2014-03-24

മിതവാദമോ മാരീചവേഷമോടി പി ചന്ദ്രശേഖരന്‍ വധം, അതില്‍ ശിക്ഷിക്കപ്പെട്ട സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍, ഈ കേസില്‍ ആരോപിക്കപ്പെടുന്ന സി പി എമ്മിന്റെ പങ്ക്. സോളാര്‍ തട്ടിപ്പ് കേസ്, ആ തട്ടിപ്പില്‍ ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, ഈ കേസിലെ മുഖ്യ ആരോപണവിധേയരില്‍ ഒരാളായ സരിത എസ് നായര്‍ പുറത്തു പറഞ്ഞതും പറയാത്തതുമായ കഥകള്‍. സുനന്ദ പുഷ്‌കറിന്റെ പൊടുന്നനെയുണ്ടായ മരണവും അതില്‍ ശശി തരൂരിന് പങ്കുണ്ടോ എന്ന സംശയവും. കഠിനകഠോരമെന്ന് ആരോപിക്കപ്പെടുന്ന കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിലിളവ് നല്‍കിയതിന്റെ തെളിവെന്ന് അവകാശപ്പെടുന്ന കരട് വിജ്ഞാപനവും - രാഷ്ട്രീയത്തില്‍ ഇവ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വിധേയമാകാന്‍ തുടങ്ങിയിട്ട് ഏറെനാളായി. തിരഞ്ഞെടുപ്പ് അടുത്തതോടെ വാദപ്രതിവാദങ്ങള്‍ കൂടുതലായി. തീവ്രത കുറയുമെങ്കിലും തിരഞ്ഞെടുപ്പിന് ശേഷവും ഇത് തുടരും. മേല്‍ത്തട്ടിലുയരുന്ന വാദങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ ലാക്കാക്കിയുള്ളതാണെങ്കിലും ഈ വിഷയങ്ങളിലോരോന്നിലും അടിസ്ഥാനമായി വര്‍ത്തിക്കുന്ന രാഷ്ട്രീയമുണ്ട്. അത് തിരിച്ചറിഞ്ഞും അറിയാതെയും വാദങ്ങളുയര്‍ത്തുന്നവരുണ്ട്, വാദങ്ങളെ മനസ്സിലാക്കുന്നവരുമുണ്ട്. അടിസ്ഥാന രാഷ്ട്രീയത്തോട് യോജിക്കുമ്പോള്‍ തന്നെ അതിലേക്ക് എത്തിച്ചേരാന്‍ സ്വീകരിച്ച മാര്‍ഗങ്ങളില്‍ വിയോജിപ്പുള്ളതിനാല്‍ പല വിഷയങ്ങളെയും എതിര്‍ക്കാന്‍ മുതിരുന്നവരുമുണ്ട്.


ഇതിനെക്കാളൊക്കെ വിശാലമായൊരു വിഷയം, രാജ്യം ഏറെ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാജ്യ സ്വാതന്ത്ര്യത്തിലേക്കുള്ള സമരത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ആലോചിച്ച കാലം മുതലോ, നാട്ടുരാജ്യങ്ങളുടെ ഫെഡറേഷനെ അടിമത്വത്തിലാക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച കാലം മുതലോ ഒക്കെ നിലനിന്നിരുന്ന വിഷയം. സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഭൂരിപക്ഷ മത വിഭാഗത്തില്‍ നിന്നുള്ളവരില്‍ ഒതുങ്ങി നിന്നതും ഒതുക്കി നിര്‍ത്തിയതും ദേശീയ പ്രസ്ഥാനത്തെ ഹിന്ദുത്വവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതുമൊക്കെ, ഈസ്റ്റ് ഇന്ത്യാ കമ്പനി വിത്തിട്ടു വളര്‍ത്തിയ ഭിന്നതയുടെ ആഴം വര്‍ധിപ്പിക്കുന്നതായി. അതിന്റെയൊക്കെ ബാക്കിയാണ് പല കുറി ഒഴുകിയ രുധിരപ്പുഴകള്‍. എങ്കിലും സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്ന് തീരുമാനങ്ങളെടുത്തവര്‍, സാംസ്‌കാരിക ബഹുസ്വരത നിലനിര്‍ത്തണമെന്നും മതനിരപേക്ഷ സമൂഹം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവരുമായിരുന്നു.


