2009-04-12

ഖദറില്‍ ചോരക്കറ


രോ രാജ്യത്തിനും അതിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന അടിസ്ഥാന മേഖലയുണ്ടാവും. ചിലയിടങ്ങളില്‍ അത്‌ കൃഷിയായിരിക്കും. മറ്റു ചില രാജ്യങ്ങള്‍ക്ക്‌ വിനോദ സഞ്ചാരം. പിന്നെയൊരിടത്ത്‌ സേവന രംഗമായിരിക്കും. ഭൂമിശാസ്‌ത്ര ഘടന, പ്രകൃതി വിഭവങ്ങള്‍, ധാതു സമ്പത്ത്‌, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലുണ്ടായ പുരോഗതി എന്നിവയാണ്‌ ഓരോ രാജ്യത്തിന്റെയും നിലനില്‍പ്പിന്‌ ആധാരമായ മേഖലകളെ നിര്‍ണയിക്കുന്നത്‌. ജനത ഉയിരെടുക്കുകയും പരമ്പരകളായി ജീവിച്ചുവരികയും ചെയ്‌ത ഭൂമി അവന്റെ രാജ്യമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ക്ക്‌ പ്രസക്തിയുള്ളൂ. അധിനിവേശത്തിലൂടെ കയ്യടക്കുകയും അവിടേക്ക്‌ ജനതയെ കുടിയിരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം സ്വാഭാവികതകളൊന്നും പ്രസക്തമല്ല. അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ്‌ അടിച്ചമര്‍ത്തുക എന്നതു തന്നെയാവും കയ്യേറ്റം നടത്തിയ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ്‌ ഇസ്‌റാഈല്‍ എന്ന രാജ്യത്തിന്റെ സ്ഥിതിയും. സഹായത്തിന്‌ അമേരിക്കയും ബ്രിട്ടനുമൊക്കെയുണ്ടായിരുന്നുവെങ്കിലും ആയുധബലമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലായിരുന്നു അവര്‍ക്ക്‌. അമേരിക്കയില്‍ നിന്നും മറ്റും ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയ ഇസ്‌റാഈല്‍ ഭരണകൂടം പിന്നീട്‌ സ്വയം ആയുധങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മൂന്ന്‌ ആയുധ ഫാക്‌ടറികളുണ്ട്‌ ഇപ്പോള്‍ ഇസ്‌റാഈലില്‍. സ്വകാര്യ മേഖലയില്‍ 150 എണ്ണവും. ഇസ്‌റാഈലിന്‌ വേണ്ട ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം ആഗോള ആയുധ വിപണിയുടെ വലിയൊരു ഭാഗം ഇവ സ്വന്തമാക്കിയിരിക്കുന്നു. പ്രതിവര്‍ഷം 350 കോടി അമേരിക്കന്‍ ഡോളറാണ്‌ ഈ കമ്പനികള്‍ വഴി ലഭിക്കുന്ന വരുമാനം. ഇത്‌ ഔദ്യോഗികമായ കണക്ക്‌ മാത്രമാണ്‌. അനൗദ്യോഗിക ആയുധ ഇടപാടുകളും അതുവഴി ലഭിക്കുന്ന കോടികളും പുറമെ. രാജ്യങ്ങള്‍ക്കു മാത്രമല്ല ഇസ്‌റാഈല്‍ കമ്പനികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നത്‌. പണമുള്ള ആരുമായും അവര്‍ ആയുധ ഇടപാട്‌ നടത്തും. ലാഭമെടുക്കും.
