2009-04-05

വിധേയരുടെ `സംഘം 19'



ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്ക്‌ കൂടുതല്‍ വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ട്‌ അവര്‍ ആഗോള സമ്പദ്‌ വ്യവസ്ഥയില്‍ സമൂലമായ അഴിച്ചുപണി ആവശ്യപ്പെട്ടു. അകത്ത്‌ ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കള്‍ അമേരിക്കയുടെ വിശ്വസ്‌ത ദാസരായി തുടരാനാണ്‌ തീരുമാനിച്ചത്‌. ഫ്രാന്‍സും ജര്‍മനിയും അല്‍പ്പം മുറുമുറുത്തുവെന്ന്‌ മാത്രം. അന്താരാഷ്‌ട്ര നാണയ നിധിയിലേക്ക്‌ കൂടുതല്‍ പണം നല്‍കാമെന്നും എന്നാല്‍ അവിടെ നിന്ന്‌ വായ്‌പയൊന്നും വേണ്ടെന്നും പറഞ്ഞ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്ത്യയുടെ വിധേയത്വം അടിവരയിട്ട്‌ ഉറപ്പിക്കുകയുംചെയ്‌തു. കഴിഞ്ഞ ദിവസം സമാപിച്ച ജി - 20 ഉച്ചകോടിയില്‍ നടന്നതിനെ ഇങ്ങിനെ സംഗ്രഹിക്കാം. ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കൂട്ടായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനാണ്‌ ജി- 20 ഉച്ചകോടി ചേര്‍ന്നത്‌. പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ മൂലധന ശക്തികളെന്ന്‌ കരുതപ്പെടുന്ന വിവിധരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത നിലനിന്നിരുന്നു. വിപണികളിലേക്ക്‌ പണമൊഴുക്കി വ്യാപാര, വാണിജ്യ, ധനകാര്യ വിപണികളെ സജീവമമായി നിലനിര്‍ത്തുക എന്ന തന്ത്രമാണ്‌ അമേരിക്ക സ്വീകരിച്ചിരുന്നത്‌. ഏതാണ്ട്‌ സമാനമായ പാത ചൈനയും സ്വീകരിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സും ജര്‍മനിയും ഈ അഭിപ്രായക്കാരായിരുന്നില്ല. വിപണിയില്‍ ഒഴുക്കുന്ന പണം നിയന്ത്രിക്കണമെന്നും സാമ്പത്തിക അച്ചടക്കത്തിലൂടെ പ്രതിസന്ധി തരണം ചെയ്യണമെന്നുമാണ്‌ അവര്‍ ആവശ്യപ്പെട്ടിരുന്നത്‌. വിപണിയിലേക്ക്‌ ധാരാളം പണമെത്തിക്കുക എന്ന അമേരിക്കന്‍ നിര്‍ദേശത്തോട്‌ ബ്രിട്ടനും വലിയൊരളവില്‍ വിയോജിച്ചിരുന്നു. ഇതെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജി 20 ഉച്ചകോടി ചേര്‍ന്നത്‌. അന്തരാഷ്‌ട്ര നാണയ നിധിയിലേക്ക്‌ 75,000 കോടി ഡോളര്‍ ലഭ്യമാക്കാനും വ്യാപാരമേഖലയില്‍ രണ്ടു വര്‍ഷം കൊണ്ട്‌ 25,000 കോടി ലഭ്യമാക്കാനും തീരുമാനിച്ച്‌ ഉച്ചകോടി പിരിഞ്ഞു. ഒപ്പം വ്യാപാര മേഖലയില്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ ലക്ഷ്യമിട്ട്‌ ലോകവ്യാപാര സംഘടനയുടെ ദോഹ വട്ട ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. സാമ്പത്തിക പ്രതിസന്ധി ലോകവ്യാപകമാണെന്നും അതിന്‌ ഓരോ രാജ്യങ്ങളും ഉത്തരവാദികളാണെന്നും അതുകൊണ്ടുതന്നെ യോജിച്ച്‌ നേരിടണമെന്നുമാണ്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞിരുന്നത്‌. ഇത്‌ ഏറെക്കുറെ അംഗീകരിക്കപ്പെട്ടുവെന്നതാണ്‌ വസ്‌തുത. പ്രതിസന്ധിയുടെ ആരംഭവും അമേരിക്കയില്‍ അതിനുണ്ടായ വ്യാപ്‌തിയും കണക്കിലെടുക്കുമ്പോള്‍ ഒബാമയുടെ വാക്കുകള്‍ വസ്‌തുതാ വിരുദ്ധമാണ്‌. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ അമേരിക്കയില്‍ ദൃശ്യമാവുന്നത്‌ ഒന്നര വര്‍ഷം മുമ്പാണ്‌. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്‌ പലിശ നിരക്കുകളില്‍ അടിക്കടി കുറവുകള്‍ വരുത്തി പ്രതിസന്ധി നേരിടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഭവനനിര്‍മണത്തിന്‌ വായ്‌പകളെടുത്ത അമേരിക്കക്കാരില്‍ ഭൂരിപക്ഷത്തിനും വായ്‌പകള്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നു. ബാങ്കുകള്‍ കിട്ടാക്കടം പെരുകി തകര്‍ച്ചയുടെ വക്കിലെത്തി. പിന്നെയും ആറുമാസത്തോളം കഴിഞ്ഞാണ്‌ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന്‌ പരസ്യമായി പറയാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായത്‌. അപ്പോഴൊന്നും മറ്റു രാജ്യങ്ങളില്‍ പ്രതിസന്ധി ദൃശ്യമായിരുന്നില്ല. അവിടങ്ങളിലൊന്നും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കു കുറക്കുന്നതു പോലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുമില്ല. അമേരിക്കന്‍ ഭരണകൂടം പ്രതിസന്ധിയുണ്ടെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും തകര്‍ച്ചയെ നേരിട്ട ബാങ്കുകള്‍ ഏറ്റെടുക്കുകയും ചെയ്‌ത ശേഷമാണ്‌ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ വന്നു തുടങ്ങിയത്‌. ഓഹരി വിപണികളില്‍ നിന്നായിരുന്നു ആദ്യ സൂചനകള്‍. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന്‌ പരസ്യമായതോടെ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളും മറ്റ്‌ രാജ്യങ്ങളുടെ ഓഹരി വിപണികളില്‍ നടത്തിയ നിക്ഷേപങ്ങള്‍, വന്‍തോതില്‍ ലാഭമെടുത്തുകൊണ്ട്‌ പിന്‍വലിച്ചതായിരുന്നു കാരണം. പണത്തിന്റെ അനര്‍ഗളമായ ഒഴുക്കും സ്വതന്ത്ര കമ്പോളവും ഉറപ്പിക്കുന്ന വിവിധ കരാറുകളില്‍ ഒപ്പുവെച്ചിരുന്ന രാജ്യങ്ങള്‍ക്കൊന്നും ലാഭമെടുത്ത്‌ പിന്‍മാറുന്ന യാങ്കികളെ തടയാന്‍ കഴിയുമായിരുന്നില്ല. ഓഹരി വിപണി കുത്തനെ ഇടിഞ്ഞതോടെ വിവിധ കമ്പനികളുടെ ആസ്‌തി ചെരുതായി. അവര്‍ സാമ്പത്തിക രക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ജീവനക്കാരെ പിരിച്ചുവിടുക, ചെലവു കുറക്കുക എന്നതല്ലാതെ മറ്റൊരു വഴിയും അവര്‍ക്കു മുന്നിലില്ലായിരുന്നു. ഇതിനൊപ്പമാണ്‌ അമേരിക്കയുടെ വന്‍ ഓഹരി പങ്കാളിത്തമുള്ള എ ഐ ജി പോലുള്ള ബഹുരാഷ്‌ട്ര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായത്‌. ഇതും വിവിധ രാജ്യങ്ങളെ ബാധിച്ചു. അമേരിക്കയില്‍ ആരംഭിച്ച്‌ തങ്ങള്‍ക്കുണ്ടാകാവുന്ന പ്രത്യാഘാതം കുറക്കാന്‍ ലക്ഷ്യമിട്ട്‌ അവര്‍ തന്നെ വ്യാപിപ്പിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കും കൂടുയാണെന്നാണ്‌ ബരാക്‌ ഒബാമ പറഞ്ഞത്‌. അതാണ്‌ ജി - 20യിലെ അംഗ രാജ്യങ്ങള്‍ കൈയ്യടിച്ച്‌ പാസ്സാക്കിയത്‌. അമേരിക്ക നേരിടുന്നത്‌ കേവലമായ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല എന്നത്‌ കൂടി കണക്കിലെടുക്കണം. