2011-11-02

മൗനം മഹത്തരം!!!
'വന്ദേ മാതര' ആലാപനത്തിന്റെയും 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ ദേശീയ പതാകകള്‍ താളത്തില്‍ വീശി രാം ലീല മൈതാനത്ത് തമ്പടിച്ചപ്പോള്‍ അന്നാ ഹസാരെ സംഘത്തിന് നായകരുടെ പരിവേഷമുണ്ടായിരുന്നു. അഴിമതിക്കെതിരെ ഗാന്ധിയന്‍ മാതൃകയില്‍ സമരം ചെയ്ത് പുതിയ വിപ്ലവത്തിന് നാന്ദി കുറിക്കുന്നയാളായി അന്നാ ഹസാരെ വാഴ്ത്തപ്പെട്ടു. ഇത്തരം സ്തുതിഗീതങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അന്നാ ഹസാരെ സംഘത്തില്‍ ആഭ്യന്തര വൈരുധ്യങ്ങള്‍ ഉരുവം കൊണ്ടിരുന്നുവെന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. വിമാന ടിക്കറ്റിന് യഥാര്‍ഥത്തില്‍  നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കക്കിയെന്നത് സംഘാംഗമായ കിരണ്‍ ബേദി സമ്മതിച്ച ആരോപണമാണ്. ഇവരുടെ കീഴിലുള്ള രണ്ട് സര്‍ക്കാറിതര സംഘടനകള്‍ വാണിജ്യ ഇടപാടുകള്‍ നടത്തുന്നുണ്ടോ എന്ന് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. അഴിമതിവിരുദ്ധ സമരത്തിന് സംഭാവനയായി ലഭിച്ച പണം അരവിന്ദ് കെജ്‌രിവാള്‍ സ്വന്തം സന്നദ്ധ സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് മറ്റൊരു ആരോപണം. ചിലര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് പ്രമുഖരായ രണ്ട് പേര്‍ അന്നാ സംഘത്തില്‍ നിന്ന് പിന്‍മാറി. കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം മേധാ പട്കറും കുമാര്‍ വിശ്വാസും ഉയര്‍ത്തി. ഇതെല്ലാം തന്നെ അന്നാ ഹസാരെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റി യോഗം ചേരുകയും സംഘത്തിന് ഭരണഘടന രൂപവത്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. സംഘത്തിന് സംഭാവനയായി ലഭിച്ച പണത്തിന്റെ കണക്ക് പരസ്യപ്പെടുത്തുകയും ഇതില്‍ 42 ലക്ഷം രൂപ തിരിച്ചു കൊടുക്കുമെന്ന് അറിയിക്കുകയുമുണ്ടായി. പണത്തിന്റെ സ്രോതസ്സുള്‍പ്പെടെ പൂര്‍ണ വിവരങ്ങള്‍ നല്‍കാത്ത ദാതാക്കളില്‍ നിന്ന് ലഭിച്ച തുകയാണ് തിരിച്ച് കൊടുക്കുന്നത്. 


അന്നാ ഹസാരെ സംഘവുമായി ബന്ധപ്പെട്ട ഏത് ചെറിയ ചലനങ്ങളും വാര്‍ത്തകളാകുന്നു. അത്തരം ചലനങ്ങളോട് പ്രതികരിക്കാന്‍ സംഘം ശ്രമിക്കുകയും ചെയ്യുന്നുവെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് കൊണ്ടാകണം ഏത് ചെറിയ ചലനത്തോടും പ്രതികരിക്കാന്‍ അന്നാ സംഘം തയ്യാറാകുന്നത്. എന്നാല്‍ ഇക്കാലത്തിനിടെയുണ്ടായ ഒരു പ്രത്യേക സംഭവത്തോട് അന്നാ ഹസാരെ സംഘവും ഇവരെ ആവോളം പിന്തുണക്കാന്‍ തയ്യാറായ മാധ്യമങ്ങളും ഏറെക്കുറെ മൗനം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. സുപ്രീം കോടതി വളപ്പിലെ ഓഫീസില്‍ അതിക്രമിച്ചു കയറിയ ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ അംഗങ്ങള്‍ പ്രശാന്ത് ഭൂഷണിനെ മര്‍ദിച്ച സംഭവമാണത്. എന്തുകൊണ്ടാണ് അസാധാരണമാം വിധത്തിലുള്ള മൗനദീക്ഷയുണ്ടായത്? നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ ഏറെ പ്രാധാന്യം ഈ ചോദ്യത്തിനുണ്ട്. പ്രസ് കൗണ്‍സില്‍ ചെയര്‍മാനായ സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും അതിനെ ശക്തമായി എതിര്‍ത്ത് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തു വരികയും ചെയ്ത സാഹചര്യത്തില്‍ കൂടിവേണം ഇക്കാര്യത്തിലെ മൗനത്തെ വിശകലനം ചെയ്യാന്‍. 


