2009-05-14

മുസ്‌ലിംകളുടെ വോട്ട്‌ ക്രിസ്‌ത്യാനികളുടെയും


പതിനഞ്ചാം ലോക്‌സഭയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്‌ സമാപിച്ചു. മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്ന്‌ ആഘോഷമാക്കിയ ഉത്സവത്തിനാണ്‌ കൊടിയിറങ്ങിയത്‌. ഇനി തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമുള്ള കൂറുമാറ്റങ്ങള്‍ക്കും അതിന്റെ ഫലമായി കേന്ദ്രത്തില്‍ ഉരുത്തിരിയുന്ന സര്‍ക്കാറിനും വേണ്ടി കാത്തിരിക്കാം. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വരേണ്ട സര്‍ക്കാറിനെക്കുറിച്ചു വിവിധ വീക്ഷണങ്ങള്‍ ഇക്കാലത്തിനിടെ സജീവ ചര്‍ച്ചാവിഷയമായിരുന്നു. ശക്തമായ മതേതര നിലപാടുള്ള സര്‍ക്കാറെന്ന ആശയമാണ്‌ കോണ്‍ഗ്രസ്‌ മുന്നോട്ടുവെച്ചത്‌. അതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ തന്നെയാകണമെന്ന നിര്‍ബന്ധ ബുദ്ധി അവര്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസും ബി ജെ പിയുമില്ലാത്ത, സാമ്രാജ്യത്വ അധിനിവേശത്തെ ചെറുക്കുന്ന മതേതര സര്‍ക്കാര്‍ എന്ന ആശയമാണ്‌ ഇടതു പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചത്‌. അതിനായി അവര്‍ മൂന്നാം മുന്നണിയെന്ന സങ്കല്‍പ്പം അവതരിപ്പിച്ചു. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ശക്തമായ സര്‍ക്കാര്‍ എന്ന ആശയമായിരുന്നു ബി ജെ പിക്കും അവര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എക്കും. ഹിന്ദുത്വ അജന്‍ഡകളില്‍ നിന്നു പിന്മാറുന്നില്ലെന്നു വ്യക്തമാക്കിയ ബി ജെ പി, അവര്‍ ഒറ്റക്ക്‌ അധികാരത്തില്‍ വരുന്ന കാലത്തേ ഈ അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കൂ എന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിലേത്‌ എന്ന തിരഞ്ഞെടുപ്പാണ്‌ പ്രാഥമികാമായി നടക്കേണ്ടത്‌. പക്ഷേ, ഫെഡറല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തു പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്‌നങ്ങളോടെടുക്കുന്ന നിലപാടുകളുമൊക്കെ വോട്ടിംഗില്‍ പ്രതിഫലിക്കുക സ്വാഭാവികം. വിവിധ സംസ്ഥാനങ്ങളില്‍ അധികാരം കൈയാളുന്ന പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായ വികാരവും ഫലത്തെ സ്വാധീനിക്കും. ഈ പൊതുധാരയില്‍ നിന്നു വിട്ടു നിന്നു തിരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്‌ രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്‌. മുസ്‌ലിം, ക്രിസ്‌ത്യന്‍, ആദിവാസി വിഭാഗങ്ങള്‍. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്‌.


പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കിയാണെങ്കിലും കേന്ദ്രത്തില്‍ ഭരണം കൈയാളാന്‍ ബി ജെ പിക്കു ശക്തിയുണ്ടാവുകയും ഈ ശക്തിയുടെ മറ ഉപയോഗിച്ച്‌ ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി, ബജ്‌രംഗ്‌ദള്‍ തുടങ്ങിയ സംഘടനകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ മുസ്‌ലിം, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കു പൊതുധാരയില്‍ നിന്നു വേറിട്ടു ചിന്തിക്കേണ്ടിവരുന്നത്‌. മധ്യപ്രദേശിലെ ജാബുവയില്‍ ക്രിസ്‌തീയ പുരോഹിതന്‍മാര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും നേരെയുണ്ടായ ആക്രമണം, ഒറീസ്സയിലെ മനോഹര്‍പൂരില്‍ ക്രിസ്‌തീയ മിഷണറി പ്രവര്‍ത്തകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും കുട്ടികളെയും ചുട്ടുകൊന്നത്‌ ഇതൊക്കയായിരുന്നു ക്രിസ്‌തീയ സമുദായത്തിനെതിരെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ നടത്തിയ കൊടും ക്രൂരതക്ക്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്‌. ഇതിനെയൊക്കെ പിന്തള്ളിക്കൊണ്ടാണ്‌ ഒറീസ്സയിലെ കാന്ദമല്‍ ജില്ലയിലും പരിസരത്തും ഒരു വര്‍ഷം മുമ്പ്‌ വര്‍ഗീയവാദികള്‍ ആഞ്ഞടിച്ചത്‌. ഒറീസ്സയില്‍ അധികാരം പങ്കിട്ടിരുന്ന ബി ജെ പിയുടെ പിന്തുണയോടെയായിരുന്നു ഈ ആക്രമണമെന്നതു വ്യക്തം. അക്രമികളെ വേഗത്തില്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടു. കാര്യങ്ങളുടെ ഗൗരവം മുന്‍കൂട്ടിക്കണ്ടു പ്രതികരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറും. ഈ സാഹചര്യത്തില്‍ രാജ്യത്തെ ക്രിസ്‌തീയ സമൂഹം തിരഞ്ഞെടുപ്പിനെ ഏതുവിധം പ്രയോജനപ്പെടുത്തണമെന്ന ഗൗരവമേറിയ ചിന്ത ആ സമുഹത്തിനു നേതൃത്വം കൊടുത്തവര്‍ നടത്തിയോ എന്നത്‌ സംശയമാണ്‌. സ്വാശ്രയ കോളജ്‌ പ്രശ്‌നത്തില്‍ സംസ്ഥാന ഭരണകൂടവുമായും അതിനു നേതൃത്വം കൊടുക്കുന്ന സി പി എമ്മുമായുമുണ്ടായ അഭിപ്രായ വ്യത്യാസത്തോടെ ആരംഭിച്ച പോരിന്റെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനെ കാണാനാണ്‌ കേരളത്തില്‍ സഭാ നേതൃത്വങ്ങള്‍ ശ്രമിച്ചത്‌. കേരളത്തോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടകത്തില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടതൊന്നും ഇവിടുത്തെ സഭാ നേതൃത്വങ്ങള്‍ക്കു വിഷയമായതുമില്ല.


പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരാണ്‌ ഇന്ത്യയിലെ ക്രിസ്‌തീയ വിഭാഗം. ഈ പിന്തുണ ഉയര്‍ത്തിക്കാട്ടി ഭൗതികമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ ശ്രമിക്കുന്നുമുണ്ട്‌. കാലക്രമത്തില്‍ കോണ്‍ഗ്രസ്‌ ദുര്‍ബലമാവുകയും അവരുടെ ദൗര്‍ബല്യവും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളോട്‌ അവര്‍ തുടരുന്ന അവഗണന മനോഭാവവും മുതലെടുത്തു ബി ജെ പി വളരാന്‍ ശ്രമിക്കുമ്പോള്‍ അത്‌ ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ ഇവര്‍ ബോധവാന്‍മാരല്ല തന്നെ. അതുകൊണ്ടാണ്‌ കര്‍ണാടകത്തില്‍ ബി ജെ പി ഒറ്റക്ക്‌ അധികാരം പിടിച്ചശേഷം അവിടെ ക്രിസ്‌തീയ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവം നമ്മുടെ സഭാ നേതൃത്വങ്ങള്‍ക്ക്‌ വിഷമല്ലാതായി മാറിയത്‌. കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്‌ തുടരുമ്പോള്‍ തന്നെ ആ പാര്‍ട്ടിക്ക്‌ വ്യക്തമായ ചില രാഷ്‌ട്രീയ സന്ദേശങ്ങള്‍ നല്‍കാന്‍ ക്രിസ്‌തീയ സഭാ നേതൃത്വം ഈ തിരഞ്ഞെടുപ്പില്‍ തയ്യാറാവണമായിരുന്നു. ആക്രമണങ്ങളുടെ ആഘാതം മനസ്സിലുള്ള ഭുവനേശ്വര്‍ ആര്‍ച്ച്‌ ബിഷപ്പിനെപ്പോലുള്ളവര്‍ മാത്രമാണ്‌ അതിനു തയ്യാറായത്‌. സഭക്കു കീഴിലുള്ള എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങള്‍, അതിലൂടെ സമാഹരിക്കുന്ന പണവും സ്വത്തും. അതിനു മേല്‍ സ്വസ്ഥമായി ഉറങ്ങുക എന്നതില്‍ ക്രിസ്‌തീയ സഭാ നേതൃത്വത്തിന്റെ രാഷ്‌ട്രീയം അവസാനിക്കുന്നുവെന്നതുകൊണ്ടാണ്‌ വളര്‍ന്നുവരുന്ന ഭീഷണികളെ അവഗണിച്ചു സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രശ്‌നത്തില്‍ കടിച്ചുതൂങ്ങാന്‍ അവര്‍ തയ്യാറായത്‌.


സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ മാനസികമായ അരക്ഷിതാവസ്ഥ അഭിമുഖീകരിച്ചു രാജത്തു ജീവിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. ജനസംഖ്യയില്‍ പതിനാലു ശതമാനത്തോളം വരുന്ന ഇവര്‍ക്ക്‌ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇതുവരെ ലഭിച്ചിട്ടുമില്ല. പല കാലത്തായി നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഏറെക്കുറെ എല്ലാറ്റിലും നഷ്‌ടം ഏറ്റുവാങ്ങേണ്ടിവന്നത്‌ ഇവര്‍ക്കാണ്‌. 1992ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതും തുടര്‍ന്നുണ്ടായ ബോംബെ കലാപവും ഇവരുടെ അരക്ഷിതാവസ്ഥയുടെ അളവ്‌ വര്‍ധിപ്പിച്ചു. ബോംബെ കലാപത്തിനു പ്രതികാരമെന്ന്‌ അവകാശപ്പെട്ട്‌ 1993 മാര്‍ച്ചില്‍ അധോലോക നായകന്‍ ദാവൂദ്‌ ഇബ്‌റാഹീമും കൂട്ടരും ആസുത്രണം ചെയ്‌തു നടപ്പാക്കിയ ബോംബെ സ്‌ഫോടന പരമ്പരക്കു ശേഷം ഈ സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവണത വര്‍ധിച്ചു. ഗുജറാത്ത്‌ വംശഹത്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയും വംശഹത്യാക്കേസിലെ പ്രതികള്‍ക്കെതിരെ കാര്യക്ഷമമായ നടപടിയുണ്ടാവാത്തത്‌ ഇവര്‍ക്ക്‌ ഭരണകൂടത്തിലുള്ള വിശ്വാസ്യത കെടുത്തുകയും ചെയ്‌തു. ഭീകരാക്രമണക്കേസുകളില്‍ അറസ്റ്റിലാവുന്ന മുസ്‌ലിം നാമധാരികള്‍, കുറ്റം ചാര്‍ത്തപ്പെടുന്ന മുസ്‌ലിം സംഘടനകള്‍, ആവര്‍ത്തിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ എന്നിങ്ങനെ പ്രശ്‌നങ്ങളുടെ ചുഴികള്‍ വേറെയുമുണ്ട്‌ ഈ സമുദായത്തിന്‌. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കു നേര്‍ക്ക്‌, ഒരു പരിധിവരെ ഇത്‌ മുസ്‌ലിം സമുദായത്തിന്‌ നേര്‍ക്കാണ്‌, അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന അധിനിവേശവും അതിന്‌ സമീപകാലത്തായി ഇന്ത്യന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയും ഇവരുടെ അഭിപ്രായഗതികളെ സ്വാധീനിച്ചിട്ടുണ്ട്‌. അമേരിക്കയുമായി ആണവ കരാറുണ്ടാക്കുന്നതിനെയും ഇസ്‌റാഈല്‍ കമ്പനിയുമായി ആയുധക്കരാറുണ്ടാക്കുന്നതിനെയും മുസ്‌ലിംകളിലെ ശക്തമായ ഒരു വിഭാഗം കഠിനമായി എതിര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌.


