2012-09-24

എ സ്മാര്‍ട്ട് എക്‌സിക്യുട്ടീവ്?


സ്വദേശിയോ വിദേശിയോ ബഹുരാഷ്ട്രമോ ആയ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഏതിനത്തെയും വിറ്റഴിക്കുക എന്നതാണ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിന്റെ ജോലി. ഉത്പന്നത്തിന്റെ ആവശ്യകതയോ ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റുന്നതില്‍ ഉത്പന്നത്തിനുള്ള കഴിവോ ഒന്നും പ്രശ്‌നമല്ല. ഉത്പന്നത്തിന്റെ ഉപഭോഗം വ്യക്തിക്കോ സമൂഹത്തിനോ സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകളും തടസ്സമല്ല. അത്തരം വിപണനത്തില്‍ വിജയിക്കുന്നയാളാണ് മികച്ച എക്‌സിക്യൂട്ടീവ്. അവര്‍ക്ക് പണവും പദവിയും. പരാജിതര്‍ പുറത്താക്കപ്പെടും. ലാഭത്തില്‍ നിന്ന് ലാഭത്തിലേക്ക് കുതിക്കുക എന്നത് മാത്രം ലക്ഷ്യമാക്കുന്ന കമ്പനികള്‍ക്ക് പരാജയപ്പെടുന്ന എക്‌സിക്യൂട്ടീവുകളെ ആവശ്യമില്ല.

ജോലിയില്‍ പ്രവേശിച്ചത് മുതല്‍ പരാജയപ്പെടുകയാണെങ്കില്‍ പുറത്തേക്കുള്ള വഴി കാണിക്കല്‍ വൈകില്ല. എന്നാല്‍ തുടക്കത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയതിന് കമ്പനി മുതലാളി തോളില്‍ തട്ടി അഭിനന്ദിച്ച (യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ തോളില്‍ തട്ടി അഭിനന്ദിച്ചതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഓര്‍ക്കാം) എക്‌സിക്യൂട്ടീവ്, പിന്നീട് പരാജയപ്പെടുകയാണെങ്കിലോ? പഴയ പ്രകടന നിലവാരത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം കമ്പനി നടത്താനിടയുണ്ട്. അതിനെന്തൊക്കെ മാര്‍ഗങ്ങള്‍?


താങ്കളുടെ പ്രകടനം പഴയ നിലയിലല്ല എന്ന് അറിയിക്കുകയും കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സന്ദേശം ആദ്യം നല്‍കും. പിന്നെ കുറച്ചു കാലം നിരീക്ഷിക്കും. പ്രകടനം മെച്ചമാകുന്നില്ലെന്ന് തോന്നിയാല്‍ നേരിട്ട് സംസാരിക്കും - മുന്നറിയിപ്പിന്റെ സ്വരത്തില്‍ തുടങ്ങി ഭീഷണിയുടെ സ്വരത്തില്‍ അവസാനിക്കുന്ന സംസാരം. ഇത്തരം സംസാരങ്ങളുടെ പരിധികള്‍ അവസാനിച്ചിട്ടും പ്രകടനം മെച്ചപ്പെടുന്നില്ലെങ്കിലോ!! പരസ്യമായി താക്കീത് ചെയ്യും. ജീവനക്കാരുടെ യോഗത്തിലും മറ്റും പ്രകടനത്തിലെ മികവില്ലായ്മ ഉച്ചത്തില്‍ പറയും. പിന്നെയും ഒന്നും നടക്കുന്നില്ലെങ്കില്‍ പകരക്കാരനെ നിയോഗിക്കും.

