2009-06-18

തൊഴിലുറയ്‌ക്കും പക്ഷേ


ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ അടിസ്ഥാനമായി കോണ്‍ഗ്രസ്‌ കണ്ടെത്തിയ പ്രധാന സംഗതികളില്‍ ഒന്ന്‌ കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ നടപ്പാക്കിയ തൊഴില്‍ ഉറപ്പ്‌ പദ്ധതിയായിരുന്നു. തിരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്തി ഇടതുപാര്‍ട്ടികള്‍ നടത്തിയ പ്രസ്‌താവനകളിലും തൊഴില്‍ ഉറപ്പ്‌ പദ്ധതി ഇടം കണ്ടെത്തി. ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായാണ്‌ തൊഴിലുറപ്പ്‌ പദ്ധതി കൊണ്ടുവരാന്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ തയ്യാറായതെന്നും എന്നാല്‍ ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കാതെ ആണവ കരാറിന്റെയും അമേരിക്കന്‍ വിരുദ്ധ പ്രചാരണത്തിന്റെയും പിറകെ പോവുകവഴി പദ്ധതിയുടെ പ്രയോക്താക്കളായി സ്വയം ചമഞ്ഞ്‌ കോണ്‍ഗ്രസ്‌ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നുമാണ്‌ പ്രമുഖ ഇടതു നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. രണ്ടു വിലയിരുത്തലുകളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ തൊഴിലുറപ്പ്‌ പോലുള്ള പദ്ധതികള്‍ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കി എന്ന അനുമാനത്തില്‍ എത്തേണ്ടിവരും. ഈ അനുമാനത്തിന്റെ ബലത്തിലാണ്‌ തൊഴിലുറപ്പ്‌ പദ്ധതി കാര്യക്ഷമമാക്കുമെന്ന്‌ പുതിയ യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പദ്ധതി കാര്യക്ഷമമാക്കുന്നതിന്‌ ആസൂത്രണ കമ്മീഷനും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ശ്രമം തുടങ്ങിക്കഴിഞ്ഞു.


ഗ്രാമീണ മേഖലയിലെ ഒരു കുടുംബത്തിലെ ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പ്‌ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം 2005ലാണ്‌ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്‌. ആ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാകുകയും ചെയ്‌തു. തുടക്കത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത ജില്ലകളിലായിരുന്നു പദ്ധതി നടപ്പാക്കിയത്‌. പിന്നീട്‌ എല്ലായിടത്തേക്കും വ്യാപിപ്പിച്ചു. പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ ആരംഭിച്ചിട്ട്‌ മൂന്നു വര്‍ഷമായി. ഓരോ വര്‍ഷവും ബജറ്റില്‍ വന്‍തുക ഇതിനായി നീക്കിവെക്കുന്നുണ്ട്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രണാബ്‌ കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ മുപ്പതിനായിരം കോടി രൂപയാണ്‌ ഇതിലേക്ക്‌ വകയിരുത്തിയിരുന്നത്‌. പുതിയ യൂ പി എ സര്‍ക്കാറിന്റെ ആദ്യ ബജറ്റിലും സമാനമായ നീക്കിയിരുപ്പ്‌ പ്രതീക്ഷിക്കണം. പദ്ധതിയില്‍ പരിഷ്‌കരണവും ഇതിലുള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന കൂലിയില്‍ വര്‍ധനവും വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആനുപാതികമായ വര്‍ധന ബജറ്റ്‌ നീക്കിയിരുപ്പിലുമുണ്ടാവും. ഇതിന്‌ തുനിയും മുമ്പ്‌ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്താന്‍ ശ്രമമുണ്ടാവേണ്ടിയിരുന്നു. തൊഴിലുറപ്പ്‌ പദ്ധതി ഗ്രാമീണ മേഖലയുടെ വികസനത്തെ അല്ലെങ്കില്‍ ഉത്‌പാദനക്ഷമതയെ ഏതളവില്‍ സഹായിച്ചുവെന്ന്‌ പഠിക്കണം. പദ്ധതിയില്‍ നടന്ന അഴിമതിയെക്കുറിച്ച്‌ അന്വേഷണവും വേണം. പക്ഷേ, ഇത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല.