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ തകര്‍ച്ചയാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്‌ അമേരിക്ക അംഗീകരിക്കുന്ന സമയത്ത്‌ പ്രതിദിനം ആ രാജ്യം കടം വാങ്ങിക്കൊണ്ടിരുന്നത്‌ 200 കോടി ഡോളറായിരുന്നു. വരുമാന, ധനക്കമ്മികള്‍ ലക്ഷം കോടികളിലെത്തിയിരുന്നു. ഇതിനിടെയാണ്‌ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്‌ ഒരു ലക്ഷം കോടിയുടെ പാക്കേജുകള്‍ (ഒബാമ പ്രഖ്യാപിച്ച 87,500 കോടി ഡോളറിന്റേതടക്കം) പ്രഖ്യാപിച്ചത്‌. വിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന്‌ വേണ്ടിവന്ന പണം പുറമെ. ഇവ രണ്ടും കൂടിയാവുമ്പോള്‍ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക നില ഏരെ പരുങ്ങലിലാവുമെന്ന്‌ അമേരിക്കന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്‌. ബജറ്റ്‌ കമ്മി വന്‍തോതില്‍ ഉയരും. കൂടുതല്‍ പണം കടം വാങ്ങേണ്ടിവരും. ഇറാഖ്‌, അഫ്‌ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ തുടരുന്ന ആക്രമണത്തിനും പണംവേണം. ഇറാനെയോ ഉത്തരകൊറിയയെയോ ആക്രമിക്കേണ്ടിവന്നാല്‍ അതിനും പണം കണ്ടെത്തണം. ഇതിനെല്ലാം പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ്‌ പ്രതിസന്ധിയുടെ ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കുമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചത്‌. ജി -20 അംഗരാജ്യങ്ങള്‍ ചേര്‍ന്ന്‌ അന്താരാഷ്‌ട്ര നാണയ നിധിയിലേക്ക്‌ ലഭ്യമാക്കുന്ന 75,000 കോടി ഡോളറിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കപ്പെടുന്നു എന്ന്‌ അവര്‍ ഉറപ്പാക്കും. വികസ്വര രാജ്യങ്ങള്‍ക്കുള്ള സഹായം പോലും അമേരിക്കന്‍ സര്‍ക്കാറിതര ഏജന്‍സികള്‍ വഴിയോ ധനകാര്യ ഏജന്‍സികള്‍ വഴിയോ ആവും ചെലവഴിക്കപ്പെടുക. ഇത്തരത്തില്‍ പണത്തിന്റെ ഒഴുക്ക്‌ നിലനിര്‍ത്താനായാല്‍ പ്രതിസന്ധിയെ ഒരു പരിധിവരെ മറികടക്കാന്‍ കഴിയുമെന്നാണ്‌ ഒബാമ ഭരണകൂടത്തിന്റെ പ്രതീക്ഷ. ഐ എം എഫിന്‌ പണം നല്‍കാം അവിടെ നിന്ന്‌ കടം വേണ്ടെന്ന്‌ പ്രഖ്യാപിച്ചതിലൂടെ ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രകടിപ്പിച്ച വിധേയത്വം ഇവിടെ വ്യക്തവുമാണ്‌. ഈ സ്ഥിതി മുന്‍കൂട്ടിക്കണ്ടാണ്‌ ഫ്രാന്‍സും ജര്‍മനിയും വ്യത്യസ്‌തമായ നിലപാടെടുത്തത്‌. ബാങ്ക്‌ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചും വിദേശ രാജ്യങ്ങളിലുള്ളവര്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക്‌ ആദായനികുതി പോലുള്ളവ ഇളവു ചെയ്‌തു കൊടുത്തും വിവിധ രാജ്യങ്ങള്‍ നടത്തുന്ന മൂലധന സമാഹരണം ഇല്ലാതാക്കണമെന്ന്‌ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വന്‍തോതില്‍ സമാഹരിക്കപ്പെടുന്ന ഈ പണത്തിന്റെ ഒരു ഭാഗമെങ്കിലും ആഗോള