2009-04-01

ഭീകരന്‍ ഉണ്ടാവേണ്ടത്‌


1984 നവംബര്‍ ഒന്ന്‌, രണ്ട്‌ തിയ്യതികളില്‍ ഗുര്‍ചരണ്‍ സിംഗ്‌ റിഷി കണ്ടതും അനുഭവിച്ചതും - ഡല്‍ഹി റൂറല്‍ ഡവലപ്പ്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാനും കോണ്‍ഗ്രസ്‌ നേതാവുമായ സജ്ജന്‍ കുമാര്‍ ആയിരത്തിലധികം വരുന്ന അക്രമി സംഘത്തെ നയിക്കുന്നു. സിഖുകളെ കൊന്നൊടുക്കുക എന്ന്‌ ആക്രോശിക്കുകയാണ്‌ അക്രമി സംഘം. ഈ പ്രദേശത്തെ ഒരു സിഖുകാരനും ജീവനോട്‌ രക്ഷപ്പെടരുതെന്ന്‌ അക്രമികള്‍ക്ക്‌ സജ്ജന്‍ കുമാര്‍ നിര്‍ദേശം നല്‍കുന്നു. ഈ പട്ടികള്‍ ശിക്ഷിക്കപ്പെടണമെന്ന്‌ സജ്ജന്‍ ആക്രോശിക്കുന്നു. അഗ്‌നി വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കിലേക്ക്‌ അക്രമികളുടെ സംഘം ഗുര്‍ചരണിനെ എടുത്തെറിഞ്ഞു. ഭാഗ്യം കൊണ്ടു മാത്രം ജീവന്‍ തിരിച്ചുകിട്ടിയ ഗുര്‍ചരണ്‍ പിന്നീട്‌ കിടക്കയില്‍ നിന്ന്‌ എഴുന്നേറ്റിട്ടില്ല.ഡല്‍ഹിയിലെ പുല്‍ ബംഗാഷ്‌ ഗുരുദ്വാരയില്‍ ഗ്യാനി സുരീന്ദര്‍ സിംഗ്‌ കണ്ടത്‌ - അക്രമികളുടെ സംഘത്തെ നയിച്ചിരുന്നത്‌ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ജഗ്‌ദീഷ്‌ ടൈറ്റ്‌ലറായിരുന്നു. സിഖുകളെ കൊന്നൊടുക്കാന്‍ ടൈറ്റ്‌ലര്‍ കൂടെയുണ്ടായിരുന്നവര്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു. ടൈറ്റ്‌ലറുടെ ഉത്തരവ്‌ അനുസരിച്ച അനുയായികള്‍ ഭായ്‌ ബാദല്‍ സിംഗ്‌ റാഗി, താക്കുര്‍ സിംഗ്‌, അമര്‍ജിത്‌ സിംഗ്‌ ബേദിയുടെ വേലക്കാരനെയും കൊന്നു. പുല്‍ ബംഗാഷ്‌ ഗുരാദ്വാരക്ക്‌ തീവെച്ചു. ഗുരുദ്വാരയിലുണ്ടായിരുന്ന സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥാ സാഹിബിന്റെ 36 പകര്‍പ്പുകള്‍ കത്തിനശിച്ചു.എച്ച്‌ കെ എല്‍ ഭഗത്ത്‌ എന്ന കോണ്‍ഗ്രസ്‌ നേതാവിനെതിരെയും ഇത്തരം ദൃക്‌സാക്ഷി മൊഴികളുണ്ട്‌. രോഗബാധിതനായ ഭഗത്ത്‌ മരിച്ചുപോയതിനാല്‍ അത്‌ ഒഴിവാക്കുന്നു. 1984 ഒക്‌ടോബര്‍ 31ന്‌ ഇന്ദിരാഗാന്ധിയെ സുരക്ഷാഭടന്മാരായിരുന്ന ബിയാന്ത്‌ സിംഗും സത്‌വന്ത്‌ സിംഗും വെടിവെച്ചുകൊലപ്പെടുത്തിയതിനു ശേഷം ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ്‌ വംശഹത്യയുടെ സാക്ഷിമൊഴികളാണ്‌ ഇവ. ഒക്‌ടോബര്‍ 31ന്‌ വൈകിട്ട്‌ ആരംഭിച്ച കൂട്ടക്കൊലയും കൊള്ളിവെപ്പും നവംബര്‍ ഒന്ന്‌, രണ്ട്‌ തിയ്യതികളില്‍ തുടര്‍ന്നു. സംഘര്‍ഷം പൂര്‍ണമായി കെട്ടടങ്ങിയത്‌ നവംബര്‍ പത്തോടെയായിരുന്നു. സിഖുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍. മാരകായുധങ്ങളുമായി ആക്രമണം നടത്തിയവര്‍ നിരവധി പേരെ കൊലപ്പെടുത്തി. അതുകൊണ്ടും തൃപ്‌തരാവാതെ മൃതദേഹത്തിന്‌ മേല്‍ മണ്ണെണ്ണയൊഴിച്ച്‌ തീക്കൊളുത്തി. വെട്ടേറ്റ്‌ പകുതി പ്രാണനായി കിടന്നിരുന്ന പലരും വെന്തുമരിച്ചു. ചിലയിടങ്ങളില്‍ സിഖുകാരെ ജീവനോടെ ചുട്ടെരിച്ചു. സ്‌ത്രീകള്‍ കൂട്ട ബലാത്സംഗത്തിന്‌ ഇരയായി. കുട്ടികളെപ്പോലും വെറുതെവിട്ടില്ല. സിഖുകാരുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു. കൊള്ളക്കു ശേഷം അക്രമികള്‍ കടകള്‍ക്ക്‌ തീവെച്ചു. അക്രമികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. പിന്നെ തരം കിട്ടിയപ്പോള്‍ തെരുവിലിറങ്ങിയ ഗുണ്ടകളും. ഇവര്‍ക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍, എച്ച്‌ കെ എല്‍ ഭഗത്ത്‌ എന്നിവരുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ്‌ ആരോപണം. ഇവര്‍ പലേടത്തും അക്രമികള്‍ക്കൊപ്പമെത്തുകയും സിഖുകാരെ കൂട്ടക്കൊല ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തുവെന്നാണ്‌ മേലുദ്ധരിച്ച സാക്ഷിമൊഴികള്‍ പറയുന്നത്‌. അക്രമത്തിനു ശേഷം ജീവച്ഛവമായി ശേഷിക്കുന്നവര്‍ നിരവധി. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ രോഷവും നീറുന്ന വേദനയുമായി കഴിയുന്ന സ്‌ത്രീകളും കുറവല്ല. ബന്ധുക്കളെ ജീവനോടെ ചുട്ടെരിച്ചതു കണ്ടതിന്റെ ആഘാതത്തില്‍ മനോനില തെറ്റിയവരുമുണ്ട്‌. ഇന്ദിരാ സഹതാപ തരംഗത്തില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‌ നേതൃത്വം നല്‍കിയ മകന്‍ രാജീവ്‌ ഗാന്ധി ഈ സംഭവങ്ങളെക്കുറിച്ച്‌ പ്രതികരിച്ചത്‌ ഇങ്ങിനെയായിരുന്നു - `` വലിയ മരങ്ങള്‍ വീഴുമ്പോള്‍ അതിന്റെ ചുവടെയുള്ള ചെറുചെടികള്‍ നശിക്കുക സ്വാഭാവികം മാത്രം''.സിഖ്‌ കൂട്ടക്കൊലയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പല കാലങ്ങളിലായി പത്ത്‌ കമ്മീഷനുകളാണ്‌ നിയോഗിക്കപ്പെട്ടത്‌. കമ്മീഷനുകളില്‍ ഭൂരിഭാഗവും തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സജ്ജന്‍ കുമാറിന്റെയും ജഗ്‌ദീഷ്‌ ടൈറ്റ്‌ലറുടെയും എച്ച്‌ കെ എല്‍ ഭഗത്തിന്റെയും പങ്കിനെക്കുറിച്ച്‌ എടുത്തുപറഞ്ഞു. വോട്ടേഴ്‌സ്‌ ലിസ്റ്റുമായാണ്‌ അക്രമികള്‍ സിഖുകാരെ തേടിയെത്തിയത്‌. ഏതു പ്രദേശത്ത്‌ ഏതു വീട്ടില്‍ സിഖുകാരുണ്ടെന്ന്‌ അക്രമികള്‍ക്ക്‌ വ്യക്തമായി അറിയാനാണ്‌ വോട്ടേഴ്‌സ്‌ ലിസ്റ്റ്‌ നല്‍കിയത്‌. വോട്ടേഴ്‌സ്‌ ലിസ്റ്റ്‌ ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന കാലമായിരുന്നില്ല അത്‌. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പക്കല്‍ നിന്നു മാത്രമേ ലിസ്റ്റ്‌ അക്രമികള്‍ക്ക്‌ ലഭിക്കാന്‍ തരമുള്ളൂ. അപ്പോള്‍ ഡല്‍ഹിയിലുള്ള സിഖുകാരെ മുഴുവന്‍ കൊലചെയ്യുക എന്ന ഉദ്ദേശ്യം ആസൂത്രിതമായ അക്രമത്തിന്‌ പിന്നിലുണ്ടായിരുന്നുവെന്ന്‌ വ്യക്തം. അക്രമികള്‍ക്ക്‌ മദ്യവും പണവും സിഖുകാരെ ജീവനോടെ ചുട്ടെരിക്കാനുള്ള മണ്ണെണ്ണയുമൊക്കെ വിതരണം ചെയ്‌തത്‌ കോണ്‍ഗ്രസ്‌ നേതാക്കളായിരുന്നുവെന്ന്‌ ആരോപണമുണ്ട്‌. ചില കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇത്‌ സ്ഥിരീകരിക്കുന്നുമുണ്ട്‌. അക്രമികള്‍ക്ക്‌ പണമെത്തിച്ചതിലും സജ്ജന്‍ കുമാര്‍, ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍, എച്ച്‌ കെ എല്‍ ഭഗത്ത്‌ എന്നിവര്‍ക്ക്‌ പങ്കുണ്ടായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അക്രമം നടക്കുന്ന സ്ഥലങ്ങളിലേക്ക്‌ ദിവസങ്ങളോളം പോലീസ്‌ തിരിഞ്ഞു നോക്കാതിരുന്നതിനു പിന്നിലും അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഈ നേതാക്കളുടെ കരങ്ങളുണ്ടായിരുന്നു. 