2010-03-14

ക്ഷമിക്കണം, സ്‌ത്രീ വിരുദ്ധനല്ലവി കെ എന്നുമായി അക്‌ബര്‍ കക്കട്ടില്‍ നടത്തിയ അഭിമുഖം.
കക്കട്ടിലിന്റെ ചോദ്യം ഏതാണ്ട്‌ ഇങ്ങനെ: കഥകളില്‍ നായര്‍ സ്‌ത്രീകളെ അപഹസിക്കും വിധത്തിലാണ്‌ ചിത്രീകരിക്കുന്നത്‌. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്‌ നായര്‍ സ്‌ത്രീകള്‍ക്ക്‌ കുടുംബത്തില്‍ കൂടുതല്‍ അധികാരമുണ്ടായിരുന്നു. അക്കാലത്തെ നായര്‍ സ്‌ത്രീകളെ എന്തുകൊണ്ടിങ്ങനെ ചിത്രീകരിക്കുന്നു?വി കെ എന്നിന്റെ മറുപടി: അക്കാലത്ത്‌ നായര്‍ സ്‌ത്രീകള്‍ക്ക്‌ കുടുംബത്തില്‍ അധികാരമുണ്ടായിരുന്നുവെങ്കിലും അവര്‍ക്കു മേല്‍ അധികാരം പരപുരുഷന്‍മാര്‍ക്കായിരുന്നു.
വി കെ എന്നിന്റെ ആറ്റിക്കുറുക്കിയ ഉത്തരം, ഭൂതകാലത്തിലേക്കു മാത്രമല്ല ഭാവിയിലേക്കും വിരല്‍ ചൂണ്ടുന്നതായിരുന്നു.ജനാധിപത്യ സമ്പ്രദായത്തിലെ വിപ്ലവകരമായ നിയമ നിര്‍മാണമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വനിതാ സംവരണ ബില്ലിന്‌ രാജ്യസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ്‌ വി കെ എന്നിന്റെ അഭിമുഖ സംഭാഷണത്തിലെ പരാമര്‍ശം ഓര്‍ത്തുപോയത്‌. ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗ സമത്വം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ്‌ കോണ്‍ഗ്രസും ബി ജെ പിയും ഇടതു പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ഈ ബില്ലിനെ വിശേഷിപ്പിക്കുന്നത്‌. ജനസംഖ്യയില്‍ 50 ശതമാനത്തോളം വരുന്ന സ്‌ത്രീകള്‍ക്ക്‌ ഇത്രയും കാലം നിയമനിര്‍മാണ പ്രക്രിയയില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതിരുന്നതിലുള്ള മനഃപ്രയാസം ഈ പാര്‍ട്ടികളെല്ലാം പ്രകടിപ്പിക്കുകയും ചെയ്യുന്നു.സാമൂഹിക അന്തസ്സും അണിയറ ഭരണവും


വനിതകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്‌. ഇപ്പോഴത്‌ കേരളമടക്കം ചില സംസ്ഥാനങ്ങള്‍ അമ്പത്‌ ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഈ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭൂരിപക്ഷം പേരെയും മുന്നില്‍ നിര്‍ത്തി അധികാരം പ്രയോഗിക്കുന്നതും ചുമതലകള്‍ നിര്‍വഹിക്കുന്നതും ഭര്‍ത്താവോ, പിതാവോ, സഹോദരനോ ആയ പുരുഷനാണ്‌ എന്നതാണ്‌ വസ്‌തുത. വി കെ എന്നിന്റെ മുമ്പത്തെ വാക്യം ചെറുതായൊന്നു തിരുത്തിയാല്‍ പഞ്ചായത്ത്‌ അംഗം, പ്രസിഡന്റ്‌ എന്നീ നിലകളില്‍ സ്‌ത്രീകള്‍ക്ക്‌ അധികാരമുണ്ടെങ്കിലും അവര്‍ക്കു മേല്‍ അധികാരം പുരുഷനാണ്‌. ഈ സാമുഹ്യ വസ്‌തുത നിലനില്‍ക്കെയാണ്‌ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33 ശതമാനം സീറ്റുകള്‍ സ്‌ത്രീകള്‍ക്ക്‌ സംവരണം ചെയ്യാനായി നടപടികള്‍ പുരോഗമിക്കുന്നത്‌.

