കോഴിക്കോട്ടെ ഒരു വന്‍കിട ഷോപ്പിംഗ് സമുച്ചയം. സര്‍വം ശീതീകൃതം. അവിടെ റിലയന്‍സ് ആരംഭിച്ച ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പനശാലയുടെ കവാടം. മൂലയിലൊരിടത്ത് വില്‍ക്കുന്നത് നാരങ്ങ ചേര്‍ത്ത സോഡ. സര്‍ബത്ത് കിട്ടും, ഉപ്പിട്ട് നാരങ്ങ പിഴിഞ്ഞ സോഡയും. യന്ത്രവത്കൃതമായ ചെറിയ യൂനിറ്റ് സോഡയുണ്ടാക്കാന്‍. ഇന്ത്യയെ 'എമര്‍ജ്' ചെയ്യിക്കാന്‍ 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ആരംഭിച്ച ഭഗീരഥ പ്രയത്‌നത്തിന്റെ ഉത്കൃഷ്ട ഫലങ്ങളിലൊന്നാണിത്. ലക്ഷം കോടികള്‍ നിക്ഷേപിച്ച് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന റിലയന്‍സ്, അവരാരംഭിച്ച ബഹു ബ്രാന്‍ഡ് ചില്ലറ വില്‍പ്പനശാലയില്‍ നാരങ്ങാ വെള്ളവും സോഡയുമൊക്കെയൊരുക്കി പാവപ്പെട്ടയാളുകളുടെ ദാഹശമനത്തിന് യത്‌നിക്കുന്നതിലെ സാമൂഹിക ബോധം അത്യുത്തമമെന്ന് പറയണം! ഈ അവസ്ഥയിലേക്ക് രാജ്യത്തെ 'എമര്‍ജ്' ചെയ്യിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ ക്രാന്തദര്‍ശിത്വത്തിന് എന്ത് വിശേഷണ പദം നല്‍കും?!
രാജ്യത്തെയാകെ എമര്‍ജ് ചെയ്യുന്നതിന് 1991 മുതല്‍ ആരംഭിച്ച നടപടികളുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുകയും വികസനത്തിന്റെ അവസാനത്തെ ബസ് നഷ്ടമാകാതിരിക്കാന്‍ യത്‌നിക്കുകയുമാണ് കേരളം ചെയ്തിരുന്നത്, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയ അവസരങ്ങളില്‍. ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത് അതിനു വേണ്ടിയായിരുന്നു. നദി വില്‍ക്കാന്‍ പോകുന്നു, കരി മണല്‍ വില്‍ക്കാന്‍ പോകുന്നുവെന്നൊക്കെ മുറവിളി മുഴക്കി ആ ദൗത്യത്തെ ചിലര്‍ വെള്ളത്തിലാക്കി. അത്തരമൊരു സാഹചര്യം ഇനിയുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്നാണ് ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാര്‍ എമര്‍ജിംഗ് കേരള സംഘടിപ്പിച്ചത്. പുതിയ കേരളം എത്തരത്തില്‍ 'എമര്‍ജ്' ചെയ്യണമെന്ന് പറഞ്ഞുതരാന്‍ ഡോ. മന്‍മോഹന്‍ സിംഗിനോളം ക്രാന്തദര്‍ശിയായ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയെ കൊണ്ടുവന്നത്.