2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ കാര്‍മികത്വത്തില്‍ നടന്ന വംശഹത്യക്ക്‌ സമാനമായിരുന്നു സംഗതികള്‍. ഇന്ത്യാ മഹാരാജ്യം വിസ്‌മരിക്കാന്‍ ഇഷ്‌ടപ്പെടുന്ന ഈ സമീപകാല ചരിത്രം വിസ്‌തരിച്ചത്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലറിനെയും സജ്ജന്‍ കുമാറിനെയും വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ച പശ്ചാത്തലത്തിലാണ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇവര്‍ മത്സരിച്ച്‌, വിജയിച്ചിരുന്നു. ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ യു പി എ സര്‍ക്കാറില്‍ ദീര്‍ഘകാലം പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. യു പി എയെ പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള മതേതര, വര്‍ഗീയ വിരുദ്ധ പാര്‍ട്ടികള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല. സിഖ്‌ കൂട്ടക്കൊലയിലെ പങ്കിനെക്കുറിച്ച്‌ പുനരന്വേഷണം നടത്താന്‍ സി ബി ഐ തീരുമാനിച്ചപ്പോഴാണ്‌ ടൈറ്റ്‌ലര്‍ രാജിവെച്ചത്‌. ടൈറ്റ്‌ലര്‍ ഇക്കുറി നോര്‍ത്ത്‌ ഈസ്റ്റ്‌ ഡല്‍ഹിയിലും സജ്ജന്‍ കുമാര്‍ സൗത്ത്‌ ഡല്‍ഹിയിലുമാണ്‌ മത്സരിക്കുന്നത്‌. ഇവരെ മത്സരരംഗത്തിറക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ യാതൊരു മനോവിഷമവും ഉണ്ടായില്ല. രണ്ടായിരത്തിലധികം സിഖുകാര്‍ (അനൗദ്യോഗിക കണക്ക്‌) കൂട്ടക്കുരുതി ചെയ്യപ്പെട്ട ഈ സംഭവത്തെ ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിക്കാമോ എന്നതാണ്‌ ചോദ്യം. കേരളത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു ഭീകരനെങ്കിലും ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ ചില മാധ്യമങ്ങളും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും അബ്‌ദുന്നാസര്‍ മഅ്‌ദനിക്കു നേരെ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്‌ ഈ ചോദ്യം. കാശ്‌മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായവരുടെയും മറ്റും മൊഴികളുടെ അടിസ്ഥാനത്തിലാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിക്ക്‌ ഭീകരരുമായി ബന്ധമുണ്ടെന്ന്‌ ഒരു വിഭാഗം വാദിക്കുന്നത്‌. ഈ മൊഴികളുടെ യാഥാര്‍ഥ്യം അജ്ഞാതമാണ്‌. ഏങ്കിലും മഅ്‌ദനിയുടെ മുന്‍കാലത്തെയും ഇപ്പോഴത്തെയും നിലപാടുകളോടും ആശയങ്ങളോടും വിയോജിച്ചുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാം സജ്ജന്‍ കുമാറും ജഗ്‌ദീഷ്‌ ടൈറ്റ്‌ലറും ചെയ്‌തതു പോലെയൊന്നും മഅ്‌ദനി ചെയ്‌തിട്ടില്ല. ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്‌ലിം ലീഗ്‌ നേതൃത്വം സ്വീകരിച്ച നിലപാടില്‍ അതൃപ്‌തരായ ധാരാളം പേരുണ്ടായിരുന്നു. അവരെ തനിക്കൊപ്പം നിര്‍ത്താന്‍ മഅ്‌ദനി ശ്രമിക്കുകയും ചെയ്‌തു. വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഭാഷയിലും ശബ്‌ദത്തിലും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ചിലരെയെങ്കിലും തീവ്രവാദത്തിലേക്ക്‌ തള്ളിവിട്ടിട്ടുമുണ്ടാവാം. അതിനുള്ള ശിക്ഷ മഅ്‌ദനി അനുഭവിച്ചുകഴിഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതു വര്‍ഷത്തിലേറെ നീണ്ട വിചാരണത്തടവ്‌. ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ ശ്രദ്ധിക്കുക. മഅ്‌ദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സു കത്തിച്ചവര്‍ മഅ്‌ദനിയുടെ ഭാര്യ സൂഫിയയുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. ഇവരില്‍ ഒരാളാണ്‌ പിന്നീട്‌ കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ദക്ഷിണേന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതത്വം നല്‍കുന്നവരില്‍ ചിലരുടെ മക്കള്‍ക്ക്‌ എറണാകുളത്ത്‌ വിദ്യാഭ്യാസ സൗകര്യമൊരുക്കാമെന്ന്‌ സൂഫിയ മഅ്‌ദനി വാക്കു നല്‍കിയിരുന്നുവെന്നും മൊഴികളുണ്ട്‌. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്തെങ്കിലും സഹായം സൂഫിയ ചെയ്‌തതായി മൊഴികളില്‍ പറയുന്നില്ല. അവരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്‌ സഹായം ചെയ്‌തുകൊടുക്കാമെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ നിശ്ചമായും ഇവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തിലേക്ക്‌ വിരല്‍ ചൂണ്ടും. പക്ഷെ, അതുമാത്രം വെച്ച്‌ ഇവര്‍ക്ക്‌ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന്‌ പറയാനാവുമോ? സജ്ജന്‍ കുമാറിനും ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്കുമെതിരായ സാക്ഷി മൊഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്‌ ഗൗരവം കുറഞ്ഞതാണെന്ന്‌ കരുതേണ്ടിവരും. അടുത്തിടെ ഒമാന്‍ ഭരണകൂടം കൈമാറിയ സര്‍ഫറാസ്‌ നവാസിന്റെ മൊഴിയാണ്‌ മഅ്‌ദനിക്കെതിരെ ഉയര്‍ന്ന മറ്റൊരു ആയുധം. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന്‌ മോചിതനായ ശേഷം മഅ്‌ദനിയെ കണ്ടുവെന്നും തിരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പങ്കാളിയാവരുതെന്ന്‌ ആവശ്യപ്പെട്ടുവെന്നും സര്‍ഫറാസ്‌ മൊഴി നല്‍കിയിരിക്കുന്നു. തിരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പങ്കാളിയാവരുതെന്ന തന്റെ നിര്‍ദേശത്തോട്‌ മഅ്‌ദനി എന്തു മറുപടി പറഞ്ഞുവെന്ന സര്‍ഫറാസിന്റെ മൊഴി മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. അല്ലെങ്കില്‍ ലഭിച്ചിട്ടും മൂടിവെച്ചിരിക്കുന്നു. 1995ല്‍ തിരൂരങ്ങായി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എ കെ ആന്റണി മത്സരിക്കുമ്പോള്‍ എതിര്‍ക്കാന്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ പ്രതിനിധിയുണ്ടായിരുന്നു. അന്ന്‌ സായുധരായ സ്വകാര്യ സുരക്ഷാഭടന്മാരൊരുക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തില്‍ മഅ്‌ദനി തിരൂരങ്ങാടിയിലെ ഒരു കുടുംബ യോഗത്തില്‍ പ്രസംഗിച്ചതിന്‌ ഈ ലേഖിക സാക്ഷിയായിരുന്നു. ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌, ബോംബെ കലാപം, മുസ്‌ലിം ന്യൂനപക്ഷം രാജ്യത്ത്‌ നേരിടുന്ന അരക്ഷിതാവസ്ഥ, കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ കാട്ടുന്ന അവഗണന, ഹൈന്ദവ വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി ഇതൊക്കെ അന്നത്തെ മഅ്‌ദനിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ശ്രോതാക്കളില്‍ വികാരമുണര്‍ത്തുന്ന രൂക്ഷമായ ഭാഷയും ശബ്‌ദനിയന്ത്രണവുമുണ്ടായിരുന്നു. പക്ഷെ, അന്യസമുദായക്കാരനെ വെറുപ്പോടെ കാണാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്ന്‌ ഉള്ളത്രയും രൂക്ഷമല്ല ഇന്നത്തെ മഅ്‌ദനിയുടെ വാക്കുകളും ശരീരഭാഷയും. ചുരുക്കത്തില്‍ അര്‍ധ സത്യങ്ങളുടെയും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാത്ത വസ്‌തുതകളുടെയും അടിസ്ഥാനത്തില്‍ വലിയൊരു പുകമറ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. ചൂണ്ടിക്കാണിക്കാന്‍ ഒരു ഭീകരനെയെങ്കിലും സ്വന്തമായുണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയാണ്‌ ഈ മറ സൃഷ്‌ടിക്കുന്നത്‌. അവര്‍ക്ക്‌ അവരുടേതായ അജണ്ടയുണ്ടാവും. ഒരു ഹൈന്ദവ ഏകീകരണത്തിന്‌ മഅ്‌ദനിയെന്ന എളുപ്പവഴിയാണ്‌ ഈ അജണ്ട. ഇതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നത്‌ യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും ഹ്രസ്വകാല ലക്ഷ്യം. ഹൈന്ദവ ഏകീകരണമുണ്ടായാല്‍ ഭാവിയിലെങ്കിലും അതിന്റെ ഗുണഫലം ഉണ്ണാനാവുമെന്നത്‌ ബി ജെ പിയുടെ ദീര്‍ഘകാല പ്രതീക്ഷ. പി ഡി പി, പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ, ജമാഅത്തെ ഇസ്‌ലാമി ഭാവിയില്‍ രൂപവത്‌കരിക്കാനിരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടി എന്നിവയിലൂടെ വിഭജിക്കപ്പെടാന്‍ ഇടയുള്ള സ്വന്തം വോട്ടുബാങ്ക്‌ പിടിച്ചുനിര്‍ത്തുക എന്നത്‌ മുസ്‌ലിം ലീഗിന്റെ ലക്ഷ്യം. ഇതെല്ലാം ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള അപകടത്തെക്കുറിച്ച്‌ ചിന്തകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്ന്‌ എല്‍ ഡി എഫിന്‌ പരസ്യ പിന്തുണയുമായി മഅ്‌ദനി രംഗത്തെത്തിയതാണ്‌ ഇതിനെല്ലാം അടിസ്ഥാനം. നാളെ മഅ്‌ദനി യു ഡി എഫിന്‌ പിന്തുണ പ്രഖ്യാപിക്കുന്ന കാലത്ത്‌ ഇതിലും വലിയ സാക്ഷിമൊഴികളുമായി സി പി എമ്മും മാധ്യമങ്ങളും രംഗത്തുവരും. അപ്പോഴും വര്‍ഗീയമായ ചേരിതിരിവിന്റെ ഭീഷണിയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയും ഉണ്ടാവും. വ്യക്തികേന്ദ്രീകൃതമായി നിലനില്‍ക്കുന്ന മറ്റൊരു ന്യൂനപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയും അതിന്റേ നേതൃത്വത്തില്‍ ലക്ഷണയുക്തനായ മറ്റൊരു `മഅ്‌ദനി'യും ഉണ്ടാവുന്നിടത്തോളം അബ്‌ദുന്നാസര്‍ മഅ്‌ദനി നമ്മുടെ സ്വന്തം `ഭീകരനാ'യി തുടരും. സജ്ജന്‍ കുമാറുമാരും ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍മാരും തിരഞ്ഞെടുപ്പുകളില്‍ ജയിച്ച്‌ കേന്ദ്രമന്ത്രിമാരായി വിരാജിക്കുകയും ചെയ്യും.