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സംവരണം ചെയ്‌ത 33 ശതമാനം സീറ്റുകളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളുടെ സാമൂഹിക അന്തസ്സ്‌ വര്‍ധിച്ചുവെന്നും കാലക്രമേണ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്‌ ഇവര്‍ ആര്‍ജിച്ചുവെന്നുമാണ്‌ 2008ല്‍ കേന്ദ്ര പഞ്ചായത്തി രാജ്‌ മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നത്‌. അതുകൊണ്ടു തന്നെ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33 ശതമാനം സീറ്റ്‌ അവര്‍ക്കായി മാറ്റിവെക്കുന്നത്‌ സ്‌ത്രീ ശാക്തീകരണത്തിന്‌ ഏറെ പ്രയോജനകരമാവുമെന്നാണ്‌ വാദം. ഇതേ പഞ്ചായത്തി രാജ്‌ മന്ത്രാലയം അടുത്തിടെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്‌ മറ്റു ചില സംഗതികളാണ്‌. തിരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളെ മുന്നില്‍ നിര്‍ത്തി ഭര്‍ത്താവോ, പിതാവോ അധികാര, അവകാശങ്ങള്‍ കൈയാളുന്ന പതിവ്‌ തുടരുകയാണെന്ന്‌ ഈ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്‌ സംബന്ധിച്ച്‌ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത്‌. 

സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ ചുമതലകള്‍ മറ്റാരെങ്കിലും നിര്‍വഹിക്കുന്നത്‌ ശരിയല്ലെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. 2008ലെ പഠനത്തില്‍ കണ്ടെത്തിയ സാമൂഹികമായ അന്തസ്സുയര്‍ച്ചയും തീരുമാനങ്ങളെടുക്കാനുള്ള കഴിവ്‌ ആര്‍ജിക്കലും തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌ പുതിയ സര്‍ക്കുലര്‍. അതുകൊണ്ടുതന്നെ യഥാര്‍ഥത്തില്‍ ശാക്തീകരണം ലക്ഷ്യമിടുന്നുവെങ്കില്‍ ഇത്തരത്തിലുള്ള അണിയറ ഭരണം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ച ശേഷമേ സംവരണം നടപ്പാക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉദ്ദേശിച്ച പ്രയോജനം ഉണ്ടാവാന്‍ സാധ്യതയില്ല.തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ കൂടുതല്‍ പ്രാമുഖ്യം ഉണ്ടായതോടെ സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിയുന്നുണ്ട്‌ എന്നാണ്‌ 2008ലെ കേന്ദ്ര പഠനം പറയുന്നത്‌. കേരളത്തിന്റെ സ്ഥിതി മാത്രമെടുക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നിലവില്‍ വന്നതിന്‌ ശേഷമാണ്‌ ഇപ്പോഴത്തെ വി എസ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്‌. 