2009-05-07

ചോരുന്ന പണവും ചോരന്‍മാരും


വരവില്‍ കവിഞ്ഞുള്ള സ്വത്ത്‌ - അഴിമതിയുടെ തെളിവായി ഇത്‌ കണക്കാക്കപ്പെടുന്നു. രാഷ്‌ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വസതികളില്‍ ആദായ നികുതി, സ്വത്തു നികുതി തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ്‌ വരവും സമ്പാദ്യവും തമ്മിലുള്ള താരതമ്യം ഉണ്ടാവാറ്‌. ചിലപ്പോള്‍ വിജിലന്‍സോ സി ബി ഐയോ നടത്തുന്ന പരിശോധനയിലും ഈ താരതമ്യം ഉണ്ടാവാറുണ്ട്‌. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌, ബി എസ്‌ പി നേതാവ്‌ മായാവതി എന്നിവര്‍ വരവില്‍ കവിഞ്ഞ്‌ സ്വത്തു സമ്പാദിച്ചതിന്‌ സി ബി ഐ അന്വേഷണം നേരിടുന്നുണ്ട്‌. കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ ജെ ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ സി ബി ഐ ആദ്യം അന്വേഷിച്ചത്‌ ലാലുവിന്റെയും റാബ്‌റിയുടെയും വരവെത്ര, ചെലവെത്ര, സമ്പാദ്യമെത്ര എന്നായിരുന്നു. ചെലവും സമ്പാദ്യവും വരവുമായി യോജിച്ചുപോകുന്നില്ലെങ്കില്‍ ചെലവിലും സമ്പാദ്യത്തിലുമുള്ള ആധിക്യത്തിന്റെ സ്രോതസ്സ്‌ അന്വേഷിച്ചാല്‍ അഴിമതിയുടെ ഉറവിടം വെളിപ്പെടുമെന്ന ലളിതമായ യുക്തി. താജ്‌ കോറിഡോര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ്‌ മായാവതി വരവില്‍ കവിഞ്ഞ്‌ സ്വത്തുസമ്പാദിച്ചെന്ന ആരോപണം ഉയരുന്നത്‌.


രാഷ്‌ട്രീയക്കാര്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങി രാജ്യത്തെ എല്ലാ പൗരന്‍മാരും തങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ഭരണകൂടത്തെ അറിയിച്ചുകൊള്ളണമെന്നതാണ്‌ വ്യവസ്ഥ. ഒരു പരിധിയില്‍ കവിഞ്ഞുള്ള വരുമാനത്തിന്‌ നികുതി ഒടുക്കണമെന്നും. ഇത്തരത്തില്‍ ആദായനികുതി ഇനത്തില്‍ ലഭിക്കുന്ന പണമാണ്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രധാന വരുമന സ്രോതസ്സുകളില്‍ ഒന്ന്‌. വരുമാന സ്രോതസ്സ്‌ എന്ന നിലക്കു മാത്രമല്ല, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ധനസ്രോതസ്സുകള്‍ തിരിച്ചറിയാനും പണം ഏതൊക്കെ മാര്‍ഗങ്ങളില്‍ ചെലവഴിക്കപ്പെടുന്നുവെന്ന്‌ തിരിച്ചറിയാനും കൂടിയാണ്‌ ഇത്തരം സംവിധാനങ്ങള്‍. നികുതികള്‍ ഏര്‍പ്പെടുത്തപ്പെട്ട കാലം മുതല്‍ അത്‌ വെട്ടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. സ്ഥാവര ജംഗമ സ്വത്തുക്കള്‍ കുടുംബാംഗങ്ങളുടെ പേരിലേക്ക്‌ മാറ്റുക എന്നതായിരുന്നു ആദ്യകാലത്ത്‌ സ്വീകരിച്ചിരുന്ന വഴികള്‍. പിന്നീട്‌ അത്‌ വിശ്വസ്‌തരായ മറ്റുള്ള ആളുകളുടെ പേരിലേക്ക്‌ മാറ്റാന്‍ തുടങ്ങി. ഇതാണ്‌ ബിനാമി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. ഇത്തരം മാര്‍ഗങ്ങളൊന്നും പോരാതെ വന്നപ്പോഴാണ്‌ ധനകാര്യ ഇടപാടുകള്‍ രഹസ്യമായി സൂക്ഷിക്കുന്ന ചെറുകിട രാജ്യങ്ങളുടെ ബാങ്കുകളെ വ്യക്തികളും സ്ഥാപനങ്ങളും ആശ്രയിക്കാന്‍ തുടങ്ങിയത്‌.


അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ തന്നെയാണ്‌ ഈ പതിവിന്‌ തുടക്കമിട്ടത്‌. ഭരണകൂടങ്ങളുടെ അറിവോടെയും മൗന സമ്മതത്തോടെയും ആരംഭിച്ച ഈ പതിവ്‌ പിന്നീട്‌ സമാന്തര ധനകാര്യ സമ്പദ്‌ വ്യവസ്ഥയായി വളര്‍ന്നുവന്നു. നിക്ഷേപിക്കുന്ന പണത്തിന്‌ നികുതികള്‍ ഇളവു ചെയ്യുകയോ ഒഴിവാക്കി നല്‍കുകയോ ചെയ്യുകയാണ്‌ ഈ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്‌തിരുന്നത്‌. പണം എവിടെ നിന്ന്‌ ലഭിച്ചുവെന്ന വിവരം പറയേണ്ടതില്ല. സ്വന്തം പേരിലോ മറ്റു ബിനാമി പേരുകളിലോ നിക്ഷേപങ്ങള്‍ നടത്താനുള്ള സൗകര്യവും ഇക്കൂട്ടര്‍ ചെയ്‌തുകൊടുത്തു. ആഭ്യന്തരമായ ധനാഗമ മാര്‍ഗങ്ങള്‍ പരിമിതമായ ചെറു രാജ്യങ്ങളിലെയും ദ്വീപുകളിലെയും ധനകാര്യ സ്ഥാപനങ്ങളാണ്‌ ഈ സൗകര്യം ചെയ്‌തുകൊടുത്തിരുന്നത്‌. നിക്ഷേപങ്ങളെ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുന്നതിന്‌ ആഭ്യന്തരമായ നിയമനിര്‍മാണങ്ങള്‍ നടത്തി ഇവിടങ്ങളിലെ ഭരണകൂടം ഈ സമാന്തര ധനകാര്യ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ലോകത്താകെ അമ്പത്‌ രാജ്യങ്ങള്‍ ഇത്തരം പണമിടപാടുകള്‍ നടത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. അമേരിക്കയിലെ പൗരന്‍മാരും സ്ഥാപനങ്ങളും പ്രധാനമായി ആശ്രയിച്ചിരുന്നത്‌ കേയ്‌മാന്‍സ്‌ ദ്വീപുകളെയും മറ്റുമായിരുന്നു. ബ്രിട്ടനിലുള്ളവര്‍ ജേഴ്‌സി, ഗേണ്‍സി, ഇലി ഓഫ്‌ മാന്‍, ബര്‍മൂഡ തുടങ്ങിയ ചെറു രാജ്യങ്ങളെ ആശ്രയിച്ചു. നികുതികള്‍ വെട്ടിക്കുന്നതിന്‌ വേണ്ടി പണം മറ്റുരാജ്യങ്ങളുടെ ബാങ്കുകളിലേക്ക്‌ ഒഴുക്കുന്നതിലൂടെ ബ്രിട്ടന്‌ പ്രതിവര്‍ഷം അഞ്ചു കോടി ഡോളര്‍ നഷ്‌ടമുണ്ടാവുന്നുവെന്നാണ്‌ ഏകദേശ കണക്ക്‌. അമേരിക്കക്കുണ്ടാവുന്ന നഷ്‌ടം ഇതിലും ഏറെ വലുതാണ്‌.


