2010-02-10

ഓം ജി ഡി പി സ്വാഹ


ആഭ്യന്തര മൊത്ത ഉത്‌പാദനത്തിന്റെ (ഗ്രോസ്‌ ഡോമസ്റ്റിക്‌ പ്രൊഡക്‌ട്‌ - ജി ഡി പി) കണക്കില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതി അളക്കുന്ന കാലത്തിലൂടെയാണ്‌ ലോകം കടന്നുപോവുന്നത്‌. രാജ്യത്തിന്റെ ആഭ്യന്തര ഉത്‌പാദനം രണ്ടക്കത്തിലെത്തിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെയും പി ചിദംബരത്തിന്റെയും ഇപ്പോള്‍ പ്രണാബ്‌ മുഖര്‍ജിയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്‌. 14 ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിച്ച ഗുജറാത്തും 11.3 ശതമാനം വളര്‍ച്ചാ നിരക്ക്‌ നടപ്പു സാമ്പത്തിക വര്‍ഷമുണ്ടാവുമെന്ന്‌ കരുതുന്ന ബീഹാറുമൊക്കെ വികസന രംഗത്ത്‌ മുന്നേറുകയാണെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്‌. 
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നിഴല്‍ നീങ്ങാത്ത സാഹചര്യത്തിലും ഈ സാമ്പത്തിക വര്‍ഷം ഏഴര ശതമാനം വളര്‍ച്ചാ നിരക്ക്‌ രാജ്യത്തിന്‌ കൈവരിക്കാന്‍ സാധിക്കുമെന്ന്‌ റിസര്‍വ്‌ ബേങ്കും കേന്ദ്ര ധനമന്ത്രാലയവും ഒട്ടൊരു അഹങ്കാരത്തോടെ അവകാശപ്പെടുന്നുമുണ്ട്‌. വളര്‍ച്ചാ നിരക്ക്‌ ഏഴര ശതമാനത്തില്‍ എത്തുമെന്ന്‌ തന്നെ കരുതണം. അതിവേഗത്തില്‍ വളരുന്ന മറ്റൊരു സമ്പദ്‌ വ്യവസ്ഥയായ ചൈന പത്ത്‌ ശതമാനം വളര്‍ച്ചാ നിരക്കാണ്‌ പ്രതീക്ഷിക്കുന്നത്‌.പുരോഗമനത്തിന്റെ അളവുകോലെന്ന്‌ ദശകങ്ങളായി കരുതപ്പെടുന്ന ഈ ജി ഡി പിയെ ഇപ്പോള്‍ തള്ളിപ്പറയുന്നത്‌ സോഷ്യലിസത്തിലോ കമ്മ്യൂണിസത്തിലോ വിശ്വസിക്കുന്നവരല്ല. മറിച്ച്‌ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പൂര്‍ണ നിയന്ത്രണത്തില്‍ തുടരുന്ന ഐക്യരാഷ്‌ട്ര സഭയാണ്‌. സാമൂഹിക അവസ്ഥ അവലോകനം ചെയ്‌ത്‌ ഐക്യരാഷ്‌ട്ര സഭ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ജി ഡി പിയെ ആധാരമാക്കി വികസനത്തെ അളക്കുന്നതിനെ മാത്രമല്ല, പുത്തന്‍ സാമ്പത്തികനയപരിപാടികളെത്തന്നെ ഒട്ടൊക്കെ തള്ളിക്കളയുന്നുണ്ട്‌. റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്ന ഏറ്റവും പ്രധാന വസ്‌തുത ലോകത്ത്‌ ദരിദ്രരരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ്‌. പുതിയ സാമ്പത്തിക നയങ്ങളെ തുടക്കം മുതല്‍ എതിര്‍ത്തുവന്നിരുന്നവര്‍ ഉന്നയിച്ചിരുന്ന പ്രധാന വാദങ്ങളില്‍ ഒന്ന്‌ ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്പന്നരെ കൂടുതല്‍ സമ്പന്നരുമാക്കുന്നുവെന്നതായിരുന്നു. ഇത്‌ ഏറെക്കുറെ ശരിവെക്കുന്നതാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ പഠന റിപ്പോര്‍ട്ട്‌.