29,555 സ്‌ത്രീ പീഡന കേസുകളാണ്‌ നാല്‌ വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്‌. സ്‌ത്രീ പ്രതിനിധികള്‍ സംസ്ഥാനത്തെമ്പാടും അധികമായി പ്രവര്‍ത്തിച്ചിട്ടും പീഡന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. പിന്നെ എന്ത്‌ ശാക്തീകരണമാണ്‌ സംവരണം കൊണ്ട്‌ ഉണ്ടാവുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ല. പിഡന കേസുകളുടെ എണ്ണം കൂടുന്നത്‌ കൂടുതല്‍ പേര്‍ സംഭവം പുറത്തുപറയാന്‍ തയ്യാറാവുന്നതുകൊണ്ടാണ്‌ എന്ന വാദമുണ്ട്‌. അതൊരു ശാക്തീകരണമായി കാണുന്നുണ്ടോ ആവോ?ലിംഗ സമത്വം/അവസര സമത്വംലിംഗ, അവസര സമത്വം ഉറപ്പാക്കുന്നതിനുള്ള വലിയ ചുവടുവെപ്പായാണ്‌ ബില്ലിനെ പ്രധാനമന്ത്രിയും രാജ്യസഭയിലെ ബി ജെ പി നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലിയും ഒരേ സ്വരത്തില്‍ വിശേഷിപ്പിച്ചത്‌. ആണ്‍, പെണ്‍ അവസരസമത്വത്തിന്റെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. കേരളത്തിന്റെ കാര്യമെടുത്താല്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരം ഇവിടെ ലഭ്യമാണ്‌. (അപൂര്‍വമായ അപവാദം മാറ്റി നിര്‍ത്തുക) എസ്‌ എസ്‌ എല്‍ സിക്ക്‌ റാങ്കും ക്ലാസ്സും നിലനിന്നിരുന്ന കാലത്ത്‌ എന്നും മുമ്പന്തിയിലുണ്ടായിരുന്നത്‌ പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ എന്‍ജിനീയറിംഗ്‌/മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം വരുമ്പോള്‍ ആണ്‍കൂട്ടികള്‍ മുന്നില്‍ നിന്നിരുന്നുവെന്നതും വസ്‌തുതയാണ്‌. എന്തുകൊണ്ട്‌ ഇങ്ങനെ എന്നതിന്റെ ഉത്തരം ചില മേഖലകളില്‍ ആണ്‍കുട്ടികളോളം മികവ്‌ പെണ്‍കുട്ടികള്‍ക്കില്ല എന്നത്‌ തന്നെയാണ്‌. 
സാമ്പ്രദായിക വിദ്യാഭ്യാസ രംഗത്ത്‌ മുന്നിലെത്തുന്ന പെണ്‍കുട്ടികളും സ്‌ത്രീകളും രാഷ്‌ട്രീയ/പൊതു രംഗങ്ങളില്‍ സജീവമാവുന്നതും കുറവാണ്‌. സജീവമായാല്‍ തന്നെ വിശകലന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാനുള്ള ത്രാണി പലപ്പോഴും പ്രകടിപ്പിക്കാറുമില്ല. എല്ലാവര്‍ക്കും ലഭ്യമാവുന്ന വിവരങ്ങള്‍ അറിയാനോ വിമര്‍ശ ബുദ്ധിയോടെ സമീപിക്കാനോ അവര്‍ തയ്യാറാവാറില്ല എന്നതാണ്‌ വസ്‌തുത. പുരുഷ മേധാവിത്വ സമൂഹം നിലനില്‍ക്കുന്നതുകൊണ്ടാണ്‌ വിവരങ്ങള്‍ ലഭ്യമാവാത്തതെന്നും വിമര്‍ശ ബുദ്ധിയോടെ സമീപിക്കാന്‍ സാധിക്കാത്തതെന്നും പറയാനാവില്ലല്ലോ. 
കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ വലിയ വിവാദമായ ആണവ കരാറിന്റെ കാര്യമെടുക്കുക. കേരളത്തില്‍ നിന്ന്‌ സി പി എമ്മിന്റെ രണ്ട്‌ വനിതാ പ്രതിനിധികള്‍ ലോക്‌സഭയിലുണ്ടായിരുന്നു. ആണവ കരാര്‍ ചര്‍ച്ച ചെയ്‌തപ്പോഴൊന്നും ഇവര്‍ക്ക്‌ അവസരം നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. കരാര്‍ പഠിച്ചു ദോഷവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാകത്തില്‍ സംസാരിക്കാന്‍ ഇവര്‍ക്ക്‌ സാധിക്കുമെന്ന തോന്നല്‍ സി പി എം നേതൃത്വത്തിന്‌ ഉണ്ടായില്ല എന്നതാണ്‌ ഇതിന്‌ കാരണം. ആ തോന്നല്‍ ജനിപ്പിക്കാന്‍ രണ്ട്‌ പേര്‍ക്കും സാധിച്ചില്ല. പൊതുരംഗത്ത്‌ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വനിതാ സാരഥികളുടെ അവസ്ഥയാണിത്‌. കൂടുതല്‍ സ്‌ത്രീകള്‍ക്ക്‌ അവസരം ലഭിക്കുന്നതോടെ ഈ അവസ്ഥയില്‍ മാറ്റമുണ്ടാവുമെന്ന്‌ ആരെങ്കിലും കരുതുന്നുവെങ്കില്‍ ആ പ്രതീക്ഷ അസ്ഥാനത്താണ്‌.ലിംഗസമത്വം ഉറപ്പാക്കുന്നതിനും ശാക്തീകരണത്തിനുമാണ്‌ സംവരണമെങ്കില്‍ അത്‌ എല്ലാത്തലത്തിലും ഏര്‍പ്പെടുത്തുകയാണ്‌ വേണ്ടത്‌. മന്ത്രിസഭയില്‍ 33 ശതമാനം സംവരണം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുമോ? എല്ലാ മൂന്നാമത്തെയും തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദം സ്‌ത്രീക്ക്‌ നല്‍കുമോ? യു പി എ സര്‍ക്കാറിന്റെ ഏറ്റവും വലിയ ജനപ്രിയ പദ്ധതിയായ തൊഴിലുറപ്പിന്റെ ഉപഭോക്താക്കള്‍ 33 ശതമാനം സ്‌ത്രീകളാവണമെന്ന്‌ നിര്‍ബന്ധിക്കുമോ? ശാക്തീകരണം ലക്ഷ്യമിടുന്നുവെങ്കില്‍ അത്‌ എല്ലാ തലത്തിലും തരത്തിലും വേണം. അല്ലാതെ ലോക്‌സഭയിലും നിയമസഭകളിലും മാത്രമായിഒതുക്കുന്നതില്‍ അര്‍ഥമില്ല.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട്‌കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ നിന്ന്‌ അസം യുനൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയാവാന്‍ ആദിവാസിയായ ലക്ഷ്‌മി ഓറോണ്‍ ശ്രമിച്ചിരുന്നു. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി നടന്ന ഒരു മാര്‍ച്ചില്‍ പങ്കെടുത്തതിന്‌ പരിഷ്‌കൃതരെന്ന്‌ അവകാശപ്പെടുന്ന പുരുഷപ്രജകള്‍ തെരുവില്‍ നഗ്നയാക്കി ഓടിച്ച സ്‌ത്രീയാണ്‌ ഇവര്‍. തെരുവിലൂടെ നഗ്‌നയായി ഓടേണ്ടിവന്ന സ്‌ത്രീക്ക്‌ ഉണ്ടാവാന്‍ ഇടയുള്ള മാനസിക ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. ഇത്‌ മറികടന്നാണ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്‌. കോണ്‍ഗ്രസോ ബി ജെ പിയോ സി പി എമ്മോ ഇവരെ പിന്തുണച്ചില്ല. രാഷ്‌ട്രീയ ചേരി വ്യത്യസ്‌തമായതിനാല്‍ പിന്തുണക്കാതിരുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ ഇവര്‍ മത്സരിക്കുന്നതു പോലും മുടക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. 
