2010-02-04

മുത്തങ്ങയിലുണ്ട്‌ മൂന്നാറിലില്ല...


അവര്‍ സ്വന്തമായി ഭൂമി ഇല്ലാത്തവരോ ഉണ്ടായിരുന്ന ഭൂമി അന്യാധീനപ്പെട്ടവരോ ആയിരുന്നു. അന്യാധീനപ്പെടല്‍ സ്വന്തം തെറ്റുകൊണ്ട്‌ സംഭവിച്ചതല്ല. സാമൂഹികമായി മുന്‍തൂക്കം നേടിയവര്‍ കയ്യൂക്കിലൂടെയും ചതിയിലൂടെയും ഭൂമി പിടിച്ചെടുത്തതാണ്‌. ഇവര്‍ക്ക്‌ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കുമെന്ന്‌ ഭരണകൂടം ഉറപ്പ്‌ നല്‍കി. 1975ല്‍ സംസ്ഥാന നിയമസഭയില്‍ നിയമം പാസ്സാക്കിക്കൊണ്ട്‌. ഇരുപത്‌ വര്‍ഷത്തിനിടെ നിയമം നടപ്പാക്കാനോ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തു കൊടുക്കാനോ നടപടിയുണ്ടായില്ല. 1996ല്‍ ഭരണകൂടം തിരുത്തി. അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തുകൊടുക്കുക എന്നത്‌ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ പ്രായോഗികമല്ല. അതുകൊണ്ട്‌ അന്യാധീനപ്പെട്ട ഭൂമിക്കു പകരം ഭൂമി ലഭ്യമാക്കും. 1975ലെ നിയമം ഭേദഗതി ചെയ്‌തു. 140 അംഗ സംസ്ഥാന നിയമസഭയില്‍ കെ ആര്‍ ഗൗരിയമ്മ മാത്രം എതിര്‍ത്തു. ബാക്കിയുള്ളവര്‍ കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പിന്തുണച്ചു. നിയമ ഭേദഗതി പ്രാബല്യത്തിലായിട്ട്‌ 14 വര്‍ഷം തികയാന്‍ പോവുന്നു. എന്നിട്ടും നിയമം നടപ്പായിട്ടില്ല. ഭൂ വിതരണത്തിന്റെ ഉദ്‌്‌ഘാടനം മാത്രം പല തവണ നടന്നു.നിയമം നടപ്പാക്കണമെന്നും ജീവിക്കാന്‍ ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ സമരങ്ങള്‍ പലത്‌ നടന്നു. ഇതിന്റെ മറ്റൊരു വേദിയായിരുന്നു വയനാട്‌ ജില്ലയിലെ മുത്തങ്ങ. ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനാളുകള്‍ മുത്തങ്ങ വനത്തില്‍ കയറി താമസം തുടങ്ങി. അവരവിടെ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പണിതില്ല. വനം വെട്ടി നശിപ്പിച്ചുമില്ല. വെയിലും മഴയും കൊള്ളാതിരിക്കാന്‍ കുടിലുകള്‍ ഉണ്ടാക്കി. അതിനു വേണ്ട മുള കാട്ടില്‍ നിന്നു വെട്ടി. വെച്ചുണ്ടാക്കാന്‍ വേണ്ട വിറകും ശേഖരിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമം അനുസരിച്ചുള്ള ഭൂമി തന്നാല്‍ ഇവിടെ നിന്ന്‌ ഇറങ്ങിക്കൊള്ളാമെന്നും പറഞ്ഞു. 
