തതുകൊണ്ടാണ്‌ പ്രശസ്‌തിയും അതിലൂടെ ലഭിക്കാന്‍ ഇടയുള്ള സാമ്പത്തിക ലാഭവും ലക്ഷ്യമിടുന്ന പൊതുതാത്‌പര്യക്കാര്‍ പെരുകുന്നത്‌. വൈകിയാലും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലക്ഷക്കണക്കിനാളുകള്‍ പുറത്തു കാത്തുനില്‍ക്കുമ്പോഴാണ്‌ ഇത്തരം പൊതുതാത്‌പര്യക്കാര്‍ക്ക്‌ അനര്‍ഹമായ പരിഗണന ലഭിക്കുന്നത്‌. ഇതു കോടതിയുടെ ഭാഗത്തു നിന്നുള്ള അനീതിയായി മാത്രമേ കാണാനാവൂ. നീതിന്യായ സംവിധാനത്തെ ജനകീയമാക്കിയതിന്റെ ക്രെഡിറ്റ്‌ സുപ്രീം കോടതി മുന്‍ ജഡ്‌ജികൂടിയായ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. കൃഷ്‌ണയ്യര്‍ കേരള ഹൈക്കോടതിയില്‍ ജഡ്‌ജിയായിരിക്കെ പത്രങ്ങളിലും മറ്റും വരുന്ന റിപ്പോര്‍ട്ടുകള്‍ സ്വമേധയാ ഹരജിയായി സ്വീകരിച്ചു സുപ്രധാനമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ പൊതുതാത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നു അക്കാലത്തെ വിധികളെല്ലാം. പിന്നീട്‌ ഇതു നീതിന്യായ സംവിധാനത്തിലെ ഒഴിവാക്കാനാവാത്ത മേഖലയായി മാറിയപ്പോള്‍ ജുഡീഷ്യല്‍ ആക്‌ടിവിസത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ശക്തമായി. ഇപ്പോള്‍ ജുഡീഷ്യല്‍ ആക്‌ടിവിസത്തിന്റെ മേഖലയും മറികടന്നിരിക്കുന്നു. പൊതുതാത്‌പര്യ ഹരജിക്കാരും കോടതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പോലും സംശയങ്ങള്‍ ഉയരുകയാണ്‌. കോടതികള്‍ പ്രശസ്‌തി ലക്ഷ്യമിട്ട്‌ അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും നടത്തുന്നതില്‍ സുപ്രീം കോടതി പലതവണ അതൃപ്‌തി പ്രകടിപ്പിച്ചു. ഒറ്റപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോള്‍ പൊതുവായ അഭിപ്രായപ്രകടനം നടത്തുന്നതില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്ന്‌ ദിനേന എന്നോണം സുപ്രീം കോടതി ഓര്‍മിപ്പിക്കുന്നുണ്ട്‌. പക്ഷേ, ഒന്നും ഫലപ്രദമാവുന്നില്ല. കെട്ടിക്കിടക്കുന്ന കേസുകളും അതില്‍ കുടുങ്ങി നശിക്കുന്ന ജീവിതങ്ങളുമല്ല, സ്വകാര്യമായുണ്ടാകുന്ന പ്രശസ്‌തിയും അതിലൂടെ പിന്നീട്‌ ലഭിക്കാനിടയുള്ള സ്ഥാനമാനങ്ങളുമാണ്‌ ജഡ്‌ജിമാരുടെ മുഖ്യ പരിഗണനയായി വരുന്നത്‌. അങ്ങനെ വരുമ്പോള്‍ പൊതുതാത്‌പര്യക്കാരെ വെറുപ്പിക്കനാവില്ല. രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട പരാതികളാണെങ്കില്‍ പ്രത്യേകിച്ചും.


ഇന്ന്‌ ഇടതുപക്ഷം ഭരണത്തിലായതിനാല്‍ കോടതി ഇടപെടലുകളെ പരമാവധി ആഘോഷിക്കുകയാണ്‌ കോണ്‍ഗ്രസും യു ഡി എഫും. ചന്ദന വേട്ടയുമായി ബന്ധപ്പെട്ട ഒരു കേസ്‌ പരിഗണിക്കവെ മന്ത്രിയുടെ ഓഫീസും ചന്ദന മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്നു ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ്‌ കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറില്‍ വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥനെ വീട്ടില്‍ ഇരുത്തിയതെന്നത്‌ അവരുടെ ഓര്‍മയില്‍ ഉണ്ടോ ആവോ?

No comments:

Post a Comment