മനുസ്മൃതിയിലെ വരികള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ ജാതിമതഭേദമില്ലാതെ ഏവരെയും നിര്‍ബന്ധിതരാക്കും വിധത്തില്‍ ഹിന്ദുത്വ ഭരണസംവിധാനം രാജ്യത്ത് നിലവില്‍ വരണമെന്ന് ആഗ്രഹിച്ച് സ്വാതന്ത്ര്യത്തിന് മുമ്പേ സംഘടിതരായവര്‍, സ്വാതന്ത്ര്യാനന്തരം അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കുറച്ച് കാലം നിരോധിക്കപ്പെട്ടുവെന്നതൊഴിച്ചാല്‍ രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ വിവിധ പോഷക വിഭാഗങ്ങളും രാജ്യത്തെ ഈ വഴിക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ദേശീയതയല്ല, ഭൂരിപക്ഷ മതത്തിന്റെ രീതിമര്യാദകള്‍ക്ക് ആധിപത്യം ലഭിക്കുന്ന ദേശീയതയാണ് രാജ്യത്തിന് വേണ്ടതെന്ന വാദമാണ് ആര്‍ എസ് എസ് മുന്നോട്ടുവെച്ചിരുന്നത്. ആ ആശയഗതിയെ പിന്തുണക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുമുണ്ടായിരുന്നുവെന്നതാണ് വസ്തുത. ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരേണ്ട ബാധ്യത കോണ്‍ഗ്രസാണ് ഏറ്റെടുക്കേണ്ടത് എന്ന അഭിപ്രായം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ തന്നെ പുലര്‍ത്തിയിരുന്നു. ഗാന്ധിവധത്തിനു ശേഷം ആര്‍ എസ് എസ് നിരോധിക്കപ്പെട്ടപ്പോള്‍ നിരോധം നീക്കാന്‍ പട്ടേല്‍ താത്പര്യമെടുത്തതിന് കാരണവും മറ്റൊന്നല്ല. ഇത്തരം ചിന്തകള്‍ക്ക് ആധിപത്യം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ് എക്കാലവും ഒരു മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചിരുന്നുവെന്നതാണ് രാഷ്ട്രീയ ചരിത്രം നല്‍കുന്ന പാഠം.


ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുന്നതിന് തീവ്ര നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന സംഘ് നേതൃത്വത്തിന്റെ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു ഹിന്ദു മഹാസഭ, ജനസംഘം എന്നിങ്ങനെയുള്ള അവയുടെ രാഷ്ട്രീയ രൂപങ്ങള്‍. ഈ സംഘടനകള്‍ ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കായി, മാതൃ സംഘടനയുടെ അജന്‍ഡ നടപ്പാക്കാനുള്ള അധികാരത്തിനു വേണ്ടി ശ്രമിച്ചു. ഈ ശൃംഖലയിലെ കണ്ണിയാണ് ജനസംഘം രൂപാന്തരം പ്രാപിച്ചുണ്ടായ ഭാരതീയ ജനതാ പാര്‍ട്ടി. അതിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖരാണ് അടല്‍ ബിഹാരി വാജ്പയിയും ലാല്‍ കൃഷ്ണ അഡ്വാനിയും. ഈ നേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന, ബഹുസ്വരതയെ നിരാകരിക്കുന്ന രാഷ്ട്രീയത്തെയും ആ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാന്‍ നടന്ന ശ്രമത്തില്‍ അരങ്ങേറിയ കൊടിയ അക്രമങ്ങളെയും ഓര്‍ക്കാതെ വയ്യ. അടല്‍ ബിഹാരി വാജ്പയ്, ബി ജെ പിയിലെ മിതവാദിയാണെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായത്തെ വിലയിരുത്തേണ്ടതും ഇതൊക്കെ ഓര്‍ത്തുകൊണ്ടാണ്.


അയോധ്യയില്‍ രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ എടുത്തുകളയല്‍ ഇവയൊക്കെയായിരുന്നു 80കളിലും 90കളിലും ബി ജെ പി തീവ്രമായി മുന്നോട്ടുവെച്ചിരുന്ന അജന്‍ഡകളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. മുന്നണി രാഷ്ട്രീയത്തിന്റെ കാലത്ത് ഇവയൊക്കെ പിന്‍നിരയിലേക്ക് മാറിയെങ്കിലും, അടിസ്ഥാന അജന്‍ഡകളില്‍ അവ എന്തെങ്കിലും മാറ്റം വരുത്തിയെന്ന് കരുതുക വയ്യ. അതിന് ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് അനുവദിക്കുകയുമില്ല. 1990ല്‍ അയോധ്യയിലേക്ക് എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയും അതിന്റെ ഉപപദ്ധതി പോലെ നടത്തപ്പെട്ട അക്രമങ്ങള്‍ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണവുമാണ് 1992ലെ കര്‍സേവയിലേക്കും ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയിലേക്കും നയിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു കൂട്ടുകക്ഷിക്ക് നേതൃത്വം നല്‍കിയാണെങ്കിലുമുള്ള ബി ജെ പിയുടെ അധികാര ലബ്ധി. ഇത്തരമൊരു കൂട്ടുകക്ഷി നിലവില്‍ വരുന്നതിന് സാഹചര്യമൊരുക്കാന്‍ സംഘ്പരിവാറും അവയുടെ പ്രചാരകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ദ്വന്ദമായിരുന്നു തീവ്ര മുഖമുള്ള അഡ്വാനിയും മിത മുഖമുള്ള വാജ്പയിയും.