മൊത്തം ഉത്‌പാദനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, സാമൂഹിക രംഗത്തുണ്ടാവുന്ന പുരോഗതിയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പുരോഗതി വിലയിരുത്താനെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട്‌ നല്‍കുന്നുണ്ട്‌. അതായത്‌ ഇപ്പോള്‍ പതിനാലും പതിനൊന്നും പത്തും ശതമാനം വളര്‍ച്ചാ നിരക്ക്‌ നേടി എന്ന്‌ അവകാശപ്പെടുന്ന പ്രദേശങ്ങളിലെയും രാജ്യങ്ങളിലെയും സാമൂഹിക സ്ഥിതി കൂടി വിലയിരുത്തേണ്ടതുണ്ട്‌ എന്നര്‍ഥം. വലിയൊരു വിഭാഗം ജനങ്ങള്‍ പട്ടിണിയില്‍ തുടരുമ്പോള്‍ വളര്‍ച്ചയുടെ ശതമാനക്കണക്കിന്‌ പ്രസക്തിയില്ലെന്ന്‌ അര്‍ഥം. കൊടും ശൈത്യത്തില്‍ മരണ സംഖ്യ അഞ്ഞുറു കടന്നപ്പോള്‍ സുപ്രീം കോടതിയിലെ കമ്മീഷണര്‍മാര്‍ സുപ്രീം കോടതിയില്‍ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. തെരുവാധാരമായി തുടരുന്നവര്‍ നിരവധിയുള്ളതുകൊണ്ടാണ്‌ മരണ സംഖ്യ ഇത്രയും ഉയരുന്നതെന്നും ഇത്തരക്കാര്‍ക്ക്‌ രാത്രി താമസിക്കാന്‍ ഇടമൊരുക്കാന്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഈ റിപ്പോര്‍ട്ട്‌ പരിഗണിച്ച സുപ്രീം കോടതി രാത്രി താമസിക്കാന്‍ സൗകര്യമൊരുക്കാന്‍ ഡല്‍ഹി സര്‍ക്കാറിനോട്‌ നിര്‍ദേശിച്ചു. അപ്പോഴാണ്‌ പ്രായോഗികമായ പ്രശ്‌നം ഉയര്‍ന്നത്‌. 
 രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്‌. ഇവര്‍ക്ക്‌ രാത്രി പാര്‍പ്പിടമൊരുക്കാന്‍ എവിടെ സ്ഥലം? ദരിദ്രര്‍ക്കും ഭവനരഹിതരായവര്‍ക്കും വീട്‌ നിര്‍മിച്ചുകൊടുക്കാന്‍ ദശകങ്ങളായി പദ്ധതികള്‍ നടപ്പാക്കുന്ന രാജ്യത്താണ്‌ ഈ സ്ഥിതി. എന്നിട്ടും വളര്‍ച്ചാ നിരക്ക്‌ ഏഴര ശതമാനമെത്തുന്നതില്‍ അഭിമാനം കൊള്ളാന്‍ നമുക്ക്‌ മടിയില്ല.
ഗുജറാത്തിന്റെ വളര്‍ച്ചാ നിരക്ക്‌ 14 ശതമാനത്തിലെത്തിച്ചത്‌ മോഡിയുടെ കഴിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ട്‌. അടുത്തിടെ പുറത്തുവന്ന പഠന റിപ്പോര്‍ട്ട്‌ പറയുന്നത്‌ അയിത്തം ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ്‌ ഗുജറാത്ത്‌ എന്നാണ്‌. പഠനത്തിന്റെ ഭാഗമായുള്ള സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം പേരും പറഞ്ഞത്‌ തങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള തൊട്ടുകൂടായ്‌മ അനുഭവിക്കുന്നുണ്ട്‌ എന്നതായിരുന്നു. 

സവര്‍ണര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ അവര്‍ണര്‍ നിലത്ത്‌ ഇരിക്കേണ്ടിവരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശം നിഷേധിക്കപ്പെടുന്നു. തുടങ്ങി പലതരത്തില്‍. അതായത്‌ ഗുജറാത്തിന്റെ സാമൂഹിക മുഖ്യധാരയില്‍ ജാതിയില്‍ താണവന്‌ ഇപ്പോഴും പ്രവേശമില്ല. ഇത്തരക്കാര്‍ ഏത്‌ വികസനപദ്ധതിയിലാണ്‌ പരിഗണിക്കപ്പെടുക? ഇവര്‍ ഒഴിവാക്കി നിര്‍ത്തപ്പെടുമ്പോള്‍, ജി ഡി പിയിലുണ്ടാവുന്ന ഉയര്‍ച്ച എങ്ങനെയാണ്‌ സംസ്ഥാനത്തിന്റെ മൊത്തം പുരോഗതിയുടെ അളവുകോലായി കണക്കാക്കുക? വ്യവസായങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഇഷ്‌ട ഭൂമിയാണ്‌ ഗുജറാത്ത്‌ എന്ന്‌ മറ്റൊരു വാദവുമുണ്ട്‌. പശ്ചിമ ബംഗാളിലെ സിംഗൂരിനെ ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ രത്തന്‍ ടാറ്റ തിരഞ്ഞെടുത്തത്‌ ഗുജറാത്തിലെ സാനന്ദായിരുന്നുവെന്നതാണ്‌ ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌. സാനന്ദില്‍ ടാറ്റക്കായി മോഡി ഏറ്റെടുത്ത്‌ നല്‍കിയത്‌ കൃഷി ഭൂമിയായിരുന്നു. 