ലക്ഷ്‌മിക്ക്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ പ്രായമായിട്ടില്ലെന്നായിരുന്നു വരണാധികാരിക്കു മുന്നില്‍ ഉയര്‍ത്തിയ വാദം. ലക്ഷ്‌മി പത്താം ക്ലാസ്‌ പരീക്ഷ എഴുതിയ വര്‍ഷമാണ്‌ പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയത്‌. അസമിലെ കുഗ്രാമത്തിലുള്ള ആദിവാസി പെണ്‍കുട്ടി ആറാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന്‌ പതിനഞ്ചാം വയസ്സില്‍ പത്താം ക്ലാസ്‌ പരീക്ഷ എഴുതുമെന്ന്‌ സ്ഥിരബുദ്ധിയുള്ളവര്‍ വിശ്വസിക്കാനിടയില്ല. എന്നിട്ടും കോണ്‍ഗ്രസിന്റെ വാദം സ്വീകരിച്ച്‌ വരണാധികാരി ലക്ഷ്‌മിയുടെ പത്രിക തള്ളി. തീര്‍ത്തും പിന്നാക്കമായ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു യുവതിക്ക്‌ രാഷ്‌ട്രീയ പ്രക്രിയയുടെ ഭാഗമായ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരംപോലും നിഷേധിച്ചവര്‍ ഇപ്പോള്‍ സ്‌ത്രീ സംവരണത്തിന്‌ മുന്‍കൈ എടുക്കുന്നു.1964ല്‍ സി പി എം നിലവില്‍ വന്നിട്ട്‌ അതിന്റെ പോളിറ്റ്‌ ബ്യൂറോയില്‍ ഒരു സ്‌ത്രീയെത്താന്‍ നാല്‍പ്പത്‌ വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. അധഃസ്ഥിതരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയില്‍ അംഗമായ കെ ആര്‍ ഗൗരിയമ്മക്ക്‌ പോലും പോളിറ്റ്‌ ബ്യൂറോയില്‍ ഇടം ലഭിച്ചില്ല. പ്രകാശ്‌ കാരാട്ടിന്റെ ഭാര്യ, ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചതുമൂലം ദേശീയ മാധ്യമങ്ങളിലും മറ്റും കിട്ടിയ ഇടം എന്നിവ കൂടി ബൃന്ദയുടെ സ്ഥാനലബ്‌ധിക്കു പിന്നിലുണ്ടെന്ന്‌ സി പി എം നേതാക്കള്‍ പോലും സമ്മതിക്കും. നേതൃത്വത്തിലെ സ്‌ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ 
കോണ്‍ഗ്രസിന്റെ നില കുറേക്കൂടി ഭേദമാണ്‌. അതുപക്ഷെ, കഴിവിന്റെ അടിസ്ഥാനത്തിലാണെന്ന്‌ പറയാന്‍ സാധിക്കില്ല. നെഹ്‌റുവിന്റെ മകളായതു കൊണ്ട്‌ ഇന്ദിര, രാജീവ്‌ ഗാന്ധിയുടെ വിധവയായതു കൊണ്ട്‌ സോണിയ അങ്ങനെ ആരുടെയെങ്കിലുമൊക്കെ കൂട്ടു മേല്‍വിലാസത്തിലാണ്‌ എല്ലാവരും നേതൃത്വത്തിലേക്ക്‌ എത്തിയത്‌. ഇന്ത്യയിലെ ഏറ്റവും ശക്തയായ നേതാവായി എല്ലാവരും വിശേഷിപ്പിക്കുന്ന ഇന്ദിരാ ഗാന്ധിയുടെ തീരുമാനങ്ങളെപ്പോലും ധീരേന്ദ്ര ബ്രഹ്‌മചാരിയെപ്പോലുള്ളവര്‍ സ്വാധീനിച്ചിരുന്നു എന്നതു കൂടി ഓര്‍ക്കുക. നിര്‍ബന്ധിത വന്ധ്യംകരണം സഞ്‌ജയ്‌ ഗാന്ധി നടപ്പാക്കിയപ്പോള്‍ തടയാനാവാതിരുന്ന പ്രധാനമന്ത്രിയാണ്‌ അവരെന്നതും.