ഉന്നത വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേസുകളില്‍ വിചാരണക്കോടതികള്‍ ജാമ്യം നിഷേധിക്കുന്നത് പതിവാകുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ രഞ്‌ജിത് കുമാര്‍, മുകുള്‍ റോത്തഗി എന്നിവര്‍ ഉന്നയിച്ച പരാതി പരിശോധിക്കാന്‍ ജസ്റ്റിസുമാരായ അല്‍തമസ് കബീര്‍, എസ് എസ് നിജ്ജാര്‍, ജെ ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ബഞ്ച് തീരുമാനിക്കുകയും ചെയ്‌തു. ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ 21-ാം വകുപ്പിന് വിരുദ്ധമായാണ് വിചാരണക്കോടതികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അഭിഭാഷകര്‍ ആരോപിച്ചിട്ടുണ്ട്. ജഡ്‌ജിമാര്‍ മാധ്യമങ്ങളുടെ സ്വാധീനത്തിന് വശംവദരാകുന്നതാണ് ജാമ്യ നിഷേധത്തിനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പല പ്രശ്‌നങ്ങളിലും മാധ്യമങ്ങള്‍ മുന്‍കൂട്ടി വിധി പ്രഖ്യാപിക്കുന്നത് പോലെ തോന്നുമെന്ന് അഭിഭാഷകനായ രഞ്‌ജിത് കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മുതിര്‍ന്ന അഭിഭാഷകരുന്നയിച്ച പരാതിയുടെ ഗൗരവം സുപ്രീം കോടതിക്ക് ഉടന്‍ തന്നെ ബോധ്യപ്പെട്ടുവെന്ന് വേണം കരുതാന്‍. ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുനീടെക്ക് മാനേജിംഗ് ഡയറക്‌ടര്‍ സഞ്‌ജീവ് ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്‌ടര്‍ വിനോദ് ഗോയങ്ക, അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഹരി നായര്‍, ഗൗതം ദോഷി, സുരേന്ദ്ര പിപാര എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥ ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വിയും എച്ച് എല്‍ ദത്തുവും എടുത്തുപറഞ്ഞു. അനിശ്ചിതകാലത്തേക്ക് വിചാരണത്തടവുകാരായി വെക്കുന്നത് ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ലംഘിക്കലാണെന്ന് പരാമര്‍ശിക്കുകയും ചെയ്‌തു.
വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാകുക എന്നത് തടവില്‍ വെക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്യുന്നയാളിന്റെ അവകാശമാണെന്ന് കോടതി പ്രത്യേകം നിരീക്ഷിച്ചു. ചില കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും വിചാരണക്ക് ഏറെ സമയമെടുക്കും. സാക്ഷികളുടെ എണ്ണം കൂടുതലാകാം. തെളിവായി സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ആയിരക്കണക്കിന് പേജുള്ളതാകാം. സാക്ഷിമൊഴികളും മറ്റ് രേഖകളും പഠിക്കണമെങ്കില്‍ തന്നെ ഏറെ സമയം വേണ്ടിവരും. ഇത്തരം കേസുകളില്‍ വിചാരണത്തടവ് നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റിലാകുന്നവര്‍ ഇതെല്ലാം കഴിയുവോളം ജയിലില്‍ കഴിയേണ്ടിവരുന്നുണ്ട്. പലപ്പോഴും ചെയ്‌ത കുറ്റത്തിന് അനുഭവിക്കേണ്ടിവരുന്ന തടവ് ശിക്ഷയേക്കാളും അധികം കാലം വിചാരണത്തടവുകാരനായി കഴിയേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായ അഞ്ച് ഉന്നത വ്യക്തിത്വങ്ങള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ടെലികോം മുന്‍ മന്ത്രി എ രാജക്കും മറ്റ് ഉന്നത വ്യക്തികള്‍ക്കും ഈ സാഹചര്യത്തില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ആറ് മാസത്തിലേറെയായി വിചാരണത്തടവുകാരായി കഴിയുകയാണ് ഇവരെല്ലാം. ഒരു വര്‍ഷം മുമ്പ് ടെലികോം ഇടപാടില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്‌പര്യ ഹരജി പരിഗണിക്കവെ എ രാജയെ എന്തുകൊണ്ട് ചോദ്യം ചെയ്‌തില്ല എന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് (സി ബി ഐ) രൂക്ഷമായ ഭാഷയില്‍ ചോദിച്ച കോടതി തന്നെയാണ് ഇപ്പോള്‍ ഇവരുടെ അനന്തമായ വിചാരണത്തടവിനെക്കുറിച്ച് ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നത്. ടെലികോം അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്ന പലരും ഇന്ന് ഇവര്‍ക്ക് ജാമ്യം അനുവദിക്കാത്തതിലെ നീതികേട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, രാജ്യത്ത് നിലനില്‍ക്കേണ്ട ഉയര്‍ന്ന നീതിബോധത്തിന്റെ പ്രതിഫലനമാണിത്. അതുകൊണ്ടാണ് അറസ്റ്റിന് വേണ്ടി മുറവിളി കൂട്ടിയവര്‍ തന്നെ ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധമുയര്‍ത്തുന്നത്.