നെല്ലുത്പാദനം വര്‍ധിപ്പിക്കുന്നതിനോ ഭക്ഷ്യ മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്തുന്നതിനോ കേരളം ശ്രദ്ധിക്കേണ്ടതില്ലെന്ന് അലുവാലിയ ദീര്‍ഘദര്‍ശനം ചെയ്യുകയുമുണ്ടായി. നെല്‍കൃഷി പോകപ്പോകെ കുറഞ്ഞ് വരികയാണ് കേരളത്തില്‍. ലാഭകരമല്ലാത്തതിനാല്‍ കൃഷിയിറക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം കുറഞ്ഞതാണ് ഒരു കാരണം. മറ്റൊന്ന് തൊഴിലാളികളുടെ ക്ഷാമം. എല്ലാ പ്രയാസവും സഹിച്ച് കൃഷിയിറക്കി വിളവെടുത്താല്‍ അത് നല്ല വില നല്‍കി കൃത്യ സമയത്ത് ഏറ്റെടുക്കില്ല. കിളിര്‍ക്കാന്‍ തുടങ്ങുമ്പോള്‍ കിട്ടിയ വിലക്ക് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കേണ്ടിവരും. കൊയ്ത്ത് യന്ത്രമിറക്കുന്നത് തടയാന്‍ വിപ്ലവകാരികളെത്തിയാല്‍ കതിരില്‍ മുള പൊട്ടുകയും ചെയ്യാം. നഗരവത്കരണത്തിന്റെ വേഗം കൂടുതലാണ് താനും.
ഇത്തരമൊരു സാഹചര്യത്തില്‍ പാടം നിലനിര്‍ത്തി നെല്ല് കൃഷി ചെയ്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നത് അസാധ്യം. ലഭ്യമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ച് പണം ഉത്പാദിപ്പിക്കുകയും അതുപയോഗിച്ച് അരി ഇറക്കി സുഭിക്ഷമായി ഉണ്ണുകയുമാണ് സാധ്യം. അതാണ് അലുവാലിയ ഉപദേശിക്കുന്നത്. കേരളത്തെ 'എമര്‍ജ്' ചെയ്യിക്കുന്നതിന് അത് തന്നെയാണ് വഴിയും. ഈ ഉപദേശം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് അലുവാലിയ നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. നെല്‍വയലുകള്‍ കൂടുതലായി നികത്തുന്നതിന് അവസരമൊരുക്കി 2005വരെയുള്ള നികത്തലുകള്‍ നിയമവിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് അതുകൊണ്ടാവണം. തോട്ടഭൂമിയുടെ അഞ്ച് ശതമാനം വിനോദ സഞ്ചാര ആവശ്യത്തിന് നീക്കിവെക്കാന്‍ നിയമം ഭേദഗതി ചെയ്തതും ഊ ഉപദേശത്തിന്റെ ഊര്‍ജം സ്വീകരിച്ചാകണം.
ഭൂമിയുടെ ക്രയവിക്രയം ധനവിപണിയിലുണ്ടാക്കുന്ന തീരത്തള്ളല്‍, ഭൂമി വികസിപ്പിക്കുന്നത് കമ്പോളത്തിലുണ്ടാക്കുന്ന ഉണര്‍വ്, പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം (കെട്ടിടങ്ങള്‍, റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ) സാധ്യമാകുന്നതോടെ എത്തിപ്പെടാനിടയുള്ള നിക്ഷേപങ്ങള്‍ എന്നിങ്ങനെ വലിയ സാധ്യതകള്‍ മുന്നിലുണ്ട്. വികസനത്തിനുള്ള അവസാനത്തെ ബസ് സഞ്ചരിക്കേണ്ടതും സാധ്യതകളുടെ ഈ പാതയിലൂടെയാണ്. അതുകൊണ്ടാണ് തരിശുകിടക്കുന്ന ആറന്‍മുളയിലെ പാടശേഖരം നികത്തി വിമാനത്താവളം നിര്‍മിക്കുന്നതിന് പരിസ്ഥിതി വകുപ്പ് (ഉപാധികളോടെയാണെങ്കിലും) അനുമതി നല്‍കിയത്. പരിസ്ഥിതി വകുപ്പിന് വേണ്ട ഉപദേശം ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന്‍ നല്‍കിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.
