പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ വധിച്ചതിന്റെ പക തീര്‍ക്കാനെന്ന വ്യാജേന സിഖുകാരെ ആക്രമിക്കുകയും ചുട്ടുകൊല്ലുകയും ബലാത്സംഗം ചെയ്യുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത രാജ്യമെന്ന ഖ്യാതി നമുക്കുണ്ട്. എവിടെയൊക്കെയാണ് സിഖുകാര്‍ താമസിക്കുന്നത് എന്ന് അക്രമിക്കൂട്ടത്തിന് എളുപ്പത്തില്‍ മനസ്സിലാകുന്നതിന് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കി സഹായിച്ചു അന്ന് ഭരണ നേതൃത്വത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. വലിയ മരം വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികം മാത്രമെന്ന് ന്യായീകരിച്ച നേതാവ് പിന്നീട് ശ്രീലങ്കയിലേക്ക് പട്ടാളത്തെ നിയോഗിച്ച് അവിടെ കൊലക്കും ബലാത്സംഗത്തിനും അവസരമൊരുക്കി. രാജീവ് ഗാന്ധിയെ വധിച്ചുകൊണ്ട് എല്‍ ടി ടി ഇ പ്രതികാരം തീര്‍ത്തപ്പോള്‍ തമിഴ് വംശജരുടെ നേര്‍ക്ക് ആക്രമണങ്ങളുണ്ടായി. 1984ലേത് പോലെ അത് വളര്‍ത്താന്‍ സാധിച്ചില്ലെന്ന് മാത്രം.
'ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്നും മുസ്‌ലിംകളെ പാഠം പഠിപ്പിക്കണ'മെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞുവെന്ന ആരോപണം നേരിടുന്ന ബി ജെ പി നേതാവ് നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരുകയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണെറിയുകയും ചെയ്യുന്നു. പത്രം പതിവായി വായിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് പോലും അറിയാവുന്ന കാര്യങ്ങളാണിതെല്ലാം. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചണ്ഡീഗഢ് റിപ്പോര്‍ട്ടറായി തുടങ്ങി അതിവേഗത്തില്‍ വളര്‍ന്ന് എഡിറ്റര്‍ ഇന്‍ ചീഫായി തുടരുന്ന ശേഖര്‍ ഗുപ്തക്കും അറിയാതിരിക്കില്ല. 1984ല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ സിഖുകാരെ കശാപ്പ് ചെയ്ത ദിവസങ്ങളില്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കുറച്ചെങ്കിലും പ്രസിദ്ധീകരിച്ച, എണ്ണാന്‍ ഒരു കൈയിലെ വിരലുകള്‍ പോലും വേണ്ടതില്ലാത്ത പത്രങ്ങളിലൊന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സായതിനാല്‍ പ്രത്യേകിച്ചും.
''ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്റ്റാലിനിസ്റ്റ് പ്രതിപക്ഷ നേതാവായിരിക്കുന്ന സംസ്ഥാനം, ജോലി ചെയ്തില്ലെങ്കിലും കൂലി വേണമെന്ന് നിര്‍ബന്ധമുള്ള സംസ്ഥാനം, വ്യവസായികള്‍ ഓടി രക്ഷപ്പെടുന്ന സംസ്ഥാനം, സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ ബന്ദ് നടന്ന ലോകത്തെ ഒരേയൊരിടം' എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് കേരളത്തിന് ശേഖര്‍ ഗുപ്ത കനിഞ്ഞു നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവരും കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാര്‍ക്കും ചടങ്ങിലുണ്ടായിരുന്നു. പിന്നെ രാജ്യത്തെ വ്യവസായപ്രമുഖന്‍മാരായ നാനൂറോളം പേരും. കൊച്ചി മുതല്‍ കോഴിക്കോട് വരെ ദേശീയ പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ പല സ്ഥാപനങ്ങള്‍ക്ക് മുന്നിലും ചുവന്ന കൊടി കണ്ടുവെന്നും സ്ഥാപനങ്ങള്‍ പലതും പൂട്ടിക്കിടക്കുകയാണെന്നും ശേഖര്‍ ഗുപ്ത കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഒരു പ്രദേശത്തെ ഏത് വിധത്തില്‍ വിശേഷിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ശേഖര്‍ ഗുപ്തക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, അത്തരം വിശേഷണങ്ങളിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമുണ്ട്. പ്രത്യേകിച്ച് വ്യവസായികളും വിദേശരാജ്യത്തു നിന്നുള്ള ഒരു നേതാവും പങ്കെടുക്കുന്ന വേദിയില്‍. ആ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സദ്ദാം ഹുസൈന്‍ മരിച്ചുവെന്ന പ്രയോഗത്തില്‍ നിന്ന് തുടങ്ങാം. പ്രായാധിക്യവും രോഗവും മൂലം ഏറെക്കാലം ശയ്യാവലംബിയായി കിടന്ന ശേഷം സദ്ദാം ഹുസൈന്‍ മരിക്കുകയായിരുന്നുവെന്ന് തോന്നും ഈ പ്രയോഗം കണ്ടാല്‍.
ശേഖര്‍ ഗുപ്ത ഉപയോഗിച്ച വാക്ക് അതാകാന്‍ സാധ്യതയില്ല. വിവര്‍ത്തനം ചെയ്ത പത്രാധിപ സമിതിയംഗത്തിന്റെതാകണം മരിച്ചുവെന്ന പ്രയോഗം. സദ്ദാം ഹുസൈനെ തൂക്കിലേറ്റി എന്നാണ് ശേഖര്‍ ഗുപ്ത പറഞ്ഞത് എന്നാകിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി യോജിച്ചു നില്‍ക്കും വിധത്തിലുള്ള വിവര്‍ത്തനത്തിന് പത്രാധിപ സമിതിയംഗം തയ്യാറായി. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം ഉച്ചകഴിഞ്ഞ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടന്നിരുന്നു. ഇടത് മുന്നണിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും പ്രതിഷേധമുയരുന്നുണ്ടോ എന്ന് നോക്കിയല്ല ജനങ്ങളോ രാഷ്ട്രീയ സംവിധാനങ്ങളോ സമരത്തിനൊരുങ്ങുന്നത്. ഒരിടത്തുയരുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ് താനും. അതിന്റെ തുടര്‍ച്ച അമേരിക്കയില്‍പ്പോലും കാണുന്നുമുണ്ട്.
ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് പിടികൂടി വിചാരണപ്രഹസനം നടത്തി തൂക്കിലേറ്റുകയും ചെയ്ത അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് തോന്നി. പൊതുവില്‍ ജനങ്ങളും പ്രതിഷേധത്തിനൊപ്പം നിന്നിരുന്നു. അന്ന് ഇന്ത്യാ വിഷന്‍ ചാനല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ജനങ്ങള്‍ക്ക് ഫോണിലൂടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. പ്രതികരിച്ച ആയിരക്കണക്കിനാളുകളില്‍ 99 ശതമാനവും രോഷമോ പ്രതിഷേധമോ പ്രകടിപ്പിച്ചു. ഹര്‍ത്താല്‍ നടത്തിയത് കൊണ്ടും ടെലിവിഷന്‍ ചാനലിലേക്ക് വിളിച്ചു പ്രതിഷേധം പ്രകടിപ്പിച്ചത് കൊണ്ടും എന്ത് ഫലമെന്ന് ശേഖര്‍ ഗുപ്തമാര്‍ക്ക് ചോദിക്കാം. ഭിന്നമായ രാഷ്ട്രീയ ചിന്തകളുടെ പ്രസരണം ഫലമുണ്ടാക്കുമോ ഇല്ലയോ എന്നറിയാനുള്ള ബുദ്ധിയുണ്ടെങ്കില്‍ അത്തരത്തിലൊരു ചോദ്യമുയരില്ല.
