2009-05-22

യാങ്കീദാസ്യം തുടരുമോ?


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുകയാണ്‌. അഞ്ചു വര്‍ഷം മുമ്പ്‌ യു പി എ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോഴുണ്ടായിരുന്ന ദൗര്‍ബല്യമോ ഉത്‌കണ്‌ഠകളോ മന്‍മോഹനോ കോണ്‍ഗ്രസിനോ ഇക്കുറിയില്ല. അന്ന്‌ ലാലു പ്രസാദ്‌ യാദവ്‌, രാം വിലാസ്‌ പാസ്വാന്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കളെ പിണക്കാതെ നോക്കേണ്ട ബാധ്യതയുണ്ടായിരുന്നു. പുറത്തുനിന്ന്‌ പിന്തുണക്കുന്ന ഇടതുപാര്‍ട്ടികള്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും തുടര്‍ നടപടികള്‍ക്ക്‌ ഉയര്‍ത്തിയേക്കാവുന്ന തടസ്സങ്ങളും അന്ന്‌ അലട്ടിയിരുന്നു. ഇത്തരം കെട്ടുപാടുകളില്ലാതെയാണ്‌ മന്‍മോഹന്റെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്‌. പുതിയ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക്‌ വലിയ പ്രതീക്ഷകളുണ്ടെന്നും അത്‌ നിറവേറ്റാന്‍ പാകത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്‌ അംഗങ്ങളുടെ പ്രഥമ യോഗത്തില്‍ പ്രധാനമന്ത്രി തന്നെ പറയുകയുണ്ടായി. സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുക, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുക എന്നിവക്കായിരിക്കും പ്രഥമ പരിഗണനയെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. 206 എന്ന മോശമല്ലാത്ത അംഗ സംഖ്യ കോണ്‍ഗ്രസിന്‌ നല്‍കുകയും യു പി എക്ക്‌ സര്‍ക്കാറുണ്ടാക്കാന്‍ വഴിയൊരുക്കുകയും ചെയ്‌ത വോട്ടര്‍മാര്‍ക്ക്‌ തീര്‍ച്ചയായും പ്രതീക്ഷകളുണ്ടാവും. അതുപോലെ തന്നെ ആശങ്കകളും. ഇതു രണ്ടും മന്‍മോഹന്‍ സിംഗ്‌ സൂചിപ്പിച്ച സാമ്പത്തിക, സുരക്ഷാ മേഖലകളെ ചുറ്റിപ്പറ്റിത്തന്നെയാണ്‌.


സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുന്നതിന്‌ മുഖ്യപരിഗണന നല്‍കുമെന്ന്‌ പറഞ്ഞപ്പോള്‍ തന്നെ അതിനായി കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉണ്ടാവുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പരിഷ്‌കരണങ്ങളുടെ സ്വഭാവമെന്തായിരിക്കുമെന്നതിലാണ്‌ ആദ്യത്തെ ആശങ്ക. കോണ്‍ഗ്രസും ഘടക കക്ഷികളും ഇടതുപാര്‍ട്ടികളും ചേര്‍ന്ന്‌ ആലോചിച്ച്‌ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഭരണം നടത്തിയത്‌. കോണ്‍ഗ്രസും പ്രത്യേകിച്ച്‌ മന്‍മോഹന്‍ സിംഗും പി ചിദംബരവും സാമ്പത്തിക നയങ്ങളില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളെ പ്രതിരോധിക്കാന്‍ പൊതുമിനിമം പരിപാടിയില്‍ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ ഇടതുപാര്‍ട്ടികള്‍ ശ്രദ്ധിച്ചിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കില്ലെന്നത്‌ അതില്‍ ഒന്നായിരുന്നു. പക്ഷേ, അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മന്‍മോഹനും ചിദംബരവും ശ്രമിച്ചത്‌ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും നവരത്‌ന പദവി നല്‍കി രാജ്യം കാത്തുസൂക്ഷിക്കുന്നതുമായ ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌ ലിമിറ്റഡിന്റെ (ഭെല്‍) പത്തു ശതമാനം ഓഹരി വിറ്റഴിക്കാനാണ്‌. ഭെല്ലിന്റെ ഓഹരി വിറ്റാല്‍ പിന്തുണയുണ്ടാവില്ലെന്ന്‌ ഇടതുപാര്‍ട്ടികള്‍ ഭീഷണി മുഴക്കിയപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറായി. ഭെല്ലിന്റെ ഓഹരി വിറ്റഴിക്കാനുള്ള നിര്‍ദേശം ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ സന്നദ്ധമായ പി ചിദംബരം മറ്റൊരു സൗജന്യം ഇടതു പാര്‍ട്ടികളില്‍ നിന്ന്‌ നേടിയെടുത്തു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം.


ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന്‌ 49 ആക്കി ഉയര്‍ത്താനുള്ള നിര്‍ദേശം, ബാങ്കിംഗ്‌ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദേശം, ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദേശം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഇക്കാലത്ത്‌ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, ഇടതു പാര്‍ട്ടികളുടെ എതിര്‍പ്പ്‌ മൂലം ഇതുമായി കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന്‌ തുടക്കം കുറിച്ച്‌ അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ വന്‍കിട ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ പിടിച്ചുനിന്നത്‌ അവയുടെ പൊതുമേഖലാ സ്വഭാവം നിലനിന്നതുകൊണ്ടാണെന്ന്‌ വിലയിരുത്തപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളില്‍ ഇന്‍ഷ്വറന്‍സ്‌ സ്ഥാപനങ്ങള്‍ പാപ്പര്‍ ഹരജികളുമായി രംഗത്തെത്തിയപ്പോള്‍ ഇന്ത്യയില്‍ അവ പിടിച്ചു നിന്നത്‌ എല്‍ ഐ സി എന്ന സ്ഥാപനം സര്‍ക്കാറിന്റെ കീഴില്‍ ഉരുക്കുതൂണ്‍ പോലെ ഉണ്ടായിരുന്നതുകൊണ്ടാണെന്നും വിലയിരുത്തലുണ്ടായി. ഇത്‌ ഏറെക്കുറെ ശരിയാണ്‌ താനും. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഏറ്റുവാങ്ങിയെങ്കിലും ബാങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌ രംഗത്തെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിച്ചത്‌ ഇടതുപാര്‍ട്ടികളുടെ ശരിയായ നിലപാടും ഇടപെടലും കൊണ്ടാണെന്ന്‌ പറയാതിരിക്കാനാവില്ല.


കോണ്‍ഗ്രസിന്‌ 206 എന്ന താരതമ്യേന ഭേദപ്പെട്ട അംഗസംഖ്യ ഉണ്ടാവുകയും ഘടക കക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടാവുകയും ചെയ്‌തതോടെ നിയന്ത്രണങ്ങളുടെ ചരട്‌ ഇല്ലാതാവുകയാണ്‌. പരിഷ്‌കാര നടപടികളെ പിന്തുണക്കുന്നവയാണ്‌ നിലവിലുള്ള ഘടകകക്ഷികളെല്ലാം. പരിഷ്‌കരണ നടപടികളുണ്ടാവുമെന്ന്‌ പ്രധാനമന്ത്രി തന്നെ പറയുമ്പോള്‍ കൂടുതല്‍ തുറന്നുനല്‍കലുകള്‍ ഉണ്ടാവുമെന്ന്‌ തന്നെ കരുതണം. അത്‌ മൂലധന ശക്തികള്‍ പ്രതീക്ഷിക്കുന്നുമുണ്ട്‌. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറുണ്ടാവുമെന്ന്‌ ഉറപ്പായതിനു ശേഷം ഓഹരി വിപണി തുറന്നപ്പോള്‍ അമ്പത്‌ സെക്കന്റു കൊണ്ട്‌ ആറു ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുകയും പോയിന്റ്‌ നിലയില്‍ വന്‍ കുതിപ്പുണ്ടാവുകയും ചെയ്‌തത്‌ ഈ പ്രതീക്ഷകളുടെ പ്രതിഫലനമാണ്‌. ഇവരുടെ പ്രതീക്ഷകള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത മന്‍മോഹനുണ്ട്‌. കാരണം പതിനായിരം കോടിയോളം വരുന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക്‌ കൈയയച്ച്‌ സംഭാവന നല്‍കിയവര്‍ ഊഹ വിപണിയിലെ സാമ്രാട്ടുകളാണ്‌. മാത്രമല്ല, സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നതിലുപരി സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുക എന്ന്‌ ലക്ഷ്യമിടുമ്പോള്‍ ഓഹരി വിപണികളിലെ സൂചികകള്‍ ഉയര്‍ന്നു നില്‍ക്കേണ്ടത്‌ അനിവാര്യമാണ്‌. ധന, നിര്‍മാണ, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ വളര്‍ച്ചയാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏഴിനും ഒമ്പതിനും ഇടക്ക്‌ വളര്‍ച്ചാ നിരക്ക്‌ നേടാന്‍ ഇന്ത്യയെ സഹായിച്ചത്‌.


ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിക്കൊണ്ടും ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുമുള്ള തീരുമാനങ്ങള്‍ അധികം വൈകാതെയുണ്ടാവും. പുതിയ ബജറ്റില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്‌. 35,000 കോടി ഡോളറിന്റെ മൂല്യമുണ്ടെന്ന്‌ ആഗോള കുത്തകകള്‍ കണക്കാക്കുന്ന ഇന്ത്യന്‍ ചില്ലറ വിപണി 2015 ആവുമ്പോഴേക്കും ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്നാണ്‌ അവരുടെ പ്രതീക്ഷ. തങ്ങള്‍ക്ക്‌ ലാഭം കൊയ്യാനുള്ള ഏറ്റവും വലിയ കമ്പോളമായും ആഗോള കുത്തകകള്‍ ഇതിനെ കാണുന്നു. ഇത്‌ തുറന്നു നല്‍കുന്നതോടെ നമ്മുടെ ചെറുകിട കച്ചവടക്കാര്‍ അപ്രത്യക്ഷരാവും. വന്‍കിടക്കാരുടെ ഷോപ്പിംഗ്‌ മാളുകളില്‍ എടുത്തുകൊടുപ്പുകാരായി ഇവര്‍ മാറേണ്ടിവരും. ഇത്തരം തുറന്നു നല്‍കലുകള്‍ക്ക്‌ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ആഗോള സാമ്പത്തിക ശക്തികളെന്ന്‌ അവകാശപ്പെടുന്ന അമേരിക്കയും ബ്രിട്ടനും ജര്‍മനിയും സമ്മര്‍ദം ചെലുത്തുമെന്ന്‌ ഉറപ്പ്‌. പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ അവര്‍ ലക്ഷ്യമിടുന്നത്‌ ഇന്ത്യയുടെയും ചൈനയുടെയും കമ്പോളങ്ങളെയാണ്‌. ധനക്കമ്മിയും വരുമാനക്കമ്മിയും ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ പണം സമാഹരിക്കുമെന്ന്‌ ബജറ്റിനു മുന്നോടിയായി നടത്തുന്ന ചര്‍ച്ചകളില്‍ കേന്ദ്ര റവന്യൂ സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്‌. അഞ്ചു വര്‍ഷത്തിനപ്പുറം ഇന്ത്യയില്‍ പൊതുമേഖല എന്നൊന്ന്‌ ഉണ്ടാവുമോ എന്നത്‌ സംശയമാണ്‌.


ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയുണ്ടാവുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ പറയുമ്പോള്‍ അതിലെ അമേരിക്കന്‍ പങ്കിനെക്കുറിച്ചും വിദേശ നയത്തില്‍ ഉണ്ടാവാന്‍ പോവുന്ന വലിയ മാറ്റത്തെക്കുറിച്ചുമാണ്‌ ആശങ്ക ഉയരുന്നത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനാവും സര്‍ക്കാര്‍ ആദ്യം ശ്രമിക്കുക. ഇതിനൊപ്പം അമേരിക്ക മുന്നോട്ടുവെച്ച മൂന്ന്‌ പ്രതിരോധ കരാറുകള്‍ അംഗീകരിക്കേണ്ടിവരും. ആയുധങ്ങളെ സംബന്ധിച്ച രഹസ്യം സൂക്ഷിക്കുന്നതിനുള്ളതാണ്‌ ഒരു കരാര്‍. അമേരിക്കയില്‍ നിന്ന്‌ വാങ്ങുന്ന ആയുധങ്ങള്‍ നിര്‍ദിഷ്‌ട ആവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്താന്‍ യു എസ്‌ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്‌ അനുമതി നല്‍കുന്നതാണ്‌ മറ്റൊന്ന്‌. അമേരിക്കയുടെ പോര്‍ വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുന്നതാണ്‌ മൂന്നാമത്തേത്‌. രണ്ടും മൂന്നും കരാറുകള്‍ ഇന്ത്യന്‍ താത്‌പര്യങ്ങള്‍ക്ക്‌ ഏറെ ദോഷകരമാവും. ഇന്ത്യയുടെ ആയുധ ശേഖരം അമേരിക്കക്കു മുന്നില്‍ തുറന്നിടുന്നതാണ്‌ രണ്ടാമത്തെ കരാര്‍. മുന്നാമത്തേതില്‍ ഒപ്പുവെക്കാന്‍ സന്നദ്ധമായാല്‍ ദശകങ്ങളായി ഇന്ത്യയുമായി സൗഹൃദം പങ്കുവെക്കുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ അപ്രീതി ഏറ്റുവാങ്ങുകയാവും ഫലം.


