2011-11-10

'അന്തസ്സി'ന്റെ വീണ്ടെടുപ്പ്


കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചവരും നിലവില്‍ സേവനമനുഷ്ഠിക്കുന്നവരും ഇനി സേവനം അനുഷ്ഠിക്കാന്‍ പോകുന്നവരുമായ ജഡ്ജിമാരുടെ അന്തസ്സിനെ ഉയര്‍ത്തിക്കൊണ്ട് തങ്ങള്‍ ശുംഭന്‍മാരല്ലെന്ന് ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍ വി രാംകുമാറും പി ക്യു ബര്‍ക്കത്തലിയും വിധി പുറപ്പെടുവിച്ചിരിക്കുന്നു. 'ശുംഭനെ'ന്ന് ആക്ഷേപിക്കുകയും 'പുല്ലുവില' എന്ന് വെല്ലുവിളിക്കുകയും ചെയ്ത സി പി എം നേതാവ് എം വി ജയരാജനെ ആറ് മാസത്തെ തടവിനും 2,000 രൂപ പിഴക്കും ശിക്ഷിച്ച് അത് ഉടന്‍ നടപ്പാക്കിയപ്പോള്‍ പ്രത്യക്ഷമായി സംഭവിച്ചിരിക്കുന്നത് അതാണ്. ഈ ശിക്ഷ ജയരാജന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും അവിടെ അനുകൂല വിധിയുണ്ടാകുകയും ചെയ്താല്‍ ശുംഭനെന്ന ആക്ഷേപത്തിന്റെ സ്ഥാനം എന്തായിരിക്കുമെന്നത് നിയമവ്യാഖ്യാനങ്ങള്‍ക്ക് വിടാം. 


ദിവസം, സമയം എന്നിവയിലൊക്കെ അന്യാദൃശമായ ഒരു യാദൃച്ഛികത ഇവിടെയുണ്ട്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള നീതിന്യായ വ്യവസ്ഥയെ അപഹസിക്കും വിധത്തില്‍ മോചിപ്പിക്കപ്പെടുകയും തുടര്‍ന്നുള്ള ഏഴ് ദിവസം കൊണ്ട് ഗുരുതരമായ രോഗ പീഡകളില്‍ നിന്ന് മുക്തനായി ആശുപത്രിക്ക് പുറത്ത് വരികയും ചെയ്യുമ്പോഴാണ് എം വി ജയരാജന്‍  ജയിലിലേക്ക് പോകുന്നത്. ബാലകൃഷ്ണ പിള്ളക്ക് ചട്ടം ലംഘിച്ച് പരോള്‍ അനുവദിക്കുകയും സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍ സര്‍വതന്ത്രസ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോടതിയുടെ ഉന്നതമായ സ്ഥാനത്തെ പൊതുപ്രവര്‍ത്തകര്‍ മാനിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുമ്പോള്‍ പ്രഹസനം അതിന്റെ പരകോടിയിലാണ്. 


പാതയോരങ്ങളില്‍ പൊതുയോഗങ്ങളോ പ്രകടനങ്ങളോ പാടില്ലെന്ന് വിധി പുറപ്പെടുവിച്ചതിനെ വിമര്‍ശിക്കവെയാണ് കോടതിയലക്ഷ്യത്തിന് കാരണമായ പരാമര്‍ശങ്ങള്‍ എം വി ജയരാജന്‍ നടത്തിയത്. എന്തിനാണ് ജനം പാതയോരത്ത് യോഗം കൂടുന്നതും പ്രകടനം നടത്തുന്നതുമെന്ന് അറിയണമെങ്കില്‍ ജയരാജനെ ശിക്ഷിച്ച കേരള ഹൈക്കോടതിയിലെ തന്നെ മറ്റൊരു ബഞ്ച് ഈ മാസം നാലിന് നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ പരിശോധിച്ചാല്‍ മതി. പെട്രോള്‍ വില കൂട്ടുന്നത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എസ് രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി എസ് ഗോപിനാഥനും ഉള്‍പ്പെട്ട ബഞ്ച് ഉപഭോക്താക്കള്‍ പ്രതികരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്ന് പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. അതായത് രാഷ്ട്രീയ പാര്‍ട്ടികളെ അവഗണിച്ച് ഉപഭോക്താക്കള്‍ നേരിട്ട് പ്രതികരിക്കാന്‍ തയ്യാറാകണമെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി പറയുന്നത്. 


ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ തന്നെയാണ് പാതയോരങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഒക്കെയാകുക. അത്തരം സംഗതികളൊന്നും പാടില്ലെന്ന് ഒരു ഭാഗത്ത് കോടതി പറയുന്നു. ജനങ്ങള്‍ പ്രതികരിക്കണമെന്ന് മറ്റൊരു ഭാഗത്ത് ആവശ്യപ്പെടുന്നു. ഏത് വിധത്തില്‍ പ്രതികരിക്കണമെന്ന് കൂടി കോടതികള്‍ നിശ്ചയിച്ച് നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു. 


രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ലാക്കാക്കിയാണ് പ്രതിഷേധിക്കുന്നത് എന്ന കോടതിയുടെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ അയ്യഞ്ചാണ്ട് കൂടുമ്പോള്‍ ജനം വോട്ട് ചെയ്താണ് ഭരണകൂടങ്ങളെ നിശ്ചയിക്കുന്നത്. അങ്ങനെ വോട്ട് കിട്ടി അധികാരം പിടിക്കാനായാല്‍ മാത്രമേ നയനിലപാടുകളില്‍ ഓരോ പാര്‍ട്ടിയും ആഗ്രഹിക്കുന്ന വിധത്തിലുള്ള മാറ്റം സാധ്യമാകൂ. അപ്പോള്‍ പിന്നെ പ്രതിഷേധം വോട്ട് ലാക്കാക്കിയാണെന്ന അഭിപ്രായപ്രകടനം രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തത് കൊണ്ടാകണം. അല്ലെങ്കില്‍ അതിനോട് യോജിപ്പില്ലാത്തതുകൊണ്ടാകാം. നീതിന്യായ സംവിധാനം പിന്തുടരുന്ന അരാഷ്ട്രീയ ചിന്താഗതിയുടെ പ്രതിഫനവുമാകാം ഈ നിരീക്ഷണം. 


രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് ആ പാര്‍ട്ടിയുടെയോ അതിന്റെ നേതാക്കളുടെയോ മേല്‍നോട്ടവും നിയന്ത്രണവുമുണ്ടാകും. പ്രതിഷേധം പരിധി വിട്ടാല്‍ ഉത്തരവാദിത്വമേല്‍ക്കേണ്ട സ്ഥിതിയുമുണ്ടാകും. അതിനപ്പുറത്ത് ഉപഭോക്താക്കള്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെടുമ്പോള്‍, വളയമില്ലാതെ ചാടിയാലേ രക്ഷയുള്ളൂവെന്ന സന്ദേശമാണ് നല്‍കുന്നത്. അത്തരത്തിലുയരുന്ന പ്രതിഷേധങ്ങള്‍ അരാജകത്വം സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്. ശുംഭന്‍ പ്രയോഗത്തെ വ്യാഖ്യാനിച്ച സമ്പ്രദായം പിന്തുടര്‍ന്നാല്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബഹുമാനപ്പെട്ട ജഡ്ജിമാര്‍ ആഹ്വാനം ചെയ്തുവെന്ന് പറയാനാകും. 


രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ലാക്കാക്കിയാണ് പ്രതിഷേധിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ജനങ്ങളോട് പ്രതികരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അരാജകത്വം സൃഷ്ടിക്കപ്പെടണമെന്ന തോന്നലൊന്നും ജഡ്ജിമാര്‍ക്ക് ഉണ്ടായിട്ടുണ്ടാകില്ല. പെട്രോള്‍ വില അടിക്കടി കൂടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് പ്രതിഷേധങ്ങളുടെ അകമ്പടിയോടെ ജനങ്ങള്‍ വിലക്കയറ്റത്തെ ചുമലിലേറ്റുകയും ചെയ്യുന്ന സാഹചര്യം മുന്നില്‍ കണ്ടപ്പോള്‍ ജഡ്ജിമാര്‍ അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നുവെന്നേയുള്ളൂ. 
കോടതിയലക്ഷ്യത്തിന് കാരണമായ പരാമര്‍ശങ്ങള്‍ എം വി ജയരാജന്‍ നടത്തിയപ്പോഴും ഇത്രയുമൊക്കെയേ സംഭവിച്ചിട്ടുള്ളൂ. 


