2011-05-19

തുടങ്ങാം പൂജപ്പുരയില്‍ നിന്ന്‌



ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ യു ഡി എഫ്‌ മന്ത്രിസഭക്ക്‌ മധുവിധു കാലമുണ്ടാകില്ലെന്ന സൂചന വി എസ്‌ അച്യുതാനന്ദന്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. കളങ്കിതരെന്ന്‌ ആരോപണമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ചായിരുന്നു മുന്നറിയിപ്പ്‌. ഇത്‌ കണക്കിലെടുക്കേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കില്ല, കാരണം മന്ത്രിമാരാകുന്നത്‌ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌. അവരെ മന്ത്രിസ്ഥാനത്തേക്ക്‌ നിര്‍ദേശിക്കുന്നത്‌ അതാത്‌ പാര്‍ട്ടികളുമാണ്‌. അതുകൊണ്ട്‌ തന്നെ വി എസ്സിന്റെ മുന്നറിയിപ്പിന്‌ രാഷ്‌ട്രീയത്തിനപ്പുറത്തുള്ള പ്രസക്തി തത്‌കാലമില്ല. പില്‍ക്കാലത്ത്‌ ഇത്‌ പ്രസക്തമാകുമോ ഇല്ലയോ എന്നത്‌ വരും കാലത്ത്‌ വി എസ്‌ സ്വീകരിക്കാനിടയുള്ള നിലപാടുകളെത്തന്നെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. ഈ മുന്നറിയിപ്പിനേക്കാളും അരോചകമായി ഒരുപക്ഷേ, ഉമ്മന്‍ ചാണ്ടിക്ക്‌ ഇപ്പോള്‍ അനുഭവപ്പെടുന്നത്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള പ്രലപനങ്ങളാണ്‌. ആത്മകഥാകഥനത്തിന്റെ രൂപത്തിലും അല്ലാതെയും ഉയരുന്ന പ്രലപനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല, പൊതു പ്രവര്‍ത്തനത്തെ കുറച്ചൊക്കെ ഗൗരവത്തോടെ കാണുന്ന എല്ലാവരെയും അലോസരപ്പെടുത്തുമെന്ന്‌ ഉറപ്പ്‌. 

നൂറിലേറെ സീറ്റ്‌ നേടി യു ഡി എഫ്‌ അധികാരത്തിലെത്തും. കൊട്ടാരക്കരയില്‍ നിന്ന്‌ താന്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും. തുടര്‍ന്ന്‌ രൂപവത്‌കരിക്കുന്ന മന്ത്രിസഭയില്‍ പ്രമുഖമായ വകുപ്പുകളിലൊന്നിന്റെ ചുതലയില്‍ ഇരിക്കും. എന്നൊക്കെ കിനാക്കണ്ടിരുന്ന പ്രമാണിക്ക്‌ അപ്രതീക്ഷിതമായുണ്ടായ സുപ്രീം കോടതി വിധി പൂജപ്പുര ജയിലിലേക്കുള്ള വാതില്‍ തുറന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ വിലാപം. നേരിയ ഭൂരിപക്ഷത്തിന്‌ യു ഡി എഫ്‌ അധികാരത്തിലെത്തിയതോടെ വിലാപം ഉച്ചസ്ഥായിലായി. നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യത്തില്‍ താന്‍ നിയമസഭയിലുണ്ടായിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്ന പ്രാമുഖ്യത്തെക്കുറിച്ച്‌ ഓര്‍ത്തുപോകുന്നുണ്ടാകും ബാലകൃഷ്‌ണ പിള്ള. അതിന്റെ കടക്കല്‍ കത്തിവെച്ചവരോടുള്ള രോഷം അതിരുകള്‍ ഭേദിക്കുക സ്വാഭാവികമാണ്‌. എങ്കിലും രാജ്യത്തെ പരമോന്നത കോടതി വിധിച്ച ശിക്ഷ അനുഭവിക്കുക എന്നത്‌ നിയമപരമായ ബാധ്യതയാണെന്നെങ്കിലും ഓര്‍ത്ത്‌ സമചിത്തത പാലിക്കുക എന്നതായിരുന്നു ഈ പ്രായത്തില്‍ പിള്ളക്ക്‌ ഉചിതം.