അരക്ഷിതാവസ്ഥ, ഭരണകൂടം സൃഷ്‌ടിച്ച വിശ്വാസരാഹിത്യം എന്നിവക്കു രാഷ്‌ട്രീയമായി മറുപടി കൊടുക്കുന്നതില്‍ ഈ സമുദായം വിജയിച്ചോ എന്നതാണ്‌ തിരഞ്ഞെടുപ്പില്‍ പ്രധാനമായും അന്വേഷിക്കേണ്ടത്‌. ഇല്ല എന്ന മറുപടിയായിരിക്കും ഈ അന്വേഷണത്തിന്‌ ലഭിക്കുക. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസില്‍ വിശ്വസിച്ചു മുന്നോട്ടുപോകാനാണ്‌ രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും തീരുമാനിച്ചത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന പാര്‍ട്ടി കേരളത്തിലെ ഏതാനും പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയത്‌ അതുകൊണ്ടാണ്‌. പശ്ചിമ ബംഗാള്‍, അസം മേഖലകളില്‍ മുസ്‌ലിം ലീഗിന്‌ കേരളത്തിലേക്കാളധികം സ്വാധീനമുണ്ടായിരുന്നു മുമ്പ്‌. അവിടങ്ങളിലെല്ലാം ഈ പാര്‍ട്ടി ഇല്ലാതായതു മുസ്‌ലിംകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ്‌. അത്‌ അക്കാലത്ത്‌ ഒരു ഗുണകരമായ മാറ്റമായി വിലയിരുത്തപ്പെടുകയും ചെയ്‌തിരുന്നു.


1992ലെ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസില്‍ നിന്ന്‌ അകന്ന സമുദായം ജനതാദള്‍, സമാജ്‌വാദി, രാഷ്‌ട്രീയ ജനാതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ പിറകില്‍ അണിനിരക്കുകയായിരുന്നു. മതേതര, ജനധിപത്യ നിലപാടുകളില്‍ ഊന്നിക്കൊണ്ട്‌ പിന്നാക്ക, ദളിത്‌ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പുതിയ ഒരു രാഷ്‌ട്രീയ സംവിധാനത്തെക്കുറിച്ച്‌ ആലോചിക്കാന്‍ അവര്‍ക്കായില്ല. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിറകില്‍ അണിനിരന്നുകൊണ്ട്‌ ബി ജെ പിയെ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍ നിന്ന്‌ ഒഴിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്നതു കാണാതിരുന്നുകൂടാ. അപ്പോഴും രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും മുഖ്യധാരയില്‍ ഇവര്‍ക്ക്‌ എത്താനായില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗാവട്ടെ, പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ കീഴിലാവുകയും കേരളത്തിലെ മന്ത്രിസ്ഥാനങ്ങളും കേന്ദ്രത്തില്‍ ലഭിക്കാനിടയുള്ള ഒരു സഹമന്ത്രി സ്ഥാനവും മാത്രം ലക്ഷ്യമിടുന്ന അവസ്ഥയിലേക്കു ചുരുങ്ങുകയും ചെയ്‌തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ എന്തെങ്കിലും ധാരണ ഈ പാര്‍ട്ടിക്ക്‌ ഉണ്ടെന്നു കരുതുന്നത്‌ അവിവേകമാവും. പശ്ചിമ ബംഗാളില്‍ ഏതാനും സീറ്റില്‍ മത്സരിക്കുന്നുവെന്നതില്‍ തീരുന്നു ഈ പാര്‍ട്ടിയുടെ ദേശീയ കാഴ്‌ചപ്പാട്‌.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോജിച്ചൊരു നിലപാടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുസ്‌ലിം സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന ചെറുതും വലുതുമായ നിരവധി രാഷ്‌ട്രീയ സംഘടനകള്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ മനിതനേയ മക്കള്‍ കക്ഷി, ആന്ധ്രയില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, ഉത്തര്‍ പ്രദേശില്‍ ഉലമാ കൗണ്‍സിലും പീസ്‌ പാര്‍ട്ടിയും, പശ്ചിമബംഗാളില്‍ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ കൗണ്‍സില്‍, അസമില്‍ അസം യുണൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ എന്നിവ ഇവയില്‍ ചിലതാണ്‌. ഇതില്‍ മൗലാന ബദറുദ്ദീന്‍ അജ്‌മല്‍ നേതൃത്വം നല്‍കുന്ന അസം യുനൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടാണ്‌ ഏറെ ശ്രദ്ധേയം. വ്യവസായിയായ ബദറുദ്ദീന്‍ അജ്‌മലിന്റെ പണത്തിന്റെ കരുത്തിലാണ്‌ പാര്‍ട്ടി മുന്നോട്ടുപോവുന്നതെങ്കിലും വ്യക്തമായ കാഴ്‌ചപ്പാട്‌ ഉണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. മുസ്‌ലിംകള്‍, ആദിവാസികള്‍, പൊതുധാരയില്‍ നിന്നു പുറന്തള്ളപ്പെട്ട മറ്റു വിഭാഗങ്ങള്‍ എന്നിവരെ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്നു. സി പി എം, സി പി ഐ തുടങ്ങിയ പാര്‍ട്ടികളുമായി എ യു ഡി എഫ്‌ സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും അതില്‍ നിന്ന്‌ പിന്നീട്‌ പിന്മാറി. അപ്പോഴും ആദിവാസി വിഭാഗത്തിന്‌ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നതില്‍ എ യു ഡി എഫ്‌ ശ്രദ്ധിച്ചു. നേരത്തെ പറഞ്ഞ പാര്‍ട്ടികളില്‍ എ യു ഡി എഫ്‌ മാത്രമാണ്‌ ഏതാനും സീറ്റില്‍ വിജയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി. ഇത്‌ വരുംകാലത്ത്‌ ന്യൂനപക്ഷ രാഷ്‌ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താനുള്ള സാധ്യത ഏറെയാണ്‌.


