2009-05-21
വിലപേശലും വിശ്വാസ്യതയും
ഇന്ത്യന്‍ ജനാധിപത്യത്തിലെ മറ്റൊരു ഉത്സവ കാലം അവസാനിച്ചു. ഇനി അഞ്ചു വര്‍ഷത്തിനു ശേഷമേ ഇത്തരമൊരു ഉത്സവത്തിനു രാജ്യം സാക്ഷിയാവൂ. നൂറു കോടിയിലേറെ വരുന്ന ജനങ്ങളില്‍ അറുപത് ശതമാനത്തിന്റെ പങ്കാളിത്തത്തോടെ ഒരു മാസം നീണ്ട പ്രക്രിയയിലൂടെ പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തെ മറ്റു ജനാധിപത്യ ശക്തികളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതിലും അത്ഭുതകരമാകുന്നത് ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് ഏറെക്കുറെ ഭൂരിപക്ഷത്തിന് അടുത്ത സീറ്റുകളാണ് ലഭിച്ചത്. കുറേക്കൂടി വിശ്വാസം ജനിപ്പിക്കാന്‍ ഈ മുന്നണിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് ഒറ്റക്കു ഭൂരിപക്ഷം ലഭിക്കുമായിരുന്നു. കോണ്‍ഗ്രസിന് 1991നു ശേഷം ഇതാദ്യമായി ഇരുന്നൂറിലധികം സീറ്റും ലഭിച്ചു. ബി ജെ പിയും ഇടതു പാര്‍ട്ടികളും തിരഞ്ഞെടുപ്പു തോല്‍വി പരിശോധിച്ചു തിരുത്തലുകള്‍ വരുത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളും പരാജയ കാരണങ്ങള്‍ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്. ഈ പാര്‍ട്ടികളുടെ പരാജയം എന്നതിലുപരി ഇത് കോണ്‍ഗ്രസിന്റെ വിജയമായി കാണുകയാവും ഉചിതം.
തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി തീര്‍ത്തും ദുര്‍ബലമായിരുന്നുവെന്ന വിലയിരുത്തലായിരുന്നു ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനോ അവരുള്‍ക്കൊള്ളുന്ന സഖ്യത്തിനോ മികച്ച വിജയം കാഴ്‌ചവെക്കാന്‍ കഴിയില്ലെന്ന നിഗമനമായിരുന്നു ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. അന്നത്തെ സാഹചര്യം വെച്ചുനോക്കിയാല്‍ അത് തീര്‍ത്തും ശരിയുമായിരുന്നു. ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബി എസ് പിയും മുലായം സിംഗ് യാദവിന്റെ എസ് പിയും ആന്ധ്രയില്‍ ടി ഡി പിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുടെ നേതൃത്വത്തിലുള്ള മുന്നണിയും വന്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ ധാരാളം. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പും അതിനു ശേഷവും നടന്ന സംഭവവികാസങ്ങള്‍ ഈ കണക്കുകൂട്ടലുകളെ തെറ്റിച്ചു. അവിടെ നിന്നാണ് കോണ്‍ഗ്രസിന്റെ വിജയം തുടങ്ങുന്നതും.
മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ധാരണയില്‍ മത്സരിക്കാമെന്നു തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞു. തിരഞ്ഞെടുപ്പെത്തിയപ്പോള്‍ കോണ്‍ഗ്രസിനു പതിനേഴ് സീറ്റ് മാത്രമേ നല്‍കാനാവൂ എന്ന് ശഠിച്ചു. 25 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതിനിടയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ ബാബരി മസ്‌ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബി ജെ പി നേതാവ് കല്യാണ്‍ സിംഗുമായി സഖ്യമുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കൂടെ നിന്ന മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നു ഈ തീരുമാനം. പിന്നെയും കളികള്‍ തുടര്‍ന്നു. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയെയും രാം വിലാസ് പാസ്വാന്റെ എല്‍ ജെ പിയെയും ചേര്‍ത്തു കുറുമുന്നണിയുണ്ടാക്കി. ഹിന്ദി മേഖലയിലെ ഹൃദയ ഭാഗത്തു ഈ സഖ്യമില്ലാതെ ആരു സര്‍ക്കാറുണ്ടാക്കുമെന്നു കാണട്ടെ എന്നു വെല്ലുവിളിച്ചു. വേണ്ടിവന്നാല്‍ പ്രധാനമന്ത്രി സ്ഥാനം അവകാശപ്പെടാനുള്ള ശക്തി തങ്ങള്‍ക്കുണ്ടാകുമെന്ന് അഹങ്കാരത്തോടെ പറഞ്ഞു. എസ് പിയുടെ ഈ സമ്മര്‍ദങ്ങള്‍ക്കും
വിലപേശലിനും വഴങ്ങാതെ ഒറ്റക്കു മത്സരിക്കുക എന്ന ധീരമായ തീരുമാനം കോണ്‍ഗ്രസ് എടുത്തു. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാടിനെ വിശ്വാസത്തിലെടുത്തുവെന്നതിനു തിരഞ്ഞെടുപ്പ് ഫലം തെളിവ്. 2004ല്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കുന്ന സമയത്തുപോലും മുലായം സിംഗ് യാദവിനെ കൈവിടാതിരുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ അധികാരവും പദവികളും മാത്രം ലക്ഷ്യമിട്ടുള്ള ചാഞ്ചാട്ടം പൊറുക്കാന്‍ തയ്യാറായില്ല.
ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി - അടുത്ത മന്ത്രിസഭയില്‍ കൂടുതല്‍ വിലപേശലിനു കരുത്തുണ്ടാക്കാനാണ് ബീഹാറില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ലാലുവും രാം വിലാസ് പാസ്വാനും തിരുമാനിച്ചത്. സീറ്റ് പങ്ക് വെച്ചപ്പോള്‍ മൂന്നെണ്ണം മാത്രം തങ്ങള്‍ക്കു നീക്കിവെച്ചത് അംഗീകരിക്കാന്‍ തയ്യാറാവാതെ എല്ലാ സീറ്റിലും ഒറ്റക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. രണ്ടു സീറ്റില്‍ അവര്‍ക്കു ജയിക്കാനായി. ഒപ്പം ലാലുവിന്റെയും പാസ്വാന്റെയും കോട്ടകളെല്ലാം തകര്‍ന്നു വീഴുന്നത് കോണ്‍ഗ്രസ് കണ്ടു രസിച്ചു. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ട എന്ന ശക്തമായ തീരുമാനം ബീഹാറില്‍ വേണ്ടത്ര ഗുണം ചെയ്‌തില്ലെങ്കിലും രാജ്യത്താകെയുള്ള ജനങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള മതിപ്പ് വര്‍ധിക്കുകയായിരുന്നു.
മായാവതിയുടെ ബി എസ് പി - ഉത്തര്‍പ്രദേശില്‍ അമ്പതു സീറ്റോളം നേടുമെന്ന് അഹങ്കരിച്ചിരുന്ന ഇവര്‍ക്കു തിരിച്ചടിയായത് സ്വന്തം ചരിത്രമാണ്. പ്രധാനമന്ത്രിപദമാണ് ലക്ഷ്യമെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു മായാവതി. അത് നേടിയെടുക്കാന്‍ ആരുമായും അവര്‍ കൂട്ടുകൂടാനുള്ള സാധ്യത ജനം മുന്‍കൂട്ടിക്കണ്ടു. മുമ്പ് മൂന്നു വട്ടം ബി ജെ പിയുമായി സഖ്യമുണ്ടാക്കി ഉത്തര്‍പ്രദേശില്‍ സര്‍ക്കാറുണ്ടാക്കിയതിന്റെ ഓര്‍മ ജനത്തിനുണ്ടായിരുന്നു. അഴിമതിക്കും രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്‌കരണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ മായാവതി വാഗ്‌ദാനങ്ങള്‍ക്കു പുല്ലുവിലപോലും കല്‍പ്പിച്ചില്ല എന്നതും വോട്ടര്‍മാരുടെ മുന്നിലുണ്ടായിരുന്നു. ഡി പി യാദവിനെപ്പോലെ കുറ്റാരോപണങ്ങള്‍ കൊണ്ട് അഭിഷിക്തരായ നിരവധി പേരെ ബി എസ് പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി. ദളിത് വിഭാഗങ്ങള്‍ വിശ്വസ്‌തത നിലനിര്‍ത്തിയതുകൊണ്ടു മാത്രമാണ് ബി എസ് പി ക്ക് 20 സീറ്റിലെങ്കിലും വിജയിക്കാനായത്.
ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയും മഹാസഖ്യവും - ആന്ധ്രയിലെ മഹാസഖ്യം അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന പ്രവനചങ്ങള്‍ തെറ്റിച്ചത് ടി ഡി പിയുടെ ചരിത്രമാണ്. വേണ്ടിവന്നാല്‍ ബി ജെ പിയുമായി വീണ്ടുമൊരു സഖ്യത്തിനു ചന്ദ്രബാബു മടിക്കില്ലെന്നു ജനത്തിന് അറിയാമായിരുന്നു. തെലുങ്കാന രാഷ്‌ട്ര സമിതിയെക്കുറിച്ചും അവര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടാനാണ് മഹാസഖ്യമുണ്ടാക്കിയതെന്നും വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടി ടി ഡി പിയും ടി ആര്‍ എസും വിലപേശുമെന്നും വോട്ടര്‍മാര്‍ മുന്‍കൂട്ടിക്കണ്ടു. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എന്‍ ഡി എയില്‍ ചേര്‍ന്നു ടി ആര്‍ എസ് ജനങ്ങളുടെ ദീര്‍ഘവീക്ഷണം ശരിവെക്കുകയും ചെയ്‌തു. വൈ എസ് രാജശേഖര റെഡ്‌ഢി സര്‍ക്കാറിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസിനെ വീണ്ടും വിജയിപ്പിച്ചതിനു കാരണം മറ്റൊന്നും തേടേണ്ടതില്ല.
ജയലളിതയുടെ എ ഐ എ ഡി എം കെയും മുന്നണിയും - മൂന്നാം മുന്നണിക്കൊപ്പമായിരുന്നുവെങ്കിലും ഏപ്പോഴും എവിടേക്കും ചായാമെന്ന പ്രതീതിയാണ് എ ഐ എ ഡി എം കെ പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തോടു സൗഹൃദം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ബി ജെ പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുമായി ഹോട്ട്‌ലൈന്‍ ബന്ധം നിലനിര്‍ത്തുകയും ചെയ്‌തിരുന്നു ജയലളിത. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്‌നത്തില്‍ ഡി എം കെക്കെതിരെ വോട്ടര്‍മാര്‍ തിരിയാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് യു പി എ ഘടകകക്ഷിയായിരുന്ന പി എം കെ അവസാന നിമിഷത്തില്‍ എ ഐ എ ഡി എം കെ സഖ്യത്തിലേക്കു മാറിയത്. വൈകോയുടെ എം ഡി എം കെയാവട്ടെ കളംമാറ്റിച്ചവിട്ടുന്നതില്‍ യാതൊരു മടിയുമില്ലാത്ത പാര്‍ട്ടിയാണ്. ഈ പാര്‍ട്ടികളുണ്ടാക്കിയ സഖ്യത്തെ എങ്ങനെ മുഖവിലക്കെടുക്കുമെന്നു തമിഴ്‌നാട്ടുകാര്‍ സ്വയം ചോദിച്ചിരുന്നുവെന്നതാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. ഡി എം കെയും കോണ്‍ഗ്രസും പ്രകടിപ്പിച്ച രാഷ്‌ട്രീയ വിശ്വാസ്യതയെ (ലങ്കന്‍ പ്രശ്‌നം കത്തിനില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും തമിഴ്‌നാട്ടില്‍ വന്നു ഡി എം കെക്കും കരുണാനിധിക്കും ഒപ്പമാണ് കോണ്‍ഗ്രസ് എന്നു തറപ്പിച്ചുപറഞ്ഞിരുന്നു) അവര്‍ മാനിച്ചു. ഈ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുകയും സ്വാധീനവും ഭരണവുമുള്ള സംസ്ഥാനങ്ങളില്‍ പിഴവുകള്‍ ആവര്‍ത്തിക്കുകയും ചെയ്‌തത ഇടതുപാര്‍ട്ടികളെ കണക്കിനു പ്രഹരിക്കാനാണ് വോട്ടര്‍മാര്‍ തീരുമാനിച്ചത്.