ഇടമലയാര്‍ അഴിമതിക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെക്കുക എന്നത്‌ മാത്രമല്ല സുപ്രീം കോടതി ചെയ്‌തത്‌. മറിച്ച്‌ ഗൗരവമേറിയ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയായില്ലെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി വിധിച്ച അഞ്ച്‌ വര്‍ഷത്തെ കഠന തടവ്‌ തീര്‍ത്തും ഉചിതമാണെന്ന്‌ പറഞ്ഞ കോടതി പിള്ളയുടെ പ്രായവും കേസിന്റെ പഴക്കവും കണക്കിലെടുത്ത്‌ ശിക്ഷ ഒരു വര്‍ഷമായി ഇളവ്‌ ചെയ്യുകയാണെന്ന്‌ വ്യക്തമാക്കുകയായിരുന്നു. ചെയ്‌ത കുറ്റത്തിന്‌ അര്‍ഹമായ ശിക്ഷയല്ല നല്‍കുന്നത്‌ എന്ന്‌ ഓര്‍മിപ്പിക്കുകയായിരുന്നു സുപ്രീം കോടതി. മുന്നില്‍ വന്ന തെളിവുകള്‍ വിലയിരുത്തി കുറ്റക്കാരനാണെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയെങ്കിലും താന്‍ നിരപരാധിയാണെന്ന്‌ വാദിക്കാനുള്ള അവകാശം പിള്ളക്കുണ്ടെന്നത്‌ അംഗീകരിക്കാം. പക്ഷേ, ശിക്ഷയെ രാഷ്‌ട്രീയമായി വീക്ഷിക്കുകയും തടവുകാരനെന്ന നിലക്ക്‌ അര്‍ഹതക്കപ്പുറത്തുള്ള കാര്യങ്ങള്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ നിയമവാഴ്‌ചയെ വെല്ലുവിളിക്കുകയാണ്‌ അദ്ദേഹം.

കോടതിവിധിക്ക്‌ പൂര്‍ണമായും കീഴ്‌വഴങ്ങി ശിക്ഷ അനുഭവിച്ചു തീര്‍ക്കാന്‍ തയ്യാറാകുകയാണെങ്കില്‍ ഒരു വര്‍ഷത്തെ ശിക്ഷ എന്നത്‌ ഒമ്പത്‌ മാസമായി ഇളവ്‌ ചെയ്യപ്പെടുമായിരുന്നു. അതിന്‌ വേണ്ടിയല്ല അദ്ദേഹം കാത്തിരിക്കുന്നത്‌ എന്നത്‌ ഇതിനകം വ്യക്തമായിരിക്കുന്നു. യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ തന്റെ ശിക്ഷ അടിന്തരമായി ഇളവ്‌ ചെയ്‌തുകൊണ്ട്‌ ഗവര്‍ണര്‍ക്ക്‌ ശിപാര്‍ശ നല്‍കാനാണ്‌ അദ്ദേഹം ആഗ്രഹിക്കുന്നത്‌. അത്‌ നടക്കുമെന്ന്‌ തന്നെ പ്രതീക്ഷിക്കണം. പിള്ളയുടെ പ്രായം, ആരോഗ്യ സ്ഥിതി, ഭാര്യയുടെ രോഗാവസ്ഥ എന്ന്‌ തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്താന്‍ യു ഡി എഫ്‌ സര്‍ക്കാറിന്‌ ബുദ്ധിമുട്ടുണ്ടാകില്ല. സി പി എം മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ തയ്യാറെടുത്ത്‌ എത്തിയ ശേഷം തന്റെ ഭാര്യയുടെ മോശം ആരോഗ്യനില ചൂണ്ടിക്കാട്ടി മന്ത്രി നേരിട്ട്‌ അഭ്യര്‍ഥിച്ചപ്പോള്‍ ആരോപണം ഉന്നയിക്കേണ്ട എന്ന്‌ തീരുമാനിച്ച വിശാല മനസ്സുള്ളവരാണ്‌ യു ഡി എഫിലെ നേതാക്കള്‍. പക്ഷേ, അത്തരമൊരു അവസ്ഥയാകില്ല പിള്ളയുടെ ശിക്ഷ ഇളവ്‌ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകുക. അതിന്‌ ഒരു പരിധിവരെ കാരണക്കാരന്‍ പിള്ള തന്നെയാണ്‌.

