2009-05-13

ചോരയുടെ തീരത്തെ കച്ചവടക്കണക്കുകള്‍


സദ്ദാം ഹുസൈന്‍ ഭരണകൂടം ശേഖരിച്ചുവെച്ചിരിക്കുന്ന മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ലോകജനതക്കു ഭീഷണിയാണെന്നു പ്രഖ്യാപിച്ചാണ്‌ അമേരിക്കയും മറ്റ്‌ അധിനിവേശ ശക്തികളും 2003ല്‍ ഇറാഖിനെ ആക്രമിച്ചത്‌. 2001 ല്‍ അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്നതിനു ന്യായം മറ്റൊന്നായിരുന്നു - ലോകവ്യാപാര കേന്ദ്രം ആക്രമിച്ചു തകര്‍ത്തവര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കിയ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ അവിടെ ഒളിച്ചിരിക്കുന്നുവെന്നതും അല്‍ഖാഇദയുടെ സ്വതന്ത്ര താവളമായി അഫ്‌ഗാന്‍ മാറിയെന്നതും. രണ്ടിടത്തും നിരപരാധികളും നിസ്സഹായരുമായ ആയിരക്കണക്കിനാളുകളെ കൊന്നുതള്ളിക്കൊണ്ടാണ്‌ അധിനിവേശം മുന്നേറിയത്‌. അധിനിവേശത്തിനെതിരെ സ്വയം പൊട്ടിത്തെറിക്കാന്‍ സജ്ജരായി നുറു കണക്കിനാളുകള്‍ ഉണ്ടായപ്പോള്‍ ആ വഴിക്കും ചോരപ്പുഴകള്‍ ഒഴുകി. രക്തമുണങ്ങാതെ രണ്ടു രാജ്യങ്ങളും ശേഷിക്കുന്നു. രണ്ടിടത്തും അമേരിക്കന്‍ സൈന്യവും. ഇറാന്‍ കൈവരിക്കാന്‍ ഇടയുള്ള ആണവശേഷി, ഭാവിയില്‍ ലോക സമാധാനത്തിനു ഭീഷണിയാകുമെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. ഇതേ കണ്ടെത്തല്‍ ഉത്തര കൊറിയയുടെ കാര്യത്തിലുമുണ്ടായി. രണ്ടു രാജ്യങ്ങള്‍ക്കും മേല്‍ കടുത്ത ഉപരോധങ്ങള്‍ കൊണ്ടുവന്നു. പുതിയ ഉപരോധങ്ങളെക്കുറിച്ച്‌ ആലോചനകള്‍ നടത്തുകയും ചെയ്യുന്നു. ജനതതിക്കു ഭീഷണികളുയരുമ്പോള്‍ പരപ്രേരണ കൂടാതെ ഇടപെടാന്‍ അധികാരമുള്ള ശക്തിയാണെന്ന സ്വയം വിലയിരുത്തലുണ്ട്‌ അമേരിക്കക്ക്‌. സാമ്പത്തിക താത്‌പര്യങ്ങള്‍ കൂടി പരിഗണിച്ചു ബ്രിട്ടനും ഫ്രാന്‍സും അടക്കം സഖ്യശക്തികള്‍ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. രൂപവത്‌കരിച്ച കാലം മുതല്‍ അമേരിക്കയുടെ ആധിപത്യം അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭ എല്ലാറ്റിനും സര്‍വ സഹായവും ചെയ്‌തു കൂടെയുണ്ടു താനും. ഇവര്‍ക്കു മുന്നിലേക്കാണ്‌ ശ്രീലങ്കയില്‍ നിന്നു തമിഴരുടെ ചോര ഒഴുകിയെത്തുന്നത്‌. പതിവ്‌ പ്രസ്‌താവനകള്‍ മാത്രം ഇറക്കി എല്ലാവരും നിഷ്‌ക്രിയരായി ഇരിക്കുന്നു. പുലികളെ തകര്‍ക്കാന്‍ നേരത്തെ ശ്രീലങ്കയിലേക്കു സൈന്യത്തെ നിയോഗിച്ച ഇന്ത്യ, ആഭ്യന്തരമായി ഉയരുന്ന ശക്തമായ രാഷ്‌ട്രീയ സമ്മര്‍ദം വകവെക്കാതെ മൗനം തുടരുകയും ചെയ്യുന്നു.