ഇതിലും പ്രധാനം കഴിഞ്ഞ രണ്ടു ദശകത്തോളമായി ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന മേല്‍പ്പറഞ്ഞ പ്രാദേശിക പാര്‍ട്ടികള്‍ എന്താണ് ചെയ്‌തത് എന്ന് ജനം തിരിച്ചറിഞ്ഞുവെന്നതാണ്. 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിലൂടെ പിന്നാക്ക, ദളിത് ജനവിഭാഗങ്ങളിലുണ്ടാക്കിയ വിശ്വാസ്യതയും 1992ല്‍ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസില്‍ നിന്നു പൂര്‍ണമായി അകന്ന മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണയുമായിരുന്നു എസ് പി, ആര്‍ ജെ ഡി ആദിയായ പാര്‍ട്ടികളുടെ മുടക്കുമുതല്‍. അധികാര സ്ഥാനം ലക്ഷ്യമിട്ട് ജനതാദളിനെ പലതായി പിളര്‍ത്തിയതിനെ ജനം സഹിച്ചു. മുന്നണികള്‍ മാറിയും മറിഞ്ഞും അധികാരം ലക്ഷ്യമിട്ടു വര്‍ഷങ്ങളോളം പ്രയാണം നടത്തിയതു ക്ഷമിക്കുകയും ചെയ്‌തു. അധികാര സ്ഥാനത്തിരുന്നപ്പോഴൊന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇവര്‍ക്കു കഴിഞ്ഞതുമില്ല. ബീഹാറില്‍ ലാലുവും പിന്നീട് ഭാര്യ റാബ്‌റിയും അധികാരത്തിലിരുന്ന കാലം മാത്രം മതി തെളിവായി. ഒരു സാമൂഹിക മാറ്റത്തിനും വഴിയൊരുക്കാന്‍ സോഷ്യലിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന ആര്‍ ജെ ഡിക്കു കഴിഞ്ഞില്ല. ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് അധികാരത്തിലിരുന്നപ്പോഴും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. കേന്ദ്രഭരണത്തില്‍ പങ്കാളിത്തം ലഭിച്ചപ്പോഴും സ്വന്തം താത്‌പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. ബീഹാറിലേക്കു ധാരാളം ട്രെയിന്‍ അനുവദിച്ചതുകൊണ്ടോ ഛാപ്രയില്‍ കോച്ച് ഫാക്‌ടറിയും മറ്റും സ്ഥാപിച്ചതുകൊണ്ടോ വോട്ടര്‍മാരുടെ പിന്തുണ ലഭിക്കില്ലെന്നു ലാലു പ്രസാദ് യാദവിന് ഇപ്പോള്‍ മനസ്സിലായിക്കാണണം.
പ്രാദേശിക വികാരവും ജാതിസമവാക്യങ്ങളിലൂടെ വീണ്ടും വിജയിക്കാമെന്ന ആത്മവിശ്വാസവും കൈമുതലായുള്ള ഇക്കൂട്ടര്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളിയായിരിക്കെ പരിമിതമായ ചുറ്റുപാടുകള്‍ മാത്രമേ കണ്ടുള്ളൂ. യു പി എ ഘടകകക്ഷികളുമായിപ്പോലും ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്കയുമായി ആണവ കരാര്‍ ഉറപ്പിച്ചപ്പോള്‍ ലാലുവോ പാസ്വാനോ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. യു പി എ അംഗീകരിച്ച പൊതു മിനിമം പരിപാടിക്കു വിരുദ്ധമായി സ്വകാര്യവത്‌കരണ നയങ്ങളുമായി മുന്നോട്ടുപോയപ്പോഴും ഇവര്‍ നിശ്ശബ്‌ദരായിരുന്നു. റയില്‍വേയെ ശതകോടികളുടെ ലാഭത്തിലേക്കു നയിച്ച ലാലുപ്രസാദ് യാദവിന്റെ മാനേജുമെന്റ് മാജിക്ക് പോലും മന്‍മോഹന്‍ സിംഗിന്റെയും പി ചിദംബരത്തിന്റെയും ബുദ്ധിയുടെ പ്രതിഫലനമായിരുന്നു. റെയില്‍വേയില്‍ സ്വകാര്യവത്‌കരണം നടപ്പാക്കാന്‍ അവര്‍ ലാലുവിനെ ഫലപ്രദമായി ഉപയോഗിച്ചു. ലാലുവിന്റെ സ്വതസിദ്ധമായ ശൈലി ഒരു മറയാക്കിയെന്നു മാത്രം. ലാലു മാനേജുമെന്റ് വിദഗ്‌ധനായി