2012-09-28

പക്വതയിലെ മതഭേദം!!!



സ്വദേശം കൊല്ലം ജില്ലയിലെ പുനലൂര്‍. താമസിക്കുന്നത് ഗുജറാത്തിലെ അഹമ്മദാബാദില്‍. പിടിക്കപ്പെടുന്നത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ - ഐ എസ് ആര്‍ ഒ)  ബംഗളൂരുവിലെ ഓഫീസില്‍ വെച്ച്, അതും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നെത്തിയ നിലയില്‍. ഇങ്ങനെ കടക്കുന്നതിന് വേണ്ടി ഐ എസ് ആര്‍ ഒയുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചതായി കണ്ടെത്തി. ഇതൊക്കെ ചെയ്തത് ഒരു വനിതയായിരിക്കുക, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് ഐ എസ് ആര്‍ ഒ ഓഫീസില്‍ കയറാന്‍ ഉന്നത ഉദ്യോഗസ്ഥരിലാരോ സഹായം ചെയ്തുവെന്ന് അഭ്യൂഹമുയരുക...  പരമ്പരാഗത രീതിയനുസരിച്ച് ഒരു പാട് സാധ്യതകളുള്ള ഒരു സിനിമാറ്റിക് സാഹചര്യം. എന്നിട്ടും നാം വലിയ പക്വത കാട്ടിയിരിക്കുന്നു, അഭിനന്ദനാര്‍ഹമായ പക്വത.

പുനലൂര്‍ നേതാജി മന്ദിരത്തില്‍ ബ്യൂല എം സാമെന്ന നാല്‍പ്പത്തിനാലുകാരിയുടെ കഥ അതിന്റെ സര്‍വ ദുരൂഹതകളോടും കൂടെ നമ്മുടെ മുന്നിലുണ്ട്. ബ്യൂല എങ്ങനെ ഐ എസ് ആര്‍ ഒയുടെ ബംഗളൂരു ഓഫീസിലെത്തി? എങ്ങനെയാണ് അവര്‍ക്ക് അകത്ത് കടക്കാന്‍ സാധിച്ചത്? മണിക്കൂറുകള്‍ അവിടെ ചെലവിടാന്‍ സാധിച്ചത് എങ്ങനെ? എന്നിങ്ങനെ ദുരൂഹതക്ക് വളമാകുന്ന ചോദ്യങ്ങള്‍ അനവധി. അതിനേക്കാള്‍ ദുരൂഹമായിരിക്കുന്നത് നാം കാട്ടിയ വലിയ പക്വതയിലാണ്. രണ്ട് ദശകത്തോളം പഴകിയ ഒരു ചാരക്കഥ സമൂഹത്തിന്റെ മുന്നില്‍ വീണ്ടും ചോദ്യങ്ങളുയര്‍ത്തിയ ഘട്ടത്തിലാണ് ഐ എസ് ആര്‍ ഒയുടെ ഓഫീസിലേക്ക് ബ്യൂല കടന്നെത്തുന്നത്. അന്നത്തെ ഓര്‍മകളുള്ളവരുടെ മനസ്സില്‍ ഉദ്വേഗ മനോഹരമായ ഒരു ചാരക്കഥക്ക് ഇതിലും നല്ല നൂല് കിട്ടാനില്ല. അനധികൃത താമസത്തിന് ഉന്നത ഉദ്യോഗസ്ഥരാരെങ്കിലും വഴിയൊരുക്കിയോ എന്ന സംശയം കൂടി കൂട്ടിച്ചേര്‍ത്താല്‍!!!

രാജ്യത്തെ തന്ത്ര പ്രധാന കേന്ദ്രങ്ങളൊക്കെ  ഭീകരവാദ സംഘടനകളുടെ ഭീഷണി നേരിടുന്നുവെന്ന മുന്നറിയിപ്പ് ഇടക്കിടെ നല്‍കാറുണ്ട്. മുംബൈയിലുണ്ടായത് പോലെ, തീരങ്ങളിലൂടെ കടന്നെത്തുന്ന ഭീകരവാദികള്‍ കൊടിയ അക്രമം അഴിച്ചുവിടാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രാജ്യത്തോടായി പറഞ്ഞിട്ട് മാസമൊന്നാകുന്നതേയുള്ളൂ. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലുണ്ട് ഐ എസ് ആര്‍ ഒ കേന്ദ്രങ്ങള്‍. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള  റിപ്പോര്‍ട്ടുകള്‍ മുന്‍കാലത്തുണ്ടായിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന്റെ കവാടത്തില്‍ വെടിയൊച്ച കേട്ടത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത്തരം അഭ്യൂഹങ്ങള്‍ക്ക് കൂടിയുള്ള അസുലഭവും അനന്യവുമായ അവസരമാണ് ബ്യൂല തുറന്ന് നലകിയത്.