മുകുള്‍ റോത്തഗിയും രഞ്‌ജിത്ത് കുമാറും പ്രഗത്ഭരായ അഭിഭാഷകരാണ്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അനുകരണീയമായ നിലപാടുകള്‍ മുന്‍കാലത്തും സ്വീകരിച്ചവര്‍. തങ്ങളുടെ പരാതി മുന്നോട്ടുവെച്ചപ്പോള്‍ രഞ്‌ജിത്ത് കുമാര്‍ അവതരിപ്പിച്ചത് അശോക് കുമാര്‍ സിന്‍ഹ എന്ന വ്യക്തിയുടെ അവസ്ഥയാണ്. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ ആരോപണ വിധേയനായ കേസില്‍ ആരോപണ വിധേയനായി അറസ്റ്റിലായ സിന്‍ഹക്ക് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. രണ്ട് വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്ന ഇയാള്‍ക്ക് ഇനിയും ജാമ്യം അനുവദിക്കാന്‍ കോടതികള്‍ തയ്യാറാകുന്നില്ലെന്ന് രഞ്‌ജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
ഉന്നതര്‍ ഉള്‍ക്കൊള്ളുന്ന കേസിലെ ആരോപണ വിധേയര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് സ്വാധീനത്തിന് വഴങ്ങിയാണെന്ന ആരോപണമുയരുമെന്ന ഭയമായിരിക്കണം ജാമ്യം അനുവദിക്കുന്നതില്‍ നിന്ന് ജഡ്‌ജിമാരെ തടയുന്നത്. ഇത്തരം കേസുകളില്‍ നിരന്തരം വാര്‍ത്തകള്‍ വരുന്നതോടെ ആരോപണ വിധേയരെല്ലാം കുറ്റവാളികളാണെന്ന ബോധം പൊതുമനസ്സില്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. ഇതിനെ അതിലംഘിച്ച് എങ്ങനെ ജാമ്യം അനുവദിക്കുമെന്ന തോന്നല്‍ ജഡ്‌ജിമാരില്‍ വളരുകയും ചെയ്യുന്നുണ്ടാകാം. ടെലികോം കേസില്‍ അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വികാരം കണക്കിലെടുത്തല്ല ജാമ്യ ഹരജികളില്‍ തീര്‍പ്പുണ്ടാക്കുക എന്ന് സുപ്രീം കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്രയും പറഞ്ഞതെല്ലാം ഉന്നതരുള്‍പ്പെട്ട കേസുകളില്‍ കോടതികള്‍ സ്വീകരിച്ച് വരുന്ന നിലപാടുകളെക്കുറിച്ചാണ്. മുതിര്‍ന്ന അഭിഭാഷകര്‍ സമര്‍പ്പിച്ച പരാതിയില്‍ പരാമര്‍ശിച്ചതും ഉന്നതരുള്‍പ്പെട്ട കേസുകളെക്കുറിച്ചാണ്. ഉന്നതരുടെ കാര്യത്തില്‍ അഭിഭാഷകരും കോടതികളും കാട്ടുന്ന ഈ ഉത്‌കണ്‌ഠയും വിശാല നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള പുരോഗമനോന്മുഖമായ നിലപാടുകളും താരതമ്യത്തിലാണെങ്കിലും കീടമെന്നോ പുഴുവെന്നോ ഒക്കെ ബഹുമാനപ്പെട്ട നീതിപീഠം വിശേഷിപ്പിക്കുന്ന സാധാരണക്കാരുടെ കാര്യത്തിലും ആവശ്യമല്ലേ? അവരുടെ കാര്യത്തിലും ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും മാനിക്കപ്പെടേണ്ടതില്ലേ? മാധ്യമങ്ങള്‍ മുന്‍കൂട്ടി വിധി പ്രഖ്യാപിക്കുന്നത് മൂലം സൃഷ്‌ടിക്കപ്പെടുന്ന പൊതു വികാരത്തെ ഇവിടെയും മറികടക്കാന്‍ കോടതികള്‍ക്ക് ബാധ്യതയില്ലേ?
ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയരുടെ പട്ടികയില്‍ മുപ്പത്തിരണ്ടാമനായി ചേര്‍ക്കപ്പെട്ട പി ഡി പി നേതാവ് അബ്‌ദുന്നാസര്‍ മഅ്‌ദനി അറസ്റ്റിലായിട്ട് ഒരു വര്‍ഷത്തിലേറെയായി. കര്‍ണാടകത്തിലെ പോലീസ് കൊല്ലം അന്‍വാറുശ്ശേരിയിലെത്തി കേരള പോലീസൊരുക്കിയ വന്‍ സന്നാഹത്തിന്റെ സഹായത്തോടെ മഅ്‌ദനിയെ അറസ്റ്റ് ചെയ്‌ത് കൊണ്ടുപോയത് ആഘോഷമാക്കാന്‍ നമ്മള്‍ മുന്നില്‍ നിന്നിരുന്നു. വിചാരണത്തടവില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇനിയുമെത്രകാലം അദ്ദേഹം തടവുകാരനായി തുടരേണ്ടിവരുന്നതില്‍ ഒരു നിശ്ചയവും ആര്‍ക്കുമില്ല. അനന്തമായ വിചാരണത്തടവിലൂടെ ലംഘിക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ മഅ്‌ദനിയുടെ കാര്യത്തില്‍ ഉണ്ടാകുന്നുണ്ടെന്ന് തോന്നുന്നില്ല.
അഴിമതിക്കേസും മഅ്‌ദനിക്കുമേല്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കേസും തമ്മില്‍ താരതമ്യമില്ലെന്നത് വസ്‌തുതയാണ്. എങ്കിലും കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞ കേസാണിത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് മഅ്‌ദനിയെ അറസ്റ്റ് ചെയ്യുന്നത് പോലും. തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച ശേഷമായിരിക്കുമല്ലോ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടാകുക. അതുകൊണ്ട് തന്നെ തെളിവ് നശിപ്പിക്കപ്പെടുമെന്ന ആശങ്ക ആവശ്യമില്ല. ആ നിലക്ക് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടും വരെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം മഅ്‌ദനിക്കുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന് ലഭിക്കുമായിരുന്ന തടവ് ശിക്ഷയിലുമധികം കാലം വിചാരണത്തടവുകാരനായി കഴിഞ്ഞയാളാണ് മഅ്‌ദനി. ഉന്നതരുടെ കേസുകളില്‍ വിശാലമായ നീതിബോധം പ്രകടിപ്പിക്കുന്നവരാരും അന്ന് മഅ്‌ദനിക്ക് ജാമ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് ജയിലിന് പുറത്തേക്ക് വരുമ്പോള്‍ ഇത്രയും കാലം എന്തിന് തടവിലിട്ടുവെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് പുറത്ത് വന്ന് ഏതാനും മാസങ്ങള്‍ക്കകം മഅ്‌ദനിയൊരു ഭീകരവാദിയാണെന്ന് സ്ഥാപിക്കാന്‍ പാകത്തിലുള്ള പ്രചാരണം നടന്നിരുന്നു. ചോര്‍ന്ന് കിട്ടുന്ന വിവരങ്ങള്‍ അതിന്റെ ആധികാരികതയെക്കുറിച്ചുള്ള സംശയങ്ങളൊന്നും ഉയര്‍ത്താതെ വിഴുങ്ങാന്‍ തീരുമാനിച്ച മാധ്യമ പ്രവര്‍ത്തകരും ഈ വിവരങ്ങളുടെ പ്രചാരണം തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തെ സഹായിക്കുമെന്ന് ബോധ്യമുള്ള മാധ്യമങ്ങളും ഈ പ്രചാരണത്തീയില്‍ കാറ്റായി ചേര്‍ന്നു. ഇങ്ങനെ പടര്‍ന്ന തീയുടെ ചൂട് ന്യായാസനങ്ങളുടെ ചിന്താധാരയെ സ്വാധീനിച്ചോ എന്ന് ന്യായമായും സംശയിക്കണം.
കോയമ്പത്തൂര്‍ കേസില്‍ വിചാരണത്തടവുകാരനായി കഴിയവെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍, മഅ്‌ദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാനം തകരുമെന്നാണ് അന്ന് കേരള പോലീസ് അറിയിച്ചത്. ഒരു വ്യക്തി സൃഷ്‌ടിക്കാന്‍ ഇടയുള്ള ക്രമസമാധാന പ്രശ്‌നം പോലും പരിഹരിക്കാന്‍ ത്രാണിയില്ലാത്തതാണോ കേരളത്തിലെ പോലീസ് എന്ന് ചോദിക്കാന്‍ തയ്യാറാകാതെ ജാമ്യം നിഷേധിക്കുകയാണ് ന്യായാസനം ചെയ്‌തത്. അതുകൊണ്ടാണ് പ്രചാരണത്തീയുടെ ചൂട് ന്യായാസനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നത്.
