2011-11-24

ചോരയുടെ ഉത്തരവാദികള്‍
''നമ്മുടെ ഈ റിപ്പബ്ലിക്കില്‍ ഇങ്ങനെ നിയമവിരുദ്ധമായ രീതിയില്‍ പെരുമാറാന്‍  ഭരണകൂടത്തെ അനുവദിച്ചുകൂടാ. നമ്മുടെ കുട്ടികളെ കൊലപ്പെടുത്താന്‍ അനുവദിക്കാനാകില്ല. ഈ പരാതിക്ക് തൃപ്തികരമായ എന്തെങ്കിലും മറുപടി ഭരണകൂടത്തിന് ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നല്ലതും വിശ്വസനീയവുമായ മറുപടി സര്‍ക്കാറിനുണ്ടാകുമെന്ന് ആഗ്രഹിക്കുന്നു. നിരവധി ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും'' - ഇന്ത്യയിലെ പരമോന്നത നീതിപിഠത്തില്‍ അംഗങ്ങളായ ജസ്റ്റിസുമാര്‍ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരുടെ  വാക്കുകളാണിവ. സി പി ഐ (മാവോയിസ്റ്റ്) നേതാവായിരുന്ന ചേറുകുരി രാജ്കുമാറിനെയും (ആസാദ്) മാധ്യമ പ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെയെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ആന്ധ്രാ പ്രദേശ് പോലീസിന്റെ അവകാശ വാദം ചോദ്യം ചെയ്തും ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, ഏതാനും മാസം മുമ്പാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭരണകൂടത്തിന്റെ കൈകളില്‍ അവരുടെ കുട്ടികളുടെ ചോര പുരണ്ടിട്ടില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ന്യായാധിപന്‍മാര്‍ നിരീക്ഷിച്ചിരുന്നു.


രാജ്യത്ത് നിലനില്‍ക്കുന്ന ഭരണ സംവിധാനത്തിനെതിരെ സായുധമായി സമരം നടത്തുന്ന സംഘടനയില്‍ അംഗമായിരുന്നു ആസാദ്. ഭരണകൂടത്തിന്റെ വക്താക്കള്‍ തീവ്രവാദമെന്നും ഭീകരവാദമെന്നും തരാതരം പോലെ വിശേഷിപ്പിക്കുന്ന പ്രവര്‍ത്തനം. അത്തരമൊരാളും അയാളുടെ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് - മഹാരാഷ്ട്ര അതിര്‍ത്തിയിലെ ആദിലാബാദ് വനമേഖലയില്‍ വെച്ച് ഏറ്റുമുട്ടലുണ്ടായെന്നും അതില്‍ ഇവര്‍ വധിക്കപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ അവകാശവാദം. ഇത് അന്നു മുതല്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഭരണകൂടം ആരോപിക്കുന്നതു പോലെ തീവ്രവാദിയോ ഭീകരവാദിയോ ആണെങ്കിലും അവരെ പിടികൂടി വെടിവെച്ചു കൊല്ലാന്‍ ഭരണകൂടത്തിന്റെ ആയുധമായ പോലീസിന് ആര് അധികാരം കൊടുത്തുവെന്ന ചോദ്യമാണ് പൗരാവകാശ സംഘടനകള്‍ ഉയര്‍ത്തിയത്. ഈ ചോദ്യത്തിന്റെ അര്‍ഥം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടം ഇല്ലാതാക്കുന്നതിലുള്ള അസന്തുഷ്ടി പ്രകടിപ്പിക്കുകയുമാണ് സുപ്രീം കോടതി ചെയ്തത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമാണെന്ന് ഓര്‍മിപ്പിക്കുകയും. 