2005ല്‍ പദ്ധതി പ്രഖ്യാപിക്കപ്പെടുമ്പോള്‍ രാജ്യത്തിനാകെ അത്‌ പുതുമയായിരുന്നു. പക്ഷേ, 1972ല്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ തൊഴില്‍ ഉറപ്പ്‌ പദ്ധതിയുടെ വ്യാപനം മാത്രമായിരുന്നു നടന്നത്‌ എന്നതാണ്‌ വസ്‌തുത. അഴിമതി, ആസൂത്രണമില്ലായ്‌മ എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും മഹാരാഷ്‌ട്ര സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്‌. പരിശീലനം ആവശ്യമില്ലാത്ത തൊഴിലുകള്‍ ദിവസവേതനാടിസ്ഥാനത്തില്‍ ചെയ്യാന്‍ താത്‌പര്യമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്‌ തൊഴില്‍ ഉറപ്പ്‌ നല്‍കും വിധത്തിലായിരുന്നു മഹാരാഷ്‌ട്ര സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്‌തിരുന്നത്‌. തുടക്കത്തില്‍ ഏത്‌ തൊഴില്‍ ചെയ്‌താലും ഒരേ വേതനം എന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഏത്‌ തൊഴില്‍ മേഖലയിലാണോ ജോലി ചെയ്യിക്കുന്നത്‌ ആ മേഖലയിലെ കുറഞ്ഞ കൂലി ഉറപ്പാക്കണമെന്ന ബോംബെ ഹൈക്കോടതി വിധിയോടെ ഈ അവസ്ഥയില്‍ മാറ്റമുണ്ടായി. കാര്‍ഷിക മേഖലയിലാണ്‌ തൊഴില്‍ നല്‍കുന്നതെങ്കില്‍ ആ മേഖലയിലെ കുറഞ്ഞ കൂലി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായി.


പദ്ധതിയെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. അഴിമതി, ആസൂത്രണമില്ലായ്‌മ, ചെലവഴിക്കപ്പെടുന്ന പണത്തിന്‌ ആനുപാതികമായി തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിക്കപ്പെടാത്ത സ്ഥിതി തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഏറെക്കുറെ എല്ലാ പഠനവും ചൂണ്ടിക്കാട്ടുന്ന സുപ്രധാനമായ സംഗതി ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം കുറക്കുന്നതിന്‌ ഇത്‌ സഹായകരമായി എന്നതാണ്‌. ദാരിദ്ര്യം കുറക്കാന്‍ സഹായകരമായി എങ്കിലും മഹാരാഷ്‌ട്രയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചക്ക്‌ ഒരു സംഭാവനയും ചെയ്യാന്‍ ഇതിന്‌ കഴിഞ്ഞില്ല എന്നതാണ്‌ വസ്‌തുത.