ഇന്ത്യ കണ്ട മികച്ച 'ഭീകരരി'ല്‍ ഒരാളും ഇപ്പോള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നയാളുമായ അബ്ദുന്നാസര്‍ മഅ്ദനിയുടെ അന്‍വാറുശ്ശേരി യത്തീംഖാനയുള്‍ക്കൊള്ളുന്ന കരുനാഗപ്പള്ളിയില്‍ നിന്ന് അധികം അകലെയല്ല പുനലൂര്‍. ദളിത് ഭീകര സംഘടനയുടെ ആദ്യത്തെയും അവസാനത്തെയും ആക്രമണം അരങ്ങേറിയ വര്‍ക്കലയില്‍ നിന്ന് അധികം ദൂരമില്ല പുനലൂരേക്ക്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെയും (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ - ഡി ആര്‍ ഡി ഒ) മാധ്യമ സ്ഥാപനത്തിലെയും ജീവനക്കാരുള്‍പ്പെടുന്ന 'ഭീകരവാദ ശൃംഖല'യെ കര്‍ണാടക പോലീസ് കണ്ടെത്തിയിട്ട് ഏതാനും ദിവസങ്ങളേയായുള്ളൂ. പിടിയിലായ യുവതി ജോലി ചെയ്യുന്നത് അഹമ്മദാബാദില്‍. പ്രധാനമന്ത്രി പദമോഹവുമായി മുന്നേറുന്ന 'വിരാട് പുരുഷ്'  നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബ തയ്യാറാക്കിയ പദ്ധതിയനുസരിച്ചെത്തിയ നിരവധി പേര്‍ ഗുജറാത്ത് പോലീസിന്റെ 'വെടിയുണ്ടയേറ്റ്' പിടഞ്ഞുവീണ നഗരം. ബംഗളൂരുവിലെ സ്‌ഫോടന പരമ്പര കേസ് കഴിഞ്ഞാല്‍ അഹമ്മദാബാദിലെ സ്‌ഫോടന പരമ്പരയിലെ ആരോപണ വിധേയ സ്ഥാനം ചാര്‍ത്തി നല്‍കാനിടയുള്ള മഅ്ദനിയുടെ നാട്ടുകാരി.

അര്‍ഥഗര്‍ഭമായ ഇത്രയും സാഹചര്യങ്ങളുണ്ടായിട്ടും ബ്യൂലയുടെ സന്ദര്‍ശനം നല്‍കിയ അവസരങ്ങളെയാകെ നിഷേധിക്കും വിധത്തില്‍ കര്‍ണാടകത്തിലെ പോലീസും മാധ്യമങ്ങളും പെരുമാറിയെന്നത് കൊണ്ടാണ് അഭിന്ദനാര്‍ഹമായ പക്വത കാട്ടിയെന്ന വിലയിരുത്തല്‍ നടത്തിയത്. അറസ്റ്റിലായയുടന്‍ ബ്യൂലയുടെ ബന്ധുക്കളുമായി പോലീസ് സംസാരിച്ചു. അഹമ്മദാബാദില്‍ നിന്ന് ഭര്‍ത്താവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. യുവതിയുടെ മാനസിക അസ്വാസ്ഥ്യത്തെക്കുറിച്ച് മനസ്സിലാക്കി. അതുള്‍പ്പെടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. എല്ലാ മാധ്യമങ്ങളും അസാധാരണ സംയമനത്തോടെ ബ്യൂലയുടെ മാനസിക അസ്വാസ്ഥ്യത്തെക്കുറിച്ച് വിശദമായി പരാമര്‍ശിച്ച് മറ്റൊരു സൂചനകളിലേക്കൊന്നും വായനക്കാരന്റെ മനസ്സിനെ നയിക്കാതെ ശ്രദ്ധിച്ചു. തുടരന്വേഷണം നടക്കുകയാണെന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. എങ്ങനെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയത്? അതിന് സഹായിച്ച സ്റ്റുഡിയോകള്‍ ഏതൊക്കെയാണ്? ഏതെങ്കിലും ശാസ്ത്രജ്ഞന്റെ സഹായം ഇതിനുണ്ടായിരുന്നോ? ഐ എസ് ആര്‍ ഒയുടെ ബംഗളൂരു കേന്ദ്രത്തില്‍ അടുത്തിടെ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്ന് പേര് മാറ്റി ബ്യൂലക്ക് നല്‍കുകയായിരുന്നുവെന്നും വിവരമുണ്ട്. എന്തായാലും അന്വേഷണത്തിന്റെ പുറത്തുവരുന്ന വിവരങ്ങളിലൊന്നിലും അനാവശ്യമായ കടന്നുകയറ്റമുണ്ടാകുന്നില്ല. അല്ലെങ്കില്‍ അത്തരം കടന്ന് കയറ്റങ്ങളുണ്ടാകുന്നില്ലെന്ന് മാധ്യമ സ്ഥാപനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മനസ്സിലാകും. ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനം.