ശ്രീലങ്കയില്‍ നടക്കുന്നതു ഭരണകൂടവും മുപ്പതിലേറെ വര്‍ഷമായി അതിനെ സായുധമായി വെല്ലുവിളിക്കുന്ന ഗറില്ലകളും തമ്മിലുള്ള പോരാണ്‌. വ്യവസ്ഥാപിതമായ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എല്‍ ടി ടി ഇയെ ഭീകര സംഘടനയെന്ന്‌ ഐക്യരാഷ്‌ട്രസഭയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളും മുദ്രകുത്തിയിട്ടുമുണ്ട്‌. തമിഴ്‌ വംശജരുടെ അവകാശങ്ങള്‍ക്കായി പോരടിക്കുന്ന ഈ സംഘടന, മുന്‍കാലങ്ങളില്‍ ചാവേര്‍ ആക്രമണങ്ങളിലൂടെ ലങ്കന്‍ തെരുവുകളെ ചോരയില്‍ മുക്കിയിരുന്നു. ഈ ചാവേര്‍ ആക്രമണങ്ങളിലൂടെയാണ്‌ ദ്വീപിന്റെ വടക്കും കിഴക്കും മേഖലകളില്‍ സ്വാധീനമുറപ്പിച്ചതും സമാന്തര ഭരണ സംവിധാനമുണ്ടാക്കിയതും. ചാവേര്‍ ആക്രമണങ്ങളുടെയും സായുധ പോരാട്ടത്തിന്റെയും പാതയിലൂടെ രാഷ്‌ട്രീയ അധികാരം സ്ഥാപിച്ചെടുക്കാന്‍ തമിഴ്‌ ജനത ശ്രമിച്ചതിനു കാരണങ്ങള്‍ നിരവധിയുണ്ട്‌. അതെല്ലാം ശ്രീലങ്കയിലെ സിംഹള വിഭാഗത്തിനു മേധാവിത്തമുള്ള രാഷ്‌ട്രീയ സംവിധാനത്തിന്റെ നടപടികളുടെ ഭാഗവുമായിരുന്നു. അതെല്ലാം തള്ളിക്കളയുക. എല്‍ ടി ടി ഇ എന്ന സംഘടനയെ തീവ്രവാദികളോ ഭീകരവാദികളോ ആയി മുദ്രകുത്തിയത്‌ അംഗീകരിക്കുകയും ചെയ്യുക. പക്ഷേ, അതുകൊണ്ടും ലങ്കയില്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ശനിയാഴ്‌ച രാത്രിമുതല്‍ ഞായറാഴ്‌ച ഉച്ചവരെ സൈന്യം നടത്തിയ ആക്രമണത്തില്‍ പൊലിഞ്ഞത്‌ രണ്ടായിരത്തോളം ജീവനുകളാണെന്ന്‌ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്‌ ഏറെക്കുറെ ശരിയാണെന്നു സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെയും വാക്കുകള്‍ തെളിയിക്കുന്നുമുണ്ട്‌. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമായിരുന്നു.


