2009-05-31

ലെനിനിസ്റ്റ്‌ രീതി - ബംഗാള്‍ സ്റ്റൈല്‍



എന്റെ സുവര്‍ണ ബംഗാള്‍ - സ്വന്തം നാടിനെക്കുറിച്ച്‌ ബംഗാളികള്‍ പുലര്‍ത്തിയ അഹങ്കാരത്തിന്റെ പ്രതീകമാണ്‌ തലമുറകള്‍ കൈമാറുന്ന രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഈ പ്രയോഗം. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍, പ്രത്യേകിച്ച്‌ സി പി എമ്മുകാര്‍ ബംഗാളിനെക്കുറിച്ച്‌ അഹങ്കരിച്ചിരുന്നു. കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ അധികാരം നഷ്‌ടമായിക്കൊണ്ടിരിക്കുമ്പോള്‍ മുഷിവു തട്ടാതെ തുടര്‍ന്നിരുന്ന ബംഗാളിലെ ചുവപ്പു പരവതാനിയെക്കുറിച്ച്‌ അവര്‍ വാതോരാതെ സംസാരിച്ചിരുന്നു. ബംഗാളിനെക്കണ്ട്‌ പഠിക്കാന്‍ മലയാളികളെ ഉപദേശിക്കുന്ന സി പി എം, ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ പതിവ്‌ കാഴ്‌ചയുമായിരുന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ കേരളത്തെപ്പോലെ ബംഗാളിലും ചുവപ്പിന്റെ നിറം മങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പിന്‌ ശേഷമുണ്ടായ സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ കേരളത്തിലെ സി പി എം പ്രവര്‍ത്തകരോടും നേതാക്കളോടും ബംഗാളിനെ കണ്ട്‌ പഠിക്കാന്‍ ഉപദേശിക്കേണ്ടിവരുമെന്ന്‌ തോന്നുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലും ഇക്കുറി തിരിച്ചടിയുണ്ടാവുമെന്ന്‌ സി പി എം നേതാക്കള്‍ക്കൊക്കെ അറിയാമായിരുന്നു. പക്ഷേ, ഇത്ര ശക്തമായ തിരിച്ചടി അപ്രതീക്ഷിതമായിരുന്നുവെന്ന്‌ മാത്രം. 32 വര്‍ഷത്തിന്‌ ശേഷമുണ്ടാകുന്ന കനത്ത പരാജയം ബംഗാളിലെ പാര്‍ട്ടി നേതൃത്വത്തിന്‌ തീര്‍ത്തും സഹിക്കാന്‍ കഴിയാത്തതായിരുന്നു. ഏഴും എട്ടും തവണ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക്‌ വിജയിച്ച ഹന്നന്‍ മുള്ളയെപ്പോലുള്ള നേതാക്കള്‍ പോലും തോറ്റു. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനും തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മൂന്നാം മുന്നണി തട്ടിക്കൂട്ടാനും തീരുമാനമെടുത്ത കേന്ദ്ര നേതൃത്വമാണ്‌ പരാജയത്തിന്‌ കാരണമായതെന്ന്‌ ഈ നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെതിരെ ബംഗാള്‍ ഘടകം രംഗത്തുവരുന്നുവെന്ന പ്രതീതിയാണ്‌ ഇതുളവാക്കിയത്‌. പോളിറ്റ്‌ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാതെ കനംതിങ്ങിയ മുഖവുമായി മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ്‌ ബില്‍ഡിംഗില്‍ ചടഞ്ഞുകൂടി. ഇതും കേന്ദ്ര നേതൃത്വത്തിനെതിരായ പ്രതിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ദിവസങ്ങള്‍ കഴിയുമ്പോള്‍ ചിത്രം മാറി. സി പി എമ്മിന്റെ ജില്ലാ ഘടകങ്ങളില്‍ നിന്ന്‌ പരാജയം വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. സംസ്ഥാന