രഥയാത്രയും അതിന്റെ ഭാഗമായി നടന്ന ആസൂത്രിത അക്രമങ്ങളും നടക്കുമ്പോള്‍ ബി ജെ പിയിലെ ഒന്നാമനായിരുന്നു വാജ്പയി. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുമ്പോഴും. കര്‍സേവ പ്രതീകാത്മകമാണെന്നും ബാബ്‌രി മസ്ജിദിന് കേടുപാടുകളൊന്നുമുണ്ടാകില്ലെന്നും സര്‍ക്കാറിന് ഉറപ്പ് നല്‍കിയ സംഘ് നേതൃത്വത്തിനൊപ്പമുണ്ടായിരുന്നു വാജ്പയി. ഉറപ്പ് ലംഘിക്കപ്പെട്ടതിലൊരിക്കല്‍പ്പോലും ഈ 'മിത മുഖം' ഖേദിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് രാഷ്ട്രധര്‍മം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നരേന്ദ്ര മോദിയോട് പ്രഭാഷണം നടത്തിയെന്നതാണ് മിതവാദി എന്നതിന് തെളിവായി വി എം സുധീരന്‍ ചൂണ്ടിക്കാട്ടുന്നത്. അതേ കാലത്ത് രാഷ്ട്രപതി ഭവനിലുണ്ടായിരുന്നത് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രണ്ട് വട്ടം ലോക്‌സഭയിലേക്ക് പോയ കെ ആര്‍ നാരായണനായിരുന്നു. വംശഹത്യ തടയുന്നതിന് ഗുജറാത്തിലേക്ക് പട്ടാളത്തെ നിയോഗിക്കണമെന്ന് താന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയ് ചെവിക്കൊണ്ടില്ലെന്ന് ആത്മകഥയില്‍ നാരായണന്‍ അനുസ്മരിക്കുന്നുണ്ട്. ചോരപ്പുഴ ഒഴുക്കാന്‍ അവസരമൊരുക്കിയതിനു ശേഷം രാഷ്ട്ര ധര്‍മത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നയാള്‍ ഏത് വിധത്തിലാണ് മിതവാദിയാകുക എന്ന് വിശദീകരിക്കേണ്ട ബാധ്യത വി എം സുധീരനുണ്ട്.


അല്ലെങ്കില്‍ ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ സഹായം ചെയ്തു കൊടുത്ത ഗോവിന്ദ് വല്ലഭ് പന്ത്, ശിലാന്യാസത്തിനായി മസ്ജിദ് തുറന്ന് കൊടുത്ത രാജീവ് ഗാന്ധി, മിനാരങ്ങള്‍ തകര്‍ന്ന് വീഴുമ്പോള്‍ മൗനം പാലിച്ചിരുന്ന നരസിംഹ റാവു എന്നിവര്‍ക്കൊപ്പമാണ് സുധീരനുമെന്ന് വിശ്വസിക്കേണ്ടിവരും.


സംഘ്പരിവാര്‍ സൃഷ്ടിച്ചെടുക്കുന്ന ബിംബങ്ങള്‍ കാലാന്തരത്തില്‍ വകവെച്ചുകൊടുക്കപ്പെടുന്നുവെന്നതാണ് സുധീരന്റെ വാക്കുകളിലെ ഏറ്റവും വലിയ അപകടം. അധികാരമെന്ന അജന്‍ഡ മുന്‍കൈ നേടിയപ്പോള്‍ ടി ഡി പിയും ജെ ഡി (യു)യും എ ഐ എ ഡി എം കെയും ഡി  എം കെയുമൊക്കെ ഈ മിതവാദ കല്‍പ്പനയെ നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്. ആയിരങ്ങളുടെ ജീവനെടുത്ത വംശഹത്യക്ക് കാര്‍മികത്വം വഹിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നരേന്ദ്ര മോദി, തീവ്രമുഖമായി മാറിയപ്പോള്‍ ഇക്കൂട്ടര്‍ക്കൊക്കെ അഡ്വാനി മിതമുഖമായി മാറുകയും ചെയ്തു.   മിതമുഖയമായി സ്വയം പ്രതിഷ്ഠിച്ചെടുക്കാന്‍ അഡ്വാനി തന്നെയും ശ്രമങ്ങള്‍ നടത്തിയിരുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ മുഹമ്മദാലി ജന്നയുടെ ഖബറിടം സന്ദര്‍ശിച്ച്, ജിന്ന മതേതര നിലപാടുകാരനായിരുന്നുവെന്ന് തുറന്നുപറഞ്ഞത്. അത്രത്തോളം അംഗീകരിച്ച് കൊടുക്കുന്നത്,  ദശകങ്ങളായി നടത്തുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാകുമെന്നതിനാല്‍, ആര്‍ എസ് എസ്സിന് ദഹിച്ചില്ല. അഡ്വാനിയെ ബി ജെ പിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി അവര്‍ പ്രതികരിച്ചു. പക്ഷേ, അഡ്വാനിയെ അംഗീകരിക്കുന്ന നിലപാടിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ എത്തിക്കാന്‍ ഈ പ്രസ്താവനക്ക് സാധിച്ചു. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുള്ള നീക്കം ആരംഭിച്ചപ്പോള്‍ തന്നെ മിതമുഖം സൃഷ്ടിച്ചെടുക്കാന്‍ നരേന്ദ്ര മോദിയും ശ്രമങ്ങളാരംഭിച്ചിരുന്നു.