ഭക്ഷണമോ മരുന്നോ തല ചായ്‌ക്കാന്‍ തണലോ ഇല്ലാതെ അഭയാര്‍ഥികളായി മാറിയ അമ്പതിനായിരത്തോളം തമിഴ്‌ വംശജര്‍ക്കു നേരെയാണ്‌ സൈന്യം ആക്രമണം നടത്തുന്നത്‌. ഇവര്‍ക്കു പിറകില്‍ പോരാട്ടം തുടരുന്ന എല്‍ ടി ടി ഇ പ്രവര്‍ത്തകരെ വധിക്കുകയും നേതാക്കളെ പിടികൂടുയുമാണ്‌ ലക്ഷ്യം. സമര്‍ഥമായ തന്ത്രമാണ്‌ ഇതിനായി സൈന്യം ആവിഷ്‌കരിച്ചിരിക്കുന്നത്‌. കിളിനൊച്ചിയില്‍ നിന്നും പുലികള്‍ക്കൊപ്പം പിന്‍വാങ്ങിയ തമിഴ്‌ വംശജര്‍ പുതുക്കുടിയിരുപ്പില്‍ തമ്പടിച്ചപ്പോള്‍ മുതല്‍ സൈന്യം നടപ്പാക്കി വരുന്ന തന്ത്രം. ഒന്നോ രണ്ടോ ദിവസം തുടര്‍ച്ചയായി തമിഴ്‌ വംശജര്‍ക്കു നേര്‍ക്ക്‌ ആക്രമണം നടത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും ആക്രമണം നടക്കുന്ന പ്രദേശത്തേക്കു കടക്കാന്‍ അനുമതിയില്ല. അതുകൊണ്ട്‌ ആക്രമണത്തിന്റെയും അതുണ്ടാക്കിയ ആഘാതത്തിന്റെയും റിപ്പോര്‍ട്ട്‌ പുറത്തുവരാന്‍ വൈകും. റിപ്പോര്‍ട്ട്‌ പുറത്തുവരുമ്പോഴേക്കും ആക്രമണം അവസാനിപ്പിക്കും. ഇതിനിടയില്‍ ജീവന്‍ രക്ഷിക്കാന്‍ തത്രപ്പെടുന്ന സാധാരണക്കാരില്‍ ഒരു ഭാഗം സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു മാറും. തുടര്‍ന്നുള്ള മുന്നേറ്റത്തിന്‌ അല്‍പ്പ ദിവസം കാത്തിരിക്കും. കൂട്ടക്കുരുതികളുടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അവസാനിക്കുകയും അന്താരാഷ്‌ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവനകളുടെ ഒഴുക്ക്‌ നിലക്കുകയും ചെയ്യുന്നതോടെ അടുത്ത ആക്രമണത്തിനു തുടക്കമാവുകയായി. ഇത്തരത്തില്‍ മൂന്നു മാസത്തിലേറെയായി നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്ക്‌ ഒരിക്കലും പുറത്തുവരില്ല തന്നെ. കാരണം മൃതദേഹത്തില്‍ എല്‍ ടി ടി ഇയുടെ യൂനിഫോം ചാര്‍ത്തി കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം കുറക്കാന്‍ സൈന്യത്തിനു കഴിയുന്നുണ്ട്‌.

ചുരുക്കത്തില്‍ എല്‍ ടി ടി ഇ യെ ഉന്‍മൂലനം ചെയ്യുക എന്ന പേരില്‍ തമിഴ്‌ വംശഹത്യയാണ്‌ ലങ്കയില്‍ നടക്കുന്നത്‌. അതിനു മറയിടുന്നതില്‍ സൈന്യവും മഹിന്ദ രജപക്‌സെ ഭരണകൂടവും വിജയിച്ചിരിക്കുന്നുവെന്നു മാത്രം. ആത്യന്തികമായ ലങ്ക സിംഹളരുടെതാണെന്നു സേനാ മേധാവി ലഫ്‌റ്റനന്റ്‌ ജനറല്‍ ശരത്‌ ഫൊണ്‍സെക പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. ലക്ഷ്യം തമിഴരെ ഇല്ലാതാക്കുകയോ അവരുടെ സംഘടിക്കാനുള്ള ശേഷി തകര്‍ക്കുകയോ ആണെന്ന്‌. രാഷ്‌ട്രത്തലവനെന്ന നിലയില്‍ മഹിന്ദ രജപക്‌സെക്ക്‌ ഇത്‌ തുറന്നു പറയാനാവില്ല. അതുകൊണ്ടു രജപക്‌സെയുടെ ലക്ഷ്യം ശരത്‌ ഫൊണ്‍സെക പറയുന്നുവെന്നു മാത്രം.
ഇതെല്ലാം അറിഞ്ഞിട്ടും അമേരിക്ക മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും മൗനം തുടരുന്നു. ഉത്തര കൊറിയയുടെയും ഇറാന്റെയും ആണവ നിലയങ്ങളില്‍ ആളനക്കമുണ്ടായാല്‍ ഉപരോധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതി മൂന്നു മാസമായി ലങ്കയിലൊഴുകുന്ന നിരപരാധികളുടെ ചോര കണ്ടില്ലെന്നു നടിച്ചു. ആശങ്കകളും ഉത്‌കണ്‌ഠകളും പങ്കുവെക്കുന്ന പ്രസ്‌താവനകള്‍ ഇറക്കി രക്ഷാസമിതിയുടെ നേതൃത്വം കടമ നിറവേറ്റി. ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ (ഇപ്പോള്‍ പാക്കിസ്ഥാനിലും) അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ലക്ഷ്യം വ്യക്തമായിരുന്നു. ഈ മേഖലയിലെ എണ്ണ നിക്ഷേപത്തിന്‍മേല്‍ അവരുടെ നിയന്ത്രണമുണ്ടാവണം. 2003ലെ ആക്രമണത്തിലൂടെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ ഇല്ലാതാക്കിയ ശേഷം ഇറാഖിന്റെ എണ്ണ ഉത്‌പാദന, സംസ്‌കരണ, കയറ്റുമതി മേഖലകളിലേക്ക്‌ എത്തിയ ബ്രിട്ടീഷ്‌, അമേരിക്കന്‍ കമ്പനികളുടെ എണ്ണം മാത്രമെടുത്താല്‍ അവര്‍ ലക്ഷ്യം സാധിച്ചുവെന്നു മനസ്സിലാക്കാനാവും.