അറിയപ്പെടുന്നതില്‍ മന്‍മോഹനോ ചിദംബരത്തിനോ പരാതിയുണ്ടായില്ല. അവര്‍ക്കു വേണ്ടത്, ആരുടെയും എതിര്‍പ്പില്ലാതെ ചില കാര്യങ്ങള്‍ നടപ്പാക്കുക എന്നതായിരുന്നു. അധികാരസ്ഥാനങ്ങള്‍ ഉറപ്പാക്കാനും അവിടെ തുടരാനുമായി സ്വന്തം വ്യക്തിത്വം ബലികഴിക്കുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്‌തത്. ഒപ്പം അവസരവാദത്തിന്റെ അപ്പോസ്‌തലരാവുകയും. ടി ഡി പിയും എ ഐ എ ഡി എം കെയുമൊന്നും ഇക്കാര്യത്തില്‍ പിറകിലായിരുന്നില്ല. ഒന്നര ദശകത്തോളമായി തുടരുന്ന ഈ നാടകം വോട്ടര്‍മാര്‍ക്കു മടുത്തിരിക്കുന്നുവെന്നതിന്റെ സൂചനയായി വേണം ജനവിധിയെ കാണാന്‍.
ഒപ്പം കോണ്‍ഗ്രസും മന്‍മോഹന്‍ സിംഗും യുവാക്കള്‍ക്കു നല്‍കിയ പ്രതീക്ഷയും. ആഗോള സാമ്പത്തിക പ്രതിസന്ധി പടിഞ്ഞാറന്‍ രാജ്യങ്ങളെ ബാധിച്ച തോതില്‍ ഇന്ത്യയെ ബാധിക്കാതിരുന്നതിന്റെ കാരണം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നടപടികളാണെന്ന് അവര്‍ കരുതുന്നു. ലോകസമ്പദ് വ്യവസ്ഥ പ്രതിസന്ധി തരണം ചെയ്യുവോളം മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്നതാവും ഉചിതമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവും. യുവാക്കളുടെ പ്രതീക്ഷകളെ മുന്‍കൂട്ടിക്കാണാന്‍ സോണിയാ ഗാന്ധിക്കു കഴിഞ്ഞുവെന്നതാണ് കോണ്‍ഗ്രസിന്റെ നേട്ടത്തിന് ഒരു കാരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്‍മോഹന്‍ തന്നെയായിരിക്കും പ്രധാനമന്ത്രിയെന്ന് അവര്‍ അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് ബി ജെ പിയും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍ കെ അഡ്വാനിയും മന്‍മോഹനെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയതു കോണ്‍ഗ്രസിനു ഗുണമായി. മന്‍മോഹന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ വീണ്ടും വിലയിരുത്താന്‍ ജനം തയ്യാറായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഴിമതി ആരോപണങ്ങളൊന്നും മന്‍മോഹന്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നിരുന്നില്ല. (ഇസ്‌റാഈല്‍ ആയുധ ഇടപാടില്‍ കോഴയുണ്ടെന്ന ആരോപണമുയര്‍ന്നത് തിരഞ്ഞെടുപ്പു കാലത്താണ്) മുമ്പ് മുന്നണികള്‍ സര്‍ക്കാറുണ്ടാക്കിയപ്പോഴെല്ലാം അതിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇടതുപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണ ഉപയോഗപ്പെടുത്തി, ന്യൂനപക്ഷ മുന്നണി സര്‍ക്കാറിനെ യാതൊരലോസരവും കൂടാതെ നയിക്കാന്‍ കഴിഞ്ഞു. ഇതെല്ലാം നല്ല വശങ്ങളായി വോട്ടര്‍മാര്‍ കണ്ടിട്ടുണ്ടാവണം. ചുരുക്കത്തില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയ രാഷ്‌ട്രീയ വിശ്വാസ്യതക്കാണ് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയത്. ഒപ്പം വിലപേശല്‍ രാഷ്‌ട്രീയം ശീലമാക്കിയവര്‍ക്കുള്ള മുന്നറിയിപ്പും.
Subscribe to:
Post Comments (Atom)
No comments:
Post a Comment