പൂജപ്പുര ജയിലില്‍ അടക്കപ്പെട്ട ശേഷം ആദ്യമായി പരോളിലിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ ജയിലിലും തന്നെ ദ്രോഹിക്കുകയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു പിള്ള. ജയിലില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്‌ വേണ്ടിയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായൊന്നുമല്ല ബാലകൃഷ്‌ണ പിള്ള ജയിലിലെത്തിയത്‌. മറിച്ച്‌ പൊതു ഖജനാവ്‌ കൊള്ളയടിക്കുകയോ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്‌തതിനാണ്‌. ഈ കേസില്‍ ശിക്ഷിക്കപ്പെടുന്ന ഒരാള്‍ക്ക്‌ എന്ത്‌ അധിക സൗകര്യമാണ്‌ ജയിലില്‍ ഒരുക്കേണ്ടിയിരുന്നത്‌? തനിക്ക്‌ സൗകര്യമൊരുക്കിയില്ലെന്ന്‌ പരാതിപ്പെടുമ്പോള്‍ സ്വയം അപഹാസിതനാകുകയാണെന്ന്‌ തിരിച്ചറിയാനുള്ള വിവേകമെങ്കിലും അര നൂറ്റാണ്ട്‌ നീണ്ട രാഷ്‌ട്രീയ ജീവിതം പിള്ളക്ക്‌ സമ്മാനിക്കേണ്ടതായിരുന്നു.

ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍ ആത്മകഥയിലൂടെ ഒളിയമ്പെയ്യുമ്പോഴും നഷ്‌ടപ്പെടുന്നത്‌ പിള്ളയുടെ മാത്രം പ്രതിച്ഛായയാണ്‌. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറുകളേക്കാളും തന്നെ ദ്രോഹിച്ചത്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു ഡി എഫ്‌ സര്‍ക്കാറാണെന്ന്‌ പറയുമ്പോള്‍ പുതിയ സര്‍ക്കാറില്‍ സമ്മര്‍ദമേറ്റാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. അതിന്‌ വഴങ്ങാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാറും തയ്യാറാകുമോ എന്നതാണ്‌ പ്രധാന ചോദ്യം. വഴങ്ങുമെന്ന്‌ തന്നെ കരുതണം. അതിന്‌ കുറച്ച്‌ കാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന്‌ മാത്രം. അത്രയും കാലം പരോള്‍ നല്‍കാമെന്ന്‌ പറയുമ്പോള്‍ ഉപാധികളോടെയുള്ള പരോള്‍ വേണ്ടെന്നാണ്‌ പിള്ളയുടെ നിലപാട്‌. മാധ്യമങ്ങളോട്‌ സംസാരിക്കാനും പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെയുള്ള പരോളാണ്‌ പിള്ളക്ക്‌ ആവശ്യം, അത്‌ ലഭിച്ചാല്‍ സമ്മര്‍ദ തന്ത്രം കുറേക്കൂടി ഫലപ്രദമായി പ്രയോഗിക്കാന്‍ സാധിക്കുമെന്ന്‌ പിള്ള കരുതുന്നുണ്ടാകണം. ഇതെല്ലാം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്‌. അത്‌ അംഗീകരിച്ചുകൊടുക്കുക എന്നതിന്‌ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കപ്പെടുക എന്നാണ്‌ അര്‍ഥം. 


അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കാനാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നത്‌ എങ്കില്‍ നിലനില്‍ക്കുന്ന മറ്റ്‌ ആരോപണങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കാനിടയുള്ള നിലപാടുകള്‍ സംബന്ധിച്ച ചില സൂചനകള്‍ അതില്‍ നിന്ന്‌ ലഭിക്കും. കുരിയാര്‍ കുറ്റി, കാരപ്പാറ പദ്ധതിയില്‍ ടി എം ജേക്കബിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പരിഗണിക്കുക പോലും ചെയ്യാതെ കേസ്‌ തള്ളിക്കളഞ്ഞ കീഴ്‌ക്കോടതി നടപടി ചോദ്യം ചെയ്‌ത്‌ സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്‌. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്‌ നിര്‍ണായകമാണ്‌. ഐസ്‌ ക്രീം കേസില്‍ ആരംഭിച്ച പുനരന്വേഷണത്തിന്റെ ഗതിയും യു ഡി എഫ്‌ സര്‍ക്കാറിന്റെ നിലപാടിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌. യു ഡി എഫ്‌ അധികാരത്തില്‍ വന്നാലും അന്വേഷണം തുടരുമെന്നാണ്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നത്‌. ഈ വാക്കുകള്‍ക്ക്‌ അര്‍ഥമുണ്ടാകുമോ എന്നതിനുള്ള മറുപടിയും പിള്ളയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടില്‍ നിന്ന്‌ അറിയാനാകും.

ചുരുക്കത്തില്‍ പ്രതിപക്ഷ സ്ഥാനമേല്‍ക്കുമെന്ന്‌ കരുതപ്പെടുന്ന വി എസ്‌ അച്യുതാനന്ദനേക്കാള്‍ വലിയ വെല്ലുവിളി ഉമ്മന്‍ ചാണ്ടി നേരിടേണ്ടിവരിക കൂടെ ഇരിക്കുന്നവരില്‍ നിന്നും കൂടെ ഇരുന്നിരുന്നവരില്‍ നിന്നുമായിരിക്കും. സര്‍ക്കാറിന്റെ വിശ്വാസ്യത അതിന്റെ ആദ്യനാളുകളില്‍ തന്നെ തുലാസ്സിലുണ്ടാകുമെന്ന്‌ അര്‍ഥം. അതിന്റെ കേളികൊട്ടാണ്‌ ഇപ്പോള്‍ പൂജപ്പുരയില്‍ നിന്നുയരുന്ന അരോചകമായ പ്രലപനങ്ങള്‍.
ഇനി പിള്ളയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച കാട്ടേണ്ടതില്ല എന്ന്‌ തീരുമാനിച്ചുവെന്ന്‌ കരുതുക. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന പിള്ള എന്തൊക്കെയാകും മനസ്സില്‍ കരുതിയിട്ടുണ്ടാകുക! പത്തനാപുരത്തു നിന്ന്‌ മകന്‍ ഗണേഷ്‌ കുമാറിനെ രാജിവെപ്പിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാം. കൊട്ടാരക്കരയില്‍ മത്സരിച്ച ഡോ. മുരളി വിജയിച്ചിരുന്നുവെങ്കില്‍ രാജി വെപ്പിച്ച്‌ പിള്ള മത്സരിക്കുമായിരുന്നുവെന്നത്‌ ഉറപ്പാണ്‌. പത്തനാപുരത്ത്‌ നിന്ന്‌ തന്നെ രാജി വെപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗണേഷ്‌ കുമാര്‍ എതിര്‍ത്തേക്കാമെന്നതിനാല്‍ അല്‍പ്പം അറയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന്‌ മാത്രം. എങ്കിലും അതിന്‌ ശ്രമിച്ചുകൂടായ്‌കയില്ല. 