ഒറിസ്സയിലെ കലിംഗ നഗറില്‍ വ്യവസായത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്‌ത ആദിവാസികളെ ഭരണകൂടം അടിച്ചമര്‍ത്തിയത്‌ തോക്കുപയോഗിച്ചാണ്‌. പതിനേഴ്‌ ആദിവാസികള്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ വധിക്കാന്‍ നടന്ന ശ്രമം ലാല്‍ഗഢിലെ ആദിവാസികള്‍ക്കു മേല്‍ ദുരിതം വിതച്ചു. പോലീസ്‌ അതിക്രമത്തിനെതിരെ സംഘടിച്ച അവര്‍ ഇപ്പോള്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന്‌ വ്യവസായം തുടങ്ങുന്നതിന്‌ ഭൂമി കൈമാറിയതിനെതിരെയും സമരം ചെയ്യുകയാണ്‌. ആദിവാസികള്‍ക്ക്‌ വനഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന നിയമം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തുന്ന സമരം രാജ്യത്തെല്ലായിടത്തും തുടരുകയാണ്‌. രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും മുഖ്യധാരയില്‍ നിന്നു പൂര്‍ണമായി അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു ഈ ജനത. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പലയിടങ്ങളിലും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ മാവോയിസ്റ്റുകളാണ്‌. സായുധ സമരരീതിയാണ്‌ ഇവര്‍ പിന്തുടരുന്നത്‌. ഇത്‌ പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന്‌ കരുതുക വയ്യ. ഈ സാഹചര്യത്തില്‍ അസം യുനൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിനെപ്പോലുള്ള പാര്‍ട്ടികള്‍ ആദിവാസികളുടെ പ്രശ്‌നം കൂടി ഉന്നയിച്ചു ജനാധിപത്യ രീതിയില്‍ മുന്നോട്ടുവരുന്നതു ഫലപ്രദമാവുമെന്നു പ്രതീക്ഷിക്കണം.
വിവിധ സംസ്ഥാനങ്ങളിലുള്ള മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ തലത്തിലേക്ക്‌ വികസിക്കാനാവുമോ എന്നതാണ്‌ പ്രധാന പ്രശ്‌നം. സംസ്ഥാനത്തെ സവിശേഷ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ ദേശീയ തലത്തിലുള്ള പൊതുവായ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒന്നിക്കാനാവുമോ എന്നതും. ഇത്തരത്തിലൊരു യോജിച്ച മുന്നേറ്റത്തിനു സാധ്യതകള്‍ ഏറെയാണ്‌.