കോടികളുടെ ആസ്‌തിയുള്ള വ്യക്തികളെയും വന്‍കിട കമ്പനികളെയും സഹായിക്കുന്നതിന്‌ വേണ്ടി മുന്‍കാലങ്ങളില്‍ കണ്ണടച്ചത്‌ വലിയ നഷ്‌ടമാണുണ്ടാക്കിയതെന്ന്‌ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ തിരിച്ചറിഞ്ഞത്‌ സാമ്പത്തിക മാന്ദ്യം മുന്നില്‍വന്നപ്പോഴാണ്‌. ബേങ്കുകളും സ്വകാര്യ കമ്പനികളും പ്രതിസന്ധിയിലാവുകയും അവയെ സംരക്ഷിക്കുന്നതിന്‌ പൊതുഖജനാവില്‍ നിന്ന്‌ വന്‍തുകകള്‍ ചെലവഴിക്കേണ്ടിവരികയും ചെയ്‌തു ഈ രാജ്യങ്ങള്‍ക്ക്‌. ആഭ്യന്തരവരുമാനത്തിലുണ്ടായ കമ്മി നികത്തുന്നതിന്‌ സഹസ്രകോടികള്‍ വായ്‌പയെടുത്താണ്‌ ഈ രാജ്യങ്ങള്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നത്‌. പലപ്പോഴും ദൈനംദിന ചെലവുകള്‍ക്ക്‌ പോലും കടമെടുക്കേണ്ടിവന്നിരുന്നു. ഇരുന്നൂറു കോടി ഡോളറാണ്‌ പ്രതിദിനം അമേരിക്ക കടമായി സ്വീകരിച്ചുകൊണ്ടിരുന്നത്‌. കടമായി ലഭിക്കുന്ന പണത്തെ അടിസ്ഥാനമാക്കി സമ്പദ്‌ വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ്‌ സ്വകാര്യ കമ്പനികള്‍ക്കും ബേങ്കുകള്‍ക്കും വന്‍തുകകള്‍ പൊതുഖജനാവില്‍ നിന്ന്‌ നല്‍കേണ്ടിവന്നത്‌. എങ്ങിനെ ശ്രമിച്ചാലും പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥ. അപ്പോഴാണ്‌ ആഭ്യന്തര നികുതികള്‍ വെട്ടിച്ചുകൊണ്ട്‌ വിദേശത്തെ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ച്‌ ഇവര്‍ ചിന്തിച്ചത്‌. അടുത്തിടെ ചേര്‍ന്ന ജി 20 ഉച്ചകോടിയില്‍ ഇത്തരം കള്ളപ്പണം രാജ്യത്തേക്ക്‌ തിരികെക്കൊണ്ടുവരുന്നതിനെക്കുറിച്ച്‌ ആലോചനകളുണ്ടായി. അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന്‌ ജി 20 ഉച്ചകോടി ആഹ്വാനം ചെയ്‌തു. വിദേശ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക്‌ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ അമേരിക്കയും ബ്രിട്ടനും പ്രഖ്യാപിച്ചു. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ട്‌ ജര്‍മനി മുന്നോട്ടുപോവുകയും ചെയ്‌തു. നികുതി വെടിച്ച്‌ കടത്തുന്ന പണം രഹസ്യമായി സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന രാജ്യങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ്‌ ജര്‍മനിയും ഫ്രാന്‍സും തീരുമാനിച്ചത്‌.


ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലും സമാനമായ ചര്‍ച്ചകള്‍ ആരംഭിച്ചത്‌. ജി 20 ഉച്ചകോടിയില്‍ ഈ പ്രശ്‌നം ഉന്നയിക്കണമെന്നും വിദേശത്തെ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം രാജ്യത്തേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട്‌ ബി ജെ പി നേതാവ്‌ എല്‍ കെ അഡ്വാനി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചു. ലിച്ചന്‍സ്റ്റീന്‍, സിറ്റ്‌സര്‍ലാന്‍ഡ്‌, സിംഗപ്പൂര്‍, ഹോംഗ്‌കോംഗ്‌ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അത്‌ തിരിച്ച്‌ രാജ്യത്തേക്ക്‌ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടേതായി വിദേശ ബേങ്കുകളിലുള്ള നിക്ഷേപത്തിന്റെ കണക്കും അഡ്വാനി പുറത്തുവിട്ടു. 2001ല്‍ രണ്ടു ലക്ഷത്തി അറുപതിനായിരം കോടി ഡോളറായിരുന്ന നിക്ഷേപം 2007 ആയപ്പോഴേക്കും അഞ്ചു ലക്ഷത്തി എഴുപതിനായിരം കോടി ഡോളറായി ഉയര്‍ന്നുവെന്ന്‌ അഡ്വാനി അവകാശപ്പെട്ടു. ഈ കണക്കുകള്‍ യഥാര്‍ഥമാണോ അല്ലയോ എന്ന്‌ വ്യക്തമല്ല. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച കണക്കുകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പക്ഷേ, കോടിക്കണക്കിന്‌ രൂപ വിദേശ ബേങ്കുകളില്‍ നിക്ഷേപമായി ഉണ്ടെന്നത്‌ വസ്‌തുതയാണ്‌.