ഇസ്‌റാഈലിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ആയുധ കമ്പനികള്‍ വഹിക്കുന്ന പങ്ക്‌ നിര്‍ണായകവുമാണ്‌. 2008ലെ കണക്കനുസരിച്ച്‌ ഇസ്‌റാഈലിലെ ആകെ ജനസംഖ്യ 71,12,359 ആണ്‌. ഇതില്‍ ഇസ്‌റാഈല്‍ പ്രദേശത്ത്‌ മാത്രമുള്ളത്‌ 33,53,936 പേര്‍ മാത്രം. ഇവരില്‍ അമ്പതിനായിരം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നത്‌ ആയുധക്കമ്പനികളാണ്‌. അതായത്‌ ഇസ്‌റാഈലികളുടെ ആളോഹരി വരുമാനത്തില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നുണ്ട്‌ ഈ കമ്പനികള്‍ എന്ന്‌ അര്‍ഥം. കേരളത്തിലെ ജനസംഖ്യ മൂന്നു കോടിയിലധികമാണെന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ ആയുധക്കമ്പനികള്‍ 50,000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നുവെന്ന്‌ പറയുന്നതിലെ വലിപ്പം മനസ്സിലാവും. 2008ലെ കണക്കനുസരിച്ച്‌ 1,87,000 പേരാണ്‌ ഇസ്‌റാഈല്‍ സൈന്യത്തിലുള്ളത്‌. 4,08,000 പേര്‍ റിസര്‍വായുമുണ്ട്‌. കരയില്‍ നിന്ന്‌ പ്രയോഗിക്കാവുന്ന 14,200 ഇനം ആയുധങ്ങള്‍ ഇസ്‌റാഈല്‍ വികസിപ്പിച്ചിട്ടുണ്ട്‌. ദൂരത്തിലുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ള തരം ആയുധങ്ങള്‍ 2,783 ഇനമുണ്ട്‌. പടക്കപ്പലുകള്‍ 18. പോര്‍വിമാനങ്ങള്‍ 1,230 എണ്ണം. 386 ഹെലിക്കോപ്‌റ്ററുകളും. ഇതെല്ലാം ഔദ്യോഗികമായ കണക്കുകള്‍ മാത്രമാണ്‌. ഇത്രയും വലിയ ആയുധ ശേഖരം സ്വന്തമാക്കിയതിനു ശേഷമാണ്‌ ഇസ്‌റാഈല്‍ വിദേശ രാജ്യങ്ങളിലേക്ക്‌ ആയുധക്കയറ്റുമതി നടത്തി കോടികള്‍ സമ്പാദിക്കുന്നത്‌. വാര്‍ഷിക ബജറ്റില്‍ പ്രതിരോധത്തിന്‌ നീക്കിവെക്കുന്നത്‌ കോടികളാണ്‌. 1999ലെ പ്രതിരോധ ബജറ്റ്‌ 1870 കോടി ഡോളറായിരുന്നു. ആയുധ നിര്‍മാണം, സുസജ്ജമായ സേനയെ നിലനിര്‍ത്തല്‍ എന്നിവക്ക്‌ ഇസ്‌റാഈല്‍ നല്‍കുന്ന പ്രാമുഖ്യം വെളിവാക്കാനാണ്‌ ഈ കണക്കുകള്‍ നിരത്തിയത്‌.
സ്വന്തം ദേശത്തു നിന്ന്‌ നിഷ്‌കാസിതരായ, ഏറെക്കുറെ ഒരു ആള്‍ക്കൂട്ടത്തിന്റെ ശക്തിമാത്രം ശേഷിക്കുകയും ചെയ്യുന്ന ഫലസ്‌തീന്‍ ജനതയെ നേരിടുക എന്നതാണ്‌ ഈ സജ്ജീകരണങ്ങളുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. സാമ്രാജ്യത്വ ശക്തികളുടെ കരുത്തില്‍ ലബനനില്‍ നിന്നും സിറിയയില്‍ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ സംരക്ഷിക്കുക എന്നതും. സംരക്ഷണത്തിനു മാത്രമല്ല, പലപ്പോഴും കടന്നാക്രമണത്തിനും