രാജ്യത്ത് ഏറെക്കുറെ 'എമര്‍ജ്' ചെയ്യുകയും കേരളത്തില്‍ 'എമര്‍ജ്' ചെയ്യിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വികസനത്തിന് ഒരു മറുപുറമുണ്ട്. റിലയന്‍സിന്റെ ശീതീകൃത ചില്ലറ വില്‍പ്പനശാലക്ക് മുന്നില്‍ പാവപ്പെട്ടവന് സര്‍ബത്ത് കുടിക്കാന്‍ സൗകര്യമുണ്ടായപ്പോള്‍ ഇതേ സര്‍ബത്ത് കുറേക്കാലമായി തെരുവോരത്ത് കച്ചവടം ചെയ്തിരുന്നവന്‍ ഉപജീവനത്തിന് വഴിയില്ലാത്തവനായി. അവന്റെ കടകള്‍ ഏറെക്കുറെ തുടച്ച് നീക്കപ്പെട്ടു. സോഡ വിതരണം ചെയ്തിരുന്ന ചെറുകിട കമ്പനികളും ഇല്ലാതായി. സര്‍ബത്തിന് വേണ്ട നന്നാറി, കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നാകണം ഇപ്പോഴും ലഭ്യമാക്കുന്നത്. അലുവാലിയയുടെ സിദ്ധാന്തമനുസരിച്ചാണെങ്കില്‍ നന്നാറിയുടെ ഉത്പാദനം ഇവിടെ നടക്കേണ്ടതില്ല. വൈകാതെ അത് സംഭവിക്കും. റിലയന്‍സിന്റെ പാടത്തു നിന്ന് നന്നാറിയെത്തും. അതുപോലെ നാരങ്ങയും.
ഇവ രണ്ടും റിലയന്‍സിന്റെ പാടത്തു നിന്ന് കൊണ്ടുവരേണ്ടിവരുമ്പോള്‍ വിലയേറും. ഇന്ന് പത്ത് രൂപക്ക് വില്‍ക്കുന്ന സര്‍ബത്തിന് പതിനഞ്ചോ ഇരുപതോ ഒക്കെയാകും. അങ്ങനെ ഓരോന്നിനും വില കൂടുമ്പോള്‍ അതൊക്കെ വാങ്ങാന്‍ പാകത്തിലുള്ള പണം ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിഭവങ്ങളെ ഇപ്പോള്‍ തന്നെ ഉപയോഗിച്ചു തുടങ്ങാനാണ് അലുവാലിയ ഉപദേശിക്കുന്നത്. ഇന്ന് റിലയന്‍സിന്റെ കവാടത്തിലാണ് സര്‍ബത്തെങ്കില്‍ നാളെ അത് വാള്‍മാര്‍ട്ടിന്റെയോ ടെസ്‌കോയുടെയോ കാരെഫോറിന്റെയോ ഒക്കെയായി മാറും. ബ്രാന്‍ഡ് നാമം മാറുന്നതിന് അനുസരിച്ച് സര്‍ബത്തിന് വിലയേറുക സ്വാഭാവികം. 2010ലെ കണക്കനുസരിച്ച് 40,504 കോടി ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന വാള്‍മാര്‍ട്ടോ 11,988 കോടി ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന കാരെഫോറിനോ ലാഭമുണ്ടാക്കാന്‍ ഇന്ത്യയിലെ കമ്പോളത്തിലെത്തേണ്ടതില്ല. എന്നിട്ടും അവര്‍ വരുന്നു. വലിയ സമ്മര്‍ദം ഇന്ത്യാ ഗവണ്‍മെന്റില്‍ ചെലുത്തി ബഹുബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന മേഖല തുറപ്പിക്കുകയും ചെയ്തു. എന്തിന് വേണ്ടി എന്ന ചോദ്യം ഇനി പറഞ്ഞു തരേണ്ടത് 'എമര്‍ജ്' ചെയ്യിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവര്‍ തന്നെയാണ്.
കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളം ശ്രമിക്കേണ്ടതില്ലെന്ന് അലുവാലിയ പറയുമ്പോള്‍ കേരളത്തെപ്പോലെ ഭൂസമ്പത്ത് കുറവുള്ള, ഇതര മേഖലകളില്‍ നിക്ഷേപ സാധ്യതയുള്ള, പ്രകൃതി വിഭവ ചൂഷണത്തിന് അവസരമുള്ള സംസ്ഥാനങ്ങളും ശ്രമിക്കേണ്ടതില്ലെന്നാണ് അര്‍ഥം. കല്‍ക്കരിയോ ഇരുമ്പയിരോ കുഴിച്ചെടുക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കൃഷിക്കായി മാറ്റിവെക്കുന്നതും അവിടം ഗോത്ര വിഭാഗങ്ങളുടെ ആവാസനിലമാക്കുന്നതും വികസന സാധ്യത പാഴാക്കലാണ്. ഭൂവിസ്തൃതിയുള്ള, വിശാലമായ പ്രദേശമൊന്നാകെ കൃഷിക്കായി നീക്കിയിടുന്ന സംസ്ഥാനങ്ങളില്‍ പാട്ടക്കൃഷിക്ക് ഇപ്പോള്‍ റിലയന്‍സും ടാറ്റയുമൊക്കെ രംഗത്തുണ്ട്. അവര്‍ കൃഷിയിറക്കിക്കോളും.
വൈകാതെ വാള്‍മാര്‍ട്ടിനെപ്പോലുള്ള ഭീമന്‍മാര്‍ ഈ രംഗത്ത് എത്തുകയും ചെയ്യും. അവര്‍ വിതച്ച്, കൊയ്ത്, കവറിലാക്കി നമുക്ക് അരിയും പയറുമെത്തിക്കും. ഈ വലിയ ജനതതിക്ക് വേണ്ടത്ര ഭക്ഷ്യവസ്തുക്കള്‍ ചുരുങ്ങിയ പ്രദേശത്തു നിന്ന് ഉത്പാദിപ്പിച്ചെടുക്കാന്‍ വേണ്ടി ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള അനുമതി അലുവാലിയമാര്‍ ലഭ്യമാക്കും. വിപണിക്ക് പിറകെ വിളയും വിത്തും വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നതോടെ വിലയും വില്‍പ്പനച്ചട്ടങ്ങളും അവര്‍ തീരുമാനിക്കും. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന, വിതരണ, ഉപഭോഗ അവകാശങ്ങളില്‍ നിന്ന് നീക്കിനിര്‍ത്തുന്നതോടെയാണ് ഒരു ജനതയെ വിധേയപ്പെടുത്തുന്ന നടപടിക്രമം പൂര്‍ത്തിയാകുക. അതിന് അധിക കാലം വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കാം. സ്വാതന്ത്ര്യം, രാജ്യത്തിന്റെ പരമാധികാരം എന്നിവയേക്കാളൊക്കെ പ്രധാനമാണ് അതിരുകളില്ലാത്ത വിപണിയുടെ സ്ഥാപനമെന്ന് വിശ്വസിക്കുന്ന മന്‍മോഹന്‍, അലുവാലിയ, ചിദംബരാദികളുള്ളപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ല തന്നെ.