14 ശതമാനം വരുന്ന മുസ്‌ലിം വിഭാഗത്തിനു ജനസംഖ്യാനുപാതികമായ കണക്കനുസരിച്ച്‌ ലോക്‌സഭയില്‍ 76 സീറ്റ്‌ ലഭിക്കണം. പതിനാലാം ലോക്‌സഭയില്‍ 37 മുസ്‌ലിംകളാണ്‌ ഉണ്ടായിരുന്നത്‌. ഏറ്റവും അധികം മുസ്‌ലിംകള്‍ പാര്‍ലിമെന്റിലെത്തിയത്‌ 1980ലാണ്‌ - 46 പേര്‍. രാജ്യത്തിന്റെ നയരൂപവത്‌കരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന അവസ്ഥയിലേക്ക്‌ മാറണമെങ്കില്‍ കൂടുതല്‍ പ്രാതിനിധ്യം കൂടിയേ മതിയാവൂ. അതിനു യോജിച്ച മുന്നേറ്റങ്ങള്‍ അനിവാര്യമാണ്‌. ക്രിസ്‌ത്യന്‍, മുസ്‌ലിം, ആദിവാസി വിഭാഗങ്ങള്‍ പൊതുവായ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്‌. വര്‍ഗീയ സംഘടനകളുടെ ആക്രമണമോ കടന്നുകയറ്റമോ ആണ്‌ ഇതില്‍ പ്രധാനം. സമ്പത്തിന്റെയും അധികാരത്തിന്റെയും വിഭജനത്തിലുള്ള അസന്തുലിതാവസ്ഥയാണ്‌ മറ്റൊന്ന്‌ (ഇക്കാര്യത്തില്‍ ക്രിസ്‌തീയ വിഭാഗം താരതമ്യേന മെച്ചമാണ്‌). വളര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയും, മുസ്‌ലിം, ക്രിസ്‌ത്യന്‍ വിഭാഗങ്ങളുടെ കാര്യത്തില്‍ അത്‌ സാമൂഹ്യമാണെങ്കില്‍ ആദിവാസികളുടെ കാര്യത്തില്‍ അത്‌ സാമ്പത്തികം കുടിയാണ്‌, ഒരു പോലെ ബാധകമാണ്‌. ഇത്‌ പരിഹരിക്കപ്പെടണമെങ്കില്‍ വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടോടെ സംഘടിതമായ ഒരു രാഷ്‌ട്രീയ സംവിധാനം അനിവാര്യമാണ്‌. അതിലേക്ക്‌ ചില സുപ്രധാന സംഭാവനകള്‍ ചെയ്യാന്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ സഹായിച്ചേക്കും.


പിന്നാക്ക, ദളിത്‌ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുഖ്യധാരയിലേക്ക്‌ എത്തിക്കഴിഞ്ഞിട്ടുണ്ട്‌. ഇത്തരം പാര്‍ട്ടികളുടെ നേതാക്കളുടെ ഏകാധിപത്യ മനോഭാവവും നിലനില്‍പ്പുറപ്പാക്കിക്കൊണ്ടുള്ള രാഷ്‌ട്രീയ നിലപാടുകളും താത്‌ക്കാലികം മാത്രമാണ്‌. ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ സംവിധാനങ്ങള്‍ കൂടി സജീവമായാല്‍ പുതിയൊരു രാഷ്‌ട്രീയ കാലാവസ്ഥയാവും സംജാതമാവുക. മതേതര കാഴ്‌ചപ്പാട്‌ പുലര്‍ത്തുന്ന, അധിനിവേശ ശക്തികളെ ചെറുക്കുന്ന ഒരു കൂട്ടായ്‌മ ഭാവിയില്‍ ഉണ്ടാവുമ്പോള്‍ ഈ രണ്ടു പക്ഷത്തിനും അതില്‍ സുപ്രധാന പങ്ക്‌ വഹിക്കാനും സാധിക്കും.

No comments:

Post a Comment