അഡ്വാനിയെ അപേക്ഷിച്ച് വാജ്പയി മിതവാദിയും നരേന്ദ്ര മോദിയെ അപേക്ഷിച്ച് എല്‍ കെ അഡ്വാനി മിതവാദിയുമായാല്‍ നാളെ കൂടുതല്‍ തീവ്ര നിലപാടുള്ളൊരാള്‍ നേതൃത്വത്തിലേക്ക് എത്തുമ്പോള്‍ മോദി മിതമുഖമായി വാഴ്ത്തപ്പെടും. അടിസ്ഥാന അജന്‍ഡകള്‍ നടപ്പാക്കാനുള്ള പ്രവൃത്തികളുടെ ഭാഗമായി ഇക്കൂട്ടര്‍ സൃഷ്ടിച്ച ചേരിതിരിവും ചോരപ്പുഴകളും മറക്കപ്പെടേണ്ടതോ പൊറുക്കപ്പെടേണ്ടതോ ഒക്കെയായി മാറും. ബാബ്‌രി മസ്ജിദ് തകര്‍ത്തതിന്റെയോ രഥയാത്രയുടെ ഭാഗമായി അരങ്ങേറിയ സംഘര്‍ഷങ്ങളുടെയോ ഉത്തരവാദിത്വത്തില്‍ നിന്ന് അഡ്വാനി  പൊതുവെ നീക്കിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്നത് മാത്രം മതി ഉദാഹരണത്തിന്. അത്തരമൊരു ബോധം സൃഷ്ടിച്ചെടുക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്ന, വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തിക്കുന്നത്. മിതമുഖങ്ങളെ തള്ളിപ്പറയുമ്പോള്‍ പോലും ഗുണഫലം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് സംഘ് നേതൃത്വം തിരിച്ചറിയുന്നുമുണ്ട്. അതിന് സാധൂകരണം നല്‍കുംവിധത്തില്‍ കെ പി സി സി പ്രസിഡന്റ് സംസാരിക്കുമ്പോള്‍, വര്‍ഗീയ അജന്‍ഡകളോടുള്ള സമരസപ്പെടലിന് സമൂഹത്തെ സജ്ജരാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രചാരണത്തിന് കൂടിയാണ് അദ്ദേഹം അംഗീകാരം നല്‍കുന്നത്. പ്രായോഗിക രാഷ്ട്രീയത്തിനപ്പുറത്ത് അടിസ്ഥാന രാഷ്ട്രീയത്തെ മനസ്സിലാക്കാത്തതുകൊണ്ടോ, മനസ്സിലാകുമ്പോഴും തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ അത് മറച്ചുവെക്കേണ്ടതുണ്ടെന്ന് തോന്നുന്നതുകൊണ്ടോ ആകാം തന്റെ അഭിപ്രായം ശരിയാണെന്ന് സുധീരന്‍ ആവര്‍ത്തിക്കുന്നത്. രണ്ടായാലും അത് ശരിയല്ല. ഹ്രസ്വകാലത്തെ നേട്ടം ലാക്കാക്കി, അടവുതന്ത്രങ്ങള്‍ പയറ്റിയത്, ദീര്‍ഘകാലത്തേക്കുണ്ടാക്കിയ നഷ്ടങ്ങളെന്തെന്ന് സി പി എം നേതാക്കളോട് ചോദിച്ചാല്‍ പറഞ്ഞു തരും. മാധവ് ഗാഡ്ഗിലിനോടും കസ്തൂരിരംഗനോടും കടപ്പാട് രേഖപ്പെടുത്തി, അതേ അടവുകള്‍ അവരിപ്പോഴും പയറ്റുകയാണെങ്കിലും.