ഇറാഖില്‍ നടന്നത് നാളെ മറ്റു രാജ്യങ്ങളിലും നടക്കാമെന്നും സാമ്പത്തിക ആക്രമണത്തിലൂടെ നമ്മുടെ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും കേരളീയരും അവരുടെ രാഷ്ട്രീയ സംവിധാനങ്ങളും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതിനെ പരിഹസിക്കുമ്പോള്‍ പ്രകടമാകുന്നത് ദാസ്യ മനോഭാവമാണ്. സദ്ദാം ഹുസൈന് വേണ്ടി ബന്ദ് നടത്തിയെന്ന പരാമര്‍ശത്തില്‍ ബന്ദ് നടത്തി ജനങ്ങളെ, പ്രത്യേകിച്ച് വ്യവസായ, വാണിജ്യ സമൂഹത്തെ ബുദ്ധിമുട്ടിക്കുന്നതിലുള്ള മനോവിഷമം മാത്രമല്ല ഒളിഞ്ഞിരിക്കുന്നത്. കേരളത്തില്‍ വേരൂന്നുന്നുവെന്ന് ആരോപിക്കപ്പെടുന്ന (ഇസ്‌ലാമിക) ഭീകരവാദത്തെ സദ്ദാമിന് വേണ്ടി ബന്ദ് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ധ്വനിയും കൂടിയാണ്. ഈ ഭീകരവാദം രാജ്യത്തിന് മാത്രമല്ല, അമേരിക്കക്ക് പോലും സഹിക്കാവതല്ലല്ലോ! അതുകൊണ്ടാണ് സദ്ദാമിന്റെ പേരില്‍ കേരളത്തില്‍ ബന്ദ് നടത്തിയതിനെക്കുറിച്ച് അമേരിക്കയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ തങ്ങളുടെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയത്. സദ്ദാമിനെ തൂക്കിലേറ്റിയതില്‍ കേരളത്തിലുയര്‍ന്ന രോഷത്തിന്റെ ഒരഗ്രത്തില്‍പ്പോലും അദ്ദേഹത്തിന്റെ മതം ഘടകമായിരുന്നില്ല എന്ന് പ്രതിഷേധത്തിന്റെ പക്ഷത്തു നിന്ന പൗരനെന്ന നിലയില്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേരിട്ടറിഞ്ഞതും അമേരിക്കന്‍ ആധിപത്യത്തിനെതിരായ വികാരമായിരുന്നു.
ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്റ്റാലിനിസ്റ്റെന്ന വിശേഷണം വി എസ് അച്യുതാനന്ദന് നല്‍കുമ്പോള്‍ ഈ സ്റ്റാലിനിസ്റ്റ് നയിച്ച സര്‍ക്കാര്‍ ഭരിച്ച അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായില്ലെന്നത് ശേഖര്‍ ഗുപ്ത ഓര്‍ക്കണം. വ്യവസായവത്കരണത്തിന്റെ വക്താവായി ഗുപ്ത സംസാരിച്ച ചടങ്ങ് നടന്നത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്. അവിടെ നിന്ന് മണിക്കൂറുകള്‍ സഞ്ചരിച്ചാല്‍ കര്‍ഷക ആത്മഹത്യ കൊണ്ട് പ്രസിദ്ധമായ വിദര്‍ഭയിലെത്താം. കര്‍ഷകര്‍ നിരന്തരം ആത്മാഹുതി ചെയ്യുന്ന സംസ്ഥാനമെന്ന് മഹാരാഷ്ട്രയെ വിശേഷിപ്പിക്കാന്‍ ശേഖര്‍ ഗുപ്ത തയ്യാറാകുമോ? ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തിലുണ്ട് എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അത് ശക്തമായി എതിര്‍ക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ആ സമ്പ്രദായത്തിന്റെ പേരില്‍ കേരളത്തെ കുറ്റപ്പെടുത്താന്‍ തയ്യാറാകുന്നവര്‍ പദവിയും അധികാരവും ഉപയോഗപ്പെടുത്തി കോടികള്‍ കൊള്ളയടിക്കുന്നവര്‍ക്കും ഗ്രാമവാസികള്‍ക്ക് 26 രൂപ കൊണ്ട് ഒരു ദിവസം ജീവിക്കാനാകുമെന്ന് കണ്ടെത്തുന്നവര്‍ക്കും മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കില്ലേ?
സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ചുവന്ന കൊടികളോട് അലര്‍ജി പ്രകടിപ്പിക്കുന്ന ശേഖര്‍ ഗുപ്ത ഇവക്കൊപ്പം പാറുന്ന മറ്റു നിറങ്ങളിലുള്ള കൊടികള്‍ കാണാതിരുന്നത് മനഃപൂര്‍വമാകണം. ചുവന്ന കൊടികളാണ് വ്യവസായത്തെയും നിക്ഷേപത്തെയും തടയുന്നത് എന്ന പരമ്പരാഗത സങ്കല്‍പ്പത്തില്‍ നിന്ന് മനസ്സ് മോചിതമായിട്ടുമുണ്ടാകില്ല. ഊര്‍ജിത വ്യവസായവത്കരണത്തിന് വേണ്ടി കൃഷി ഭൂമി ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രംഗത്തുവന്ന പശ്ചിമ ബംഗാളിലും ഉത്തര്‍ പ്രദേശിലും അവര്‍ക്ക് പിന്തുണയായി ഉയര്‍ന്ന കൊടികള്‍ക്കൊപ്പമായിരുന്നു ഈ ഗുപ്തമാരെന്നത് വെറുമൊരു വൈരുധ്യം മാത്രമല്ല.
ചുവന്ന കൊടികള്‍ കണ്ടുവെന്ന് പറയുന്നതിന് തൊട്ടുപിറകെ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളേറെക്കണ്ടുവെന്ന് ചേര്‍ക്കുമ്പോള്‍ പൂട്ടാനുള്ള കാരണം ശ്രോതാക്കള്‍ക്ക് തേടേണ്ടിവരില്ല.
തൊഴിലാളി സംഘടനകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മൂലം സ്ഥാപനങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് ശേഖര്‍ ഗുപ്ത ധ്വനിപ്പിക്കുന്നത്. ഇത്തരം കുഴപ്പങ്ങളൊന്നുമില്ലാതിരുന്നിട്ടും വിജയ് മല്യ എന്ന മദ്യ മുതലാളിയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടിപ്പോകുന്ന സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണാവോ? മുന്‍വിധി എന്നത് മാധ്യമ പ്രവര്‍ത്തകരുടെ തനത് സ്വാഭാവമായി വിലയിരുത്തപ്പെടാറുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തെ വിശേഷിപ്പിക്കുമ്പോള്‍ മുന്‍വിധിയുടെ സകല പരിധികളും കടന്ന് പോയിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത ചടങ്ങാണെങ്കിലും അതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ അവതാരകന്റെ വിശേഷണങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കിയ പത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സന്ദേശവും മറ്റൊന്നല്ല.