അന്നാ ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്‌രിവാള്‍, കുമാര്‍ വിശ്വാസ് തുടങ്ങിയവരെക്കാളൊക്കെ ഏറെ മുമ്പ് ജനങ്ങള്‍ക്ക് പരിചിതനായ ആളാണ് പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര നിയമ മന്ത്രിയായിരുന്ന ശാന്തി ഭൂഷണിന്റെ മകനെന്നത് ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം. എങ്കിലും അഴിമതിക്കും മറ്റുമെതിരെ ദീര്‍ഘനാളായി നടത്തിക്കൊണ്ടിരിക്കുന്ന വ്യവഹാരങ്ങളാണ് പ്രശാന്ത് ഭൂഷണിന് സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ സഹായകമായത്. അന്നാ ഹസാരെ നടത്തിയ സമരത്തെ ശക്തമായി പിന്തുണക്കുക കൂടി ചെയ്തതോടെ കൂടുതല്‍ പ്രശസ്തനാകുകയും ചെയ്തു. ജമ്മു കാശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും അതിന്റെ ഫലം മാനിക്കപ്പെടണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതാണ് ശ്രീ രാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അവര്‍ പ്രശാന്ത് ഭൂഷണിനെ ശരിക്ക് കൈകാര്യം ചെയ്തു. ചലച്ചിത്രങ്ങളില്‍ കാണുന്ന സംഘട്ടന രംഗങ്ങള്‍ക്ക് സമാനമായിരുന്നു ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട രംഗങ്ങള്‍. അക്രമം നടന്ന ദിവസം അത് വലിയ വാര്‍ത്തയായിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അതിനെ അപലപിച്ചു. 


തുടക്കത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച അന്നാ ഹസാരെ സംഘം അക്രമത്തെ അപലപിച്ച് രംഗത്തുവന്നു. അവിടെ തീര്‍ന്നു എല്ലാം. പിറ്റേന്നത്തേക്ക് ഇത്തരത്തിലൊരു സംഭവം നടന്നുവെന്ന തോന്നല്‍ പോലും ആരിലും അവശേഷിച്ചതായി തോന്നിയില്ല. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം സംഘത്തില്‍ തുടരേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അന്നാ ഹസാരെ വൈകാതെ പറഞ്ഞു. 


ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവ് വിമര്‍ശമുന്നയിക്കുമ്പോള്‍ ഉടന്‍ പ്രതികരിക്കുകയും തങ്ങളെ ഒറ്റതിരിഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും വിലപിക്കുന്ന അന്നാ സംഘത്തിലെ ആരും യാതൊരു ഉത്കണ്ഠയും പ്രശാന്ത് ഭൂഷണിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചില്ല. അന്നാ ഹസാരെ സംഘത്തെ വിമര്‍ശിക്കുമ്പോഴൊക്കെ പ്രതികരിക്കാന്‍ ഉടന്‍ രംഗത്തെത്തുന്ന ബി ജെ പിയോ ആര്‍ എസ് എസ്സോ പ്രശാന്ത് ഭൂഷണിന്റെ കാര്യത്തില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. ആക്രമിക്കപ്പെട്ടത് അന്നാ ഹസാരെ സംഘാംഗമായതുകൊണ്ട് തന്നെ ആദ്യത്തെ പ്രതികരണത്തിനു  ശേഷം കോണ്‍ഗ്രസും ഇതര പാര്‍ട്ടികളും മൗനത്തിലായി. ഒരു സംഘട്ടന രംഗം ക്യാമറയില്‍ കിട്ടിയാല്‍ ദിവസങ്ങളോളം അത് ആഘോഷിക്കാന്‍ തയ്യാറാകാറുണ്ട് നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍. അവര്‍ക്കും രണ്ടാം ദിവസമായപ്പോഴേക്കും പ്രശാന്ത് ഭൂഷണിന്റെ കാര്യത്തില്‍ താത്പര്യം നഷ്ടപ്പെട്ടു. ഇതിന് ഒരൊറ്റക്കാരണമേയുള്ളൂ. ആക്രമണം നടത്തിയത് ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ അംഗങ്ങളാണ് എന്നത് മാത്രം. 