ഇത്‌ ഉപയോഗിക്കുന്നു. ഗാസയും വെസ്റ്റ്‌ ബാങ്കും ഉള്‍ക്കൊള്ളുന്ന ചെറിയ പ്രദേശത്തു മാത്രമായി ഒതുങ്ങിയിരിക്കുകയാണ്‌ പലസ്‌തീന്‍ ജനത. അവര്‍ക്ക്‌ ഭക്ഷണം, ഔഷധം തുടങ്ങി അവശ്യവസ്‌തുക്കളും കുടിവെള്ളം വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാവേണ്ടത്‌ ഇസ്‌റാഈലിന്റെ അധിനിവിഷ്‌ട പ്രദേശങ്ങളിലൂടെയാണ്‌. വെസ്റ്റ്‌ ബാങ്കിലും ഗാസയിലും വേണ്ട വൈദ്യുതിയുടെ ഒരു വിഹിതം നല്‍കേണ്ടതും ഇസ്‌റാഈലാണ്‌. ഭക്ഷ്യവസ്‌തുക്കളുടെയും ഔഷധത്തിന്റെയും വിതരണം ഇസ്‌റാഈല്‍ ഇടക്കിടെ നിര്‍ത്തിവെക്കും. വൈദ്യുതി വിതരണവും തടസ്സപ്പെടുത്തും. ജന്മദേശത്ത്‌ അഭയാര്‍ഥികളെപ്പോലെ കഴിയുന്ന ഫലസ്‌തീന്‍ ജനത ഇതോടെ കൂടുതല്‍ ദുരിതത്തിലാവും. ഈ ദുരിതത്തിന്റെ ഇടയിലേക്കാണ്‌ ഇസ്‌റാഈലി ടാങ്കുകള്‍ പാഞ്ഞുകയറുക. പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുക. മിസൈലുകള്‍ തീ തുപ്പുക. വിദേശ രാജ്യങ്ങള്‍ക്ക്‌ ആയുധം വില്‍ക്കുന്നതിലൂടെ കിട്ടുന്ന പണമാണ്‌ ഇതിനെല്ലാം ഇസ്‌റാഈലിന്‌ കരുത്ത്‌ നല്‍കുന്നത്‌.
ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണം അന്താരാഷ്‌ട്ര സമൂഹത്തിന്റെ വലിയ വിമര്‍ശം വിളിച്ചുവരുത്തിയിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്‌ട്ര സഭയുടെ നിര്‍ദേശം ലംഘിച്ചാണ്‌ ആഴ്‌ചകളോളം ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ അഴിഞ്ഞാടിയത്‌. അഞ്ഞൂറിലേറെ ഫലസ്‌തീനികള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസ്‌ പോരാളികള്‍ക്കു നേരെ എന്ന പേരില്‍ നടത്തിയ ആക്രമണങ്ങളില്‍ പലതും ജനാധിവാസ പ്രദേശങ്ങള്‍ക്കു നേര്‍ക്കുള്ളതായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്‌ത്രീകളും കുട്ടികളുമായിരുന്നു ഭൂരിഭാഗവും. ഈ ആക്രമണത്തിന്‌ ശേഷം സൈന്യത്തിന്‌ അടിയന്തര സഹായമായി ഇസ്‌റാഈല്‍ സര്‍ക്കാര്‍ അനുവദിച്ചത്‌ 59 കോടി ഡോളറായിരുന്നു. പുതിയ ആയുധങ്ങള്‍ സേനയുടെ ഭാഗമാക്കി, അടുത്ത ആക്രമണത്തിന്‌ തയ്യാറെടുക്കുന്നതിനുള്ള പണമായിരുന്നു ഇത്‌. ഇതിനു പുറമെ പ്രതിരോധ ബജറ്റില്‍ വലിയ വര്‍ധനയും വരുത്തി. അതിനു ശേഷമാണ്‌ പ്രധാനമന്ത്രി യെഹൂദ്‌ ഓള്‍മെര്‍ട്ട്‌ സ്ഥാനമൊഴിഞ്ഞത്‌. സൈന്യത്തിനും സൈന്യത്തെ ആധുനികവത്‌കരിച്ച്‌ നിലനിര്‍ത്തുന്നതിനും ഇസ്‌റാഈല്‍ നല്‍കുന്ന പ്രാധാന്യം ഇതില്‍ നിന്ന്‌ കൂടുതല്‍ വ്യക്താവുന്നു.