നീതിന്യായ സംവിധാനം പ്രകടിപ്പിച്ച ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ വേണം സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, തുള്‍സി റാം പ്രജാപതി, ഇശ്‌റത്ത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ്, അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെക്കുറിച്ച് ചിന്തിക്കാന്‍. ഭരണകൂടത്തിന്റെ കൈകളില്‍ സ്വന്തം കുട്ടികളുടെ ചോര പുരണ്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പറഞ്ഞ നീതിന്യായ സംവിധാനത്തിന് മുന്നിലാണ് സ്വന്തം കുട്ടികളുടെ ചോരയില്‍ കുളിച്ച് ഗുജറാത്ത് ഭരണകൂടം നില്‍ക്കുന്നത്. ഈ ഭരണകൂട ശരീരത്തില്‍ നിന്ന് തെറിച്ച ചോരത്തുള്ളികള്‍ കേന്ദ്ര ഭരണകൂടത്തിന്റെ കൈകളിലുമുണ്ട്. ഇശ്‌റത്ത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരം വിശ്വസനീയമായിരുന്നുവെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമുള്ള കേന്ദ്ര ആഭ്യന്തര മുന്‍ സെക്രട്ടറി ഗോപാല്‍ കൃഷ്ണ പിള്ളയുടെ വാക്കുകള്‍ അതിന് തെളിവാണ്. 


ഇവരില്‍ ആറ് പേരെയും ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നു. സുഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ കൊലപ്പെടുത്തി ചുട്ടെരിച്ച് ചാരം പുഴയിലൊഴുക്കിയെന്നാണ് കണ്ടെത്തല്‍. ഈ കണ്ടെത്തലുകള്‍ ശരിയോ തെറ്റോ എന്ന് തെളിവുകളും സാക്ഷിമൊഴികളുമൊക്കെ പരിശോധിച്ച് കോടതി നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഈ രണ്ട് കേസുകളിലും കോടതികളുടെ ഇടപെടലുകളെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. അന്വേഷണത്തിന് കോടതികളുടെ മേല്‍നോട്ടവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതര കേസുകളുടെ അന്വേഷണത്തേക്കാള്‍ വിശ്വാസ്യത ഇതിനുണ്ടെന്ന് വിശ്വസിക്കാം. അന്വേഷണം നടത്താതിരിക്കാന്‍ ആദ്യം ശ്രമിച്ച നരേന്ദ്ര മോഡി ഭരണകൂടം കോടതി ഇടപെടലിനെത്തുടര്‍ന്ന് ആരംഭിച്ച അന്വേഷണം തടസ്സപ്പെടുത്താനോ അട്ടിമറിക്കാനോ പരമാവധി ശ്രമിച്ചിരുന്നുവെന്നതും വസ്തുതയാണ്. 


ഇശ്‌റത്ത് കേസില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ അംഗമായ സതീഷ് വര്‍മ തന്നെ അന്വേഷണം തടസ്സപ്പെടുത്താന്‍ നടന്ന ശ്രമങ്ങളെക്കുറിച്ച് കോടതിക്ക് മുമ്പാകെ പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണം തടസ്സം കൂടാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സമ്മതിച്ചില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ചുമതലപ്പെടുത്തേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. ഏത് വിധത്തിലാണ് ഭരണകൂടം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചത് എന്ന് മനസ്സിലാക്കാന്‍ ഇതിലധികം യാതൊന്നും ആവശ്യമില്ല തന്നെ. 


ഈ ആറ് പേരുടെ കാര്യത്തില്‍ സംഭവിച്ചത് തന്നെയാണ് ഏറെക്കുറെ ആസാദിന്റെയും ഹേമചന്ദ്ര പാണ്ഡെയുടെയും കാര്യത്തില്‍ സംഭവിച്ചത് എന്നാണ് ആരോപണമുള്ളത്. വെടിവെച്ചു കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെങ്കില്‍ ഈ കേസില്‍ ആരോപണവിധേയര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. എന്നിട്ടും സുപ്രീം കോടതി ഭരണകൂടത്തെ താക്കീത് ചെയ്യും വിധത്തില്‍ അഭിപ്രായപ്രകടനം നടത്തി. മര്‍ദനോപാധി എന്ന നിലയില്‍ ഭരണകൂടം ഉപയോഗിക്കുന്ന ആയുധമാണ് പോലീസ് എന്നത് കൊണ്ട് മാത്രമല്ല സുപ്രീം കോടതി ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഭരണകൂടം (ഗൂഢ) ആലോചിച്ച്, ആവിഷ്‌കരിച്ച പദ്ധതി നടപ്പാക്കപ്പെടുകയാണോ എന്ന സംശയമുള്ളതുകൊണ്ടാണ്. എതിരഭിപ്രായക്കാരെയോ സമരം ചെയ്യുന്നവരെയോ ആസൂത്രിതമായ കൊലപാതകങ്ങളിലൂടെ ഇല്ലാതാക്കുകയാണോ എന്ന് ആശങ്കയുള്ളതിനാലാണ്. ഇത് ഇന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ പ്രയോഗിച്ചാല്‍ നാളെ മറ്റാര്‍ക്കെതിരെയും പ്രയോഗിക്കപ്പെടാമെന്ന ഭയമുള്ളതിനാലാണ്. 


ഇത് ഗുജറാത്തില്‍ നിരന്തരമായി അരങ്ങേറിയെന്നാണ് രണ്ട് കേസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക. 2002നും 2006നുമിടയില്‍ ഗുജറാത്തില്‍ നടന്ന (ഏറിയ പങ്കും അഹമ്മദാബാദില്‍) ഇതര 'ഏറ്റുമുട്ടല്‍' കൊലകളുടെ കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നാല്‍ ഒരുപക്ഷേ ഭരണകൂടം രക്താഭിഷിക്തരായേക്കാം. എതിരഭിപ്രായക്കാരെയോ സമരം ചെയ്യുന്നവരെയോ അല്ല ഇവിടെ ഉന്‍മൂലനം ചെയ്തത് എന്നതാണ് ഏറെ ശ്രദ്ധേയം. ഭരണ നേതൃത്വത്തിലുള്ളവരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയിരുന്ന, വ്യവസായികളെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിലെ അംഗമായിരുന്നു സുഹ്‌റാബുദ്ദീന്‍ ശൈഖെന്നാണ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം. ഇത്തരമൊരു റാക്കറ്റിന്റെ നേതൃത്വത്തിലുള്ളവരുടെ പേര് പുറത്തുവരാതിരിക്കാന്‍ സുഹ്‌റാബുദ്ദീനെ കൊലപ്പെടുത്തി. ആ കൊലയുടെ സാക്ഷികളെ ഇല്ലാതാക്കാന്‍ കൗസര്‍ബിയെയും തുള്‍സി റാം പ്രജാപതിയെയും ഇല്ലാതാക്കി. 


നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബ ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാനെത്തി എന്ന ആരോപണമാണ് ഇശ്‌റത്തിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ ഉന്നയിച്ചത്. ഏറ്റുമുട്ടലുകളില്‍ ഇരയായ മറ്റുള്ളവരില്‍ ഭൂരിഭാഗം പേരുടെയും മേല്‍ ആരോപിക്കപ്പെട്ട കുറ്റവും ഇതു തന്നെ. കൊല്ലപ്പെട്ടവരെല്ലാം ന്യൂനപക്ഷ സമുദായാംഗങ്ങളാണെന്നത് പ്രത്യേകതയാണ്. അധോലോക സംഘാംഗമെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്നത് പോലും ന്യൂനപക്ഷ സമുദായാംഗം. 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അരങ്ങേറിയ കൂട്ടക്കുരുതികളിലും ലക്ഷ്യങ്ങളായിരുന്നത് ഇവര്‍ തന്നെയായിരുന്നു. അതിലും പോലീസ് ഉദ്യോഗസ്ഥര്‍ 'സ്തുത്യര്‍ഹ'മായ പങ്ക് വഹിച്ചുവെന്നാണ് ഐ പി എസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്നു പറയുന്നത്. വംശഹത്യ നടന്ന കാലത്ത് തുറന്ന് പറയാന്‍ തയ്യാറായിരുന്നത് ഒരാള്‍ മാത്രമയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് നാലോ അഞ്ചോ ആയിട്ടുണ്ട്. 