അര നൂറ്റാണ്ടോളമായി കേള്‍ക്കുന്ന `തരാം തരാം' എന്ന ഉറപ്പ്‌ കേട്ട്‌ മടങ്ങിപ്പോവാനില്ലെന്നും പറഞ്ഞു. വനത്തില്‍ തമ്പടിച്ചുള്ള സമരം രണ്ടാഴ്‌ച പിന്നിട്ടപ്പോഴേക്കും ആകെ കോലാഹലമായി. വനം വ്യാപകമായി നശിപ്പിക്കപ്പെടുന്നുവെന്ന്‌ ആക്ഷേപമുണ്ടായി. കയ്യേറ്റക്കാരെ ഇറക്കിവിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന്‌ ആരോപണം. മുത്തങ്ങ വനത്തിലെ ആനത്താര നശിപ്പിക്കപ്പെടുകയാണെന്നും ഭാവിയില്‍ ആനകളാകെ ബുദ്ധിമുട്ടിലാവുമെന്നും വന, വന്യജീവി സ്‌നേഹികളുടെ രോദനം വേറെ.2003 ഫെബ്രുവരി. മുത്തങ്ങയിലെ `കയ്യേറ്റം' ഒഴിപ്പിക്കാന്‍ അന്ന്‌ അധികാരത്തിലിരുന്ന എ കെ ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചു. മലബാറിലാകെയുള്ള റിസര്‍വ്‌ പോലീസുകാരെയും വനപാലകരെയും നിയോഗിച്ചു. സായുധരായ പോലീസ്‌ സംഘം ഒരൊറ്റ ദിവസം കൊണ്ട്‌ ആളുകളെ മുഴുവന്‍ തല്ലിയോടിച്ചു. അമ്പും വില്ലും കൊണ്ട്‌ എതിര്‍ത്തു നോക്കി. അതില്‍ പരുക്കേറ്റ ഒരു പോലീസുകാരന്‍ മരിക്കുക കൂടി ചെയ്‌തതോടെ പോലീസുകാര്‍ക്കു പക കലര്‍ന്ന വീര്യമായി. കയ്യില്‍ കിട്ടിയവരെ മുഴുവന്‍ തല്ലിച്ചതച്ചു. എല്ലാം ഭദ്രം. വനഭൂമി വനപാലകരുടെ കസ്റ്റഡിയിലായി. ആനത്താര സുരക്ഷിതമായി. സര്‍ക്കാറിന്റെ ഭൂമി `കയ്യേറ്റക്കാരു'ടെ പക്കല്‍ നിന്നു തിരിച്ചെടുത്തതിന്റെ സംതൃപ്‌തി സര്‍ക്കാറിന്‌. പോലീസുകാരെ ആക്രമിച്ചതിനും സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനും കുറച്ചധികം പേര്‍ക്കെതിരെ കേസുമെടുത്തു.മുത്തങ്ങയിലെ കയ്യേറ്റം ഒഴിപ്പിക്കുക എന്നതില്‍ മുന്‍ പിന്‍ നോക്കിയില്ല സര്‍ക്കാര്‍- കാരണം `കയ്യേറി'യത്‌ ആദിവാസികളാണ്‌. ഒഴിപ്പിക്കാന്‍ വന്നാല്‍ കൈ വെട്ടുമെന്നു ഭീഷണി മുഴക്കാന്‍ ആരുമുണ്ടായിരുന്നില്ല. സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു സര്‍ക്കാറിനെ വെല്ലുവിളിക്കാന്‍ ആരും തയ്യാറായില്ല. ദീനാനുകമ്പയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന അതിരൂപതാ ബിഷപ്പുമാരാരും പ്രസ്‌താവനകള്‍ പുറപ്പെടുവിച്ചില്ല- കാരണം `കയ്യേറി'യത്‌ ആദിവാസികളാണ്‌. അധികാരത്തെ നിശ്ചയിക്കുന്ന വോട്ടിന്റെയും സമ്പത്തിന്റെയും രാഷ്‌ട്രീയത്തില്‍ ഒരു സ്വാധീനവുമില്ലാത്തവരാണ്‌.ഇതേ കാലത്തൊക്കെ ഇടുക്കിയും മൂന്നാറും നിലനിന്നിരുന്നു. അവിടെ ടാറ്റ നടത്തിയ കയ്യേറ്റത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാമായിരുന്നു. പലേടത്തും ഭൂമി കയ്യേറി റിസോര്‍ട്ടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതും അറിയാമായിരുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റ്‌, കോണ്‍ഗ്രസ്‌ നേതൃത്വത്തിലുണ്ടായ സര്‍ക്കാറുകളൊന്നും ചെയ്‌തില്ല. കയ്യേറ്റം നടക്കുന്നുവെന്ന വിവരം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനോ അതിനെതിരെ സമരം ചെയ്യാനോ പ്രദേശത്തെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ സന്നദ്ധമായില്ല. മുത്തങ്ങയിലെ ആനത്താര നഷ്‌ടമാവുന്നതില്‍ വേദനിച്ചവരും ഒന്നും പറഞ്ഞില്ല. പൂഞ്ഞാര്‍ രാജാവില്‍ നിന്നു ജോണ്‍ ഡാനിയല്‍ മണ്‍റോ പാട്ടത്തിനെടുത്ത 1,36,600 ഏക്കര്‍ ഭൂമിയാണ്‌ മൂന്നാറിലെ ഇന്നത്തെ തര്‍ക്കങ്ങളുടെ മുഴുവന്‍ അടിസ്ഥാനം. ഈ പാട്ടക്കരാറാണ്‌ പിന്നീട്‌ ടാറ്റ - ഫിന്‍ലേ കമ്പനി ഏറ്റെടുത്തത്‌. അത്‌ പിന്നീട്‌ ടാറ്റ ടീയുടെതായി മാറുകയും ചെയ്‌തു.