സി പി എം പോലൊരു രാഷ്ട്രീയ സംവിധാനത്തിന് ജനക്കൂട്ടത്തെ അണിനിരത്തി സമരം ചെയ്താണ് ശീലം. അവര്‍ക്ക് കീഴിലുള്ള വര്‍ഗ, ബഹുജന സംഘടനകളുടെയും പതിവ് അതാണ്. അതിന്‍മേല്‍ വലിയ നിയന്ത്രണം വരുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ ആ വിധിയെ വിമര്‍ശിക്കാന്‍ തയ്യാറായി. പാതയോരത്തെ യോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുമ്പോള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം കൂടി തടയപ്പെടുന്നുണ്ട്. ഭരണ, നീതി നിര്‍വഹണ സംവിധാനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങളുന്നയിക്കാന്‍ അവകാശം ലഭിക്കാത്ത കോടിക്കണക്കായ ആളുകള്‍  തെരുവിനെ  ആശ്രയിക്കുക എന്നത് സ്വാഭാവികമാണ്. അതിനുള്ള അവകാശം പോലും നിഷേധിക്കുന്ന കോടതികള്‍ ആരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം ഉയരും. അത്തരം ചോദ്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനും മുന്നിലുയരുന്ന ഉത്തരങ്ങള്‍ ചോദ്യകര്‍ത്താക്കളുടെ ഭാഗത്തെ ന്യായീകരിക്കുന്നതാണെങ്കില്‍ സ്വയം തിരുത്താനും തയ്യാറാകുക എന്നതാണ് ഉന്നതമായ നീതി ബോധത്തിന്റെ ലക്ഷണം. അതല്ലാതെ, എന്ത് വന്നാലും സ്വന്തം തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്ന നിലപാടെടുക്കുന്നവര്‍ തര്‍ക്കശാസ്ത്ര നിപുണന്‍മാരായേക്കും, നിയമ സംഹിതകളെ മാനുഷിക പരിഗണനകളോടെ വ്യാഖ്യാനിച്ച് നീതി നടപ്പാക്കുന്ന ന്യായാധിപന്‍മാരാകില്ല. 


ജയരാജന്റെ പരാമര്‍ശങ്ങളുടെ പേരില്‍ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തീരുമാനിച്ചത്. ജയരാജന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് കോടതിയുടെ അന്തസ്സ് തകര്‍ക്കാന്‍ ശ്രമം നടന്നിരിക്കുന്നുവെന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ നടപടികള്‍ സ്വീകരിച്ചു. ജയരാജന്റെ വാക്കുകള്‍ കോടതിയെ അവഹേളിക്കുന്നതാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തത്. ജയരാജന്റെ പ്രസംഗം കേള്‍ക്കാനെത്തിയ നൂറോ ആയിരമോ ആളുകള്‍ക്ക് മുന്നില്‍ മാത്രം ഇടിയുമായിരുന്ന കോടതിയുടെ അന്തസ്സ് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെയെല്ലാം മുന്നില്‍ ഇടിയാന്‍ മാധ്യമങ്ങള്‍ വഴിയുണ്ടാക്കി. ജയരാജന്റെ വാക്കുകള്‍ കോടതിയലക്ഷ്യമാണെങ്കില്‍ അതിന് പ്രചാരണം നല്‍കിയതും തുല്യ കുറ്റമായി വിലയിരുത്തപ്പെടണം. തുല്യ നീതി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മാധ്യമങ്ങളെയാകെ ശിക്ഷിക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി തയ്യാറാകേണ്ടതാണ്. 


ജയരാജന്റെ വാക്കുകള്‍ കോടതിയെ അറിയിച്ച മാധ്യമങ്ങളിലെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ആര്‍ ബാലകൃഷ്ണ പിള്ള നിറഞ്ഞുനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയുള്ള രോഗത്തിന് സ്വകാര്യ ആശുപത്രിയിലെ ചികിത്സ അനുവദിച്ചതും അവിടെ കഴിയവെ തടവ് പുള്ളിക്ക് അപ്രാപ്യമായ സൗകര്യങ്ങള്‍ പിള്ള അനുഭവിച്ചതുമൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരമോന്നത കോടതി വിധിച്ച ശിക്ഷക്ക് പ്രഹസനത്തിന്റെ വില പോലും കല്‍പ്പിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ട് കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കണമെന്ന് ന്യായാധിപന്‍മാര്‍ക്കൊന്നും തോന്നിയതേയില്ല. കോടതിയുടെ അന്തസ്സ് ഇടിക്കും വിധത്തില്‍ വിധിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ ഗൗരവമുണ്ട് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ശിക്ഷയെ അട്ടിമറിക്കുന്നതിന്. നീതിന്യായപീഠങ്ങളെ വാക്കുകള്‍ കൊണ്ട് പ്രകീര്‍ത്തിക്കുകയും കോടതി വിധികളെ അട്ടിമറിക്കും വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ അപാകമില്ലെന്ന് കരുതേണ്ടിവരും. ജയരാജന്‍ ഉപയോഗിച്ച വാക്കുകളോട് വിയോജിക്കാം, പക്ഷേ, പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സംസാരിച്ചത് എന്നത് മറക്കാനാകില്ല. 


സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് തെരുവില്‍ തമ്പടിച്ചവരെ അറസ്റ്റ് ചെയ്ത്  ഹാജരാക്കുമ്പോള്‍ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അത് നിഷേധിക്കാനാകില്ലെന്നും കാണിച്ച് അവരെ വിട്ടയക്കുന്ന അമേരിക്കയിലെ കോടതി അടുത്തിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയുടെ കാര്യത്തില്‍ പാശ്ചാത്യര്‍ നിര്‍ണയിച്ചു നല്‍കുന്ന മാനദണ്ഡങ്ങളെ ആസ്പദമാക്കിയാണ് പൊതുവില്‍ നാം മുന്നോട്ടുപോകുന്നത്. മുഅമ്മര്‍ ഗദ്ദാഫിയെ എതിര്‍ വിഭാഗത്തെ പിന്തുണക്കുന്നവര്‍ പിടികൂടി 'പേ പിടിച്ച പട്ടി'യെപ്പോലെ കൊന്നത് ജനാധിപത്യത്തിന്റെ വിജയമായി ഉദ്‌ഘോഷിക്കപ്പെടുന്നത് പാശ്ചാത്യ മാനദണ്ഡങ്ങള്‍ സ്വീകരിക്കപ്പെടുന്നതുകൊണ്ടാണ്. നമ്മുടെ നിയമ സംഹിതകളും നീതിന്യായ ചട്ടക്കൂടുകളും സൃഷ്ടിച്ചത് കൊളോണിയല്‍ ഭരണകൂടമാണ്. സ്വന്തമായി നിയമ സംഹിതകള്‍ രചിക്കുകയും അത് നടപ്പാക്കുന്നതിന് സംവിധാനമൊരുക്കുകയും ചെയ്തപ്പോള്‍ മാതൃകയാക്കിയതും ബ്രിട്ടനടക്കമുള്ള പാശ്ചാത്യ ശക്തികളെയാണ്. അവിടങ്ങളില്‍പ്പോലും അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നിയമ വ്യാഖ്യാനം നടത്തേണ്ടതിന്റെ ആവശ്യകത കോടതികള്‍ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ്  പ്രതിഷേധക്കാരെ വിട്ടയക്കാന്‍ കോടതി തീരുമാനമെടുക്കുന്നത്. 


അത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് കോടതിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തപ്പെട്ടുവെന്ന കുറ്റത്തിന് മുന്‍ ജനപ്രതിനിധി കൂടിയായ ഒരാള്‍ ജയിലില്‍ അടക്കപ്പെടുന്നത്. നീതിന്യായ സംവിധാനം അപൂര്‍വമായി മാത്രം കാണിക്കുന്ന അസഹിഷ്ണുതയുടെ ഫലമാണിതെന്ന് പറയേണ്ടിവരും. അല്ലെങ്കില്‍ തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടുവെന്ന തോന്നല്‍ കോടതിയില്‍ രൂഢമൂലമായതിന്റെ. ഇതിനൊരൊറ്റ മറുമരുന്നേയുള്ളൂ. കോടതിയുടെ ഉന്നതമായ സ്ഥാനത്തെ മാനിക്കുക!

3 comments:

  1. രാജീവേ,
    പതിവുപോലെ ഗംഭീരമായി പറഞ്ഞിരിക്കുന്നു.
    അഭിവാദ്യം

    ReplyDelete
  2. രാജീവ്,

    പ്രസക്തമായ നിരീക്ഷണങ്ങള്‍. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ.

    ReplyDelete
  3. കോടതിയുടെ ഉന്നതമായ സ്ഥാനത്തെ പൊതുപ്രവര്‍ത്തകര്‍ മാനിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുമ്പോള്‍ പ്രഹസനം അതിന്റെ പരകോടിയിലാണ്.
    പിള്ളയുടെ കാര്യത്തിൽ നിയമവും നീധിയും ഒന്നും ഒരു പ്രശ്നമല്ല മാഷേ..

    ReplyDelete