അന്നാ ഹസാരെ പക്ഷത്തില്‍ സംഘ് പരിവാര്‍ ചായ്‌വ് ആരോപിക്കുന്ന സംഘടനകളില്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊന്നിന്റെ പ്രവര്‍ത്തകരോ അന്നാ സംഘം സവര്‍ണ പക്ഷത്താണെന്ന് ആരോപിക്കുന്ന സംഘടനകളില്‍ ദളിതുകളുമായി ബന്ധമുള്ള ഏതെങ്കിലുമൊന്നിന്റെ പ്രവര്‍ത്തകരോ ആയിരുന്നു ഈ ആക്രമണത്തിന് പിറകിലെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു? അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്താന്‍ പുറപ്പെട്ട പ്രശാന്ത് ഭൂഷണിനെ ഉന്‍മൂലനം ചെയ്യാനെത്തിയ ഭീകരവാദികളെങ്കിലുമായി അവര്‍ ചിത്രീകരിക്കപ്പെടുമായിരുന്നു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുമായിരുന്നു. അന്നാ ഹസാരെ സംഘവും സംഘ് പരിവാര്‍ സംഘടനകളും പൊട്ടിത്തെറിക്കുമായിരുന്നു. ആക്രമണം നടത്തിയത് ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ പ്രവര്‍ത്തകരായതിനാല്‍ ഒന്നും വേണ്ടിവന്നില്ല. ഒരേ ദേശീയതയുടെ വക്താക്കളായതിനാല്‍ പുണ്ണില്‍ കുത്തി വഷളാക്കേണ്ടതില്ലെന്ന നിലപാട് അന്നാ ഹസാരെ സംഘം സ്വീകരിച്ചു. ബി ജെ പിക്കും ആര്‍ എസ് എസ്സിനും നിലവില്‍ അന്നാ ഹസാരെ സംഘം അനിവാര്യമാണെങ്കിലും ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേന പ്രധാനമായതിനാല്‍ അവരും പിന്‍വലിഞ്ഞു. വികാരത്തിന്റെ ഐക്യമാണോ അല്ലയോ എന്ന് വ്യവച്ഛേദിക്കുക ബുദ്ധിമുട്ടാണെങ്കിലും രാംലീല മൈതാനത്തു നിന്ന് 12 ദിവസം തത്സമയ സംപ്രേഷണം നടത്തിയ മാധ്യമങ്ങളും മൗനം പാലിച്ചു. 


മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇത്തരമൊരു നിലപാടെടുത്തുവെന്ന് ആലോചിക്കുമ്പാഴാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാകുന്നത്. രാജ്യത്തെവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ ഉത്തരവാദിത്വം ഹിസ്ബുല്‍ മുജാഹിദീനോ ഇന്ത്യന്‍ മുജാഹിദീനോ ഹര്‍ക്കത്തുല്‍ ജിഹാദിയോ ഏറ്റെടുത്തു  കൊണ്ടുള്ള സന്ദേശം ലഭിച്ചുവെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കം ബ്രേക്കിംഗ് ന്യൂസായി നല്‍കാനും അതുവഴി മുസ്‌ലിംകള്‍ ഭീകരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശം കട്ജു ഉന്നയിക്കുന്നുണ്ട്. ബോധപൂര്‍വമായാലും അല്ലെങ്കിലും ഇത് നടക്കുന്നുവെന്നത് വസ്തുതയാണ് താനും. ഭീകരപ്രവര്‍ത്തനങ്ങളുമായി അബ്ദുന്നാസര്‍ മഅ്ദനിക്കുള്ള പങ്ക് സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മലയാളത്തിലെ മാധ്യമങ്ങള്‍ മത്സരിച്ച് ശ്രമിച്ചത് മാത്രം മതി ഉദാഹാരണത്തിന്. ഈ ഉത്സാഹമൊന്നും ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ കാര്യങ്ങളിലെത്തുമ്പോള്‍ ഇല്ലാതാകുന്നു. മൊഴിപ്പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടി ഭീകര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ഇടിച്ചും ചവിട്ടിയും വീഴ്ത്തുന്ന ദൃശ്യങ്ങളെ പൊടുന്നനെ ആര്‍ക്കൈവുകളിലേക്ക് മാറ്റുന്നു. ഈ വൈരുധ്യം തന്നെയാണ് മാര്‍ക്കണ്ഡേയ കട്ജു ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാന വിഷയങ്ങളില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പ്രസ് കൗണ്‍സിലിന് കൂടുതല്‍ അധികാരം വേണമെന്ന് വാദിക്കുകയാണ് അദ്ദേഹം. എന്നാല്‍ കിരാത നിയമങ്ങള്‍ നടപ്പാക്കാനാണ് കട്ജു ശ്രമിക്കുന്നത് എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നത്. സര്‍ക്കാര്‍ പരസ്യം നിഷേധിക്കാനും വേണ്ടിവന്നാല്‍ മാധ്യമങ്ങളുടെ ലൈസന്‍സ് തത്കാലത്തേക്ക് റദ്ദാക്കാനും പിഴ ഈടാക്കാനും പ്രസ് കൗണ്‍സിലിന് അധികാരം നല്‍കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. 


എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നതു പോലൊരു അഭിപ്രായസ്വാതന്ത്ര്യം നിലനില്‍ക്കുകയോ അനുവദിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ? അങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കില്‍ അത് ഓരോ മാധ്യമവും പുലര്‍ത്തുന്ന രാഷ്ട്രീയ, വര്‍ഗീയ ചായ്‌വുമായി ബന്ധപ്പെട്ടു മാത്രമേ നിലനില്‍ക്കുന്നുള്ളൂ. അത്തരം സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ ആക്രമണം ഏറെ എളുപ്പത്തില്‍ അപ്രത്യക്ഷമാകുന്നത്. സ്വാമി അസിമാനന്ദയെപ്പോലുള്ളവരുടെ കാര്യത്തില്‍ വലിയ താത്പര്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുന്നത്. ഹിന്ദുത്വ ഭീകരവാദ ശൃംഖലയില്‍ അംഗങ്ങളെന്ന് സംശയിക്കുന്നവരുടെ പട്ടിക ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കുമ്പോള്‍ അത് ഭൂരിഭാഗത്തിലും പ്രസിദ്ധീകരിക്കപ്പെടാത്തത്. അന്നാ ഹസാരെയും ചെയ്യുന്നത് ഇത് തന്നെയാണ്. ഏറ്റവുമൊടുവില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നതിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ സംഘത്തിലെ അംഗങ്ങള്‍ വ്യക്തിപരമായി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സംഘത്തിന്റെ അഭിപ്രായങ്ങളായി കണക്കാക്കില്ലെന്ന് ഹസാരെ വ്യക്തമാക്കുന്നുണ്ട്. പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും അതിന്റെ ആഘാതം അദ്ദേഹം നേരിടണമെന്നുമാണ് ഈ പ്രസ്താവനയുടെ അന്തരാര്‍ഥം. ആക്രമണത്തെ ഔപചാരികമായെങ്കിലും അപലപിക്കേണ്ടതായി കോര്‍ കമ്മിറ്റിക്ക് തോന്നിയതേയില്ല! ഇതാണ് സഹിഷ്ണുത. ഇതേ സഹിഷ്ണുതയാണ് അന്നായെ പിന്തുണച്ച വ്യക്തികളും സംഘടനകളും മാധ്യമങ്ങളും പ്രകടിപ്പിക്കുന്നത്.