ഈ സാഹചര്യത്തോട് ഇണങ്ങി നിന്ന് വികസനവേഗം കൈവരിക്കുക എന്നതാണ് എമര്‍ജിംഗ് കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതുകൊണ്ടാണ് ഏക്കറുകണക്കിന് ഭൂമി വിനിയോഗിച്ചുള്ള പദ്ധതികള്‍ വിഭാവനം ചെയ്തതും. വാഗമണ്ണിലെ പുല്‍മേട് നിലവില്‍ ഉത്പാദനക്ഷമമല്ല. ഉത്പാദനക്ഷമമാക്കുന്നതിന് വേണ്ടി അവിടെ കൃഷിയിറക്കാന്‍ സാധിക്കുകയുമില്ല. ആകെ സാധ്യമാകുക ഗോള്‍ഫ് കോഴ്‌സാണ്. പുല്‍മേട് പേരിനെങ്കിലും നിലനില്‍ക്കും. ഗോള്‍ഫ് കളിക്കാനെത്തുന്ന സമ്പന്നര്‍ക്ക് വേണ്ട ആഡംബര സൗകര്യങ്ങള്‍ പിറകെ ഒരുക്കാം. കളിക്കായി നീക്കിയിടുന്നതൊഴികെ പുല്‍മേടുകള്‍ ധനോത്പാദനക്ഷമമായി വിനിയോഗിക്കുകയും ചെയ്യാം.
ഭവനരഹിതരും ഭൂരഹിതരുമായവര്‍, പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവശ്യം വേണ്ട സൗകര്യങ്ങളില്ലാത്തവര്‍, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വേണ്ടിയല്ല ഭാവി രാജ്യം കെട്ടിപ്പടുക്കുന്നത്. വലിയ മാളുകളില്‍ ഷോപ്പിംഗിന് പോകുകയും അവിടെ നിന്ന് സര്‍ബത്ത് വാങ്ങിക്കുടിച്ച് റിലയന്‍സിന്റെ പാടങ്ങളില്‍ നിന്നെത്തുന്ന നാരങ്ങയുടെയും നന്നാറിയുടെയും മേന്മയില്‍ അഭിമാനം കൊള്ളുന്നവര്‍ക്കു വേണ്ടിയാണ്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടിയല്ല, മിനറല്‍ വാട്ടര്‍ ഭരണികള്‍ ദിനേന വാങ്ങുന്ന സ്വാശ്രയര്‍ക്ക് വേണ്ടിയാണ്. സബ്‌സിഡി കൂടാതെ ഡീസലും പെട്രോളും വാങ്ങുന്നവര്‍ക്ക് വേണ്ടിയാണ്.
അത്തരമൊരു ഭാവി വിഭാവനം ചെയ്താണ് എമര്‍ജിംഗുകള്‍ ഉണ്ടാകുന്നത്. അനാവശ്യ തര്‍ക്കങ്ങളുയര്‍ത്തി ആ സ്വപ്‌നത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പിന്തിരിപ്പന്‍മാരോ വികസനവിരോധികളോ ഒക്കെയാണ്. സ്വാതന്ത്ര്യമെന്നത് അടിമത്തം സ്വീകരിക്കാന്‍ കൂടിയുള്ളതാണെന്ന തിരിച്ചറിവില്ലാത്തവരാണ്. അത്തരക്കാര്‍ക്ക് വിട. അലുവാലിയമാര്‍ വാഗ്ദാനം ചെയ്യുന്ന നവോത്ഥാനകാലത്തിലേക്ക് (മലയാള മനോരമയോട് കടപ്പാട്) മുന്നേറാം.
നിങ്ങളെ പോലുള്ള വികസനവിരോധികൾ കേരളത്തെ ഇനിയും പിറകോട്ട് പിടിച്ചുവലിക്കും, നമ്മുടെ ആലുവാല്യജി വളരെ വ്യക്തമായി പറഞ്ഞതാ ഇനി പുല്ലും വൈക്കോൽ എന്നിവ ഉണ്ടാക്കിയിട്ട് കാര്യമില്ല. നമ്മൾ വിളയിക്കേണ്ടത് ഡോളറാ ഡോളർ.
ReplyDeleteപിന്നെ നെല്ല് കുറയുന്നതിനനുസരിച്ച് നമ്മുടെ വിശപ്പ് കുറക്കാനുള്ള സംവിധാനം കൂടി വികസിപ്പിച്ചാൽ പിനെ നമ്മൾ വിജയിച്ചു
നവാസ്, സീരിയസ് ?
ReplyDelete