മഹാരാഷ്‌ട്രയുടെ അനുഭവം മുന്നില്‍നില്‍ക്കെ, 2005ല്‍ ദേശീയാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ തന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ കഴിയണമായിരുന്നു. പക്ഷേ, അതുണ്ടായില്ല. തൊഴിലും അതിന്‌ നിശ്ചിത കൂലിയും ഉറപ്പാക്കുക എന്നതില്‍ കവിഞ്ഞൊന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ല. മാത്രമല്ല, കാര്‍ഷിക മേഖലയിലെ തൊഴിലുകള്‍ ചെയ്യാന്‍ പദ്ധതിയനുസരിച്ച്‌ അനുമതി നല്‍കിയതുമില്ല. ഇത്‌ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷികോത്‌പാദന രംഗത്ത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിവെച്ചിട്ടുണ്ട്‌. പൊതുവില്‍ കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കാന്‍ ആളുകളെ കിട്ടാത്ത സ്ഥിതിവിശേഷം കേരളം പോലുള്ള സംസ്ഥാനങ്ങളിലുണ്ട്‌. തൊഴില്‍ ഉറപ്പ്‌ പദ്ധതി വന്നതോടെ അവശേഷിച്ചിരുന്നയാളുകള്‍ കൂടി മറ്റു മേഖലകളിലേക്ക്‌ തിരിഞ്ഞു. അതോടെ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി. ഭക്ഷ്യ സ്വയം പര്യാപ്‌തത ഉറപ്പാക്കാന്‍ നിലവിലുള്ള കൃഷിയിടങ്ങളില്‍ വിളവിറക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തരിശുഭൂമി കണ്ടെത്തി കൃഷിഭൂമിയാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്യുന്നതിനിടെയാണ്‌ തൊഴിലാളികളുടെ ക്ഷാമം കടുത്തത്‌. ഇത്‌ വയനാട്‌, ഇടുക്കി, പാലക്കാട്‌ പോലുള്ള പരമ്പരാഗത കാര്‍ഷിക മേഖലകളെ ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ പ്രാഥമികമായ വിലയിരുത്തല്‍.


ഇക്കാര്യത്തില്‍ വേണ്ട പരിശോധന നടത്താനോ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പില്‍ തിരുത്തലുകള്‍ നിര്‍ദേശിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊതുവില്‍ കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക്‌ ഭേദപ്പെട്ട കൂലി ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഇത്‌ ഒഴിവാക്കിപ്പോലും തൊഴിലുറപ്പിന്റെ പിറകെ പോകാന്‍ ആളുകള്‍ തയ്യാറാകുന്ന സ്ഥിതിയാണ്‌ ഇവിടെ. അങ്ങനെയെങ്കില്‍ കാര്‍ഷിക മേഖലയിലെ കൂലിയും തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ ലഭിക്കുന്ന വേതനവും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത മറ്റ്‌ സംസ്ഥാനങ്ങളുടെ സ്ഥിതി ഭേദമാകാന്‍ ഇടയില്ല. കാര്‍ഷികമേഖലയിലെ തൊഴിലുകളെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ആലോചിക്കുന്നില്ല. അതുകൊണ്ടു തന്നെ കാര്‍ഷിക ജോലികളില്‍ നിന്ന്‌ തൊഴിലാളികള്‍ വിട്ടുനില്‍ക്കാന്‍ ഇടവരും. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പ്‌ പദ്ധതി രാജ്യത്തെ കാര്‍ഷികോത്‌പാദന മേഖലയില്‍ വലിയ തിരിച്ചടിക്ക്‌ വഴിവെച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.


റോഡ്‌, തോട്‌, ചെറുകിട ജലസേചന പദ്ധതികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ്‌ പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ നിലവില്‍ വിനിയോഗിക്കപ്പെടുന്നത്‌. ഇത്തരം പദ്ധതികള്‍ക്കായി നിരവധി കേന്ദ്ര പദ്ധതികള്‍ നിലവിലുണ്ട്‌. അവക്ക്‌ അനുവദിക്കുന്ന പണം തൊഴിലുറപ്പിലേക്ക്‌ വകമാറ്റുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രം. ഇത്തരം പദ്ധതികളുടെ ആസൂത്രണത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക്‌ ചെറുതാണ്‌. അതുകൊണ്ടുതന്നെ ഓരോ പ്രദേശത്തിന്റെയും ആവശ്യം പരിഗണിച്ചുള്ള നിര്‍മാണങ്ങള്‍ക്ക്‌ തൊഴിലുറപ്പ്‌ പദ്ധതി വഴി സൃഷ്‌ടിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാതെവരുന്ന സാഹചര്യവുമുണ്ട്‌. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കിയ കേരളത്തില്‍പ്പോലും ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും കാലതാമസം നേരിടുന്നുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിന്‌ ഇത്‌ പ്രധാനതടസ്സമായി നില്‍ക്കുന്നുമുണ്ട്‌.