`എന്റെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്നത് കാണാനുള്ള അവസരം നിങ്ങളെനിക്ക് തിരികെത്തരുമോ' എന്നാണ് മലേഗാവ് സ്‌ഫോടനക്കേസിലെ ആരോപണവിധേയരിലൊരാള്‍ അഞ്ച് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയപ്പോള്‍ ചോദിച്ചത്. നീതിന്യായ, ഭരണ സംവിധാനങ്ങള്‍ക്ക് എന്ത് മറുപടി നല്‍കാനുണ്ട്? ഇവരിത്രകാലം വിചാരണത്തടവുകാരായി കഴിയേണ്ടിവരുന്ന സാഹചര്യത്തിന്റെ സൃഷ്‌ടികര്‍ത്താക്കള്‍ ഇവയായതിനാല്‍ മറുപടി നല്‍കേണ്ട ബാധ്യതയും മറ്റാര്‍ക്കുമല്ല. മലേഗാവിലുണ്ടായ മറ്റൊരു സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി മൂന്ന് വര്‍ഷത്തിലേറെക്കാലമായി തടവില്‍ കഴിയുന്ന പ്രഗ്യാ സിംഗ് താക്കൂര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇവര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കപ്പെട്ടതിനാലാണ് ആദ്യ കേസില്‍ ഒമ്പത് പേര്‍ക്ക് വിചാരണത്തടവുകാരാകേണ്ടി വന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴി ഇതിന് തെളിവാണ്. മറ്റ് പല സ്‌ഫോടനങ്ങളുടെയും പിറകില്‍ ഇവരാണെന്ന സംശയം നിലനില്‍ക്കുകയും അതേക്കുറിച്ച് അന്വേഷണം നടക്കുകയും ചെയ്യുന്നതിനാല്‍ പ്രഗ്യയെയും ശ്രീകാന്ത് പുരോഹിതിനെയും പോലുള്ളവരുടെ വിചാരണത്തടവ് ന്യായീകരിക്കപ്പെടും. ഇവരുടെ കൂട്ടാളികളില്‍ പലരെയും ഇനിയും പിടികൂടാനുമുണ്ട്.
എങ്കിലും എത്രകാലം ഈ സ്ഥിതി എന്ന ചോദ്യം പ്രസക്തമാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് വിചാരണ നടത്തി കുറ്റക്കാരാണോ അല്ലയോ എന്ന് നിശ്ചയിക്കാനുള്ള സംവിധാനം നിലവില്‍ വരിക എന്നതാണ് പ്രധാനം. അതില്ലാത്ത കാലത്തോളം ഉന്നതരുടെ കാര്യത്തില്‍ ചില പരിഗണനകള്‍ ഉണ്ടായേക്കും. അത്രത്തോളം ഔന്നത്യമില്ലാത്തവരാണ് 99 ശതമാനവുമെന്നത് വസ്‌തുത മാത്രം.
എന്തുകോടതി എന്തു ന്യായം ...? കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഓരൊ നിയമങ്ങൾ .മുപ്പത് ലക്ഷത്തിൽ പുറത്ത് വരുന്ന ജനങ്ങളുടെ ജീവനും ജീവിതവും പെരുംദുരന്തത്തിൽ പെടാൻപോകുന്നു.കോടതി നീരീക്ഷണവും, പരീക്ഷണവും, വാദപ്രതിവാദവും നടത്തി ഒരാലസ്യത്തിൽ മൌനംഭജിച്ചിരിക്കുന്നു. മുല്ലപെരിയാർ പൊട്ടിയാൽ സംഭവിക്കുന്ന ജീവഹാനിയെകുറിച്ച് നിരവധിപഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടും ന്യായമായ ഉത്തരവ് പറയാൻ കഴിയാത്ത കോടതി ഇന്ത്യൻ ജനാധിപത്യത്തിനോ ജനങ്ങൾക്കൊ ആവിശ്യമായ മിഷണറിയാണന്നു അവകാശപ്പെടാൻ കഴിയുമോ..? കോടതി പണാധിപത്യത്തിൽ ആണ്ടുപോയന്നു പാലോളീ പറഞ്ഞത് തിരുത്തണ്ടതില്ലായിരുന്നു...
ReplyDelete