ഇതേ നിലപാടുകള്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടോ എന്നത് കൂടി കൂലംകഷമായി ആലോചിക്കേണ്ടതുണ്ട്. 'ലവ് ജിഹാദെ'ന്ന വ്യാജ പ്രചാരണത്തിന് തീപിടിപ്പിക്കാന്‍ തീരുമാനിച്ച കാലത്തുണ്ടായോ! കാശ്മീരില്‍ വെച്ച് നാല് മലയാളികള്‍ 'ഏറ്റുമുട്ടലി'ല്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിറകെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മൂന്നൂറും അഞ്ഞൂറും മുസ്‌ലിംകളെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാലത്തുണ്ടായോ? ചെറുതും വലുതുമായ സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിറകെ സംശയിക്കപ്പെടുന്ന ഭീകര സംഘടനകളുടെ പേര് കടും ചുവപ്പിലെ വെളുത്ത അക്ഷരങ്ങളായി ബ്രേക്ക് ചെയ്ത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്നുണ്ടോ? ഇത്തരം സംശയങ്ങള്‍ മാധ്യമങ്ങളില്‍ വലിയ അക്ഷരങ്ങളില്‍ വരാന്‍ പാകത്തില്‍ വിവരങ്ങള്‍ മനഃപൂര്‍വം ചോര്‍ത്തി നല്‍കാറുണ്ട് നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍. ചില ഘട്ടങ്ങളില്‍ രാഷ്ട്രീയ നേതാക്കളും.


ബംഗളൂരു സ്‌ഫോടന പരമ്പരാക്കേസില്‍ അറസ്റ്റിലായ അബ്ദുന്നാസര്‍ മഅ്ദനിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നില്‍, ഐ പി എല്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പുണ്ടായ, ചെറിയ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കര്‍ണാടകത്തിലെ അന്നത്തെ ആഭ്യന്തര മന്ത്രി വി എസ്ആചാര്യ (ഇപ്പോള്‍ യശശ്ശരീരന്‍) പ്രസ്താവന നടത്തിയത് ഓര്‍ക്കുക. പ്രത്യേകിച്ച് വിവരങ്ങളൊന്നും ലഭിക്കാതെയാണ് ആചാര്യ പ്രസ്താവന നടത്തിയത് എന്ന് പിന്നീട് വ്യക്തമായി. ഭീകരവാദത്തിന്റെ നിഴലിലേക്ക് തള്ളപ്പെട്ടവരുടെ ചുമലിലേക്ക് ഏത് ആരോപണവും ഇറക്കാവെക്കാന്‍ സാധിക്കുന്ന സാഹചര്യം നിലനില്‍ക്കുകയും അത്തരം ഇറക്കിവെക്കലുകള്‍ക്ക് വലിയ മാധ്യമ പിന്തുണ ലഭിക്കുകയും ചെയ്യുന്ന പതിവിവിടെയുണ്ട്. ഇപ്പോഴത് ലംഘിച്ച് ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും തയ്യാറായതിന്റെ മനഃശാസ്ത്രം പരിശോധിക്കപ്പെടണം.

