2012-09-15

ചാരത്തില്‍ നിന്ന് വാണിഭത്തിലെത്തുമ്പോള്‍



നൂറാമത്തെ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ആനന്ദതുന്ദിലരും അഭിമാനപൂരിതരുമായി നില്‍ക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയിലെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ - ഐ എസ് ആര്‍ ഒ) അംഗങ്ങള്‍. സംഘടനയുടെ ചരിത്രത്തിലെ സുപ്രധാനമായ നിമിഷത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗെത്തിയിരുന്നു. 1975 ഏപ്രില്‍ 19ന് 'ആര്യഭട്ട'യെ സോവിയറ്റ് യൂനിയനിലെ വിക്ഷേപണത്തറയില്‍ നിന്ന് ബഹിരാകാശത്തെത്തിച്ചതാണ് ആദ്യത്തേത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളെന്ന (പി എസ് എല്‍ വി) വിക്ഷേപണ വാഹനം അറബിക്കടലിലേക്കുള്ള പ്രൊജക്‌ടൈല്‍ മോഷന്‍ അവസാനിപ്പിച്ചതോടെ, 1993 മുതലാണ് ഉപഗ്രഹ വിക്ഷേപണ രംഗത്തെ വിശ്വസനീയമായ സ്ഥാപനമായി ഐ എസ് ആര്‍ ഒ മാറുന്നത്. പിന്നെയും 14 വര്‍ഷത്തിന് ശേഷം 2007ല്‍ ഉപഗ്രഹ വിക്ഷേപണമെന്നത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍വഹിക്കാന്‍ ആരംഭിച്ചു.