അമേരിക്കയെ വലിയ കമ്പനിയായും ഡോ. മന്‍മോഹന്‍ സിംഗിനെ മുന്‍കാലത്ത് മികച്ച പ്രകടനം കാഴ്ച വെച്ച എക്‌സിക്യൂട്ടീവായും സങ്കല്‍പ്പിച്ചാല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ വേഗം കൂട്ടാന്‍ ഇപ്പോള്‍ നടക്കുന്ന യത്‌നങ്ങളെക്കുറിച്ചുള്ള കാഴ്ച കുറേക്കൂടി വ്യക്തതയുള്ളതാകും. 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യം കടത്തിന്റെ കുടിശ്ശികക്കാരാകുന്ന സ്ഥിതിയിലേക്ക് അമേരിക്കയെ എത്തിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളേതാണ്ടെല്ലാം കടക്കെണിയില്‍ നട്ടം തിരിയുകയാണ്. അതിന്റെ ആഘാതവും യു എസ് സമ്പദ്‌വ്യവസ്ഥ നേരിടുന്നു. തൊഴിലില്ലായ്മയുടെ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് പിന്‍വാങ്ങാന്‍ മടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ എക്‌സിക്യൂട്ടീവിന്റെ പ്രകടന മികവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പല കുറി അവര്‍ ഉന്നയിച്ചു. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ പല കുറി എത്തി. പ്രസിഡന്റ് ബരാക് ഒബാമ തന്നെ നേരിട്ടുവന്ന് യു എസ്സിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ വഹിക്കേണ്ട പങ്കിനെപ്പറ്റി ഉദ്‌ബോധിപ്പിച്ചു. ഒരു കോച്ച് ഫാക്ടറിയുടെ നിര്‍മാണച്ചുമതല അമേരിക്കന്‍ കമ്പനിക്ക് ലഭ്യമാക്കുകയാണെങ്കില്‍ അത് സൃഷ്ടിക്കാനിടയുള്ള ഏതാനും തൊഴിവസരങ്ങളെക്കുറിച്ച് പോലും പറഞ്ഞു. എന്നിട്ടും ഒന്നും നടക്കുന്നില്ലെന്ന് വന്നാല്‍ പിന്നെ പരസ്യമായി ശാസിക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ!

അതാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളായി വന്നത്. 'നമ്മുടെ' ആവശ്യങ്ങള്‍ നിറവേറ്റിത്തരാന്‍ സാധിക്കാത്തയാളായി ഇന്ത്യയുടെ പ്രധാനമന്ത്രി മാറിയിരിക്കുന്നുവെന്ന് ആദ്യം പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ ഉലയുന്ന  കരുത്ത് ചോര്‍ന്ന നേതാവായി മാറി മന്‍മോഹന്‍ സിംഗെന്ന് പിന്നീട് പറഞ്ഞു. അഴിമതിയുടെ കയത്തില്‍ മുങ്ങിയ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന, കാര്യശേഷിയില്ലാത്ത നേതാവായി മാറിയ മന്‍മോഹന്‍ സിംഗ് ചരിത്രത്തിലെ ദുരന്ത കഥാപാത്രമാകുകയാണെന്ന് ഏറ്റവുമൊടുവില്‍ പറഞ്ഞുവെച്ചു. അന്താരാഷ്ട്ര വേദിയില്‍ ഒരു നേതാവിനെ, തന്ത്രപരമായ സഖ്യത്തിലെ പ്രധാന പങ്കാളിയായി തുടരുന്ന രാജ്യത്തിന്റെ നേതാവിനെ, ഇതിലധികം താറടിച്ച് കാണിക്കുക അസാധ്യമാണ്. 2009ലെ പൊതു തിരഞ്ഞെടുപ്പ് കാലത്ത് ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അഡ്വാനി ആക്ഷേപിച്ചപ്പോള്‍പ്പോലും ഇത്ര ദുഃഖം തോന്നിയിട്ടുണ്ടാകില്ല മന്‍മോഹന്‍ സിംഗിന്, കോണ്‍ഗ്രസിനും.

ആക്ഷേപം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനോന്മുഖമാകാന്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ആഭ്യന്തരകാരണങ്ങളാല്‍ മന്‍മോഹനോളം യോജിച്ച മറ്റൊരു നേതാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം (സോണിയാ ഗാന്ധിയും  മകന്‍ രാഹുല്‍ ഗാന്ധിയും) കരുതുന്നതിനാല്‍ എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് പച്ചക്കൊടി കാട്ടി. ബഹുബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനവും ഒറ്റ ബ്രാന്‍ഡിന്റെ കാര്യത്തില്‍ 100 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയായി. ഡീസലിന്റെ സബ്‌സിഡി കുറച്ചു കൂടി പരിമിതപ്പെടുത്തി. സബ്‌സിഡിയോടെയുള്ള പാചക വാതക സിലിന്‍ഡറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറെന്ന് നിജപ്പെടുത്തി. സാമ്പത്തിക വളര്‍ച്ചയുടെ വേഗം തിരിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം തീരുമാനങ്ങളെന്നും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ഭയക്കുകയല്ല, അതുപയോഗപ്പെടുത്തി സ്വയം വളരുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ യത്‌നിക്കുന്ന ഏത് എക്‌സിക്യൂട്ടീവും ഉപഭോക്താക്കളോട് നടത്തുന്ന വാചാടോപത്തിന്റെ മറ്റൊരു പതിപ്പ്.