ഇന്ത്യയില്‍ ഏതു സര്‍ക്കാറാണ്‌ അധികാരത്തില്‍ വരുന്നത്‌ എന്നതിനെക്കൂടി ആശ്രയിച്ചാണ്‌ അഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും `ഭീകരരെ' ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട്‌ ഒബാമ പ്രഖ്യാപിച്ച നയം നടപ്പാക്കാനുള്ള രീതി തീരുമാനിക്കുക എന്ന്‌ യു എസ്‌ ഉദ്യോഗസ്ഥര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്‌. അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും ഭരണത്തില്‍ തുടരുമോ എന്ന്‌ കാത്തിരിക്കുകയായിരുന്നു അവര്‍. മന്‍മോഹന്‍ തിരിച്ചെത്തിയില്ലെങ്കിലും തങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ദീര്‍ഘ വീക്ഷണം യു എസ്‌ ഭരണകൂടത്തിനുണ്ടായിരുന്നു. ബി ജെ പി നേതാവ്‌ എല്‍ കെ അഡ്വാനിയെയും ടി ഡി പി നേതാവ്‌ ചന്ദ്രബാബു നായിഡുവിനെയും കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ നിയോഗിച്ചത്‌ അതുകൊണ്ടാണ്‌. മന്‍മോഹന്‍ സിംഗ്‌ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ പോര്‍ വിമാനങ്ങള്‍ക്കും മറ്റും ഇന്ധനം നിറക്കാനുള്ള കരാര്‍ വൈകാതെ പ്രാബല്യത്തിലാവുമെന്ന്‌ അമേരിക്ക പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കില്‍ ഇന്ത്യ എന്ന താവളം മുന്നില്‍ക്കണ്ട്‌ അഫ്‌ഗാനിലും പാക്കിസ്ഥാനിലും എങ്ങനെ ആക്രമണം നടത്തണമെന്ന്‌ തീരുമാനിക്കാം. ഈ അനുമതി നല്‍കുകയും സാമ്പത്തികം, സുരക്ഷ, വിദേശനയം എന്നിവയില്‍ കൂടുതല്‍ അമേരിക്കന്‍ അനുകൂല നിലപാട്‌ തുടരുകയും ചെയ്‌താല്‍ ഭാവിയില്‍ ഇന്ത്യക്ക്‌ ദോഷമേ ചെയ്യൂ എന്നത്‌ ഉറപ്പാണ്‌. ഇസ്‌റാഈലുമായി കൂടുതല്‍ സഹകരിക്കുക കൂടി ചെയ്‌താല്‍ മാറ്റം പൂര്‍ണവുമാകും. അമേരിക്കയുടെ തീയുണ്ടകളെ അതിജീവിച്ച്‌ അധിനിവേശ വിരുദ്ധ പോരാളികള്‍ സജീവമാണ്‌. കൊല്ലപ്പെടുന്നതിലും അധികം പേര്‍ പോരാട്ടത്തിന്‌ സന്നദ്ധരാവുന്നുമുണ്ട്‌. അമേരിക്ക മാത്രമല്ല, അവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യുന്ന രാജ്യങ്ങളും പോരാളികള്‍ ലക്ഷ്യമിടും. അതുകൊണ്ടുതന്നെ നയം മാറ്റം സൂക്ഷിച്ചായില്ലെങ്കില്‍ അല്‍ഖാഇദ, താലിബാന്‍ തുടങ്ങിയ സംഘടനകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി നമ്മുടെ രാജ്യം മാറും. ഇത്തരം സംഘടനകള്‍ക്ക്‌ വേരുമുളക്കാനും സ്വാധീനമുറപ്പിക്കാനും പറ്റുന്ന നയപരിപാടികള്‍ ആവിഷ്‌കരിച്ച ശേഷം പിന്നീട്‌ ഭീകരാക്രമണം എന്ന്‌ വിലപിക്കുന്നതില്‍ അര്‍ഥമുണ്ടാവില്ല.