വ്യവസായം, നിക്ഷേപം എന്നിവക്ക് അമിത പ്രാമുഖ്യം നല്‍കുന്ന പുതിയ സാമ്പത്തിക, ഉദാരവത്കരണ നയങ്ങളുടെയും അതിനെ പിന്തുണക്കുന്ന ശക്തികളുടെയും രാഷ്ട്രീയ ശബ്ദമാണ് ശേഖര്‍ ഗുപ്തയില്‍ നിന്നുയര്‍ന്നത്. ഇത് മുഖ്യ അജന്‍ഡയായി മാറുമ്പോള്‍ മറ്റ് പലതും മറക്കും. ഗുജറാത്തിലെ വ്യവസായ വികസനത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വം പ്രകീര്‍ത്തിക്കപ്പെടും. ന്യൂനപക്ഷ വിഭാഗക്കാരായ ആയിരക്കണക്കിന് പേരുടെ ചോര ഒഴുകിയ സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന വിശേഷണം മോഡിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ശേഖര്‍ ഗുപ്ത തയ്യാറാകില്ല. വംശഹത്യ സംബന്ധിച്ച കേസുകള്‍ ആസുത്രിതമായി അട്ടിമറിച്ച സംസ്ഥാനമെന്ന വിശേഷണം ഗുജറാത്തിന് നല്‍കുകയുമില്ല. ആയിരക്കണക്കിന് സിഖുകാരുടെ ചോരയും ചാരവും മൂടിയ സംസ്ഥാനമെന്ന് ഡല്‍ഹിയെ വിശേഷിപ്പിക്കുമോ? വോട്ടര്‍ പട്ടിക ലഭ്യമാക്കി കൊലക്ക് കൂട്ടു നിന്ന നേതാക്കളുള്ള പാര്‍ട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി ഷീല ദീക്ഷിതെന്ന് ശേഖര്‍ ഗുപ്ത പറയുമോ?
ഉമ്മന്‍ ചാണ്ടിക്കൊപ്പം വേദി പങ്കിട്ട ശിവരാജ് സിംഗ് ചൗഹാനെയോ പൃഥ്വിരാജ് ചവാനെയോ പരിചയപ്പെടുത്തിയപ്പോള്‍ അതാത് സംസ്ഥാനങ്ങളുടെ 'മേന്മ' ഗുപ്ത പറഞ്ഞിരിക്കാന്‍ ഇടയില്ല. ആദര്‍ശ് കുംഭകോണത്തിന്റെയും ഇന്‍ഡോറിലെ ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെയും കഥ പറയാന്‍ ഉന്നതനായ മാധ്യമ പ്രവര്‍ത്തകന് മടിയുണ്ടാകും.
ഗുപ്ത ഉദ്ദേശിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ആദര്‍ശങ്ങള്‍ കേരളത്തില്‍ അടുത്ത ചുവട് വെക്കുന്ന ചടങ്ങ് ഇതിനൊപ്പം നടന്നുവെന്നതില്‍ ആശ്വസിക്കാം. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മേഖലാ ഓഫീസ് കൊച്ചിയില്‍ ഉടന്‍ തുടങ്ങുന്നതിന്റെ മണിയടിയാണ് നടന്നത്. ഏതാനും വ്യക്തികളുടെ കൈകളില്‍ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് ഊഹക്കച്ചവടമാണെന്ന് അമേരിക്കക്കാര്‍ പോലും തിരിച്ചറിയുകയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന കാലത്ത് ബി എസ് ഇയുടെ ഓഫീസ് കൊച്ചിയില്‍ തുറക്കുന്നുവെന്നത് ഗുപ്തമാര്‍ക്കും അവരുടെ വാക്കുകളെ അതിന്റെ രാഷ്ട്രീയാര്‍ഥം മനസ്സിലാക്കി വിവര്‍ത്തനം ചെയ്യുന്നവര്‍ക്കും സന്തോഷം നല്‍കും.
Very nice article.. keep going...
ReplyDeleteആത്മാഭിമാനം ഉള്ളവര്‍ക്ക് പറയാതിരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍.. അഭിനന്ദനങ്ങള്‍..
ReplyDeleteജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്റ്റാലിനിസ്റ്റെന്ന വിശേഷണം വി എസ് അച്യുതാനന്ദന് നല്‍കുമ്പോള്‍ ഈ സ്റ്റാലിനിസ്റ്റ് നയിച്ച സര്‍ക്കാര്‍ ഭരിച്ച അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായില്ലെന്നത് ശേഖര്‍ ഗുപ്ത ഓര്‍ക്കണം.
ReplyDeleteകുറഞ്ഞപക്ഷം അതെങ്കിലും ഓർക്കണം