പക്ഷേ, ഈ പണം കണ്ടെത്താനോ അത്‌ തിരിച്ചുകൊണ്ടുവരാനോ കേന്ദ്ര സര്‍ക്കാറോ അതിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസോ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. 1984ല്‍ അധികാരത്തിലേറിയ രാജീവ്‌ ഗാന്ധി സര്‍ക്കാറിന്റെ കാലത്താണ്‌ വിദേശ ബേങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച വിവാദങ്ങള്‍ ആരംഭിക്കുന്നത്‌. ബൊഫോഴ്‌സ്‌ തോക്കിടപാടില്‍ കോഴയായി ലഭിച്ച പണം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്കുകളില്‍ നിക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച്‌ അന്വേഷണങ്ങള്‍ നടക്കുകയും ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒട്ടാവിയോ ക്വത്‌റോച്ചിയുടെ ലണ്ടന്‍ ബേങ്കിലെ അക്കൗണ്ടുകള്‍ കണ്ടെത്തുകയും ചെയ്‌തു. പക്ഷേ, ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച അന്വേഷണം അന്നും നടന്നില്ല. പിന്നീട്‌ ഇടതുപക്ഷത്തിന്റെ പിന്തുണയുള്ള ദേശീയ മുന്നണി സര്‍ക്കാറുകളും ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറും അധികാരത്തിലെത്തിയെങ്കിലും ഈ വഴിക്കുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പു കാലത്തുയര്‍ന്ന ഈ ചര്‍ച്ചകള്‍ എവിടെയെങ്കിലും എത്തുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തുമാണ്‌. അധികാരത്തിലേറിയാല്‍ നൂറു ദിവസത്തിനകം ഈ പണം രാജ്യത്ത്‌ തിരിച്ചുകൊണ്ടാവരുമെന്ന്‌ ബി ജെ പിയും അവരുടെ നേതാവ്‌ എല്‍ കെ അഡ്വാനിയും ഇപ്പോള്‍ പറയുന്നതില്‍ ആത്മാര്‍ഥത കാണാനാവില്ല. കാരണം കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും പിന്തുടരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ തന്നെയാണ്‌ ബി ജെ പിയും പിന്തുടരുന്നത്‌. ധനകാര്യവിപണിയെ ഊര്‍ജസ്വലമാക്കി നിര്‍ത്തുകയും അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തുകയും ചെയ്യുക എന്ന നയം. അതിന്‌ ആനുപാതികമായ നയങ്ങള്‍ മാത്രമേ ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാനാവു.


ധനവിപണിയെ ഊര്‍ജസ്വലമാക്കി നിര്‍ത്താന്‍ ഇക്കൂട്ടര്‍ പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്‌ ഓഹരി അടക്കമുള്ള ഊഹ വിപണികളെയാണ്‌. ഈ വിപണികളില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തിലേറെയും കണക്കില്‍പ്പെടാത്ത പണമാണെന്നത്‌ ഇതിനകം വ്യക്തമായ കാര്യവും. സിംഗപ്പൂരിലും ഹോംഗ്‌കോംഗിലുമൊക്കെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളാണ്‌ ഇന്ത്യന്‍ ഊഹ വിപണിയില്‍ പണമിറക്കുന്നവരില്‍ ഏറെയും. ഇവര്‍ക്ക്‌ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ വിപണിയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്‌തിരിക്കുന്നു. ഈ പണത്തിന്റെ ഒഴുക്കു തടയാനും ഊഹ വിപണിയില്‍, പ്രത്യേകിച്ച്‌ ഓഹരി വിപണിയില്‍, ഇടിവുണ്ടാക്കാനും ബി ജെ പിയുടെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാവുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ ഓഹരി വിപണികളുപയോഗിച്ച്‌ പണമുണ്ടാക്കുന്നുവെന്നും അത്‌ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം കെ നാരായണന്‍ പ്രസ്‌താവിച്ചിട്ട്‌ വര്‍ഷം രണ്ടു കഴിഞ്ഞു. പക്ഷേ, ഇതേക്കുറിച്ച്‌ അന്വേഷിക്കാനോ ഇത്തരത്തില്‍ ഓഹരി വിപണിയെ ഉപയോഗിക്കുന്നവരെ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അറിവില്ല. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ മുംബൈയില്‍ ഭീകരര്‍ ആക്രമണം നടത്തിയ ശേഷവും ഇത്തരത്തലൊരു അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയ്യാറായതുമില്ല. ഈ ആവശ്യം ബി ജെ പി പോലും ഉന്നയിച്ചതുമില്ല. അപ്പോള്‍ പിന്നെ വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ച പണം കണ്ടെത്തുമെന്നൊക്കെ അവകാശവാദം ഉന്നയിക്കുന്നത്‌ തിരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള തന്ത്രമായി മാത്രമേ കണക്കാക്കാനാവൂ. ഇക്കാര്യത്തില്‍ കുറേക്കൂടി സത്യസന്ധമായ നിലപാട്‌ കോണ്‍ഗ്രസിന്റേതാണ്‌. നികുതി വെട്ടിച്ച്‌ വിദേശ ബേങ്കുകളില്‍ പണം നിക്ഷേപിച്ചവരെ കണ്ടെത്തുമെന്നോ ആ പണം രാജ്യത്തേക്ക്‌ തിരിച്ചുകൊണ്ടുവരുമെന്നോ ഉള്ള വാഗ്‌ദാനമൊന്നും അവര്‍ നല്‍കിയിട്ടില്ല. സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച്‌ സമര്‍പ്പിക്കപ്പെട്ട പൊതുതാത്‌പര്യ ഹരജിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും വാദിച്ചത്‌ പൊതുതാത്‌പര്യ ഹരജി ബി ജെ പിയുടെ താത്‌പര്യപ്രകാരമുള്ളതാണെന്നാണ്‌. പൂനെയില്‍ കുതിരപ്പന്തയശാല നടത്തുന്ന ഹസന്‍ അലി ഖാന്‍, ഭാര്യ റീമ ഖാന്‍, വ്യവസായ പങ്കാളി കാശിനാഥ്‌ തപുരിയ എന്നിവര്‍ സ്വിസ്‌ ബാങ്കുകളില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരം മാത്രമാണ്‌ സത്യവാങ്‌മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്‌. ഇവര്‍ 75,000 കോടി രൂപ സ്വിസ്‌ ബേങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകക്ക്‌ ആദായനികുതി നല്‍കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ ഒരു വര്‍ഷത്തെ ബജറ്റിന്‌ തുല്യമായ പണം വിദേശ ബേങ്കുകളില്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന്‌ ബി ജെ പി ആരോപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പക്കലുള്ളത്‌ മൂന്നേ മൂന്നു പേരുകള്‍ മാത്രം.