കണക്കൂകള്‍ ചുരുക്കത്തില്‍ വ്യക്തമാക്കുന്നത്‌ ഇതാണ്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ ആയുധക്കയറ്റുമതിയിലൂടെ പ്രതിവര്‍ഷം 350 കോടി ഡോളര്‍ ഇസ്‌റാഈല്‍ സമ്പാദിക്കുന്നു. ഏറെക്കുറെ സമാനമായ തുക വര്‍ഷംതോറും സൈന്യത്തെ ആക്രമണ സജ്ജമാക്കി നിര്‍ത്താന്‍ ഇസ്‌റാഈല്‍ ചെലവഴിക്കുന്നു. ഗാസയില്‍ അടുത്തിടെ നടന്ന ആക്രമണത്തിന്‌ ശേഷം സൈന്യത്തെ സജ്ജമാക്കി നിര്‍ത്താന്‍ 59 കോടി അനുവദിച്ച ഓല്‍മെര്‍ട്ട്‌ സര്‍ക്കാറിന്റെ നടപടി വിലയിരുത്തിയാല്‍ ഈ കണക്കില്‍ വലിയ തെറ്റുണ്ടാവില്ല. ഈ ആക്രമണ ഫണ്ടിലേക്ക്‌ തങ്ങളുടെ വിഹിതം ഉറപ്പാക്കിക്കൊണ്ടാണ്‌ ഇസ്‌റാഈലീ ആയുധക്കമ്പനികളുമായി ഏഴായിരം കോടിയിലേറെ ഡോളറിന്റെ കരാര്‍ ഇന്ത്യ ഒപ്പുവെക്കുന്നത്‌. യഥാര്‍ഥ കരാര്‍ പതിനായിരം കോടിയുടെതാണെന്നും ഇടനിലക്കാരുടെ കമ്മീഷനും മറ്റു വിഹിതങ്ങളും കിഴിച്ചാണ്‌ കരാര്‍ ഏഴായിരത്തിലേറെ കോടിയുടെതാവുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാറിന്റെ വിശദാംശങ്ങളൊന്നും ഇന്ത്യാ ഗവണ്‍മെന്റ്‌ പുറത്തുവിടാത്തതുകൊണ്ട്‌ ഇത്തരം കേട്ടുകേള്‍വികളെ വിശ്വസിക്കേണ്ടിവരുന്നു.
ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ്‌ ഇസ്‌റാഈലുമായുള്ള ആയുധ ഇടപാടുകള്‍ക്ക്‌ തുടക്കമിടുന്നത്‌. വാജ്‌പയ്‌ സര്‍ക്കാര്‍ അമേരിക്കയുമായി സൗഹൃദബന്ധം സ്ഥാപിച്ചതിന്റെ ഉപോത്‌പന്നമായിരുന്നു ഇസ്‌റാഈലുമായുള്ള ഇടപാടുകളെന്ന്‌ കരുതേണ്ടിവരും. കാരണം ഇസ്‌റാഈല്‍ ആര്‍ക്കൊക്കെ ആയുധങ്ങള്‍ നല്‍കണം, അത്‌ ഏതളവില്‍ വേണം എന്നൊക്കെ തീരുമാനിക്കുന്നത്‌ അമേരിക്കയാണ്‌. അമേരിക്കന്‍ ഭരണകൂടത്തിന്റെ പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ കരാറുമായി മുന്നോട്ടുപോകാന്‍ ഇസ്‌റാഈലിന്‌ കഴിയൂ. ആണവ കരാറില്‍ ഒപ്പ്‌ വെക്കുകയും ഇറാനുമായി അകലം പാലിക്കും വിധത്തില്‍ വിദേശ നയത്തില്‍ മാറ്റം വരുത്തുകയും ചെയ്‌തതോടെ അമേരിക്കയുടെ വിശ്വസ്‌ത പങ്കാളിയായി ഇന്ത്യ മാറിയിട്ടുണ്ട്‌. അതുകൊണ്ട്‌ ഇസ്‌റാഈലില്‍ നിന്ന്‌ ആയുധങ്ങള്‍ വാങ്ങുന്നതിനെ അമേരിക്ക ഒരു കാരണവശാലും എതിര്‍ക്കുകയുമില്ല. ബഹിരാകാശ ഗവേഷണ രംഗത്ത്‌ കൈവരിച്ച നേട്ടങ്ങള്‍ ഉപയോഗിച്ച്‌ ഇസ്‌റാഈലിന്റെ ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കാന്‍ ഇന്ത്യ തയ്യാറാവുകയും ചെയ്‌തതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിട്ടുണ്ട്‌. മുന്‍ കാലങ്ങളില്‍ റഷ്യയില്‍ നിന്നാണ്‌ ഇന്ത്യ ആയുധങ്ങള്‍ വാങ്ങിയിരുന്നത്‌. അതിനു മുമ്പ്‌ സോവിയറ്റ്‌ യൂണിയനില്‍ നിന്നും. 1974ലെ ആദ്യത്തെ അണ്വായുധ പരീക്ഷണത്തിന്‌ ശേഷം ഇന്ത്യക്കു മേല്‍ അമേരിക്കയും സഖ്യ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും ആയുധങ്ങളും സാങ്കേതിക വിദ്യയും ഇന്ത്യക്ക്‌ കൈമാറിയിരുന്നത്‌ സോവിയറ്റ്‌ യൂണിയനും പിന്നീട്‌ റഷ്യയുമായിരുന്നു. ഈ ബന്ധം ഒഴിവാക്കി ഇസ്‌റാഈലുമായി അടുക്കുന്നത്‌ വ്യക്തമായ ദിശാമാറ്റമാണ്‌. റഷ്യന്‍ കമ്പനികളില്‍ നിന്ന്‌ ആയുധം വാങ്ങിയതിനു പിന്നിലെ അഴിമതികളും രാജ്യത്ത്‌ വലിയ ചര്‍ച്ചയായിരുന്നു. സുഖോയ്‌ പോര്‍ വിമാനങ്ങള്‍ റഷ്യയില്‍ നിന്ന്‌ വാങ്ങിയ ഇടപാടില്‍ കോടികളുടെ അഴിമതിയുണ്ടെന്ന്‌ ആരോപണമുണ്ടായിരുന്നു.
ഇപ്പോള്‍ ഇസ്‌റാഈലില്‍ നിന്ന്‌ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുണ്ടാക്കിയ കരാറില്‍ കമ്മീഷനെന്നോ ബിസിനസ്സ്‌ ചാര്‍ജെന്നോ ഒക്കെ പേരിട്ട്‌ കോടികള്‍ കൈമാറിയെന്ന ആരോപണം ശക്തമായിട്ടുണ്ട്‌. മുന്‍കാല ഇടപാടുകളില്‍ ഇടനിലക്കാരായി നിന്നവരുടെ പേരുകള്‍ തന്നെയാണ്‌ ഇപ്പോഴും ഉയരുന്നത്‌. അഴിമതി നടന്നിട്ടുണ്ടോ, സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വന്നിട്ടുണ്ടോ എന്നതൊക്കെ ഭാവിയില്‍ അന്വേഷിച്ച്‌ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാവുന്ന കാര്യങ്ങളാണ്‌. അതു തന്നെയാണ്‌ പ്രതിരോധ മന്ത്രി എ കെ ആന്റണി പറയുന്നതും. പക്ഷേ, ഇസ്‌റാഈലിന്റെ ആക്രമണ ഫണ്ടിലേക്ക്‌ കൂടുതല്‍ പണം ലഭ്യമാക്കുന്ന കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുന്നതിലെ ധാര്‍മികതയാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഫലസ്‌തീന്‍ ജനതക്കുമേല്‍ തീയുണ്ടകള്‍ വര്‍ഷിക്കുന്നതിന്‌ ഇന്ത്യയുടെ പരോക്ഷ പിന്തുണ ഉണ്ടാവുകയാണ്‌. ഗാസയിലും വെസ്റ്റ്‌ ബാങ്കിലും നിരപരാധികളുടെ ജീവന്‍ പൊലിയുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഇന്ത്യക്കു മേല്‍ കൂടി