സമിതി കൂടി. പ്രാദേശിക വിഷയങ്ങള്‍ പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും തോല്‍വിക്ക്‌ കാരണമായെന്ന്‌ അവര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍, പാര്‍ട്ടിയുടെയും മുന്നണിയുടെയും നിയന്ത്രണത്തിലുള്ള പഞ്ചായത്ത്‌, മുനിസിപ്പല്‍ ഭരണകൂടങ്ങള്‍ എന്നിവയുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകള്‍ തോല്‍വിക്ക്‌ കാരണമായെന്ന്‌ സംസ്ഥാന സമിതി വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പിലൂടെ അവര്‍ ജനങ്ങളെ അറിയിച്ചു. ജനങ്ങള്‍ക്ക്‌ അപ്രീതിയുണ്ടാക്കിയ ഘടകങ്ങളില്‍ തിരുത്തലുകളുണ്ടാവുമെന്നും പാവപ്പെട്ടവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും അവര്‍ അറിയിച്ചു. പരാജയകാരണങ്ങള്‍ കൂടുതല്‍ പഠിക്കാനും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രവര്‍ത്തന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കാനും അടുത്തമാസം സംസ്ഥാന സമിതി ചേരാനും തീരുമാനിച്ചു. ഇതെല്ലാം ഔദ്യോഗികമായി സി പി എം നേതൃത്വം അറിയിച്ച കാര്യങ്ങളാണ്‌. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ കുറ്റസമ്മതം നടത്തിയെന്നാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ട്‌. സിംഗൂരിലും നന്ദിഗ്രാമിലും അടക്കം ഭൂമി ഏറ്റെടുക്കുന്നതിന്‌ സ്വീകരിച്ച നടപടികള്‍ തോല്‍വിക്ക്‌ മുഖ്യ കാരണമായെന്ന്‌ അദ്ദേഹം സംസ്ഥാന സമിതിയില്‍ സമ്മതിച്ചുവത്രെ. വേണ്ടത്ര ആലോചിക്കാതെ, ധൃതിപിടിച്ച്‌ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ്‌ പാളിച്ചയായി ബുദ്ധദേവ്‌ പറഞ്ഞത്‌. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ വെറും പറച്ചിലില്‍ നില്‍ക്കുന്നില്ല, പ്രവൃത്തിപഥത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഖരഗ്‌പൂരില്‍ വാണിജ്യ, കായിക സമുച്ചയം നിര്‍മിക്കുന്നതിന്‌ 120 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ബംഗാള്‍ മന്ത്രിസഭ റദ്ദാക്കി. വ്യവസായവത്‌കരണത്തിന്‌ വേഗം കൂട്ടാന്‍ രൂപവത്‌കരിച്ച ലാന്‍ഡ്‌ യൂസ്‌ ബോര്‍ഡ്‌ വ്യവസായ മന്ത്രി നിരുപം സെന്നില്‍ നിന്ന്‌ ഭൂവിനിയോഗവകുപ്പിന്റെ ചുമതലയുള്ള അബ്‌ദുര്‍ റസാഖ്‌ മുല്ലയുടെ പക്കലേക്ക്‌ തിരിച്ച്‌ നല്‍കുകയും ചെയ്‌തു. ഇതുകൊണ്ട്‌ എല്ലാമായെന്നോ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനുള്ള ഊര്‍ജം സി പി എമ്മിനും ഇടതുമുന്നണിക്കും ഉണ്ടാവുമെന്നോ അര്‍ഥമില്ല. പക്ഷേ, ചിലത്‌ തുടങ്ങിവെക്കാനെങ്കിലും തയ്യാറാവുന്നു എന്നത്‌ കാണാതിരിക്കാനാവില്ലെന്ന്‌ മാത്രം. ഭൂമിയുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങള്‍ തനിക്ക്‌ ഇനി ലഭിക്കാനിടയില്ലെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി പോലും ഉറപ്പിച്ചിരിക്കുന്നു. സിംഗൂരില്‍ ഏറ്റെടുത്തതില്‍ 400 ഏക്കര്‍ കര്‍ഷകര്‍ക്ക്‌ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട്‌ തൃണമൂല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ അവര്‍ പ്രഖ്യാപിച്ചത്‌ അതിനാലാണ്‌. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ പ്രശ്‌നങ്ങള്‍ സജീവമാക്കി നിലനിര്‍ത്തുകയും ബംഗാളിന്റെ മുഖ്യമന്ത്രിയാവുക എന്ന ആത്യന്തിക ലക്ഷ്യം സാക്ഷാത്‌കരിക്കുകയും ചെയ്യുക എന്നതാണ്‌ മമതയുടെ ലക്ഷ്യം. ആ ലക്ഷ്യം കണക്കിലെടുത്താല്‍ മമതയുടെ രാഷ്‌ട്രീയത്തെ കുറ്റം പറയാനാവില്ല. ഇവിടെ കേരളത്തിലേക്ക്‌ വരുമ്പോള്‍ സി പി എമ്മിലെ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. തിരഞ്ഞെടുപ്പ്‌ തോല്‍വിയുടെ പരാജയത്തിന്റെ മുന്നിലും അണ്ടിയാണോ മാങ്ങയാണോ മൂത്തത്‌ എന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറല്ല. കനമേറിയ പരാജയത്തെ ആര്‍ത്തു ചിരിച്ച്‌ സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്‍. തോല്‍വിയുടെ ഉത്തരവാദിത്തം വി എസ്സിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൂട്ടരും. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്‌ ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ വി എസ്‌ അച്യുതാനന്ദനും പിണറായി വിജയനും ഒരേ ഗ്രൂപ്പിലായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അമ്പേ പരാജയപ്പെടുകയും മലമ്പുഴയില്‍ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാവുകയും ചെയ്‌തപ്പോള്‍ സി പി എം പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസിലെ മുറിയില്‍ തളര്‍ന്നു കിടക്കുകയായിരുന്നു വി എസ്‌. തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം താത്‌പര്യം പ്രകടിപ്പിച്ചില്ല. ഇക്കുറി കനത്ത പരാജയം നേരിട്ടപ്പോള്‍ അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളുടെ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതികരണം അറിയിച്ചു, പതിവിലേറെ ഉല്ലാസവാനായി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും ഭേദപ്പെട്ട നില കൈവരിച്ചിരുന്നുവെങ്കില്‍ തന്റെ മുഖ്യമന്ത്രിക്കസേരക്ക്‌ ഇളക്കമുണ്ടാവുമെന്ന്‌ അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. അതുണ്ടായില്ലല്ലോ എന്ന ആഹ്ലാദമാണ്‌ മുഖത്ത്‌ നിറഞ്ഞത്‌. തിരഞ്ഞെടുപ്പു ഫലം വരുന്നതിന്‌ മുമ്പു തന്നെ പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ വിളിച്ചുകൂട്ടി മുഖ്യമന്ത്രി മാറണമെന്ന ചര്‍ച്ച ഉയര്‍ത്തിയ പിണറായി വിജയനും കൂട്ടരും ഈ ചിരിയിലേക്ക്‌ ചെയ്‌ത സംഭാവന കുറവല്ല തന്നെ. ഒടുവില്‍ ലെനിനിസ്റ്റ്‌ സംഘടനാരീതികള്‍ ലംഘിക്കപ്പെട്ടത്‌ ചൂണ്ടിക്കാട്ടി വി എസ്‌ കുറ്റവാളി തന്നെഎന്ന്‌ ഉറപ്പിക്കുകയും ചെയ്യുന്നു പാര്‍ട്ടി നേതൃത്വം.ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ പിന്തുണ നഷ്‌ടപ്പെട്ടത്‌, പി ഡി പിക്കും മഅ്‌ദനിക്കും മുസ്‌ലിം വോട്ടുകള്‍ വേണ്ടത്ര ഇടതുമുന്നണിയുടെ പെട്ടിയിലെത്തിക്കാന്‍ കഴിയാതിരുന്നത്‌, വിഭാഗീയത മൂലം വോട്ട്‌ ചോര്‍ന്നത്‌, മാധ്യമങ്ങള്‍ ഒന്നിച്ചെതിര്‍ത്തത്‌ തുടങ്ങിയ കാരണങ്ങളാണ്‌ തോല്‍വിയിലേക്ക്‌ നയിച്ചതെന്നാണ്‌ സി പി എം ഇപ്പോള്‍ വിലയിരുത്തുന്നത്‌. ഇതെല്ലാം കാരണങ്ങളാവാം. അതിലും പ്രധാനം പൊതു സമൂഹത്തിന്‌ സി പി എമ്മിലും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിലുമുണ്ടായ അവിശ്വാസമാണ്‌ പ്രതിഫലിച്ചത്‌. അതിന്‌ കാരണക്കാര്‍ പാര്‍ട്ടിയും മന്ത്രിസഭയിലുള്ളവരും മാത്രവുമാണ്‌. കര്‍ഷകര്‍ക്ക്‌ ആശ്വാസമെത്തിക്കാന്‍ കടാശ്വാസ കമ്മീഷന്‍, ക്ഷേമപെന്‍ഷനുകളില്‍ വരുത്തിയ വര്‍ധന, അത്‌ കൃത്യമായി നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായ പുരോഗതി, ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവര്‍ക്ക്‌ കിലോക്ക്‌ രണ്ടു രൂപക്ക്‌ അരി നല്‍കുന്നത്‌ എന്നു തുടങ്ങി സ്വാഗതാര്‍ഹമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാറിന്റെ കാലത്തുണ്ടായി. എന്നിട്ടും ജനങ്ങള്‍ എന്തുകൊണ്ട്‌ പിന്തുണക്കുന്നില്ല എന്നതാണ്‌ ആലോചിക്കേണ്ടത്‌. ജനങ്ങള്‍ക്കു മുന്നില്‍ പ്രകടമായുണ്ടായത്‌ വിവാദങ്ങളും തര്‍ക്കങ്ങളുമാണ്‌. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്‌മയാണ്‌. സി പി എം നേതൃത്വം വിശ്വസിക്കാത്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രി വിശ്വസിക്കാത്ത പാര്‍ട്ടി നേതൃത്വവുമാണ്‌. വിവാദങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനല്ല, അത്‌ കൂടുതല്‍ സജീവമായി നിര്‍ത്താനാണ്‌ പലപ്പോഴും വി എസ്‌ ശ്രമിച്ചത്‌. മെര്‍ക്കിസ്റ്റണ്‍, ഐ എസ്‌ ആര്‍ ഒ ഭൂമി, എച്ച്‌ എം ടി ഭൂമി, കവിയൂര്‍ - കിളിരൂര്‍ കേസ്‌ ഫയല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തെ പ്രതിനിധീകരിക്കാനല്ല, മറിച്ച്‌ സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താനാണ്‌ മുഖ്യമന്ത്രി ശ്രമിച്ചത്‌ എന്നത്‌ വ്യക്തം. ഈ പ്രശ്‌നങ്ങളിലൊക്കെ മുഖ്യമന്ത്രിയെക്കൂടി വിശ്വാസത്തിലെടുത്ത്‌ ചര്‍ച്ചകള്‍ നടത്താനോ ന്യായയുക്തമായ ഒരു തീരുമനമുണ്ടാക്കാനോ പാര്‍ട്ടി നേതൃത്വവും ശ്രമിച്ചില്ല. മുഖ്യമന്ത്രിയുടെ നിലപാടിന്റെ എതിര്‍ സ്ഥാനത്താണ്‌ തങ്ങള്‍ എന്ന സൂചന പലപ്പോഴും നല്‍കുകയും ചെയ്‌തു. സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച്‌ ബംഗാളിലെ കിസാന്‍ സഭാ (സി പി എമ്മിന്റെ കീഴിലുള്ള കര്‍ഷക സംഘടന) നേതാക്കള്‍ നല്‍കിയ വിശദീകരണം ഇവിടെ ശ്രദ്ധേയമാണ്‌. സിംഗൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധദേവ്‌ സര്‍ക്കാര്‍ തീരുമാനിക്കും മുമ്പ്‌ കിസാന്‍ സഭയുമായി ആലോചിച്ചില്ല. അത്തരമൊരു ആലോചന നടന്നിരുന്നുവെങ്കില്‍ കര്‍ഷകരെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോധ്യപ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കാന്‍ കഴിയുമായിരുന്നു. തിരിച്ചടിയുടെ ആഘാതം കുറക്കാനും കഴിഞ്ഞേനെ. കേരളത്തിലെ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ കാര്യം എടുക്കുക. പാര്‍ട്ടിയെയും മുന്നണി ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്തല്ല മൂന്നാറില്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനും തീരുമാനിച്ചത്‌. അതുകൊണ്ടാണ്‌ വി എസിന്റെ ഫസ്റ്റ്‌ ലെഫ്‌റ്റനന്റുമാരില്‍ ഒരാളായിരുന്ന സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി അദ്ദേഹത്തിനെതിരെ തിരിഞ്ഞത്‌. ഇടിഞ്ഞത്‌ വന്‍കിട കയ്യേറ്റക്കാരുടെ കെട്ടിടങ്ങളായിരിക്കാം. പക്ഷേ, ഇതു കഴിഞ്ഞാല്‍ തങ്ങളുടെ ഭൂമി കൂടി നഷ്‌ടമാവുമെന്ന ഭീതിയാണ്‌ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും ചെറുകിട, നാമമാത്ര കയ്യേറ്റക്കാരിലുണ്ടായത്‌. അല്ലെങ്കില്‍ അത്തരം ഭീതി ആസൂത്രിതമായി സൃഷ്‌ടിക്കപ്പെട്ടു. പാര്‍ട്ടിയിലും മുന്നണിയിലും ആലോചിച്ച്‌ ആസൂത്രിതമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ജനങ്ങളെ ബോധവത്‌കരിക്കാനും വന്‍കിടക്കാര്‍ കയ്യേറിയ ഭൂമി പൂര്‍ണമായും ഒഴിപ്പിച്ചെടുക്കാനും കഴിയുമായിരുന്നു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെ കയ്യേറ്റങ്ങളും ഒഴിപ്പിച്ചെടുക്കാമായിരുന്നു. പക്ഷേ, എല്ലാം അവസാനിച്ചു. പൊളിച്ചതിന്റെ ക്രഡിറ്റിനെച്ചൊല്ലി പാര്‍ട്ടി നേതൃത്വവും വി എസും നടത്തിയ തര്‍ക്കം മാത്രം ജനങ്ങളുടെ മുന്നില്‍ ബാക്കിയായി. ബംഗാളിലെ കിസാന്‍ സഭാ നേതാക്കള്‍ ചെയ്‌തതുപോലെ വൈകിയെങ്കിലും വസ്‌തുതകള്‍ തുറന്നു പറയാനും അത്‌ സ്വീകരിക്കാനും ഇവിടെ ആരും തയ്യാറല്ല. ഇവിടെ ഇപ്പോഴും ഇടതുപക്ഷത്തെ ആസൂത്രിതമായി തോല്‍പ്പിക്കാനുള്ള അമേരിക്കന്‍ ശ്രമം വിശദീകരിച്ച്‌ സംതൃപ്‌തിയടയുകയാണ്‌ ജയരാജന്‍മാര്‍. കുത്തകകളെ ചെറുക്കുകയും സാമ്രാജ്യത്വത്തിനെതിരെ നിലപാടെടുക്കുകയും ചെയ്യുമ്പോഴും വികസനത്തെക്കുറിച്ച കാഴ്‌ചപ്പാടുണ്ടാവേണ്ടത്‌ അനിവാര്യമാണ്‌. കേരളത്തിന്റെ താത്‌പര്യങ്ങള്‍ ഉറപ്പാക്കുന്ന വ്യവസ്ഥകളുമായി സ്‌മാര്‍ട്ട്‌ സിറ്റി കരാറില്‍ ടീകോമിനെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ കഴിഞ്ഞെന്നാണ്‌ വി എസും മറ്റും പറഞ്ഞിരുന്നത്‌. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പ്രദേശത്ത്‌ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതം മാത്രം തുടരുന്നു. സ്‌മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാവുമെന്ന ഒരുറപ്പും സര്‍ക്കാറിന്‌ നല്‍കാന്‍ കഴിയുന്നില്ല. വിട്ടുവീഴ്‌ചകള്‍ ചെയ്‌തായാലും പദ്ധതി നടപ്പാക്കുന്ന ഉമ്മന്‍ ചാണ്ടിയാണ്‌ ഭേദമെന്ന്‌ യുവാക്കളെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. സര്‍ക്കാറിന്റെ സ്ഥിതി ഇതാണെങ്കില്‍ പാര്‍ട്ടിയുടെ സ്ഥിതിയും മെച്ചമല്ല. സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന്‌ ദേശാഭിമാനിക്കു വേണ്ടി വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സി പി എം തീരുമാനിച്ചു. അപ്പോഴും ചെയ്‌തത്‌ തെറ്റായിപ്പോയെന്ന തോന്നല്‍ വാങ്ങിയ നേതാവിനുണ്ടായില്ല. ഞങ്ങള്‌ വാങ്ങി, ശരിയല്ലെന്ന്‌ കണ്ടപ്പോള്‍ തിരിച്ചുകൊടുത്തു. അതിന്‌ നിങ്ങള്‍ക്കെന്ത്‌ ചേതം എന്ന മട്ടിലായിരുന്നു അന്നുണ്ടായ പ്രതികരണം. പ്രതികരണം മാധ്യമങ്ങളോടായിരുന്നുവെങ്കിലും അത്‌ കണ്ട ജനം തങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കി. മറ്റ്‌ വിമര്‍ശനങ്ങളോടും അസഹിഷ്‌ണുത പ്രകടമായിരുന്നു. ഞങ്ങളുടെ പാര്‍ട്ടി, ഞങ്ങളുടെ പാര്‍ട്ടി എന്ന്‌ ഈ നേതാക്കള്‍ ആവര്‍ത്തിച്ചതു മുഴുവന്‍ അല്‍പ്പം ധാര്‍മികത നിലനില്‍ക്കുകയും അഴിമതിക്കും വര്‍ഗീയതക്കുമെതിരെ നിലപാടെടുക്കുകയും ചെയ്യുമെന്ന്‌ ജനം കരുതുന്ന പാര്‍ട്ടിയെക്കുറിച്ചാണെന്ന്‌ നേതാക്കള്‍ ഓര്‍ത്തില്ല. പരാജയം വിലയിരുത്തുമ്പോഴും ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാനും ഇടയില്ല. കാരണം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മാത്രമേ ഇവിടുത്തെ നേതാക്കള്‍ പ്രതീക്ഷിക്കുന്നുള്ളൂ. അപ്പോഴേക്കും അടുത്ത യു ഡി എഫ്‌ മന്ത്രിസഭ കാര്യങ്ങള്‍ ഇടതുപക്ഷത്തിന്‌ പരുവപ്പെടുത്തിയിരിക്കും. എതിരാളികളുടെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിജയം കൊയ്യാന്‍ കാത്തിരിക്കുന്നവരായി സി പി എം മാറിയിരിക്കുന്നുവെന്ന്‌ ചുരുക്കം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്‌ അവരുടെ വിശ്വാസം നേടിയെടുത്ത്‌ വിജയിക്കണമെങ്കില്‍ കുറച്ചേറെ മിനക്കെടേണ്ടതുണ്ട്‌. അതിനാണ്‌ ബംഗാളിലെ പാര്‍ട്ടിയുടെ ശ്രമം. അവര്‍ക്ക്‌ 2011ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തണമെന്ന ആഗ്രഹമെങ്കിലുമുണ്ട്‌. ഇപ്പോഴാരംഭിച്ചിരിക്കുന്ന നടപടികള്‍ തുടരുകയും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുകയും ചെയ്‌താല്‍ അത്‌ അസംഭവ്യവുമല്ല.

2 comments:

  1. പാളിച്ചകള്‍ മനസ്സിലാക്കാനും തെറ്റുകള്‍ തിരുത്താനും തയ്യാറായാല്‍ നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനാകും. അതിന് പകരം തൊഴുത്തില്‍ കുത്തും വിഴുപ്പലക്കലുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ കനത്ത തിരിച്ചടികള്‍ തന്നെയായിരിക്കും ഫലം.

    ReplyDelete
  2. its the spirit, but they seems to be deaf

    ReplyDelete