വിപണിയിലേക്ക്‌ എത്തണമെന്ന ആവശ്യമാണ്‌ ഇവര്‌ ഉന്നയിച്ചത്‌. ഒപ്പം വലിയ സമ്പന്നന്‍മാര്‍ മാത്രം പങ്കാളിയായി രൂപവത്‌കരിക്കുന്ന മൂലധനത്തിന്‌ (ഹെഡ്‌ജ്‌ ഫണ്ട്‌) വിപണികളില്‍ യഥേഷ്‌ടം വിഹരിക്കാന്‍ അനുമതി നല്‍കുന്നത്‌ നിയന്ത്രിക്കണമെന്നും ഫ്രാന്‍സും ജര്‍മനിയും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ ജി - 20 ഉച്ചകോടി അംഗീകരിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന്‌ പറയുക വയ്യ. ഹെഡ്‌ജ്‌ ഫണ്ടുകള്‍ ഉപയോഗിച്ച്‌ ഓഹരി-ഊഹ വിപണികളില്‍ ഇടപെടുകയും കൃത്രിമമായുണ്ടാക്കുന്ന ഉയര്‍ച്ചക്കിടെ വന്‍തോതില്‍ ലാഭമെടുത്ത്‌ പിന്‍മാറുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക എന്നതാണ്‌ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും ലക്ഷ്യം. ഊഹ വിപണികളില്‍ ഏറെക്കുറെ സ്ഥിരത കൈവരിക്കാന്‍ ഇതിലൂടെ കഴിയുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. പക്ഷെ, ധനകാര്യ വിപണി ഒരു നിയന്ത്രണവുമില്ലാതെ തുറന്നുകിടക്കുന്ന സാഹചര്യത്തില്‍ ഇവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താവാനാണ്‌ സാധ്യത. ലോക വ്യാപാര സംഘടനയുടെ ദോഹവട്ട ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കുക എന്നതാണ്‌ മറ്റൊരു തീരുമാനം. ഇന്ത്യയുടെയും ബ്രസീലിന്റെയും നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ നടത്തിയ ശക്തമയ ചെറുത്തു നില്‍പ്പു മൂലമാണ്‌ ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്‌ ഒമ്പതു വര്‍ഷമായി തടസ്സപ്പെട്ടിരിക്കുന്നത്‌. നിയന്ത്രണങ്ങള്‍ നീക്കി കാര്‍ഷിക മേഖലയെ ആഗോളവത്‌കരിക്കുക എന്നതാണ്‌ ദോഹ വട്ടത്തിലെടുത്ത പ്രധാന തീരുമാനം. കാര്‍ഷിക മേഖലക്ക്‌ കയറ്റുമതി ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക്‌ നല്‍കുന്ന സബ്‌സിഡികള്‍ ഇല്ലാതാക്കണം. ആഗോള തലത്തില്‍ മത്സരാധിഷ്‌ഠിതമായി നിലനില്‍ക്കുന്ന ഒന്നായി കാര്‍ഷിക മേഖല മാറണംമെന്നതാണ്‌ ലക്ഷ്യം. വികസ്വര രാജ്യങ്ങള്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കിയും ഇറക്കുമതി തീരുവകള്‍ കുറച്ചും സ്വതന്ത്ര വ്യാപാരത്തിന്‌ അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കണമെന്ന്‌ നിര്‍ബന്ധിക്കുമ്പോഴും വികസിത രാജ്യങ്ങള്‍, പ്രത്യേകിച്ച്‌ അമേരിക്ക, കര്‍ഷകര്‍ക്ക്‌ നല്‍കുന്ന കയറ്റുമതി സബ്‌സിഡി തുടരുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അമേരിക്കയില്‍ നിന്ന്‌ സര്‍ക്കാര്‍ സബ്‌സിഡിയോടെ കയറ്റുമതി ചെയ്യുന്ന കാര്‍ഷികോത്‌പന്നങ്ങള്‍ ഇവിടെ കുറഞ്ഞ ഇറക്കുമതി തീരുവ ഈടാക്കി സ്വീകരിച്ച്‌ കമ്പോളത്തിലിറക്കാന്‍ അനുവദിക്കണം. തദ്ദേശീയമായി ഉത്‌പാദിപ്പിക്കുന്നവയേക്കാള്‍ കുറഞ്ഞ വിലക്ക്‌ അമേരിക്കയുടെയും മറ്റും ഉത്‌പന്നങ്ങള്‍ വിപണിയിലെത്തും. ചില പ്രധാന കാര്‍ഷിക ഉത്‌പന്നങ്ങളെ മാത്രം സംരക്ഷിച്ചു