ഡീസലിന്റെയും പാചകവാതകത്തിന്റെയും സബ്‌സിഡി പരിമിതപ്പെടുത്തിയതിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം കുറച്ചുവെന്നാണ് അവകാശവാദം. പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നാം. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുകയല്ല സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് യഥാര്‍ഥത്തില്‍. വര്‍ഷത്തില്‍ ആറ് സിലിന്‍ഡറെന്ന പരിധി കഴിഞ്ഞാല്‍ മാര്‍ക്കറ്റ് വിലക്ക് സിലിന്‍ഡര്‍ വാങ്ങണം. അത് പൊതുമേഖലാ കമ്പനികളില്‍ നിന്ന് വേണമെന്നില്ല. റിലയന്‍സോ ഷെല്ലോ എസ്സാറോ പോലുള്ള കമ്പനികളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നാകാം. പൊതുമേഖലാ കമ്പനികളില്‍ നിന്ന് സിലന്‍ഡര്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് കൂടി നേരിട്ടാലോ - സ്വകാര്യ കമ്പനികള്‍ക്ക് എളുപ്പത്തില്‍ ഉപഭോക്താക്കളെ കണ്ടെത്താം.


വ്യോമയാന മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യാ സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറക്കുന്നത് ശ്രദ്ധിക്കുക. സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ക്കുള്ള  അവസരമുണ്ടെന്ന്  നിക്ഷേപത്തിന് തയ്യാറെടുക്കുന്ന വിദേശ കമ്പനികളെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന  വിജയ് മല്യയുടെ കിംഗ് ഫിഷര്‍ പോലുള്ള വ്യോമയാന കമ്പനികളിലേക്ക് വിദേശ നിക്ഷേപമെത്തണമെങ്കില്‍ കൂടുതല്‍ സര്‍വീസ് നടത്തി ലാഭമുണ്ടാക്കാനുള്ള അവസരം രാജ്യത്തുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടേ!! അതാണ് മികച്ച എക്‌സിക്യൂട്ടീവിന്റെ മിടുക്ക്.

പ്രകടനമികവ് വീണ്ടെടുക്കാന്‍ എക്‌സിക്യൂട്ടീവ് നടത്തുന്ന ശ്രമങ്ങള്‍ ബോധ്യപ്പെട്ടാല്‍ കമ്പനി ഉടന്‍ അഭിനന്ദന സന്ദേശമയക്കും. ബഹു ബ്രാന്‍ഡ് ചില്ലറ വില്‍പ്പനയിലും വ്യോമയാന മേഖലയിലും വിദേശനിക്ഷേപം അനുവദിച്ചത് 2004ന് ശേഷം സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ട് ഡോ. മന്‍മോഹന്‍ സിംഗ് എടുത്ത ഏറ്റവം കടുപ്പമേറിയ തീരുമാനമാണെന്ന് യു എസ് മാധ്യമങ്ങള്‍ ഉടന്‍ അച്ചുനിരത്തുമ്പോള്‍ സന്ദേശം വ്യക്തം. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുമെന്ന് മന്‍മോഹന്‍ പ്രഖ്യാപിക്കുന്നത് ഈ സന്ദേശത്തിന്റെ അര്‍ഥം മനസ്സിലാക്കിയാകണം.

പ്രത്യക്ഷത്തില്‍ ജനത്തെ സാമ്പത്തിക പ്രയാസത്തിലേക്ക് തള്ളിവിടൂന്ന മേല്‍ പറഞ്ഞ തീരുമാനങ്ങള്‍ അമേരിക്കയെ മാത്രമല്ല സന്തുഷ്ടരാക്കിയത്. നമ്മുടെ ഓഹരി വിപണി വലിയ ആവേശം കാട്ടി. തളര്‍ന്നു കിടന്നിരുന്ന വിപണികള്‍ ഊര്‍ജസ്വലമായി. സെന്‍സെക്‌സ് ഒരു ദിനം 400 പോയിന്റിന്റെ നേട്ടം കൈവരിക്കുന്ന സ്ഥിതി തിരിച്ചെത്തി. ഇങ്ങനെ തിരിച്ചെത്തുമ്പോഴും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് വിദേശ ധനകാര്യ സ്ഥാപനങ്ങളാണെന്നതാണ് യാഥാര്‍ഥ്യം. അവര്‍ കൂടുതല്‍ പണവുമായെത്തും. വിപണിയില്‍ വില ഉയരുന്നതിന് അനുസരിച്ച് വിറ്റൊഴിച്ച് ലാഭമുണ്ടാക്കി മടങ്ങുകയും ചെയ്യും. ഇത്തരത്തിലുള്ള പണമൊഴുക്കിന് കൂടുതല്‍ അവസരമുണ്ടാക്കുന്ന രണ്ട് തീരുമാനങ്ങള്‍ കൂടി പിറകെയുണ്ടായി, ധനമന്ത്രി പി ചിദംബരത്തിന്റെ വക. ഓഹരി വിപണിയിലേക്ക് സാധാരണക്കാരെ കൂടുതലായി ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 'രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീം'പ്രഖ്യാപിച്ചു.