'ഉപഗ്രഹം വിക്ഷേപിച്ച് കൊടുക്കപ്പെടു'മെന്ന ബോര്‍ഡ് വെച്ചപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍, വലുതായിരുന്നു പ്രതികരണം. 1993മുതല്‍ ഇക്കാലം വരെ പി എസ് എല്‍ വി ഉപയോഗിച്ച് വിക്ഷേപിച്ച ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എണ്ണം 26. 2007 മുതല്‍ 2012 വരെയുള്ള കാലത്ത് വിക്ഷേപിച്ചത് 26 വിദേശ ഉപഗ്രങ്ങളും. അത്രക്കുണ്ടായിരുന്നു വിക്ഷേപണ വിപണി. അതുകൊണ്ടാണ് ഐ എസ് ആര്‍ ഒക്ക് വാണിജ്യ വിഭാഗം പ്രത്യേകമുണ്ടാക്കിയത് - ആന്‍ട്രിക്‌സ് കോര്‍പറേഷനെന്ന പേരില്‍.
ചാരവൃത്തിക്കേസില്‍ ആരോപണവിധേയനാകുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഐ എസ് ആര്‍ ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്, അന്യായമായി അറസ്റ്റ് ചെയ്തതിനുള്ള നഷ്ടപരിഹാരമായി നല്‍കേണ്ടതില്‍ പത്ത്  ലക്ഷം രൂപ മൂന്ന് മാസത്തിനകം നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ വിധിയുണ്ടായതിന് ദിവസങ്ങള്‍ക്കകമാണ് നൂറാമത്തെ ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുക എന്ന നേട്ടം ഐ എസ് ആര്‍ ഒ കൈവരിക്കുന്നത്. ഈ രണ്ട് സംഗതികളും തമ്മില്‍ പ്രത്യക്ഷത്തില്‍ വലിയ ബന്ധമില്ല. പരോക്ഷമായി ഏറെ ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. നമ്പി നാരായണന്‍, മറ്റൊരു ശാസ്ത്രജ്ഞനായ ശശികുമാര്‍ തുടങ്ങിയവരും മാലി സ്വദേശികളായ രണ്ട് സ്ത്രീകളും ആരോപണവിധേയരായ ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ കഥകളിലേക്ക് മടങ്ങേണ്ടിവരും ആ ബന്ധം മനസ്സിലാക്കാന്‍. 
1994 ഒക്‌ടോബര്‍ നാലിന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് മാലി സ്വദേശിനിയായ മറിയം റഷീദയെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ ആരംഭിക്കുന്ന ചാരക്കേസ് അവസാനിക്കുന്നത് 1998ല്‍ ആരോപണവിധേയരെ മുഴുവന്‍ സുപ്രീം കോടതി കുറ്റവിമുക്തരാക്കുന്നതോടെയാണ്. ഖര, ദ്രവ ഇന്ധനങ്ങളാണ് അത്ര കാലവും റോക്കറ്റുകളില്‍ ഉപയോഗിച്ചിരുന്നത്. വാതകത്തിന്റെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി താഴ്ത്തുമ്പോള്‍ പുറത്തേക്ക് ഗമിക്കുന്ന ഊര്‍ജത്തെ ഇന്ധനമാക്കുന്ന ക്രയോജനിക് എന്‍ജിനിലേക്ക് രാജ്യം കണ്ണ് വെക്കാന്‍ തുടങ്ങിയ കാലം. 1974ല്‍ പൊഖ്‌റാനില്‍ അണുബോംബ് പരീക്ഷണം നടത്തിയതോടെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ മറികടന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് സഹായിച്ചിരുന്ന സോവിയറ്റ് യൂനിയന്‍ ഇല്ലാതായതിനു ശേഷമുള്ള വര്‍ഷങ്ങളും.
ക്രയോജനിക് എന്‍ജിന്റെ രൂപകല്‍പ്പനക്ക് സഹായിക്കുന്ന അവസ്ഥയിലേക്ക്, തന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ഗവേഷണം മുന്നേറിയിരുന്നുവെന്നും അതിന് തടയിടുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു ചാരക്കേസ് എന്നുമാണ് നമ്പി നാരായണന്‍ പറയുന്നത്. അതിരുകടന്ന അവകാശവാദമെന്നോ അഹങ്കാരപ്രകടനമെന്നോ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറയുന്നത് ആത്മവിശ്വാസത്തോടെ തന്നെയാണ്. ചാരക്കേസിന് പിറകില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) ആയിരുന്നുവെന്ന ആരോപണം പില്‍ക്കാലത്ത് ഉയരുകയുണ്ടായി. എന്തായാലും ബഹിരാകാശ ഗവേഷണ മേഖലയില്‍ വലിയൊരു മാറ്റത്തിന് രാജ്യം തയ്യാറെടുത്ത് നില്‍ക്കെ ചാരക്കേസുണ്ടാകുകയും നമ്പി നാരായണനെന്ന വലിയ ശാസ്ത്രജ്ഞന്റെ ഗവേഷണ ബുദ്ധിയെ പാടെ ഇല്ലാതാക്കുകയും ചെയ്തുവെങ്കില്‍ അതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നത് വെറും ആരോപണമായി തള്ളിക്കളയാനാകില്ല. വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ വിക്ഷേപണം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 26 വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചുവെന്നത് തന്നെ ആരോപണത്തിന് ബലമേകുന്നു.
നമ്പി നാരായണന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ഗവേഷണം വിജയം കാണുകയും അദ്ദേഹം അവകാശപ്പെട്ടതു പോലെ ക്രയോജനിക് എന്‍ജിന്‍ തദ്ദേശീയമായി വികസിപ്പിക്കാന്‍ രാജ്യത്തിന് സാധിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടായാരാമാണ്ട് മുതല്‍ തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം ഐ എസ് ആര്‍ ഒക്ക് സാധിക്കുമായിരുന്നു. നഷ്ടമായ ഏഴ് വര്‍ഷം ഐ എസ് ആര്‍ ഒക്കും അതുവഴി രാജ്യത്തിനുമുണ്ടാക്കിയ നഷ്ടം സഹസ്ര കോടി ഡോളറിന്റെതാണ്. ആ ഡോളറൊക്കെ സ്വന്തമായത് അപ്പോള്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം ആരംഭിച്ചിരുന്ന ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കാകണം. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് സാമ്പത്തിക നേട്ടമെന്ന ലക്ഷ്യമുണ്ടാകാമെന്നര്‍ഥം. ക്രയോജനിക് എന്‍ജിന്‍ വൈകിയത്, വൈകി ജനിച്ചത് തന്നെ 2010ല്‍ പരീക്ഷിച്ചപ്പോള്‍ പരാജയപ്പെട്ടത്, ഇനിയെപ്പോഴാണ് ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിയോസിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി എസ് എല്‍ വി) പരീക്ഷിക്കാന്‍ സാധിക്കുക എന്ന് പറയാന്‍ ഐ എസ് ആര്‍ ഒക്ക് സാധിക്കാത്തത് എന്നിവയൊക്കെ നമ്പി നാരായണന്റെ വാക്കുകളുടെ നിഴലിലാണ്.
വിക്ഷേപണക്കച്ചവടത്തില്‍ മാത്രമല്ല ഇന്ത്യക്ക് നഷ്ടമുണ്ടായത്. ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കാന്‍ പ്രയാസമുണ്ടായതും കണക്കിലുണ്ട്. ഇക്കാലത്തിനിടെ ആരെയും ആക്രമിച്ചൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശത്തെ പല രാഷ്ട്രങ്ങളും ഉപയോഗിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പഠന വാഹനങ്ങളെ നിയോഗിച്ചു. ബഹിരാകാശ നിലയം സ്ഥാപിച്ച് അവിടെ ശാസ്ത്രജ്ഞരെ താമസിപ്പിച്ച് ഗവേഷണങ്ങള്‍ നടത്തി. വിനോദ സഞ്ചാരത്തിന് വരെ ബഹിരാകാശം യോജ്യമെന്ന് തെളിയിച്ചു.  നമ്പി നാരായണന്റെ അവകാശവാദം പോലെ ക്രയോജനിക് എന്‍ജിന്‍ നേരത്തെ വികസിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നുവെങ്കില്‍ മേല്‍ച്ചൊന്ന എല്ലാ വിപണികിളിലും ഇന്ത്യക്ക് പങ്കാളിയാകാമായിരുന്നു. അത്തരം അവസരമില്ലാതായതോടെ നഷ്ടമായത് ശാസ്ത്ര, ഗവേഷണ മേഖലകളില്‍ വലിയൊരു മുന്നേറ്റത്തിനുള്ള ഇന്ത്യന്‍ യുവതയുടെ സാധ്യത കൂടിയാണ്.