ന്യൂനപക്ഷ സമുദായാംഗമാണ് എന്നത് കൊണ്ട് ഒരാളെ ഭീകരവാദിയായി മുദ്രകുത്തി ജയിലില്‍ തള്ളരുതെന്ന് സുപ്രീം കോടതി ഗുജറാത്ത് പോലീസിനോട് നിര്‍ദേശിച്ചത് കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ നാമൊക്കെ അകപ്പെട്ടിരിക്കുന്ന അതിദയനീയമായ അവസ്ഥ കുറേക്കൂടി വ്യക്തമാകും. ന്യൂനപക്ഷ സമുദായാംഗങ്ങളെ ടാഡയുടെയും പോട്ടയുടെയും ഇപ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെയും വകുപ്പുകളുപയോഗിച്ച് ആരോപണവിധേയരാക്കുകയോ തടവിലടക്കുകയോ ചെയ്യുന്നത് പ്രയാസമേറിയ ഒന്നല്ലെന്ന് ഉയര്‍ന്ന ന്യായാസനത്തിന് ബോധ്യപ്പെട്ടതിന്റെ തെളിവായെങ്കിലും ഇത് മനസ്സിലാക്കാം.


ഇത്തരം കഠോര നിയമങ്ങളുടെ വകുപ്പുകള്‍ പ്രയോഗിക്കുന്നതിന് തടയായി നിയമത്തില്‍ തന്നെയുള്ള നിബന്ധനകള്‍ മറികടക്കുന്നതിന് യാതൊരു മടിയുമുണ്ടാകാറുമില്ല. നിലവിലുള്ള സാഹചര്യം ഇതായിരിക്കെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി തന്ത്ര പ്രധാന കേന്ദ്രത്തില്‍ കടന്നുകയറിയത് (കൗതുകം മുന്‍നിര്‍ത്തി ഇത്തരമൊരു കേന്ദ്രത്തിന് മുന്നില്‍ അല്‍പ്പ സമയം നിന്നാലും മതി) ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാളായിരുന്നുവെങ്കില്‍ മാനസിക അസ്വാസ്ഥ്യമെന്ന വാദം തുടക്കത്തില്‍ത്തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നുവെന്ന് ഉറപ്പ്. ലശ്കറെ ത്വയ്യിബയുമായോ ഇന്ത്യന്‍ മുജാഹിദുമായോയുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ബ്രേക്കിംഗ് ന്യൂസുകളാകുമായിരുന്നു. നിരോധിക്കപ്പെട്ട സിമിയുടെ മുന്‍കാല നേതാക്കളിലൊരാള്‍ അകന്ന ബന്ധുവാണെന്നതിന്റെ തെളിവുകള്‍ ഹാജരാക്കപ്പെടുമായിരുന്നു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറുന്നതിന്റെ പുതിയ തെളിവുകളിലൊന്നായി ചാനല്‍ ചര്‍ച്ചകളില്‍ സംഘ് പരിവാര്‍ നേതാക്കള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുമായിരുന്നു. ഒന്നുമുണ്ടായില്ല, ഭാഗ്യം.