സോവിയറ്റ്‌ യൂണിയന്റെ കാലത്ത്‌ ആ ചേരിയോട്‌ ചാഞ്ഞു നിന്നിരുന്നു ഇന്ത്യ. അന്നാണ്‌ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തമുണ്ടാക്കുന്നത്‌. ആയുധങ്ങളും പണവും നല്‍കി പാക്കിസ്ഥാനെ അവര്‍ പിന്തുണച്ചു. പാക്കിസ്ഥാനില്‍ വന്ന ഭരണകൂടങ്ങള്‍(അത്‌ ജനായത്ത രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതായാലും പട്ടാള മേധാവികളുടെ നേതൃത്വത്തിലുണ്ടായ ഏകാധിപത്യമായാലും) അമേരിക്കയുടെ ഇംഗിതങ്ങള്‍ സാധിച്ചു കൊടുത്തു. 2001ല്‍ അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം ആരംഭിച്ചപ്പോള്‍ ഏറെ പിന്തുണച്ചത്‌ മുശര്‍റഫിന്റെ നേതൃത്വത്തിലുള്ള പാക്‌ ഭരണകൂടമായിരുന്നു. അഫ്‌ഗാന്‍ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക്‌ താലിബാന്‍ സ്വാധീനം വളര്‍ന്നതിനു പിന്നില്‍ മുശര്‍റഫിന്റെ ഈ നയത്തിനുള്ള സ്ഥാനം ചെറുതല്ല. അഫ്‌ഗാന്റെ അതിര്‍ത്തി പ്രദേശത്തേക്കെന്ന വ്യാജേന പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണങ്ങള്‍ നടത്തുക കൂടി ചെയ്‌തതോടെ അധിനിവേശത്തിനെതിരെ ഉണര്‍ന്ന പാക്‌ ജനത മുന്നില്‍ കണ്ട വഴി താലിബാനായിരുന്നു. ഇന്ന്‌ `ഭീകരതക്കെതിരായ യുദ്ധ'ത്തില്‍ അമേരിക്കയുടെ മുഖ്യലക്ഷ്യം പാക്കിസ്ഥാനാണ്‌.


ഇറാഖിലെ സദ്ദാം ഭരണകൂടം സാമ്പത്തിക, സാമൂഹിക മേഖലയില്‍ ആരംഭിച്ച പരിഷ്‌കരണ നടപടികളെ അമേരിക്ക ഒരു കാലത്ത്‌ പ്രശംസിച്ചിരുന്നു. 1980കളിലെ ഇറാഖ്‌- ഇറാന്‍ യുദ്ധകാലത്ത്‌ ഇറാഖിനെ ആയുധവും പണവും നല്‍കി സഹായിക്കുകയും ചെയ്‌തു. ഒന്നര ദശകം കഴിഞ്ഞപ്പോള്‍ അമേരിക്കക്കു മുന്നില്‍ ഇറാഖ്‌ ഭീകരരാജ്യമായി. മാരകായുധങ്ങള്‍ ശേഖരിച്ച്‌ ലോകത്തിന്‌ ഭീഷണിയുയര്‍ത്തുന്നതായി സദ്ദാം ഹുസൈന്‍ ഭരണകൂടം. അവിടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഒഴുകിയ ചോര ഇനിയും ഉണങ്ങിയിട്ടില്ല. ചരിത്രം ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്‍മോഹന്‍ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാണ്‌. അടുത്ത അഞ്ചുവര്‍ഷം നിര്‍ണായകമാണെന്നും `മാറ്റത്തിന്റെ വണ്ടി' നഷ്‌ടപ്പെടുത്താനാവില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. നിര്‍ണായകമായ മാറ്റത്തിന്റെ വണ്ടി അടുത്ത തലമുറക്ക്‌ തീയുണ്ടകളും തോക്കുകളും നല്‍കുന്നതും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ദുരിതങ്ങള്‍ സമ്മാനിക്കുന്നതും ആവരുതേ എന്ന്‌ പ്രാര്‍ഥിക്കുക.