ആസൂത്രിതമായ വംശഹത്യയുടെ അടുത്ത ഘട്ടമായിരുന്നോ തിരഞ്ഞുപിടിച്ചുള്ള ഇത്തരം കൊലകള്‍ എന്ന ചോദ്യം പ്രസക്തമാണ്. ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ തയ്യാറാകുന്നവരുടെ വിധി ഇതായിരിക്കുമെന്ന മുന്നറിയിപ്പായി ഏറ്റുമുട്ടലുകള്‍ മാറിയിരുന്നോ? നരേന്ദ്ര മോഡിയുടെ വിശ്വസ്തരായ പോലീസ് ഉദ്യോഗസ്ഥരാണ് ഏതാണ്ടെല്ലാ ഏറ്റുമുട്ടലുകളിലും കാഞ്ചി വലിച്ചത് എന്നത് കൂടി പരിഗണിക്കുമ്പോള്‍ ഈ ചോദ്യത്തിന് കനമേറും. ആ വിശ്വസ്തരെ രക്ഷിച്ചെടുക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാകണമല്ലോ കേസന്വേഷണം തടയാനും അട്ടിമറിക്കാനും അരയും തലയും മുറുക്കി മോഡിയും കൂട്ടരും രംഗത്തിറങ്ങിയത്. രക്ഷിച്ചെടുത്തില്ലെങ്കില്‍ ഈ ഉദ്യോഗസ്ഥര്‍ പലതും തുറന്ന് പറയാന്‍ തയ്യാറായാലോ? 


മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റി വിശിഷ്ട സേവാ മെഡലുകളും ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഏറ്റുമുട്ടല്‍ കൊലകളെന്ന വാദം ഉയരുന്നുണ്ട്. കൊലകള്‍ നടന്നത് ഭരണകൂടത്തിന്റെ അറിവോടെയായിരുന്നില്ലെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിന് ഏറെക്കുറെ അരു നില്‍ക്കും വിധത്തിലാണ് കേന്ദ്ര ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഇശ്‌റത്ത് ഭീകരവാദിയല്ലെന്ന് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുന്‍ സെക്രട്ടറി ഗോപാല്‍ കൃഷ്ണ പിള്ള ഉടന്‍ വിശദീകരിക്കുന്നത്. 


ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും അത് തെറ്റായ നടപടിയാണെന്നും പിള്ള കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. കൊല്ലപ്പെട്ടവര്‍ ഭീകരവാദികള്‍ തന്നെയാണെന്ന് വാദിക്കുമ്പോള്‍ അവര്‍ ഇല്ലാതാക്കപ്പെടേണ്ടവര്‍ തന്നെയായിരുന്നുവെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്. ഏറ്റുമുട്ടല്‍ കൊലയുടെ ഗൗരവം കുറച്ചു കാണിക്കാന്‍ ശ്രമിക്കുകയും. ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ച വിവരങ്ങള്‍ വിശ്വസനീയമായിരുന്നുവെന്ന് പറയുന്ന പിള്ള നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരം ഗുജറാത്ത് പോലീസിന് കൈമാറിയിരുന്നുവെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ മോഡിയെ ആക്രമിക്കാനെത്തിയ ലശ്കര്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ക്കെല്ലാം ന്യായം നിരത്തുകയാണ്. നരേന്ദ്ര മോഡിക്കും ഗുജറാത്ത് സര്‍ക്കാറിനും  ബി ജെ പിക്കും വാദിച്ച് നില്‍ക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനങ്ങളില്‍ ഏതാനും പെരെ കൊല്ലാന്‍ കൂട്ടുനിന്നാല്‍ അതില്‍ തെറ്റ് കാണേണ്ടതില്ലല്ലോ! മുമ്പ് സിഖ് വംശഹത്യയുടെ കാലത്ത് കോണ്‍ഗ്രസും അവരുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറും സ്വീകരിച്ച നയം തന്നെ നരേന്ദ്ര മോഡിയുടെ കാര്യത്തിലും സ്വീകരിക്കുന്നുവെന്ന് മാത്രം. അത് തത്കാലം തുറന്നു പറയുന്നത് ജി കെ പിള്ളയാണെന്ന് മാത്രം. 'സ്വന്തം കുട്ടികളുടെ ചോര നിങ്ങളുടെ കൈകളില്‍ പുരണ്ടിട്ടുണ്ടോ' എന്ന നീതിപീഠത്തിന്റെ ചോദ്യമൊന്നും ഇവിടെ പ്രസക്തമല്ല. ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലല്ല നീതിപീഠത്തിന്റെ ചോദ്യം എന്ന് നന്നായി മനസ്സിലാക്കുന്നവരാണ് ഭരണ നേതൃത്വത്തിലുള്ളവര്‍.