ഏറെ ഗൗരവമുള്ള വിഷയം പതിവില്‍ കവിഞ്ഞ ഗൗരവത്തോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നിലെത്തി എന്നതുമാത്രമാണ്‌ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളുടെ ഏക പ്രയോജനം. അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ലിച്ചന്‍സ്റ്റീന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ഹോംഗ്‌കോംഗ്‌, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാറുകള്‍ കത്തുകള്‍ അയച്ചേക്കും. ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ഇവിടെ അവസാനിക്കാനാണ്‌ സാധ്യത. അതിലുമപ്പുറത്തേക്ക്‌ നടപടികള്‍ സ്വീകരിച്ചാല്‍ പൊള്ളലേല്‍ക്കുന്നവരുടെ എണ്ണം വലുതായിരിക്കുമെന്ന്‌ എല്ലാവര്‍ക്കും അറിയാം. മുലായം സിംഗ്‌ യാദവും ലാലു പ്രസാദ്‌ യാദവും മായാവതിയും മാത്രമാവില്ല വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന കേസില്‍ ഉള്‍പ്പെടുക. രാഷ്‌ട്രീയ നേതാക്കള്‍, അവരുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വന്‍കിടക്കാര്‍ എല്ലാവര്‍ക്കും പ്രയാസങ്ങളുണ്ടാവും. അത്‌ ഒഴിവാക്കാനാവും കോണ്‍ഗ്രസും ബി ജെ പിയും ആഗ്രഹിക്കുക എന്നുറപ്പ്‌. സാമ്പത്തിക മാന്ദ്യമുയര്‍ത്തുന്ന വെല്ലുവിളി തരണം ചെയ്യാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ അമേരിക്കയും ബ്രിട്ടനും ഈ വഴിക്ക്‌ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഇന്ത്യാ ഗവണ്‍മെന്റും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവും. അങ്ങിനെയെങ്കില്‍ കള്ളപ്പണക്കാരുടെ നീണ്ട പട്ടിക രാജ്യത്തിനു മുന്നില്‍ തുറന്നുവെക്കപ്പെടും. സാമ്പത്തിക മാന്ദ്യം ചില ഗുണഫലങ്ങളുണ്ടാക്കിയെന്ന്‌ വിലയിരുത്തേണ്ടിയും വരും.

No comments:

Post a Comment