എന്നാല്‍ ഇത്തരം താത്‌പര്യങ്ങള്‍ ലങ്കയുടെ കാര്യത്തിലില്ല. പക്ഷേ, ജാഫ്‌ന എന്ന വലിയ തുറമുഖമുള്‍ക്കൊള്ളുന്ന ലങ്കയുടെ വടക്കു കിഴക്കന്‍ തീരത്ത്‌ ഈ രാജ്യങ്ങള്‍ക്കെല്ലാം താത്‌പര്യമുണ്ട്‌. തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നു ലങ്കയുടെ വടക്കന്‍ മുനമ്പിലേക്കുള്ള കടലിടുക്ക്‌ (പാക്‌ കടലിടുക്ക്‌) പുരാതനകാലം മുതല്‍ തിരക്കേറിയ കപ്പല്‍പ്പാതയാണ്‌. വലിയ കപ്പലുകള്‍ക്കു സഞ്ചരിക്കാന്‍ കഴിയില്ലെങ്കിലും മത്സ്യബന്ധന ബോട്ടുകള്‍ക്കും ചെറുകിട കപ്പലുകള്‍ക്കും യഥേഷ്‌ടം സഞ്ചരിക്കാവുന്ന പാത. അര്‍മീനിയ മുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളും ഇസ്‌റാഈലും അടങ്ങുന്ന ഈജിപ്‌ത്‌ വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമേഷ്യയെ (ഇന്ത്യന്‍ കാഴ്‌ചപ്പാടില്‍ മധ്യപൗരസ്‌ത്യമേഖല) തെക്കനേഷ്യയുമായി കടല്‍ വഴി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ്‌ ലങ്കയുടെ സമുദ്രാതിര്‍ത്തി. ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുടെ തീരത്തേക്ക്‌ എത്തിച്ചേരാനുള്ള സുഗമമായ കപ്പല്‍പ്പാത കൂടിയാവുന്നു ഇത്‌. ഈ സാധ്യതകള്‍ കണക്കിലെടുത്ത്‌ പാക്‌ കടലിടുക്കിന്റെ ആഴം വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. 1890ല്‍ ഇന്ത്യയും ലങ്കയുമൊക്കെ ബ്രിട്ടന്റെ ആധിപത്യത്തില്‍ കഴിയുന്ന കാലത്ത്‌. ഇതേ ആശയമാണ്‌ സേതുസമുദ്രം പദ്ധതിയെന്ന പേരില്‍ ഇന്ത്യ പിന്നീടു നടപ്പാക്കാന്‍ ശ്രമിച്ചത്‌.