നിര്‍ത്താന്‍ രാജ്യങ്ങള്‍ക്ക്‌ അനുമതിയുണ്ടാവും. അമേരിക്കയും മറ്റും കയറ്റുമതി സബ്‌സിഡി ഒഴിവാക്കാതെ ദോഹ വട്ട തീരുമാനങ്ങള്‍ നടപ്പാക്കാനാവില്ലെന്ന നിലപാടാണ്‌ ഇന്ത്യയും ബ്രസീലുമൊക്കെ സ്വീകരിച്ചത്‌. അതുകൊണ്ടാണ്‌ ഇത്രയും കാലം ഇത്‌ പ്രാബല്യത്തിലാവാതിരുന്നതും. കാര്‍ഷിക മേഖലക്കുപുറമെ, സേവന - വ്യാപാര മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ക്കുള്ള തീരുമാനവും ദോഹവട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമം പുനരരാംഭിക്കുമ്പോള്‍ അത്‌ വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. തങ്ങള്‍ക്ക്‌ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനായി വികസ്വര രാജ്യങ്ങളുടെ കാര്‍ഷിക മേഖലയെ നോട്ടമിടുകയാണ്‌ അമേരിക്ക. ഇത്‌ നടപ്പായാല്‍ കടാശ്വാസം ലഭ്യമാക്കിയും കുറഞ്ഞ പലിശക്ക്‌ വായ്‌പ നല്‍കിയും പിടിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പൂര്‍ണമായ തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍ എത്തിച്ചേരുക. ഇതിനെല്ലാം സമ്മതം മൂളി ഐ എം എഫില്‍ നിന്ന്‌ വായ്‌പയും വേണ്ടെന്ന്‌ പ്രഖ്യാപിച്ചാണ്‌ ലണ്ടനില്‍ നിന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്‌. ഇത്തരം നടപടികള്‍ കൊണ്ടൊന്നും അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. ഒരു ഇടക്കാല ആശ്വാസം സൃഷ്‌ടിക്കാന്‍ കഴിഞ്ഞേക്കുമെന്നു മാത്രം. ലണ്ടനിലെ തെരുവുകളില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ പറഞ്ഞതാണ്‌ ശരി - പുതിയ സാമ്പത്തിക സംവിധാനം നിലവില്‍ വരേണ്ടിയിരിക്കുന്നു. 1948ല്‍ ജനറല്‍ എഗ്രിമെന്റ്‌ ഓണ്‍ ട്രേഡ്‌ ആന്‍ഡ്‌ താരിഫ്‌ കരാര്‍ (ഗാട്ട്‌) രൂപവത്‌കരിച്ച്‌ അമേരിക്കയുടെ മുന്‍കൈയില്‍ ആരംഭിക്കുകയും സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചക്കു ശേഷം അതിവേഗം വ്യാപിപ്പിക്കുകയും ചെയ്‌ത ആഗോള സമ്പദ്‌ വ്യവസ്ഥ എന്ന ആശയമാണ്‌ തകര്‍ന്നിരിക്കുന്നത്‌. ഇതിന്‌ ബദല്‍ കണ്ടെത്താന്‍ ശ്രമിക്കാതെ തകരുന്ന സംവിധാനത്തെ അപ്പാടെ പുനഃസൃഷ്‌ടിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. സാമ്പത്തിക മേധാവിത്തവും അതുവഴി ലോകമേധാവിത്തവും അമേരിക്കക്ക്‌ നിലനിര്‍ത്തണമെങ്കില്‍ ഈ പുനസ്സൃഷ്‌ടി കൂടിയേ കഴിയൂ. അതിനുള്ള തന്ത്രങ്ങളാണ്‌ ജി 20 ഉച്ചകോടിയില്‍ അമേരിക്ക സ്വീകരിച്ചത്‌. അത്‌ ഏറെക്കുറെ ഫലം കാണുകയും ചെയ്‌തിരിക്കുന്നു. അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക കൂടി ചെയ്‌താല്‍ ധനപരമായ കാര്യങ്ങളില്‍ അമേരിക്കക്ക്‌ വലിയൊരളവില്‍ ആശ്വാസം ലഭിക്കുകയും ചെയ്യും. ജി 20 ഉച്ചകോടിയുടെ ഇടവേളകളില്‍ അതിനുള്ള സുപ്രധാന സംഭാഷണങ്ങളും പ്രസിഡന്റ്‌ ഒബാമ നടത്തിയിരുന്നു. അതില്‍ പങ്കെടുത്ത അപൂര്‍വം പ്രമുഖരില്‍ ഒരാള്‍ ഡോ. മന്‍മോഹന്‍ സിംഗായിരുന്നു.

No comments:

Post a Comment