ജയിലില്‍ കിടന്നുകൊണ്ട്‌ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ പിള്ളക്ക്‌ സാധിക്കുമെന്ന നിയമോപദേശം നേരത്തെ ലഭിച്ചിരുന്നു. മത്സരിക്കുന്നതില്‍ നിന്ന്‌ പിള്ളയെ മാറ്റിനിര്‍ത്താന്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന്‌ വ്യക്തമല്ല. ആ വാഗ്‌ദാനം പാലിക്കപ്പെടുന്നില്ലെങ്കില്‍ പിള്ള പലതും തുറന്നു പറയാന്‍ തയ്യാറാകും. അത്‌ യു ഡി എഫിനും വിശിഷ്യ ഉമ്മന്‍ ചാണ്ടിക്കും തലവേദന സൃഷ്‌ടിക്കും. അതൊഴിവാക്കാന്‍ വലിയ സാഹസങ്ങള്‍ക്ക്‌ യു ഡി എഫ്‌ നേതാക്കള്‍ തയ്യാറായിക്കൂടെന്നില്ല.
അഞ്ച്‌ വര്‍ഷം അധികാരത്തിലുണ്ടാകുമെന്ന്‌ കരുതപ്പെടുന്ന യു ഡി എഫ്‌ സര്‍ക്കാറിന്‌ കടക്കാനുള്ള ആദ്യത്തെ ദുര്‍ഘടമായ പാലമാകുകയാണ്‌ ആര്‍ ബാലകൃഷ്‌ണ പിള്ളയെന്ന, മുന്നണിയുടെ സ്ഥാപക നേതാവ്‌. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്‌ തൊട്ടുപിറ്റേന്ന്‌ ഇത്തരം ആശങ്കകള്‍ പങ്ക്‌ വെക്കുന്നതിലെ ഔചിത്യം സംശയിക്കുന്നവരുണ്ടാകാം. മുന്നണി ഏതായാലും ജനങ്ങള്‍ക്ക്‌ ഗുണകരമാകുന്ന ഭരണം വേണമെന്ന ആഗ്രഹം എല്ലാവരിലുമുണ്ട്‌. അതിനെ പ്രതിഫലിപ്പിക്കാത്തതിലെ ഔചിത്യമില്ലായ്‌മക്ക്‌ വരും നാളുകള്‍ മറുപടി നല്‍കും.

2 comments:

  1. ബാലകൃഷ്ണപിള്ളയുടെ സ്ഥാനത്ത് ഏതെങ്കിലും ദലിത് -പിന്നാക്ക സമുദായ നേതാവായിരുന്നെങ്കില്‍ എന്നോര്‍ത്തു നോക്കുക. എന്തായിരിക്കും മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും സമീപനം? യാതൊരു കുറ്റവും ചെയ്യാതെ , ഒരു പരോള്‍ പോലും ലഭിക്കാതെ പത്തുവര്‍ഷം ജയിലില്‍ ജീവിതം ഹോമിച്ച അബ്ദുന്നാസിര്‍ മഅ്ദനിയോട് സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സമീപനം എന്തായിരുന്നു? ഇപ്പോളും അതേ നാടകം ആ മനുഷ്യനോട് ആടിയിട്ടും ആര്‍ക്കെങ്കിലും പ്രയാസമുണ്ടോ?
    പിള്ളയുടെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിന് ഉളുപ്പില്ലാത്തതാണ് അദ്ഭുതം!

    ReplyDelete
  2. ഈ മന്ത്രിസഭ അധികാരമേറ്റുകഴിഞ്ഞ് ആദ്യത്തെ 100 ദിവസപരിപാടിയിൽ ആദ്യംപറഞ്ഞത് ഇതു അഴിമതിരഹിത സർക്കാർ ആയിരിക്കും എന്നാണ്. അഴിമതി പട്ടികയിൽ ഇടംനേടിയവരാണ് ഈ മന്ത്രിസഭയിൽ അധികവും .മാത്രവുമല്ല അഴിമതി ആരോപണമുള്ള ഉദ്യോഗസ്ഥരും ഈ മന്ത്രിസഭയുടെ വകുപ്പ് തലപ്പത്തുണ്ട് എന്നതു ശ്രദ്ധേയം.അപ്പോൾ അഴിമതിരഹിത ഭരണം നടത്താൻ ഉമ്മാൻ ചാണ്ടിക്ക് ഒരുപാട് അദ്ധ്വാനിക്കണ്ടിവരും ..നടക്കാത്ത ഓരൊസ്വപ്നങ്ങൾ..

    ReplyDelete