മൂന്നാറിലെ കണ്ണന്‍ ദേവന്‍ കുന്നുകള്‍ അളന്നു തിരിക്കാന്‍ ജനാധിപത്യ ഭരണകൂടം പിന്നീട്‌ തിരുമാനിച്ചു. അതിന്റെ ഫലമാണ്‌ 1971ലെ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ റിഡംപ്‌ഷന്‍ ഓഫ്‌ ലാന്‍ഡ്‌ നിയമം. തോട്ടം, വനഭൂമി, അല്ലാത്ത ഭൂമി എന്നിങ്ങനെ കണ്ണന്‍ ദേവന്‍ കുന്നുകളെ അളന്നു തിരിക്കുക എന്നതായിരുന്നു ലക്ഷ്യം.
തോട്ടം സ്ഥാപിക്കാന്‍ പാട്ടത്തിനു നല്‍കിയതില്‍ തോട്ടമായി രൂപാന്തരപ്പെടാത്ത 70,000 ഏക്കര്‍ ഭൂമി ടാറ്റയുടെ പക്കലുണ്ടെന്നു കണ്ടെത്തി. ഇത്‌ തിരിച്ചെടുത്തു വനമായുള്ളത്‌ സംരക്ഷിക്കാന്‍ നിര്‍ദേശവും നല്‍കി. ഇത്‌ പക്ഷേ, നാല്‍പ്പതാമത്തെ വര്‍ഷമെത്തുമ്പോഴും നടപ്പായിട്ടില്ല. ആദിവാസികള്‍ക്ക്‌ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനും പിന്നീട്‌ പകരം ഭൂമി നല്‍കാനും പാസ്സാക്കിയ നിയമങ്ങളെപ്പോലെ തന്നെയായി ഈ നിയമവും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ആദിവാസികള്‍ക്കു ഭൂമി നല്‍കാനുള്ള നിയമമാണ്‌ നടപ്പാവാതിരുന്നതെങ്കില്‍ ഇവിടെ സമ്പത്തും സ്വാധീനവുമുള്ള ടാറ്റയുടെ പക്കല്‍ നിന്നു ഭൂമി തിരിച്ചെടുക്കുക എന്ന നിയമമാണ്‌ നടപ്പാവാതിരുന്നത്‌ എന്ന വ്യത്യാസം മാത്രം. 

ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച എഴുപതിനായിരത്തില്‍പ്പരം ഏക്കര്‍ സ്ഥലം ടാറ്റ സ്വന്തമായി അനുഭവിച്ചു. അതില്‍ ചില ഭാഗങ്ങള്‍ കൈമാറ്റം ചെയ്‌തു. മറ്റുചില സ്ഥലങ്ങള്‍ വിറകിനു വേണ്ട മരം വളര്‍ത്താന്‍ ഉപയോഗിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു പൊതു ജനങ്ങള്‍ക്കും സര്‍ക്കാറിനും വാടകക്കു നല്‍കി പണം പിരിച്ചു. ഇടക്കാലത്ത്‌ രണ്ട്‌ നിയമസഭാ സമിതികള്‍ ഈ ക്രമക്കേട്‌ ചൂണ്ടിക്കാട്ടി. ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരികെപ്പിടിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തു. ഈ ശിപാര്‍ശകള്‍ക്കും ഒന്നൊന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്‌. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ ഒരനക്കവുമുണ്ടായില്ല.ടാറ്റയുടെ നടപടികള്‍ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിക്കപ്പെട്ട നിരവധി ഹരജികള്‍ വിവിധ കോടതികളില്‍ തീര്‍പ്പ്‌ കാത്തു കിടന്നത്‌ നടപടികള്‍ സ്വീകരിക്കുന്നതിനു തടസ്സമായി ചൂണ്ടിക്കാട്ടി സര്‍ക്കാറുകള്‍ രക്ഷപ്പെട്ടു. വിനോദ സഞ്ചാര മേഖലയില്‍ മൂന്നാറിനുള്ള പ്രാധാന്യം മുതലെടുക്കാന്‍ പണവും സ്വാധീനവുമുള്ളവര്‍ ഇക്കാലത്തിനിടെ രംഗത്തുവന്നു. അവര്‍ ടാറ്റയില്‍ നിന്നു ഭൂമി വാങ്ങി റിസോര്‍ട്ടുകള്‍ പണിതു. സര്‍ക്കാറില്‍ നിന്നു പാട്ടത്തിനെടുത്ത ഭൂമി ടാറ്റ കൈമാറ്റം ചെയ്യുന്നുവോ എന്നൊന്നും ചോദിക്കരുത്‌. എല്ലാം അവര്‍ തീരുമാനിക്കുന്നതുപോലെ നടന്നു. ടാറ്റയുടെ മാതൃക പിന്തുടര്‍ന്നു മൂന്നാറിന്റെ പരിസര പ്രദേശങ്ങളില്‍ മറ്റു കയ്യേറ്റങ്ങളും വ്യാപകമായി നടന്നു. ഒന്നിനും തടസ്സങ്ങളുണ്ടായില്ല. രവീന്ദ്രന്‍ മുതല്‍ ശിവകാശി വരെ നീളുന്ന പേരുകളില്‍ പട്ടയം സുലഭമായിരുന്നു. അതെല്ലാം സ്വീകരിച്ച്‌ ഉദ്യോഗസ്ഥര്‍ ക്രയവിക്രയങ്ങള്‍ നടത്തിക്കൊടുത്തു. 
കയ്യേറ്റം ജനാധിപത്യ, മതേതര സമ്പ്രദായത്തിലായിരുന്നു. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും അതില്‍ പങ്കാളികളായി. പാര്‍ട്ടി നേതാക്കളോ അവരുടെ ബന്ധുക്കളോ കയ്യേറ്റക്കാരായി. ജാതി, മത വ്യത്യാസവുമുണ്ടായില്ല. കയ്യേറ്റക്കാരുടെ ഈ കമ്മ്യൂണ്‍ പൂര്‍വാധികം ശക്തമാണ്‌. മുത്തങ്ങയില്‍ കയറിയ ആദിവാസികളെപ്പോലെയല്ല, ഇവര്‍. ടാറ്റയുടെ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും തണലുണ്ട്‌ ഇവര്‍ക്ക്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംരക്ഷണവുമുണ്ട്‌. ഇവരുടെ പ്രതിനിധികള്‍ ഇപ്പോഴത്തെ ഭരണത്തിലുണ്ട്‌. അടുത്തുവരുന്ന ഭരണത്തിലും അതുണ്ടാവും. അതുകൊണ്ടുതന്നെ കയ്യേറ്റമൊഴിപ്പിക്കല്‍ എന്ന വാഗ്‌ദാനം ഇനിയുള്ള പതിറ്റാണ്ടുകളിലും തുടരുക തന്നെ ചെയ്യും.