പത്ത്  ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഓഹരി വിപണിയില്‍ നടത്തുന്ന 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവാണ് ഈ സ്‌കീമിന്റെ കാതല്‍. ഇനിയും ഓഹരി വിപണിയിലേക്ക് എത്താതെ നില്‍ക്കുന്നവര്‍ക്കുള്ള ക്ഷണം. ഇവര്‍ കൂടി നിക്ഷേപം നടത്തിയാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭമെടുപ്പ് കുറേക്കൂടി സുകരമാകുമെന്ന് അര്‍ഥം. നിരന്തരം വിപണി നിരീക്ഷിച്ച് ലാഭമെടുക്കുന്ന വിധത്തില്‍ നിക്ഷേപം നടത്താന്‍ ഇത്തരം വ്യക്തിഗത നിക്ഷേപകര്‍ക്ക് എളുപ്പമല്ല. നികുതി ഇളവ് ലക്ഷ്യമിട്ട് നിക്ഷേപം നടത്താന്‍ തയ്യാറാകുമെന്ന് മാത്രം. വിദേശ സ്ഥാപനങ്ങള്‍ വായ്പ ലഭ്യമാക്കുന്നുണ്ട്. ബോണ്ടുകള്‍ വാങ്ങിയും പണം നല്‍കുന്നു. ഇതിലൂടെ ലഭിക്കുന്ന ആദായത്തിന് (പലിശയില്‍ നിന്നുള്ളത് ഉള്‍പ്പെടെ) 20 ശതമാനം നികുതി ഈടാക്കിയിരുന്നു ഇതുവരെ. അത് അഞ്ച് ശതമാനമായി കുറച്ചുകൊണ്ടുള്ളതാണ് ചിദംബരത്തിന്റെ രണ്ടാമത്തെ തീരുമാനം.


വിദേശ സ്ഥാപനങ്ങള്‍ മാത്രമല്ല, പ്രവാസി സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഓഹരി വിപണിയിലും മറ്റും കൂടുതല്‍ തുക മുടക്കി, കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന്റെ യുക്തി എന്താണ്? സബ്‌സിഡി പരിമിതപ്പെടുത്തി ആ പണം വികസന പദ്ധതികള്‍ക്കായി ചെലവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കി വരുമാനം നഷ്ടപ്പെടുത്തുമ്പോള്‍ ആരുടെ എക്‌സിക്യുട്ടീവുമാരാണ് ഇവരെന്ന സംശയം മാറിക്കിട്ടും.
പ്രവാസി സ്ഥാപനങ്ങള്‍ക്ക് കൂടി ഈ ഇളവിന് അര്‍ഹതയുണ്ടാകുമെന്ന് പറയുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂടുതല്‍ അവസരമുണ്ടെന്ന് കൂടി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. അനധികൃത സമ്പാദ്യം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നവര്‍ക്ക് മൗറീഷ്യസിലോ കേമാന്‍ ദ്വീപുകളിലോ ഒക്കെ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനം വഴി രാജ്യത്ത് നിക്ഷേപം നടത്താന്‍ നിലവില്‍ തന്നെ അനുവാദമുണ്ട്. അങ്ങനെ നടത്തുന്ന നിക്ഷേപം കൂടുതല്‍ ആദായകരമായാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ തോത് ഉയര്‍ത്താനാകും. കള്ളപ്പണമില്ലാതാക്കാന്‍ ഇതിലും നല്ലൊരു വഴി ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനാകുമോ? കള്ളപ്പണക്കാരുടെ കൂടി എക്‌സിക്യൂട്ടീവുമാരാണ് ഇവരെന്ന് പറയേണ്ടിവരും.
 

No comments:

Post a Comment