പതിക്കുകയാണ്‌. സംശുദ്ധമായ രാഷ്‌ട്രീയ ജീവിതത്തിന്റെ ഉടമയായ എ കെ ആന്റണിക്ക്‌ ആയുധക്കരാറിന്റെ പിന്നിലെ അഴിമതിയില്‍ പങ്കുണ്ടെന്ന സംശയം രാഷ്‌ട്രീയ എതിരാളികള്‍ പോലും ഉയര്‍ത്തുന്നില്ല. അഴിമതി തടയാന്‍ ആവുന്നതെല്ലാം ചെയ്‌തുവെന്ന ആന്റണിയുടെ വാക്കുകള്‍ അവര്‍ വിശ്വസിക്കുന്നു. തന്റെ സംശുദ്ധമായ പ്രതിച്ഛായയില്‍ അഴിമതിയുടെ കറയേറ്റിട്ടില്ലെന്ന്‌ എ കെ ആന്റണിക്ക്‌ അഭിമാനിക്കാം. പക്ഷേ, നിരപരാധികളുടെ ചോരയുടെ കറ പുരളാതെ ആന്റണിക്ക്‌ രക്ഷപ്പെടാനാവുമോ?
ആയുധം വിറ്റ പണം സേനയെ സജ്ജമാക്കാന്‍ വിനിയോഗിക്കുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്‌ മറ്റു ചില സൗകര്യങ്ങള്‍ കൂടി ലഭിക്കുന്നുണ്ട്‌. പ്രതിരോധ ബജറ്റില്‍ നീക്കിവെച്ച പണം കൊണ്ട്‌ രാസ, ജൈവ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നു. അടുത്തിടെ ഗാസയില്‍ നടത്തിയ ആക്രമണത്തിനിടെ പോലും രാസ ആയുധം ഇസ്‌റാഈല്‍ പ്രയോഗിച്ചുവെന്ന ആരോപണമുണ്ട്‌. 2003ല്‍ ഖാന്‍യൂനിസ്‌ പട്ടണത്തില്‍ ഇസ്‌റാഈല്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നത്‌ തെളിയിക്കപ്പെട്ട വസ്‌തുതയാണ്‌. അന്ന്‌ ഇസ്‌റാഈല്‍ പ്രയോഗിച്ച വിഷവാതകം ശ്വസിച്ച്‌ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ്‌ ആശുപത്രിയിലായത്‌. അമേരിക്കയുടെ കണക്കനുസരിച്ച്‌ 250ഓളം ആണവായുധങ്ങള്‍ ഇസ്‌റാഈലിന്റെ പക്കലുണ്ട്‌. ഈ ശേഖരത്തിലേക്ക്‌ കൂടുതല്‍ മുതല്‍ക്കൂട്ടാന്‍ അവര്‍ക്ക്‌ പണം നീക്കിവെക്കാന്‍ കഴിയുന്നു. ഇതിനെല്ലാമുള്ള പിന്തുണയാണ്‌ ആ രാജ്യത്തു നിന്ന്‌ ആയുധം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ നാം നല്‍കുന്നത്‌. അമേരിക്കയുമായുള്ള ബന്ധം ദൃഢതരമാക്കിയതാണ്‌ തന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമെന്ന്‌ ആവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ പിന്തുണക്കുന്ന പാര്‍ട്ടിയുമുള്ളപ്പോള്‍ ഇതിലൊന്നും ലജ്ജ തോന്നേണ്ട കാര്യവുമില്ല. കൂടുതല്‍ നിരപരാധികളുടെ ചോര ഗാസയിലെയും വെസ്റ്റ്‌ ബാങ്കിലെയും ബെയ്‌റൂത്തിലെയും തെരുവുകളില്‍ ഒഴുകട്ടെ. നമുക്ക്‌ പുതിയ സൗഹൃദങ്ങള്‍ക്കു ചിയേഴ്‌സ്‌ വിളിക്കാം.

No comments:

Post a Comment