മൊബൈല്‍ ആശയ വിനിമയം, വാര്‍ത്താ വിതരണം തുടങ്ങി ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന മേഖലകളിലെല്ലാം വിദേശ കമ്പനികളുടെ വലിയ സാന്നിധ്യമില്ലാതെ തന്നെ വിപ്ലവം നടത്താന്‍ കഴിയുകയും ചെയ്യുമായിരുന്നു.
വലിയ നഷ്ടങ്ങളിലേക്ക് രാജ്യത്തെ തള്ളിവിടാന്‍ പാകത്തിലൊരു ഗൂഢാലോചന അന്താരാഷ്ട്ര തലത്തില്‍ നടന്നുവെങ്കില്‍ അതില്‍ രാജ്യത്തുള്ളവരുടെ പങ്ക് എത്രത്തോളമുണ്ടായിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഗൂഢാലോചന നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ ആഭ്യന്തര പങ്കാളികളാരൊക്കെ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. ഓരോ ഉപഗ്രഹവും അതിന്റെ വിക്ഷേപണത്തിന് വേണ്ടിവരുന്ന ചെലവിനേക്കാളധികം വരുമാനം നല്‍കുന്നുണ്ടെന്ന് രാജ്യം മനസ്സിലാക്കിയത് സ്വകാര്യ കമ്പനിയായ ദേവാസുമായി ആന്‍ട്രിക്‌സ് കോര്‍പ്പറേഷനുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാണ്.

ദേവാസിന് വേണ്ടി ഐ എസ് ആര്‍ ഒ വിക്ഷേപിച്ച് നല്‍കുമായിരുന്ന രണ്ട് ഉപഗ്രഹങ്ങളിലെ സ്‌പെക്ട്രത്തിന്റെ വില രണ്ട് ലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇത്രയും വില വരുന്ന, എസ് ബാന്‍ഡെന്ന ദുര്‍ലഭമായ സ്‌പെക്ട്രമടക്കം ചുരുങ്ങിയ വിലക്ക് ഉപഗ്രഹത്തിന്റെ ആയുസ്സ് തീരുന്ന കാലത്തോളം പാട്ടത്തിന് നല്‍കാനാണ് ദേവാസുമായി ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ കരാറുണ്ടാക്കിയത്. 2005ലുണ്ടാക്കിയ കരാറിലെ ക്രമക്കേട് പുറത്തുവന്നത് കഴിഞ്ഞ കൊല്ലം മാത്രം. അത് പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ ദേവാസിന് വേണ്ടി ഉപഗ്രഹം വിക്ഷേപിച്ച് നല്‍കി, അതിലെ സ്‌പെക്ട്രം മുഴുവന്‍ ചുളുവിലക്ക് പാട്ടത്തിന് നല്‍കാനുള്ള കരാര്‍ നടപ്പാക്കി സ്വന്തം കീശ വീര്‍പ്പിക്കാന്‍ ലാക്ക് നോക്കിയവര്‍ ഐ എസ് ആര്‍ യിലുണ്ടായി. ആ കരാര്‍ ശരിയിട്ട് അംഗീകരിച്ചവര്‍ ബഹിരാകാശ വകുപ്പിലുണ്ടായി. ആ വകുപ്പ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാകയാല്‍ അവിടുള്ളവരും അറിയാതെയാകില്ല കാര്യങ്ങള്‍.