പുതിയ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ പശ്ചിമേഷ്യയും ഇന്ത്യയും ചൈനയുമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും ശക്തമായ സാന്നിധ്യമാണ്‌. അവരുടെ വിപണികള്‍ കയ്യടക്കുക എന്നത്‌ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വികസിത രാജ്യങ്ങളുടെ ആവശ്യവും. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി പങ്ക്‌വെക്കുന്ന കപ്പല്‍ച്ചാലുകളിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കേണ്ടത്‌ ഇവരുടെ ആവശ്യമായി വരുന്നു. ഈ കപ്പല്‍ച്ചാലുകളില്‍ ഗണ്യമായ ഭാഗത്തിന്റെ നിയന്ത്രണം വ്യവസ്ഥാപിതമല്ലാത്ത ഒരു ഭരണ സമ്പ്രാദയത്തിന്റെ കീഴില്‍ തുടരുന്നത്‌ അവരുടെ താത്‌പര്യങ്ങള്‍ക്ക്‌ എതിരാണ്‌. എല്‍ ടി ടി ഇയുടെ കൈയില്‍ നിന്ന്‌ ഈ പ്രദേശങ്ങളെ മോചിപ്പിച്ചാല്‍ വികസിച്ചുവരാവുന്ന വ്യാപാര, വാണിജ്യ സാധ്യതകള്‍ സമ്പന്ന രാഷ്‌ട്രങ്ങള്‍ മുന്‍കൂട്ടിക്കാണുന്നുണ്ട്‌. ഇന്ത്യക്കു മുമ്പേ തന്നെ കമ്പോളങ്ങള്‍ തുറന്നു നല്‍കി, സാമ്രാജ്യത്വ മൂലധന ശക്തിയുടെ സ്വാധീനത്തിന്‌ വഴങ്ങിയ ശ്രീലങ്കയിലെ ഔദ്യോഗിക ഭരണകൂടത്തെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഉപയോഗിക്കാനാകുമെന്നും അവര്‍ കരുതുന്നു. തമിഴരുടെ ചോരയില്‍ കഴുകി ശുദ്ധമാക്കിയ തീരവും കടല്‍പ്പാതയും വണിക്കുകളും മൂലധനശക്തികളും കാത്തിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ കൂട്ടക്കുരുതി കണ്ടില്ലെന്നു നടിക്കുന്നത്‌. എല്‍ ടി ടി ഇയെ ഉന്‍മൂലനം ചെയ്‌തു കഴിഞ്ഞുള്ള ലങ്കയില്‍ തമിഴ്‌ വംശജര്‍ക്കു പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ പ്രസ്ഥാനങ്ങള്‍ മുളപൊട്ടരുതെന്ന നിര്‍ബന്ധബുദ്ധിയുടെ കാരണവും മറ്റൊന്നല്ല. വിമത ശബ്‌ദങ്ങള്‍ ഉയരാത്ത, മുതലാളിത്ത മൂലധന വ്യവസ്ഥക്കു വഴിപ്പെട്ടുകൊണ്ടുള്ള സമ്പൂര്‍ണ ലങ്കയാണ്‌ സമ്പന്ന രാഷ്‌ട്രങ്ങളുടെ ലക്ഷ്യം. അതിനുള്ള വഴി രജപക്‌സെ ഒരുക്കുമ്പോള്‍ എതിര്‍ക്കേണ്ട കാര്യമില്ലല്ലോ.


ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രമാണ്‌ ശ്രീലങ്കന്‍ സൈന്യത്തിനു മുന്നില്‍ ബാക്കിയുള്ളത്‌. അവിടെ തമ്പടിച്ചിരിക്കുന്ന പതിനായിരക്കണക്കിനു സാധാരണക്കാരായ തമിഴരും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരുപിടി എല്‍ ടി ടി ഇ പ്രവര്‍ത്തകരും മാത്രമേ പ്രതിരോധമായുള്ളൂ. വരും ദിവസങ്ങളില്‍ വലിയൊരു കൂട്ടക്കുരുതിക്കു ശേഷം എല്ലാം കീഴ്‌പ്പെടുത്തിയെന്ന മഹിന്ദ രജപക്‌സെയുടെ പ്രഖ്യാപനമുണ്ടാവും. അതിനുശേഷം ലങ്കയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്‌ ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും നടത്തുന്ന ഭാഷാശുദ്ധിയുള്ള പ്രസ്‌താവനകളും വരും. മരണമടഞ്ഞവരുടെ കണക്ക്‌ ലോകം അറിയില്ല. മരിച്ചതിനു തുല്യമായി ജീവിച്ചിരിക്കുന്നവരുടെ കണക്കും ആരും അറിയില്ല. സര്‍വം ഭദ്രമെന്ന്‌ അഹങ്കരിക്കുന്നവരുടെ മുഖത്തേക്കു ചോരത്തുള്ളികള്‍ തെറിപ്പിക്കാന്‍ പ്രഭാകരന്‍മാര്‍ വീണ്ടും ഉണ്ടാവുമോ എന്നതാണ്‌ കാത്തിരുന്നു കാണേണ്ടത്‌. മരണങ്ങള്‍ കണ്ടു മടുത്ത ഒരു ജനതയാണ്‌ ലങ്കയിലെ തമിഴ്‌ വംശജര്‍. അവര്‍ പ്രതീക്ഷകള്‍ തെറ്റിക്കും. അപ്പോള്‍ വണിക്കുകളുടെ സ്വപ്‌നങ്ങളും കുരുതികള്‍ക്കു മുന്നില്‍ മൗനം ഭജിച്ചവരുടെ സ്വസ്ഥതയുമാവും തകര്‍ക്കപ്പെടുക.

No comments:

Post a Comment