ഇത്‌ മൂന്നാറിലെ മാത്രം കഥയല്ല. കയ്യൂക്കും സമ്പത്തും സ്വാധീനവുമുള്ളവര്‍ എല്ലായിടത്തും ഭൂമി കയ്യേറിയിട്ടുണ്ട്‌. അവിടെയൊന്നും ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. ചെങ്ങറയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ വ്യാപകമായി ഭൂമി കയ്യേറിയെന്ന ആരോപണം അവിടെ സമരം ചെയ്‌ത സാധുജന സംയുക്ത സമര വേദി ഉന്നയിച്ചിരുന്നു. സമരം തീര്‍പ്പാക്കിയ സര്‍ക്കാര്‍ പക്ഷേ, ഹാരിസന്റെ തോട്ടം അളക്കാന്‍ തയ്യാറായില്ല. സമരക്കാരെ സമാധാനപരമായി ഒഴിപ്പിച്ച്‌ തോട്ടം ഹാരിസനു കൈമാറണമെന്നു വിധിച്ച കോടതിയും ഭൂമി അളന്നു തിട്ടപ്പെടുത്തി അനധികൃതമായി കയ്യേറിയ ഭൂമിയുണ്ടെങ്കില്‍ സര്‍ക്കാറിന്റെ അധീനതയിലാക്കണമെന്നു നിര്‍ദേശിച്ചില്ല. ആകയാല്‍ കയ്യേറാന്‍ സാധിച്ച ആദിവാസികളല്ലാത്തവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ക്കു ഭൂമിയില്‍ സമൃദ്ധിയും സമാധാനവും.നടന്നത്‌, നടക്കാന്‍ ഇടയുള്ളത്‌ടാറ്റ അനധികൃതമായി അണക്കെട്ട്‌ നിര്‍മിച്ചതായി ആദ്യം ഇടുക്കി ജില്ലാ കലക്‌ടര്‍ കണ്ടെത്തി. ഇത്‌ പിന്നീട്‌ മാധ്യമങ്ങള്‍ പുറം ലോകത്തെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം, മന്ത്രിസഭാ ഉപസമിതി, എല്‍ ഡി എഫ്‌ സമിതി, ബി ജെ പി സമിതി എന്നിവ അണക്കെട്ട്‌ സന്ദര്‍ശിച്ച്‌ അനധികൃതമാണെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. അണക്കെട്ട്‌ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെടാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു. ഈ തീരുമാനം എല്‍ ഡി എഫ്‌ യോഗം അംഗീകരിച്ചു. അണക്കെട്ട്‌ പൊളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇനി ഈ തീരുമാനം ചോദ്യം ചെയ്‌തു ടാറ്റ കോടതിയെ സമീപിക്കും. പൂഞ്ഞാര്‍ രാജവംശത്തിന്റെ കാലം മുതലുള്ള രേഖകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യും. ടാറ്റക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകര്‍ ചില്ലറക്കാരാവില്ലല്ലോ. ടാറ്റ കോടതിയില്‍ പോവുമെന്നും കോടതി അറിഞ്ഞു പെരുമാറുമെന്നും സംസ്ഥാന സര്‍ക്കാറിന്‌ ഉറപ്പുണ്ട്‌. അതുകൊണ്ടാണ്‌ ആദ്യം തന്നെ ഡാം പൊളിക്കാമെന്ന്‌ തീരുമാനിച്ചത്‌. അതോടെ കയ്യേറ്റ ഭൂതം വീണ്ടും കുപ്പിയിലാവും. 
ഇതുണ്ടായില്ലെങ്കില്‍ (എം എം, എ കെ) മണിമാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭമുയരും. ലയങ്ങളിലെ തൊഴിലാളികള്‍ക്കും മൂന്നാര്‍ ടൗണിലെ സാധാരണക്കാര്‍ക്കും കുടിവെള്ളമെത്തിക്കാന്‍ സഹായിക്കുന്ന അണക്കെട്ട്‌ തകര്‍ക്കുന്നത്‌ ക്രൂരതയാണെന്ന്‌ അതിരൂപതാ ബിഷപ്പുമാര്‍ ഉദ്‌ബോധിപ്പിക്കും. അവിടെയും തീരുന്നില്ലെങ്കില്‍ ഒരു ഏറ്റുമുട്ടല്‍ സൃഷ്‌ടിക്കപ്പെട്ടേക്കാം. ഡാം തകര്‍ക്കാനെത്തിയവരെ ജനം തടഞ്ഞു. പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍. അതോടെ ഡാം പൊളിക്കലും കയ്യേറ്റമൊഴിപ്പിക്കലും എല്ലാം തത്‌കാലത്തേക്കു ശാന്തമാവും. ആദ്യത്തെ മൂന്നാറൊഴിപ്പിക്കലിനു ശേഷമുണ്ടായതുപോലെ പുതിയൊരു ദൗത്യസംഘത്തെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. പിന്നെ അടുത്തൊരു മൂന്നാര്‍ തീര്‍ഥാടനകാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്‌. മുത്തങ്ങയില്‍ നിന്ന്‌ അടിച്ചോടിക്കപ്പെട്ടവരും അവരുടെ സഹഗോത്രക്കാരും തുടരുന്നതുപോലെ.