ദേവാസെന്ന കമ്പനിക്ക് തുടക്കമിട്ടത് ഐ എസ് ആര്‍ ഒയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നത് കൂടി സ്മരിക്കുമ്പോള്‍ കരാറുണ്ടാക്കിയതും അംഗീകരിക്കപ്പെട്ടതും വെറുതെയല്ലെന്ന് മനസ്സിലാക്കാം. ആന്‍ട്രിക്‌സുമായി കരാറൊപ്പിട്ടതിന് തൊട്ടുപിറകെ ദേവാസിന്റെ ഓഹരികള്‍ ജര്‍മന്‍ കമ്പനി വാങ്ങിയെന്നതും സ്മരിക്കാം.
ബഹുരാഷ്ട്ര കമ്പനികള്‍ക്കോ വിദേശ രാജ്യങ്ങള്‍ക്കോ ഉപകാരം ചെയ്യുന്നതിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘം ഐ എസ് ആര്‍ ഒയുടെ വേലിക്കകത്തുതന്നെയുണ്ടായിരുന്നുവെന്നാണ് ആന്‍ട്രിസ് - ദേവാസ് കരാര്‍ നല്‍കുന്ന പാഠം. ക്രയോജനിക് സാങ്കേതിക വിദ്യ കൈവരിച്ച് ഉപഗ്രഹ വിക്ഷേപണ വിപണിയിലും ബഹിരാകാശ ഗവേഷണ മേഖലയിലും ഇന്ത്യ ശക്തമായ സാന്നിധ്യമാകുന്നതിലൂടെ വിദേശ കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടത്തില്‍ ഉത്കണ്ഠാകുലരായവര്‍ അക്കാലത്ത് ഐ എസ് ആര്‍ ഒയുടെ വേലിക്കകത്ത് ഉണ്ടായിരുന്നോ?

1998ല്‍ ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടുകഥയായിരുന്നുവെന്ന് അംഗീകരിച്ച് ആരോപണവിധേയരെ മുഴുവന്‍ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയപ്പോള്‍, കെട്ടുകഥയുടെ സ്രഷ്ടാക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടത്തിന് താത്പര്യമുണ്ടായിരുന്നില്ല. ക്രയോജനിക് എന്‍ജിന്റെ ഘടകഭാഗങ്ങള്‍ മീന്‍കുട്ടയില്‍ കടത്തിയതിന്റെയും മറിയം റഷീദയും ഫൗസിയ ഹസനും സ്വന്തം ശരീരം വാണിഭം നടത്തിയതിന്റെയും നിറം പിടിപ്പിച്ച (നുണ) കഥകള്‍ മെനഞ്ഞുണ്ടാക്കാന്‍ തത്രപ്പെട്ട മാധ്യമങ്ങള്‍ക്കും ഈ വഴിക്ക് താത്പര്യമുണ്ടായില്ല. കേരള പോലീസ് കെട്ടിച്ചമച്ച ചാരക്കഥക്ക് പൊലിമയേകിയ ഇന്റലിജന്‍സ് ബ്യൂറോക്കും കള്ളക്കഥയുടെ സ്രഷ്ടാക്കളെ തേടണമെന്ന് തോന്നിയില്ല. അത്തരമൊരു അന്വേഷണം നടന്നിരുന്നുവെങ്കില്‍ ആന്‍ട്രിക്‌സ്- ദേവാസ് കരാറിനോളം ക്രമക്കേടുകളും അഴിമതിയും വളരുമായിരുന്നോ എന്ന് ഇനിയെങ്കിലും ചിന്തിക്കണം.

അകാലത്തില്‍ ഔദ്യോഗിക ജീവിതം അവസാനിച്ചെങ്കിലും തന്നില്‍ ചാര്‍ത്തപ്പെട്ട കളങ്കം മായ്ക്കാന്‍ നമ്പി നാരായണന് സാധിച്ചു, നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവെങ്കിലും അനുവദിപ്പിക്കാനും. കളങ്കം മായ്ക്കാന്‍ ഐ എസ് ആര്‍ ഒയും ഭരണകൂടവും എന്ത് ചെയ്തുവെന്ന ചോദ്യം ശേഷിക്കുകയാണ്. രണ്ട് ലക്ഷം കോടി ഖജനാവിന് നഷ്ടമാകാന്‍ പാകത്തിലൊരു കരാര്‍ പിന്നീട് ചമക്കപ്പെട്ടുവെന്ന് കണ്ടെത്തുമ്പോള്‍ പ്രത്യേകിച്ചും.

No comments:

Post a Comment