മറ്റു രാജ്യങ്ങളിലെ കണക്കുകള്‍പാക്കിസ്ഥാന്‍ മുതല്‍ അര്‍ജന്റീന വരെയും ഉഗാണ്ട മുതല്‍ എറിത്രിയ വരെയുമുള്ള രാജ്യങ്ങളില്‍ വനിതാ സംവരണം നിലവിലുണ്ട്‌. എന്നിട്ടും അറുപതാണ്ടത്തെ ജനാധിപത്യ ചരിത്രമുള്ള ഇന്ത്യയില്‍ വനിതാ സംവരണമില്ലെന്ന വാദമാണ്‌ ബി ജെ പി നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌. വനിതാസംവരണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ സങ്കീര്‍ണമാണ്‌ ഇന്ത്യയിലെ സാമുഹിക സ്ഥിതി എന്നത്‌ ബോധപൂര്‍വം മറച്ചുവെക്കുകയാണ്‌ ഇവിടെ. ജനസംഖ്യയുടെ 84 ശതമാനത്തോളം ക്രിസ്‌തുമതക്കാരുള്ള രാജ്യങ്ങളാണ്‌ അര്‍ജന്റീനയും ഉഗാണ്ടയും. പാക്കിസ്ഥാനും ബംഗ്ലാദേശും ഏറെക്കുറെ ഏക മത രാജ്യമാണ്‌. ഇവിടെ വനിതകള്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ആരുടെയും അവസരങ്ങള്‍ നഷ്‌ടമാവില്ല തന്നെ. 

എന്നാല്‍ ജാതി, മത വൈവിധ്യം ഏറെയുള്ള രാജ്യത്ത്‌ സംവരണം ചില വിഭാഗങ്ങളുടെയെങ്കിലും പ്രാതിനിധ്യം കുറക്കുമെന്നുറപ്പ്‌. 33 ശതമാനം സ്‌ത്രീകള്‍ക്കും 22 ശതമാനം പട്ടികവിഭാഗങ്ങള്‍ക്കും മാറ്റിവെക്കുമ്പോള്‍ പൊതുസീറ്റുകളായുണ്ടാവുക 45 ശതമാനമായിരിക്കും. ഇതില്‍ നിന്നുവേണം 14 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്കും ദളിത്‌, പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടാന്‍. തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുന്ന പണത്തിന്റെയും കായിക ശക്തിയുടെയും ആധിപത്യം കൂടി കണക്കിലെടുക്കണം. വനിതകള്‍ക്കായി സംവരണം ചെയ്യുന്ന സീറ്റുകള്‍ ഇപ്പോള്‍ ആ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിരുന്ന നേതാവിന്റെ ഭാര്യക്കോ മകള്‍ക്കോ ആയിരിക്കും ലഭിക്കുക എന്നത്‌ എറെക്കുറെ ഉറപ്പാണ്‌. ഇത്തരം സ്വാധീനങ്ങള്‍ ഫലിക്കാത്ത സീറ്റുകളില്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള വനിതകള്‍ക്കായിരിക്കും സാധ്യത. തഴയപ്പെടുന്നത്‌ ആരൊക്കെയായിരിക്കുമെന്ന്‌ ഊഹിക്കാന്‍ പ്രയാസമില്ല.എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ നിന്ന്‌ കടമെടുത്താല്‍ `വനിതാ സംവരണം വിപ്ലവമാണെന്ന്‌ ഘോഷിക്കാനുള്ള സമയമല്ല മന്ദാ' എന്ന്‌ പറയേണ്ടിവരും. അങ്ങനെ ഘോഷിക്കുന്നവര്‍ രാജ്യത്ത്‌ ഇപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അരാഷ്‌ട്രീയവത്‌കരണത്തിന്‌ 33 ശതമാനം സംവരണം എത്രമാത്രം ആക്കം നല്‍കുമെന്ന്‌ ആലോചിക്കണം. ഏകമത ആധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളെ ഉദാഹരിച്ച്‌ വനിതാ സംവരണത്തെ സാധൂകരിക്കുന്ന ബി ജെ പിയുടെ നിലപാടിനെക്കുറിച്ചും ആലോചിക്കണം.