തന്റെ ഇംഗിതത്തിനെതിരെ നില്‍ക്കുന്നവെര, അത്‌ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളായാല്‍പ്പോലും, വെട്ടിനിരത്താന്‍ മടിയില്ലാത്ത മോഡിക്ക്‌ മുന്നില്‍ കര്‍ഷകര്‍ തളര്‍ന്നുപോയി. അതുകൊണ്ട്‌ സിംഗൂര്‍ ആവര്‍ത്തിച്ചില്ല. ഭൂമി ഏറ്റെടുത്തത്‌ ചോദ്യംചെയ്‌ത്‌ ഒരു കൂട്ടം കര്‍ഷകര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പരാതി സമര്‍പ്പിക്കാന്‍ വൈകിയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി തള്ളുകയും ചെയ്‌തു. സിംഗൂരില്‍ ടാറ്റക്കെതിരായ സമരത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയ ബുദ്ധിജീവികളും സാംസ്‌കാരിക നായകരുമൊന്നും സാനന്ദിലെ കര്‍ഷകരുടെ തുണക്കെത്തിയില്ല. എതിരിടേണ്ടത്‌ മോഡിയെ ആണെന്നതിനാല്‍ കരുതല്‍ നല്ലതാണെന്ന്‌ അവരും കരുതിയിട്ടുണ്ടാവണം. ഈ കര്‍ഷകരെ കുടിയിറക്കി, അവരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കി നേടുന്ന ജി ഡി പി ഉയര്‍ച്ച ഭാവിയിലേക്ക്‌ നല്ലതാണോ എന്ന ചോദ്യമാണ്‌ പരോക്ഷമായെങ്കിലും ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട്‌ ഉന്നയിക്കുന്നത്‌.പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി തന്നെ മുന്നോട്ടുവെക്കപ്പെട്ട ആശയമാണ്‌ ആനുകൂല്യങ്ങള്‍ അര്‍ഹരായര്‍ക്കു മാത്രമെന്ന സിദ്ധാന്തം. രാജ്യത്തെ പൗരന്‍മാര്‍ക്കെല്ലാം യുനീഖ്‌ ഐഡന്റിറ്റി നമ്പര്‍ നല്‍കാന്‍ ഇന്‍ഫോസിസിന്റെ തലപ്പത്തു നിന്ന്‌ നന്ദന്‍ നിലേക്കനിയെ കൊണ്ടുവന്ന്‌ പ്രതിഷ്‌ഠിച്ച ഡോ. മന്‍മോഹന്‍ സിംഗ്‌ ലക്ഷ്യമിട്ടത്‌ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരായവരെ കണ്ടെത്തുക എന്നത്‌ തന്നെയാണ്‌. എന്നാല്‍ ഇത്തരം തിരഞ്ഞെടുപ്പുകള്‍ അപ്രായോഗികവും അശാസ്‌ത്രീയവുമാണെന്നാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ പഠനം വ്യക്തമാക്കുന്നത്‌. ദാരിദ്ര്യ രേഖ എന്നത്‌ കൂടുതല്‍ അവ്യക്തമാവുകയാണെന്ന്‌ പഠനം പറയുന്നു. ഈ വര്‍ഷം ദാരിദ്ര്യ രേഖക്കു മുകളിലുള്ളവര്‍ അടുത്ത വര്‍ഷം അതിനു താഴെ എത്താം. ഇപ്പോള്‍ താഴെയുള്ളവര്‍ അടുത്ത വര്‍ഷം മുകളിലുമെത്താം. ഈ സാഹചര്യത്തില്‍ അര്‍ഹരുടെ പട്ടിക വര്‍ഷം തോറും പുതുക്കേണ്ടിവരും. അതുകൊണ്ടുതന്നെ അര്‍ഹരെ നിശ്ചയിക്കുക എന്ന രീതി അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നല്ലാതെ മറ്റ്‌ ഗുണമൊന്നുമുണ്ടാക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 
റേഷന്‍ വിഹിതം സംബന്ധിച്ച്‌ കേരളവും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഉദാഹരണമാണ്‌. സംസ്ഥാനത്ത്‌ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ പറയുന്നതിലും ഏറെ അധികമാണെന്നാണ്‌ കേരളം വാദിക്കുന്നത്‌. എന്നാല്‍ കേന്ദ്രം ഇത്‌ അംഗീകരിക്കുന്നില്ല. അര്‍ഹരായവര്‍ പട്ടികക്ക്‌ പുറത്തായെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. സമാനമായ അവസ്ഥ മറ്റു സംസ്ഥാനങ്ങളിലുമുണ്ട്‌. ലക്ഷക്കണക്കിനാളുകള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ ഭക്ഷ്യധാന്യം വാങ്ങുന്നതിനുള്ള അവസരം നിഷേധിച്ച്‌ നാം ജി ഡി പിയുടെ ശതമാനക്കണക്കില്‍ വര്‍ധനയുണ്ടാക്കും.