ശാസ്ത്രജ്ഞയാകാന്‍ കൊതിച്ചു വളര്‍ന്ന ബ്യൂല, മാന-സിക അസ്വാസ്ഥ്യത്തിനിടെ ചെയ്ത് പോയ അബദ്ധമായിരുന്നു കടന്നുകയറ്റമെന്ന് തന്നെ തെളിയിക്കപ്പെടട്ടെ. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കൃത്രിമ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി നല്‍കിയ ശാസ്ത്രജ്ഞനുണ്ടെങ്കില്‍, ശാസ്ത്രത്തോടുള്ള ബ്യൂലയുടെ പ്രതിബദ്ധതയില്‍ അതീവ സന്തോഷം തോന്നിയ ഒരാളായിരിക്കട്ടെ അദ്ദേഹം. അതിനപ്പുറത്ത് മാനങ്ങള്‍ ഈ സംഭവത്തിന് ഉണ്ടാകാതെയുമിരിക്കട്ടെ. ഇല്ലാത്ത മാനങ്ങളെ ധ്വനിപ്പിക്കും വിധത്തിലുള്ള സംസാരം ഒഴിവാക്കി പോലീസും (പ്രത്യേകിച്ച് കര്‍ണാടകത്തിലെ പോലീസ്) കഥകള്‍ ചമക്കുന്നത് ഒഴിവാക്കി മാധ്യമങ്ങളും കാണിക്കുന്ന ഉത്തരവാദിത്വം ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതിലേക്കുള്ള പാഠങ്ങള്‍ നമ്പി നാരായണനില്‍ നിന്നും സുപ്രീം കോടതിയിലെ ഇപ്പോഴത്തെ വിധിയില്‍ നിന്നും ലഭ്യമായിട്ടുണ്ടാകുമെന്നും. ഇപ്പോള്‍ കാട്ടുന്ന ഉത്തരവാദിത്വം അപവാദമായി പിന്നീട് മാറുകയും ന്യൂനപക്ഷ സമുദായാംഗത്തിനെതിരെ ആരോപണമുണ്ടായാല്‍ വേഗത്തില്‍ മുന്‍വിധികളുണ്ടാകുകയും ചെയ്താല്‍, മാധ്യമ പ്രവര്‍ത്തകരുടെ മനസ്സിലും വര്‍ഗീയത രൂഢമൂലമായിട്ടുണ്ടെന്ന വിലയിരുത്തലിന് ശക്തിയേറും.

ടാഡ നിയത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഗുജറാത്ത് പോലീസ് വരുത്തിയ വീഴ്ചയാണ് സുപ്രീം കോടതി പുതിയ വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുപോലൊരു വ്യവസ്ഥാ ലംഘനം ബംഗളൂരു സ്‌ഫോടന പരമ്പരാ കേസില്‍ ആരോപണ വിധേയനായ അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തിലും സംഭവിച്ചതായി ആരോപണമുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമ പ്രകാരം കേസെടുത്താല്‍ അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷം സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് സമര്‍പ്പിക്കണം. തെളിവുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ അതോറിറ്റി  പ്രോസിക്യൂഷന്‍ അനുമതി ശിപാര്‍ശ ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം. തെളിവുകളെല്ലാം ശേഖരിച്ച് ഒരാഴ്ചക്കകം അതോറിറ്റിക്ക് നല്‍കണമെന്നും അവര്‍ ഒരാഴ്ചക്കകം ശിപാര്‍ശ നല്‍കണമെന്നുമാണ് വ്യവസ്ഥ. ഇതൊന്നും മദനിയുടെ കാര്യത്തില്‍ നടന്നിട്ടില്ല.


സമയബന്ധിതമായി അനുമതി നല്‍കണമെന്നത് മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നേരത്തെ  ലഭിച്ച അനുമതി മതിയെന്ന നിലപാടാണ് കര്‍ണാടക പോലീസ് സ്വീകരിച്ചത്. ഗുജറാത്ത് പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ അതേ ന്യായാസത്തിന് മുന്നില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ വന്നിരുന്നു. ജാമ്യത്തിന് എന്തുകൊണ്ടും അര്‍ഹനെന്ന് ഹരജി പരിഗണിച്ച ബഞ്ചിലംഗമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു (സര്‍വീസില്‍ നിന്ന് വിരമിച്ചു) അഭിപ്രായപ്പെടുകയും ചെയ്തു. എന്നിട്ടും ജാമ്യം ലഭിച്ചല്ല. മുന്‍വിധികള്‍ പോലീസിനും മാധ്യമങ്ങള്‍ക്കും മാത്രമല്ല ഉണ്ടാകുന്നത് എന്ന് ചുരുക്കം.

3 comments:

  1. സമകാലിക പ്രസക്തിയുള്ള വിഷയം,
    ഗൗരവതരമായ അവതരണം... അഭിനന്ദനങ്ങൾ.... രാജീവ്

    ReplyDelete
  2. നല്ല ലേഖനം , ഇന്നത്തെ സിറാജില്‍ വായിച്ചിരുന്നു .അവിടെ എഴുതാറുള്ള രാജീവ്‌ താങ്കളാണ്എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  3. രാജീവ്‌ ജി, പക്വതയില്‍ ഊന്നിയുള്ള അവതരണം... Well said Rajeev ji

    ReplyDelete