ഈ സാഹചര്യത്തിലാണ്‌ പദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഗ്രാമീണ മേഖലയിലെ ഭവന നിര്‍മാണത്തിന്‌ ഇപ്പോള്‍ത്തന്നെ നിലവിലുള്ള കേന്ദ്ര പദ്ധതിയായ ഇന്ദിരാ ആവാസ്‌ യോജനയുമായി തൊഴിലുറപ്പിനെ ബന്ധിപ്പിക്കാനാണ്‌ ആസൂത്രണ കമ്മീഷന്‍ ആലോചിക്കുന്നത്‌. ഭവന നിര്‍മാണ പദ്ധതിക്ക്‌ അനുവദിക്കുന്ന പണം തൊഴിലുറപ്പിലേക്ക്‌ കൂടി വിനിയോഗിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇത്തരത്തിലുള്ള മറ്റ്‌ കേന്ദ്ര പദ്ധതികള്‍ കൂടി തൊഴിലുറപ്പുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ട്‌. ഒപ്പം പദ്ധതി നടത്തിപ്പ്‌ അവലോകനം ചെയ്യാന്‍ സ്വതന്ത്ര സംവിധാനം ആവിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നു.


ഇത്‌ മറ്റു ചില പ്രശ്‌നങ്ങള്‍ കൂടി സൃഷ്‌ടിക്കാനുള്ള സാധ്യത കണക്കിലെടുത്തേ മതിയാവൂ. പഞ്ചായത്തീരാജ്‌ സമ്പ്രാദയം നടപ്പാക്കുമ്പോള്‍ താഴേത്തലത്തില്‍ നിന്നുള്ള ആസൂത്രണവും പദ്ധതി നടത്തിപ്പും ഉറപ്പാക്കണമെന്നാണ്‌ ഉദ്ദേശിച്ചിരുന്നത്‌. ഇതിന്‌ സമാന്തരമായി മറ്റൊരു സംവിധാനം നിലവില്‍ വരിക എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വലുതാണ്‌. പുതിയ സംവിധാനവും പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം പ്രശ്‌നങ്ങള്‍ക്കും പദ്ധതികളുടെ നടത്തിപ്പിന്റെ കാലതാമസത്തിനും വഴിവെക്കുകയാവും ചെയ്യുക. തൊഴിലുറപ്പ്‌ പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങള്‍ക്ക്‌ കൈമാറുകയും പ്രദേശങ്ങളുടെ സ്വഭാവത്തിനും സാധ്യതക്കും അനുസരിച്ച്‌ തൊഴിലുകള്‍ ചെയ്യിക്കാന്‍ അനുമതി നല്‍കുകയുമാണ്‌ ഉചിതമായ രീതി. അല്ലാത്തപക്ഷം നിര്‍ദിഷ്‌ട പരിഷ്‌കാരങ്ങളുടെ പ്രയോജനം രാജ്യത്തെല്ലായിടത്തും ലഭിക്കുമെന്ന്‌ കരുതുക വയ്യ.


അഞ്ചു വര്‍ഷത്തിനപ്പുറം ഒറ്റക്ക്‌ അധികാരത്തിലെത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഉപാധി എന്നതിനപ്പുറത്ത്‌ ഭാവനാപൂര്‍ണമായ വികസന പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പിനെ മാറ്റാനാണ്‌ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും ആലോചിക്കേണ്ടത്‌. തൊഴിലും കൂലിയും ഉറപ്പാക്കുന്നതിനൊപ്പം ഈ വിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനത്തിന്‌ കൂടി ഊന്നല്‍ വേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ മറ്റു പല കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും പോലെ വെള്ളത്തില്‍ വരച്ച വര പോലെയാകും ഇതും. ചെലവഴിച്ച പണത്തിന്റെ കണക്കുകളില്‍ ഊറ്റം കൊള്ളുമ്പോഴും ദരിദ്രരും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരും അതേപടി തുടരുകയും ചെയ്യും.

No comments:

Post a Comment