ഈ വൈരുധ്യമാണ്‌ ഐക്യരാഷ്‌ട്രസഭയുടെ പഠനത്തിന്റെയും കാതല്‍. 

പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കാന്‍ സാധിക്കാതെ മറ്റെന്ത്‌ വികസനമുണ്ടായിട്ടും കാര്യമെന്തെന്ന ചോദ്യമാണ്‌ അവര്‍ പ്രധാനമായും ഉന്നയിക്കുന്നത്‌. ഇപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാനാവാത്ത ഘട്ടത്തില്‍ ആഗോളവത്‌കരണത്തിന്റെയും സാമ്പത്തിക ഉദാരവത്‌കരണത്തിന്റെയും ശക്തനായ വക്താവായ മന്‍മോഹന്‍ സിംഗ്‌ സംസ്ഥാന സര്‍ക്കാറുകളോട്‌ ആവശ്യപ്പെടുന്നത്‌ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താനാണ്‌. കേന്ദ്രം അനുവദിക്കുന്ന റേഷന്‍ വിഹിതം പൂര്‍ണമായി വിനിയോഗിക്കാനും. പൊതുവിതരണ ശൃംഖലയെ പാടെ അവഗണിക്കുകയും ഉപഭോക്താക്കളെ ദാരിദ്ര്യ രേഖക്ക്‌ മുകളിലും താഴെയുമായി വേര്‍തിരിക്കുകയും ചെയ്‌ത മന്‍മോഹന്‍ തന്നെയാണ്‌ ഇപ്പോള്‍ ഇക്കാര്യം പറയുന്നത്‌. ഊഹ വിപണികള്‍, റിയല്‍ എസ്റ്റേറ്റ്‌ - നിര്‍മാണ മേഖല, ധന വിപണി (ഭവന, വാഹന വായ്‌പകളാണ്‌ പ്രധാനം) എന്നിവയില്‍ അധിഷ്‌ഠിതമാണ്‌ ഇന്ത്യ മുമ്പ്‌ നേടിയ ഒമ്പത്‌ ശതമാനവും ഇപ്പോള്‍ പ്രതീക്ഷിക്കുന്ന ഏഴര ശതമാനവും വളര്‍ച്ചാ നിരക്ക്‌. ഇതേ മേഖലകളിലുണ്ടായ തകര്‍ച്ചയാണ്‌ അമേരിക്കയെയും അതുവഴി ലോകത്തെയും സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നയിച്ചത്‌. അമേരിക്കയില്‍ തൊഴില്‍രഹിതരുടെയും വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവരുടെയും എണ്ണം ലക്ഷങ്ങള്‍ വരുമെന്ന കണക്കും അടുത്തിടെ പുറത്തുവന്നു. അന്നം നല്‍കാന്‍ കഴിയാത്തവരുടെ അഹംഭാവം മാത്രമാണ്‌ ജി ഡി പിയെന്ന്‌ ചുരുക്കം.അനിവാര്യമായ ഘട്ടങ്ങളില്‍ (വന്‍ മാന്ദ്യത്തിന്റെ കാലത്ത്‌ ഒബാമക്കും തടയാനാവാത്ത വിലക്കയറ്റത്തിന്റെ കാലത്ത്‌ മന്‍മോഹന്‍ സിംഗിനും) ചില ബോധോദയങ്ങളുണ്ടാവും. പക്ഷേ, അത്‌ അധികകാലം നീണ്ടുനില്‍ക്കുമെന്നോ നയങ്ങളില്‍ മാറ്റമുണ്ടാവുമെന്നോ ആരും പ്രതീക്ഷിക്കേണ്ടതില്ല. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെടുന്ന അതേ ശ്വാസത്തില്‍ വിപണിയിലെ മത്സരം മെച്ചപ്പെടുത്താന്‍ ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വേണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമുണ്ടായാല്‍ മത്സരം കൂടുതല്‍ ശക്തമാവും. ജി ഡി പിയില്‍ കൂടുതല്‍ വര്‍ധനയുമുണ്ടായേക്കും. പക്ഷേ, അത്‌ എത്രത്തോളം പേരെ കൂടുതലായി ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുമെന്നതിലേ സംശയമുള്ളൂ. എങ്കിലെന്ത്‌ ജി ഡി പി ഉയര്‍ന്നു നില്‍ക്കില്ലേ?